ക്രിസ്‌മസ്‌: തിരുവെഴുത്തുകൾ പറയാത്ത തിരുപ്പിറവിയാഘോഷം

//ക്രിസ്‌മസ്‌: തിരുവെഴുത്തുകൾ പറയാത്ത തിരുപ്പിറവിയാഘോഷം
//ക്രിസ്‌മസ്‌: തിരുവെഴുത്തുകൾ പറയാത്ത തിരുപ്പിറവിയാഘോഷം
ആനുകാലികം

ക്രിസ്‌മസ്‌: തിരുവെഴുത്തുകൾ പറയാത്ത തിരുപ്പിറവിയാഘോഷം

തിരക്ക് പിടിച്ച ജീവിത വ്യവഹാരങ്ങൾക്കിടയിൽ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പുതുനാമ്പുകൾ തേടുക എന്നത് മനുഷ്യസഹജമാണ്. മനുഷ്യമനസ്സിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ ഇഷ്ടപ്പെടാത്തതായി ആരും തന്നെയില്ല. അത്തരം ആഘോഷങ്ങൾ മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ ചെറുതല്ല. എല്ലാ മതങ്ങളിലും ആ മതത്തിന്റെ അരികു ചേർന്നുകൊണ്ട് ആഘോഷങ്ങൾ കടന്നുവരുന്നുണ്ട്. ലോകത്ത് ഇന്ന് നിലനിൽക്കുന്ന സെമിറ്റിക് മതങ്ങളിലെല്ലാം ഇത്തരം ആഘോഷങ്ങളുണ്ട് താനും. മനുഷ്യരാശിയുടെ ധാർമികമായ സംസ്കരണത്തിന് ദൈവം പ്രവാചകന്മാരെ നിയോഗിച്ചപ്പോൾ ആരാധനയുടെ ഭാഗമായി അതത് സമൂഹങ്ങൾക്ക് ആരാധനയിൽ അധിഷ്ഠിതമായ ആഘോഷങ്ങളും അനുവദിച്ചതായി വേദഗ്രന്ഥങ്ങൾ പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ സാധിക്കും. ഇസ്‌ലാമിലെ ഈദുൽ ഫിത്വറും ഈദുൽ അദ്ഹയും യഹൂദരുടെ പെസഹയും പെന്തക്കോസ്ത് പെരുന്നാളും പ്രകാശ തിരുനാളും ക്രിസ്തുമതത്തിലെ ക്രിസ്‌മസും ഈസ്റ്ററും അത്തരം ആഘോഷങ്ങളിൽ പെടുന്നു. എന്നാൽ ഈ ആഘോഷങ്ങൾ മതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായി കടന്നു വരുമ്പോൾ അതിൽ ആനന്ദത്തേക്കാൾ ആരാധനക്കാണ് പ്രാധാന്യം. ഒട്ടുമിക്ക മതങ്ങളും ഇതുമായി യോജികുന്നതായി നമുക്ക് കാണാം.

മത സന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ് എന്ന് പറയുന്നത് ആ മത ദർശനങ്ങളുടെ വേദഗ്രന്ഥങ്ങളാണ്. ആ വേദ വചനങ്ങളെ ജനങ്ങൾക്ക് പകർന്നു കൊടുക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ആഘോഷങ്ങളും ആചാരങ്ങളും ദിവ്യ പ്രോക്തമാകണമെങ്കിൽ അതേപ്പറ്റി പ്രവാചകന്മാരോ വേദങ്ങളോ പ്രതിപാദിച്ചിരിക്കണം. അല്ലാത്തപക്ഷം വേദ വാക്യങ്ങൾക്കും പ്രവാചകാധ്യാപനങ്ങൾക്കും പുറമേ മതത്തിൽ കടത്തിക്കൂട്ടിയ പുത്തനാചാരമായി അതിനെ കണക്കാക്കേണ്ടിവരും.

ഈ വരുന്ന ഡിസംബർ 25 ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. അന്നാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഏറെ സന്തോഷത്തോടെ യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ് കൊണ്ടാടുന്നത്. ക്രിസ്തുവിൻറെ ജനനത്തെ അനുസ്മരിക്കുക എന്നർത്ഥം വരുന്ന “ക്രിസ്റ്റസ് (Cristes), മെസ്സാ (Maesse)“ എന്നീ രണ്ട് പദങ്ങൾ ചേർന്നതാണ് ക്രിസ്‌മസ് ( Mass of Christ). ദീപാലംകൃതമായ ക്രിസ്‌മസ് ട്രീകളും നിറപ്പകിട്ടാർന്ന നക്ഷത്ര വിളക്കുകളും ഉണ്ണിയേശുവിന്റെ ആഗമന സ്മൃതിയുണർത്തുന്ന പുൽക്കൂടുകളും സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും അടയാളമായ ക്രിസ്‌മസ് കാർഡുകളും സമ്മാനപ്പൊതികളുമായി ഗൃഹസന്ദർശനം നടത്തുന്ന സാന്താക്ലോസ്സ് അപ്പൂപ്പനും ദൈവ സ്തുതിയിൽ കോർത്തിണക്കിയ കരോൾ ഗാനങ്ങളുമെക്കെയായി ക്രൈസ്തവ വിശ്വാസികൾ ഒരുങ്ങുന്ന ദിവസമാണ് തിരുപ്പിറവി ആഘോഷം. ആദിപാപം മൂലം പറുദീസ നഷ്ടപ്പെട്ട മനുഷ്യനെ കരുണാമയനായ ദൈവം കൈവിട്ടു കളയുന്നില്ല. അവനെ രക്ഷിക്കാൻ അവിടുന്ന് തന്റെ തിരുക്കുമാരനെ ഭൂമിയിലേക്ക് അയക്കാൻ തീരുമാനിക്കുന്നു. ആ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി ഇസ്രായേൽ ജനത്തെ അവിടുന്ന് തിരഞ്ഞെടുത്തു. അവരെ നയിക്കാനും പ്രബോധിപ്പിക്കാനും പ്രവാചകരെ അവിടുന്ന് അയച്ചു. ഒടുവിൽ സമയത്തിന്റെ തികവിൽ ദൈവം മനുഷ്യനായി അവതരിച്ചു (ജീവദീപ്തി December 2018 Book 12 vol 08). ഈ പുണ്യ സ്മരണകളുമായിട്ടാണ് ക്രൈസ്തവ സഹോദരങ്ങൾ ക്രിസ്‌മസ് ആഘോഷിക്കുന്നത്. ഈ ആഘോഷത്തിന് ബൈബിൾ സാക്ഷ്യം വഹിക്കുകയോ യേശുവോ തൻ്റെ അനുചരന്മാരോ ആഘോഷിക്കുകയോ ആചരിക്കുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എല്ലാം യേശുവിന്റെ പേരിൽ അരങ്ങേറുമ്പോൾ ജന്മദിനം ആഘോഷിക്കപ്പെടുന്ന യേശുവും അദ്ദേഹം കൊണ്ടുവന്ന സുവിശേഷങ്ങളും ഒഴികെ മറ്റെല്ലാം ഉൾക്കൊള്ളുന്ന ഒരു ആചാരമായിട്ടാണ് ക്രിസ്‌മസിനെ മനസ്സിലാക്കാൻ കഴിയുന്നത്.

