ഇസ്‌ലാമിന്റെ യുദ്ധഭൂമിക -5

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -5
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -5
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -5

അന്നത്തെ സമൂഹങ്ങളിലെ അതിശക്തമായ അസഹിഷ്ണുതയാണ് അടുത്തതായി നാം മനസ്സിലാക്കാൻ ശ്രമിക്കുന്നത്:

മക്ക

ഇസ്‌ലാമുമായി മുഹമ്മദ് നബി (സ) നിയോഗിക്കപ്പെട്ട മക്കയിലെ അക്കാലഘട്ടത്തിലെ സാമൂഹിക ദുരവസ്ഥ തന്നെ ആദ്യമായി ചർച്ചക്കെടുക്കാം:

ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പുള്ള കാലഘട്ടത്തെ ജാഹിലിയ്യ അല്ലെങ്കിൽ ജാഹിലി കാലഘട്ടം എന്നാണ് ചരിത്ര ഗ്രന്ഥങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്നത്. ജാഹിലിയ്യ കാലഘട്ടത്തിലെ കവിയായ ദുറൈദിബ്നു സ്വിമയുടെ കവിതയിലെ വരികൾ അന്ന് അറബ് ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ പ്രകൃതിയും സ്വഭാവവും നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്:

ومَا أنَا إلا من غَزِيَّةَ إنْ غوَتْ
غوَيْتُ وإنْ تَرشُدْ غزَّيَةُ أَرْشُدِ

“ഞാൻ ഒരു സംഘത്തിന്റെ (ഗോത്രം) ഒരു ഭാഗം മാത്രമാണ്. ആ സംഘം വഴി പിഴച്ചാൽ ഞാനും വഴി പിഴച്ചു. ആ സംഘം നേർ ദിശ പ്രാപിച്ചാൽ ഞാനും ആ മാർഗം പിന്തുടരും…”

തന്റെ ഗോത്രം സ്വീകരിച്ച ജീവിത പദ്ധതിയും ധാർമിക പാതയും സംസ്കാരവും മതവുമൊക്കെ തന്നെ – അവ തെറ്റാകട്ടെ ശരിയാകട്ടെ, സന്മാർഗമാകട്ടെ ദുർമാർഗമാകട്ടെ – ഗോത്രത്തിൽ അംഗമായ സർവ്വരും അന്ധമായി പിന്തുടരുക. അഥവാ, പക്ഷപാതം അല്ലെങ്കിൽ വർഗീയത എന്ന് വിവർത്തനം നൽകപ്പെടാവുന്ന ‘അസ്വബിയ്യ’ (العصبية) ആയിരുന്ന അറബികളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന ശില. അവിടെ ഒരു പുത്തൻ ധർമ്മശാസ്ത്രത്തിനോ ജീവിത ശൈലിക്കോ ആദർശസംഹിതക്കോ സ്ഥാനമില്ല. അത്തരമൊരു നൂതനപാത ആരെങ്കിലും പരസ്യമായി പിന്തുടരുകയോ പ്രചരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഗോത്ര വ്യവസ്ഥക്ക് ഒരു ഭീഷണിയായി അത് മുദ്രകുത്തപ്പെടും. സർവ്വ ശക്തിയുമുപയോഗിച്ച് അതിനെ ഇല്ലാതാക്കാൻ ഏവരും ജാഗരൂകരാവും. ഇതായിരുന്നു അറേബ്യയിലെ വിശിഷ്യാ മക്കയിലെ ഗോത്ര വ്യവസ്ഥയുടെ സ്വഭാവം. സ്വാഭാവികമായും മുഹമ്മദ് നബി (സ) മക്കയിൽ പരസ്യ പ്രബോധനം ആരംഭിച്ച ഉടനെ “മുഹമ്മദേ, നിനക്ക് എന്നെന്നും നാശമുണ്ടാകട്ടെ/ നീ നശിച്ചുപോകട്ടേ” (تبا لك سائر اليوم) എന്ന് ആർത്തു വിളിച്ചു കൊണ്ടാണ് ഖുറൈശീ ഗോത്രങ്ങൾ അദ്ദേഹത്തെ വരവേറ്റത്.
(ഫത്ഹുൽ ബാരി: 8: 360, സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 4492)

ആരംഭദശയിൽ തന്നെ മക്കയിലെ ഖുറൈശി ഗോത്രങ്ങളുടെ പ്രമാണിമാരും അധികാരികളും ഇസ്‌ലാമിനെതിരെ ശത്രുത പുലർത്തി. പിന്നീട്, മക്കാ ജീവിത കാലഘട്ടത്തിൽ മുസ്‌ലിംകൾക്കുമേലുള്ള അക്രമങ്ങൾ അനുദിനം വർദ്ധിച്ചു വന്നു. ഇസ്‌ലാം സ്വീകരിച്ചവർക്ക് നേരെ മക്കയിലെ ഖുറൈശി പ്രമാണിമാർ അതി നിഷ്ടൂരമായ പീഢനമുറകളും ക്രൂരതകളും അഴിച്ചു വിട്ടു. ബിലാലിനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി നെഞ്ചിൽ കല്ല് വെച്ച്, കഴുത്തിൽ കയറു കെട്ടി വലിച്ചിഴച്ചു, ബഹുദൈവാരാധനക്ക് നിർബന്ധിച്ചു. (അൽ ഇസ്വാബ ഫീ തംയീസി സ്വഹാബ : ഇബ്നു ഹജർ)

സുമയ്യയെ കെട്ടിയിട്ടു തല്ലി, ഗുഹ്യാവയവത്തിൽ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി.
(ഉസ്ദുൽ ഗായ)

അമ്മാറിന്റെ തലയിൽ പഴുപ്പിച്ച ലോഹം വെച്ചും അടിച്ചും ദ്രോഹിച്ചു. ഖബ്ബാബിനെ തീ കനലിൽ തിരിച്ചും മറിച്ചും കിടത്തി പീഢിപ്പിച്ചു ! (ത്വബ കാത്തുൽ കുബ്റാ : ഇബ്നു സഅ്ദ്)

പ്രവാചകനേയും അനുചരന്മാരേയും അബൂ ത്വാലിബ് കുന്നിലേക്ക് ആട്ടിയോടിക്കുകയും സമ്പൂർണ്ണ ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്തു. പ്രവാചകാനുചരന്മാർക്ക് ദീർഘകാലം പട്ടിണി കിടക്കേണ്ടി വന്നു. (അർറഹീഖിൽ മഖ്തൂം: 1/97, സാദുൽ മആദ്: 2/ 46)

