ഇസ്‌ലാമിന്റെ യുദ്ധഭൂമിക -6

//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -6
//ഇസ്‌ലാമിന്റെ യുദ്ധഭൂമിക -6
ആനുകാലികം

ഇസ്‌ലാമിന്റെ യുദ്ധഭൂമിക -6

ഹവാസിൻ, ദക്‌വാൻ, റഅ്ല്, ബനൂലിഹ്യാൻ, ഉസ്വയ്യ ഗോത്രങ്ങൾ

ഹിജ്റ നാലാം വർഷത്തിന്റെ ആരംഭത്തിലെ ബിഅ്റു മഊന ദുരന്തത്തിന്റെ വ്യത്യസ്ഥ നിവേദനങ്ങൾ സംയോജിപ്പിച്ചുള്ള ഹ്രസ്വരൂപം ഇപ്രകാരമാണ്:

ഹവാസിൻ ഗോത്രക്കാരുടെ സാരഥിയും അവിശ്വാസികളുടെ നേതാവുമായിരുന്ന ആമിറുബ്നു ത്വുഫൈൽ മുസ്‌ലിംകൾക്ക് മുമ്പിൽ മൂന്ന് തിരഞ്ഞെടുപ്പുകൾ വെച്ചു: ഗ്രാമപ്രദേശങ്ങൾ നിന്റെ (മുഹമ്മദ് നബിയുടെ) കീഴിലും നഗരങ്ങൾ എന്റെ ഭരണത്തിന് കീഴിലും ആയിരിക്കുക. അല്ലെങ്കിൽ നീ എന്റെ ഭരണ സാരഥ്യത്തിന് കീഴ്‌പ്പെടുക. അതുമല്ലെങ്കിൽ ലക്ഷക്കണക്കിന് ഗത്ഫാൻകാരുമായി ഞാൻ നിന്നോട് യുദ്ധം ചെയ്യും. (സ്വഹീഹുൽ ബുഖാരി: 3864)

ദക്‌വാൻ, റഅ്ല്, ബനൂലിഹ്യാൻ, ഉസ്വയ്യ ഗോത്രക്കാർ ആമിറിബ്നു ത്വുഫൈലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്ന് നടിച്ച്, കുറച്ച് മുസ്‌ലിംകളെ അയക്കാൻ പ്രവാചകനോട് ആവശ്യപ്പെട്ടു. എഴുപതോളം വരുന്ന ശിഷ്യന്മാരെ പ്രവാചകൻ അവരിലേക്ക് അയച്ചു. വല്ല ചതിയും ഈ ഗോത്രങ്ങളിൽ നിന്ന് ഉണ്ടായാലോ എന്ന് ഭയന്ന് മുസ്‌ലിം സംഘത്തിന്റെ നേതാവ് ഹറാം (റ) സംഘത്തോട് പറഞ്ഞു: “ഞാൻ പ്രവാചകന്റെ സന്ദേശം അവർക്കെത്തിക്കാം. അവരെനിക്ക് അഭയം നൽകിയാൽ നിങ്ങളും എന്റെ അടുത്തേക്ക് വരിക. അവർ എന്നെ വധിച്ചാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാരന്റെ (പ്രവാചകൻ) അടുത്തേക്ക് ചെല്ലുക. “അദ്ദേഹം അവരുടെ അടുത്തെത്തിയപ്പോൾ അവരദ്ദേഹത്തിന് അഭയം നൽകിയതായി നടിച്ചു. അവരോട് സംസാരിച്ച് കൊണ്ടിരിക്കെ അവർ, അവരുടെ കൂട്ടത്തിൽ പെട്ട ഒരുത്തനോട് ആംഗ്യം കാണിച്ചു, അദ്ദേഹത്തെ ചതിക്കുകയും കുന്തംകൊണ്ട് കുത്തുകയും ചെയ്തു. കുന്തം അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറി പുറത്തു വന്നു. അദ്ദേഹം തന്റെ അന്തിമവാചകങ്ങൾ മൊഴിഞ്ഞു: “അല്ലാഹുവാണ് ഏറ്റവും മഹാൻ! കഅ്ബയുടെ നാഥൻ തന്നെ സത്യം. ഞാൻ വിജയിച്ചു.” ശേഷം മുസ്‌ലിം സംഘത്തിൽ ശേഷിച്ചവരേയും ശത്രുക്കൾ ഓടി പിടിച്ച് കൊന്നൊടുക്കി. (സ്വഹീഹുൽ ബുഖാരി: 3864)