തിരുപ്പിറവിയും ഡിസംബറും

ക്രൈസ്തവർക്കെന്നപോലെ മുസ്‌ലിംകൾക്കും പ്രധാനപ്പെട്ട വ്യക്തിത്വമാണ് യേശു (ഈസ നബി). അതുകൊണ്ടുതന്നെ ആ രണ്ട് മതങ്ങളുടെയും വേദഗ്രന്ഥങ്ങളായ ബൈബിളും ഖുർആനും യേശുവിന്റെ ജനനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇരു ഗ്രന്ഥങ്ങളിലും യേശു ജനിച്ച ദിവസമോ മാസമോ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് വസ്തുത. യേശു ജനിച്ച ദിവസമോ മാസമോ വർഷമോ ഒരാൾക്കും അറിയില്ല. ആ ദിവസത്തെ സംബന്ധിച്ച് ഇന്നും ദുരൂഹതകൾ ബാക്കി നിൽക്കുന്നു. എന്നിരുന്നാലും ലോകം മുഴുവൻ ഡിസംബർ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി കൊണ്ടാടുന്നു, എന്നാൽ സുവിശേഷങ്ങളിൽ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരണങ്ങളുമായി ഇത് ഒത്തു പോകുന്നില്ല എന്നതാണ് വാസ്തവം. വിശുദ്ധ ശിശുവിന്റെ ജനനത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നതെന്താണെന്ന് പരിശോധിക്കാം.

ലൂക്കോസ് (2: 1-20) പറയുന്നത് ഇങ്ങിനെ:

“ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബെത്ലഹേം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്നു ആ പ്രദേശത്തു ‘ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു’. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബെത്ലഹേമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി”.

പാലസ്തീനിൽ ഉള്ള ഇടയന്മാർ ഒക്ടോബർ മാസത്തിനുശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ മഴയും അതിശൈത്യമുള്ള കാലാവസ്ഥയും ആയതിനാൽ തങ്ങളുടെ ആടുകളെ വെളിയിൽ സൂക്ഷിക്കാറില്ല. അങ്ങനെയിരിക്കെ ആട്ടിടയൻമാർക്ക് തുറസ്സായ വയൽ പ്രദേശങ്ങളിൽ തങ്ങളുടെ ആടുകൾക്ക് കാവലായി രാപ്പാർക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥ ഉള്ളതും ജനങ്ങൾക്ക് രാപ്പകൽ ഭേദമന്യേ ജനസംഖ്യ കണക്കെടുപ്പിനായി യാത്ര ചെയ്യാൻ ഉതകുന്നതുമായ ഒരു കാലാവസ്ഥയിലാണ് യേശു ജനിച്ചതെന്നാണ് ലൂക്കോസിന്റെ സുവിശേഷത്തിൽ നമുക്ക് വായിക്കാൻ കഴിയുന്നത്. ഈ വിവരണത്തിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ ജനനം ഡിസംബർ 25 നാണെന്നോ കൊടുംതണുപ്പുള്ള ഡിസംബർ മാസമാണെന്നോ തെളിയിക്കാൻ കഴിയില്ല, മറിച്ച് അതൊരു ഉഷ്ണകാലാവസ്ഥയിൽ ആയിരിക്കാമെന്നാണ് അനുമാനിക്കാൻ കഴിയുന്നത്.

വേദപുസ്തകത്തിലെ ഈ ഭാഗത്തെ അപഗ്രഥിച്ച ബൈബിൾ പണ്ഡിതൻമാർക്ക് പറയാനുള്ളത് കൂടി നമുക്ക് ചേർത്ത് വായിക്കാം,

പ്രശസ്ത ഇംഗ്ലീഷ് ബൈബിൾ പണ്ഡിതനായ ഡോ: ആർതർ സാമുവൽ പീക്ക് (1865 – 1929) ലൂക്കോസിന്റെ രണ്ടാം അധ്യായത്തിലെ എട്ടാം വചനത്തെ അപഗ്രഥിച്ചു കൊണ്ട് പറയുന്നത് ഇങ്ങനെയാണ് “The season would not be December; our Christmas Day is a comparatively late tradition, found first in the West” ക്രിസ്‌മസ് കാലം (യേശുക്രിസ്തുവിന്റെ ജനനകാലം) ഡിസംബർ ആയിരിക്കില്ല. ആദ്യമായി പാശ്ചാത്യരിൽ കാണപ്പെട്ടതും കാലക്രമേണ പിറകെ വന്നതുമായ ഒരു പാരമ്പര്യമാണിത്- Arther Peake’s Commentary on the Bible Luke ch2 V8