മരണ ഭയത്താൽ വിശ്വാസികൾ വിറ കൊണ്ടു.
“അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.” (ഖുർആൻ: 2:214)

അനുദിനം പീഢനങ്ങൾ അധികരിച്ച് വന്നപ്പോൾ അനുചരർ പ്രവാചകനെ സമീപിച്ച് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, താങ്കൾ സഹായത്തിനായി പ്രാർത്ഥിക്കുന്നില്ലേ ? താങ്കൾ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്നില്ലേ ?” പ്രവാചകൻ (സ) പ്രതിവചിച്ചു: “നിങ്ങൾക്ക് മുമ്പുള്ള സമുദായത്തിലെ ഒരു വിശ്വാസിയുടെ തലയിൽ ഈർച്ചവാൾ വെച്ച് തല മുതൽ കാല് വരെ പിളർത്തി മുറിക്കപ്പെട്ടിരുന്നു. അതൊന്നും മതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസത്തോടെയും അസ്ഥിയോടുകൂടെയും ചീകപ്പെട്ടിരുന്നു. അതൊന്നും മതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. അല്ലാഹുവാണേ സത്യം, അവൻ ഈ മതത്തെ പൂർണമാക്കുക തന്നെ ചെയ്യും; ഒരു യാത്രക്കാരൻ അല്ലാഹുവെ അല്ലാതെ മറ്റാരെയും ഭയപ്പെടാതെ, തന്റെ ആടുകളുടെ കാര്യത്തിൽ ചെന്നായയെ മാത്രം പേടിക്കുന്ന അവസ്ഥയിൽ (മതത്തിന്റെ കാര്യത്തിൽ നിർഭയനായി) സ്വൻആ മുതൽ ഹദർമൗത്തു വരെ സഞ്ചരിക്കുന്ന (ഒരു കാലം വരും).” (തഫ്സീറു ഇബ്നുകസീർ: 1:572 )

ആരാധനാ സ്വാതന്ത്ര്യം മുസ്‌ലിംകൾക്ക് നിഷേധിക്കപ്പെട്ടു. മത ചിഹ്നങ്ങളൊന്നും പരസ്യമാക്കാനുള്ള സ്വാതന്ത്ര്യം മക്കയുടെ മണ്ണിൽ ഇല്ലാതായി എന്നതാണ് ചരിത്രം:

മക്കയിൽ വിശ്വാസികൾ പീഢനങ്ങൾക്കിരയായപ്പോൾ പ്രവാചക ശിഷ്യൻ അബൂബക്കർ (റ) എത്യോപ്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങി. അവിശ്വാസിയാണെങ്കിലും അബൂബക്കറിനെ പോലെയുള്ള സൽസ്വഭാവികളോട് ആദരവ് വെച്ചുപുലർത്തിയിരുന്ന ഇബ്നു ദുഗന്ന എന്ന ഖുറൈശി നേതാവ് ‘ബർകുൽ ഗിമാദ്’ എന്ന സ്ഥലത്ത് വെച്ച് അബൂബക്കറിനെ കണ്ടുമുട്ടി. “അബൂബക്കറേ, എവിടേക്കാണ് പോകുന്നത് ?” എന്ന് ഇബ്നു ദുഗന്നയുടെ ചോദ്യത്തിന് അബൂബക്കർ (റ) ഇങ്ങനെ മറുപടി നൽകി: “എന്റെ സമൂഹം എന്നെ (എന്റെ നാട്ടിൽ നിന്ന്) പുറത്താക്കി. ഞാൻ ഭൂമിയിൽ സഞ്ചരിച്ച്, എന്റെ രക്ഷിതാവിന് ആരാധന ചെയ്യാൻ (മത സ്വാതന്ത്ര്യത്തിനായി) വേണ്ടി നാടു വിടുകയാണ്.” അപ്പോൾ ഇബ്നു ദുഗന്ന പറഞ്ഞു: “താങ്കളെ പോലെയുള്ളവർ (നല്ല മനുഷ്യർ) നാടുവിട്ടു പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യരുത്. താങ്കൾ ഇല്ലാത്തവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും കുടുംബ ബന്ധങ്ങൾ ചേർക്കുകയും മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കുകയും അതിഥിയെ ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഞാൻ താങ്കൾക്ക് അഭയം നൽകാം. താങ്കൾ മടങ്ങി പോവുക, താങ്കളുടെ നാട്ടിൽ തന്നെ താങ്കളുടെ രക്ഷിതാവിനെ ആരാധിച്ചു ജീവിക്കുക.”

അബൂബക്കർ (റ) തന്റെ വീടിനുള്ളിൽ രഹസ്യമായി ആരാധനാനുഷ്ഠാനങ്ങളുമായി കുറച്ച് കാലം കഴിച്ചുകൂട്ടി. പിന്നീട്, അദ്ദേഹം തന്റെ വീട്ടുമുറ്റത്ത് ഒരു നമസ്ക്കാര സ്ഥലം നിശ്ചയിക്കുകയും അവിടെ പരസ്യമായി ആരാധനകൾ അനുഷ്ഠിക്കാനും ഖുർആൻ പാരായണം ചെയ്യാനും തുടങ്ങിയപ്പോൾ അവിശ്വാസികളായ സ്ത്രീകളും അവരുടെ സന്താനങ്ങളും അദ്ദേഹത്തെ വന്നു വീക്ഷിക്കാൻ ആരംഭിച്ചു. അബൂബക്കർ ഖുർആൻ പാരായണം ചെയ്താൽ ധാരാളം കരയുമായിരുന്നു. ജനങ്ങൾ അദ്ദേഹത്തിന്റെ ആരാധനാ അനുഷ്ഠാനവും പാരായണ മാധുര്യവും കണ്ടും കേട്ടും ആശ്ചര്യഭരിതരായി ചുറ്റും കൂടാൻ തുടങ്ങിയപ്പോൾ ഖുറൈശി നേതാക്കൾ ഇബ്നുദുഗന്നയെ സമീപിച്ച്, അബൂബക്കറിന് പ്രഖ്യാപിച്ച അഭയ കരാർ പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇബ്നു ദുഗന്ന അവരുടെ ആവശ്യപ്രകാരം അഭയം നൽകുന്ന കരാർ ഒഴിവാക്കുകയും ചെയ്തു. (സ്വഹീഹു മുസ്‌ലിം: 1619 )

