ക്രൈസ്തവ വനിതയുടെ വീടും മുസ്‌ലിം പള്ളിയും

//ക്രൈസ്തവ വനിതയുടെ വീടും മുസ്‌ലിം പള്ളിയും
//ക്രൈസ്തവ വനിതയുടെ വീടും മുസ്‌ലിം പള്ളിയും
ആനുകാലികം

ക്രൈസ്തവ വനിതയുടെ വീടും മുസ്‌ലിം പള്ളിയും

‘ഇവിടെ ഈ പള്ളിയോട് ചേർന്ന് ഒരു ക്രൈസ്തവ വനിതയുടെ വീടുണ്ടായിരുന്നുവല്ലോ?’

ഈജിപ്തിലെ ബന്ധുവായ സ്ത്രീയെ കാണാനെത്തിയതായിരുന്നു ആ ബത്‌ലഹേമുകാരൻ. വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ കണ്ട വീട് ഇപ്പോൾ കാണ്മാനില്ല. അന്വേഷിച്ച വീട് കണ്ടെത്താനാവാതെ കുഴങ്ങിയപ്പോൾ തൊട്ടടുത്ത് കണ്ട ആളോട് തിരക്കി. ‘ഓ അവരോ! അവരിപ്പോൾ അങ്ങോട്ടേക്ക് താമസം മാറ്റി.’

ചൂണ്ടി കാണിച്ച വഴിയിലൂടെ നടന്നു അയാൾ വൃദ്ധയുടെ വീടിനു മുന്നിലെത്തി. ആദ്യമുണ്ടായിരുന്ന വീടിനേക്കാൾ വലിപ്പമുള്ള വീട്! ഇവർക്ക് അവസാന കാലത്ത് ഇത്രയും പണം എവിടുന്നു കിട്ടി എന്ന ജിജ്ഞാസയിൽ ഉള്ളിൽ കയറിയ യുവാവ് കണ്ട കാഴ്ച്ച ശോക മൂകമായിരുന്നു.

മെലിഞ്ഞുണങ്ങി ഒട്ടിയ ഒരു സ്ത്രീ രൂപം കരഞ്ഞു കൊണ്ടിരിക്കുന്നു. അയാൾ ചോദിച്ചു; ‘എന്ത് പറ്റി? എന്താണ് നിങ്ങളിങ്ങനെ എല്ലും തോലുമായിരിക്കുന്നത്?’

കണ്ണുനീർ വാർത്തു കൊണ്ടിരുന്ന ആ വൃദ്ധ മെല്ലെ മുഖമുയർത്തി പറഞ്ഞ് തുടങ്ങി: “നിനക്കറിയാമല്ലോ പള്ളിയോട് ചേർന്നുള്ള ആ കൊച്ചു വീട്, എന്‍റെ പിതാവും, ഭർത്താവും മകനുമൊത്ത്‌ ഞാൻ കഴിഞ്ഞ സ്ഥലം, അവിടെ തന്നെയായിരുന്നു അവരെ അടക്കം ചെയ്തത്, അവിടെ താമസിക്കുന്ന സമയം അവരൊക്കെ എന്നോടൊപ്പം ഉള്ള പ്രതീതി ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഇവിടുത്തെ നഗര ഭരണാധികാരികൾ എന്നെ വന്നു കണ്ടു, വിശ്വാസി ബാഹുല്യം നിമിത്തം അവർ പള്ളി വലുതാക്കുന്നുണ്ടെന്നും എന്‍റെ വീട് ഇരിക്കുന്ന സ്ഥലം ലഭിച്ചാലേ അവർക്കത് സാധ്യമാകൂ എന്നും പറഞ്ഞപ്പോൾ ആ സ്ഥലം വിൽക്കില്ല എന്ന് ഞാനവരോട് പറഞ്ഞു.

പിന്നെ എന്നെ തേടിയെത്തിയത് ഗവർണ്ണറുടെ പ്രതിനിധിയായിരുന്നു. നിയമപരമായി സ്ഥലം സർക്കാറിന് ഏറ്റെടുക്കാമെന്നും, ഞാൻ മറ്റൊരു മത വിശ്വാസി ആയതിനാലാണ്‌ അനുരജ്ഞനത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതെന്നും, സ്ഥലത്തിനു നല്ല വില നൽകാമെന്നും അത് വാങ്ങി വീട് ഒഴിയണമെന്നും ഒക്കെ പ്രതിനിധി ആവിശ്യപ്പെട്ടു. അതും ഞാൻ അംഗീകരിച്ചില്ല.

അവർ പ്രലോഭനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. അവസാനം വിലയുടെ ഇരട്ടിയും കൂടെ വേറെ മാളികയും നൽകാമെന്ന വാക്കുകൾ ഒരു നിമിഷം എന്‍റെ ബുദ്ധിയെ വിലക്ക് വാങ്ങി. ആ സമയം ഉപയോഗപ്പെടുത്തി സ്ഥലമേറ്റെടുത്ത് അവർ അവിടെ പള്ളിയും കെട്ടി.”

