നബിചരിത്രത്തിന്റെ ഓരത്ത് -56

//നബിചരിത്രത്തിന്റെ ഓരത്ത് -56
//നബിചരിത്രത്തിന്റെ ഓരത്ത് -56
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -56

ചരിത്രാസ്വാദനം

മിന്നലാക്രമണം

പ്രവാചകന്റെ ശരീരം മക്ക വിട്ടുവെങ്കിലും മനസ്സ് പാതി അവിടെതന്നെയായിരുന്നു. തന്റെ ബാല്യ-കൗമാര-യൗവനങ്ങളുടെ പരാഗങ്ങളേറ്റു കിടക്കുന്ന മണ്ണാണത്, സ്വന്തം പൂർവ്വികരുടെ അസ്ഥികൾ അലിഞ്ഞുകിടക്കുന്ന നിലമാണത്. മക്കയിൽ നിന്നുള്ള കാറ്റിന്റെ അലകളികളിലേറി വന്നെത്തുന്ന ചേതികൾക്കായി നബി ചെവി വട്ടംപിടിച്ചു. കുറയ്ഷ് എന്തു പറയുന്നു, അവരുടെ അടുത്ത നീക്കം എന്ത് എന്നതൊക്കെയാണ് മക്കയിൽ നിന്നുള്ള വാർത്തകളിൽ കാര്യമായി അദ്ദേഹം ചികഞ്ഞത്; വാർത്തകളൊന്നും അത്ര ശുഭകരമായിരുന്നില്ല. തങ്ങളുടെ നാടിനെ നെടുകെ പിളർത്തി കടന്നുകളഞ്ഞ മുഹമ്മദിനോടും കൂട്ടരോടുമുള്ള കലി നാൾക്കുനാൾ പതഞ്ഞുയരുകയാണ് കുറയ്ഷികളുടെ മനസ്സിൽ. യസ്‌രിബ് ദേശത്ത് മുഹമ്മദ് നാൾക്കുനാൾ സ്വീകാര്യത നേടുന്നതിന്റെയും തികവുറ്റ ആസൂത്രണത്തോടെ ഒരു മാതൃകാസമൂഹം കെട്ടിപ്പടുക്കുന്നതിന്റെയും വിവരങ്ങളറിഞ്ഞ് അവരുടെ രോഷം ശതഗുണീഭവിച്ചു.

മക്കക്കാരുടെ തന്ത്രശാലിയായ നേതാവും ബുദ്ധികേന്ദ്രവുമായ അബൂസുഫ്‌യാന്‍ യസ്‌രിബിലെ സ്വാധീനമുള്ള ഔസ് ഖസ്റജ് ഗോത്രങ്ങൾക്ക് കത്തുകളെഴുതി, യസ്‌രിബിന്റെ ചിരപുരാതനമായ ആചാരങ്ങളെയും രീതികളെയും അനാദരിക്കുന്ന മുഹമ്മദിനും അനുയായികൾക്കും അഭയമേകുന്നത് അറബികളുടെ പ്രതാപം മെതിച്ചുകളയുന്നതിനൊക്കുമെന്നായിരുന്നു കുറിമാനങ്ങളുടെ ആകത്തുക. എന്നാൽ, ഔസും ഖസ്റജും ഭിന്നതകൾ മറന്ന് പുതുവിശ്വാസത്തെ നെഞ്ചേറ്റിയതിനാൽ കുറികൾ മരുക്കാറ്റിനോടൊപ്പം ധൂളികളായി വാനിൽ വിലയം പ്രാപിച്ചു. കുറയ്ഷ് ആശ കൈവിട്ടില്ല, അവർ പ്രവാചകന്റെ പ്രത്യക്ഷ എതിരാളി, അബ്ദുല്ലാഹ് ബിൻ ഉബയ്യിനുള്ളൊരു കത്തിനൊടുവിൽ, തങ്ങളുടെ ചങ്ങാതിയെ യസ്‌രിബിൽ നിന്ന് പുറന്തള്ളിയില്ലെങ്കിൽ അവിടത്തെ പടയാളികളെ കൊന്നൊടുക്കാനും സ്ത്രീകളെ ബലാൽക്കാരം നടത്താനുമായി തങ്ങളവിടെയെത്തുമെന്ന് ഭീഷണി മുഴക്കി. നബിയുടെ സമർത്ഥമായ നീക്കത്തിലൂടെ ഇബ്നു ഉബയ്യിന്റെ മനസ്സിലുയണർന്ന മോഹം നീർപോളപോലെ പൊട്ടി.

