ക്രിസ്‌മസ്‌: ചരിത്രവും ആചാരങ്ങളും

//ക്രിസ്‌മസ്‌: ചരിത്രവും ആചാരങ്ങളും
//ക്രിസ്‌മസ്‌: ചരിത്രവും ആചാരങ്ങളും
ആനുകാലികം

ക്രിസ്‌മസ്‌: ചരിത്രവും ആചാരങ്ങളും

ഡിസംബർ കാലം വരുമ്പോൾ ഓർമ്മ വരാറുള്ള ഖുർതുബിയിലെ ചില പരാമർശങ്ങളുണ്ട്. നോമ്പ് കാലത്തെ കുറിച്ചുള്ള ചർച്ചയിൽ ക്രിസ്തീയ പൗരോഹിത്യം നോമ്പിനെ തണുപ്പ് കാലത്തേക്ക് മാറ്റി എന്നാണ് ഖുർതുബി പറയുന്നത്. തണുപ്പ് കാലത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാസം ഡിസംബറാണല്ലോ.

ഈ കാലത്താണ് ക്രിസ്‌മസ്‌ വരുന്നത്; ഡിസംബർ 25 ന്. യേശു ക്രിസ്തുവിൻറെ ജനനം എന്ന രീതിയിലാണ് ക്രിസ്‌മസ്‌ കൊണ്ടാടുന്നത്. ക്രിസ്തീയ പ്രബോധകർ പല രീതികളിൽ ഈ കാലത്തെ പ്രബോധനത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. ഒന്നാമതായി, കുട്ടികൾക്ക് പത്തോളം ദിവസം അവധി ലഭിക്കുന്നത് യേശു ക്രിസ്തുവിൻറെ ജനനം കാരണമായിട്ടാണല്ലോ. രണ്ടാമത്, ചരിത്രത്തെ രണ്ടായി പകുത്ത് യേശുവിന് മുമ്പും ശേഷവും എന്നാക്കിയതിൽ മുഖ്യ വ്യക്തിത്വം യേശുവാണല്ലോ. നമുക്ക് ഇത് രണ്ടും പരിശോധനാ വിധേയമാക്കാം.

പത്തോളം ദിവസം ലഭിക്കുന്ന ഒഴിവിനുള്ള പേര് ക്രിസ്‌മസ്‌ അവധി എന്ന് തന്നെയാണ്. ഇന്ത്യൻ ഉപ ഭൂഖണ്ഡം നീണ്ടകാലം ഭരിച്ചിരുന്നത് വെള്ളക്കാർ ആയിരുന്നുവല്ലോ, അവർ നല്കിത്തുടങ്ങിയതാകാം ഈ അവധി. അത് സ്വാതന്ത്ര്യത്തിന് ശേഷവും നിലനിൽക്കുന്നു. ഈ വർഷത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അവധി 10 ദിവസമാണ്, ഡിസംബർ 23 ന് അടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 നാണ് തുടങ്ങുക. ഫലത്തിൽ 11 ദിവസം ആകും ഇത്.

ഒരു മതവിഭാഗത്തിൻറെ ആഘോഷത്തെ അംഗീകരിച്ചു കൊടുക്കുന്നതിന്, പ്രത്യേകിച്ച് മറ്റാർക്കും ഒരു പ്രശ്നവും ഇല്ലാത്ത ഒരു കാര്യത്തിന് പ്രശ്നം പറയേണ്ട കാര്യം ആർക്കാണുള്ളത്? ഇതല്ലാതെ ഡിസംബർ മാസത്തിൽ ഒരു അവധി ലഭിക്കുന്നത് യേശുക്രിസ്തുവിൻറെ കാരുണ്യമായി പ്രചരിപ്പിക്കുന്നത് വളരെ ബാലിശമാണ്.

യഥാർത്ഥത്തിൽ ലോകത്തിൻറെ മറ്റു ഭാഗങ്ങളിൽ ഈ കാലത്ത് നീണ്ട ഒഴിവ് ശൈത്യകാല അവധി എന്ന പേരിൽ നൽകാറുണ്ട്. ഗൾഫു നാടുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആ കാലങ്ങളിൽ നാട്ടിലേക്ക് വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? വയനാട്, ഇടുക്കി പോലുള്ള ജില്ലകളിൽ തണുപ്പ് നന്നായി ബാധിക്കാറുണ്ട്, എങ്കിലും കേവലം 10 ദിവസത്തെ അവധി കൊണ്ട് അവരും തൃപ്തിപ്പെടണം.

