നബിചരിത്രത്തിന്റെ ഓരത്ത് -57

//നബിചരിത്രത്തിന്റെ ഓരത്ത് -57
//നബിചരിത്രത്തിന്റെ ഓരത്ത് -57
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -57

ചരിത്രാസ്വാദനം

ആലോചനകൾ

മദീനയില്‍നിന്ന് മക്കയിലേക്ക് പോകുന്ന പാതയിൽനിന്നു മാറി പ്രവാചകനും സംഘവും, സിറിയ-മക്ക പാതയിലുള്ള ബദ്ര്‍ പ്രദേശത്തെ ലക്ഷ്യമാക്കി യാത്ര തുടർന്നു. അബൂസുഫ്‌യാന്‍റെ സംഘത്തെ അവിടെ വച്ച് തടയാനാകുമെന്ന് പ്രവാചകൻ കണക്കുകൂട്ടി. ഒരായിരം കുതിരശക്തിയുള്ള പരശ്ശതം അപകടങ്ങളെ കടിഞ്ഞാണഴിച്ചുവിടാൻ കെല്പുള്ള കച്ചവടസംഘമായിരുന്നുവല്ലോ അത്. ലാഭം മുഴുവന്‍ മുഹമ്മദിനെയും അനുയായികളെയും അതുവഴി, അവരുടെ മതത്തെയും വിശ്വാസത്തെയും പാടെ വിപാടനം ചെയ്യാനായി വിനിയോഗിക്കുമെന്ന കുറയ്ഷി മൂപ്പന്മാരുടെ ദിഗന്തഭേദിയായ പ്രഖ്യാപനത്തിന്റെ പ്രയോഗമാണ് നടക്കുന്നത്; അങ്ങനെ തീര്‍ച്ചപ്പെട്ട വാണിജ്യ വിഭവങ്ങളാണ് ആ കാഫിലയുടെ ഉള്ളടക്കം. ഗതിവിഗതികളുടെ ആക്കത്തൂക്കങ്ങൾ നോക്കി കരുനീക്കിയില്ലെങ്കില്‍ അപകടമാണ്.

പ്രവാചകനും സംഘവും ദിഫ്റാൻ താഴ്‌വരയിൽ തമ്പുകളുറപ്പിച്ചു. സഖ്യകക്ഷിയായ ജുഹൈനാ ഗോത്രക്കാരായ രണ്ടുപേരെ കാഫിലയുടെ നീക്കം മനസ്സിലാക്കി വിവരം നല്‍കാനായി ബദ്‌റിലേക്കു പറഞ്ഞയച്ചിട്ടുണ്ട്. സ്വന്തം പാണിതലമെന്നപോലെ പ്രദേശത്തെ അറിയാമായിരുന്ന ദ്വയാംഗസംഘം അവിടെയൊരു കുന്നിന്‍ മുകളില്‍ നിലയുറിപ്പിച്ച് രംഗനിരീക്ഷണം നടത്തി. കുന്നിനു താഴെയുള്ള ജലാശയത്തിൽനിന്ന് വെള്ളമെടുക്കാനായി അവരിറങ്ങിച്ചെന്ന നേരത്താണ് രണ്ട് ഗ്രാമീണ പെണ്‍കൊടികള്‍ക്കിടയില്‍ നടക്കുന്ന സംഭാഷണം തുറന്നുപിടിച്ച അവരുടെ കാതുകളിലേക്ക് ചുഴിഞ്ഞുകേറിത്.
“നാളെ രാവിലെ കാഫില ഇതുവഴി കടന്നുപോകും, അതല്ലെങ്കില്‍ മറ്റന്നാള്‍,” ഒരുത്തി കൂട്ടുകാരിയോട് പറഞ്ഞു. “അവരുടെ തമ്പുകളിലും പരിസരങ്ങളിലും പണിയെടുത്ത് ഞാന്‍ നിനക്ക് തരാനുള്ളത് വീട്ടും.” ഇടതടവില്ലാതെ ചൂളംകുത്തി വീശുന്ന മരുക്കാറ്റിന്റെ ഹുങ്കാരത്തില്‍ വാക്കുകള്‍ മുങ്ങിപ്പോകാതിരിക്കാനായി പരിസരത്തുള്ളവര്‍ക്കൊക്കെ കേള്‍ക്കാവുന്നത്ര ഉച്ചത്തിലാണവൾ സംസാരിക്കുന്നത്, തന്റെ വാക്കുകൾ മറ്റാരെങ്കിലും ശ്രദ്ധിക്കാൻമാത്രം പ്രധാനമാണെന്നോ, പതിവായി ചെയ്യാറുള്ളൊരു ജോലിയെപ്പറ്റിയുള്ള സംസാരം രഹസ്യമാക്കേണ്ടതാണെന്നോ അവള്‍ക്കറിയില്ലല്ലോ. പരിസരത്തെ ഇലയനക്കം പോലും പിടിച്ചെടുക്കുന്ന ജാഗ്രതയോടെ മരുഭൂമിയുമായി താദാത്മ്യം പ്രാപിച്ച ബദവിക്കാതുകള്‍ സംഭാഷണം പിടിച്ചെടുത്തതും നബിയെ അറീക്കാനായി ദിഫ്റാൻ താഴ്‌വരയിലേക്കുതന്നെ തിരിച്ചുപോന്നു.