കുറയ്ഷ് നിരാശരായില്ല, അവർ യസ്‌രിബിലെ യഹൂദ ഗോത്രങ്ങളെ സമീപിച്ചു. ലക്ഷ്യം വേറെ വേറെയായിരുന്നെങ്കിലും മാർഗം ഇരുകൂട്ടരുടെതും ഒന്നായിരുന്നു. മുസ്‌ലിംകളുമായി പരസ്പര സഹകരണത്തിന്റെ കരാറിൽ ഒപ്പിട്ടുവെങ്കിലും ചില യഹൂദ ഗോത്രങ്ങൾ കുറയ്ഷുമായി അന്തർധാര സ്ഥാപിച്ചു.

മദീനയെ സാമ്പത്തികമായി ഉപരോധിക്കുന്നതടക്കം മുസ്‌ലിംകളെ ദുർബ്ബലരാക്കുന്ന നീക്കങ്ങൾ ശക്തമായി. ഇനി മക്കക്കാർ നടത്തുന്ന വാണിജ്യ യാത്രകളോരോന്നും യസ്‌രിബിലേക്ക് പലായനം ചെയ്ത് തങ്ങളെ കബളിപ്പിച്ചുവെന്ന് മേനിപറയുന്ന മുഹമ്മദിനും അനുയായികള്‍ക്കുമെതിരെ യുദ്ധസന്നാഹങ്ങള്‍ സ്വരുക്കൂട്ടുന്നതിനുള്ളതായിരിക്കുമെന്ന് കുറയ്ഷ് പ്രഖ്യാപിച്ചു; കച്ചവടത്തിലെ ലാഭവിഹിതം പൂർണമായോ ഭാഗികമായോ അതിനുവേണ്ടിയുള്ള നീക്കിവെപ്പാണ്.

ഒന്നിലധികം തവണ മക്കയിൽനിന്നുള്ള അക്രമിസംഘങ്ങൾ മദീനയുടെ പ്രാന്തത്തിൽവരെ ചെന്ന് മിന്നലാക്രമണങ്ങൾ നടത്തി തിരിച്ചുപോന്നു. ഈ പ്രവണത നിയന്ത്രിച്ചില്ലെങ്കിൽ, ഒരു സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾക്ക്, യസ്‌രിബിലാണെങ്കിൽപോലും, നിലനില്പില്ലെന്ന് നബി മനസ്സിലാക്കി. ശത്രുവിന്റെ ധന-ശസ്ത്ര ബലം ശകലീകരിക്കണം, ആക്രമിക്കപ്പെടുന്നതിനു മുമ്പ് ഒരു കേറിയാക്രമണം, അതേ വഴിയുള്ളൂ. സമാനതകളില്ലാത്ത ക്ലേശദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങിയ ആലംബഹീനർക്ക് ആലംബമായി സർവ്വാധികാരശക്തിയുള്ള അല്ലാഹുവുണ്ട്. ക്ലേശങ്ങളും കെടുതികളും മാത്രം ഏറ്റുവാങ്ങി പതിതരായിക്കഴിയേണ്ട ശക്തിവിഹീനരല്ല ഇനി വിശ്വാസികൾ. മർദ്ദിതരാണവർ, അതുകൊണ്ടുതന്നെ, അടിച്ചേല്പിക്കപ്പെടുന്ന യുദ്ധങ്ങളിൽ തിരിച്ചും യുദ്ധം ചെയ്യാൻ ആകാശത്തിരിക്കുന്നവൻ അനുമതിയരുളിയിരിക്കുന്നു.

