നബിചരിത്രത്തിന്റെ ഓരത്ത് -60

//നബിചരിത്രത്തിന്റെ ഓരത്ത് -60
//നബിചരിത്രത്തിന്റെ ഓരത്ത് -60
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -60

ചരിത്രാസ്വാദനം

വെന്നിക്കൊടി

“അമ്മാവാ, ഞങ്ങൾക്ക് അബൂജഹ്‌ലിനെ ഒന്നു കാണിച്ചുതരണേ…” രണാങ്കണത്തിൽ ഈ ശബ്ദം കേട്ട് അബ്ദുറഹ്മാൻ ബിൻ ഔഫ് തിരിഞ്ഞു നോക്കി. അൻസാരികളായ രണ്ട് ചെറുപ്പക്കാരാണ്; മുആദും മുഅവ്വിദും.
“എന്തിനാണ് നിങ്ങൾക്കയാളെ?”
അബ്ദുറഹ്മാൻ ചോദിച്ചു.
“അയാളാണ് തിരുദൂതരെ ഏറ്റവും കൂടുതൽ ദ്രോഹിക്കുകയും ശകാരിക്കുകയും അപവദിക്കുകയും ചെയ്യാറുള്ളത് എന്ന് ഞങ്ങൾക്കറിയാം. വിശ്വാസികളെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചതും അയാളാണത്രെ.”
“കണ്ടുകിട്ടിയാൽ നിങ്ങൾക്കു മുമ്പേ അയാളെ വകവരുത്താൻ ആളുകളുണ്ട് മക്കളേ.” ബിൻ ഔഫ് പറഞ്ഞു.

വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള അതിശക്തമായ ചെറുത്തുനില്‍പ്പ്, മലക്കുകളുടെ സഹായ സൈന്യം, അല്ലാഹുവിന്റെ അപരിമേയമായ പിന്തുണ… എല്ലാം തികഞ്ഞ് തെളിഞ്ഞു വന്ന ആ സമയം തൊട്ട് കുറയ്ഷിപ്പട പതുക്കെ തളര്‍ച്ചയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. മുഹമ്മദിനെയും സംഘത്തെയും കണ്ടുകിട്ടിയാൽ തങ്ങൾ കാണിച്ചുകൂട്ടാൻ പോകുന്ന പരാക്രമങ്ങളെക്കുറിച്ച് വീരസ്യം മുഴക്കിയിരുന്നവരൊക്കെ യുദ്ധക്കളം വിട്ട് ഓടിപ്പോയിരുന്നു. അബൂജഹ്ൽ അപ്പോഴും തളരാത്ത വീര്യത്തോടെ പൊരുതിക്കൊണ്ടിരുന്നു.

“അതാ അയാൾ!” ഭടജനത്തിനിടയിലൂടെ ഓടിനടന്ന് ആവേശിപ്പിക്കുന്ന അബൂജഹ്‌ലിനെ ബിൻ ഔഫ് മുആദിന് ചൂണ്ടിക്കാണിച്ചുകൊടുത്തു. മുആദ് ഓടിച്ചെന്ന് ചുറ്റിലും സൈനികർ തീർത്ത വലയം ഭേദിച്ച് അബൂജഹ്‌ലിനെ ഇടിച്ചുനിലത്തിട്ടു. അയാളുടെ മകന്‍ ഇക്‌രിമ മുആദിന്റെ തോളിൽ ആഞ്ഞുവെട്ടി. കൈ അറ്റുവീഴാറായി. എന്നാല്‍ ഒരു കൈ ചര്‍മ്മത്തിന്റെ നേർത്ത ബലത്തില്‍ മാത്രം ശരീരത്തില്‍ തൂങ്ങിനില്‍ക്കുമ്പോള്‍ പരിക്കേല്‍ക്കാത്ത കൈയുപയോഗിച്ച് വിപദ്ഭയമില്ലാതെ മുആദ് പൊരുതി. സമയം മുമ്പോട്ടു പോയപ്പോൾ, തൂങ്ങിയാടുന്ന കൈ രണാങ്കണത്തിലെ അയാളുടെ സ്വതന്ത്ര നീക്കത്തിന് തടസ്സമായി, വേദന പെരുകിപ്പെരുകി വരികയും ചെയ്തു. പരിഹാരം അയാൾതന്നെ കണ്ടെത്തി; കുമ്പിട്ട്, തൂങ്ങിയാടുന്ന കൈ മറ്റെ കൈക്കൊണ്ട് കാലിനടയില്‍ വെച്ച് ചവിട്ടിപ്പിടിച്ച് ഒറ്റ നിവരല്‍. അതോടെ, കയ്യിനോടൊപ്പം അതേല്‍പ്പിച്ചു കൊണ്ടിരുന്ന കടുത്ത ശല്യത്തിൽ നിന്നും അയാള്‍ സ്വതന്ത്രനായി; തന്റെ പോരാട്ടം തുടരുകയും ചെയ്തു.

