ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -17

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -17
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -17
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -17

പ്രവാചകന്റെ അടിമകൾ

അടിമത്തവുമായി ബന്ധപ്പെട്ടുതന്നെ ചിലതുകൂടി പറയേണ്ടതുണ്ട്. ആ വിഷയവുമായി ബന്ധപ്പെട്ട് ശത്രുക്കള്‍ ഉന്നയിക്കുന്ന ആക്ഷേപം ഇങ്ങനെ വായിക്കാം:

”അടിമകളെ വെക്കുകയും അടിമവ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം മാതൃകയാക്കേണ്ടത്?”

ഇവിടെ ശത്രുക്കള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാതെ പോകുന്ന കാര്യം വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണസാധ്യതയുമായി ബന്ധപ്പെട്ടതാണ്. ഏതൊരു വ്യവസ്ഥയ്ക്കുമുണ്ട് രണ്ടു വശം. ഒന്ന് ആശയതലമാണെങ്കില്‍ രണ്ടാമത്തേത് പ്രയോഗതലമാണ്. തത്ത്വം എത്ര തന്നെ മഹത്തരമായാലും അത് പ്രയോഗവല്‍ക്കരിക്കണമെങ്കില്‍ സാഹചര്യം അനുകൂലമായി കിട്ടണം. ഇസ്‌ലാമും അതിന് അപവാദമല്ല. ചില തത്ത്വങ്ങളുടെയെങ്കിലും പ്രയോഗവല്‍ക്കരണം ലോകസാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുമെന്നത് ഒരു വസ്തുതയാണ്. യുദ്ധം ഒരു ഉദാഹരണമാണ്. അടുത്തകാലത്ത് യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ലോകത്തെല്ലായിടത്തും സജീവമായിരുന്നു. പല പ്രമാദയുദ്ധങ്ങളും അരങ്ങേറിയതും ഇതേകാലത്താണ്. ഹത സ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ ലോകം നട്ടം തിരിയുന്നത് നാം കാണുന്നുണ്ട്. ഇസ്‌ലാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയല്ല, നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. യുദ്ധം ചെയ്‌തേ അടങ്ങൂ എന്നാണ് ശത്രു ശഠിക്കുന്നതെങ്കില്‍ അതിനെ അങ്ങനെത്തന്നെ നേരിടുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ട് തന്നെ ഇസ്‌ലാം യുദ്ധം തടഞ്ഞില്ലല്ലോ എന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ ചുവടുവെപ്പുകള്‍ പലതും അങ്ങനെ തന്നെ. പലിശയുമായി ബന്ധപ്പെട്ട വചനങ്ങള്‍ അവതരിച്ച് പിന്നെയും കുറേ കഴിഞ്ഞാണ് സമൂഹതലത്തില്‍ അതിന്റെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുന്നത്. മദ്യനിരോധനം ഘട്ടംഘട്ടമായാണ് ഇസ്‌ലാം നടപ്പിലാക്കിയത്. അടിമത്ത നിര്‍മാര്‍ജ്ജനം സാമ്പത്തികമായും സാമൂഹികമായും ഏറെ സങ്കീര്‍ണമായിരുന്നു. ഇസ്‌ലാം രംഗപ്രവേശം ചെയ്ത നാളുകളില്‍. അത് ഏകപക്ഷീയമായി നിറുത്തല്‍ അന്ന് അസാധ്യമായിരുന്നു. ആഭ്യന്തരമായും വൈദേശികമായും മുസ്‌ലിംകള്‍ക്ക് നഷ്ടം മാത്രം വരുത്തിവെക്കുമായിരുന്ന ഘട്ടം. അതുകൊണ്ട് തന്നെ അത് നിര്‍മാര്‍ജനം ചെയ്യുന്ന കാര്യം സാഹചര്യം ഒത്തുവരുന്ന ഘട്ടത്തിലേക്ക് മാറ്റി. അതുകൊണ്ടത്രെ ക്വുര്‍ആന്‍ ഇപ്രകാരം പറഞ്ഞത്:

”ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ കഴുത്തിന് വെട്ടുക. അങ്ങനെ അവരെ ഒതുക്കിക്കഴിഞ്ഞാല്‍ അവരെ ശക്തമായി ബന്ധിക്കുക. ശേഷം ഔദാര്യപൂര്‍വം അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കാം. യുദ്ധം അതിന്റെ ഭാരം ഇറക്കി വെക്കുംവരെയാണ് ഇത് തുടരേണ്ടത്.” (47:4)

ഒപ്പം അടിമത്തത്തിന്റെ തീക്ഷണത കുറക്കാനും അടിമകളെ മനുഷ്യരായി പരിഗണിച്ച് ഇടപെടാനും ഉപയുക്തമായ നിര്‍ദേശങ്ങള്‍ നല്‍കി അടിമത്ത മോചനത്തിന് അത് പാതയൊരുക്കി. ഇസ്‌ലാമിന്റെ ഇത്തരം പുരോഗമനോന്മുഖമായ നടപടിക്രമങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ശാഠ്യബുദ്ധികളായതാണ് ശത്രുക്കള്‍ ഇപ്രകാരം ആരോപിക്കാന്‍ കാരണം. ”അടിമവ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദ്” -പ്രവാചകനെ എത്രമേല്‍ അവഹേളിക്കാമോ അത്രയും അവഹേളിക്കുക, അതുവഴി മുസ്‌ലിംകളെ പ്രകോപിതരാക്കുക. അതാണ് അവരുടെ ഉള്ളിലിരിപ്പ്. അപ്പോള്‍ അവര്‍ക്കും അവരെ ചട്ടുകമാക്കുന്നവര്‍ക്കും വിളിച്ചുകൂവാം: ”കണ്ടില്ലേ, മുസ്‌ലിംകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്.”

മുഹമ്മദ് (സ) പ്രവാചകനായി രംഗപ്രവേശം ചെയ്യുന്നതിനുമുമ്പ് വ്യാപാരം നടത്തിയിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അന്നും അദ്ദേഹം അടിമ വ്യാപാരം നടത്തിയിരുന്നില്ല. പ്രവാചകനായതില്‍ പിന്നെ അദ്ദേഹം വ്യാപാരരംഗത്തുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം അടിമ വ്യാപാരം നടത്തി എന്നത് ശുദ്ധ അസംബന്ധമാണ്. അദ്ദേഹത്തിന് അടിമകളുണ്ടായിരുന്നു. അവരില്‍ പലരെയും അദ്ദേഹം വാങ്ങിയതായിരുന്നില്ല. പലരും സമ്മാനിച്ചതാണ്. വിലകൊടുത്തു വാങ്ങിയവരെ മുഴുവന്‍ അദ്ദേഹം മോചിപ്പിക്കുകയായിരുന്നു. അല്ലാത്തവരെയും അദ്ദേഹം മോചിപ്പിച്ചിട്ടുണ്ട്.

ആരൊക്കെയായിരുന്നു അദ്ദേഹത്തിന്റെ അടിമകള്‍:

