വിധി വിശ്വാസം: ഒരു സമകാലിക വായന -19

//വിധി വിശ്വാസം: ഒരു സമകാലിക വായന -19
//വിധി വിശ്വാസം: ഒരു സമകാലിക വായന -19
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -19

ഇച്ഛാ സ്വാതന്ത്ര്യ സമരങ്ങൾ: വിഹഗവീക്ഷണം

ഇതുവരെ നടന്ന ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

ധൈഷണികമായ ഒരു പുതിയ ചിന്താക്കുഴപ്പം സൃഷ്ടിക്കുകയല്ല വിധി വിശ്വാസത്തിലൂടെ (കദ്വാ കദ്ർ) ഇസ്‌ലാം ചെയ്തത്. മറിച്ച് മനുഷ്യർ ആദ്യമെ അകപ്പെട്ട ഒരു ചിന്താക്കുഴപ്പത്തിന് ധൈഷണികവും യുക്തിഭദ്രവുമായ പരിഹാരം അവതരിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്.

* മനുഷ്യന് സ്വതന്ത്രമായ ഇച്ഛാശക്തി ഉണ്ടോ ഇല്ലേ ? എന്ന ചോദ്യം പണ്ടു മുതൽക്കേ ജ്ഞാനികളെയെല്ലാം കുഴപ്പിച്ച അതി സങ്കീർണമായ ഒരു വിഷയമാണ്.

* വിഷയത്തിന്റെ സങ്കീർണതക്കും ആശയക്കുഴപ്പങ്ങൾക്കും കാരണം പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ഇതര ജീവജാലങ്ങളുടെയും ഘടനയും പ്രകൃതിയും ഉള്ളടക്കവും തന്നെയാണ്. വീക്ഷണകോണുകൾക്ക് അനുസൃതമായി വൈവിധ്യമാർന്ന ഭാവം പ്രാപിക്കുന്ന മായക്കാഴ്ച്ച (optical illusion) പോലെയാണ് സർവ്വതിന്റെയും ഘടനയും ഉള്ളടക്കവും.

* സ്വാഭാവികമായും, വ്യത്യസ്ത ഭാവങ്ങളും പ്രകൃതവും പ്രകടിപ്പിക്കുന്ന മനുഷ്യ സ്ഥിതിയെ പഠിച്ച ജ്ഞാനികൾ പരസ്പരം ഭിന്നമായ അഭിപ്രായങ്ങൾ അവതരിപ്പിച്ചു.

* മുഖ്യമായും മൂന്ന് ബിന്ദുക്കളിൽ ഈ അഭിപ്രായങ്ങൾ കേന്ദ്രീകൃതമായിരിക്കുന്നു.
1) മനുഷ്യർക്ക് സ്വതന്ത്രേച്ഛ ഉണ്ട്. എല്ലാം നിർണിതമല്ല. (ലിബർട്ടേറിയനിസം)

2) മനുഷ്യർക്ക് സ്വതന്ത്രേച്ഛ ഉണ്ട്. പ്രപഞ്ചത്തിലെ സർവ്വതും നിർണയിക്കപ്പെട്ടിരിക്കുന്നു. (ഡിറ്റർമിനിസം)

3) എല്ലാം നിർണയിക്കപ്പെട്ടതാണ്. അതോടൊപ്പം തന്നെ സ്വതന്ത്രേച്ഛ നിലനിൽക്കുന്നു. മനുഷ്യരുടെ സ്വതന്ത്രേച്ഛയും നിർണയാവസ്ഥയും രണ്ടും പരസ്പരം വൈരുധ്യമല്ല; അവ പരസ്പരം യോജിക്കുന്നതാണ്. (കോംബിറ്റബിലിസം)

* ഈ മൂന്ന് വീക്ഷണങ്ങളും വെച്ചുപുലർത്തിയ പണ്ഡിതന്മാർ, തത്വജ്ഞാനികൾ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, മതസമൂഹങ്ങൾ എന്നിവ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.

* ഈ മൂന്ന് വീക്ഷണങ്ങൾക്കും ഏറിയും കുറഞ്ഞും ശാസ്ത്രീയാടിത്തറ ഉള്ളതായി പഠിതാക്കൾക്ക് അനുഭവപ്പെടുമെന്ന് തീർച്ച.

* ആസ്തികരും നാസ്തിരുമായ എല്ലാ വിഭാഗം ബുദ്ധിജീവികളും ഈ വ്യത്യസ്‌തമായ വീക്ഷണങ്ങൾ ചരിത്രത്തിൽ ഉടനീളം പുലർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

* നാസ്തികരായ തത്വജ്ഞാനികൾ, ശാസ്ത്രജ്ഞർ, വക്താക്കൾ -വിശിഷ്യാ നവനാസ്തികരിൽ – ഭൂരിഭാഗവും മനുഷ്യർക്ക് സ്വതന്ത്രേച്ഛ ഇല്ലെന്നും നിർണയവാദം സത്യമാണെന്നും അഭിപ്രായപ്പെടുന്നവരാണ്.