ക്രിസ്തീയ സിദ്ധാന്തങ്ങളോട് ശാസ്ത്രീയ സമീപനം സ്വീകരിച്ചിരുന്ന ബ്രിട്ടീഷ് ബിഷപ്പ് ആയിരുന്നു ഏർണസ്റ്റ് വില്യംസ് ബാർൺസ് (1874-1953) അദ്ദേഹത്തിൻ്റെ വിഖ്യാതമായ ദി റൈസ് ഓഫ് ക്രിസ്ത്യാനിറ്റി എന്ന പുസ്തകത്തിൽ The Birthday of Jesus എന്ന തലക്കെട്ടിനു കീഴെ പറയുന്നത് ഇങ്ങനെയാണ്:
“There is, moreover, no authority for the belief that December 25 was the actual birthday of Jesus. If we can give any credence to the birth-story of Luke, with the shepherds keeping watch by night in the fields near Bethlehem, the birth of Jesus did not take place in winter, when the night temperature is so low in the hill country of Judaea that snow is not uncommon” യേശുക്രിസ്തുവിന്റെ ജനന ദിവസം ഡിസംബർ 25 തന്നെയാണെന്നുള്ള വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. ജൂതാ പോലെയുള്ള ഒരു മലമ്പ്രദേശത്ത് താപനില കുറഞ്ഞ കൊടും ശൈത്യകാല രാത്രിയിൽ മഞ്ഞ് ശക്തമായ കാലാവസ്ഥയിൽ ബെത്ലഹേമിന് സമീപമുള്ള വയലുകളിൽ ഇടയന്മാർ രാപ്പാർത്തുവെന്ന ലൂക്കോസിന്റെ ജനന കഥയ്ക്ക് അപ്രമാദിത്വം കൽപ്പിക്കുന്നുവെങ്കിൽ, യേശുവിന്റെ ജനനം ഡിസംബർ പോലുള്ള ഒരു ശീതകാലത്തല്ല സംഭവിച്ചതെന്ന് അംഗീകരിക്കേണ്ടിവരും – The Rise of Christianity, third impression 1948, p. 79

1830തുകളിൽ പുതിയ നിയമത്തിന്റെയും പഴയ നിയമത്തിന്റെയും 14 വാല്യങ്ങളിലായി ബൈബിൾ വ്യാഖ്യാനക്കുറിപ്പ് തയ്യാറാക്കിയ അമേരിക്കൻ ദൈവശാസ്ത്രജ്ഞനും പുരോഹിതനുമായ ആൽബർട്ട് ബാർൺസ് (1798 – 1870) ലൂക്കോസിന്റെ രണ്ടാം അധ്യായത്തിലെ എട്ടാം വചനത്തെ അപഗ്രഥിച്ചു കൊണ്ട് പറയുന്നത് ഇങ്ങനെയാണ്:
“It is probable from this that our Saviour was born before the 25th of December, or before what we call “Christmas.” ഇതിൽ നിന്ന് നമ്മുടെ “രക്ഷകൻ” ഡിസംബർ 25 ന് മുമ്പോ അല്ലെങ്കിൽ “ക്രിസ്‌മസ്” എന്ന് നാം വിളിക്കുന്നതിന് മുമ്പോ ജനിച്ചിരിക്കാം – Albert Barnes’ Commentary on the Bible Luke ch2 V8

ലൂക്കോസിന്റെ വിവരണം: “യഹൂദ്യയിൽ ഡിസംബറിൽ തണുപ്പും മഴയും ഉള്ളതിനാൽ, ഇടയന്മാർ രാത്രിയിൽ തങ്ങളുടെ ആട്ടിൻകൂട്ടത്തിന് അഭയം തേടാൻ സാധ്യതയുണ്ട്, ആയതിനാൽ “യേശു ജനിച്ചത് വേനൽക്കാലത്തോ ശരത്കാലത്തിന്റെ തുടക്കത്തിലോ ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നു”- Celebrations: The Complete Book of American Holidays P309

യേശുക്രിസ്തുവിന്‍റെ ജന്മദിനത്തെയും അമ്മയായ മറിയയുടെ അത്ഭുത ഗര്‍ഭത്തെയും കുറിച്ച് ഖുര്‍ആനിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടുതന്നെ യേശുവിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വേദഗ്രന്ഥം എന്ന നിലയ്ക്ക് വിശുദ്ധ ഖുർആൻ യേശുവിന്റെ ജനനവുമായി സൂറത്ത് മറിയമിൽ (19: 22-25) പരാമർശിക്കുന്നതും ഈ അവസരത്തിൽ പരിശോധിക്കാവുന്നതാണ്.

“അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ. ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവിഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌”.

ഈ വചനത്തിലൂടെ യേശുവിന്‍റെ ജനനത്തിന്‍റെ പാരിസ്ഥിതിക പാശ്ചാതലം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ഈന്തപ്പന പിടിച്ചുകുലുക്കിയാല്‍ പഴുത്ത പഴം വീഴാവുന്ന തണുത്ത വെള്ളംകുടിക്കാവുന്ന കാലാവസ്ഥയിലായിരുന്നുവെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ച് പശ്ചിമേഷ്യൻ ഭൂമിശാസ്ത്രക്കിടപ്പു പ്രകാരം ഈന്തപ്പഴം പഴുക്കുന്ന സമയം അത്യുഷ്ണ കാലമാണ്. മാത്രമല്ല അത്യുഷ്ണ കാലാവസ്ഥയിലുള്ള യഹൂദരുടെ ഏലൂല്‍ (Elul) എന്ന മാസത്തിലാണ് ഇസ്രായേലില്‍ ഈന്തപ്പഴം പഴുക്കുകയെന്ന് ഡിക്ഷണറി ഓഫ് ബൈബിള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലാണ് യഹൂദരുടെ ഏലൂല്‍ മാസം. ഈ വചനത്തിൽ സൂചിപ്പിച്ച പോലെ ഈത്തപ്പഴം പഴുക്കുന്നതും പിടിച്ചുകുലുക്കിയാൽ വീഴാൻ പാകത്തിലാകുന്നതും പ്രസവിച്ച ഉടനെ ഒരു സ്ത്രീക്ക്(മറിയ) ആവശ്യം വരുമ്പോൾ തൊട്ടടുത്ത അരുവിയിലെ വെള്ളം കുടിക്കാൻ സാധിക്കുന്നതും കൊടും തണുപ്പുള്ള ‘ഡിസംബർ മാസത്തിലല്ല’ മറിച്ച് അത്യുഷ്ണ കാലാത്താണെന്ന് വ്യക്തമാണ്.