വീണുപോയെങ്കിലും അബൂജഹ്ൽ ജീവനോടെയുണ്ട്. മുആദിന്റെ ചങ്ങാതി അഫ്റയുടെ പുത്രൻ മുഅവ്വിദ് ഓടിയെത്തി അയാളെ വെട്ടി. തീർച്ചപ്പെട്ടൊരു മരണത്തിന്റെ കൈപ്പിടിയിൽ പിടഞ്ഞ് അബൂജഹ്ൽ കിടന്നു. മുഅവ്വിദ് മുന്നോട്ട് പോയി മറ്റൊരു ശത്രുവിനെ നേരിട്ടു. സഹോദരന്‍ ഔഫ് ബിൻ അഫ്റയുടെ വഴിയിൽ അയാളുടെ ജീവനും, വിടരാനിരുന്ന പൂവെന്നപോലെ രണാങ്കണത്തില്‍ അടര്‍ന്നുവീണു. കുറയ്ഷികളില്‍ മിക്കവരും പടനിലം വിട്ട് ഓടിപ്പോയി. അമ്പതോളം പേര്‍ മാരകമായി പരിക്കേല്‍ക്കുകയോ ഉടനടി കൊല്ലപ്പെടുകയോ ചെയ്തു. ചിലര്‍ ഓടിപ്പോകവേ വിശ്വാസികളുടെ വാളിനിരയായി. അത്രതന്നെ പേര്‍ ബന്ദികളായി പിടിക്കപ്പട്ടു.

അർധമനസ്കരായാണ് ബനൂഹാഷിമും മറ്റു ചിലരും യുദ്ധത്തില്‍ പങ്കെടുത്തത്. അവര്‍ക്ക് മുസ്‌ലിംകളോട് പൊരുതണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നില്ല. അബൂലഹബ് അല്ലാത്ത ബനൂഹാഷിമിലെ വിശ്വാസികളും അല്ലാത്തവരും എന്നും മുസ്‌ലിംകൾക്കൊപ്പം നിന്നവരാണ്. പ്രബോധനത്തിന്റെ ആരബ്ധ വത്സരങ്ങളിൽ, അബൂതാലിബ് ചെരുവിലേക്കവരെ തള്ളിവിട്ട് കുറയ്ഷ് കുടിപ്പിച്ച കയ്പ്പ് രുചിച്ചത് വിശ്വാസികൾ മാത്രമല്ല, ബനൂഹാഷിം മൊത്തമായിരുന്നുവല്ലോ. അബ്ദുൽ മുത്തലിബിന്റെ പുത്രൻ അബ്ബാസ്, കുറയ്ഷി സേനയെ അനുഗമിച്ചത്, പ്രിയരിൽ പ്രിയനായ സഹോദരപുത്രൻ യുദ്ധത്തിൽ തോറ്റുപോകുന്ന നിലവന്നാൽ അവിടെ സമാധാനത്തിന്റെ ഒലീവ് ചില്ല നീട്ടിക്കാട്ടാനായിരുന്നുവെന്ന് പശ്ചാത്ക്കാല വിവരണങ്ങളിൽ നിന്ന് ചരിത്രകാരൻ ഗ്രഹിച്ചെടുത്തു.