* ചില മതങ്ങൾ സമ്പൂർണ നിർണയവാദം വിശ്വാസ സംഹിതയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും

* എല്ലാ മതങ്ങളിലും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽൽ “വിധി ” , “ദൈവ വിധി ” എന്ന വിശ്വാസം നിലവിലുണ്ട്. അതേസമയം മനുഷ്യരുടെ സ്വതന്ത്രേച്ഛയെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ മതങ്ങളുടെയും ധർമ്മശാസ്ത്രം രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്.

* ദൈവവിധിയും മനുഷ്യരുടെ സ്വതന്ത്രേച്ഛയും തമ്മിൽ സമന്വയിപ്പിക്കുന്ന കാര്യത്തിൽ പരാജയപ്പെടുകയും ഏതെങ്കിലും ഒന്നിനെ നിഷേധിച്ച് മത അധ്യാപനങ്ങളിൽ നിന്ന് വ്യതിചലിച്ച അവാന്തരവിഭാഗങ്ങൾ എല്ലാ മത സമുദായങ്ങളിലും ഉണ്ടായിട്ടുണ്ട്.

ഇനി ഇസ്‌ലാം വിമർശകരോട് ചില ചോദ്യങ്ങൾ:

ഇസ്‌ലാമിലെ ദിവ്യവിധി വിശ്വാസത്തെ പരിഹസിക്കുന്നതിൽ ഇനിയും ഔചിത്യം അനുഭവപ്പെടുന്നുണ്ടോ ?!

പുരാതന കാലം മുതൽക്കേ ചരിത്രത്തിലുടനീളം ആസ്തികരും നാസ്തികരുമായ തത്വജ്ഞാനികളും ശാസ്ത്രജ്ഞരും… മതദർശനങ്ങളും ദൈവശാസ്‌ത്ര പണ്‌ഡിതരും…
എല്ലാം അവതരിപ്പിച്ച നിർണയവാദം, സ്വതന്ത്രേച്ഛാ വാദം, ആനുരൂപ്യതാവാദം എന്നിവക്കിടയിൽ നിന്ന് ഇസ്‌ലാമിക
ആനുരൂപ്യതാവാദം മാത്രം ഇത്ര പരിഹാസ്യവും അപകടകരവും യുക്തിരഹിതവുമാവുന്നത് എങ്ങനെ എന്ന് ഒന്ന് വിശദീകരിക്കാമൊ?

ഇസ്‌ലാമിക ആനുരൂപ്യതാവാദത്തെ മറ്റു എല്ലാ ദാർശനിക വീക്ഷണങ്ങൾക്കുമിടയിൽ കുറ്റക്കാരനാക്കുന്ന എന്ത് ഘടകമാണ് ഉള്ളതെന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം.

നവനാസ്തികർ ഏറ്റെടുത്ത നിർണയവാദത്തേക്കാൾ ഇസ്‌ലാമിലെ വിധി വിശ്വാസത്തെ അസ്വാഭാവികമായി വിമർശകർക്ക് തോന്നിച്ച ഘടകമെന്താണ് ?!

ഇസ്‌ലാമിലെ വിധി വിശ്വാസം ക്രിയാത്മകതയെയും അന്വേഷണ ത്വരയെയും ഇല്ലാതാക്കുന്നു എന്ന് വിമർശിക്കുന്നവർ രണ്ട് ചോദ്യങ്ങൾക്ക് മറുപടി തരേണ്ടതുണ്ട്:

1) ഇസ്‌ലാമിക വിധിവിശ്വാസം മനുഷ്യരുടെ സ്വതന്ത്രേച്ഛയെ നിഷേധിക്കുന്നില്ല. പ്രത്യുത അല്ലാഹുവിന്റെ നിർണിതമായ വിധിയും മനുഷ്യരുടെ സ്വതന്ത്രേച്ഛയും പരസ്പരം സമന്വയിപ്പിക്കുന്ന വീക്ഷണമാണ് ഇസ്‌ലാമിന്റേത് എന്നിരിക്കെ അലസതക്കും നിഷ്ക്രിയത്വത്തിനും എവിടെയാണ് വിധിവിശ്വാസത്തിൽ പഴുത്?!.

