ഇസ്‌ലാമിന്റെ യുദ്ധഭൂമിക -4

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -4
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -4
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -4

സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്ര പശ്ചാത്തലം:

ഇസ്‌ലാം സ്വീകരിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും, വസ്ത്രധാരണ രീതി, ബാങ്ക്, ആരാധനാലയങ്ങൾ, മതപഠനം, ആഘോഷങ്ങൾ തുടങ്ങിയ ഇസ്‌ലാമിക ചിഹ്നങ്ങൾ ആചരിക്കുവാനും, ഇസ്‌ലാമിക പ്രബോധന പ്രചാരണങ്ങളിൽ ഏർപ്പെടാനും ഒരു വിശ്വാസിക്ക് ദൈവത്തിന്റെ ഭൂമിയിൽ എവിടെയും സാധ്യമാകുന്ന സ്ഥിതി വിശേഷം നിലവിൽ വരണം. അഥവാ മുസ്‌ലിം സമൂഹം ഇസ്‌ലാം വിരുദ്ധ രാഷ്ട്രങ്ങളിൽ നിന്ദ്യരും മർദ്ദിതരുമായി കഴിയുന്ന അവസ്ഥ ഇല്ലാതാവുകയും അല്ലാഹുവിന്റെ മതം ഭൂമിയിലെ ഏത് സാമൂഹിക വ്യവസ്ഥിതിയിലും പ്രൗഢിയോടെ നില നിൽക്കുകയും ചെയ്യണം. (അതിനർത്ഥം മറ്റു മതങ്ങളോ ആദർശങ്ങളോ ഇസ്‌ലാമിന് കീഴ്‌പ്പെടുന്ന അവസ്ഥ സൃഷ്ടിക്കണമെന്നോ ഭൂമിയിൽ മുഴുവൻ ഇസ്‌ലാമിക ഭരണം സ്ഥാപിക്കപ്പെടണം എന്നോ അല്ല. ഇസ്‌ലാമും മുസ്‌ലിംകളും മറ്റു മതങ്ങളാലും ആദർശങ്ങളാലും അടിച്ചമർത്തപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാവുകയും ഇസ്‌ലാമിക പ്രബോധനം സാധ്യമാവുകയും ചെയ്യണം എന്നാണ്.) അതിനു തടസ്സമായി നിൽക്കുന്ന ഓട്ടോക്രസികളോടാണ് ഇസ്‌ലാമിക രാഷ്ട്രം ‘സ്വതന്ത്ര്യ സമരങ്ങൾ/ യുദ്ധങ്ങൾ’ നടത്തുക. ഇതാണ് ‘സ്വാതന്ത്ര്യ യുദ്ധങ്ങ’ളുടെ ലക്ഷ്യം.

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (ഖുർആൻ: 2:193)

“എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്‌) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” എന്ന ഭാഗം ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നുണ്ട്. ആധുനിക മതേതര ജനാധിപത്യ രാഷ്ട്രങ്ങളിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്ന അവസ്ഥ നിലനിൽക്കുമ്പോൾ ഇസ്‌ലാമിലെ സ്വാതന്ത്ര്യ യുദ്ധങ്ങൾക്ക് പ്രസക്തിയില്ല. (ഇനി അഥവാ മതേതര ജനാധിപത്യ രാഷ്ട്രങ്ങളിൽ തന്നെ മത സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സന്ദർഭത്തിൽ, മുസ്‌ലിംകൾ മതപീഢനങ്ങൾക്ക് വിധേയമാവുകയാണെങ്കിൽ മാത്രം ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഇത്തരം സ്വതന്ത്ര്യ സമരങ്ങൾക്ക് നേതൃത്വം നൽകാം.)

മുമ്പ് സൂചിപ്പിച്ചത് പോലെ, സഹവർത്തിത്വവും ജനാധിപത്യവും ഒരു നിലക്കും ഉൾകൊള്ളാത്ത തീവ്ര മത വികാരത്തിലധിഷ്ഠിതമായ തിയോക്രസികളായിരുന്നു ഇസ്‌ലാം ഉദയം കൊണ്ട കാലഘട്ടത്തിൽ ലോകത്തുടനീളം നിലനിന്നിരുന്നത്; പ്രത്യേകിച്ച് അറബ് ഉപഭൂഖണ്ഡത്തിൽ അധികാരം വാണിരുന്നത്. അറബ് ഉപഭൂഖണ്ഡത്തിലെ ഗോത്ര വ്യവസ്ഥ മതസ്വാതന്ത്രത്തെ മുഴുവനായും നിഷേധിച്ചിരുന്നു.