“നിന്റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക.” (ഖുർആൻ: 17: 110) മക്കയിൽ രഹസ്യമായി മാത്രം മതമനുഷ്ഠിക്കാൻ കഴിഞ്ഞിരുന്ന പീഢനങ്ങളുടെ കാലഘട്ടത്തിലാണ് ഈ ഖുർആൻ വചനം അവതീർണമായതെന്ന് പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറയുന്നു. ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്താൽ മക്കയിലെ ബഹുദൈവവിശ്വാസികൾ അല്ലാഹുവേയും പ്രവാചകനേയും ഖുർആനേയും തെറി വിളിക്കുകയും പീഢനമുറകൾ സ്വീകരിച്ച് വിശ്വാസികളെ അമർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു എന്നതിനാലാണ് “നിന്റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്” എന്ന് നിർദ്ദേശിക്കപ്പെട്ടത്. അതേ സമയം അനുയായിവൃന്ദത്തിന് കേൾക്കാൻ കഴിയുകയും വേണം. അതുകൊണ്ട് “വളരെ പതുക്കെയുമാക്കരുത്” എന്നും നിർദ്ദേശിച്ചു.
(തഫ്സീറുത്വബ്‌രി: സൂറത്തുൽ ഇസ്റാഅ്: 110 ആയത്തിന്റെ വ്യാഖ്യാനം)

ഖുർആൻ പാരായണം കേട്ടാൽ കൂക്കുവിളിയോടെ ആയിരുന്നു മക്കയിലെ അവിശ്വാസികൾ സ്വാഗതം ചെയ്യുക.

“സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്‌. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.” (ഖുർആൻ : 41:26)

ഇബ്നു ഹിശാം പറയുന്നു:
“ഖുറൈശീ നേതാവായിരുന്ന അബൂ ജഹ്ൽ, മഹിമയും സാമൂഹിക സ്വാധീനവുമുള്ള ഒരാൾ ഇസ്‌ലാം സ്വീകരിച്ചു എന്ന് കേട്ടാൽ അയാളെ പൂർവ്വമതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുകയും കഴിയാതെ വന്നാൽ അയാളെ സമൂഹത്തിന് മുന്നിൽ നാണം കെടുത്താനും അപമാനിക്കാനും പണിയെടുക്കുമായിരുന്നു. അയാളെ അബൂജഹ്ൽ ഭീഷണിപ്പെടുത്തും: “നിന്റെ പിതാവ് നിന്നേക്കാൾ ഉത്തമനായിരിക്കെ അദ്ദേഹത്തിന്റെ മതം നീ ഉപേക്ഷിച്ചോ ?! നിന്റെ ബുദ്ധിയും മഹിമയുമെല്ലാം സമൂഹത്തിനു മുന്നിൻ ഞങ്ങൾ ഇകഴ്ത്തുക തന്നെ ചെയ്യും. നിന്റെ കച്ചവടം ഞങ്ങൾ നഷ്ടത്തിലാക്കുകയും നിന്റെ സമ്പത്ത് ഞങ്ങൾ നശിപ്പിക്കുകയും തന്നെ ചെയ്യും.” ശേഷം അയാൾ ദുർബലനാണെങ്കിൽ അയാളെ പൊതിരെ തല്ലുകയും ഭയപ്പെടുത്തുകയും ചെയ്യും.” (സീറത്തു ഇബ്നു ഹിശാം : 1/395)

മുഹമ്മദ് നബിയെ (സ) വാചികമായും ശാരീരികമായും ഖുറൈശികൾ പീഡിപ്പിച്ചു. അദ്ദേഹത്തെ ‘മുഹമ്മദ്’ (സ്തുതിക്കപ്പെട്ടവൻ) എന്നതിന് പകരം ‘മുദമ്മം’ (ആക്ഷേപിക്കപ്പെട്ടവൻ) എന്നാണ് അവർ വിളിച്ചത്. (സ്വഹീഹുൽ ബുഖാരി: 3533)

ഒരിക്കൽ ‘മുഹമ്മദിന്റെ മുഖം മണ്ണിലിട്ട് വലിച്ചിഴക്കാൻ’ അബൂ ജഹ്ൽ തന്റെ കൂട്ടാളികളോട് ഒരു പന്തയം വെച്ചു. അതിനായി ഒരുങ്ങി പുറപ്പെട്ട അബൂജഹ്‌ലിന് അത് സാധിക്കാത്ത വിധം അല്ലാഹു പ്രവാചകന് മലക്കുകളാൽ സംരക്ഷണം നൽകി. “മുഹമ്മദിന്റെ മുന്നിൽ ഒരു തീക്കുണ്ടാരം കണ്ടു ! (അതിനാൽ അവനിലേക്ക് അടുക്കാൻ സാധിച്ചില്ല)” എന്ന് കൂട്ടാളികളോട് അബൂജഹ്ൽ പറഞ്ഞു. (സ്വഹീഹു മുസ്‌ലിം: 5134)

ഒരിക്കൽ പ്രവാചകൻ (സ) നമസ്ക്കരിക്കുന്നതിനിടയിൽ ഉക്ബത്തിബ്നു അബീ മുഗൈത്ത് എന്ന ഖുറൈശി നേതാവ് തന്റെ ഷാൾ പ്രവാചകന്റെ കഴുത്തിലൂടെ ഇട്ട് വലിച്ച്, ശ്വാസം മുട്ടിച്ച് വധിക്കാൻ ശ്രമിക്കുകയുണ്ടായി. അപ്പോൾ അബൂബക്കർ (റ) അത് കാണുകയും ഉക്ബയെ തള്ളി മാറ്റുകയും ചെയ്തു കൊണ്ട് ചോദിച്ചു: “തന്റെ രക്ഷിതാവ് അല്ലാഹുവാണ് (ഏക ദൈവമാണ്) എന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരു മനുഷ്യനെ വധിക്കുകയാണോ…”
(സ്വഹീഹുൽ ബുഖാരി: 3475)

മറ്റൊരിക്കൽ, പ്രവാചകൻ (സ) നമസ്ക്കരിക്കവെ സാഷ്ടാംഗം നിർവഹിക്കുന്ന സമയം, അദ്ദേഹത്തിന്റെ തോളിൽ ഖുറൈശികൾ, ഒട്ടകത്തിന്റെ കുടൽമാല കൊണ്ടുവന്നിട്ടു. പ്രവാചകൻ (സ) സാഷ്ടാംഗത്തിൽ നിന്ന് ഉയരാൻ കഷ്ടപ്പെടുന്നത് കണ്ട് ഖുറൈശികൾ ആർത്തട്ടഹസിച്ച് ഉല്ലസിച്ചു. (സ്വഹീഹുൽ ബുഖാരി: 237)