ബനൂ മുസ്ത്വലക്ക് ഗോത്രം

മക്കയോട് അടുത്തു താമസിച്ചിരുന്ന ബനൂ മുസ്ത്വലക് ഗോത്രക്കാർ മതപരവും ഭൗതികവുമായ പല ലക്ഷ്യങ്ങളും നേട്ടങ്ങളും പരിഗണിച്ചും ഇസ്‌ലാം എന്ന പുത്തൻ മതത്തോടുള്ള അടക്കാനാകാത്ത വെറുപ്പും അതിയായ അസഹിഷ്ണതയും കാരണത്താലും മക്കക്കാരോട് കൂറ് പുലർത്തി. ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരുടെ സൈന്യത്തോടൊപ്പം ബനൂ മുസ്ത്വലക്കുകാരും ഉണ്ടായിരുന്നു എന്ന് മാത്രമല്ല മറ്റു പല ഗോത്രങ്ങളേയും യുദ്ധത്തിൽ പങ്കെടുപ്പിക്കുക കൂടി ചെയ്തു. (മശാരിക്കിൽ അൻവാർ അലാ സ്വിഹാഹിൽ ആസാർ: 1/176)

ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് നേരിട്ട പരാജയം അവരെ പുളകിതരാക്കി. ബനൂ മുസ്ത്വലക്കുകാരുടെ നേതാവായ ഹാരിസ് ഇബ്നു അബൂ ളിറാറിനെ ഖുറൈശികൾ യുദ്ധത്തിനായി പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഖുറൈശികളുമൊത്ത് വേറൊരു യുദ്ധത്തിൽ കൂടി സഖ്യം ചേരാൻ അദ്ദേഹം തയ്യാറായി. മുസ്‌ലിംകളോട് മറ്റൊരു യുദ്ധത്തിന് പദ്ധതി ആവിഷ്ക്കരിച്ചു. (അൽ കാമിൽ ഫി താരീഖ്: ഇബ്നുൽ അസീർ: 2/76)
ഈ യുദ്ധമാണ് ബനൂ മുസ്ത്വലക്ക് യുദ്ധം.

മദീനയിലെ ജൂത ഗോത്രങ്ങൾ

പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ ബനൂ ഖൈനുകാഅ്, ബനൂ നളീർ, ബനൂ ഖുറൈള എന്നീ മദീനയിലെ ജൂത ഗോത്രങ്ങളുമായി പ്രവാചകൻ ഒരു സമാധാന കരാർ സ്ഥാപിച്ചു.
(സീറത്തു ഇബ്നു ഹിശാം: 2/ 147, അൽ അംവാൽ: 1/307, അൻ സാബുൽ അശ്റാഫ്: 1/286, സീറത്തു ഇബ്നു ഇസ്ഹാഖ്: )

ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം. എന്നിങ്ങനെയൊക്കെയായിരുന്നു കരാറിന്റെ ഉള്ളടക്കം.
(സീറത്തു ഇബ്നു ഹിശാം: 2/ 147, താരീഖു തബ്‌രി: 2/479, അൽ കാമിൽ: 2/96)

എന്നാൽ ജൂത സമൂഹം മുസ്‌ലിംകളുമായി യാതൊരുവിധ സഹവർത്തിത്വത്തിനും തയ്യാറായിരുന്നില്ല. ബനൂ നളീർ, ഖുറൈള എന്നിവർ കരാർ ലംഘിക്കുകയാണുണ്ടായത്.