പ്രസ്തുത സമൂഹങ്ങളിലെയും ഗോത്രങ്ങളിലേയും രാജാക്കന്മാർക്ക് പോലും സമൂഹ മനസ്സിനെതിരായ ആദർശങ്ങളോ മതമോ സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഇല്ലാതിരിക്കാൻ മാത്രം തീവ്രമായിരുന്നു അന്ന് നിലനിന്നിരുന്ന വർഗീയതയും അസഹിഷ്ണുതയും. പ്രവാചക കാലഘട്ടത്തിലെ റോമൻ ചക്രവർത്തി ഹിർക്കലിന്റെ ചരിത്രം ഇതിന് തെളിവാണ്:

ആവിർഭാവ കാലഘട്ടത്തിൽ, ഇസ്‌ലാമിനെ സംബന്ധിച്ച് കേൾക്കുകയും അതിൽ കൗതുകം ജനിക്കുകയും ചെയ്ത ഹിർക്കൽ ചക്രവർത്തി ശാമിൽ കച്ചവടത്തിനായി വന്നു ചേർന്ന, പ്രവാചകന്റെ എതിരാളിയും ഖുറൈശി നേതാവുമായ അബൂസുഫ്‌യാനെ ചക്രവർത്തിയുടെ സന്നിധിലേക്ക് ക്ഷണിച്ചു വരുത്തി. (അന്ന് അബൂസുഫ്‌യാൻ ഇസ്‌ലാം സ്വീകരിച്ചിട്ടില്ല.) സംഭവം അബൂസുഫ്‌യാൻ തന്നെ വിശദീകരിക്കുന്നു:

“ഞങ്ങൾ ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർക്കൽ ഒരു ദൂതനെ അയച്ചു അദ്ദേഹത്തിന്റെ അടുത്ത് ഹാജരാകാൻ കൽപ്പിച്ചു. ഖുറൈശികളും അല്ലാഹുവിന്റെ ദൂതനും അക്കാലത്ത് സമാധാന സന്ധിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അങ്ങനെ അബൂസുഫ്‌യാനും കച്ചവട സംഘവും ഈലിയായിൽ ഹിർക്കലിന്റെ അടുത്തു ചെന്നു. ഹിർഖൽ അവരെ തന്റെ സദസ്സിലേക്ക് ക്ഷണിച്ചു. ചക്രവർത്തിക്ക് ചുറ്റും റോമിലെ പ്രധാനികളും പ്രമാണികളും ഹാജരുണ്ടായിരുന്നു. ചക്രവർത്തി തന്റെ പരിഭാഷകരേയും കൊണ്ടുവന്നു:

“നിങ്ങളിൽ ആർക്കാണ്, താൻ പ്രവാചകനാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി അടുത്ത കുടുംബ ബന്ധമുള്ളത് ?” എന്ന് ചക്രവർത്തി ചോദിച്ചു.

ഞാൻ പറഞ്ഞു: “ഞാനാണ് ഈ കൂട്ടത്തിൽ അദ്ദേഹത്തോട് ഏറ്റവും അടുത്ത കുടുംബ ബന്ധമുള്ളയാൾ.”

ഹിർക്കൽ പറഞ്ഞു; “അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടു വരൂ, അദ്ദേഹത്തിന്റെ കൂട്ടാളികളെ അദ്ദേഹത്തിന്റെ പിറകിൽ നിർത്തൂ.” എന്നിട്ട് ഹിർക്കൽ പരിഭാഷകനോട് പറഞ്ഞു: “അവരോട് പറയൂ: ഞാൻ മുഹമ്മദെന്ന വ്യക്തിയെ പറ്റി അബൂസുഫ്‌യാനോട് ചിലത് ചോദിക്കും, അബൂസുഫ്‌യാൻ കളവ് പറഞ്ഞാൽ അദ്ദേഹം പറയുന്നത് കളവാണെന്ന് പറയണമെന്ന് അദ്ദേഹത്തിന്റെ കൂട്ടാളികളോട് പറയുക.”

ശേഷം, ഹിർഖൽ ചക്രവർത്തി ചോദിച്ച ആദ്യത്തെ ചോദ്യം: “അദ്ദേഹത്തിന്റെ (മുഹമ്മദ് നബി (സ)) കുടുംബ പരമ്പര എങ്ങനെയാണ്?” എന്നായിരുന്നു.

ഞാൻ പറഞ്ഞു: “അദ്ദേഹം (സ) കുടുംബ മഹിമയുള്ള വ്യക്തിയാണ്.”

ഹിർഖൽ ചക്രവർത്തിയുടെ അടുത്ത ചോദ്യം: “മുഹമ്മദിനുമുമ്പ് ആരെങ്കിലും എന്നെങ്കിലും, നിങ്ങൾക്കിടയില്‍ പ്രവാചകത്വം വാദിച്ചിട്ടുണ്ടോ?”

ഞാൻ പറഞ്ഞു: “ഇല്ല”.

