കൗൺസിലിങ്ങ് അനുഭവങ്ങൾ -13

//കൗൺസിലിങ്ങ് അനുഭവങ്ങൾ -13
//കൗൺസിലിങ്ങ് അനുഭവങ്ങൾ -13
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -13

ഉപ്പ പണിയെടുക്കണമെന്ന് മകൻ, ഇനി പണിയെടുക്കില്ലെന്ന് ഉപ്പ

സ്വന്തം മകനെ കൊണ്ടാണ് ഒരു പിതാവ് വന്നത്, നല്ലൊരു കോഴ്സ് ചെയ്ത് ജോലിയായൊരു യുവാവാണു മകൻ. പിതാവിന് ജോലിയില്ല, ജോലി ചെയ്താൽ തന്നെ വീട്ടിലെ ചെലവിനു മാത്രം തികയുകയുമില്ല.

യുവാവിനു പക്ഷെ വേറൊരു കാഴ്ചപ്പാടാണ്. ഉപ്പാക്ക് എന്തിനാണ് പണം കൊടുക്കുന്നത്? ഞാൻ പഠിച്ചതിനു ഉപ്പ ഒന്നും തന്നെ ചെലവഴിച്ചിട്ടില്ല. പകരം മൂത്താപ്പാൻറെ മകനായ ജ്യേഷ്ഠനാണ് ചെലവെടുത്തത്.

ഗൾഫിലായിരുന്ന കാലത്ത് ഉപ്പാൻറെ കൈയിൽ ധാരാളം കാശുണ്ടായിരുന്നു. അഞ്ചിൽ പഠിക്കുന്ന കാലത്ത് ഉപ്പ ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു പോന്നു. പ്ലസ് ടു വിനു പറഞ്ഞയക്കുമ്പോൾ ഉപ്പാൻറെ കൈയിൽ പണം കുറവാണ്. ഏറെ പ്രയാസപ്പെട്ടാണ് പ്ലസ് ടുവിന് പഠിക്കുന്നത്.

ശേഷം ഒരു പ്ലേസ്മെന്റ് ഉറപ്പുള്ള കോഴ്സ് ചെയ്തു. അതിന് ഉപ്പാക്ക് ഒരു ചെലവും ഇല്ല. ഇപ്പോൾ മോശമല്ലാത്ത വരുമാനമുള്ള ജോലിയുണ്ട്. വിദേശത്തു പോയാൽ ഇനിയും ഒരുപാട് കൂടും.

യുവാവിന് പറയാനുള്ളതെല്ലാം കേട്ട ശേഷം ഉപ്പാൻറെ അഭിപ്രായങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു.

‘ഞാൻ ഇത്ര കാലം പണിയെടുത്തു, അവരെ വളർത്തി, പഠിപ്പിച്ചു. പണിയായി, ഇനി ഞാൻ പണിയെടുക്കില്ല. എല്ലാം അവർ നോക്കണം’. ഇതാണ് ഉപ്പ പറയുന്നത്.’

സാമ്പത്തിക പ്രാരാബ്ധം ഉള്ള വീടാണ്, ഈ അവസ്ഥയിൽ വീട്ടിലേക്ക് പിതാവിൻറെ കൂടി വരുമാനം ഉണ്ടാവുകയാണ് നല്ലത് എന്ന് ആർക്കും ബോധ്യമാകും. അദ്ദേഹത്തിനാണെങ്കിൽ നല്ല ആരോഗ്യവും ഉണ്ട്.
ഉപ്പാക്ക് നല്ല ആരോഗ്യമുണ്ട്. ഉപ്പാൻറെ വരുമാനം കൂടി വീട്ടിലേക്കുണ്ടെങ്കിൽ വീട്ടിലെ കാര്യം കുറച്ച് കൂടി നല്ല നിലയിൽ നോക്കാൻ സാധിക്കും. അതാണ് മകൻ പറയുന്നത്.

പക്ഷെ പിതാവ് വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു, ‘ഞാനല്ലേ അവരെ വളർത്തിയത്, രാത്രി, പകൽ എന്നില്ലാതെ പണിയെടുത്താണ് അവരെ നോക്കിയത്.., ഇനിയിപ്പോൾ എനിക്ക് വയസ്സായി അവർ എന്നെ നോക്കണം.’

യുവാവിനെ മാറ്റി നിർത്തി പിതാവിനോട് ചില കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

‘നമ്മൾ വയസ്സായി എന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നാൽ മനസ്സിന് ലഭിക്കുന്ന സന്ദേശം വർധക്യത്തിൻറേതാകും. അതിനു പകരം എനിക്ക് ഇപ്പോഴും ആരോഗ്യമുണ്ട്, പണിയെടുക്കാൻ സാധിക്കും എന്ന് പറഞ്ഞു കൊണ്ടിരുന്നാൽ മനസ്സിലേക്ക് ആരോഗ്യത്തിൻറെ സന്ദേശമാണ് ലഭിക്കുക.’
‘എന്തെങ്കിലും പണി എടുത്തു കൊണ്ടിരുന്നാൽ ശരീരത്തിന് ആയാസവും മനസ്സിന് ഉല്ലാസവും ലഭിക്കും. നാം ഒരാൾക്കും ബാധ്യതയല്ലാതായി നിൽക്കുന്നതല്ലേ നമുക്കഭിമാനം?’
‘ഇനി ഞാൻ പണിയെടുക്കില്ല എന്ന് നിങ്ങളല്ല, ഉപ്പ ഇനി പണിയെടുക്കേണ്ടതില്ല എന്ന് മക്കളാണ് പറയേണ്ടത്. ശരീരം കൊണ്ട് സാധിക്കുമോ, അതിനുള്ള നന്ദി കൂടിയാണ് പണിയെടുക്കുക എന്നുള്ളത്…..’