1. സൈദ് -അടിമകളില്‍ സൈദിനെ കുട്ടിയായിരിക്കെ ഭാര്യ ഖദീജ വാങ്ങിയതാണ്. തുടര്‍ന്ന് പ്രവാചകനു നല്‍കി. തുടര്‍ന്ന് അവിടുന്ന് അദ്ദേഹത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയും നിലവിലെ സമ്പ്രദായമനുസരിച്ച് ദത്തു പുത്രനായി സ്വീകരിക്കുകയും ചെയ്തു.
2. സഫീന -സഫീനയെയും പ്രവാചകന്‍ (സ) അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചു.
3. അസ്‌ലം -അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരുസംബന്ധിച്ച് അഭിപ്രായാന്തരമുണ്ട്. ഇബ്രാഹീം, ഥാബിത്, ഹുര്‍മുസ് എന്നിങ്ങനെയൊക്കെ പറയപ്പെടുന്നുണ്ട്. അദ്ദേഹം ആദ്യം പ്രവാചകന്റെ പിതൃവ്യന്‍ അബ്ബാസിന്റെ അടിമയായിരുന്നു. അബ്ബാസ് അദ്ദേഹത്തെ പ്രവാചകന് സമ്മാനിച്ചു. അവിടുന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയും തന്റെ അടിയാത്തി സല്‍മയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
4. അബൂ റാഫിഅ് -ബനൂ മഖ്‌സൂം ഗോത്രത്തില്‍പ്പെട്ട ഒരാളെ പ്രവാചകന്‍ (സ) സദഖഃ-ദാനം-യുടെ ധനം ശേഖരിക്കാന്‍ നിയോഗിച്ചിരുന്നു. അയാള്‍ അബീറാഫിഇനെ തന്റെ കൂടെ വരാന്‍ ക്ഷണിച്ചു. എങ്കില്‍ തനിക്ക് ലഭിക്കുന്നതുപോലെ ഒരു വിഹിതം അദ്ദേഹത്തിനും ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ക്ഷണിച്ചത്. പ്രവാചകരോട് ചോദിക്കാതെ വരാന്‍ പറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം പ്രവാചകനെ സമീപിച്ച് വിഷയം ധരിപ്പിച്ചു. പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു. ”ദാനം -സദഖഃ- നമുക്ക് അനുവദനീയമല്ല. ഒരു കുടുംബത്തിന്റെ അടിമ അവരുടെ തന്നെ ഭാഗമാണ്.”
5. ഥൗബാൻ -അദ്ദേഹത്തിന്റെ കുടുംബവേര് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. മക്കയ്ക്കും യമനും മധ്യേയുള്ള സറാത്ത് പ്രദേശവാസിയാണെന്നതാണ് ഒരഭിപ്രായം. യമനിലെ ഹിംയര്‍ കുടുംബാംഗമാണെന്നത്രെ മറ്റൊരുഭിപ്രായം. മുദ്ഹിജ് ഗോത്രത്തിലെ ഹകമുബ്‌നു സഅദ് കുടുംബാംഗമാണെന്നും ഒരഭിപ്രായമുണ്ട്. ഇസ്‌ലാമിനു മുമ്പ് നടന്ന ഏതോ ഒരു യുദ്ധത്തില്‍ പിടികൂടിയതാണ് അദ്ദേഹം അടിമയാകാന്‍ കാരണം. പ്രവാചകന്‍ (സ) അദ്ദേഹത്തെ വിലകൊടുത്തുവാങ്ങി. തുടര്‍ന്ന് അവിടുന്ന് അദ്ദേഹത്തെ മോചിപ്പിക്കുകയും താല്‍പര്യമുണ്ടെങ്കില്‍ തന്റെ കുടുംബത്തിലേക്ക് തിരിച്ചുപോയിക്കൊളളാനും അനുവാദം നല്‍കി. അദ്ദേഹം പ്രവാചകനെ(സ) തെരഞ്ഞെടുക്കുകയായിരുന്നു. അതോടെ അദ്ദേഹം നബികുടുംബത്തില്‍പെട്ട ആളായിത്തീരുകയായി.