മദീനയിലെത്തി വർഷമൊന്ന് കഴിഞ്ഞിരുന്നു. അന്നേരമാണ് കുർആൻ സൂക്തമിറങ്ങുന്നത്, “യുദ്ധത്തിനിരയാകുന്നവര്‍ക്ക്, മര്‍ദ്ദിതരായതുകൊണ്ടുതന്നെ, തിരിച്ചും യുദ്ധം ചെയ്യാന്‍ അനുമതിയായിരിക്കുന്നു. അവരെ സഹായിക്കാൻ ശക്തിയുള്ളവനാണ് അല്ലാഹു.” അടുത്ത വചനത്തിൽ കുർആൻ അതിങ്ങനെ വിശദമാക്കി, “അന്യായമായി സ്വഗൃഹങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണവർ. ‘തങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്നു പറഞ്ഞതല്ലാതെ ഒരു കാരണവുമില്ല.” അനുമതി എന്നതിനേക്കാള്‍ ആജ്ഞയുടെ സ്വരമാണ് കുര്‍ആനിന്റേതെന്ന് പ്രവാചകന് മനസ്സിലാകും. ഒരു മിന്നലാക്രമണത്തില്‍ കുറഞ്ഞ ഒന്നും പര്യാപ്തമാവുകയുമില്ല.

കുറയ്ഷ് ഭയാക്രാന്തതയുടെ പാരമ്യത്തിലെത്തുക കച്ചവടാവശ്യാർത്ഥം നടത്തുന്ന യാത്രാ വേളകളിലാണ്. അന്നേരം അവരെ തടഞ്ഞുനിര്‍ത്തി ദുര്‍ബലരാക്കുന്നത് ഭാവിയില്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ ഗുണംചെയ്യും. വസന്തത്തിലും ഗ്രീഷ്മത്തിന്റെ പ്രാരംഭത്തിലുമായിരിക്കും സിറിയയിലേക്കുള്ള കുറയ്ഷികളുടെ സാര്‍ത്ഥവാഹകസംഘങ്ങള്‍ സജീവമായിരിക്കുക. മദീനയെ ചാരിയുള്ള പുരാതനമായ പാതയിലൂടെയാണ് അവയുടെ കടന്നുപോക്ക്. ഹേമന്തത്തിലും ശൈത്യത്തിലും മക്കക്കാരായ വണിക്കുകളുടെ ലക്ഷ്യം തെക്കുദിക്കിലുള്ള യമനോ അബിസീനിയയോ ആയിരിക്കും.

കച്ചവട സംഘങ്ങളുടെ പോക്കുവരവിനെക്കുറിച്ച് മദീനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ കിറുകൃത്യമായിരിക്കണമെന്നൊന്നുമില്ല. അവസാന നിമിഷത്തെ മാറ്റത്തിരിവുകള്‍ ഉണ്ടാകാത്ത വ്യാപാരയാത്രകള്‍ വിരളമായിരിക്കും. മദീനയില്‍നിന്നുള്ള മിന്നലാക്രമണങ്ങളെ ഒളിച്ചുകടക്കാന്‍ ഇതിനു മുമ്പ് ഒന്നുരണ്ടു തവണ കുറയ്ഷീ വ്യാപാരസംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ കുറയ്ഷികളുടെ സഞ്ചാരപഥങ്ങളുടെ അപ്പപ്പോഴുള്ള വിവരങ്ങള്‍ മദീനയിലെത്തിക്കാന്‍ ചെങ്കടല്‍ തീരത്തുടനീളമുള്ള ബദവീ ഗോത്രങ്ങളുമായി മുസ്‌ലിംകള്‍ നടത്തിയ നീക്കുപോക്കുകള്‍ വലിയ തോതിൽ സഹായകമായി.