ചില പേരുകള്‍ എടുത്തുപറഞ്ഞ്, അവർ പിടിക്കപ്പെടുകയാണെങ്കില്‍ കൊല്ലാതെ നോക്കണമെന്ന് നബി നിർദ്ദേശം നൽകി. അക്കൂട്ടത്തിൽ എളാപ്പ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബുണ്ട്. മുസ്‌ലിം പടയാളികളില്‍ മിക്കവരും ബന്ദികളെ കൊല്ലുന്നതിനു പകരം മോചനദ്രവ്യം സ്വീകരിച്ച് വിട്ടയക്കണമെന്ന പക്ഷക്കാരായിരുന്നു. ഏറ്റുമുട്ടലിന്റെ തുടക്കത്തിൽതന്നെ ഹാഷിമികളായ ഹംസയുടെയും അലിയുടെയും ഉബയ്ദയുടെയും കൈക്ക് പിതാവും സഹോദരനും പിതൃസഹോദരനും കൊല്ലപ്പെടുന്നത് അകലെയല്ലാതെ നിന്ന് കണ്ടിരുന്ന ഉത്ബയുടെ മകൻ അബൂഹുദയ്ഫയുടെ മനസ്സ് അപ്പോഴും ആ ആഹ്വാനമുൾക്കൊള്ളാനാവുന്ന നില കൈവരിച്ചിരുന്നില്ല.

“ഞങ്ങൾ ഞങ്ങളുടെ പിതാക്കളും സഹോദരങ്ങളും ബന്ധുജനങ്ങളും കൊല്ലപ്പെടുന്നു, എന്നിട്ട് അബ്ബാസിനെ വെറുതെ വിടുകയോ? എന്റെ കണ്മുമ്പിൽ വന്നാൽ ഞാനയാളെ വെട്ടും.” – അബൂഹുദയ്ഫ ഉറക്കെ വിളിച്ചു പറഞ്ഞു.

“ഇയാളുടെ തല ഞാനിങ്ങറുത്തെടുത്താലോ, തിരുദൂതരേ?” സംഭവത്തിന് സാക്ഷിയായ ഉമർ ചോദിച്ചു.

“വിട്ടേക്കൂ അബൂഹഫ്സ്, അയാളുടെ ഭാഗത്തു നിന്ന് ചിന്തിച്ചുനോക്കൂ, സ്വന്തം പിതാവും പിതൃവ്യനും സഹോദരനും കൊല്ലപ്പെടുന്നത് കണ്മുൻപിൽ കണ്ടതാണയാൾ.” പ്രവാചകൻ പറഞ്ഞു.

മുസ്‌ലിംകളെക്കാള്‍ മൂന്നിരട്ടി ആള്‍ബലം കുറയ്ഷികള്‍ക്കുണ്ടായിരുന്നതിനാല്‍ ഓടിപ്പോയവരെയെല്ലാം പ്രചോദിപ്പിച്ച് പടനിലത്തേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകുമായിരുന്നില്ല. അതുകൊണ്ടാണവർ പ്രവാചകനെ അബൂബക്‌റിനോടൊപ്പം തമ്പിലേക്ക് പറഞ്ഞയച്ചത്. അന്‍സാറുകളില്‍ ചിലര്‍ ആ തമ്പിന് കാവല്‍പാര്‍ത്തു. സഅദ് ബിന്‍ മുആദ് പ്രവേശന ദ്വാരത്തില്‍തന്നെ അത്യന്തം ഗൗരവവദനനായി അപ്പോഴും കുന്തമേന്തി നില്‍ക്കുന്നുണ്ടായിരുന്നു. സഹസൈനികര്‍ ബന്ദികളെയുമായി തമ്പുകളിലെത്തുമ്പോള്‍ പ്രവാചകന്റെ ശ്രദ്ധ മുആദിന്റെ മുഖത്തായിരുന്നു.
“അവര്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തതുപോലെയുണ്ടല്ലോ സഅദ്!” നബി ആരാഞ്ഞു.
“ഇല്ല.” ഗൗരവം വിടാതെ സഅദ് പറഞ്ഞു, “ഇത് അവിശ്വാസികളുടെ മേൽ അല്ലാഹു ഏല്പിച്ച ആദ്യത്തെ പരാജയമാണ്. പ്രവാചകരേ, അവരില്‍ നിന്ന് പിടിക്കപ്പെട്ടവരെ ജീവിക്കാന്‍ വിടുന്നതിനു പകരം തലയരിയുകയാണ് വേണ്ടത്.” അയാൾ തുടർന്നു. സഅദിന്റെ അഭിപ്രായം തന്നെയായിരുന്നു ഉമറിനും.