ഇതുതന്നെയാണ് ഈ പട്ടികയിലെ ഒന്നാം നമ്പറുകാരനായ സൈദുബ്‌നു ഹാരിഥയുടെയും അവസ്ഥ. സൈദ് മക്കയിലുണ്ടെന്നു കേട്ടറിഞ്ഞ അദ്ദേഹത്തിന്റെ പിതാവും പിതൃവ്യനും പ്രവാചകനെ(സ) ചെന്നുകണ്ടു. അവിടുന്ന് അവരോട് പറഞ്ഞു: ”സൈദിന്റെ ഇഷ്ടം പോലെ ചെയ്യാം. വേണമെങ്കില്‍ നിങ്ങള്‍ക്കൊപ്പം വരാം. അവനിഷ്ടമെങ്കില്‍ ഇവിടെ കഴിയാം.” സൈദ് പ്രവാചകനെ(സ) തെരഞ്ഞെടുക്കുകയായിരുന്നു.
6. റാഫിഅ് എന്നോ അബൂ റാഫിഅ് എന്നോ പേരുള്ള ഒരാള്‍. അബുല്‍ ബഹിയ്യ് എന്നും അദ്ദേഹത്തെപ്പറ്റി പറയുന്നുണ്ട്. അബൂ ഉഹൈവി എന്ന സഈദിബ്‌നുല്‍ ആസ് അല്‍ അക്ബറിന്റെ അടിമയായിരുന്നു. സഈദ് മരിച്ചപ്പോള്‍ മക്കള്‍ അദ്ദേഹത്തെ അനന്തിരമെടുത്തു. അവരില്‍ മൂന്നുപേര്‍ തങ്ങളുടെ വിഹിതത്തെ സ്വതന്ത്രമാക്കിയതായി പ്രഖ്യാപിച്ചു. സഈദിബ്‌നു ആസിന്റെ മറ്റുമക്കളില്‍ ഖാലിദിന്റെ വിഹിതമൊഴിച്ചുളള ഭാഗം അബൂ റഫീഅ് വിലകൊടുത്തു വാങ്ങി സ്വയം സ്വതന്ത്രനായി. ഖാലിദാവട്ടെ തന്റെ വിഹിതം പ്രവാചകന്(സ) സമ്മാനിച്ചു. ആ വിഹിതം സ്വീകരിച്ച പ്രവാചകന്‍ (സ) അദ്ദേഹത്തിനു മോചനമേകി.
7. അബൂ കബ്ശ – അദ്ദേഹത്തിന്റെ പേര് സംബന്ധിച്ച് അഭിപ്രായാന്തരമുണ്ട്. അംറുബ്‌നു സഅ്ദ് എന്നാണോ സഅ്ദുബ്‌നു അംറ് എന്നാണോ സലിം എന്നാണോ എന്നൊക്കെയാണ് അഭിപ്രായവ്യത്യാസം. സലിം എന്നതാണ് പ്രസിദ്ധം.
8. റബാഹ് അല്‍ അസ്‌വദ് -പ്രവാചകന്റെ അടുത്ത് ഏതുസമയവും കടന്നുചെല്ലാന്‍ അനുവാദമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണദ്ദേഹം.
9. റുവൈഫിഅ് -അദ്ദേഹത്തെ കൂട്ടത്തില്‍ ചിലര്‍ എണ്ണിയിട്ടുണ്ടെന്നല്ലാതെ അദ്ദേഹം പ്രവാചകന്റെ അടിമകളുടെ കൂട്ടത്തിലുണ്ടായിരുന്നു എന്നു തീര്‍ത്തുപറയുക സാധ്യമല്ല.
10. അബൂ യസാര്‍ എന്ന സൈദ്
11. അബൂ അബ്ദിര്‍ റഹ്മാന്‍ എന്ന സഫീന -അബുന്‍ ബുഖ്തരി എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം വിഹ്‌റാന്‍ എന്നാണെന്നും അതല്ല അബ്‌സ് എന്നാണെന്നും അഹ്മര്‍ എന്നാണെന്നും അതല്ല റൂമാന്‍ എന്നാണെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. സഫീന എന്ന് അദ്ദേഹത്തെ വിളിച്ചത് പ്രവാചകനാണ്. അദ്ദേഹം പ്രവാചകപത്‌നി ഉമ്മുസലമയുടെ(റ) അടിമയായിരുന്നു. അവര്‍ അദ്ദേഹത്തെ പ്രവാചകന്റെ(സ) വിയോഗം വരെ അവിടുത്തേക്ക് സേവനം ചെയ്യണമെന്ന വ്യവസ്ഥയില്‍ മോചിപ്പിച്ചു. ഈ ഉപാധി വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ”നിങ്ങള്‍ അങ്ങനെ ഒരു ഉപാധി വെച്ചിരുന്നില്ലെങ്കിലും ഞാന്‍ പ്രവാചകനെ(സ) പിരിഞ്ഞുപോവുമായിരുന്നില്ല.”
12. സല്‍മാനുല്‍ ഫാറസി -പേര്‍ഷ്യക്കാരനായ സല്‍മാന്‍ മദീനയില്‍ എത്തിപ്പെട്ടത് ക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രവാചകനിയോഗത്തെപ്പറ്റി പറഞ്ഞുകേട്ടതനുസരിച്ചാണ്. അവിടെ അദ്ദേഹം ഒരു യഹൂദന്റെ അടിമയായി കഴിയുകയായിരുന്നു. പ്രവാചകനെ(സ) കണ്ട മാത്രയില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിച്ച അദ്ദേഹത്തോട് യഹൂദനുമായി മോചനപത്രമെഴുതാന്‍ പ്രവാചകന്‍ (സ) നിര്‍ദേശിക്കുകയായിരുന്നു. അവിടുന്ന് തന്നെയാണ് ആ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും. അതിനാല്‍ പ്രവാചകന്റെ(സ) അടിമകളുടെ കൂട്ടത്തില്‍ അദ്ദേഹത്തെയും ചിലര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മാത്രം.
13. ശഖ്‌റാന്‍ -എത്യോപ്യക്കാരനാണദ്ദേഹം. സാലിഹ് എന്നാണ് പേര്. പ്രവാചകന്(സ) അനന്തിര സ്വത്തായി ലഭിച്ചതാണ്. അബ്ദുര്‍ റഹ്മാനുബ്‌നു ഔഫിന്റെ അടിമയായിരുന്നു ശഖ്‌റാനെന്നും അദ്ദേഹത്തെ അബ്ദുര്‍ റഹ്മാനുബ്‌നു ഔഫ് പ്രവാചകന്(സ) സമ്മാനമായി നല്‍കുകയായിരുന്നു എന്നും ഒരഭിപ്രായമുണ്ട്. പ്രവാചകന്റെ തിരുശരീരം സംസ്‌കരിക്കുന്നതില്‍ ശഖ്‌റാനും പങ്കാളിയായിരുന്നു.
14. ദമീറതുബ്‌നു അബീദമീറ – ഹിംയര്‍ ഗോത്രക്കാരിയാണദ്ദേഹം. ഇസ്‌ലാമിന്റെ മുമ്പുനടന്ന ഏതോ യുദ്ധത്തില്‍ ബന്ധിതയായതിനെ തുടര്‍ന്നാണ് അദ്ദേഹം അടിമയായത്. പ്രവാചകന്‍ അദ്ദേഹത്തെ വിലകൊടുത്ത് വാങ്ങി മോചിപ്പിക്കുകയായിരുന്നു.