അപ്പോൾ യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ പറ്റി സംസാരിക്കുന്ന രണ്ടു വേദഗ്രന്ഥങ്ങളിലെയും തിരുവെഴുത്തുകൾ ശൈത്യകാലത്തെയല്ല (ഡിസംബർ) മറിച്ച് ഉഷ്ണകാലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തം. വേദപുസ്തകത്തെ നെഞ്ചോട് ചേർക്കുന്ന നിഷ്പക്ഷമതികളായ കുഞ്ഞാടുകളെ സംബന്ധിച്ചിടത്തോളം “ക്രിസ്‌മസ്” മതത്തിന്റെ ഭാഗമായി കടന്നുവരുന്ന ഒരു ആഘോഷമല്ല എന്ന് വിശ്വസിക്കാൻ കൂടുതൽ തെളിവുകൾ പരതേണ്ടതില്ല. യേശു ജനിച്ച ദിവസമോ മാസമോ വര്‍ഷമോ ഒന്നും തന്നെ സുവിശേഷകരാരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

“ആധുനിക പണ്ഡിതാഭിപ്രായം ബിസി എട്ടാം നൂറ്റാണ്ടിലാണെന്നാണ്” (new catholic encyclopedia, vol. III, 1967, p 656). യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ യേശുവിന്റെ ജനനം നടന്നത് ഏകദേശം ഒക്ടോബര്‍ ഒന്നിനാണ്. ആട്ടിന്‍കൂട്ടത്തെ ആട്ടിടയന്മാര്‍ രാത്രിയില്‍ മേയ്ക്കുന്ന (ലൂക്ക് 2:8) സമയമതാണ് (what does god require of us a watch tower bible tract society, p 22).യേശുവിന്റെ ജനനത്തെപ്പറ്റി good news bible പറയുന്നത് ഇപ്രകാരമാണ്: “ക്രിസ്താബ്ധം കണക്കാക്കുന്നത് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ്. എ.ഡി യുടെ വിവക്ഷ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്. എന്നാല്‍ യേശുവിന്റെ ജനനത്തിയ്യതി കണക്കാക്കിയതില്‍ ഏതാനും വര്‍ഷങ്ങളുടെ പിശക് പറ്റിയതായി പില്‍ക്കാലത്ത് കണ്ടെത്തപ്പെട്ടു. അതിനാല്‍ യേശുവിന്റെ ജനനം ബി.സി ആറാം ആണ്ടിലായിരുന്നു എന്നാണ് കരുതപ്പെടുന്നത് (good news bible, todays English version, bible society of India, p 358).

ബൈബിള്‍ പാഠമനുസരിച്ച് യേശുവിന്റെ ജന്മദിനം കണക്കാക്കിയവര്‍ ഇപ്രകാരം വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. ഇതില്‍ ഏതു സൂചനകളും മാനദണ്ഡങ്ങളുമനുസരിച്ചാണെങ്കിലും ഡിസംബര്‍ 25 യേശുവിന്റെ ജന്മദിനമാണെന്ന് കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വിവിധ ദിവസങ്ങളിൽ ക്രിസ്‌മസ് ആഘോഷിക്കുന്നതായി കാണാം. പാശ്ചാത്യൻ സഭകൾ ഡിസംബർ 25നും പൗരസ്ത്യരിൽ ചിലർ ജനുവരി 6നും പാശ്ചാത്യരിലും പൗരസ്ത്യരിലും പെട്ട ചിലർ ഏപ്രിൽ 20നും മെയ് 20നും സെപ്റ്റംബർ 29 നും ക്രിസ്‌മസ് ആചരിക്കുന്നുണ്ട്.

ഡിസംബർ 25 ന്റെ ചരിത്രം

“ക്രിസ്‌മസ്… പല പ്രബലരുടെയും അഭിപ്രായത്തിൽ, ക്രിസ്തീയ സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ഇത് ആഘോഷിക്കപ്പെട്ടിരുന്നില്ല, കാരണം ക്രിസ്ത്യൻ രീതി പൊതുവെ ശ്രദ്ധേയരായ വ്യക്തികളുടെ ജനനത്തേക്കാൾ അവരുടെ മരണം ആഘോഷിക്കുക എന്നതായിരുന്നു”- Encyclopedia Americana 1944 edition, “Christmas”

വിശുദ്ധ വേദപുസ്തകത്തിൽ എവിടെയും യേശുവോ അദ്ദേഹത്തിൻ്റെ ശിഷ്യന്മാരോ ക്രിസ്‌മസ് ആഘോഷിച്ചിരുന്നതായി പരാമർശിക്കുന്നില്ല എന്ന് നാം മനസ്സിലാക്കി. ആദ്യകാല ക്രിസ്ത്യൻ സഭകളും അങ്ങനെ തന്നെയായിരുന്നു. ബൈബിളിൽ ഡിസംബർ 25 തിയ്യതി യേശുവിന്റെ ജനന ദിവസമായി പരാമർശിച്ചിട്ടില്ല എന്നും നാം കണ്ടു. അങ്ങനെയെങ്കിൽ ഡിസംബർ 25 എന്ന തീയതിയും ക്രിസ്‌മസ് ആഘോഷവും എവിടെ നിന്ന് വന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ നാം ചരിത്രം പരിശോധിക്കേണ്ടതുണ്ട്.