എന്നാല്‍ മോചനദ്രവ്യം സ്വീകരിച്ച് അവരെ പറഞ്ഞയക്കണമെന്നായിരുന്നു അബൂബക്ർ അഭിപ്രായം. ഇപ്പോഴല്ലെങ്കിലൊരിക്കലവര്‍ വിശ്വാസികളാകാനുള്ള സാധ്യതയാണ് ദീർഘദൃക്കായ സിദ്ദീക് കാണുന്നുത്. പ്രവാചകനും ഈ അഭിപ്രായത്തോട് ചേര്‍ന്നുനിന്നു. വൈകുന്നേരം ഉമർ തിരിച്ച് തമ്പിലെത്തുമ്പോൾ പ്രവാചകന്റെയും അബൂബക്‌റിന്റെയും നയനങ്ങളിൽ കണ്ണീരിന്റെ നനവ്. ഉമർ കാര്യമന്വേഷിച്ചു. അപ്പോഴാണ് അല്പം മുമ്പ് വന്നണഞ്ഞ വെളിപാടിനെക്കുറിച്ചറിയുന്നത്.

“നാട്ടിൽ ശക്തനായിത്തീരുന്നതുവരെ യുദ്ധത്തടവുകാരുണ്ടാവുക ഒരു പ്രവാചകനും അഭികാമ്യമല്ല. ഇഹലോകത്തെ വിഭവങ്ങളാണ് നിങ്ങളാഗ്രഹിക്കുന്നത്, അല്ലാഹു ഉദ്ദേശിക്കുന്നതാകട്ടെ, പരലോകത്തെയും.” മറ്റൊരു വെളിപാടിലൂടെ മോചനദ്രവ്യം സ്വീകരിച്ച് ബന്ദികളെ വെറുതെവിടാനുള്ള തീരുമാനം പക്ഷേ, അല്ലാഹു അംഗീകരിച്ചതായി അറിവായി. തീരുമാനം തിരുത്തേണ്ടതില്ല. ബന്ദികള്‍ക്കായി മറ്റൊരു സന്ദേശവുമുണ്ട്:

“പ്രവാചക! താങ്കളുടെ പിടിയിലുള്ള ബന്ദികളോട് പറഞ്ഞേക്കുക, നിങ്ങളുടെ ഹൃദന്തങ്ങളിൽ നന്മകളെന്തെങ്കിലുമുണ്ടെന്ന് അല്ലാഹു അറിയുന്ന മുറക്ക് നിങ്ങളിൽനിന്ന് പിടിച്ചതിനെക്കാൾ നല്ലതു നൽകി നിങ്ങളോടവൻ പൊറുക്കുന്നതാണ്; അല്ലാഹു അപാരമായി പൊറുക്കുന്നവനും കരുണാനിധിയുമാണ്.”