ദമീറ പ്രവാചകന്റെ(സ) കയ്യിലകപ്പെട്ടത് എങ്ങനെയെന്ന് ചരിത്രം പറയുന്നുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ (സ) ദമീറയുടെ അരികെ കടന്നുപോയി. ആ സ്ത്രീ അപ്പോള്‍ കരയുകയായിരുന്നു. അവിടുന്ന് ചോദിച്ചു: ”ദമീറ, എന്തിനാണ് കരയുന്നത്? വിശക്കുന്നതുകൊണ്ടാണോ? അല്ലെങ്കില്‍ വസ്ത്രമില്ലാഞ്ഞിട്ടാണോ?”

ദമീറ: ”അല്ലാഹുവിന്റെ ദൂതരേ, അവര്‍ എന്നെയും മകനെയും വേര്‍തിരിച്ചുകളഞ്ഞു.”

ആ മാതൃഹൃദയം അനുഭവിക്കുന്ന വേദന കണ്ടറിഞ്ഞ പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു: ”മാതാവിനെയും കുട്ടിയെയും വേര്‍തിരിക്കാവതല്ല.”

തുടര്‍ന്ന് ദമീറയുടെ ഉടമയെ വരുത്തിച്ച് പ്രവാചകന്‍ (സ) അദ്ദേഹത്തെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചു. അതുകൊണ്ടുമായില്ല. അവിടുന്ന് ഉബയ്യ്ബ്‌നു കഅ്ബിനെക്കൊണ്ട് ഇങ്ങനെ ഒരു കരാര്‍ പത്രം എഴുതി അദ്ദേഹത്തെ കേള്‍പ്പിക്കുക കൂടി ചെയ്തു.

”കാരുണ്യവാനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് അബീദമീറക്കും കുടുംബത്തിനും എഴുതിക്കൊടുത്ത കരാര്‍ പത്രം. അല്ലാഹുവിന്റെ ദൂതന്‍ അവരെ മോചിപ്പിച്ചിരിക്കുന്നു. അവരും ഒരു അറബി കുടുംബമാണ്. അവര്‍ക്കിഷ്ടമെങ്കില്‍ അല്ലാഹുവിന്റെ ദൂതര്‍ക്കൊപ്പം കഴിയാം. അവര്‍ക്കിഷ്ടമില്ലെങ്കില്‍ സ്വന്തം ജനതയുടെ അടുത്തേക്ക് തിരിച്ചുപോകാവുന്നതുമാണ്. കാരണമേതുമില്ലാതെ ആരും അവരെ ശല്യപ്പെടുത്താവതല്ല. അവരുമായി ബന്ധപ്പെടുന്ന ഏതു മുസ്‌ലിമും അവരോടു നന്മയില്‍ വര്‍ത്തിക്കണമെന്നുള്ള എന്റെ ഉപദേശം കൈക്കൊള്ളേണ്ടതാണ്.”