തെല്ലിടകൂടി അവിടെ തങ്ങിയിരുന്നുവെങ്കില്‍ പശ്ചിമദിക്കില്‍ നിന്ന് ഒട്ടകപ്പുറത്തേറി ഒറ്റക്കൊരു യാത്രികൻ വരുന്നതും ജലാശയത്തെ സമീപിക്കുന്നതും അവര്‍ക്ക് കാണാമായിരുന്നു, ബദ്‌റിലൂടെ കടന്നുപോകുന്ന വഴി കാഫിലയുടെ മുമ്പോട്ടുപോക്കിന് എത്രമാത്രം സുരക്ഷിതമാണെന്ന് പരിശോധിക്കാനായി കൂട്ടത്തിനു മുമ്പിലായി പോന്നതായിരുന്നു അയാള്‍. കിണറിനരികില്‍ കണ്ട ബദവിയോട് ഏതെങ്കിലും അപരിചിതരെ ചുറ്റുവട്ടത്തെങ്ങാന്‍ കണ്ടുവോ എന്നാരാഞ്ഞു. “രണ്ടൊട്ടകങ്ങളിലായെത്തിയ രണ്ടാളുകളെ കുറച്ചു മുമ്പ് ആ കുന്നിന്‍ മുകളില്‍ കണ്ടിരുന്നു.”
“എന്നിട്ട്?” ആകാംക്ഷയോടെ ആഗതൻ ചോദിച്ചു.
“കുറച്ചുസമയം അവിടെ നിന്നു, പിന്നീട് വെള്ളമെടുത്ത് അവര്‍ അതുവഴി യാത്രയായി,” യസ്‌രിബിന്റെ ഭാഗത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

അപരിചിത സഞ്ചാരികള്‍ നിന്നിരുന്നുവെന്ന് ഗ്രാമീണൻ പറഞ്ഞ കുന്നിൻമുകളിലെത്തി ആഗതൻ പരിശോധന നടത്തി. അവിടെക്കണ്ട ഒട്ടക വിസര്‍ജ്ജ്യം കയ്യിലെടുത്ത് ചികഞ്ഞതും പരിചയസമ്പന്നനായ പരദേശിയുടെ മുഖം വല്ലാതായി; അതിനകത്തുനിന്ന് ഏതാനും ഈത്തപ്പഴക്കുരുക്കൾ വേർത്തിരിച്ചെടുത്തു. ‘പടച്ചവനേ, ഇത് യസ്‌രിബുകാർ ഒട്ടകങ്ങൾക്കു കൊടുക്കുന്ന കാലിത്തീറ്റയാണല്ലൊ!’ ആത്മഗതമെന്നോണം അയാള്‍ പറഞ്ഞു. പിന്നെ, കാതരഭാവത്തോടെ, തന്റെ കാഫിലയോടൊപ്പം ചേരാനായി വന്നവഴിയെ, അതിവേഗം തിരിച്ചുപോയി; മറ്റാരുമല്ല, അബൂസുഫ്‌യാനായിരുന്നു അത്.

