മനുഷ്യരേ, സഹായി ഇവിടെയുണ്ട്

//മനുഷ്യരേ, സഹായി ഇവിടെയുണ്ട്
//മനുഷ്യരേ, സഹായി ഇവിടെയുണ്ട്
ആനുകാലികം

മനുഷ്യരേ, സഹായി ഇവിടെയുണ്ട്

ത്ഭുതമാണ് നമ്മുടെ ചിന്തകൾ, നമ്മുടെ മനസ്സിൽ നിന്നുയർന്ന് ശരീരത്തെ സ്പർശിക്കുന്ന അനുഭൂതിയാണ് ചിന്ത. മോണകാട്ടി ചിരിക്കുന്നതും, കണ്ണുനീർ വരുന്നതും അനുഭവമാണല്ലോ? ശരീരത്തെ തൊട്ട അനുഭവം.

നമ്മുടെ ചിന്തയെ തടയാൻ നമുക്കാവുന്നില്ല എന്നത് സത്യമാണ്. എന്റെ ചിന്ത, ഞാൻ വിചാരിച്ചത് എന്നൊക്കെ പറയുമ്പോഴും നമ്മുടെ പൂർണ നിയന്ത്രണത്തിലല്ലാത്തത് എങ്ങനെ എന്റേത് എന്ന് പറയും. അങ്ങനെയെങ്കിൽ ആത്മഹത്യകൾ ഉണ്ടാവരുതല്ലോ? കാരണം, മനുഷ്യൻ സ്വയമേ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നില്ല, അതവന്റെ ശുദ്ധപ്രകൃതമാണ്. ആത്മഹുതി ചിന്തയായി വരുന്നത് ഉള്ളിൽ നിന്നല്ല പുറത്തു നിന്നാണ്, ബാഹ്യമായ അനുഭവങ്ങളിൽ നിന്ന്.

യഥാർത്ഥത്തിൽ നാം ഓരോരുത്തരും ഏകരാണ്, ചിന്തയിലും പ്രവർത്തനത്തിലുമൊക്കെ.
പിന്നെ നാലാള് കൂടുമ്പോൾ സംസാരിക്കുന്നു ചിരിക്കുന്നു കാര്യങ്ങൾ പങ്കുവെക്കുന്നു എന്ന് മാത്രം.
ആത്മാവിലേക്ക് ചേർത്ത് ആത്മസുഹൃത്ത് ആത്മബന്ധു എന്നൊക്കെ പറയൽ തെറ്റാവുന്നത് നാം തനിച്ചിരിക്കുമ്പോഴാണ്.

സ്വന്തത്തിൽ നിന്ന്, നീ നിന്റെ സത്തയിൽ നിന്ന് ചിന്തിക്ക്, നീ ഏകനല്ലേ?

നിന്റെ മാതാവ്, പിതാവ്, ഭാര്യ, കൂട്ടുകാരൻ… ഇവർക്കൊക്കെ പൂർണമായി അറിയാത്തതല്ലേ നീ.
ആണ് മനുഷ്യൻ Unique തന്നെ.

ശുദ്ധ പ്രകൃതിയിലായി നീ നിന്റെ സത്തയിലായിരിക്കുമ്പോൾ നീ ഏകനാണ്.
നീ അവശനാകുമ്പോൾ, നീ സങ്കടപ്പെടുമ്പോൾ, നീ നിന്റെ വായ ആരും കാണാതെ പൊത്തിപ്പിടിച്ച് പൊട്ടിക്കരയുമ്പോഴും, നിന്റെ അവശതകളും സങ്കടങ്ങളും നാലാളറിയാതിരിക്കുമ്പോഴും നീ ഒറ്റപ്പെട്ട് തന്നെയാണ്.

അവിടെ ആ സമയത്ത് നിന്റെ ചിന്തയിൽ നിന്നെ സഹായിക്കാൻ ആരാണുള്ളത്?