15. തഹ്മാന്‍ -ദക്‌വാന്‍ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. പേര് മിഹ്‌റാന്‍ എന്നാണെന്നും പറയപ്പെടുന്നുണ്ട്. കൈസാന്‍ എന്നാണെന്നും ഒരഭിപ്രായമുണ്ട്.
16. ഉബൈദാണ് മറ്റൊരാള്‍.
17. ഫദാലഃ -അബൂ മുവൈഹിബ എന്നാണ് വിളിപ്പേര്. പ്രവാചകന്‍ (സ) അദ്ദേഹത്തെയും മോചിപ്പിച്ചു.
18. ഖഫീസ് എന്ന ഒരാള്‍ കൂടിയുണ്ട് അവരില്‍.
19. കര്‍ക്കറ -മറ്റൊരടിമ കര്‍ക്കറയാണ്. അദ്ദേഹം പ്രവാചകന്റെ കൂടെ ഒരു യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ആ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
20. കൈസാന്‍ -അതാണ് മറ്റൊരാളുടെ പേര്.
21. മാബൂര്‍ -ഷണ്ഡീകരിക്കപ്പെട്ടആളായിരുന്നു. കോപ്റ്റിക് വംശൻ. ഈജിപ്തിലെ മുഖൗഖിസ് വാരയ്യയോടൊപ്പം പാരിതോഷികമായി നല്‍കി.
22. മുദ്ഇം -ശാമിലെ നസ്മാ പ്രദേശത്തുകാരന്‍. ഖൈബര്‍ യുദ്ധാനന്തരം തിരിച്ചുപോരും വഴി ഒരജ്ഞാതാസ്ത്രം ഏറ്റു മരിച്ചു.
23. മഹ്‌റാന്‍ -തഹ്മാന്‍ എന്നാണ് പേരെന്നും പക്ഷമുണ്ട്.
24. മൈമൂന്‍
25. നാഫിഅ്
26. നുഫൈഅ് -മസ്‌റൂഹ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും ഒരു പക്ഷമുണ്ട്. മസ്‌റൂഹിന്റെ മകന്‍ നാഫിഅ് എന്നാണ് പേരെന്നാണ് മറ്റൊരഭിപ്രായം. നാഫിഉബ്‌നുല്‍ ഹാരിഥ് എന്നതാണ് ശരി. അദ്ദേഹത്തെയും പ്രവാചകന്‍ (സ) മോചിപ്പിച്ചു.
27. വാഖിദ് -അബു വാഖിദ് എന്നാണ് പേരെന്നും അഭിപ്രായമുണ്ട്.
28. ഹുര്‍മുസ് -അബൂ കൈസാന്‍ എന്നു വിളിപ്പേര്. അദ്ദേഹത്തെയും പ്രവാചകന്‍ (സ) മോചിപ്പിച്ചു.
29. ഹിശാം
30. യസാര്‍ -ആരോ പ്രവാചകന് പാരിതോഷികമായി നല്‍കി. അദ്ദേഹത്തെയും പ്രവാചകന്‍ (സ) മോചിപ്പിച്ചു.
31. അബുല്‍ ഹംറാഅ് -പ്രവാചകന്റെ സേവകനായി ജീവിച്ചു. ഹിലാലുബ്‌നുല്‍ ഹാരിഥ് എന്നാണ് പേരെന്നും പറയുന്നുണ്ട്. ഇസ്‌ലാമിന് മുമ്പുനടന്ന ഏതോ യുദ്ധത്തില്‍ ബന്ധിതനായതിനെ തുടര്‍ന്ന് അടിമയാക്കപ്പെട്ടു.
32. അബൂസല്‍മാ -പ്രവാചകന്റെ ഇടയനായിരുന്നു.
33. അബൂ സഫിയ
34. അബൂ ദമീറ പതിനാലാം നമ്പറിൽ പറഞ്ഞ ദമീറയുടെ പിതാവ്. ആ കുടുംബത്തെ ഒന്നിച്ചു മോചിപ്പിച്ചു.
35. അബൂ ഉബൈദ്
36. അബൂ ഉശൈബ് -അബൂ ഉസൈബാണെന്നും പറയുന്നുണ്ട്.
37. ഹുനൈന്‍ -പ്രവാചകന്‍ (സ) അദ്ദേഹത്തെ പിതൃവ്യനായ അബ്ബാസിന് നല്‍കി.
ഇത്രയും അടിമകളില്‍ പ്രവാചകന്‍ (സ) ദിവംഗതനാവുമ്പോള്‍ ഏഴോ എട്ടോ പേരാണ് അടിമകളായി അവശേഷിച്ചത്.