ഒരു തവണ, ഖുറൈശികൾ പ്രവാചകനെ പൊതിരെ തല്ലുകയുണ്ടായി, അദ്ദേഹം ബോധക്ഷയം വന്ന് വീഴാൻ പോയപ്പോൾ സുഹൃത്ത് അബൂബക്കർ വന്ന് അദ്ദേഹത്തെ പിടിച്ചു. ഖുറൈശികളോട് ‘എന്തിനീ ക്രൂരതകൾ ചെയ്യുന്നു’ എന്ന് ചോദിച്ച അബൂബക്കറിനെയും ഖുറൈശികൾ തല്ലാനാരംഭിച്ചു. (ഫത്ഹുൽ ബാരി: 12/22: ഹ: 2934)

ഉതൈബ എന്ന ഖുറൈശീ നേതാവ് പ്രവാചകന്റെ വസ്ത്രം കീറുകയും മുഖത്ത് തുപ്പുകയും ചെയ്തു. ഉമ്മു ജമീൽ എന്ന സ്ത്രീ അദ്ദേഹത്തെ കല്ലെറിഞ്ഞു. അദ്ദേഹം നടക്കുന്ന വഴിയിൽ തടസങ്ങൾ നിക്ഷേപിച്ചു. മക്കക്കാർ പല തവണ മർദ്ദിച്ച് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും രക്തമൊഴുക്കിയിട്ടുണ്ട്. (അസ്സീറത്തുന്നബവിയ്യ ഫീ ദൗഇൽ മസ്വാദിരിൽ അസ്ലിയ: മഹ്ദീ രിസ്കുല്ലാ: 181)

ഇസ്‌ലാം പരസ്യമായി അനുഷ്ഠിക്കാനോ, പ്രഖ്യാപിക്കാനോ പ്രബോധനം ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം മക്കയിൽ പൂർണമായും നിഷേധിക്കപ്പെട്ടിരുന്നു.

കുർആൻ ഉറക്കെ പാരായണം ചെയ്ത അബ്ദുല്ലാഹിബ്നു മസ്ഊദിനെ ഖുറൈശികൾ പൊതിരെ തല്ലി. അദ്ദേഹത്തിന്റെ മുഖത്ത് മുറിവുകൾ വരുത്തി. (സീറത്തു ഇബ്നു ഇസ്ഹാക്: 1:388)

മസ്ജിദുൽ ഹറാമിനരികിൽ ഇസ്‌ലാമിനെ സംബന്ധിച്ച് പ്രസംഗിച്ചതിന് പ്രവാചക ശിഷ്യൻ അബൂബക്കറിനെ ഖുറൈശികൾ അടിച്ചു വീഴ്ത്തി. ഉത്ബത്തിബ്നു റബീഅ തന്റെ ചെരുപ്പൂരി അബൂബക്കറിന്റെ മുഖത്തടിച്ചു. അദ്ദേഹത്തിന്റെ മുഖവും മൂക്കും തിരിച്ചറിയാൻ കഴിയാത്ത വണ്ണം മുഖത്ത് രക്തം തളം കെട്ടി നിന്നു. ബനൂ തൈം ഗോത്രക്കാർ വന്നാണ് അദ്ദേഹത്തെ കൊല്ലപ്പെടുന്നതിൽ നിന്നും രക്ഷിച്ചത്.
(അൽ ബിദായ വന്നിഹായ: 3/33)

ഉസ്മാനുബ്നു അഫ്ഫാൻ (റ) മുസ്‌ലിമായപ്പോൾ അദ്ദേഹത്തിന്റെ പിതാമഹൻ ഹകമിബ്നു അബിൽ ആസ് എന്ന ഖുറൈശീ നേതാവ് അദ്ദേഹത്തെ കെട്ടിയിട്ടു. ഇസ്‌ലാം ഉപേക്ഷിക്കാതെ വിടില്ല എന്ന് ഭീഷണിപ്പെടുത്തി. ഇസ്‌ലാം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉസ്മാൻ (റ) സത്യം ചെയ്ത് പറയുകയും നിലപാടിൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്യുന്നത് കണ്ടപ്പോൾ അലിവു തോന്നി പിതാമഹൻ അദ്ദേഹത്തെ വിട്ടയച്ചു. (ത്വബക്കാത്തു ഇബ്നു സഅ്ദ്: 3:55)

ഉമറിനെ (റ) ഖുറൈശികൾ വധിക്കാൻ ശ്രമിച്ചെങ്കിലും ആസിബ്നു വാഇൽ അദ്ദേഹത്തെ രക്ഷിക്കുകയുണ്ടായി.

ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരിൽ ഉസ്മാനുബ്നു മള്ഊനിന്റെ (റ) ഒരു കണ്ണ് ഖുറൈശികൾ കുത്തി പൊട്ടിച്ചു.
(ദലാഇലുന്നുബുവ്വ: ബൈഹഖി: 2:292)

അബൂദർറുൽ ഗിഫാരിയെ (റ) മക്കക്കാർ പലതവണ തല്ലി, അദ്ദേഹം ബോധരഹിതനായി വീഴുമായിരുന്നു. (ഫത്ഹുൽ ബാരി: 14/33: ഹ: 3522, സ്വഹീഹു മുസ്‌ലിം: 2473)

ഈ പീഢനങ്ങളും ക്രൂരതകളും ഒക്കെ സഹിച്ച് പത്തു വർഷം പ്രവാചകനും അനുചരന്മാരും മക്കയിൽ ജീവിച്ചു. മത സ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും വകവെച്ചു നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തന്നെ സഹായിക്കാനായി, ഹജ്ജിന്റെ സീസണിൽ മക്കയിലേക്ക് കച്ചവടത്തിനും തീർത്ഥാടനത്തിനുമായി വന്നു ചേരുന്ന അന്യ നാടുകളിലെ ഗോത്രക്കാരോട് പ്രവാചകൻ (സ) അപേക്ഷിച്ചു കൊണ്ടിരുന്നു. “എന്റെ നാഥന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ആരാണ് എന്നെ സഹായിക്കുക ? ആരാണ് (ഖുറൈശികളുടെ പീഢനങ്ങളിൽ നിന്ന്) എനിക്ക് അഭയം നൽകുക?” എന്ന് പ്രവാചകൻ അവരോട് ചോദിച്ചു കൊണ്ടേയിരുന്നു. (മുസ്നദു അഹ്‌മദ്: 14456, സ്വഹീഹു ഇബ്നു ഹിബ്ബാൻ: 6274, മജ്മഉ സവാഇദ്: ഹൈസമി 6:49)