നിന്റെ ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ ആവശ്യങ്ങൾ, ഇവയൊക്കെ ചോദിക്കാനും കിട്ടണമെന്ന് മനസ്സിലുറപ്പിച്ച് പങ്കുവെക്കാനും നിനക്ക് ആരാണുള്ളത്?

ഞാൻ എന്തിനിവിടെ വന്നു, എന്നത് ചോദ്യമാണെങ്കിൽ അതിന്റെ ഉത്തരം നീ ആരോട് ചോദിക്കും?
അഹങ്കാരം കൊണ്ട് മൂടി വെക്കാതെ ഞാൻ നിസ്സഹായനേ അല്ല എന്ന് പറയാൻ നിനക്കാവില്ല.

യഥാർത്ഥത്തിൽ നാം പടക്കപ്പെട്ടവരാണ്. നമ്മെ പടച്ചത് ഞാൻ എന്തിനിവിടെ വന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കെൽപ്പുള്ളവനാണ്.

അവനെയാണ് നമ്മുടെ സത്ത നിസ്സഹായാവസ്ഥയിൽ തിരയുന്നത്. അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷയില്ലെന്ന് വായ കൊണ്ട് ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും, ഞാൻ അകപ്പെട്ട കയത്തിൽ നിന്ന് എന്റെ കൈ പിടിച്ചൊന്നുയർത്താൻ ഒരു സഹായി, ഒരേ ഒരു സഹായിയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് നമ്മുടെ മനസ്സ് കൊതിക്കും. അതെ, തീർച്ചയായും നമുക്ക് ഒരു അത്താണി വേണം, ഇതാ മനുഷ്യരെ, നിങ്ങളുടെ സഹായി. നിങ്ങളെയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ സർവ്വ ആരാധനകളും യഥാർത്ഥത്തിൽ അർഹിക്കുന്ന സഹായി. നിങ്ങളെ സ്നേഹിക്കുന്ന കഷ്ടപ്പെടുന്നവൻ വിളിച്ചാൽ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ.

ഇസ്‌ലാം അവനെ പരിചയപ്പെടുത്തിയത് അല്ലാഹു എന്നാണ്.

പരമാണു മുതൽ നമ്മെ സൃഷ്ടിച്ച പ്രപഞ്ചത്തെയും കോടിക്കണക്കിന് നക്ഷത്രങ്ങളെയും ഗോളങ്ങളെയും ജന്തു ജീവജാലങ്ങളെയും നാം അറിയുന്നതും അറിയാത്തതുമായ അണ്ഡകടാഹങ്ങളിലെ അടക്കം സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന നിയന്ത്രിക്കുന്ന ഏകനായശക്തി.

ആ ശക്തിയെ നാം എങ്ങനെയാണ് വിഗ്രഹമാക്കുന്നത്, വിഗ്രഹത്തിൽ അവനെ ആരോപിക്കുന്നത്.!

അവൻ പ്രതാപി ആണ് നമ്മുടെ ഉടമസ്ഥനാണ് പരിശുദ്ധനാണ് എന്നിരിക്കെ നമുക്ക് എങ്ങനെ സാധിക്കുന്നു അവനെ ഒരു ബിംബത്തിൽ ഒതുക്കാൻ,
ഒരു ഫോട്ടോയിൽ അല്ലെങ്കിൽ ഒരു കല്ലിൽ, മൂർഖൻപാമ്പിൽ!!….

ഉപനിഷത്തുക്കളിൽ ധാരാളം ദേവീദേവന്മാർ ഉണ്ട് വിഷ്ണുവും കൃഷ്ണനും ശിവനും ഉണ്ട് പക്ഷേ അവിടെ നമുക്ക് ഒരു പ്രജാപതിയെ കാണാം, പരബ്രഹ്മമെന്നും ഹിരണ്യഗർഭനെന്നുമൊക്കെ പരിചയപ്പെടുത്തിയ സകല ഉപാസനകളും യഥാർത്ഥത്തിൽ അർഹിക്കുന്ന ഒരാൾ.