ഇനിയെല്ലാം നിങ്ങളുടെ ഇഷ്ടം. കുറച്ച് നേരം ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി.

പിന്നീട് യുവാവിനെ വിളിച്ചു.

‘നമ്മെ ഇതുവരെ വളർത്തിക്കൊണ്ട് വന്നത് ഉപ്പ തന്നെയല്ലേ?’

‘ആണെങ്കിലും ഈ കോഴ്‌സിന് മുഴുവൻ ചെലവെടുത്തത് കാക്കയാണ്.’

ആരാണത്?
മൂത്താപ്പാൻറെ മകൻ.
അത് ശരി.
കാക്കാക്ക് ചെലവായത് കടം വീട്ടിയാൽ പിന്നെ എനിക്ക് ബാധ്യതകൾ ഒന്നുമില്ലല്ലോ? ഒരു ചോദ്യമായി അവൻ മുഴുമിച്ചു.

‘ഈ ചോദിച്ചതിൽ കുറെ ശരിയുണ്ട്, കുറെ ചേർക്കാനും ഉണ്ട്.’

‘അതെന്താണ്?

‘കാക്ക നിനക്ക് വേണ്ടി ചെലവഴിക്കുമ്പോൾ എന്തായിരുന്നു മനസ്സ്?’

‘ഉപ്പാക്ക് വേണ്ടത്ര സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ട് എന്നെ പഠിപ്പിച്ചാൽ എനിക്ക് ജോലി കിട്ടും എന്നായിരിക്കും.’

‘നിന്നെ എന്ത് കൊണ്ടാണ് കാക്ക പഠിപ്പിച്ചത്?’

‘കാക്കാൻറെ അനുജനായത് കൊണ്ട്.’

‘അതായത്, നിൻറെ ഉപ്പയുമായി നിൻറെ കാക്കാക്ക് ബന്ധമുള്ളത് കൊണ്ട് എന്നല്ലേ ശരി?. നിനക്ക് ഒരു ജോലി എന്നത് മാത്രമാകുമോ കാക്കാൻറെ മനസ്സ്? അതോ ഉപ്പാൻറെ പ്രയാസത്തിന് ഒരു അറുതി വരുത്തുക എന്നുള്ളതാണോ?’

‘ഞാൻ പറഞ്ഞു എന്നെ ഉള്ളൂ, നിനക്ക് വേണ്ടത് തീരുമാനിക്കാൻ സ്വാതന്ത്ര്യം നിനക്കുണ്ട്.’

അവൻ അൽപ നേരം ആലോചിച്ച ശേഷം പറഞ്ഞു, ‘അതെ, എന്നോടുള്ള സ്നേഹം ഉപ്പാൻറെ മകൻ എന്ന നിലയിൽ തന്നെ.
ഒന്ന് കൂടെ ചിന്തിച്ചു കൊണ്ട് അവൻ പറഞ്ഞു, ‘ഉപ്പ ഇനി പണിയെടുക്കേണ്ടതില്ല’.

ഉപ്പാനെ വിളിച്ച് അവിടെ ഇരുത്തി. നിങ്ങൾക്കെന്താണ് പറയാനുള്ളത്? എന്ന് ചോദിച്ചു, ‘ഞാൻ പണിയെടുക്കാൻ തന്നെയാണ് കരുതുന്നത്,.
അത് കേട്ടപ്പോൾ മകനിപ്പോൾ വിഷമമാണ് വന്നത്, അവൻ പറഞ്ഞു,
‘ഞാൻ പണിയെടുത്ത് വരുമാനം ഉള്ളവനായി, ഇനി ഉപ്പ പണിയെടുക്കേണ്ടതില്ല.’
ഉപ്പാൻറെ കണ്ണ് തിളങ്ങി, അയാൾ പറഞ്ഞു, ‘ഉപ്പ പണിയെടുത്തില്ലെങ്കിൽ ശരീരവും മനസ്സും ആരോഗ്യം കുറയും.’
‘അങ്ങനെയെങ്കിൽ……..’ ഒന്ന് നിർത്തിയ ശേഷം അവൻ പറഞ്ഞു, ‘ഉപ്പ വേണമെങ്കിൽ പണിയെടുത്തോട്ടെ,, വീടിൻറെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തോളം’.

‘അവൻ കുറച്ച് എടുത്തോട്ടെ, എൻറെ വരുമാനം ഉള്ളിടത്തോളം കാലം അത്ര മതിയല്ലോ, അത് പരസ്പരം സംസാരിച്ച് ശരിയാക്കാനല്ലേ ഉള്ളൂ’, ഉപ്പ പറഞ്ഞു.

സന്തോഷത്തോടെ ജീവിക്കുക എന്നും പറഞ്ഞ്, അവരെ പറഞ്ഞു വിട്ടു.

print

No comments yet.

Leave a comment

Your email address will not be published.