പക്ഷെ, ഒരു പതിറ്റാണ്ട് കാലം ആരും അദ്ദേഹത്തെ പരിഗണിച്ചു പോലുമില്ല. അവസാനം, അല്ലാഹുവിന്റെ സഹായം യസ്‌രിബ് ദേശത്തു നിന്ന് എത്തി ചേർന്നു.
മദീന എന്ന് പിന്നീടറിയപ്പെട്ട യസ്‌രിബ് എന്ന നാട്ടിലെ ചിലർ പ്രവാചകനിൽ വിശ്വസിക്കുകയും തങ്ങളുടെ നാട്ടിൽ ഇസ്‌ലാമിനും മുസ്‌ലീംകൾക്കും സ്വാതന്ത്ര്യവും നിർഭയത്വവും നൽകാമെന്ന് ഉടമ്പടി ചെയ്യുകയുമുണ്ടായി. അങ്ങനെ ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മക്കയിൽ നിന്നും യസ്‌രിബ് അഥവാ മദീനയിലേക്ക് പലായനം ചെയ്യാൻ പ്രവാചകനും (സ) അനുചരന്മാരും തീരുമാനിച്ചു. മുസ്‌ലീംകൾ തങ്ങൾ സൃഷ്ടിച്ച പീഢന ഭൂമിയിൽ നിന്ന് രക്ഷപ്പെടുകയാണെന്ന് കണ്ട ഖുറൈശികൾ പ്രവാചകനെ വധിക്കാനും മുസ്‌ലീംകളെ പലായനത്തിൽ നിന്നും തടയുവാനും പലവുരു പരിശ്രമിച്ചു:

“നിന്നെ ബന്ധസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദര്‍ഭം) ഓര്‍ക്കുക.”
(ഖുര്‍ആന്‍ 8 :30)

പ്രവാചകൻ (സ) പലായനത്തിന് തയ്യാറായ രാത്രി, വ്യത്യസ്ഥ ഗോത്രങ്ങളില്‍ നിന്നായി കരുത്തരായ പതിനൊന്നു പേരടങ്ങുന്ന ഖുറൈശി സംഘം ആബൂ ജഹലിന്റെ നേതൃത്വത്തില്‍ പ്രവാചകന്റെ (സ) വീട് വളയുകയും, പ്രവാചകൻ (സ) പുറത്തു വരുമ്പോൾ അദ്ദേഹത്തെ വധിക്കാൻ കാത്തു നിൽക്കുകയും ചെയ്തു. എന്നാൽ ഖുറൈശികളുടെ കുതന്ത്രത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. അദ്ദേഹം പുറത്തു വരുന്നതും കാത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന ശത്രുക്കളെയെല്ലാം അല്ലാഹു നിദ്രയിലാഴ്ത്തി. ഈ അവസരം പ്രവാചകൻ അവരിൽ നിന്നും രക്ഷപ്പെട്ടു.

മുഹമ്മദിനെ വഴിയിൽ വെച്ച് പിടികൂടുന്നവർക്ക് നൂറ് ഒട്ടകങ്ങൾ പാരിതോഷികമായി ഖുറൈശികൾ പ്രഖ്യാപിച്ചു. മദീനയിലേക്കുളള വഴി പല തവണ പലരും അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന, ശിഷ്യൻ അബൂബക്കറിനേയും പിടികൂടാൻ ശ്രമിച്ചെങ്കിലും അല്ലാഹു അവർക്ക് രക്ഷ നൽകി. ഒരു തവണ, ശത്രുക്കൾ പിന്തുടർന്നപ്പോൾ പ്രവാചകനും (സ) അബൂബക്കറും സൗർ ഗുഹയിൽ കയറി ഒളിച്ചതും ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവാധീനത്താൽ രക്ഷപ്പെട്ടതും ഖുർആൻ പരാമർശിക്കുന്നുണ്ട്.

“സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം…” (ഖുർആൻ: 9:40)

ശത്രുക്കളിൽ ചിലര്‍ പ്രവാചകനും(സ) അബൂബക്കറും(റ) ഒളിച്ചിരുന്ന ഗുഹയുടെ അടുത്തെത്തുകയുണ്ടായി. അപ്പോൾ അബൂബക്കര്‍ (റ) പറഞ്ഞു: “പ്രവാചകരേ, ശത്രുക്കള്‍ നമ്മുടെ അടുത്തെത്തിയിരിക്കുന്നു. അവരൊന്നു കുനിഞ്ഞു നോക്കിയാല്‍ നമ്മൾ പിടിക്കപ്പെടും. അപ്പോൾ പ്രവാചകന്‍ (സ) പറഞ്ഞു: “അബൂബക്കറേ, സമാധാനപ്പെടൂ, ദുഖിക്കരുത്. അല്ലാഹു നമ്മോടൊപ്പമുണ്ട് ”

മക്കയോട് വിടപറയുമ്പോൾ അവസാനമായി, മക്കയെ സംബോധന ചെയ്ത് അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“(മക്കേ,) നീ എത്ര നല്ല നാട്, എനിക്ക് എത്ര പ്രിയപ്പെട്ട ഭൂമി. നിന്റെ സമൂഹം എന്നെ പുറത്താക്കിയില്ലായിരുന്നെങ്കിൽ മറ്റൊരു നാട്ടിലും ഞാൻ താമസിക്കില്ലായിരുന്നു. നിന്നെ വിട്ട് മറ്റൊരു നാട്ടിലേക്കും ഞാൻ പുറപ്പെടില്ലായിരുന്നു.”
(സുനനു തുർമുദി: 3926, തഫ്സീറു ത്വബ്‌രി: 26/ 48, തഫ്സീറു ഇബ്നു കസീർ: 4/ 176)

ഇസ്‌ലാം സ്വീകരിച്ച അബൂ ജന്ദലിനെ പിതാവ് സുഹൈൽ ചങ്ങലക്കിടുകയുണ്ടായി. മക്ക വിടാൻ ഉദ്ദേശിച്ചപ്പോൾ മർദ്ദനമുറകൾ അദ്ദേഹത്തിനു മേൽ നടപ്പാക്കി.