യേശുവിന്റെ ആഗമന കാലഘട്ടത്തിൽ ഇസ്രായീല്യർ റോമാസാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ആ ജനതയിലേക്ക് നിയോഗിക്കപ്പെട്ട (മത്തായി 15: 24) യേശു മോശെ പ്രവാചകന് അവതരിച്ച തോറയിലും (മത്തായി 5: 17-19) യേശുവിന് തന്നെ അവതരിച്ച ദൈവത്തിന്റെ സുവിശേഷത്തിലും (മർക്കൊസ് 1: 14-15) അധിഷ്ഠിതമായി കൊണ്ടുള്ള പ്രബോധന പ്രവർത്തനങ്ങളുമായി ഗലീലിയിലെ ജനങ്ങൾക്കിടയിൽ പ്രസംഗിച്ചു. യേശുവിന്റെ തിരോധാനത്തിനു ശേഷം ആ പ്രബോധന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് യാക്കോബിന്റെയും അജപാലകനായ പത്രോസിന്റെയും നേതൃത്വത്തിലുള്ള യരുശലേം സഭയായിരുന്നു. യരുശലേം സഭ യേശുവിന്റെ വചനങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ഇസ്രായേലിർക്കിടയിൽ സുവിശേഷ വേലയിൽ ഏർപ്പെട്ടു. യേശുവിന്റെ പ്രബോധന കാലത്ത് അദ്ദേഹം പ്രസംഗിച്ച ദൈവീക മാർഗ്ഗത്തിന്റെ ധ്വംസകനായി രംഗപ്രവേശനം ചെയ്ത ശൗൽ എന്ന പൗലോസ് (അ. പ്ര 8:1-3) യേശുവിന്റെ തിരോധാനത്തിനുശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഒരു ദർശനത്തിലൂടെ മാനസാന്തരപ്പെട്ട് (അ. പ്ര 9:1-9) വിജാതീയരുടെ അപ്പോസ്തലനായി സ്വയം ചമഞ്ഞ് (റോമർ 11: 13) തന്റേതായ ഒരു ദൈവശാസ്ത്രവുമായി (യേശുവിനും യരുശലേം സഭയ്ക്കുമറിയാത്ത പുതിയ പാപപരിഹാര സിദ്ധാന്തമായ യേശുവിന്റെ കുരിശു മരണവും ഉയിർത്തെഴുന്നേൽപ്പും) യേശുവിശ്വാസികൾക്കിടയിൽ സുവിശേഷം പ്രസംഗിക്കാൻ ആരംഭിച്ചു. ആ കാലഘട്ടത്തിൽ റോമാ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന ഒരു പ്രബലമതമായിരുന്നു മിത്രമതം. വിജാതീയരായ മിത്ര മതക്കാർ ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരും ത്രിത്വദൈവ വിശ്വാസികളും ആയിരുന്നു. മിത്രമതക്കാർ ത്രിമൂർത്തികളായ ഹോറോമാസ്ദസ്, ‘മിത്രാസ്’, അഹിർമാൻ എന്നീ ദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. അവർ ഈ ത്രിമൂർത്തികളിൽ രണ്ടാമത്തെ ഭാഗമായ ക്രൈസ്തവ ഭാഷയിൽ പറഞ്ഞാൽ രണ്ടാമത്തെ ആളത്വമായ ‘മിത്രനെ’ മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടി ക്രൂരമായി വധിക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ രക്ഷകനും ദൈവവുമായി കണ്ടിരുന്നു, ക്രൈസ്തവർ യേശുക്രിസ്തുവിനെ കാണുന്നതുപോലെ. സൂര്യദേവന്റെ ഒരു അവതാരമായിട്ടാണ് മിത്രദേവനെ ഈ മതസ്ഥർ കണ്ടിരുന്നത്. മിത്രമതത്തിന്റെ ഉത്ഭവ കേന്ദ്രം കിലിക്ക്യായിലെ താർസോസ് ആണെന്ന് മിത്രമത പണ്ഡിതനായ ഡേവിഡ് ഉലാൻസെ 1989 ലെ The Origins of the Mithraic Mysteries Cosmology & Salvation in the Ancient World എന്ന ഗ്രന്ഥത്തിൽ പറയുന്നു. ക്രിസ്തുമതത്തിന്റെ പുതിയ ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ പൗലോസിന്റെ സ്വന്തം നഗരം കൂടിയാണത് (അ. പ്ര 22:3) എന്നത് യാദൃശ്ചികമാകാൻ വഴിയില്ല എന്നുകൂടി അദ്ദേഹം ഈ പുസ്തകത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. അപ്പോൾ പാപപരിഹാര സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതിൽ ‘മിത്രമതത്തിന്റെ’ സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.

ഈ പൗലോസണ് ആദ്യമായി ക്രൈസ്തവ സഭ സ്ഥാപിക്കുന്നത്. അദ്ദേഹത്തിൻ്റെ ദൈവശാസ്ത്രത്തെ മതമായി സ്വീകരിച്ച വിജാതീയർ ആയിരുന്നു ആ സഭയിലെ അംഗങ്ങൾ അഥവാ വിശ്വാസികൾ. അദ്ദേഹം റോമൻ പ്രവിശ്യകളുടെ പല പ്രദേശങ്ങളും ചുറ്റി സഞ്ചരിച്ച് സഭകൾ സ്ഥാപിച്ചു പോന്നു. പൗലോസിനു ശേഷം സഭാ നേതൃത്വം ഏറ്റെടുത്തവരെ പൊതുവേ സഭാ പിതാക്കന്മാർ (Church Fathers) എന്നു പറഞ്ഞു വരുന്നു. നാലാം നൂറ്റാണ്ടു വരെ ജീവിച്ചിരുന്ന സഭാ പിതാക്കന്മാർ യേശുവിനെ സൃഷ്ടിയായും ദൈവത്തെ സ്രഷ്ടാവായും വിശ്വസിച്ചവർ ആയിരുന്നു. എന്നാൽ ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചില സഭാധ്യക്ഷന്മാർ യേശുവിന് ദിവ്യത്വം നൽകിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി. അതിന് മുഖ്യമായും നേതൃത്വം കൊടുത്തത് അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന ‘അത്തനാഷ്യസ്’ ആയിരുന്നു. അദ്ദേഹത്തെ പുറംജാതി ദൈവ സങ്കൽപ്പമായ ‘മിത്രമത’ സങ്കല്പം വളരെയേറെ സ്വാധീനിച്ചിരുന്നു. എന്നാൽ അത്തനാഷ്യസിന്റെ ഈ ദൈവസങ്കല്പത്തെ അതിശക്തിയായി എതിർത്തുകൊണ്ട് അലക്സാണ്ടറിയ സഭയിലെ മൂപ്പനായിരുന്ന ‘അരിയൂസ്’ രംഗത്ത് വന്നു. നാലാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന സഭാ പിതാക്കന്മാരുടെ അതേ ദൈവ സങ്കല്പമാണ് അദ്ദേഹം പ്രചരിപ്പിച്ചത്, അതായത് “ദൈവം ഏകനാണെന്നും അവനാൽ സൃഷ്ടിക്കപ്പെട്ട യേശു ദൈവത്തോട് സമമല്ലെന്നും യേശു ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ദൈവം എന്നെന്നും ഉള്ളവൻ ആണെന്നും” വാദിച്ചുകൊണ്ട് അത്തനാഷ്യസ് മുന്നോട്ടുവെച്ച യേശുവിന്റെ ദൈവത്വത്തെ അദ്ദേഹം നിഷേധിച്ചു.