തന്റെ ബദ്ര്‍ സന്ദര്‍ശനത്തിന്റെ തുടര്‍നടപടിയെന്നോണം, അബൂസുഫ്‌യാൻ കാഫിലയുടെ സഞ്ചാരപഥം ബദ്‌റിന്റെ ഭാഗത്തുനിന്ന് വളരെ വളരെ മാറി ചെങ്കടൽതീരത്തോടു ചേർന്ന പാതയിലൂടെ തിരിച്ചുവിട്ടു. അന്നേരം ജുഹനികളായ ദ്വയാംഗനിരീക്ഷകസംഘം ദിഫ്റാനിൽ തിരിച്ചെത്തി, തങ്ങള്‍ക്കു ലഭിച്ച വിവരങ്ങൾ പ്രവാചകന് കൈമാറിയിരുന്നു. “ഇന്നോ നാളെയോ കുറയ്ഷി കാഫില ബദ്‌റിലെത്തും. അവര്‍, തീര്‍ച്ചയായും, ബദ്‌റില്‍ തങ്ങും. അറിഞ്ഞകാലംമുതല്‍ മക്കക്കും സിറിയക്കുമിടയിലെ യാത്രാസംഘങ്ങളുടെ സ്ഥിരം വിശ്രമസങ്കേതമാണല്ലോ ബദ്ര്‍. ഒരു മിന്നലാക്രമണത്തിലൂടെ അവരെ കീഴടക്കാൻ മതിയായ സമയം മുമ്പിലുണ്ട്.”

വൈകാതെ ആ വിവരവും വന്നെത്തി; അതിരറ്റ സമ്പത്തും അതിലേറെ അനർത്ഥങ്ങളും ഉള്ളേറ്റിയ മക്കയിലെ പ്രമാണിമാരുടെ സ്വന്തം കാഫില സംരക്ഷിക്കാനായി വലിയ സംഗ്രാമസന്നാഹങ്ങളോടെ കുറയ്ഷ് മക്കയിൽനിന്ന് പുറപ്പെട്ടിട്ടുണ്ടത്രെ. കോളിളകിയ സമുദ്രംപോലെ ആരവങ്ങളും പരിജനങ്ങളുമായി രണോത്സുകതയുടെ ആക്രോശങ്ങളാൽ മരുഭൂമിയിൽ അടയിരിക്കുന്ന കനത്ത മൂകതകളെ ഭഞ്ജിച്ചാണവരുടെ വരവ്. മുമ്പെല്ലാം സാധ്യതമാത്രമായി പരിഗണിക്കപ്പെട്ടിരുന്ന യുദ്ധമിതാ യാഥാര്‍ത്ഥ്യത്തോടടുത്തിരിക്കുന്നു.

പ്രവാചകന്‍ പ്രാര്‍ത്ഥനാനിമഗ്നമായ മനസ്സോടെ അല്ലാഹുവിന്റെ ഹിതാഹിതങ്ങള്‍ സ്വീകരിക്കാനായി മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു, അപ്പോലെ അനുചരരെയും സജ്ജരാക്കണം. അവര്‍ നബിയെ അഗാധമായി സ്‌നേഹിക്കുന്നുണ്ട്, എന്നാല്‍ അപകടങ്ങളെ നേരിടാന്‍ അവരുടെ മനസ്സ് ഏത്രമേല്‍ കരുത്ത് നേടിയിട്ടുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഈ യാത്ര തുടരണോ, ദൗത്യം തല്‍ക്കാലം ഇവിടെ നിര്‍ത്തിവെച്ച് യസ്‌രിബിലേക്ക് പിന്‍വാങ്ങണോ എല്ലാം തീരുമാനമാകേണ്ടതുണ്ട്.

ഈദൃശ സാഹചര്യങ്ങളിൽ പതിവായി ചെയ്യാറുള്ളതുപോലെ നബി അബൂബക്‌റും ഉമറുമായി സംസാരിച്ചു. മുമ്പോട്ടു പോകാനായിരുന്നു അവര്‍ നല്‍കിയ ഉപദേശം. പ്രവാചകന്റെ ആത്മഗതമഗ്നമായ മനസ്സ് വായിച്ചെടുത്തുകൊണ്ടാകണം അംറിന്റെ പുത്രൻ മിക്ദാദ് എഴുന്നേറ്റ് നിന്നു. കൂട്ടുവട്ടത്തിലുള്ളവർ കേള്‍ക്കേ അയാൾ പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ അഭിപ്രായത്തിനനുസരിച്ച് നീങ്ങുക.” പിന്നെ തുടര്‍ന്നു, “നീയും നിന്റെ ഏമാനും പോയി യുദ്ധം ചെയ്യുക, ഞങ്ങളിവിടെയിരുന്നോളാം” എന്ന് പണ്ട് മൂസാ പ്രവാചകനോട് ഇസ്രയേല്‍മക്കള്‍ പറഞ്ഞതുപോലെ ഞങ്ങളങ്ങയോട് പറയുകയില്ല. മറിച്ച്, ഞങ്ങള്‍ പറയുക, “താങ്കളും താങ്കളുടെ നാഥനും പോയി യുദ്ധം ചെയ്യുക, താങ്കളോടൊപ്പം ഞങ്ങളുമുണ്ട് പൊരുതാനായി,” എന്നാകും.’