അതെ,ബൈബിൾ പഴയ – പുതിയ നിയമങ്ങളിലെ അഡോണായിയും ഏലും ഏൽശദ്ദായിയും എലോഹിയുമായ ഒരാൾ. യേശുവും മോശയും അബ്രഹാമും തുടങ്ങിയ സകല പ്രവാചകന്മാരും പരിചയപ്പെടുത്തിയ ത്രിത്വമില്ലാത്ത ഏകകർത്താവ്.

അപ്പോ കാര്യം വ്യക്തമാണ്. അവ്യക്തമല്ല,
ദൈവം ഏകൻ തന്നെ. പല പേരിലും അറിയപ്പെട്ടേക്കാം, പേര് പലതായതുകൊണ്ട് അവൻ ഏകനാകാതിരിക്കുന്നില്ല.

അവനെ അറിയലാണ് പ്രധാനം അവൻ പരിചയപ്പെടുത്തിയ രൂപത്തിൽ തന്നെ അറിയൽ.

അവനെ എങ്ങനെ കണ്ടെത്തും?

ഈ ചോദ്യത്തിന് വളരെ എളുപ്പത്തിൽ ഉത്തരം ലഭിക്കാൻ മാർഗ്ഗമുണ്ട്.

ഒന്ന് ചിന്തിച്ചാൽ മതി,
ലോകത്ത് വേദഗ്രന്ഥങ്ങളായി അറിയപ്പെടുന്ന ഒരുപാട് ഗ്രന്ഥങ്ങളുണ്ടല്ലോ. അവയിൽ ഏതെങ്കിലും ഒന്ന് സ്വയം
ഇത് ദൈവത്തിങ്കൽ നിന്നുള്ളതാണെന്ന് പറയുന്നുണ്ടോ എന്ന് നോക്കുക.

ഹൈന്ദവവേദഗ്രന്ഥങ്ങൾ പറയുന്നുണ്ടോ,
ക്രൈസ്തവ വേദഗ്രന്ഥങ്ങൾ പറയുന്നുണ്ടോ,
ലോകത്ത് നിലവിലുള്ള ഏതെങ്കിലും വേദഗ്രന്ഥങ്ങൾ പറയുന്നുണ്ടോ?
ഇല്ല എന്നതാണ് വാസ്തവം.

എങ്കിൽ സ്വയം ദൈവികമാണെന്ന് പരിചയപ്പെടുത്തുന്ന ഒരു വേദഗ്രന്ഥം ഉണ്ടെങ്കിലോ.!
സംശയിക്കേണ്ട, അത് ദൈവത്തിങ്കൽ നിന്ന് തന്നെ ഉള്ളതായിരിക്കും.

എങ്കിലിതാ അങ്ങനെ ഒന്നുണ്ട്, അതാണ് ഖുർആൻ.

ഇത് വാസ്തവമാണെന്ന് തെളിയിക്കുന്ന ധാരാളം വചനങ്ങളിൽ നിന്ന് ഒരു വചനം ഇതാ.

ഖുർആൻ സ്വയം പ്രഖ്യാപിക്കുന്നു :

تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ

ഈ ഗ്രന്ഥത്തിന്‍റെ (ഖുർആൻ) അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. (32: 2)

ഇത് ദൈവത്തിങ്കൽ നിന്നുള്ളതാണെങ്കിൽ ഇത് മനുഷ്യരാശിക്ക് എങ്ങനെ ലഭിച്ചു?

അതും വ്യക്തമാണ്,
1400 വർഷങ്ങൾക്ക് മുമ്പ് മക്കയിൽ ജനിച്ച കേവലം 63 വയസ്സ് വരെ ജീവിച്ച ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായ മുഹമ്മദ് നബി(സ്വ)യിലൂടെയാണ് നമുക്കത് ലഭിച്ചത്.