ഏകത്വവാദികളുടേയും ത്രിത്വവാദികളുടേയും ചേരിതിരിഞ്ഞു കൊണ്ടുള്ള വാദപ്രതിവാദ സംഘര്‍ഷ കാലത്താണ് ഡയക്ലീഷ്യസ് ചക്രവര്‍ത്തിക്ക് ശേഷം കോണ്‍സ്റ്റാന്റൈൻ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്യുന്നത്. ഡയക്ലീഷ്യസ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ ക്രിസ്തുമതവിശ്വാസികൾക്ക് റോമാ സാമ്രാജ്യത്തിന്റെ കീഴിൽ മതസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായ ‘മിത്രമത’ വിശ്വാസികൾക്കിടയിൽ മതസ്വാതന്ത്ര്യമില്ലാത്ത ഒരു വിഭാഗമായിട്ടായിരുന്നു അവർ അവിടെ ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ തർക്കങ്ങളും വാദങ്ങളും പൊതുസമൂഹത്തിനു മുമ്പിൽ പരസ്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അപ്പോഴാണ് സൂര്യഭഗവാന്റെ അവതാരമായ മിത്രദേവന്റെ പുരോഹിതന്മാരുടെ പുരോഹിതനും (Pontifex Maximus), ബഹുദൈവ വിശ്വാസിയുമായ കോണ്‍സ്റ്റാന്റൈൻ ചക്രവര്‍ത്തി ക്രി. 313 ലെ മിലാന്‍ വിളംബരത്തിലൂടെ ‘മിത്രമതം’ എന്നപോലെ ‘ക്രിസ്തുമതം’ റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിച്ചു. അതുവഴി ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം നൽകി. എങ്കിലും ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ല, മാത്രമല്ല ബഹുദൈവവിശ്വാസിയായ ചക്രവർത്തി ആയിരുന്നു ക്രിസ്തുസഭയെ നിയന്ത്രിച്ചു പോന്നിരുന്നത്.

ചരിത്രകാരനായ ഗിബ്ബന്‍ പറയുന്നു: ‘ക്രിസ്തുമതത്തില്‍ ചേരുന്ന അടിമകള്‍ക്കെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണെന്ന് ചക്രവര്‍ത്തി വിളമ്പരം പുറപ്പെടുവിച്ചു. അടിമത്വത്തില്‍നിന്നും മോചനം നേടുന്നതിനുവേണ്ടി അനേകായിരം ആളുകള്‍ ക്രിസ്തുമതത്തിൽ ചേര്‍ന്നു. സ്വതന്ത്രരായ ആളുകള്‍ കിസ്തുമതത്തില്‍ ചേര്‍ന്നാൽ ഇരുപത് സ്വര്‍ണനാണയങ്ങളും ഒരു വെള്ളക്കുപ്പായവും കൊടുക്കുന്നതാണന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ ഫലമായി പന്തീരായിരം പുരുഷന്മാരും അവരുടെ സ്ത്രീകളും കുട്ടികളും ഒരു ദിവസം തന്നെ സ്ഥാനമേറ്റു- Edward Gibbon , The History of the Decline and Fall of Roman Empire. Vol 3, P444.

മിലാന്‍ വിളംബരത്തിന് ശേഷം ഏകത്വവാദികളുടേയും ത്രിത്വവാദികളുടേയും ചേരിതിരിവ് സഭക്ക് പുറത്ത് വ്യാപിക്കുകയും ജനകീയമാകുകയും ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തെ ആര് നയിക്കും എന്നതും ചര്‍ച്ചാവിഷയമായി. ചക്രവര്‍ത്തിയുടെ കല്പനമൂലം കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേക്കേറിയവരെല്ലാം ആ മതം ഉള്‍ക്കൊണ്ട്‌വന്നവരല്ലായിരുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവരേക്കാള്‍ പ്രാകൃത മതവിശ്വാസികളായ ഒരു ജനസമൂഹമായിരുന്നു അന്നത്തെ സഭയില്‍ ഉണ്ടായിരുന്നത്. അവര്‍ “മിത്രദേവനേയും മറ്റ് ദേവീദേവന്മാരെയുമെല്ലാം ദൈവങ്ങളായികണ്ടവരും ത്രിത്വവിശ്വാസം ഉള്‍ക്കൊണ്ടവരും ആയിരുന്നു’. ആയതിനാല്‍ അത്തനാഷ്യസിന് തന്റേതായ ദൈവവിശ്വാസ പ്രമാണവുമായി മുന്നോട്ട് പോകുവാന്‍ എളുപ്പമായിത്തീര്‍ന്നു.

വിശ്വാസ സംബന്ധമായ വാദപ്രതിവാദങ്ങളും സംഘര്‍ഷാവസ്ഥയും തന്റെ രാഷ്ട്രീയഭാവിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി, ക്രി. 325ല്‍ ബിഥിന്യായിലെ നിഖ്യാ എന്ന സ്ഥലത്ത് ഒരു സുന്നഹദോസ് (കൗണ്‍സിൽ) വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. രണ്ടു മാസമായിട്ടും വിശ്വാസ സംബന്ധമായ തര്‍ക്കവിഷയത്തിലെ വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല എന്ന് മനസ്സിലാക്കിയ ‘മിത്രമത’ വിശ്വാസിയായ ചക്രവർത്തി കൗൺസിലിൽ ഇടപെടുകയും യേശുവിന്റെ ദിവ്യത്വത്തെ (Homo Ousios) അംഗീകരിച്ചുകൊണ്ടുള്ള ത്രിത്വവാദികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. അതോടൊപ്പം ചക്രവര്‍ത്തിയെ പ്രീണിപ്പിക്കുവാൻ വേണ്ടി ത്രിത്വവാദികളായ ഭിഷപ്പുമാര്‍ പല നിയമങ്ങളും കൗണ്‍സിലിൽ അംഗീകരിക്കുകയുണ്ടായി. ക്രി.325 വരെ ക്രൈസ്തവര്‍ ‘ശാബത്ത്’ ദിനമായി കൊണ്ടാടിയിരുന്ന ‘ശനിയാഴ്ചയില്‍’ നിന്ന് വിരുദ്ധമായി ‘സൂര്യദേവന്റെ’ (മിത്രദേവന്റെ) പുണ്യദിനമായി റോമാക്കാര്‍ കൊണ്ടാടിയിരുന്ന ‘ഞായറാഴ്ച’ ശാബത്തായി കൊണ്ടാടാന്‍ തീരുമാനിച്ചു. മിത്രമതത്തിന്റെ ചിഹ്നവും മിത്രദേവന്റെ പ്രതീകവുമായിരുന്ന ‘കുരിശ്’ ക്രിസ്തുമതത്തിന്റെ ചിഹ്നവും ‘ക്രിസ്തുവിന്റെ പ്രതീകവുമായി’ അംഗീകരിക്കപ്പെട്ടു. യേശു ജനിച്ച വര്‍ഷമോ തീയതിയോ ഏതെന്ന് വ്യക്തമായി അറിയില്ലന്നിരിക്കേ, മിത്രദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25-ാം തിയതിയെ ക്രിസ്‌മസ് ആയി ആഘോഷിക്കാൻ തീരുമാനിച്ചു.