മറ്റൊരാളുണ്ടല്ലോ; അബൂജഹ്‌ൽ!എന്തുവന്നാലും ജീവിക്കാനനുവദിക്കാന്‍ പാടില്ലാത്ത ഒരാള്‍. അയാള്‍ കൊല്ലപ്പെട്ടുവെന്ന് കേട്ടത് ശരിയാണെങ്കിൽ മൃതശരീരം തെരഞ്ഞുപിടിക്കാന്‍ നബി ഉത്തരവിട്ടു. ഇക്കാലമത്രയും ഇസ്‌ലാനോടും പ്രവാചകനോടും തളർച്ചയില്ലാതെ മനസാ വാചാ കർമ്മണാ ശാത്രവം പുലർത്തിയ കുറയ്ഷിയുടെ ജഡം തേടി അബദുല്ലാഹ് ബിന്‍ മസ്ഊദ് യുദ്ധഭൂമിയിലേക്ക് തിരിച്ചുനടന്നു.

വീണുകിടക്കുന്ന തനിക്കും നീലാകാശത്തിനുമിടയിൽ കുനിഞ്ഞുനിന്ന് തന്നെ നോക്കി നില്‍ക്കുന്ന മക്കക്കാരനായ അബ്ദുല്ലയെ തിരിച്ചറിയാന്‍ മാത്രമുള്ള പ്രജ്ഞ അപ്പോഴേക്കും ധാരാളം രക്തം വാർന്നുപോയിരുന്ന അയാളുടെ ശരീരത്തില്‍ അവശേഷിച്ചിരുന്നു. എങ്ങിനെ മറക്കാനാണ്! അബ്ദുല്ലയായിരുന്നു കഅ്ബക്കരികില്‍ വെച്ച് ആദ്യമായി കുര്‍ആന്‍ പാരായണം നടത്തിയത്. അഹന്തയില്‍ കോപാക്രാന്തനായി അബൂജഹ്‌ൽ അയാളെ കഠിനമായി തൊഴിച്ച് വീഴ്ത്തുകയും മുഖത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. സ്വാധീനശൂന്യനും, അടിമയായ മാതാവിന്റെ മകനുമായിരുന്നുവല്ലോ അന്ന് അബ്ദുല്ല, ബനൂസുഹ്‌റയുടെ സഖ്യകക്ഷിക്കാരന്‍ മാത്രമായിരുന്ന അയാള്‍ക്ക് വേണ്ടി മഖ്സൂം വംശജനെതിരെ ഒരാളും ഒരു ശബ്ദവുമുയര്‍ത്തിയില്ല.

യുദ്ധക്കളത്തിൽ അടിതെറ്റി വീണുകിടക്കുന്ന ഈ മനുഷ്യൻ അന്ന് തനിക്കേല്‍പ്പിച്ച അപമാനത്തിന് പകരം ചോദിക്കാനുള്ള സമയം താലത്തില്‍ വെച്ച് നല്‍കിയിക്കുകയാണ് വിധി, അബ്ദുല്ല ചിന്തിച്ചു. ശക്തിവാർന്ന് ശകലീകൃതനായ ശത്രുവിന്റെ കഴുത്ത് അബ്ദുല്ല തന്റെ കാൽക്കു കീഴിലാക്കി. ദീനമായ സ്വരത്തിലയാള്‍, “നീയിപ്പോള്‍ ഉയരത്തില്‍ കേറിയിരിക്കുന്നു കുഞ്ഞിടയാ.” എന്ന് ധാർഷ്ട്യം വിടാതെ ഇടറി. “ആര്‍ക്കാണ് വിജയം?” വേർപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ള ചേതനയുടെ ദുർബ്ബലതയിലും അയാൾ തിരക്കി.
“അല്ലാഹുവും അവന്റെ ദൂതനും മുസ്‌ലിംകളും വിജയിച്ചിരിക്കുകയാണ്.” അബ്ദുല്ലാഹ് പറഞ്ഞു. തുടര്‍ന്ന്, സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ പ്രതിബന്ധങ്ങള്‍ വലിച്ചിടാൻ തന്റെ ആയുസ്സ് ചിലവഴിച്ച പീഡകന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തി പ്രവാചക സന്നിധിയിലെത്തിച്ചു. നബി അല്ലാഹുവിന് സ്തുതിയോതി, “നമ്മുടെ കാലത്തെ ഫറോവയാണയാൾ.” പ്രവാചകൻ പറഞ്ഞു.