റോമക്കാരനായ സുഹൈബ് (റ), മക്കയിൽ വന്ന് താമസിച്ച ഒരു വ്യക്തിയായിരുന്നു. മക്കയിൽ വെച്ച് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകാനുചരന്മാർ മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മക്കയിലെ സത്യനിഷേധികൾ അദ്ദേഹത്തെ സായുധരായി നേരിടുകയും, നാടു വിടുകയാണെങ്കിൽ അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ മക്കയിൽ ഉപേക്ഷിക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സുഹൈബ് (റ) തന്റെ സമ്പാദ്യം മുഴുവൻ മക്കക്കാർക്ക് വിട്ടു കൊടുത്തു. (സ്വഹീഹു ഇബ്നു ഹിബ്ബാൻ: 7207)

അബൂസലമയും ഭാര്യ ഉമ്മു സലമയും മകനും ഇസ്‌ലാം സ്വീകരിച്ചിരുന്നു. അബൂസലമ കുടുംബസമേതം മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയപ്പോൾ മക്കയിലെ സത്യനിഷേധികൾ അവരെ തടഞ്ഞു. ബനൂ അബ്ദുൽ അസദുകാർ അബൂ സലമയുടെ പിഞ്ചു മകനെ, ‘ഞങ്ങളുടെ ഗോത്രത്തിൽ ജനിച്ച ബാലനെ മദീനയിലേക്ക് വിട്ടയക്കില്ലെന്ന് ‘ ആക്രോശിച്ച് ബലമായി പിടിച്ചു കൊണ്ടുപോയി. ബനുൽ മുഗീറ ഗോത്രക്കാർ അബൂസലമയുടെ ഭാര്യ ഉമ്മു സലമയെ പിടിച്ചു കൊണ്ട് പോയി വീട്ടുതടങ്കലിൽ പാർപ്പിച്ചു. അങ്ങനെ അബൂസലമ തന്റെ ഭാര്യയേയും മകനേയും നഷ്ടമായ നിലയിലാണ് മദീനയിലേക്ക് പലായനം ചെയ്തത്. ഉമ്മു സലമ, തന്റെ മകനേയും പ്രിയതമനേയും ഓർത്ത് മട്ടുപ്പാവിലിരുന്നു എന്നും കരഞ്ഞു കൊണ്ടേയിരുന്നു. ഒരു കൊല്ലത്തോളം, വേർപാടിന്റെ വേദനയിൽ മട്ടുപ്പാവിലിരുന്ന് കരയുന്ന ഉമ്മു സലമയെ കണ്ട് അലിവ് തോന്നിയ അവരുടെ പിതാമഹന്റെ മകനാണ് അവരേയും അവരുടെ മകനേയും രക്ഷപ്പെടുത്തി, മദീനയിൽ ഭർത്താവിന്റെ അടുത്തേക്ക് അയച്ചത്.(സീറത്തു ഇബ്നു ഹിശാം: 1:469)

സ്വന്തം നാടും വീടും കുടുംബവുമെല്ലാം വിട്ടെറിഞ്ഞ് മദീനയിലേക്ക് മതസ്വാതന്ത്ര്യത്തിനായി പലായനം ചെയ്ത മുസ്‌ലിംകളെ മക്കയിലെ പ്രമാണിമാർ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. മുസ്‌ലിംകളുടെ നാട്ടിൽ അഥവാ മദീനയിൽ ചെന്ന് ബദർ, ഉഹ്ദ്, ഖന്ദക്ക് തുടങ്ങിയ യുദ്ധങ്ങളിലൂടെ മക്കയിൽ നിന്നുള്ള ശത്രു സംഘം മുസ്‌ലിംകളുമായി നിരന്തരം സായുധ സമരങ്ങൾ നടത്തി കൊണ്ടിരുന്നു.

ത്വാഇഫുകാർ

മക്കയിലെ കൊടിയ പീഢനങ്ങൾക്കിടയിൽ, അഭയം തേടി പ്രവാചകൻ (സ) ത്വാഇഫ് നിവാസികളുടെ അടുത്ത് ചെല്ലുകയുണ്ടായി. പക്ഷെ ത്വാഇഫിലെ സഖീഫ്, ദൗസ് തുടങ്ങിയ ഗോത്രങ്ങൾ അദ്ദേഹത്തെ കയ്യൊഴിയുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്തു. ത്വാഇഫുകാർ രണ്ടു വരിയായി നിന്ന് പ്രവാചകനു നേരെ കല്ലെറിഞ്ഞെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും രക്തമൊഴുകിയെന്നും പറയപ്പെടുന്നു. (അസ്സീറത്തുന്നബവിയ്യ: 2:151)

ഇബ്നു അബ്ദു യാലൈലിനെ പോലെയുള്ള ത്വാഇഫ് നേതാക്കളോട് പ്രവാചകൻ (സ) സഹായമഭ്യർത്ഥിച്ചപ്പോൾ മത സ്വാതന്ത്ര്യവും നിർഭയത്വവും തങ്ങളുടെ നാട്ടിൽ പ്രതീക്ഷിക്കേണ്ടെന്ന് ത്വാഇഫ് നേതാക്കൾ മറുപടി നൽകി. വിഷണ്ണനായി മക്കയിലെ പീഢന ഭൂമിയിലേക്ക് മടങ്ങവെ പർവ്വതങ്ങളുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്ക് വന്നു കൊണ്ട് പ്രവാചകനോട് പറഞ്ഞു: “താങ്കൾ ഇഷ്ടമുള്ളത് കൽപ്പിക്കുക. താങ്കൾ ഉദ്ദേശിക്കുകയാണെങ്കിൽ രണ്ട് പർവ്വതങ്ങൾ അവരുടെ മേൽ പതിച്ചു കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം.” അപ്പോൾ പ്രവാചകന്റെ(സ) മറുപടി ഇപ്രകാരമായിരുന്നു: “അരുത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനിൽ ഒന്നിനേയും പങ്കു ചേർക്കാത്ത സന്താനങ്ങളെ അവരിൽ നിന്നും അല്ലാഹു ജനിപ്പിച്ചിരുന്നെങ്കിൽ എന്നതാണ് എന്റെ പ്രത്യാശ.”
(സ്വഹീഹുൽ ബുഖാരി: 3231, സ്വഹീഹു മുസ്‌ലിം: 1795)