സന്ദിഗ്ധത തീണ്ടാത്ത മിക്ദാദിന്റെ വാക്കുകൾ നബിയുടെ മനസ്സിൽ ആഹ്ലാദം നിറച്ചു. ഇതുവരെ സംസാരിച്ച മൂന്നുപേരും മുഹാജിറുകളാണ്, അവർ എന്തുവന്നാലും തന്റെ കൂടെ ഉറച്ചുനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമേ ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍, അന്‍സാറുകള്‍, അവര്‍ നബിയെ ഗാഢമായി സ്‌നേഹിക്കുന്നുവെന്നതില്‍ തരിമ്പും സംശയമില്ല. എന്നാൽ, മുഹാജിറകളനുഭവിച്ചതുപോലെ സമാനതകളില്ലാത്ത പീഡനതാഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പരമ്പര കുറയ്ഷികളില്‍ നിന്ന് അന്‍സാറുകളനുഭവിച്ചിട്ടില്ല. അവര്‍ക്ക് കുറയ്ഷികളോടുള്ള എതിർപ്പ് വിശ്വാസത്തിന്റെ പേരില്‍ മാത്രമുള്ളതായിരുന്നു.

നബിയും സംഘവും മദീനയില്‍ നിന്ന് പുറപ്പെട്ടത് കുറയ്ഷികളുടെ കാഫിലക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുക എന്ന നയതന്ത്രത്തിന്റെ ഭാഗമായാണ്, എന്നാലിപ്പോള്‍ അതിനെക്കാള്‍ പതിന്മടങ്ങ് ഭയങ്കരമായ സായുധ സംഘവുമായാണ് ഏറ്റുമുട്ടേണ്ടത്. അകബയില്‍ വെച്ച് പ്രവാചകനുമായി യസ്‌രിബിലെ വിശ്വാസികളുമായുണ്ടാക്കിയ ഉടമ്പടിരേഖയില്‍ തങ്ങളുടെ പ്രദേശത്തിനു പുറത്തുവെച്ചുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രവാചകന്റെ സുരക്ഷക്കുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടാകില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. അവരുടെ നാട്ടിലാണെങ്കില്‍ സ്വന്തം പുത്രദാരങ്ങളെ സംരക്ഷിക്കുന്നതുപോലെ പ്രവാചകനെ സംരക്ഷിക്കും. യസ്‌രിബിനു പുറത്തുവെച്ച് നടക്കുന്ന ഏറ്റുമുട്ടലുകളിൽ സംരക്ഷണം നല്‍കേണ്ട ബാധ്യത അവര്‍ ഏറ്റെടുക്കുമോ?