അന്ന് കൊല്ലപ്പെട്ട കുറയ്ഷി മൂപ്പന്മാർ വേറെയുമുണ്ടായിരുന്നല്ലോ. യുദ്ധത്തില്‍ ലഭിച്ച അങ്കിയുമായി നടന്നുവരവെ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് പരിചിതമായൊരു ശബ്ദം കേട്ടു,
“അബ്ദുൽ ഇലാഹ്!!” തിരിഞ്ഞു നോക്കിയപ്പോൾ പഴയ സ്‌നേഹിതനും ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളില്‍ മുമ്പനുമായ ഉമയ്യ ബിന്‍ ഖലഫ്! റഹ്മാനെ തനിക്ക് പരിചയമില്ലെന്നും ഞാൻ നിങ്ങളെ അബ്ദുൽ ഇലാഹ് എന്നേ വിളിക്കൂ എന്നും ഉമയ്യ മക്കയിൽവെച്ച് പറയാറുണ്ടായിരുന്നത് ബിൻ ഓഫ് അപ്പോൾ ഓർത്തു. യുദ്ധത്തിന്റെ വിഹ്വലതയില്‍ എങ്ങോട്ടോ ഓടിപ്പോയ തന്റെ കുതിരയുടെ തിരിച്ചുവരവിലും, ഭാരിച്ച ശരീരം വെച്ച് സ്വയം രക്ഷപ്പെടാനുള്ള സാധ്യതയിലും പ്രതീക്ഷയറ്റ് മകന്‍ അലിയുടെ കൈയില്‍ പിടിച്ചു നില്‍ക്കുകയാണയാള്‍. “എന്നെ നിങ്ങളുടെ തടവുകാരനായെടുക്കൂ, നിങ്ങളുടെ ഈ അങ്കിയെക്കാളും വിലപ്പെട്ടവനാണു ഞാൻ.” അയാള്‍ ബിന്‍ ഔഫിനോടാവശ്യപ്പെട്ടു.

അബ്ദുര്‍ഹ്മാന്‍ തനിക്കു ലഭിച്ച അങ്കി അവിടെയിട്ട് ഒരു കയ്യില്‍ ഉമയ്യയെയും മറുകയ്യില്‍ മകനെയും പിടിച്ച് നബിയുടെ സന്നിധിയിലേക്ക് നടക്കവെ, ബിലാല്‍ അവരെ കണ്ടു. അയാളുടെ മനസ്സിലൂടെ അനേകം ചിത്രങ്ങള്‍ ഒന്നിച്ചുനീങ്ങി. തന്റെയും തന്നെപ്പോലെ കുലവിഹീനരും ആലംബഹീനരും നിസ്വരുമായ വിശ്വാസികളുടെയും ജീവിതം നരകമാക്കുന്നതില്‍ രസിച്ച ചെകുത്താന്റെ ആള്‍രൂപമിതാ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ കൈകളില്‍ സുരക്ഷിതനായി നടക്കുന്നു. ഏതൊക്കെ ചിത്രങ്ങളായിരിക്കും ബിലാലിന്റെ അകക്കണ്ണിലൂടെ മിന്നിമറഞ്ഞിട്ടുണ്ടാവുക! നഗ്നമേനിയിൽ ചാട്ടവാറു കൊണ്ടടിച്ചത്, വേനൽച്ചൂട് കുടിച്ച് തിളച്ച മരുഭൂ മണൽപ്പരപ്പിൽ മലർത്തിക്കിടത്തി നെഞ്ചുകൂടിനുമേൽ കല്ലു കേറ്റിവെച്ച് വികൃതിപ്പിള്ളേരെക്കൊണ്ട് കെട്ടിവലിപ്പിച്ച് ആര്‍ത്തു ചിരിച്ചത്…