അടിയാത്തികള്‍

1. റസീന -പ്രവാചകൻ ഭാര്യ സ്വഫിയ്യയ്ക്ക് അവരെ വിവാഹമൂല്യമായി നല്‍കി എന്നൊരു റിപ്പോര്‍ട്ടുണ്ട്.
2. ഉമൈമ
3. ഉമ്മു ഐമന്‍ എന്നുവിളിപ്പേരുള്ള ബറക. തന്റെ വളര്‍ത്തുപുത്രന്‍ എന്നറിയപ്പെടുന്ന സൈദുബ്‌നു ഹാരിഥക്ക് പിന്നീട് വിവാഹം ചെയ്തുകൊടുത്തു. പിതാവിന്റെ അല്ലെങ്കില്‍ മാതാവിന്റെ ദായധനമായി ലഭിച്ചു.
4. ബരീറഃ -അബൂഅഹ്മദുബ്‌നു ജഹ്ശിന്റെ അടിയാത്തിയായിരുന്നു. പ്രവാചകപത്‌നി ആഇശ (റ) അവരെ വിലകൊടുത്ത് വാങ്ങി മോചിപ്പിക്കുകയായിരുന്നു.
5. ഖദ്‌റഃ -പ്രവാചകന്‍ അവരെ മോചിപ്പിച്ചു
6. പ്രവാചകപത്‌നി ഹഫ്‌സയുടെ അടിയാത്തിയായിരുന്ന ഖലീസയാണ് മറ്റൊരാള്‍.
7. ഖൗലഃ
8. അമതുല്ലഃ -അവരുടെ മാതാവ് റസീനയെയാണ് ഭാര്യ സ്വഫിയ്യക്ക് പ്രവാചകന്‍ നല്‍കിയത്.
9. റദ്‌വാ
10. റൈഹാന ബിന്‍ത് ശംഊന്‍
11. സാനിയ
12. അന്‍സാരി വംശജയായ സുദൈസ. അവരും ഭാര്യ ഹഫ്‌സയുടെ അടയാത്തിയായിരുന്നു.
13. പുത്രന്‍ ഇബ്രാഹീമിന്റെ ആയയായിരുന്ന സലാമഃ
14. സല്‍മ
15. ശിരീന്‍ -മാരിയ്യക്കൊപ്പം മുഖൗഖിസ് പാരിതോഷികമായി നല്‍കി പ്രവാചകന്‍ (സ) അവരെ ഹസ്സാനുബ്‌നുഥാബിതിന് ദാനം നല്‍കി.
16. ഉന്‍ഖുദഃ -ഉമ്മു മുലൈഹ് എന്നു വിളിപ്പേര്. പ്രവാചകപത്‌നി ആഇശയുടെ(റ) അടിയാത്തിയായയിരുന്നു.
17. പ്രവാചകന് മുലയൂട്ടിയിരുന്ന ഫര്‍വ.
18. ആഇശയുടെ അടിയാത്തിയായിരുന്ന ലൈലാ.
19. മാരിയ്യത്തുല്‍ ഖിബ്‌നിയ്യഃ മുഖൗഖിസ് പാരിതോഷികമായി നല്‍കി.
20. സഅ്ദിന്റെ മകള്‍മ മൈമുനഃ
21. അബൂ അസീബയുടെ അല്ലെങ്കില്‍ അന്‍ബന്ധയുടെ മകള്‍ മൈമുന. അബൂ അസീബ് എന്നാണ് പിതാവിന്റെ പേര് എന്നതാണ് ശരി എന്നു പറയുന്നുണ്ട് അബൂ നുഐം.
22. ഉമ്മു ദമീറഃ
23. ഉമ്മു അയ്യാശ്

36 അടിമകളും 23 അടിയാത്തികളും. ഇവരെയൊക്കെ പ്രവാചകന്‍ (സ) വിലകൊടുത്തു വാങ്ങിയതായിരുന്നുവോ?