ഇദ്ദേഹത്തെക്കുറിച്ച് പഠിക്കേണ്ടത് ഇന്ന് കാണുന്ന നാവ് കത്തിയാക്കി, അദ്ദേഹത്തെ നിരന്തരം കുത്തിക്കൊണ്ടിരിക്കുന്ന, തലച്ചോർ കല്ലാക്കി, ചിന്തിക്കാത്ത ഹൃദയമുള്ള, സത്യാന്വേഷണതൽപ്പരരല്ലാത്ത നാലാംകിട യുക്തിവാദികളിൽ നിന്നല്ല.

മറിച്ച് സത്യസന്ധമായ ചരിത്ര വായനയിൽ നിന്നാണ്. അതിനുള്ള സ്രോതസ്സാണ് ഖുർആനും സ്വീകാര്യയോഗ്യമായ ഹദീസും.

അവയിൽ നിഷ്കളങ്കഹൃദയത്തോടെ കൈവിരൽ വെച്ച് വായിച്ചാൽ നമുക്ക് അദ്ദേഹത്തെ കണ്ടെത്താം.
അതെ, സത്യാന്വേഷണത്തിന്റ ലാഞ്ചന പോലുമില്ലാത്ത യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും വികൃതമാക്കാത്ത പ്രവാചകനെ.

നമ്മുടെ സ്രഷ്ടാവ് ഏകനാണ് അവനെ മാത്രം ആരാധിക്കണമെന്ന ആദർശം (ഇസ്‌ലാം) പഠിപ്പിച്ചതിന്റെ പേരിൽ മാത്രം ജനിച്ച നാട്ടിൽ നിന്ന് സ്വന്തം നാട്ടുകാർ തല്ലിയോടിച്ച ഒരു മനുഷ്യൻ.
തല്ലി ഓടിക്കുമ്പോഴൊക്കെ അവർ പറഞ്ഞത് അദ്ദേഹം വിശ്വസ്തനാണ്, സത്യസന്ധനാണ് ജീവിതത്തിൽ ഒരിക്കലും കളവു പറയാത്തവനാണ് എന്നാണ്.

40 വയസ്സുവരെ തനിക്ക് സ്രഷ്ടാവിന്റെ ദിവ്യവെളിപാട് ലഭിക്കുന്നതുവരെ ആളുകൾ അൽഅമീൻ (വിശ്വസ്തൻ) എന്ന് വിളിച്ച ഒരു മനുഷ്യൻ. നാൽപതാമത്തെ വയസ്സുമുതൽ കളവ് പറയാൻ തുടങ്ങുന്നു വഞ്ചിക്കാൻ തുടങ്ങുന്നു അവരെ ചതിക്കാൻ തുടങ്ങുന്നു എന്നാണോ വായിക്കേണ്ടത്.

അല്ല, നാൽപതാമത്തെ വയസ്സു മുതൽ നമ്മുടെ സ്രഷ്ടാവ് ഏകനാണ് അവനെ മാത്രമേ ആരാധിക്കാവൂ എന്ന മനുഷ്യരാശിക്ക് സ്രഷ്ടാവിൽ നിന്നുള്ള സത്യസന്ദേശം കൈമാറിയതിന്റെ പേരിൽ കല്ലേറു വാങ്ങിയ നിരവധി വധശ്രമങ്ങൾക്ക് വിധേയനായ മാനവരിൽ മഹോന്നതൻ എന്ന് നിസ്വാർത്ഥരായ ചരിത്രാന്വേഷികൾ രേഖപ്പെടുത്തിയ ഒരു വ്യക്തി എന്നാണ് വായിക്കേണ്ടത്.

പക്ഷേ ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹത്തിന്റെ ശത്രുക്കൾ പറഞ്ഞത് അദ്ദേഹത്തിന്റെ ആദർശം സത്യമാണ്, അദ്ദേഹം വിശ്വസ്തനാണ്, സത്യസന്ധനാണ് എന്നൊക്കെയാണ്.
എന്തൊരത്ഭുതമാണ് ഈ വ്യക്തിത്വം.!