പ്രവാചകന് മദീനവിട്ട് പുറത്തുപോകേണ്ടിവന്ന വേളകളിലെല്ലാം തന്റെ അനുചരരിലാരെയെങ്കിലും മുസ്‌ലിംകളുടെ ഉത്തരവാദിത്വങ്ങളേല്‍പ്പിക്കുകയാണ് പതിവ്. ഇത്തവണ അതിനുള്ള അവസരം ലഭിച്ചിരിക്കുന്നത് മദീനക്കാരനും ഖസ്‌റജികളുടെ നേതാവുമായ സഅദിനാണ്, ഉബാദയുടെ പുത്രൻ സഅദിന്. ഹിജ്‌റ കഴിഞ്ഞ് പതിനൊന്നു മാസങ്ങള്‍ കടന്നുപോയിരുന്നു. അതുവരെ ഏതെങ്കിലും ദൗത്യനിര്‍വഹണ സംഘത്തില്‍ പ്രവാചകന്‍ നേരിട്ട് ഭാഗഭാക്കായിരുന്നില്ല. അന്നൊക്കെ തുണികൊണ്ടുള്ള ധവളധ്വജം തയ്യാര്‍ ചെയ്ത് നേതാവിന്റെ കയ്യിലേല്‍പ്പിച്ചു. ആദ്യവര്‍ഷം മുഹാജിറുകളായ സഹചരരെ മാത്രമേ നബി ഇത്തരം ദൗത്യനിര്‍വഹണ സംഘങ്ങളിലെ അംഗങ്ങളാക്കിയിരുന്നുള്ളു. എന്നാല്‍, ക്രിസ്തു വര്‍ഷം അറുനൂറ്റി ഇരുപത്തിമൂന്ന് സെപ്തംബറില്‍, ജുമഹ് ഗോത്രത്തലവന്‍ ഉമയ്യയുടെ നേതൃത്വത്തിലുള്ള മക്കയിലെ ധനികരെമാത്രം ഉള്‍ക്കൊള്ളുന്ന വ്യാപാരസംഘം നൂറ് സായുധരുടെ അകമ്പടിയോടെ സിറിയയില്‍ നിന്ന് തിരിച്ചുപോരുന്ന വിവരം മദീനയില്‍ ലഭിച്ചത് ഓര്‍ക്കാപ്പുറത്തായിരുന്നില്ല.

ഇസ്‌ലാമിന്റെ എക്കാലത്തെയും നെറികെട്ട വിമര്‍ശകനാണ് ഉമയ്യ. രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളുള്‍ക്കൊള്ളുന്ന ഭീമന്‍ സംഘത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മുഹാജിറുകള്‍ക്ക് ഒറ്റക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് പ്രവാചകന്‍തന്നെ ഇരുനൂറാളുകളെയുമായി ദൗത്യസംഘം നയിച്ചത്. അവരില്‍ പകുതിയിലധികം പേരും അന്‍സാറുകളാണ്. ഇത്തവണ ലഭിച്ച വിവരങ്ങള്‍ അപര്യാപ്തമായിരുന്നു. അതുകൊണ്ടുതന്നെ കുറയ്ഷീ സംഘം സഞ്ചാരപഥം തിരിച്ചുവിട്ടത് അറിയാതെ പോയി, സംഘവുമായുള്ള മുസ്‌ലിംകളുടെ ‘കൂടിക്കാഴ്ച’ നടന്നതുമില്ല. രണ്ടുമൂന്ന് മാസങ്ങള്‍ക്കു ശേഷം മക്കയില്‍നിന്നുള്ള മറ്റൊരു ധനിക വണിക് സംഘവും മുസ്‌ലിംകളുടെ നോട്ടത്തില്‍ നിന്ന് വഴുതിയൊഴിഞ്ഞു. ശംസികളുടെ നേതാവായ അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള സര്‍വ്വായുധകവചിതമായ സാര്‍ത്ഥവാഹകസംഘം സിറിയയിലേക്കു പോകുന്ന വിവരം മദീനയിലെത്തിയപ്പോള്‍ ഏറെ വൈകിയിരുന്നു. കച്ചവടത്തില്‍നിന്നുള്ള ലാഭവിഹിതം മുഴുവന്‍ മുസ്‌ലിംകളെ വകവരുത്താനാണത്രെ കുബേരസംഘം ഉപയോഗിക്കുക. വിവരംലഭിച്ചയുടന്‍ പ്രവാചകനും സംഘവും മദീനയുടെ തെക്കുപടിഞ്ഞാറ് ചെങ്കടലിലേക്ക് തുറക്കുന്ന യന്‍ബൂ താഴ്‌വാരത്തുള്ള ഉഷറയിലെത്തിയപ്പോഴേക്കും സംഘം കടന്നുപോയിക്കഴിഞ്ഞിരുന്നു. പക്ഷേ, അധികം വൈകാതെ അബുസുഫ്‌യാനും കൂട്ടരും മടങ്ങിവരാതിരിക്കില്ല. മുസ്‌ലിംകൾ കാത്തിരുന്നു, അന്ന്, അല്ലാഹു ഇഛിക്കുന്നുവെങ്കില്‍ നമുക്കയാളെ തടുക്കാം-മുസ്‌ലിംകൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നുവരെ നേര്‍ക്കുനേരെ ഒരേറ്റുമുട്ടല്‍ നടന്നിട്ടില്ലെങ്കില്‍പോലും യസ്‌രിബിൽ ശക്തിപ്രാപിച്ചുവരുന്ന ശത്രുവിനെക്കുറിച്ച് കുറയ്ഷ് ജാഗരൂകരായിരുന്നു. എന്നാല്‍, യസ്‌രിബിലെ ശത്രു വളര്‍ന്നാലും ഇല്ലെങ്കിലും ദക്ഷിണ ദേശവുമായുള്ള തങ്ങളുടെ വ്യാപാരബന്ധത്തിന്ന് തരിമ്പും പോറലേല്‍ക്കുകയില്ലെന്ന ആശ്വാസത്തിലാണവര്‍. പക്ഷേ, എന്തു ചെയ്യാന്‍! ആ ആശ്വാസം നൈമിഷികമായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ അധികം സമയമെടുത്തില്ല.