വലം കൈ ഉടമ പ്പെടുത്തിയ രണ്ട് സ്ത്രീകളാണ് പ്രവാചകന് ഉണ്ടായിരുന്നത്. ഒന്ന്, മാരിയ്യഃ -ഈജിപ്തിലെ മുഖൗഖിസ് രാജാവ് സമ്മാനമായി നല്‍കിയത്. രണ്ട്, റൈഹാനഃ -ബനൂ ഖുറൈള എന്ന യഹൂദ ഗോത്രക്കാരിയാണ് റൈഹാനഃ. ബനൂ ഖുറൈളയില്‍ നിന്ന് പിടികൂടി അടിമയാക്കിയ സ്ത്രീകളിലാണ് അവരുണ്ടായിരുന്നത്. പ്രവാചകന്‍ (സ) അവരോട് പറഞ്ഞു:

”നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ നിന്നെ മോചിപ്പിച്ച് വിവാഹം ചെയ്യാം. അതല്ല നീ ഇഷ്ടപ്പെടുന്നത് എന്റെ ഉടമസ്ഥതയില്‍ കഴിഞ്ഞുകൂടാനും ഉടമസ്ഥാവകാശത്തെ അടിസ്ഥാനപ്പെടുത്തി ലൈംഗികമായി ബന്ധപ്പെടുന്നതുമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അങ്ങനെയുമാവാം?

അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, അങ്ങേയ്ക്കും എനിക്കും ബാധ്യത കുറഞ്ഞ കാര്യം ഞാന്‍ അങ്ങയുടെ ഉടമസ്ഥാവകാശത്തില്‍ കഴിയുന്നതാണ്.”

തുടര്‍ന്ന് അവര്‍ ഹിജറയുടെ പത്താമാണ്ടില്‍ ഹജ്ജ് നിര്‍വഹിച്ചുവരും വഴി മരണമടയുകയായിരരുന്നു. മാരിയ്യയുടെ കാര്യമാണെങ്കില്‍ അവര്‍ പ്രവാചകന്റെ ഇബ്രാഹീം എന്ന കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ അവിടുന്ന് പറഞ്ഞത് ഇങ്ങനെ: ”അവരുടെ കുട്ടി അവരെ മോചിപ്പിച്ചു.”

ഈ രണ്ടു പേരെയും മാറ്റി നിറുത്തി മറ്റു അടിമകളെയും അടിയാത്തികളെയുമെടുക്കാം. അവരില്‍ പ്രവാചകന്‍ (സ) വില കൊടുത്തുവാങ്ങിയവര്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. രണ്ടോ മൂന്നോ പേര്‍ കാണും. അവരെ അവിടന്ന് മോചിപ്പിക്കുകയായിരുന്നു. മിക്കവാറും ആളുകള്‍ പലരും പാരിതോഷികമായി നല്‍കിയതാണ്. അവരില്‍ ഒന്നു രണ്ടുപേര്‍ പ്രവാചകന്റെ കൂടെ യുദ്ധത്തില്‍ പങ്കെടുത്ത് ശത്രുക്കളാല്‍ വധിക്കപ്പെടുകയായിരുന്നു. മറ്റുള്ളവരില്‍ കൂടുതല്‍ പേരെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഇതിനെയാണ് മുഹമ്മദ് അടിമക്കച്ചവടം നടത്തുകയായിരുന്നു എന്ന് യുക്തിവാദി ദുഷ്ടബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്.

ഇനി അടിമകളോടുള്ള പ്രവാചകന്റെ(സ) സമീപനം എന്തായിരുന്നു എന്ന് പരിശോധിച്ചാല്‍ ബോധ്യമാവും മറ്റുള്ളവര്‍ അവരോട് അനുവര്‍ത്തിച്ച നയമല്ല ഇസ്‌ലാം അടിമകളോട് അനുവര്‍ത്തിച്ചിട്ടുള്ളതെന്ന്.

print

No comments yet.

Leave a comment

Your email address will not be published.