“ജനങ്ങളേ, അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.” മുഹാജിറുകള്‍ക്കുവേണ്ടി അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞല്ലോ, ഇപ്പോള്‍ അഭിപ്രായം തേടുന്നത് അന്‍സാറുകളില്‍നിന്നാണെന്ന് സദസ്സിലുള്ളവര്‍ക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ടാണ് അൻസാരിയായ മുആദിന്റെ പുത്രന്‍ സഅദ് എഴുന്നേറ്റുനിന്നത്.
“തിരുദൂതരേ, അവിടുന്ന് ഞങ്ങളെയായിരിക്കും ഉദ്ദേശിച്ചത്!”
“അതെ” പ്രവാചകൻ പറഞ്ഞു.
സഅദ് പറഞ്ഞുതുടങ്ങി:
“ഞങ്ങൾക്കങ്ങയിൽ വിശ്വാസമുണ്ട്, അങ്ങ് കൊണ്ടുവന്നത് സത്യമാണെന്ന് സാക്ഷ്യം വഹിച്ചവരുമാണ് ഞങ്ങൾ. തദടിസ്ഥാനത്തിൽ അങ്ങയെ അനുസരിക്കുമെന്ന കരാറും ഞങ്ങൾ ചെയ്തിട്ടുണ്ട്. അതിനാൽ അങ്ങുദ്ദേശിച്ചതെന്തോ, ചെയ്തുകൊളളുക. ഞങ്ങൾ ഒപ്പമുണ്ടാവും. അങ്ങയെ നിയോഗിച്ചവനാണുസത്യം, അകലെയുള്ള ആ കടൽ നമ്മുടെ മുമ്പിൽ വിലങ്ങായി നിൽക്കുകയും, എന്നിട്ട് അങ്ങതിലിറങ്ങുകയും ചെയ്താൽ, തീർച്ചയായും, ഞങ്ങളും കൂടെയിറങ്ങും. ഞങ്ങളിലൊരാൾപോലും പിന്നോട്ട് നിൽക്കില്ല. നാളെതന്നെ ഞങ്ങളെ ശത്രുക്കൾക്കഭിമുഖം നിറുത്തിനോക്കൂ, ഞങ്ങളധീരരാകില്ല, തീർച്ച. ഉറച്ചുനിൽക്കുവാൻമാത്രം സഹനശേഷിയും ശത്രുക്കളെ നേരിടാൻവേണ്ട കരുത്തും ഉളളവരാണ് ഞങ്ങൾ! അങ്ങയുടെ നയനങ്ങളെ തണുപ്പിക്കുന്ന കാഴ്ച ഞങ്ങൾവഴി അല്ലാഹു അങ്ങേക്ക് കാണിച്ചുതരട്ടെ!”

കാലമേറെ ചെന്നിട്ടും ചരിത്രത്തിന്റെ ചുവരിൽ തിളക്കത്തോടെ പതിഞ്ഞുകിടക്കുന്ന സഅദിന്റെ വാക്കുകൾ പ്രവാചകനെ തുഷ്ടിപ്പെടുത്തി. തിരുവദനം പ്രദീപ്തമായി, മനസ്സ് ആർദ്രമായി. ഉസ്താഹഭരിതനായി അദ്ദേഹം പറഞ്ഞു, “മുന്നോട്ട് പോവുക, ആഹ്ലാദിക്കുക രണ്ടിലൊരു സംഘത്തെ കീഴടക്കാനാകുമെന്ന് അല്ലാഹു എനിക്ക് വാക്ക് നൽകിയിരിക്കുന്നു. ശത്രുക്കൾ ഭൂമിയിൽ വീണു കിടക്കുന്നതുപോലെ എനിക്ക് തോന്നുന്നു. അവർ മുന്നോട്ടുനീങ്ങി. അത്യന്തം രൂക്ഷതരവും ഗൗരവമേറിയതുമായതിനുവേണ്ടി അവര്‍ തയ്യാറെടുത്തിരുന്നു. കച്ചവടസംഘത്തെ നേരിട്ടതിനു ശേഷം പിടിച്ചെടുക്കുന്ന വസ്തുക്കളുമായി മദീനയിലേക്ക് തിരികെപ്പോകാനും പിന്നെ, കുറയ്ഷിപ്പടയെ നേരിടാമെന്നായിരുന്നു പദ്ധതിയും പ്രതീക്ഷയും.

ആ പകല്‍ അടങ്ങുകയാണ്, സായാഹ്നശോഭ മണൽത്തിട്ടകളിൽ സുവർണ വർണം തൂവി. പ്രവാചകനും സംഘവും ബദ്‌റിലേക്ക് ഒരുദിവസത്തിൽ കുറഞ്ഞ വഴിദൂരം മാത്രമുള്ള ഒരിടത്ത് തമ്പുറപ്പിച്ചു. സംഘത്തെ വിശ്രമിക്കാന്‍ വിട്ട് നബിയും അബൂബക്‌റും അല്പം മുമ്പോട്ടുപോയി. എന്തെങ്കിലും പുതിയ വിവരം കിട്ടിയാലോ! വഴിയില്‍ കണ്ടുമുട്ടിയ വയോധികനില്‍ നിന്നാണ് വിവിരമറിയുന്നത്; മക്കക്കാരുടെ പട ബദ്‌റിനോട് വളരെ വളരെ അടുത്തെത്തിയിരിക്കുന്നു.