ഹിർഖൽ ചക്രവർത്തി: “അദ്ദേഹത്തിന്റെ പൂർവ്വ പിതാക്കളിലാരെങ്കിലും രാജാവായിരുന്നോ? ”

ഞാൻ പറഞ്ഞു: “ഇല്ല”.

ഹിർഖൽ ചോദിച്ചു: “ജനങ്ങളില്‍ ശക്തരാണോ ദുർബലരാണോ അദ്ദേഹത്തെ പിന്തുടരുന്നത്?”

ഞാൻ പറഞ്ഞു: “ദുർബലർ.”

ഹിർഖൽ ചോദിച്ചു: “മുഹമ്മദിനെ പിന്തുടരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണോ അതോ ചുരുങ്ങുകയാണോ?”.

ഞാൻ പറഞ്ഞു: “വർദ്ധിക്കുന്നു.”

ഹിർഖൽ ചോദിച്ചു: “ആരെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ മതം ഉപേക്ഷിച്ചിട്ടുണ്ടോ ?”

ഞാൻ പറഞ്ഞു: “ഇല്ല.”

ഹിർഖൽ ചോദിച്ചു: “പ്രവാചകനാണെന്ന് വാദിക്കുന്നതിന് മുമ്പ് അദ്ദേഹം കളവു പറഞ്ഞിരുന്നോ?”

ഞാൻ പറഞ്ഞു: “ഇല്ല.”

ഹിർഖൽ ചോദിച്ചു: “അദ്ദേഹം ആരെയെങ്കിലും വഞ്ചിച്ചതായി താങ്കൾക്കറിയുമോ?”

ഞാൻ പറഞ്ഞു: “ഇല്ല.”

…ഹിർഖൽ ചോദിച്ചു: “അദ്ദേഹം എന്തൊക്കെയാണ് നിങ്ങളോട് കല്പിക്കുന്നത്?”

ഞാൻ പറഞ്ഞു: “അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനില്‍ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും പൂർവ്വ പിതാക്കളുടെ അന്ധവിശ്വാസങ്ങള്‍ വെടിയാനും അദ്ദേഹം കൽപ്പിക്കുന്നു. നമസ്കാരം, സത്യസന്ധത, സദാചാരം കുടുംബബന്ധം ചേർക്കല്‍ എന്നിവയും അദ്ദേഹം കല്പിക്കുന്നു.”

ശേഷം ഹിർക്കൻ പരിഭാഷകനോട് പറഞ്ഞു: “അദ്ദേഹത്തോട് പറയുക: മുഹമ്മദിന്റെ കുടുംബമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കുടുംബമഹിമയുള്ളവനാണെന്ന് താങ്കള്‍ പറഞ്ഞു. അപ്രകാരമാണ് പ്രവാചകന്മാരും, സാധാരണ ഗതിയിൽ അവർ കുടുംബ മഹിമയുള്ളവരായിരിക്കും. ഇതിനുമുമ്പ് ആരെങ്കിലും പ്രവാചകത്വം വാദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്ന് താങ്കൾ മറുപടിപറഞ്ഞു. മുമ്പാരെങ്കിലും പ്രവാചകത്വം വാദിച്ചിരുന്നെങ്കിൽ തന്റെ മുൻഗാമികളുടെ വാദം ആവർത്തിക്കുകയാണ് അദ്ദേഹവും എന്ന് പറയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാകന്മാരിൽ ആരെങ്കിലും രാജാവായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ അല്ലെന്ന് പറഞ്ഞു. ഉണ്ടായിരുന്നെങ്കില്‍ പൂർവ്വികരുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് പറയാമായിരുന്നു. പ്രവാചകത്വവാദത്തിന് മുമ്പ് അദ്ദേഹം കളവുപറഞ്ഞതായി അറിയുമായിരുണോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് താങ്കൾ പറഞ്ഞു. ജനങ്ങളുടെമേല്‍ കളവ് പറയാത്തൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവുപറയുകയില്ല. അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ശക്തന്മാരോ ദുർബലന്മാരോ എന്ന് ചോദിച്ചപ്പോൾ ദുർബലന്മാരാണ് എന്നായിരുന്നു മറുപടി. അങ്ങനെയാണ് പ്രവാചകന്മാരുടെ അനുയായികളും. അവര്‍ എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞല്ലോ. അങ്ങനെ തന്നെയാണ് സത്യവിശ്വാസത്തിന്റെ കാര്യവും. അത് പൂർത്തിയാകുവോളം എണ്ണത്തിൽ വർദ്ധിച്ചു കൊണ്ടേയിരിക്കും…
ഒരു പ്രവാചകന്റെ ആഗമനം ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നിങ്ങളുടെ കൂട്ടത്തിൻ നിന്നായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ സമീപം എത്തിച്ചേരാന്‍ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഞാനദ്ദേഹത്തിന്റെ സമീപത്തായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഇരുപാദങ്ങളും ഞാന്‍ കഴുകുമായിരുന്നു.