ഏർണസ്റ്റ് വില്യംസ് ബാർൺസ് രേഖപ്പെടുത്തിയത്, “ഏറെ വാദപ്രതിവാദങ്ങൾക്കൊടുവിൽ നമ്മുടെ ‘ക്രിസ്‌മസ് ദിനം എ.ഡി. 300-ൽ’ അംഗീകരിക്കപ്പെട്ടതായി തോന്നുന്നു. നമ്മുടെ യുഗത്തിന്റെ മൂന്നാം നൂറ്റാണ്ടിലെ ദീർഘവും കഠിനവുമായ പോരാട്ടത്തിനൊടുവിൽ ക്രിസ്ത്യാനിറ്റി ‘മിത്ര’ എന്ന പേർഷ്യ ആരാധനാക്രമത്തിന്മേൽ വിജയം വരിച്ചപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്” – The Rise of Christianity, third impression 1948, p. 79

പ്രാകൃത മതസങ്കൽപ്പങ്ങളുടെ വിലയേറിയ സംഭാവനയായിരുന്നു ഇന്ന് നാം കാണുന്ന ക്രിസ്തുമതവും അതിലെ പ്രധാന ആഘോഷമായ ക്രിസ്‌മസും എന്നത് ഈ ചരിത്ര സത്യങ്ങളുടെ വെളിച്ചത്തിൽ അനുമാനിക്കുകയല്ലാതെ നിർവാഹമില്ല.

വിജാതീയരുടെ ആഘോഷം

കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര നിഘണ്ടു പറയുന്നത് കാണുക:
സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ഈശോയുടെ ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെ (മിത്രദേവന്റെ) ജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം ‘നീതി സൂര്യനായ’ ഈശോയുടെ ജനനത്തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് തന്നെ ആഘോഷിച്ചത്. ആരംഭത്തില്‍ ലത്തീന്‍ സഭ മാത്രമേ ഡിസംബര്‍ 25 ഈശോയുടെ ജനനത്തിരുനാളായി ആഘോഷിച്ചിരുന്നുള്ളൂ. പിന്നീട് അര്‍മേനിയന്‍ സഭ ഒഴികെ എല്ലാ സഭകളും ഈ രീതി തന്നെ സ്വീകരിച്ചു. ഡിസംബര്‍ 25 വൈവിധ്യമാര്‍ന്ന രീതിയില്‍ തന്നെ ലോകമെങ്ങും കൊണ്ടാടുന്നു. ഈശോയുടെ ജനനദിവസം ഏതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതുകൊണ്ട് ആദ്യ നൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു. ഈജിപ്തുകാരുടെ കലണ്ടര്‍ അനുസരിച്ച് ‘സൂര്യദേവന്റെ’ ജനനം ജനുവരി ആറായിരുന്നുവെന്ന് സ്മര്‍ത്തവ്യമാണ്” – ദൈവശാസ്ത്ര നിഘണ്ടു, ചീഫ് എഡിറ്റര്‍: ഡോ. ജോസഫ്.

“മാലാഖി നാലാം അദ്ധ്യായത്തിൽ രണ്ടാം വചനത്തിലെ ‘നന്മയുടെ സൂര്യന്‍’ എന്ന പദപ്രയോഗം ക്രിസ്തുവില്‍ ആരോപിച്ചുകൊണ്ട് വിഗ്രഹാരാധകരുടെ ആഘോഷം ക്രൈസ്തവത കടമെടുക്കുകയായിരുന്നു”- Harper’s bible dictionary, theological publications in India, 1994, p 163.

“ശീതകാല സോളിസ്റ്റിക് സൂര്യന്റെ ജന്മദിനമായി കണക്കാക്കപ്പെട്ടിരുന്നു. ഔറേലിയൻ ചക്രവർത്തി റോമിൽ എ.ഡി 274 ഡിസംബർ 25-ന് ‘സോൾ ഇൻവിക്റ്റസിന്റെ (Sol Invictus)’ ഒരു പുറജാതീയ ഉത്സവം അവതരിപ്പിച്ചു. ഈ ജനപ്രിയ ഉത്സവം ഇല്ലാതാക്കാൻ കഴിയാതെ സഭ നീതി സൂര്യൻറെ ഉത്സവമായി അതിനെ ആത്മീയവൽക്കരിച്ചു” – Chambers Encyclopedia, (1967), vol. 3, p. 528

ലോക ജനത അംഗീകരിക്കുന്ന വിശ്വ പ്രസിദ്ധ വിജ്ഞാനകോശം എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്കയില്‍ ക്രിസ്തുമസിനെപ്പറ്റി ഇങ്ങനെകാണാം “യേശുക്രിസ്തുവിന്‍റെ ജനനവും വര്‍ഷവും ദിനവും ഒരിക്കലും തൃപ്തികരമാം വിധം ക്ലിപ്തപ്പെട്ടിട്ടില്ല. എന്നാല്‍ ചര്‍ച്ച് പിതാക്കള്‍ എ ഡി 340ല്‍ ഇതാഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ മനുഷ്യമനസ്സുകളില്‍ സ്ഥിരപ്പെട്ട അവരുടെ മുഖ്യ ഉത്സവദിനമായ ‘സൊളാസ്റ്റീസ് (Winter solastice)’ -മകര സംക്രാന്തി എന്നു നാം പറയപ്പെടുന്ന ദിവസം തന്നെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തു.”