യമനില്‍നിന്നുള്ള കുറയ്ഷീ വണിക്കുകളുടെ സംഘത്തിന്റെ തിരിച്ചുവരവിന്റെ വിവരം പ്രവാചകന് ലഭിച്ചയുടന്‍ അദ്ദേഹം തന്റെ പിതൃവ്യപുത്രന്‍ അബുല്ലാഹ് ബിന്‍ ജഹ്ശിന്റെ നേതൃത്വത്തിലുള്ള മുഹാജിറുകളുടെ സംഘത്തെ താഇഫിനും മക്കക്കുമിടയിലുള്ള നഖ്‌ല താഴ്‌വരയിലേക്കയച്ചു. സംഘം വന്നുചേരുന്നതുവരെ അബ്ദുല്ലയും കൂട്ടരും അവിടെ കാത്തുനില്‍ക്കണം. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്നായ റജബ് മാസമായിരുന്നു അത്. സംഘത്തെ ആക്രമിക്കണമെന്ന ഒരു നിര്‍ദേശവും പ്രവാചകന്‍ അബ്ദുല്ലക്കു നല്‍കിയിട്ടില്ല. ചെയ്യേണ്ടത് ഇത്രമാത്രം, സംഘത്തിന്റെ നീക്കങ്ങളും ചലനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് മദീനയിലെത്തിച്ചുകൊടുക്കുക,

സംശയമെന്ത്? ദക്ഷിണ ദിക്കിലേക്കുള്ള കുറയ്ഷീ വണിക്സംഘങ്ങള്‍ എത്രമാത്രം സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണെന്ന് മനസ്സിലാക്കി ഭാവി നിലപാടുകള്‍ ആസൂത്രണം ചെയ്യുകതന്നെയാണ് ലക്ഷ്യം. സംഘം ലക്ഷ്യസ്ഥാനത്തെത്തി, ചുറ്റുവട്ടവും നന്നായി കാണാവുന്ന സ്ഥലത്ത് നിലയുറപ്പിച്ചു. ഒരു ചെറിയ കൂട്ടം കുറയ്ഷീ വണിക്കുകള്‍ അവരെ കടന്നുപോയി അടുത്തു തന്നെയുള്ള ഒരിടത്ത് തമ്പടിച്ചു. മുസ്‌ലിങ്ങളുടെ സാന്നിധ്യം അവര്‍ അറിഞ്ഞതേയില്ല. ഉണക്ക മുന്തിരിയും തുകല്‍ നിര്‍മിത വസ്തുക്കളുമായിരുന്നു അവരുടെ ചരക്കുകളില്‍ പ്രധാനം, പിന്നെ മദ്യവും. അബ്ദുല്ലയും കൂട്ടരും എന്തു ചെയ്യേണ്ടൂ എന്നറിയാതെ കുഴങ്ങി. പ്രവാചകന്റെ ഒരേയൊരു നിര്‍ദേശം വാര്‍ത്ത എത്തിച്ചു കൊടുക്കുകയെന്ന് മാത്രമാണ്. അതേസമയം, ഒരേറ്റുമുട്ടലിനെ അദ്ദേഹം തടയുകയോ വിശുദ്ധ മാസത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇസ്‌ലാം അവതരിക്കുന്നതിനു മുമ്പുള്ള നിയമം ഇപ്പോഴും പാലിക്കപ്പെടേണ്ടതുണ്ടോ? അവര്‍ തങ്ങളിൽതങ്ങളിൽ ചോദിച്ചു. ഇയ്യിടെ അവതരിച്ച കുര്‍ആന്‍ സൂക്തങ്ങള്‍ ഓര്‍ത്തെടുത്തു, ”യുദ്ധത്തിനിരയായവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതുകൊണ്ടുതന്നെ, തിരിച്ചും യുദ്ധം ചെയ്യാന്‍ അനുമതിയായിരിക്കുന്നു… അന്യായമായി സ്വഗേഹങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണവർ.”