(പ്രവാചകൻ ഈസാ (അ) അഥവാ യേശുവാൽ സുവിശേഷമറിയിക്കപ്പെട്ട അന്ത്യ പ്രവാചകനുണ്ടാകുന്ന അടയാളങ്ങളും തെളിവുകളും രാജ്യത്തെ പ്രമുഖരായ ക്രിസ്ത്യൻ പണ്ഡിത പുരോഹിതരോട് ഹിർക്കൽ ചക്രവർത്തി ആരാഞ്ഞു. വിശാലമായ തന്റെ ഗവേഷണവും പഠനവും മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വത്തെ തെളിയിക്കുന്നു എന്ന് മനസ്സിലാക്കിയ ചക്രവർത്തി ഇസ്‌ലാം സ്വീകരിക്കാൻ ഒരുങ്ങി.)

അങ്ങിനെ ഹിർഖൽ രാജ്യത്തെ രാഷ്ട്രീയ പ്രമുഖരേയും മത നേതാക്കളേയും ഹിംസിലെ തന്റെ കൊട്ടാരത്തില്‍ ക്ഷണിച്ചു കൊണ്ട് വിളമ്പരം പുറപ്പെടുവിച്ചു. എല്ലാവരും എത്തിയപ്പോള്‍ കൊട്ടാര വാതിലുകൾ അടക്കാന്‍ ഹിർഖൽ ഉത്തരവിട്ടു. ശേഷം, സദസ്യരോട് അദ്ദേഹം പറഞ്ഞു: “റോം സമൂഹമേ, നിങ്ങള്‍ക്ക് വിജയവും സന്മാർഗ്ഗവും വേണോ. നിങ്ങളുടെ സാമ്രാജ്യം (യശസ്സോടെ) നിലനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ, നിങ്ങള്‍ മുഹമ്മദ് നബിക്ക് ബൈഅത്ത്‌ (അഥവാ ഇസ്‌ലാമാശ്ലേഷണം ഉടമ്പടി) ചെയ്യുക. “ഇതു കേട്ടതും പ്രമാണിമാർ വെറിപിടിച്ച് കൊട്ടാര വാതിലുകളുടെ അടുത്തേക്ക് തിരിഞ്ഞോടി. പക്ഷേ വാതിലുകള്‍ അടക്കപ്പെട്ടിരുന്നു. ജനങ്ങൾക്ക് ഇസ്‌ലാമിനോടുള്ള വെറുപ്പിനെ സംബന്ധിച്ച ബോധ്യവും അവര്‍ സത്യവിശ്വാസം സ്വീകരിക്കില്ല എന്ന നിരാശയും മനസ്സിൽ സമ്മേളിച്ചപ്പോൾ ചക്രവർത്തി അവരെ തിരികെ വിളിപ്പിച്ചു. അവര്‍ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:
“നിങ്ങളുടെ മതത്തില്‍ നിങ്ങൾക്ക് ഉറച്ച് നിൽക്കാനാകുമോ എന്ന് പരീക്ഷിച്ചറിയാൻ വേണ്ടിയാണ് ഞാൻ ഇസ്‌ലാം സ്വീകരണത്തെ സംബന്ധിച്ച് പറഞ്ഞത്. നിങ്ങളുടെ വിശ്വാസ ദാർഢ്യം എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.”
(സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 7)

ഇസ്‌ലാമിൽ ആകൃഷ്ടനായിട്ടും അന്നത്തെ രാഷ്ട്രീയ സാമൂഹിക സമ്മർദ്ദം ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്നും ഹിർക്കൽ ചക്രവർത്തിയെ തടഞ്ഞു.

ഏകദേശം സമാനമായ ചരിത്രമാണ്, അക്കാലഘട്ടത്തിലെ എത്യോപ്യയിലെ ക്രിസ്ത്യൻ ഭരണാധികാരിയായ നജ്ജാശി രാജാവിന്റേതും. ഇസ്‌ലാം മതം രഹസ്യമായി സ്വീകരിച്ചിട്ടും അത് പരസ്യമായി അനുഷ്ഠിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാതിരിമാരും പുരോഹിതൻമാരും സമൂഹത്തിനു മേൽ ചാലക ശക്തികളായി വാണിരുന്നത് കൊണ്ട് തന്നെ ഭരണാധികാരി മറ്റൊരു മതം സ്വീകരിക്കുക എന്നത് ചിന്തനീയമേ അല്ലായിരുന്നു. അഥവാ ഭരണാധികാരി ഒറ്റക്ക് മത സഹിഷ്ണുത വെച്ചുപുലർത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിരുന്നില്ല എന്ന നിലയിലായിരുന്നു അന്ന് നിലനിന്നിരുന്ന വർഗീയതയും അസഹിഷ്ണുതയും. രാജാക്കന്മാർക്ക് പോലും സമൂഹ മനസ്സിനെതിരായ ആദർശങ്ങളോ മതമോ സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.
നജ്ജാശി രാജാവുമായി ബന്ധപ്പെട്ട സംഭവത്തിന്റെ ചുരുക്കമിതാണ്:

മക്കയിൽ പ്രവാചകനും(സ) അനുചരന്മാരും മതത്തിന്റെ പേരിൽ കൊടിയ പീഢനങ്ങൾക്ക് വിധേയമായി. മുസ്‌ലിം ധ്വംസനം അനുദിനം വർധിക്കാൻ തുടങ്ങിയപ്പോൾ പ്രവാചകൻ (സ) തന്റെ ഒരുകൂട്ടം അനുയായികളോട് എത്യോപ്യയിലേക്ക് പലായനം ചെയ്യാനായി നിർദ്ദേശിച്ചു. അവിടെ നീതിമാനും കാരുണ്യവാനുമായ ഒരു ക്രിസ്ത്യൻ ഭരണാധികാരിയുണ്ട്. അസ്വ്‌ഹിമ എന്ന് പേരായ നജ്ജാശി രാജാവ്. ഒരു പക്ഷെ അദ്ദേഹത്തിനടുത്ത് അഭയസ്ഥാനം ലഭിച്ചേക്കാം എന്ന് മുസ്‌ലിംകൾ പ്രതീക്ഷിച്ചു.

എന്നിട്ടും അന്യമതമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനപ്പുറം മറ്റു അവകാശങ്ങളൊന്നും മുസ്‌ലിംകൾക്ക് വകവെച്ചു നൽകാൻ നജ്ജാശിക്ക് കഴിഞ്ഞില്ല എന്നതും പ്രത്യേകം ഓർക്കണം. ഇസ്‌ലാം ജീവിതത്തിൽ പ്രവർത്തന വൽകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ലാതെ ഇസ്‌ലാമിക ചിഹ്നങ്ങളുടെ ആചരണം, ഇസ്‌ലാമിക പ്രബോധനം തുടങ്ങിയ അവകാശങ്ങളൊന്നും പൂർണമായും എത്യോപ്യയിലും ലഭ്യമായില്ല. മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം തന്നെ – നജ്ജാശിയുടെ ഭരണാധികാരം അവസാനിക്കുന്ന നിമിഷം – ഏത് സമയത്തും അവരിൽ നിന്നും തിരിച്ചെടുക്കപ്പെട്ടേക്കാം എന്ന ഭീതി മുസ്‌ലിംകളുടെ മനസ്സിലുണ്ടായിരുന്നു. നജ്ജാശിക്ക് കീഴില്‍ ജീവിച്ച ഉമ്മു സലമ (റ) പറയുന്നതുകാണുക:

“അങ്ങനെ അദ്ദേഹത്തിന്റെ അടുക്കല്‍ ഉത്തമമായ വാസസ്ഥലത്തും അയല്‍പക്കത്തിലുമായി ഞങ്ങൾ താമസിച്ചു. അല്ലാഹുവാണേ, അദ്ദേഹത്തോട് (നജ്ജാശി) രാജാധികാരത്തിനായി എതിരിട്ട് ആരെങ്കിലും വന്നാല്‍ അതിനേക്കാൾ വലിയ ദുഃഖം ഒരിക്കലും ഞങ്ങള്‍ അറിഞ്ഞിട്ടില്ലയെന്ന് തോന്നുമായിരുന്നു. ആ (എതിരാളി) നജ്ജാശിയുടെ മേല്‍ വിജയം കൈവരിക്കുകയും നജ്ജാശി ഞങ്ങള്‍ക്ക് വകവെച്ചുതന്ന അവകാശങ്ങള്‍ അംഗീകരിച്ചു തരാത്ത ആരെങ്കിലും (ഭരണാധികാരിയായി) വന്നാലോ എന്ന ഭയത്താലായിരുന്നു ഞങ്ങളുടെ ദുഃഖം… അങ്ങനെ നജ്ജാശിക്ക് തന്റെ ശത്രുവിന്റെ മേലുള്ള വിജയത്തിനും, രാജ്യത്തെ അധികാരം സാധ്യമാകാനും എത്യോപ്യയുടെ ഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമാകാനുമായി ഞങ്ങൾ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കൽ ഏറ്റവും നല്ല അവസ്ഥയില്‍ ജീവിച്ചു; പ്രവാചകന്‍ മദീനയിലായിരിക്കെ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകുന്നതുവരെ.” (മുസ്‌നദ് അഹ്‌മദ്: 1740)

പ്രവാചകാനുചരൻ ജഅ്ഫർ ഇബ്നു അബൂ ത്വാലിബിന്റെ നേതൃത്വത്തിലാണ് പ്രവാചകൻ (സ) ഒരുപറ്റം മുസ്‌ലിംകളെ മക്കയിൽ നിന്നും എത്യോപ്യയിലേക്ക് അഭയാർത്ഥികളായി അയച്ചത്. മുസ്‌ലിംകൾ എത്യോപ്യയിലേക്ക് അഭയാർത്ഥികളായി പോയിട്ടുണ്ടെന്ന് അറിഞ്ഞ മക്കയിലെ ഖുറൈശികൾ അവരെ തിരിച്ച് മക്കയിൽ കൊണ്ട് വന്ന് പീഢിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു.