ഇനി അവധിയാണ് കാരുണ്യമെങ്കിൽ കേരളത്തിൽ സമാനമായി ലഭിക്കുന്ന ഒരു അവധിയാണ് ഓണക്കാലം. കേരളത്തിൽ ഉണ്ടായിരുന്ന ഐശ്വര്യത്തെയും സമൃദ്ധിയേയും ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് മഹാബലി വരുന്നത് എന്നത് ഐതിഹ്യം. ഡിസംബറിൽ മാമരം കോച്ചുന്ന തണുപ്പത്ത് കുട്ടികൾ എങ്ങിനെ അവധി ആസ്വദിക്കും? എന്നാൽ ഓണക്കാലം കേരളത്തെ സംബന്ധിച്ചിടത്തോളം തണുപ്പോ ചൂടോ ഇല്ലാത്ത കാലമാണ്, ആസ്വദിക്കാൻ കൂടുതൽ പറ്റിയ കാലം. ഈ അർത്ഥത്തിൽ കാരുണ്യം കൂടിയ കാലം ഏതാണ്? കൂടുതൽ വിശദീരകരിക്കുന്നില്ല.

രണ്ടാമത്തെ വാദം ചരിത്രത്തെ രണ്ടായി പകുത്തതാണ്. ഈ വാദത്തിലുള്ള ഒരു ശരി, ലോകത്തെ കലണ്ടർ ഇന്ന് ബി സി, എ ഡി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട് എന്നുള്ളതാണ്. എന്നാൽ നിലവിൽ ഉണ്ടായിരുന്ന ഗ്രിഗോറിയൻ കലണ്ടറിനെ തന്നെ മാറ്റം വരുത്തിയതാണ് ഇന്നത്തെ കലണ്ടർ. അഞ്ചാം നൂറ്റാണ്ടിലായിരുന്നു അത്. വാനശാസ്ത്ര വിദഗ്ദനായിരുന്ന ഒരു ക്രിസ്തു ഭക്തൻ ആണിതിന് മുൻകൈ എടുക്കുന്നത്, എന്നാൽ അദ്ദേഹത്തിന് അതിൻറെ മേൽ ഒരു അബദ്ധം പറ്റുകയും ചെയ്തു.

ഇന്ന് നിലവിലുള്ള കലണ്ടർ രൂപകൽപന ചെയ്തിട്ടുള്ളത് യേശു ക്രിസ്തുവിൻറെ ജനനം അതിൻറെ ആദ്യ വർഷത്തിലെ ജനുവരി ഒന്നിന് എന്ന രൂപത്തിലാണ്. എന്നാൽ ഡിസംബർ 25 നാണ് ക്രിസ്തുമസ്…!!

ഇത് മാത്രമല്ല, യേശുക്രിസ്തുവിൻറെ ജനനം എ ഡി എന്ന അന്നഡോമിനിയിൽ വരുന്നില്ല, മറിച്ച് ബി സി നാലിനോ ആറിനോ ആണ് നടന്നിട്ടുള്ളത് എന്ന് ക്രിസ്തീയ സമൂഹം അംഗീകരിക്കുന്നു. ബി സി എന്ന് പറഞ്ഞാൽ ക്രിസ്തുവിന് മുമ്പ് എന്നാണർത്ഥം. അപ്പോൾ ജനന കാലത്തെ ഈ കലണ്ടർ പ്രകാരം പറയേണ്ടി വരിക, യേശു ജനിച്ചത് ക്രിസ്തുവിനു മുമ്പ് നാലോ ആറോ വർഷങ്ങൾക്ക് മുമ്പാണ് എന്നായിരിക്കും. അതിനാൽ തന്നെ ‘കർത്താവിന്റെ വർഷത്തിൽ’ എന്ന അർഥം വരുന്ന അന്നാ ഡൊമിനി (AD) യിലല്ല മറിച്ച് Before Christ ലാണ് യേശുവിൻറെ ജനനം. AD എന്ന് ചുരുക്ക പ്രയോഗത്തിന് After Death എന്നാണെന്ന് ചിലരെല്ലാം കരുതിയിട്ടുണ്ട്, അത് ശരിയല്ല, എന്ന് കൂടി സൂചിപ്പിക്കുന്നു.