തങ്ങൾ കുറയ്ഷികളുമായി യുദ്ധത്തിലാണ്. വര്‍ഷങ്ങളായി ഇതുതന്നെയല്ലേ അവസ്ഥ? ചുരുങ്ങിയത് കച്ചവടക്കാരില്‍ രണ്ടുപേരെങ്കിലും മഖ്‌സൂമികളാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മക്കയിലെ ഗോത്രങ്ങളില്‍ പ്രവാചകനോടുള്ള ശത്രുതയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഗോത്രമാണ് മഖ്‌സൂം. റജബ് മാസത്തിലെ അവസാനത്തെ പ്രഭാതമായിരുന്നു അത്. അടുത്ത സൂര്യാസ്തമയം ശഅ്ബാന്റെ പിറവി വിളിച്ചറിയിക്കും. ശഅബാന്‍ പവിത്ര മാസവുമല്ലല്ലോ. പക്ഷേ, ദിനാങ്കപ്പട്ടിക കുറയ്ഷീ വണിക്കുകളെ വെട്ടില്‍ വീഴ്ത്തിയേക്കാമെങ്കിലും ഭൂരേഖ അവരെ സഹായിക്കും. സൂര്യാസ്തമയത്തിനു മുമ്പുതന്നെ അവര്‍ മക്കയുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചിരിക്കും. പവിത്ര മാസത്തിലെ യുദ്ധം പോലെതന്നെ പവിത്ര ഭൂമിയിലെ യുദ്ധവും അറബികൾക്ക് ആലോചിക്കാനാവില്ല.

സംഭവങ്ങളുടെ ആക്കത്തൂക്കങ്ങൾ നോക്കി മടിച്ചുമടിച്ചെങ്കിലും സംഘം ആ തീരുമാനത്തിലെത്തി; ആക്രമിക്കുകതന്നെ. കിന്ദ ഗോത്രജനായ ഒരാളുടെ ജീവനെയാണ് അവരുടെ ഒന്നാമത്തെ അസ്ത്രം കവര്‍ന്നെടുത്തത്. അബ്ദുശംസിന്റെ ശക്തരായ സഖ്യകക്ഷിയാണ് കിന്ദ. അതോടെ, മഖ്‌സൂമിയായിരുന്ന ഉസ്മാനും ഹകം എന്ന വിമുക്ത അടിമയും മുസ്‌ലിംകൾക്ക് കീഴടങ്ങി. ഉസ്മാന്റെ സഹോദരന്‍ നൗഫല്‍ അപ്പോഴേക്കും മക്കയിലേക്ക് രക്ഷപ്പെട്ടിരുന്നു. അബ്ദുല്ലയും കൂട്ടുകാരും ബന്ദികളോടൊപ്പം കച്ചവടച്ചരക്കുകളുമായി മദീനയിലെത്തി. ശത്രുക്കളില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ അഞ്ചിലൊന്ന് പ്രവാചകന് നല്‍കി. എന്നാൽ, അബ്ദുല്ല കൊടുത്ത വിഹിതം സ്വീകരിക്കാന്‍ പ്രവാചകന്‍ കൂട്ടാക്കിയില്ല,

“വിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ താങ്കളോടാവശ്യപ്പെട്ടിരുന്നില്ലല്ലോ” അദ്ദേഹം പറഞ്ഞു. സംഘാംങ്ങള്‍ വിഷമവൃത്തത്തിലായി. റജബിന്റെ പവിത്രതയെ ഉല്ലംഘിച്ചതിന്റെ പേരില്‍ മദീനയിലെ സുഹൃത്തുക്കള്‍ അവരെ ശാസിച്ചു. ലോകം മുഴുക്കെ ഇരുളടയുന്നതായും തങ്ങള്‍ അതിലൂടെ തപ്പിത്തടഞ്ഞു നടക്കുന്നതായും അവര്‍ക്ക് തോന്നി. നിൽക്കുന്നിടം പിളര്‍ന്ന് ഭൂമി തങ്ങളെയങ്ങ് വിഴുങ്ങിയിരുന്നെങ്കില്‍ ഈ മാനക്കേടില്‍നിന്നു രക്ഷനേടാമായിരുന്നു. റജബ് മാസത്തിന്റെ അന്ത്യനാഴികകളിലൊന്നില്‍ കുറയ്ഷീ വര്‍ത്തകസംഘത്തെ ആക്രമിക്കാന്‍
തീരുമാനിച്ച നിമിഷത്തെ അവര്‍ അറിയാതെ പഴിച്ചു.