ഖുർആൻ പറഞ്ഞതെത്ര ശരി:

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (68:4)

ഈ ആദർശത്തിന്റെ അദ്ധ്യാപകനായ മുഹമ്മദ് നബി(സ്വ)യെ നമുക്ക് കല്ലെറിയാതിരിക്കാം,
അദ്ദേഹം പകർന്നുനൽകിയ നമ്മുടെ നിസ്സഹായാവസ്ഥയിൽ മനസ്സ് തിരയുന്ന ആ സംരക്ഷകന്റെ സന്ദേശം നമുക്ക് സ്വീകരിക്കാം.

ഈ വേദഗ്രന്ഥത്തിന്റെ അവതരണം സർവലോകരക്ഷിതാവിങ്കൽ നിന്നാണ് എന്ന് സൂചിപ്പിച്ചു.
എങ്കിൽ ആരാണ് ഈ സർവലോകരക്ഷിതാവ്?

യഥാർത്ഥത്തിൽ നമ്മുടെ അറിവ്ശേഖരണത്തിന്റെ വഴിയായ ഇന്ദ്രിയങ്ങൾ പ്രാപഞ്ചികമാണ് പ്രപഞ്ചാതീതമല്ല.
ഈ സർവ്വലോക രക്ഷിതാവാകട്ടെ പ്രപഞ്ചാതീതനുമാണ്.
അതുകൊണ്ടുതന്നെ അവൻ അവനെ കുറിച്ച് സ്വയം പരിചയപ്പെടുത്തിയതല്ലാത്ത അവനെ കുറിച്ചുള്ള ഒരൽപ്പ വിവരം പോലും നമുക്ക് അപ്രാപ്യമാണ്.

അവൻ അവനെക്കുറിച്ച് പരിചയപ്പെടുത്തിയ ധാരാളം വചനങ്ങളിൽ നിന്ന് ചില വചനങ്ങൾ ഇതാ.

1) قُلۡ هُوَ ٱللَّهُ أَحَدٌ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

2) ٱللَّهُ ٱلصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

3) لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

4) وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
അവന്ന് തുല്യനായി ആരും ഇല്ലതാനും.

ഏകനായ, ആശ്രയിക്കാവുന്ന, പരാശ്രയമുക്തനായ, ആർക്കെങ്കിലും ജന്മം നൽകുകയോ, ആരിലെങ്കിലും ജനിക്കുകയോ ചെയ്തിട്ടില്ലാത്ത അതുല്യമായ ഒന്ന്.
അത് അല്ലാഹു മാത്രമാണ്.

നമ്മുടെ തടി തണുത്തു പോകുന്ന മരണ സമയത്ത്, ഈ സഹായിയെക്കുറിച്ച് ചിന്തിക്കുന്നത് നീട്ടി വെക്കാതെ,
ഞരമ്പിലൂടെ രക്തം ഓടിക്കൊണ്ടിരിക്കുന്ന, വികാര വിചാരങ്ങൾ അനുഭവിക്കുന്ന, ശ്വാസോച്ഛ്വാസം നിലച്ചിട്ടല്ലാത്ത, ചൂടുള്ള തടിയോടെ നമുക്കവനെ കണ്ടെത്താം, അവനിൽ വിശ്വസിക്കാം.

അവസാനമായി ഒന്ന് പറഞ്ഞോട്ടെ,

وَإِن تَوَلَّوۡاْ فَٱعۡلَمُوٓاْ أَنَّ ٱللَّهَ مَوۡلَىٰكُمۡۚ نِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ

എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ലരക്ഷാധികാരി! എത്രയോ നല്ല സഹായി!! (8:40)

print

1 Comment

  • ماشاء الله

    Lulurashid 08.09.2020

Leave a comment

Your email address will not be published.