മക്കക്കാർ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്തപ്പോൾ ബനൂ നളീറുകാർ കരാർ ലംഘിച്ച് മുസ്‌ലിംകളെ സഹായിക്കാതെ വിട്ടു നിൽക്കുകയും മക്കയിലേക്ക് ആളെ അയച്ച് യുദ്ധത്തിനായി അവരെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം സൈന്യത്തിന്റെ ദുർബലതകൾ അറിയിച്ചു കൊടുക്കുകയും ചെയ്തു. (മഗാസി: മൂസാ ഇബ്നു ഉഖ്ബ: 210)

ബദർ യുദ്ധത്തിന് ശേഷം മദീനയിലേക്ക് യാത്ര ചെയ്ത ബനൂ നളീറുകാരനും കവിയുമായിരുന്ന കഅ്ബിബ്നു അശ്റഫ് ഖുറൈശികളിൽ നിന്ന് യുദ്ധത്തിൽ കൊല്ലപെട്ടവർക്കായി വിലാപകാവ്യം രചിക്കുകയും യുദ്ധത്തിനായി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കഅ്ബയുടെ വിരിയിൽ പിടിച്ച് മുസ്‌ലിംകളോട് യുദ്ധം ചെയ്യുമെന്ന് ഖുറൈശികളെ കൊണ്ട് കരാർ ചെയ്യിപ്പിച്ചു.
(ഫത്ഹുൽ ബാരി: 7/337)

മദീനയിൽ വന്ന ശേഷം പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി.

ദിയ്യത്തുമായി ബന്ധപ്പെട്ട് സഹായത്തിനായി ബനൂ നളീറുകാരുടെ അടുത്ത് ഒരുപറ്റം അനുചരന്മാരോടൊപ്പം പ്രവാചകൻ (സ) ചെന്നപ്പോൾ അദ്ദേഹത്തെ ബനൂ നളീറുകാർ ഒരിടത്ത് ഇരുത്തി. ഹുയൈയ് ഇബ്നു അഖ്തബ് ജൂതന്മാരോട് പറഞ്ഞു: “ജൂത സമൂഹമേ, മുഹമ്മദ് ഇതാ ഒരു ചെറിയ അനുയായി വൃന്ദവുമായി വന്നിരിക്കുന്നു. അവർ പത്തുപേർ പോലുമില്ല. അവർ ഇരിക്കുന്ന ഭവനത്തിന് മുകളിൽ നിന്ന് കല്ല് താഴേക്കിട്ട് മുഹമ്മദിനെ കൊല്ലുക. മുഹമ്മദിനെ കൊല്ലാൻ ഇതിലും നല്ല അവസരമില്ല.” അംറിബ്നു ജിഹശ് ഈ ദൗത്യമേറ്റെടുത്തു, ഭവനത്തിന് മുകളിൽ കയറി കല്ലെടുത്തു. പക്ഷെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു ദിവ്യബോധനം വഴി പ്രവാചകന് അറിയിച്ചു കൊടുത്തു. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോയി.
(The Jews of Arab Lands: A History and Source Book: Page: 129, 130.The Jewish publication society of America)