“ഉമയ്യാ…” ബിലാല്‍ അനിച്ഛാപ്രേരണയില്‍ വിളിച്ചു പറഞ്ഞു. “അവിശ്വാസത്തിന്റെ തലയാള്‍, അയാള്‍ ബാക്കിയായാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല.” ഒട്ടും മയമില്ലാതെ പെരുമാറിയ ബിലാലിന്റെ നീക്കം ബിന്‍ ഔഫിൽ നീരസമുണ്ടാക്കി. “ഇവരെ ഞാന്‍ തടവുകാരായി പിടിച്ചതാണ്.”
ബിലാല്‍ പഴയതുതന്നെ ആവര്‍ത്തിച്ചു, “അയാള്‍ ബാക്കിയായാല്‍ പിന്നെ ഞാനില്ല.”
“കരിങ്കാളിയുടെ മകനേ, നീ ഞാന്‍ പറഞ്ഞത് കേള്‍ക്കുന്നുണ്ടോ?” അബ്ദുര്‍റഹ്മാന്‍ ശബ്ദമുയര്‍ത്തി. തിരുദൂതരുടെ മുഅദ്ദിന്‍റെ സർവ്വാംഗങ്ങളെയും പ്രതിക്രിയാദാഹം ആവേശിച്ചു. അയാൾ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, “അല്ലാഹുവിന്റെ സഹായികളേ, അവിശ്വാസികളുടെ തലയാള്‍ ഉമയ്യ… അയാള്‍ ബാക്കിയായാല്‍ പിന്നെ ഞാനുണ്ടാവില്ല.”

വിശ്വാസികള്‍ നാലുപാടുനിന്നും ഓടിയെത്തി അബ്ദര്‍റഹ്മാന്‍ ബിന്‍ ഔഫിനെയും അയാളുടെ രണ്ട് തടവുകരെയും വളഞ്ഞു. ഒരു ഖഡ്ഗം വാളുറയില്‍നിന്ന് പുറത്തുവന്ന് ഉയർന്നു താഴ്ന്നു. ഉമയ്യയുടെ മകൻ അലി വീണു, എന്നാല്‍ മരണം തൽക്കാലം അയാളെ കവച്ചുവെച്ച് കടന്നുപോയി. അബ്ദുര്‍റഹ്മാന്‍ ഉമയ്യയുടെ കൈയിലെ പിടിവിട്ടു കൊണ്ട് പറഞ്ഞു, “ഉമയ്യ, സാധിക്കുമെങ്കിൽ നിങ്ങള്‍ സ്വയം രക്ഷപ്പെടുക, എനിക്കൊന്നും ചെയ്യാനാവില്ല.” വാളുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി ക്ഷണങ്ങള്‍ക്കകം പിതാവും പുത്രനും സന്ധിബന്ധങ്ങളറ്റ് മണ്ണിൽ ഉടഞ്ഞ് വീണു. പാപത്തിന്റെ സ്മാരകം പോലെ കിടന്ന ഉമയ്യയുടെ ജഡം നോക്കി ബിലാൽ നിന്നു.

മക്കയിലും പുറത്തും പരാക്രമികളെന്ന് പേരെടുത്തവർ പൊടിഞ്ഞ വിഗ്രഹങ്ങൾപോലെ ബദ്‌റിലെ രണഭൂമിയിൽ ചിതറിക്കിടന്നു. ജീവന്‍ വെടിഞ്ഞ കുറയ്ഷി ഭടജനങ്ങളുടെ ജഡങ്ങള്‍ വലിയ കുഴിയുണ്ടാക്കി അതിലിട്ട് സംസ്‌കരിക്കാന്‍ നബി അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി; ശത്രുക്കളുടേതായാലും മനുഷ്യ ശരീരങ്ങൾ ശവംതീനിപ്പക്ഷികൾക്ക് കൊത്തിവലിക്കാൻ വിട്ടുകൊടുത്തുകൂടാ.