അബൂബക്റിനോടൊപ്പം സങ്കേതത്തില്‍ തിരിച്ചിത്തിയ നബി സന്ധ്യയുടെ തിരശ്ശീല ചുരുൾനിവരുന്നതുവരെ കാത്തു. തുടര്‍ന്ന് സ്വന്തം മച്ചുനന്മാരായ അലി, സുബെയ്ര്‍, സഅദ് എന്നിവരടങ്ങുന്ന ചെറിയ സംഘത്തെ ബദ്‌റിലേക്ക് പറഞ്ഞയച്ചു. ആ ജലാശയത്തിൽനിന്ന് കുറയ്ഷിപ്പടയോ സിറിയയില്‍നിന്ന് മക്കയിലേക്കു പോകുന്ന കാഫില സംഘാംഗങ്ങളോ വെള്ളം ശേഖരിച്ചിട്ടുണ്ടോ എന്നാണവര്‍ അന്വേഷിച്ചറിയേണ്ടത്. അതല്ലെങ്കില്‍ ഏതെങ്കിലുമൊരു സംഘത്തെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരം. കിണറിനരികില്‍ കണ്ട രണ്ടുപേര്‍ രണ്ടൊട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര ജലം ശേഖരിച്ച് തിരിച്ചുപോകാനുള്ള പുറപ്പാടിലായിരുന്നു. അലിയും കൂട്ടരും അവരെ പിടികൂടി പ്രവാചകനരികിലെത്തിച്ചു. നബി അവരുമായി സംസാരിച്ചു.
തങ്ങള്‍ കുറയ്ഷി ഭടജനങ്ങള്‍ക്കുവേണ്ടി വെള്ളമെടുക്കാന്‍ വന്നതായിരുന്നുവെന്നവര്‍ പറഞ്ഞു.

“പറയൂ, കുറയ്ഷികളെപ്പറ്റി പറയൂ, അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കൂ.”
“അവര്‍ ആ കുന്നിന്റെ അപ്പുറത്തുണ്ട്.” അകന്‍കല്‍ കുന്നിനെ ചൂണ്ടി അവര്‍ പറഞ്ഞു.
“എത്ര പേരുണ്ടവര്‍?”
“കുറെ പേരുണ്ട്.”
കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കാകുന്നില്ല.
“എത്ര മൃഗങ്ങളെ ദിവസം അറുക്കുന്നുണ്ട്?’
“ചിലനാള്‍ ഒമ്പത്, ചിലനാള്‍ പത്ത്.”
“എങ്കിലവര്‍…” നബി കണക്കുകൂട്ടി, “തൊള്ളായിരത്തിനും ആയിരത്തിനുമിടയില്‍ വരും.”
“ആരൊക്കെയാണ് നേതാക്കള്‍?”
ഉത്ബയുണ്ട്, ഷെയ്ബയുണ്ട്, ഹാരിസും തുഅയ്മയുമുണ്ട്. നദ്‌റുണ്ട്,” കുര്‍ആനിന്റെ വെല്ലുവിളി സ്വീകരിക്കാനായി പേര്‍സ്യന്‍ നാടുകളില്‍പോയി കഥകള്‍ ശേഖരിച്ച് മക്കയില്‍ വിളമ്പി കുപ്രസിദ്ധി നേടിയ അതേ നദ്‌റ് ബിന്‍ ഹർസ്. അവർ പേരുകൾ ഓർത്തെടുത്ത് കൈവിരലുകൾ മടക്കി, “മ്..മ്.. അബൂജഹ്‌ലുണ്ട്… ഉമയ്യയുണ്ട്, സുഹയ്ലുണ്ട്.” പതിനഞ്ചോളം പേരുകൾ അവർ ഓർത്തെടുത്തു.

എല്ലാം കേട്ടുകഴിഞ്ഞ് നബി പറഞ്ഞു, “മക്കയിതാ, അതിന്റെ കരളിന്റെ കഷണങ്ങളെ നിങ്ങള്‍ക്കെറിഞ്ഞു തന്നിരിക്കുന്നു.”

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.