ബദർ യുദ്ധാനന്തരം ബനൂ നളീറുകാർ പ്രവാചകനെ ചതിക്കാൻ ഗൂഢാലോചന നടത്തി. പ്രവാചകനോട് അദ്ദേഹത്തിന്റെ മൂന്ന് അനുയായികളെ തങ്ങളിലേക്ക് അയക്കാനും ഞങ്ങളിലെ മൂന്ന് പുരോഹിതന്മാരുമായി അവർ സംസാരിച്ചതിന് ശേഷം അവർ ഇസ്‌ലാമിൽ വിശ്വസിക്കുകയാണെങ്കിൽ ഞങ്ങൾ മുഴുവനും ഇസ്‌ലാം സ്വീകരിക്കാം എന്നും പറഞ്ഞു. ഇത് കേട്ട് പ്രവാചകൻ അപ്രകാരം ദൂതന്മാരെ അയച്ചു. ബനൂ നളീറുകാർ സായുധരായി ഈ അനുചരന്മാരെ വധിക്കാനായി ഒരുങ്ങി നിന്നു. ബനൂ നളീറുകാരിൽ പെട്ട ഒരു സ്ത്രീ അൻസ്വാരികളിൽ പെട്ട തന്റെ സഹോദരന് ബനൂ നളീറുകാരുടെ ചതിയെ പറ്റി രഹസ്യമായി വിവരമറിയിച്ചു. ഇതറിഞ്ഞ പ്രവാചകൻ (സ) അനുചരന്മാരെ തിരിച്ചു വിളിച്ചു.
(ഫത്ഹുൽ ബാരി: 7/331, 332)

മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു.
(സീറത്തു ഇബ്നു ഹിശാം: 3/ 231- 233)

ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222)

ബനൂ ഖൈനുകാഅ് ഗോത്രത്തിൽ പെട്ടവർ ഒരു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിക്കുകയും അവളുടെ നഗ്നത കണ്ട് കൂട്ടത്തോടെ ചിരിക്കുകയും ചെയ്തു. ഉടനെ ഒരു മുസ്‌ലിം, ആ സ്ത്രീയുടെ വസ്ത്രം വലിച്ചൂരിയ വ്യക്തിയെ വധിച്ചു. ബനൂ ഖൈനുകാഅ് സംഘം അദ്ദേഹത്തെ വധിച്ചു കൊണ്ട് കലാപത്തിന് തീ കൊളുത്തി. (സീറത്തു ഇബ്നു ഹിശാം: 2/642, അൽ മഗാസി: വാകിദി: 1/176, 177)

ഖൈബർ

ഖൈബറിലെ ജൂത ഗോത്രങ്ങളും മുസ്‌ലിം സമൂഹത്തേയും രാഷ്ട്രത്തേയും വെറുതെ വിടാൻ തയ്യാറായിരുന്നില്ല ! അറബികളിലെ പല ഗോത്രങ്ങളേയും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിനായി അവർ പ്രേരിപ്പിച്ചു. ഖൈബറുകാർ അറബ് ഗോത്രങ്ങളെ സംഘടിപ്പിക്കുകയും ഖുറൈശികളെ പ്രലോഭിപ്പിക്കുകയും ചെയ്തതിലൂടെയാണ് ഖുറൈശികൾ മുസ്‌ലിംകൾക്കെതിരെ ഖന്ദഖ് യുദ്ധം നടത്തുന്നത്. (ഉംദത്തുൽ കാരി: ഇമാം അൽ ഐനി: 17/176, സീറത്തു ഇബ്നു ഹിശാം: 2/441, സിയറു അഅ്ലാമിന്നു ബലാഅ്: 1/457, അൽ ബിദായ വന്നിഹായ: 8/50)

ഖൈബറിലെ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ പ്രവാചകനേയും (സ) അനുയായികളേയും വിരുന്നു വിളിച്ച സംഭവം പ്രസിദ്ധമാണ്. ആ സ്ത്രീ വിഷം തേച്ച ആട്ടിൻ മാംസം വിരുന്നിന് വിളമ്പുകയും ചെയ്തു. പ്രവാചകനും അനുചരനായ ബദ്റ് ഇബ്നു ബറാഉം മാംസം ഭക്ഷിച്ചു. വിഷം ചേർത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീയെ വധിക്കട്ടെയെന്ന് അനുചരന്മാർ ചോദിച്ചു. പ്രവാചകൻ വേണ്ടെന്ന് പറഞ്ഞു. (സ്വഹീഹുൽ ബുഖാരി: 3169)

ക്രിസ്ത്യാനികൾ

ഇസ്‌ലാമിന്റെ ആവിർഭാവ ഘട്ടത്തിൽ നജ്റാൻ(യമൻ), ശാം, അബ്സീനിയ എന്നിവിടങ്ങളിലായിരുന്നു ക്രിസ്തുമത വിശ്വാസികൾ കൂടുതലുമുണ്ടായിരുന്നത്.