ത്വാഇഫുകാരുടെ നേതാക്കളിൽ ഒരാളായ ഉർവത്തിബ്നു മസ്ഊദ് പ്രാവാചകനെ, അദ്ദേഹം മദീനയിലായിരിക്കെ വന്ന് കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. നാട്ടിലേക്ക് തിരിച്ചു പോകാൻ പ്രവാചകനോട് അനുവാദം തേടിയ ഉർവയോട് അദ്ദേഹം പറഞ്ഞു: “താങ്കളെ അവർ വധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. “ഉർവ പറഞ്ഞു: “ഞാൻ ഉറങ്ങുകയാണെങ്കിൽ അവരെന്നെ ഉണർത്തുക പോലുമില്ല.” അപ്പോൾ പ്രവാചകൻ (സ) അദ്ദേഹത്തിന് അനുവാദം നൽകി. ത്വാഇഫിലേക്ക്, മുസ്‌ലിമായി മടങ്ങി എത്തിയ ഉർവയുടെ അടുത്ത് സകീഫ് ഗോത്രക്കാർ സന്ദർശനത്തിനായി വന്നപ്പോൾ അവരെ അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അപ്പോൾ അവരദ്ദേഹത്തോട് കോപിക്കുകയും അദ്ദേഹത്തെ ചീത്തവിളിക്കുകയും അദ്ദേഹം പ്രതീക്ഷിക്കാതിരുന്ന പല ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തു. പുലർച്ചെ തന്റെ മുറിയിൽ നമസ്ക്കരിക്കവെ ഉർവ്വയെ അദ്ദേഹത്തിന്റെ ഗോത്രക്കാർ അമ്പെയ്ത് കൊന്നു കളഞ്ഞു. (മുഅ്ജമുൽ കബീർ: 374)

മക്ക വിജയത്തിന്റെ വിവരമറിഞ്ഞ ത്വാഇഫുകാരും പരിസര പ്രദേശക്കാരും മുസ്‌ലിംകളുമായി യുദ്ധത്തിനൊരുങ്ങി. ത്വാഇഫിലെ പ്രമുഖ ഗോത്രമായ സകീഫ് ഗോത്രം ഹവാസിൻ ഗോത്രക്കാരുമായി സഖ്യമുണ്ടാക്കി. മുസ്‌ലിംകൾക്കെതിരിൽ കൊലവിളിയുമായി അവ്ത്വാസ് താഴ്‌വരയിൽ അവർ സമ്മേളിച്ചു. (ഫത്ഹുൽ ബാരി: 8/ 27, സീറത്തു ഇബ്നു ഹിശാം: 4/87, ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: 2/324)

ഹുദൈൽ, അദല് – ക്വാറ ഗോത്രങ്ങൾ

ഹിജ്റ മൂന്നാം വർഷമാണ് റജീഅ് സംഭവം നടക്കുന്നത്. ഹിജ്റ നാലാം വർഷത്തിന്റെ ആരംഭത്തിലാണ് ബിഅ്റു മഊന സംഭവം നടക്കുന്നത്. (ഫത്ഹുൽ ബാരി: 7:380)

റജീഅ് ദുരന്തത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം രണ്ട് തരമായി ചരിത്രത്തിൽ നാം കാണുന്നു.

ഒന്ന്, അദല് – ക്വാറ തുടങ്ങിയ ഗോത്രങ്ങളിൽ നിന്ന് ഒരു സംഘം പ്രവാചകനെ (സ) സമീപിച്ച്, ‘ഞങ്ങൾ മുസ്‌ലിംകളായിരിക്കുന്നു എന്നും ഞങ്ങൾക്ക് ഖുർആൻ പഠിപ്പിച്ചു തരാൻ കുറച്ച് അനുചരന്മാരെ ഞങ്ങളോടൊപ്പം ഞങ്ങളുടെ നാട്ടിലേക്ക് അയച്ചു തരണമെന്നും’ പറയുകയുണ്ടായി. (മുസ്‌ലിംകളെ കളവ് പറഞ്ഞ് കൂടെ കൊണ്ട് പോയി വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം). ഇതറിയാതെ പ്രവാചകൻ (സ) കുറച്ചു ശിഷ്യന്മാരെ അവരെ ഖുർആൻ പഠിപ്പിക്കാനായി അവരോടൊപ്പം അയച്ചു എന്നാണ് ഇബ്നു ഇസ്ഹാക്കിന്റെയും മൂസബ്നു ഉഖ്ബയുടേയും ചരിത്ര ഗ്രന്ഥങ്ങളിൽ, റജീഅ് ദുരന്തത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഫത്ഹുൽ ബാരി: 7:380)

രണ്ട്, മക്കക്കാർ മുസ്‌ലിംകൾക്കെതിരെ വല്ല യുദ്ധ പദ്ധതിയും ആവിഷ്ക്കരിക്കുന്നുണ്ടോ എന്ന് രഹസ്യമായി അറിയാൻ ഒരു വിഭാഗത്തെ പ്രവാചകൻ (സ) ദൗത്യമേൽപ്പിച്ചയച്ചു എന്നാണ് സ്വഹീഹുൽ ബുഖാരിയിൽ ഈ ദുരന്തത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (സ്വഹീഹുൽ ബുഖാരി: 3045)

ഈ നിവേദനങ്ങൾ രണ്ടും കൂട്ടി വായിച്ചാൽ, രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പ്രവാചകൻ (സ) തന്റെ ശിഷ്യന്മാരെ നിയോഗിച്ചയത് എന്ന് മനസ്സിലാക്കാം: അദല് – ക്വാറ ഗോത്രങ്ങൾക്ക് ഖുർആൻ പഠിപ്പിക്കാനും മക്കയിലെ സത്യനിഷേധികൾ മുസ്‌ലിംകളോട് യുദ്ധത്തിനായി പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ എന്ന് രഹസ്യമായി അറിയാനും.

അങ്ങനെ റജീഅ് തടാകത്തിനടുത്തെത്തിയപ്പോൾ, അദല് – ക്വാറ ഗോത്രങ്ങൾ മുസ്‌ലിം സംഘത്തെ വഞ്ചിച്ചു. അവർ ഹുദൈൽ ഗോത്രക്കാരെ വിളിച്ചു വരുത്തി. തങ്ങൾ യുദ്ധമോ കലാപമോ ലക്ഷ്യം വെച്ചല്ല വന്നത് എന്നും മക്കക്കാരുടെ പദ്ധതി അറിയുകയും ഖുർആൻ പഠിപ്പിക്കുകയും മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും മുസ്‌ലിംകൾ പല തവണ പറഞ്ഞുവെങ്കിലും, തങ്ങൾക്ക് യാതൊരു ഉപദ്രവവും ഇതുവരെ ചെയ്തിട്ടില്ലാത്ത മുസ്‌ലിംകളെ കശാപ്പ് ചെയ്യുക തന്നെയായിരുന്നു ഹുദൈൽ ഗോത്രക്കാരുടെ ലക്ഷ്യം.