മത്തായി, ലൂക്കോസ് എന്നീ സുവിശേഷങ്ങളിലാണ് യേശുവിൻറെ ജനന വൃത്താന്തം വിവരിച്ചിട്ടുള്ളത്. അവിടെയൊന്നും ഡിസംബർ 25 കാണില്ല, എന്ന് മാത്രമല്ല, മറ്റു ദിവസങ്ങളിൽ ക്രിസ്‌മസ്‌ ആഘോഷിക്കുന്ന ക്രിസ്തീയരും ഉണ്ട്. കത്തോലിക്കർ, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭ, റുമേനിയൻ ഓർത്തഡോക്സ്‌ സഭ എന്നിവർ ഡിസംബർ 25 ന് ആഘോഷിക്കുമ്പോൾ പൗരസ്ത്യ ഓർത്തഡോക്സ്‌ സഭകളിൽ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. ബൈസാന്ത്യൻ സാമ്രാജ്യത്തിൽ ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ഉടലെടുത്ത ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയെയാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്നു വിവക്ഷിക്കുന്നത്.

ക്രിസ്‌മസും യേശുവിൻറെ ജനനവും തമ്മിൽ ചരിത്രപരമായ വല്ല ബന്ധവും ഉണ്ടോ? ഡിസംബർ 25 നാണ് യേശുക്രിസ്തു ജനിച്ചത് എന്നതിന് ചരിത്രപരമായ ഒരു തെളിവും ഇല്ല എന്ന് ക്രിസ്തീയ പണ്ഡിതർ തന്നെ എഴുതുന്നുമുണ്ട്. പിന്നെ എങ്ങിനെ ഇത്തരം ഒരു വിശ്വാസവും ആചാരവും വന്നു?

ക്രിസ്തുവർഷം നാലാം നൂറ്റാണ്ടു മുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ കരുതപ്പെടുന്നത്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തു വിശ്വാസിയായ ശേഷം തൻറെ സാമ്രാജ്യത്തിൽ ഈ ദിനം ആഘോഷമായി നടപ്പിൽ വരുത്തുന്നതിന് പിന്നിൽ ആ നാട്ടിലെ ബഹുദൈവാരാധകരുടെ ആഘോഷവുമായി കൂടി ബന്ധമുണ്ട്. അവരുടെ പ്രബല ആരാധ്യനായിരുന്ന സൂര്യദേവൻറെ മകൻ ജനിച്ച ദിവസമായിരുന്നു ഡിസംബർ 25. ആ ദിനത്തെ മാമോദീസ മുക്കി മാറ്റിയെടുത്തതാണ് ക്രിസ്‌മസ്‌ എന്ന് പറയുന്നവരുണ്ട്. അതായത് ചക്രവർത്തി ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പ് മറ്റൊരു വിശ്വാസപ്രകാരം ആഘോഷിച്ചിരുന്ന ആഘോഷം ആളും പേരും മാറ്റി തുടരുന്നതാണ് ക്രിസ്തുമസ് എന്ന് ചുരുക്കം.

ക്രിസ്‌മസ്‌ കാലത്ത് നക്ഷത്രം തൂക്കൽ, കരോൾ, അപ്പൂപ്പൻ തുടങ്ങിയവ ക്രിസ്തീയ സമൂഹം അവരുടെ ആഘോഷത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ട്. എന്നാൽ മുസ്‌ലിം സമൂഹത്തിലേക്ക് കൂടി അത് വ്യാപിക്കുമ്പോൾ അതിനെ കുറിച്ച് അറിയേണ്ടതായി വരികയാണ്.