റോമൻ ചക്രവർത്തിക്ക് പ്രവാചകൻ (സ) ഒരു കത്തയച്ചു. ഹാരിസിബ്നു ഉമൈർ അൽ അസ്ദിയായിരുന്നു കത്തുമായി പുറപ്പെട്ട ദൂതൻ. റോമൻ ചക്രവർത്തിയുടെ, ശാമിലെ ഗവർണറായ ശർഹബീലിബ്നു അംറ് അൽ ഗസ്സാനി, പ്രവാചകന്റെ ദൂതനെ ബന്ദിയാക്കുകയും കെട്ടിയിട്ട് കഴുത്തറുക്കുകയും ചെയ്തു. തങ്ങളുടെ ക്രിസ്ത്യൻ സാമ്രാജ്യത്തിന്റെ അതിർത്തിയിൽ കാലു കുത്താൻ പോലും ഒരു മുസ്‌ലിമിനും അനുവാദമില്ലെന്ന്, ദൂതന്മാരെ വധിക്കുക എന്ന, അക്കാലഘട്ടത്തിലെ അസഹിഷ്ണുതയുടെ പാരമ്യരൂപത്തിലൂടെ റോമക്കാർ പ്രഖ്യാപിച്ചു.
ഇത്, ഹിജ്റ എട്ടാം വർഷം ശാമിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിൽ നടന്ന യുദ്ധമായ മുഅ്ത യുദ്ധത്തിലേക്ക് നയിച്ചു.

പേർഷ്യൻ റോമൻ സാമ്രാജ്യങ്ങൾ

ഇസ്‌ലാമിന്റെ ആവിർഭാവത്തിനു മുമ്പ് തന്നെ പേർഷ്യൻ റോമൻ സാമ്രാജ്യങ്ങൾക്കിടയിലും പാഴ്സികൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ എന്നിവർക്കിടയിലും നടമാടിയിരുന്ന ഭരണ വടം വലികളും അധികാരമുപയോഗിച്ച് നടപ്പാക്കിയിരുന്ന മത ധ്വംസനങ്ങളും അന്നത്തെ ലോക വ്യവസ്ഥയിലെ അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കി തരുന്നുണ്ട്. ലബ്‌നാനിലെ പ്രസിദ്ധ സാഹിത്യകാരനും ചരിത്രകാരനുമായ ജോർജി സൈദാന്റെ ‘താരീഖുത്തമദ്ദുനുൽ ഇസ്‌ലാമി’ (تاريخ التمدن الإسلامي) എന്ന വിശ്രുതമായ ഗ്രന്ഥത്തിൽ നിന്ന് ചില ചരിത്ര സാക്ഷ്യങ്ങൾ ചുവടെ ഉദ്ധരിക്കാം. (ജോർജി സൈദാൻ മുസ്‌ലിമായിരുന്നില്ല, ക്രിസ്ത്യാനിയായിരുന്നു എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.)