ഇന്നുള്ള എല്ലാ സഭക്കാരും കത്തോലിക്കാ സഭ തന്നെയും ക്രിസ്തുമസ് വിജാതീയരുടെ ആഘോഷമാണെന്ന് അംഗീകരിക്കും അതുകൊണ്ട് തന്നെ അത് അനാചാരമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വിജാതീയരുടെ ആഘോഷങ്ങളൊന്നും അനുകരിക്കരുതെന്ന് ബൈബിള്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

“ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകളുടെ(വിജാതീയരുടെ) രീതി നിങ്ങള്‍ അനുകരിക്കരുത്‌; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്‌. ജനതകളാണ്‌ (വിജാതീയർ) അവയില്‍ സംഭ്രമിക്കുന്നത്‌” – ജറെമിയാ 10: 1,2

“സൂര്യദേവനെ’ ആരാധിക്കുകയും ആ ദേവൻറെ പേരിൽ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന ജനതയോട് ദൈവം കോപത്തോടുകൂടി സംസാരിക്കുന്നതായി ബൈബിൾ വിവരിക്കുന്നുണ്ട്,

“അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല” – എസെക്കിയേല്‍ 8 : 18

ഇതില്‍ നിന്നൊക്കെ ലളിതമായി മനസ്സിലാക്കാനാവുന്നത് യേശു പഠിപ്പിച്ച മതത്തില്‍ പിന്നീടുണ്ടായ വിജാതീയ സ്വാധീനമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ പിന്നിലെന്നാണ്. നിഷ്പക്ഷരായ വിശ്വാസികൾ ഇവിടെ ചിന്തിക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ രക്ഷകനായി കടന്നുവന്ന മഹാനായ യേശു ആചരിക്കുകയോ അദ്ദേഹത്തിൻറെ അപ്പോസ്തലന്മാരോട് ആഘോഷിക്കാൻ വേണ്ടി നിർദ്ദേശിക്കുകയോ ആദ്യ നൂറ്റാണ്ടുകളിലെ സഭാ പിതാക്കന്മാർ ആഘോഷിക്കുകയോ ചെയ്യാത്ത ഒരു വിജാതീയ ഉത്സവത്തെ യേശു പഠിപ്പിച്ച വിശ്വാസത്തിൻറെ ഭാഗമാക്കിക്കൊണ്ട് അദ്ദേഹത്തിൻറെ സുവിശേഷങ്ങളിൽ കളങ്കം ചാർത്തേണ്ടതുണ്ടോ ? നിത്യജീവൻ നേടാനും ആത്യന്തികമായ മോക്ഷം കൈവരിക്കാനും ഈ ആഘോഷം അനിവാര്യമാകുന്നുണ്ടോ ? ‘ഇല്ല’ എന്ന് തന്നെയാണ് വേദപുസ്തകത്തിലെ യേശുവിന്റെ സുവിശേഷങ്ങളുടെ വെളിച്ചത്തിൽ നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കുന്ന ഏതൊരു വിശ്വാസിക്കും അംഗീകരിക്കുവാൻ സാധിക്കുക.

കുരുശുമരണവും ഉയിർത്തെഴുന്നേൽപ്പുമാണ് മോക്ഷത്തിന്റെ മാർഗമായി ഇന്ന് ക്രിസ്തുമതം മുന്നോട്ട് വെക്കുന്നത്. ഇത് നസറായക്കാരനായ യേശുവിന്റെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം പ്രാകൃത മതസങ്കൽപ്പങ്ങളെ വിശ്വാസത്തിൻറെ ഭാഗമായി ഉൾക്കൊണ്ടുകൊണ്ട് കർത്താവിനെ (യേശുവിനെ) പലയാവർത്തി വിളിക്കുന്നവരോട് കർത്താവിന് (യേശുവിന്) പറയാനുള്ളത് “നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല, അനീതി പ്രവർത്തിക്കുന്നവരെ നിങ്ങൾ എന്നിൽ നിന്നും അകന്നുപോകുവിൻ” എന്ന് മാത്രമായിരിക്കും (മത്തായി 7:23). അത്തരം നഷ്ടക്കാരിൽ പെട്ടുപോകാതെ യേശുവിന്റെ വചനങ്ങളെ കേട്ടുകൊണ്ട് വിശ്വാസത്തിന്റെ ഉറച്ച ഭവനം (മത്തായി 7: 24) നിർമ്മിക്കുന്ന വിവേകമതികളായ സത്യവിശ്വാസികളാവാൻ ഒരോരുത്തരും തയ്യാറായാൽ യേശു പഠിപ്പിച്ച നിത്യജീവന്റെ വഴി “ഏകസത്യദൈവമായ അവിടുത്തെയും (ഏകനായ ദൈവം) അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും (ആ ഏകനായ ദൈവത്തിൻറെ പ്രവാചകൻ) അറിയുക” എന്നതാണെന്നും (യോഹന്നാന്‍ 17: 3) ആ യേശുവിനെ അനുഗമിച്ചാൽ “ഇരുളിൽ അകപ്പെടാതെ” (യോഹന്നാൻ 8: 12) സമാധാനത്തിന്റെ വെള്ളിവെളിച്ചമായ ഇസ്‌ലാമിനെ പരിചയപ്പെടാം (യോഹന്നാന്‍ 16: 7) എന്നും മനസ്സിലാക്കാൻ സാധിക്കുമെന്നത് തീർച്ചയാണ്.

print

3 Comments

  • നല്ല വിവരണം !
    ما شاء الله

    Shan 24.12.2023
  • ചുരുക്കി പറഞ്ഞാൽ മിത്രദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25-ാം തിയതിയെ ക്രിസ്‌മസ് ആയി ആഘോഷിച്ചു വരുന്നു … 😕

    Shafi 25.12.2023
  • Good Article with substantiated with proofs ….

    Abdul Raoof 07.01.2024

Leave a comment

Your email address will not be published.