കിട്ടുന്ന ഏതവസരവും നബിയെ അടിക്കാനുള്ള വടിയായി ഉപയോഗപ്പെടുത്താറുള്ള യസ്‌രിബിലെ യഹൂദർ അവസരം പാഴാക്കിയില്ല, “ഇത് മുഹമ്മദിനൊരു ദുശ്ശകുനംതന്നെ.” അവർ പറഞ്ഞു. അറബികള്‍ ചിരകാലം കാത്തുസൂക്ഷിച്ച പാവനതകളെ മുഹമ്മദ് എത്ര ലഘുത്വത്തോടെയാണ് കീറിയെറിയുന്നതെന്ന് കുറയ്ഷ് തലങ്ങും വിലങ്ങും പ്രചരിപ്പിച്ചു. അഖിലദിക്കുകളും ലക്ഷ്യമാക്കി അവരുടെ ദൂതന്മാര്‍ പാഞ്ഞു. എന്നാൽ, ആകാശത്തിലിരിക്കുന്നവന്റെ പ്രഖ്യാപനം മറ്റൊന്നായിരുന്നു. വിഷമത്തിലായ മുസ്‌ലിംകളെ സമാശ്വസിപ്പിച്ചു കൊണ്ട് കുർആൻ സൂക്തമിറങ്ങി, ”പവിത്ര മാസത്തിനെ- അതില്‍ യുദ്ധം ചെയ്യുന്നതിനെ-കുറിച്ച് താങ്കളെയവർ ചോദ്യംചെയ്യുന്നുവല്ലോ. പറഞ്ഞേക്കൂ, അതില്‍ യുദ്ധം ചെയ്യുന്നത് അപരാധംതന്നെ. എന്നാല്‍, അല്ലാഹുവിന്റെ പാതയില്‍നിന്ന് ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുകയും പവിത്രഗേഹത്തില്‍ അവരെ പ്രവേശിക്കാനനുവദിക്കാതിരിക്കുകയും ദേശക്കാരെ അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നത് അല്ലാഹുവിങ്കല്‍ കൂടുതല്‍ വലിയഅപരാധമത്രെ. കുഴപ്പമുണ്ടാക്കുന്നതാണ് കൊലപാതകത്തേക്കാള്‍ വലിയ അപരാധം…”

പരമ്പരാഗതമായി നിലനിന്ന പവിത്ര മാസത്തിന്റെ വിശുദ്ധിയെക്കുറിച്ച് വിശദമായിത്തന്നെ പ്രവാചകന്‍ മുസ്‌ലിംകൾക്ക് വിവരിച്ചു കൊടുത്തു. എന്നാല്‍, ഈ പ്രത്യേക സാഹചര്യത്തില്‍ അബ്ദുല്ലയും കൂട്ടരും ചെയ്തത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ നീട്ടിയ അഞ്ചിലൊന്ന് നബി സ്വീകരിച്ചു. കുറ്റബോധത്തിന്റെ ഭാരവും വേദനയും നീങ്ങിയൊഴിഞ്ഞു. മഖ്‌സൂമികള്‍ പ്രവാചകന് മോചനദ്രവ്യം നല്‍കി ബന്ദികളെ തിരിച്ചുകൊണ്ടുപോയി. എന്നാല്‍, വിമുക്ത അടിമയായിരുന്ന ഹകം ഇസ്‌ലാമിന്റെ പാതയാണ് തെരഞ്ഞെടുത്തത്. അയാൾ മദീനയില്‍നിന്ന് തിരിച്ചുപോകുന്നില്ലത്രെ. ഉസ്മാന്‍ ഒറ്റക്ക് മക്കയിലേക്ക് തിരിച്ചു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.