ക്രിസ്‌മസ്‌ കാലത്ത് പാടുന്ന പാട്ടുകളാണ് ക്രിസ്തുമസ് കരോൾ. കരോൾ എന്ന വാക്കിന് നൽകുന്ന അർഥം ആനന്ദഗീതം, ഹർഷഗീതം എന്നൊക്കെയാണ്. യൂറോപ്പിലെ അക്രൈസ്തവർ സൂര്യ ചലനത്തിലെ ദക്ഷിണായനാന്ത (ഡിസംബർ 21 – 23) ആഘോഷത്തിന് സഹസ്രാബ്ദങ്ങൾക്കു മുമ്പ് പാടിയിരുന്നതാണ് ആദ്യകാല കരോൾ. അതിൽ നിന്നാണ് ക്രിസ്‌മസ്‌ കരോൾ രൂപപ്പെടുന്നത്. യേശുവിന്റെയും കന്യാമറിയത്തിൻറെയും കീർത്തനങ്ങളാണ് പ്രധാനമായും കരോളിൽ ഉണ്ടാവുക.

നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യവാളനാണ്‌ പിൽക്കാലത്ത് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി സാന്റാക്ലോസായി മാറിയത്‌. ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ ക്രിസ്‌മസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിൽ എത്തി ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തി സമ്മാനങ്ങൾ വാരി വിതറുന്ന ഒരു അതിമാനുഷനാണ് സാന്താക്ലോസ്. അതുകൊണ്ടുതന്നെ ക്രിസ്‌മസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌.

ക്രിസ്‌മസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണ് ക്രിസ്‌മസ്‌ നക്ഷത്രം യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്ര തിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌. മത്തായി സുവിശേഷം രണ്ടാം അധ്യായത്തിലാണ് ജ്ഞാനികളുടെ കഥ വിവരിക്കുന്നത്.

തുടക്കത്തിൽ സൂചിപ്പിച്ച ഖുർതുബിയിലെ പരാമർശത്തിലേക്ക് മടങ്ങാം, നോമ്പ് കാലം തണുപ്പ് കാലത്തേക്ക് നീക്കിയ പൗരോഹിത്യ നടപടിയെ പോലെ തന്നെയല്ല, മറിച്ച്, മുഴുവനും നിർമ്മിച്ചുണ്ടാക്കിയ ഒന്നാണ് യഥാർത്ഥത്തിൽ ക്രിസ്‌മസും അതിലെ ആചാരങ്ങളും. ഒരു സമൂഹം അവരുടെ ആഘോഷമായി കൊണ്ടാടുന്നുവെങ്കിൽ അത് അവരുടെ മതം. എന്നാൽ നമ്മുടെ സമൂഹം അല്ലാഹുവിൻറെ വഹ്‌യിൽ നിന്നുള്ള അറിവിൻറെ അടിസ്ഥാനത്തിൽ വിശ്വാസ കർമ്മങ്ങളെ ചിട്ടപ്പെടുത്തുന്നവരാണല്ലോ.

സമൂഹത്തോട് പറയുമ്പോൾ തീവ്രത വർധിപ്പിച്ചു കൊണ്ട് പറഞ്ഞാൽ, ഗുണത്തിലേറെ ദോഷം ചെയ്തേക്കാം. എന്തെന്നാൽ, അത്ര മാത്രം വലിയ മാറ്റങ്ങൾ പുതു തലമുറക്ക് ഇത്തരം കാര്യങ്ങളോട് വന്നിരിക്കുന്നു, കൃത്യമായി പറഞ്ഞാൽ, ഈമാൻ നഷ്ടപ്പെടും എന്ന് പറഞ്ഞാൽ വലിയ ബേജാറൊന്നും തോന്നാത്തവരായി തലമുറ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ മനഃശാസ്ത്രപരമായ സംസാരം മാത്രം നടത്തുക.

സംസാരിച്ചാൽ ഫലപ്പെടുന്നവർ തന്നെയാണ് ഈ തലമുറയും. അവരോട് നല്ല നിലയിൽ പറഞ്ഞു കൊടുത്താൽ അവർ സ്വീകരിക്കുക തന്നെ ചെയ്യും.

print

1 Comment

  • അസ്സലാമുഅലൈക്കും

    ക്രിസ്‌മസ് ആഘോഷം മുസ്ലീങ്ങൾക്ക് അനുവദിയമല്ല അല്ലെങ്കിൽ പാടില്ല എന്നത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിലാക്കികൊടുക്കുന്ന ഒരു റീൽസ് ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ!

    Assfar 21.12.2023

Leave a comment

Your email address will not be published.