പേർഷ്യയും റോമും തമ്മിലുളള ശത്രുത പൗരാണികമാണ്. ഒരു പക്ഷെ ബി.സി അഞ്ചാം നൂറ്റാണ്ടിനുമപ്പുറം അതിന്റെ വേരുകൾ എത്തി നിൽക്കുന്നുണ്ടാകാം. ലോകത്തെ അടക്കി ഭരിക്കാനുള്ള ഇരു സാമ്രാജ്യങ്ങളുടെയും അത്യാഗ്രഹമായിരുന്നു ഈ ശത്രുതയുടെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ അധികാര വടം വലി ഇസ്‌ലാമിന്റെ ആവിർഭാവ കാലഘട്ടത്തിലും തുടർക്കഥയായിരുന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യം ഇസ്ര അനൂഷർവാൻ ചക്രവർത്തിയിൽ എത്തിച്ചേർന്നപ്പോൾ റോമൻ സാമ്രാജ്യത്തെ അൽപാൽപ്പമായി പിടിച്ചടക്കാൻ അദ്ദേഹം സൈന്യ വ്യൂഹത്തെ വിന്യസിച്ചു. സിറിയ പിടിച്ചടക്കുകയും അന്താഖിയ ചുട്ടു നശിപ്പിക്കുകയും ഏഷ്യാ മൈനർ കൊള്ളയടിക്കുകയും ചെയ്തു. അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ചക്രവർത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്താബ്ദം 541 മുതൽ 561 വരെ ഇരുപതു വർഷം ഇരു രാഷ്ട്രങ്ങളും യുദ്ധത്തിൽ മുഴുകി.

പർവേസ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ തന്റെ സുഹൃത്ത് മോറിസിന്റെ കൊലപാതകത്തിന് പ്രതികാരമെന്ന പേരിൽ റോമൻ സാമ്രാജ്യത്തെ പർവേസ് ചക്രവർത്തി ആക്രമിക്കുകയുണ്ടായി. ക്രിസ്താബ്ദം 614 ൽ സിറിയ പിടിച്ചടക്കി…

ജൂതന്മാരുടെ അകമഴിഞ്ഞ സഹായത്താൽ ബൈസാന്റിയൻ പടയെ പർവേസ് ചക്രവർത്തി ഒന്നൊന്നായി കീഴടക്കി. ഈജിപ്ത്, അന്താഖിയ, ദമാസ്ക്കസ്, ബൈത്തുൽ മുഖദസ്‌ തുടങ്ങിയവ പിടിച്ചടക്കി. ജറുസലേമിലെ ബൈത്തുൽ മുഖദസ്‌ കൊള്ളയടിക്കാനും ക്രിസ്ത്യൻ പള്ളികളും പുണ്യപുരുഷന്മാരുടെ കല്ലറകൾ തീയിടാനും അവിടെയുള്ള വിലമതിക്കാനാകാത്ത സ്വത്തുക്കൾ പിടിച്ചു പറിക്കാനും തന്റെ സൈന്യത്തിന് പർവേസ് ചക്രവർത്തി അനുവാദം നൽകി. സിറിയ വരെ ഈ കൊലയും കൊള്ളയും തുടർന്നു. 90000 ക്രിസ്ത്യാനികളെ സൈന്യം കൊന്നൊടുക്കി… ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ ഭീരുവായി (അന്നത്തെ) ഹെറാക്ലിയസ് ചക്രവർത്തി കൊട്ടാരത്തിൽ തന്നെ ഇരുന്നു; ക്രിസ്താബ്ദം 632 ൽ ഏഷ്യാ മൈനറിൽ വെച്ച് കൊല്ലപ്പെടുന്നത് വരെ… (ഈ വർഷമാണ് ഇങ്ങു അറേബ്യയിൽ, മുസ്‌ലിംകൾ മക്കയിൽ നിന്ന് പലായനം ചെയ്യുന്നത്) (താരീഖുത്തമദ്ദുനുൽ ഇസ്‌ലാമി:ജോർജി സൈദാൻ: 1: 43-48)

ക്രിസ്ത്യൻ റോമും ജൂതന്മാരും തമ്മിലുള്ള അതിർത്തി യുദ്ധങ്ങളും കലാപങ്ങളും അക്കാലഘട്ടത്തിന്റെ പ്രധാന ഇതിവൃത്തം ആയിരുന്നു.

