തിരിച്ചറിവുകൾ -9

//തിരിച്ചറിവുകൾ -9
//തിരിച്ചറിവുകൾ -9
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -9

പാപം

തന്നിൽ നിന്ന് എന്തൊക്കെയോ ചോർന്നു പോകുന്നതുപോലെ അയാൾക്ക് തോന്നി. ചുറ്റിലുള്ളത് ഒന്നും ഇപ്പോൾ കാണാൻ കഴിയാത്തത് പോലെ. കണ്ണിമ വെട്ടാതെ അയാൾ നേരെത്തന്നെ നോക്കി നിന്നു. ഇനിയൊന്നും പറയാനില്ല. ആരോടും. പറച്ചിൽ കൊണ്ട് മറക്കാൻ ഇനിയൊന്നുമില്ല. എല്ലാം വെളിപ്പെട്ടിരിക്കുന്നു. താൻ പിടിക്കപ്പെട്ടിരിക്കുന്നു.

സന്തോഷം നിറഞ്ഞ ജീവിതം തന്നെയായിരുന്നു തന്റേത്. ചുറ്റും സ്നേഹമുള്ളവർ. അങ്ങനെയൊരു തെറ്റ് ചെയ്യാൻ മാത്രമുള്ള യാതൊരു സാഹചര്യവും തനിക്കില്ല. എങ്കിലും ചെയ്തു. പ്രിയപ്പെട്ടവരുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് താനതു മറച്ചു പിടിച്ചു. തരം കിട്ടുമ്പോഴൊക്കെ അത് ചെയ്തു കൊണ്ടേ ഇരുന്നു. അതിൽ നിന്ന് കിട്ടുന്ന സുഖം, ആനന്ദം, തിരിഞ്ഞു നോക്കിയാൽ അതിലുപരി ഒന്നുമില്ല. ചെയ്യാനും മറക്കാനുമായി എത്ര സമയമാണ് താൻ അതിനുവേണ്ടി നീക്കി വെച്ചത്. എത്ര ഊർജ്ജമാണ് ചെലവഴിച്ചത്. ചെയ്തുചെയ്തു പിടിക്കപ്പെടുമെന്ന പേടി തന്നെ ഇല്ലാതെയാവുകയായിരുന്നു.

ഒടുവിലത് സംഭവിച്ചു. ഒരു ഞെട്ടലായിരുന്നു ആദ്യം. പിടിക്കപ്പെട്ടു എന്ന് വിശ്വസിക്കാനായില്ല. ആദ്യമാദ്യം പല കള്ളങ്ങളും പറഞ്ഞു നോക്കി. അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ക്ഷണനേരം കൊണ്ട് മാഞ്ഞു പോയി. വെറും നോട്ടം മാത്രമായിരുന്നു അതിനുള്ള മറുപടി. ഒടുവിൽ തന്റെ നാവുകൾക്ക് വാക്കുകൾ കിട്ടാതെയായി. തൊണ്ട വരണ്ടു. ശേഷിച്ച ഉമിനീരും താൻ വിഴുങ്ങിക്കഴിഞ്ഞു. താൻ അവരിലേക്ക് മാറിമാറി നോക്കി. മുഖത്തെ ദേഷ്യം സങ്കടമായി രൂപപ്പെടുന്നത് കണ്ടു. കണ്ണുകൾ താഴ്ത്തി അവർ തിരിഞ്ഞു നടന്നു.

ഇനിയൊന്നും പ്രതീക്ഷിക്കാനില്ല. ആ സൂചനകൾ അയാളെ അസ്വസ്ഥനാക്കി. ആദ്യമൊരു തരിപ്പായിരുന്നു. പിന്നീട് അത് മരവിപ്പായി മാറി. എല്ലാം ചോർന്നു പോയിരിക്കുന്നു. തനിക്കുള്ളതെല്ലാം. നിർവ്വികാരനായി ശൂന്യതയിലേക്ക് നോക്കുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയാണ് ഇനിമുതൽ തനിക്ക് കൂട്ടായുണ്ടാവുക. ശേഷിച്ച ജീവിതം താൻ എങ്ങനെ ജീവിച്ചു തീർക്കും? അയാൾ ഭ്രാന്തമായി എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. താൻ ആരുമില്ലാത്തവനാവുകയാണോ? അതുവരെ താൻ മറന്നുപോയ ദൈവത്തെ അയാൾക്ക് ഓർമ വന്നു. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. മനസ്സ് അനന്തമാംവിധം എങ്ങോട്ടോ പാഞ്ഞു പോയി.

പെട്ടെന്ന് ഒരു സ്പർശനം. തന്റെ വലതു കരത്തലം ആരോ മുറുക്കി പിടിച്ചിരിക്കുകയാണ്. തണുത്ത കൈകൊണ്ട്. അയാൾ ഞെട്ടലോടെ കണ്ണുകൾ തുറന്നു. അതവളാണ്. തന്നോടൊപ്പം ജീവിക്കാൻ വന്നവൾ. താൻ നോക്കിക്കൊള്ളാം എന്ന ഉറപ്പിന്മേൽ തനിക്കൊപ്പം കുടുംബം പറഞ്ഞയച്ചവൾ. ഒരു കൊച്ചു കുട്ടിയെപ്പോലെ അയാളവളുടെ മാറിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു. അവൾ അയാളെ ചേർത്തു പിടിച്ചു. അവൾ അയാളോട് ഒന്നേ പറഞ്ഞുള്ളൂ.

‘എല്ലാം പൊറുക്കുന്നവനോട് ഏറ്റു പറയുക. ഈ കണ്ണീർ കൊണ്ട് നിങ്ങളുടെ പാപത്തെ കഴുകിക്കളയുക. എനിക്ക് നിങ്ങളെ ചേർത്തു പിടിക്കാനേ പറ്റൂ. അവനാണ് നമ്മയെല്ലാം ചേർത്തു പിടിക്കേണ്ടത്..’

പാപിയെയല്ല പാപത്തെയാണ് നാം വെറുക്കേണ്ടത്. മനുഷ്യൻ പാപം ചെയ്തു പോയേക്കാം എന്നത് കൊണ്ടാണ് പശ്ചാത്താപങ്ങൾക്ക് ദൈവത്തിന്റെ അടുത്ത് പ്രസക്തിയേറുന്നത്. പാപം ചെയ്തു കൊണ്ടേ ഇരിക്കുന്നവനെ നമുക്ക് ദൈവത്തിലേക്ക് വിടാം. മറിച്ചു പാപം ചെയ്തു പോയവനെ നാമിങ്ങനെ ചേർത്തു പിടിക്കണം. അതിന്റെ മുറുക്കം കൊണ്ട് അവന്റെ മനസ്സിൽ നിന്ന് ആ പാപം ഇറങ്ങിയോടും വരെ. അവന്റെ മനസ്സ് പശ്ചാത്താപതിനായി വെമ്പും വരെ..!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Nice 👍

    Hafeed 03.09.2020

Leave a comment

Your email address will not be published.