നജ്ജാശി രാജാവിന് ധാരാളം സമ്മാനങ്ങളുമായി ഖുറൈശി നേതാക്കളായ അബ്ദുല്ലാഹിബ്നു അബീ റബീഅ, അംറിബ്നു ആസ് എന്നിവർ എത്യോപ്യയിൽ എത്തിച്ചേർന്നു. നാട്ടിലെ പുരോഹിതന്മാരുടെ സ്വാധീനം ഉപയോഗിച്ച് മുസ്‌ലിംകളെ സംബന്ധിച്ച് പറയാൻ കഴിയുന്നത്ര കുറ്റങ്ങളും ആരോപണങ്ങളും നജ്ജാശി രാജാവിനടുക്കൽ പ്രചരിപ്പിച്ചു. രാജാവിനോട് നേരിട്ട് സംസാരിക്കാൻ ഒരു അവസരവും മുസ്‌ലിംകൾക്ക് ലഭിച്ചു കൂടാ എന്ന് ഖുറൈശികൾക്ക് വാശിയുണ്ടായിരുന്നു. അഥവാ രാജാവിനോട് നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചാൽ രാജാവിന് അവരുടെ ആദർശത്തോട് ബഹുമാനവും അവരുടെ ദുരവസ്ഥ അറിഞ്ഞ് അലിവും ഉണ്ടായേക്കും എന്ന് ഖുറൈശികൾ ഭയപ്പെട്ടു.

രാജ സദസ്സിൽ ഖുറൈശികളും എത്യോപ്യൻ പുരോഹിതന്മാരും സംഘം ചേർന്നു. ഖുറൈശി നേതാക്കളോടൊപ്പം മുസ്‌ലിം അഭയാർത്ഥികളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന് അവർ സംഘം ചേർന്ന് ആവശ്യപ്പെട്ടിട്ടും മുസ്‌ലിംകളോട് നേരിട്ട് സംസാരിക്കണമെന്ന് രാജാവിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു.

മുസ്‌ലിംകൾ രാജസദസ്സിൽ ഹാജറാക്കപ്പെട്ടു. “നിങ്ങളുടെ സമൂഹവുമായി ഭിന്നിച്ച്, അവർ സ്വീകരിച്ച മതമുപേക്ഷിച്ചു നിങ്ങൾ സ്വീകരിച്ച ഈ പുത്തൻ മതം ഏതാണ്? നിങ്ങൾ എന്റെ മതമോ മറ്റു വല്ല വിശ്വാസി സമൂഹങ്ങളുടെ മതവും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് ?” എന്ന് നജ്ജാശി രാജാവ് മുസ്‌ലിംകളോട് ചോദിച്ചു. മുസ്‌ലിംകളുടെ നേതാവ് ജഅ്ഫർ (റ) മറുപടി പറഞ്ഞു:

“രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും മ്ലേച്ഛതകൾ പ്രവർത്തിക്കുകയും കുടുബബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകയും ഞങ്ങളിലെ ശക്തർ ദുർബലരുടെ ധനം ഭുജിക്കുകയും ചെയ്യുന്നവരായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവം ഏകനാണെന്ന് വിശ്വസിക്കാനും അവനെ മാത്രം ആരാധിക്കാനും, അവനു പുറമെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ബിംബങ്ങളേയും കൽ പ്രതിമകളേയും മറ്റും ഉപേക്ഷിക്കുവാനും ഞങ്ങളോടു കല്‍പ്പിച്ചു. കൂടാതെ, സത്യം പറയുക, വിശ്വസിച്ചേൽപ്പിച്ചവ സത്യസന്ധമായി നിർവ്വഹിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാർക്ക് നന്മ ചെയ്യുക എന്നെല്ലാം ഞങ്ങളോട് കൽപ്പിച്ചു. കൊലയും, രക്തച്ചൊരിച്ചിലും, വ്യഭിചാരവും, കളവും, അനാഥകളുടെ സമ്പത്ത് തട്ടിയെടുത്ത് ഭുജിക്കലും മാന്യവതികളായ സ്ത്രീകളെ സംബന്ധിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം അദ്ദേഹം ഞങ്ങളോട് വിരോധിക്കുകയും ചെയ്തു. നമസ്‌ക്കരിക്കാനും വ്രതമനുഷ്ഠിക്കാനും (പാവപ്പെട്ടവർക്ക് നിർബന്ധ ദാനമായ) സക്കാത്ത് നൽകാനും ഞങ്ങളോട് കൽപ്പിച്ചു. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ സത്യപ്പെടുത്തി (അദ്ദേഹത്തിൽ വിശ്വസിച്ചു). അദ്ദേഹത്തിന്റെ ജീവിത പാത പിന്തുടർന്നു. ദൈവത്തിൽ നിന്ന് അദ്ദേഹം കൊണ്ടുവന്നത് അംഗീകരിച്ചു. ഞങ്ങള്‍ ദൈവത്തെ മാത്രം ആരാധിച്ചു, അവനിൽ ആരേയും പങ്കുചേർത്തില്ല. അവന്‍ ഞങ്ങൾക്ക് നിരോധിച്ച കാര്യങ്ങള്‍ ഞങ്ങൾ ഉപേക്ഷിച്ചു. അവന്‍ ഞങ്ങൾക്ക് അനുവദിച്ച കാര്യങ്ങള്‍ ഞങ്ങൾ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ (അനാവശ്യമായി) ശത്രുതവെച്ചു. ബിംബാരാധനയിൽ അധിഷ്ഠിതമായ അവരുടെ മതത്തിലേക്ക് മടങ്ങിപോകാനും ഞങ്ങള്‍ ഉപേക്ഷിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാനും വേണ്ടി ഞങ്ങളെ പീഡിപ്പിക്കുകയും മതത്തിന്റെ പേരിൽ ഞങ്ങൾക്കെതിരെ മര്‍ദ്ദനങ്ങൾ അഴിച്ചു വിടുകയും ചെയ്തു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്കു വന്നു. മറ്റാരേക്കാളും താങ്കളെ ഞങ്ങള്‍ തെരെഞ്ഞെടുത്തത് താങ്കളുടെ സംരക്ഷണം ഞങ്ങള്‍ പ്രതീക്ഷിച്ചു, താങ്കളുടെ അടുക്കല്‍ ഞങ്ങള്‍ അക്രമങ്ങൾക്ക് വിധേയമാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.
(സീറത്തു ഇബ്നു ഇസ്ഹാക്: 213, മുസ്നദു അഹ്‌മദ്: 3/180, സീറത്തു ഇബ്നു ഹിശാം: 3/413, സ്വഹീഹു സീറത്തു ന്നബവിയ്യ: ത്വർഹൂനി: 1/340, ത്വബ്റാനി, ബസ്സാർ, ത്വയാലിസി)

ഖുർആനിൽ നിന്ന് അൽപ്പം പാരായണം ചെയ്തു കേൾപ്പിക്കാനായിരുന്നു നജ്ജാശി രാജാവ് അടുത്തതായി ആവശ്യപ്പെട്ടത്. അപ്പോൾ ഖുര്‍ആനിലെ മർയം എന്ന അധ്യായത്തിലെ ആദ്യ ഭാഗത്തു നിന്ന് അൽപ്പം ജഅ്ഫര്‍ (റ) പാരായണം ചെയ്തു കേൾപ്പിച്ചു. ഖുര്‍ആൻ പാരായണം ശ്രവിച്ച്, അതിലെ സത്യം തിരിച്ചറിഞ്ഞ് നജ്ജാശി കരഞ്ഞു. അശ്രു കണങ്ങൾ നജ്ജാശിയുടെ താടിയിലൂടെ ധാരയായൊഴുകി. മക്കയിൽ നിന്നു വന്ന ഖുറൈശികളും മുസ്‌‌ലിംകളും തമ്മിൽ, നജ്ജാശിയുടെ മധ്യസ്ഥതയിൽ നടന്ന ദീർഘമായ സംവാദത്തിനൊടുവിൽ മുസ്‌ലിം അഭയാർത്ഥികൾക്ക് അഭയം നൽകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

പിന്നീട്, പ്രവാചകന്റെ(സ) കാലത്ത് തന്നെ നജ്ജാശി രാജാവ് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. പക്ഷെ, അത് പരസ്യപ്പെടുത്താനുള്ള മത സഹിഷ്ണുത അദ്ദേഹത്തിന്റെ രാജ്യത്തും നിലവിലില്ലായിരുന്നു എന്ന് നജ്ജാശി രാജാവിന് അറിയാമായിരുന്നു. നജ്ജാശി രാജാവ് മരണപ്പെട്ടപ്പോള്‍ അല്ലാഹു, പ്രവാചകനെ അക്കാര്യം ദിവ്യ ബോധനം വഴി അറിയിച്ചു.
(സീറത്തു ഇബ്നു ഹിശാം: 1: 337 – 340, അർറൗദുൽ അൻഫ്: സുഹൈലി: 2: 111)