പ്രൊഫ. പി.എസ്.വേലായുധൻ എഴുതുന്നു: “കോൺസ്റ്റന്റൈൻ ചക്രവർത്തി ചരമം പ്രാപിച്ചപ്പോൾ രണ്ടു പുത്രന്മാരും ചക്രവർത്തിമാരായി. അവരുടെ ചാർച്ചക്കാരനായ ജൂലിയൻ ചക്രവർത്തിയായി ഏ.ഡി. 360 മുതൽ 363 വരെ ഭരിച്ച അദ്ദേഹം ഒരു ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ക്രിസ്ത്യാനികൾക്ക് പീഢനം സഹിക്കേണ്ടി വന്നു. അദ്ദേഹത്തിനു ശേഷം വന്ന ചക്രവർത്തിമാരിൽ ഏറ്റവും പ്രമാണി തിയോഡോഷ്യസ് ഒന്നാമനായിരുന്നു. അദ്ദേഹം എ.ഡി. 378 മുതൽ 395 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. തന്റെ സമസ്ത പ്രജകളും ക്രിസ്തുമതം സ്വീകരിക്കണമെന്നുള്ള രാജകീയശാസനം എ.ഡി. 380 ൽ അദ്ദേഹം പുറപ്പെടുവിച്ചു. (ഹിർക്കൽ ചക്രവർത്തിയെ പോലെയോ നജ്ജാശിയെ പോലെയോ തിയോഡോഷ്യസ് ചക്രവർത്തി ഒറ്റപ്പെട്ടിരുന്നില്ല. രാജ്യത്തെ പല പ്രബലരും പുരോഹിതന്മാരും അദ്ദേഹത്തിന്റെ പിന്നിൽ ചാലക ശക്തിയായി വർത്തിച്ചതിനാൽ ജനങ്ങളെ മുഴുവൻ – നിർബന്ധിത – മത പരിവർത്തനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു – ലേ).

പിന്നീട് ക്രൈസ്തവേതർക്ക് മതാനുഷ്ഠാനത്തിനുള്ള സർവാവകാശങ്ങളും നിഷേധിച്ചുകൊണ്ടും അവർക്ക് ഗവൺമെന്റുദ്യോഗങ്ങളിൽ പ്രവേശനം നിരസിച്ചു കൊണ്ടും ഉത്തരവു പുറപ്പെടുവിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചു.”
(ലോക ചരിത്രം: ഒന്നാം ഭാഗം: പ്രൊഫ. പി.എസ്.വേലായുധൻ: പേജ്: 174: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)

ഹെറാക്ലിയസിന്റെ കാലഘട്ടത്തിൽ അൻതാഖിയായിൽ നടന്നിരുന്ന കൂട്ടക്കുരുതികൾ ഭയാനകമായിരുന്നു. ജൂതന്മാർ വിപ്ലവത്തിലൂടെ ക്രിസ്ത്യാനികളെ വധിക്കുകയും ശരീരം കഷ്ണങ്ങൾ ആക്കുകയും അതി നിഷ്ടൂരമായ വൈകൃത-ക്രൂരതകളും ഒരു വശത്ത് നടപ്പാക്കിയപ്പോൾ മറുവശത്ത് ഹെറാക്ലിയസ് ചക്രവർത്തി (ഹെറാക്ലിയസ് എന്നത് റോമൻ ചക്രവർത്തിമാരുടെ സ്ഥാനപേരാണ്) എണ്ണമറ്റ ജൂതന്മാരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നാട്ടിൽ കാണപ്പെടുന്ന ജൂതന്മാരെയെല്ലാം വധിക്കുക എന്ന ഉത്തരവിറക്കുകയും ചെയ്തു. ഫലസ്തീനിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘട്ടനങ്ങൾ പതിവായിരുന്നു… അന്നത്തെ റോമൻ ചക്രവർത്തിയുടെ സഹോദരൻ ആയിരുന്ന തിയഡോർ ഫലസ്തീനിലെ ഭരണ കാര്യങ്ങൾക്ക് നിയോഗിതനായപ്പോൾ നാട്ടിലെ സർവ്വ ജൂതന്മാരെയും തിരഞ്ഞു പിടിച്ച് വധിക്കാൻ തുടങ്ങി. ജൂതന്മാർ ആകട്ടെ തങ്ങളുടെ സഹായികളായ പേർഷ്യക്കാരിൽ നിന്നും 80000 ക്രിസ്ത്യൻ ബന്ദികളെ വിലയ്ക്ക് വാങ്ങി അറുത്തു കൊന്നു… (താരീഖുത്തമദ്ദുനുൽ ഇസ്‌ലാമി: ജോർജി സൈദാൻ: 1: 43-48)