അവരുടെ മാനസിക നില മനസ്സിലായ വിരുന്നുകാരൻ പറഞ്ഞു: “നമ്മുടെ പക്കൽ ന്യായമില്ല; എങ്കിലും ഒന്ന് മുസ്‌ലിംകളുടെ ഖലീഫയെ പോയി കണ്ടാലോ? അദ്ദേഹം വലിയ നീതിമാനും കരുണ ഉള്ളവനുമൊക്കെയാണെന്നാണ് അറിയാൻ കഴിഞ്ഞത്!”

അങ്ങനെ അവർ മദീനയിൽ അന്നത്തെ ഖലീഫയായിരുന്ന ഉമർബിൻ ഖഥാബിനെ കാണാൻ യാത്രയായി.

നഗരത്തിൽ പ്രവേശിച്ച ആ വൃദ്ധയും ബന്ധുവും ഖലീഫയെ മുഖം കാണിക്കാൻ എന്താണ് വഴി എന്നാരാഞ്ഞു. മദീന നിവാസികൾ പറഞ്ഞു; ‘അവിടെ കാണുന്ന പ്രവാചകന്‍റെ പള്ളിയിൽ ഉണ്ടാകും വിശ്വാസികളുടെ നേതാവ്; ആർക്കും അദ്ദേഹത്തെ കാണാം, അതിനു പ്രത്യേകിച്ച് ഉപചാരങ്ങൾ ഒന്നുമില്ല.’

അവരിരുവരും പള്ളിയിലേക്ക് കയറി ഖലീഫക്കരികിലെത്തി കാര്യം ബോധിപ്പിച്ചു. എല്ലാം കേട്ടതിനു ശേഷം ഉമർ ഈജിപ്ത് ഗവർണ്ണറെ വിളിപ്പിച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഗവർണ്ണറുടെ വിശദീകരണം കേട്ട് അൽപ്പ നേരം മൗനം പാലിച്ച ഖലീഫ പിന്നീട് സ്ത്രീയെ നോക്കി ചോദിച്ചു: “നിങ്ങൾക്ക് ന്യായ വിലയുടെ ഇരട്ടികളോളം പണം ലഭിച്ചു, താമസിക്കാൻ ആദ്യത്തെക്കാളും വലിയ മാളിക വീടും, നിങ്ങളുടെ പഴയ വീട് പൊളിച്ചു അവിടെ പള്ളി ഉയർന്നു വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്നു എന്നിരിക്കെ ഇപ്പോൾ നിങ്ങൾ പരാതി പറയുന്നതിൽ എന്തുണ്ട് ന്യായം?”

പ്രതീക്ഷകൾ അസ്ഥാനത്തായി എന്നൂഹിച്ചു കൊണ്ട് ഇടറുന്ന കണ്ഠത്തോടെ ആ സ്ത്രീ പറഞ്ഞു: “ആ വീട്ടുവളപ്പിലാണ് അച്ഛനും ഭര്‍ത്താവും മകനും അന്ത്യവിശ്രമം കൊള്ളുന്നത്. വല്ലാത്ത സുരക്ഷിത ബോധമായിരുന്നു എനിക്കവിടെ, അവരെപ്പോഴും കൂടെ ഉള്ളത് പോലെ ഒരു തോന്നൽ. അവിടുന്ന് മാറിയത് മുതൽ ഞാൻ ഉറങ്ങിയിട്ടില്ല, കണ്ണുനീരൊഴിഞ്ഞ നാളില്ല. ഞാൻ മനസ്സറിഞ്ഞു നൽകിയതല്ല എന്‍റെ വീട്…”

ഉമർ തന്‍റെ സഹചാരികളായ പ്രവാചക ശിഷ്യന്മാരെ നോക്കി; പിന്നെ ആ സ്ത്രീയെയും. എന്നിട്ട് ഗവർണ്ണറോടായി പറഞ്ഞു; “പള്ളി പൊളിച്ചു ഇവരുടെ വീട് മുൻപുണ്ടായത് പോലെ പുനർ നിർമ്മിച്ചു നൽകുക, സൃഷ്ടിയുടെ കളങ്കമില്ലാത്ത കണ്ണുനീർ വീണയിടത്ത് സ്രഷ്ടാവിനെ ആരാധിക്കുന്നത് അവനിഷ്ട്ടപ്പെടുകയില്ല.”

കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ അമ്പരന്നു നിൽക്കുന്ന സ്ത്രീയുടെ അരികിലേക്ക് മെല്ലെ നടന്നടുത്ത് മന്ദഹസിച്ചു ഖലീഫ ഉമർ (റ) ഇപ്രകാരം മൊഴിഞ്ഞു: “സഹോദരീ; നിങ്ങൾ ആരോരും ഇല്ലാത്തവരല്ല, നിങ്ങളെ സേവിക്കാനാണ് ഈ ഭരണകൂടം, സേവകനായി ഞാനും. സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ചു പൊയ്ക്കൊള്ളുക, നിങ്ങളുടെ വീട് അവിടെ തന്നെ പുനർനിർമ്മിച്ച്‌ നൽകപ്പെടും.”

print

2 Comments

  • Masha Allah
    Univers never get such rulers on future

    KUNHOYI M 02.09.2020
  • Mashaallah, good information in present world confitions

    Manaf Chimbukad 02.09.2020

Leave a comment

Your email address will not be published.