മുസ്‌ലിം സംഘത്തിലുണ്ടായിരുന്ന ആസിമിന്റെ ശിരസ്സ് ഛേദിച്ച് സലാഫ ബിൻത്ത് സഅദിന് വിൽക്കാനായി ഹുദൈൽ ഗോത്രക്കാർ ഉദ്ദേശിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. (മക്കക്കാരിയായ സലാഫ ആസിമിന്റെ തലയോട്ടിയിൽ മദ്യം കുടിക്കുമെന്ന് നേർച്ച ചെയ്തിരുന്നു.) ഛേദിക്കപ്പെട്ട ശിരസിൽ തേനീച്ചകളെ കൊണ്ട് പൊതിഞ്ഞ് അല്ലാഹു ശത്രുക്കളിൽ നിന്ന് ആസിമിന്റെ ശിരസിന് രക്ഷ നൽകി. തേനീച്ചകൾ പാറിപോയതിന് ശേഷം ശിരസ് കൈപ്പറ്റാം എന്ന് കരുതി, പിന്നീടെപ്പഴോ വന്ന് തിരഞ്ഞപ്പോൾ അത് വെള്ളത്തിൽ ഒഴുകി പോയതായി ഹുദൈലുകാർ മനസ്സിലാക്കി. സംഘത്തിൽ ഖുബൈബ്, സൈദ് എന്നിവരൊഴികെ ബാക്കി എല്ലാവരേയും ഹുദൈൽ ഗോത്രക്കാർ വധിച്ചു. ഖുബൈബിനേയും സൈദിനേയും ഹുദൈലുകാർ മക്കക്കാർക്ക് വിറ്റു. ബന്ദിയാക്കപ്പെട്ട ഖുബൈബിനെ വില കൊടുത്ത് വാങ്ങിയത് ഹാരിസിബ്നു ആമിറിന്റെ മക്കളാണ്. ബദ്ർ യുദ്ധത്തിൽ ഹാരിസിബ്നു ആമിറിനെ വധിച്ചത് ഖുബൈബായിരുന്നു. അതിനുള്ള പ്രതികാരമായി, ആമിറിന്റെ മക്കൾ അടിമയാക്കി ഖുബൈബിനെ വാങ്ങി വീട്ടിൽ ഒരിടത്ത് ബന്ദിയായി കെട്ടിയിട്ടു.

ഉബൈദിബ്നു ഇയ്യാദ് പറയുന്നു: ഹാരിസിന്റെ മകൾ പറയുകയുണ്ടായി: “ഖുബൈബിനെ വധിക്കാൻ ഹാരിസിന്റെ മക്കൾ തീരുമാനിച്ചപ്പോൾ അവരോട് തന്റെ ഗുഹ്യാവയവങ്ങളിലെ രോമം വടിക്കാനായി ഒരു കത്തി ഖുബൈബ് ആവശ്യപ്പെട്ടു. ഞാൻ ഒരു കത്തി അദ്ദേഹത്തിനു നൽകി. എന്റെ ഒരു മകൻ കളിച്ചുകൊണ്ട് അദ്ദേഹത്തിനടുത്തു ചെന്നപ്പോൾ അദ്ദേഹം അവനെ മടിയിലിരുത്തി കളിപ്പിച്ചു. അദ്ദേഹത്തിനടുത്ത് ആ കത്തിയുമുണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചരണ്ടു. എന്റെ മുഖത്തെ പരിഭ്രാന്തി തിരിച്ചറിഞ്ഞ അദ്ദേഹം ചോദിച്ചു: “ഞാൻ ഈ കുട്ടിയെ കൊല്ലുമെന്ന് നീ ഭയക്കുന്നുവോ ? ഇല്ല, ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല.”
അല്ലാഹുവാണെ, ഖുബൈബിനേക്കാൾ ശ്രേഷ്ടനായ ഒരു ബന്ദിയേയും ഞാൻ ഒരിക്കലും കണ്ടിട്ടില്ല.” (സ്വഹീഹുൽ ബുഖാരി: 3045)

ശത്രുക്കൾ ഖുബൈബിന്റെ ശരീരത്തിൽ നിന്ന് മാംസങ്ങൾ മുറിച്ചെടുക്കുകയും അദ്ദേഹത്തെ ക്രൂശിക്കുകയും ചെയ്തു. “നിന്റെ സ്ഥാനത്ത് ഈ ശിക്ഷക്ക് വിധേയമാകുന്നത് മുഹമ്മദായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ” എന്ന് ഖുറൈശികൾ ചോദിച്ചപ്പോൾ മരണാസന്നനായ ഖുബൈബ് ഇപ്രകാരം മറുപടി നൽകി: “അല്ലാഹുവാണെ ഞാൻ എന്റെ കുടുംബത്തിലായിരിക്കുകയും മുഹമ്മദ് നബിയുടെ ശരീരത്തിൽ ഒരു മുള്ളു തറക്കുകയും ചെയ്യുന്നത് പോലും ഞാൻ തൃപ്തിപ്പെടില്ല…”

സൈദിബ്നു ദുസന്നയേയും വധിക്കുന്നതിന് മുമ്പ് ഖുറൈശികൾ ഇതേ ചോദ്യം അദ്ദേഹത്തോടും ചോദിച്ചു: “നിന്റെ സ്ഥാനത്ത് ഈ ശിക്ഷയ്ക്ക് വിധേയമാകുന്നത് മുഹമ്മദായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ “. അദ്ദേഹവും ഖുബൈബിന്റെ അതേ മറുപടി നൽകി. ഇത് കേട്ടു നിന്ന ഖുറൈശീ നേതാവ് അബൂ സുഫ്‌യാൻ പറഞ്ഞു: “മുഹമ്മദിനെ തന്റെ ശിഷ്യർ സ്നേഹിക്കുന്നത് പോലെ ജനങ്ങളിൽ ആരേയും ആരും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല.”
(അൽ ഹിൽയ: അബൂ നുഐം: 1:245, ഉസ്ദുൽ ഗാബ: ഇബ്നുൽ അസീർ: 2:229,230, അൽഇസ്വാബ: ഇബ്നു ഹജർ: 3:53, അൽ ഇസ്തീആബ്: ഇബ്നു അബ്ദുൽ ബിർറ്: 847)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.