ബദ്റിലെ യുദ്ധമൊഴിവാക്കാന്‍ അവസാന നിമിഷംവരെ ആഗ്രഹിച്ച ഉത്ബയുടെ ജഡം കുഴിക്കരികിലേക്ക് വലിച്ചിഴക്കുന്നത് നോക്കി പുത്രന്‍ അബൂഹുദയ്ഫയുടെ മുഖം വിളറി. കനല്‍ പോലെ എരിഞ്ഞ ജനിതകബന്ധത്തിന്റെ പ്രജ്ഞയിലാവണം അയാള്‍ വിതുമ്പി. കാഴ്ച കണ്ട് പ്രവാചകന്റെ മനസ്സില്‍ സഹതാപമൂറി അടുത്തു ചെന്ന് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു, “പിതാവിനെ ഇങ്ങനെ അടക്കുന്നതില്‍ താങ്കള്‍ക്ക് വിഷമമുണ്ടോ?”

അബൂഹുദയ്ഫ പറഞ്ഞു, “പ്രവാചകരേ, എന്റെ പിതാവിന്റെതടക്കമുള്ളവരുടെ ജഡം സംബന്ധിച്ച് അങ്ങയുടെ നിര്‍ദ്ദേശമോ, നമ്മുടെ ആളുകള്‍ അദ്ദേഹത്തിന്റെ ജഡം സംസ്‌കരിച്ച സ്ഥലമോ സംബന്ധിച്ച് എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍, യുക്തിമാനും വിവേകിയും മഹത്വമേറെയുള്ളവനുമായിട്ടാണ് ഞാനെന്റെ പിതാവിനെ കണ്ടിരുന്നത്. അദ്ദേഹം വിശ്വാസിയാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിനു വന്നുപെട്ട ഈ അവസ്ഥ, അദ്ദേഹം അവിശ്വാസത്തിന്റെ ഏതൊരവസ്ഥയിലാണ് കൊല്ലപ്പെട്ടതെന്നു കണ്ടപ്പോള്‍, എന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായല്ലോ എന്നോര്‍ത്ത് വിതുമ്പിപ്പോയതാണ്.”

ഉത്ബയുടെ നന്മകളെക്കുറിച്ച് പ്രവാചകനും അന്നേരം ഓർത്തിരിക്കണം. അബൂതാലിബിന്റെയും ഖദീജയുടെയും മരണമേല്പിച്ച ഏകാന്തമായ ഇടവേളക്കൊടുവിൽ സഹായം പ്രതീക്ഷിച്ചെത്തിയ പ്രവാചകനെയും ദത്തുപുത്രൻ സെയ്ദിനെയും താഇഫിലെ ബന്ധുക്കൾ വികൃതിപ്പിള്ളേരെ വിട്ട് കല്ലെറിഞ്ഞാട്ടുന്നത് അവിടെയുള്ള തങ്ങളുടെ വേനൽക്കാല വസതിയിലിരുന്ന് കാണാനിടയായ ഉത്ബയും സഹോദരൻ ഷെയ്ബയും ഏതാനും മുന്തിരിക്കുലകൾ താലത്തിലാക്കി നിനേവാ ദേശക്കാരനായ പരിചാരകൻ അദ്ദാസിന്റെ വശം കൊടുത്തുവിട്ടത് മറക്കാൻ അദ്ദേഹത്തിനാവില്ലല്ലോ. പ്രവാചകന്‍ അബൂഹുദയ്ഫയുടെ കൈത്തലത്തിൽ തടവി അയാൾക്കു വേണ്ടി പ്രാര്‍ത്ഥിച്ച് നല്ല വാക്കുകള്‍ പറഞ്ഞ് തിരിച്ചുനടന്നു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.