ഇതെല്ലാം ഉത്തര അറേബ്യയിൽ ആണ് നടന്നിരുന്നതെങ്കിൽ ദക്ഷിണ അറേബ്യയിൽ ഇതിനേക്കാൾ കിരാതമായ അധികാര വാഴ്ച്ചയും ധ്വംസനങ്ങളുമാണ് നടമാടിയിരുന്നത്.
ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിൽ ഹിംയർ രാജാവും ജൂത ഗോത്രങ്ങളുടെ സാരഥിയുമായിരുന്ന ദൂനുവാസ് രാജാവ് നജ്റാൻ ക്രിസ്ത്യാനികളെ വാളുപയോഗിച്ച് സംഘമായി നിർബന്ധ മതപരിവർത്തനം നടത്തിക്കൊണ്ടിരുന്നു. ക്രിസ്തുമതം ഉപേക്ഷിക്കാത്തവർക്ക് വേണ്ടി കിലോമീറ്ററുകൾ നീളമുള്ള കിടങ്ങുകൾ കുഴിച്ച്, അവ തീകുണ്ടാരങ്ങളാക്കി അതിലേക്ക് കൂട്ടമായി വലിച്ചെറിഞ്ഞു കൊണ്ടിരുന്നു. ക്രിസ്താബ്ദം 571 ൽ യമനിലെ ക്രിസ്ത്യൻ രാജാവ്, തന്റെ രാജ്യത്ത് ഒരു ക്രിസ്ത്യൻ കഅ്ബയും തീർത്ഥാടകേന്ദ്രവും നിർമിക്കുകയുണ്ടായി. എന്നിട്ട്, അറബ് ഉപഭൂഖണ്ഡത്തിൽ അന്നുണ്ടായിരുന്ന മറ്റെല്ലാ കഅ്ബകളും തീർത്ഥാടകേന്ദ്രങ്ങളും തകർക്കാനും ആ കഅ്ബകളുടെ സംരക്ഷകരായ ഗോത്രക്കാരെയെല്ലാം കൊന്നൊടുക്കാനും പദ്ധതി ഇട്ട ചരിത്രവും പ്രസിദ്ധമാണ്.

ഇസ്‌ലാം മുഹമ്മദ് നബിയിലൂടെ കടന്നുവന്ന കാലഘട്ടത്തിൽ ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥയിലൂടെയുള്ള ഈ ഓട്ട പ്രദക്ഷിണത്തിലൂടെ എന്താണ് നാം മനസ്സിലാക്കുന്നത് ? ഡെമോക്രസിയിലും സെക്കുലറിസത്തിലും ഊന്നി ഇന്ന് ലോകത്ത് നിലനിൽക്കുന്ന രാഷ്ട്ര ഘടനയായിരുന്നില്ല അന്നത്തേത്. അന്യ മതങ്ങളേയോ ആദർശങ്ങളേയോ സംസ്കാരങ്ങളേയോ വെച്ചുപൊറുപ്പിക്കാത്ത സ്വേച്ചാധിപത്യ ഭരണകൂടങ്ങളായിരുന്നു ലോകത്ത് ഭൂരിഭാഗവും രാജ്യങ്ങളിലും നിലനിന്നിരുന്നത്. ജനാധിപത്യമോ മത സഹിഷ്ണുതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത കിരാത വാഴ്ച്ച.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.