നജ്ജാശി രാജാവ് ഇസ്‌ലാം സ്വീകരിച്ചത് രഹസ്യമായിട്ടായിരുന്നു എന്നതിനാൽ അദ്ദേഹം മരണമടഞ്ഞപ്പോൾ മരണാനന്തരം സംസ്കാരകർമ്മത്തിന്റെ ഭാഗമായി മരണമടഞ്ഞ വ്യക്തിക്കായി നിർവ്വഹിക്കപ്പെടുന്ന മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ എത്യോപ്യയിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ പ്രവാചകനും (സ) ശിഷ്യരും അദ്ദേഹത്തിനു വേണ്ടി മദീനയിൽ മയ്യിത്ത് നമസ്ക്കാരം നിർവഹിക്കുകയാണുണ്ടായത്. പ്രവാചകൻ (സ) തന്റെ അനുചരന്മാരെ വിവരമറിയിച്ചു: “ഇന്ന് ഒരു നല്ല മനുഷ്യന്‍ (നജ്ജാശി രാജാവ്) മരണപ്പെടുകയുണ്ടായി. അതിനാല്‍ നിങ്ങള്‍ വരിക. അതിനാൽ നിങ്ങൾ എഴുന്നേൽക്കുക, നിങ്ങളുടെ സഹോദരൻ അസ്വ്‌ഹിമക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുക.”
(സ്വഹീഹുൽ ബുഖാരി: 3588, സ്വഹീഹു മുസ്‌ലിം: 1582)

അക്കാലഘട്ടത്തിലെ മത അസഹിഷ്ണുതയുടെ ആഴം നജ്ജാശിയുടെ ചരിത്രം നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. ഒരു രാജ്യത്തിലെ രാജാവിന് പോലും – അയാൾ എത്രമാത്രം സഹിഷ്ണുവായിരുന്നിട്ടു പോലും – സമൂഹ മനസ്സിനെതിരായി, ഇഷ്ടമുള്ള മതം പരസ്യമായി സ്വീകരികരിച്ച് ആചരിക്കാനുള്ള സ്വാതന്ത്ര്യം അന്നത്തെ രാഷ്ട്ര ഘടന വകവെച്ചു കൊടുത്തിരുന്നില്ല.

നജ്ജാശിയുടെ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്: അബ്‌സീനിയയിൽ തങ്ങളുടെ അവകാശങ്ങൾ വകവെച്ചു തരുന്ന ഭരണം -അത് അനിസ്‌ലാമികമായിട്ടുകൂടിയും- നിലനില്‍ക്കാൻ വേണ്ടി പ്രവാചകാനുചരന്‍മാർ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു!. മദീനയിലേക്കുള്ള പലായനത്തിനുമുമ്പാണല്ലോ അബ്‌സീനിയയിലേക്കുള്ള പലായനം. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായിട്ടും ജഅ്ഫറിന്റെ(റ) നേതൃത്വത്തിലുള്ള ഈ സംഘം മദീനയിലേക്ക് ഉടന്‍ പോന്നില്ല എന്നതു ശ്രദ്ധിക്കുക. ഹിജ്‌റ ഏഴിനു നടന്ന ഖൈബർ യുദ്ധത്തിനോട് ബന്ധപ്പെട്ട് മാത്രമായിരുന്നു ഈ സംഘം മദീനയിലെത്തുന്നത്. ചുരുങ്ങിയത് ഏഴു വര്‍ഷം -മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം നിലവിൽ വന്നിട്ടും- അബ്‌സീനിയയിൽ പ്രവാചകാനുചരന്‍മാർ ജീവിച്ചു, പ്രവാചകന്‍ അവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. (സിയറു അഅ്‌ലാമിന്നു ബലാഅ്)

കൂടാതെ, നജ്ജാശി മരണപ്പെടുന്നത് വരെ, ഏകദേശം ഒരു പതിറ്റാണ്ടുകാലം മദീനയിൽ ഇസ്‌ലാമിക ഭരണവും ശക്തിയും ലഭ്യമായിട്ടും, നജ്ജാശിയുടെ എത്യോപ്യയോട് പ്രവാചകനോ അനുചരന്മാരോ യുദ്ധം ചെയ്തില്ല. ഇതിൽ നിന്ന് തന്നെ ഇസ്‌ലാമിക യുദ്ധങ്ങൾ കേവല അനിസ്‌ലാമിക രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ചല്ലായിരുന്നുവെന്ന് വ്യക്തമാവുന്നു. മറിച്ച് അക്കാലഘട്ടത്തിൽ നിലനിന്ന രാഷ്ട്രങ്ങളുടേയും ഗോത്രങ്ങളുടേയും മതപക്ഷപാദത്തിൽ അധിഷ്ഠിതമായ ഏകാധിപത്യ സ്വഭാവത്തോടായിരുന്നു പ്രവാചകനും അനുചരന്മാരും സമരം ചെയ്തത്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.