2) സോക്രറ്റീസ് പൂർവ്വ നാസ്തികർ മുതൽ നവനാസ്തികർ വരെ മനുഷ്യന് സ്വന്തം പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും സ്വാതന്ത്ര്യമില്ല എന്ന് ഉൽഘോഷിക്കുന്ന നിർണയവാദത്തിൽ വിശ്വസിക്കുന്നു. അവരുടെ മേൽ എന്തു കൊണ്ട് നിഷ്ക്രിയത്വം ആരോപിക്കപ്പെടുന്നില്ല ?!

എല്ലാ മതങ്ങളും നിർണയവാദവും, സ്വതന്ത്രേച്ഛയും, ആനുരൂപ്യതാവാദവും അവതരിപ്പിച്ചിരിക്കെ ഇസ്‌ലാമിലെ വിധി വിശ്വാസം മാത്രം വിമർശിക്കപ്പെടാൻ ഇസ്‌ലാമോഫോബിയ അല്ലാതെ മറ്റൊരു കാരണമുണ്ടോ ?!

സ്വതന്ത്രേച്ഛയെയും നിർണയാവസ്ഥയെയും സമന്വയിപ്പിക്കാൻ ദൈവമെന്ന ന്യായം കൊണ്ടല്ലാതെ മറ്റെന്തെങ്കിലും ന്യായം കൊണ്ട് വിമർശകർക്ക് ആർക്കെങ്കിലും സാധിക്കുമൊ ?!

ഉപരിപ്ലവകരവും പക്ഷപാതിത്വപരവുമായ നിരീക്ഷണത്തിൽ കേവലം ഭോഷത്തവും വൈരുദ്ധ്യാത്മകവുമായി തെറ്റിദ്ധരിക്കപ്പെടുന്ന ഈ വിഷയത്തിന്റെ സങ്കീർണ്ണതയും
അനന്തമായ അന്തസ്സാരവും പഠനത്തിലൂടെ മാത്രമെ ദൃശ്യമായി തുടങ്ങൂ. വിഷയത്തെ കുറിച്ച് അൽപ്പമെങ്കിലും പരിജ്ഞാനമുള്ളവരാണെങ്കിൽ, ഇസ്‌ലാം വിമർശകനാണെങ്കിൽ പോലും ഇസ്‌ലാമിലെ ദിവ്യവിധിയിലുള്ള വിശ്വാസത്തെ ഒരു പഠനാർഹമായ തത്വജ്ഞാന വീക്ഷണമായെ കാണാൻ കഴിയു. ഏറ്റവും ചുരുങ്ങിയത്, സ്വതന്ത്രേച്ഛയെ സംബന്ധിച്ച തത്വജ്ഞാന ചർച്ചകളിലെ വിയോജിപ്പുള്ള ഒരു ബൃഹത് അധ്യായമെങ്കിലുമായേ മനസ്സിലാക്കാനാകൂ.
വിഷയത്തിന്റെ ചരിത്രപരത അറിയാത്ത, പഠന സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറുപ്പുത്‌പാദകർക്കല്ലാതെ വിധിവിശ്വാസത്തെ ഭോഷത്വമായി തോന്നുകയില്ല.

“വിശ്വാസികൾ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ‘ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ?’ എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.”
(ക്വുർആൻ: 2:13)

(അവസാനിച്ചു)

print

2 Comments

  • വിധി വിശ്വാസം വളരെ സങ്കീർണമായ വിഷയം തന്നെയാണ് . അത് പൂർണമായും മനസിലാക്കാൻ മനുഷ്യന് കഴിയില്ല . ഇതുമായി ബന്ധപ്പെട്ട നിരവധി എഴുത്തുകൾ വായിക്കുകയും പ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്തിരുന്നു . എന്നാലിത് വേറിട്ട ഒരു എഴുത്ത് തന്നെയാണ്. നമ്മുടെ ഈമാൻ ബലപ്പെടുത്താൻ ഇതു പോലെയുള്ള എഴുത്തുകൾ വളരെയധികം ഉപകരിക്കും.

    SHAMEED P K 19.02.2024
  • വിധി വിശ്വാസത്തെ സംബന്ധിച്ച് നല്ലരീതിയിൽ മനസ്സിലാ ക്കണമെന്നുണ്ടായിരുന്നു ഈ 19 ലേഖനങ്ങളിലൂടെ കടന്നു പോയപ്പോൾ വളരെ ഗഹനമായ അറിവ് സംഭാധിച്ചതായി തോന്നുന്നു ഇതിൻ്റെ തൂലികക്കായി പരശ്രമിച്ച കൂട്ടാളികൾക്കും dr mishal sir നും വളരെയഥികം നന്ദി രേഖപ്പെടുത്തുന്നു جزاك الله خيراجزاء🔥💜💜💜💜..

    Shafin 22.04.2024

Leave a comment

Your email address will not be published.