ആനയോളം പോന്ന മൗനം

//ആനയോളം പോന്ന മൗനം
//ആനയോളം പോന്ന മൗനം
ആനുകാലികം

ആനയോളം പോന്ന മൗനം

ദപ്പാട് ഒലിച്ചിറങ്ങുന്ന പോലെ ചിലരുടെ മൃഗ സ്നേഹം എഴുത്തിലും വാക്കിലും ഒലിച്ചിറങ്ങുകയാണ്. കൊമ്പനാനയുടെ ശൗര്യത്തോടെയാണവർ മൃതിയടഞ്ഞ ആനക്ക് വേണ്ടി സംസാരിക്കുന്നത്. മൃഗസ്നേഹം നല്ലതാണ്. ചരിഞ്ഞത് ഗർഭിണിയാണെന്ന് കൂടിയറിയുമ്പോൾ വിഷയം കൂടുതൽ വൈകാരികമാവുന്നതും സ്വാഭാവികം. എന്നാൽ, ഹിമാചൽപ്രദേശിൽ കഴിഞ്ഞ ദിവസം ‘ഗോമാതാവ്’ സമാന രീതിയിൽ മൃതിയടഞ്ഞുവെന്നറിഞ്ഞിട്ടും, രാജ്യത്തിന്റെ വ്യത്യസ്ഥ ഇടങ്ങളിൽ ‘മാതാവ്’ പുത്രന്മാരാൽ പീഡിപ്പിക്കപ്പെടുന്നുവെന്നറിഞ്ഞിട്ടും പ്രതികരിക്കാത്തവരുടെ മൃഗസ്നേഹം കപട രാഷ്ട്രീയ പ്രേരിതമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളു. പെറ്റമ്മയെ തല്ലുന്നവൻ അയലത്തെ ‘അമ്മിണി’യെ സ്നേഹിക്കന്നത് കാണുമ്പോൾ ആർക്കെങ്കിലും ‘അസ്വാഭാവികത’ തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ…

ആനയെന്നെല്ല, കുഴിയാന പോലും അകാരണമായി കൊല്ലപ്പെട്ടുകൂടാ.. സഹജീവികളോട് സ്നേഹവും കാരുണ്യവും കാണിക്കേണ്ടവനാണെല്ലോ മനുഷ്യർ. മതം മനുഷ്യനോട് കൽപ്പിക്കുന്നതും പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിക്കണമെന്നാണ്.

ഭാരതത്തിലെ ആദ്യം ശ്ലോകം പോലും വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ദുഃഖത്തിൽ വാല്മീകി മഹർഷി രചിച്ച
”മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.”
(സാരം: അരുത് കാട്ടാളാ.. അരുത്.. ക്രൗഞ്ചപ്പക്ഷികളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ട് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടേ)
എന്ന ശ്ലോകമാണെന്നാണ് പറയപ്പെടുന്നത്. അഥവാ രാമയണത്തിന്റെ പിറവി പോലും ഒരു പക്ഷിയുടെ നീറുന്ന നോവിൽ നിന്നാണെന്ന് അർത്ഥം. ”അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ” എന്ന ആശാന്റെ കവിതയോർക്കൂ… മറ്റുള്ളവരുടെ വേദനകളിൽ അലിയുന്നതാണ് നമ്മുടെ കാവ്യ സംസ്ക്കാരം.

പൊതുബോധം മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് മൃഗങ്ങളുടെ സ്ഥാനം പോലും നൽകാത്ത മൃഗസ്നേഹം അവരുടെ രാജ്യസ്നേഹം പോലെ വ്യാജവും, കപടവുമാണ്. ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ്
അഹ്‌ലാഖിനെ തല്ലിക്കൊന്നവരും, തൊപ്പിയും താടിയും ഉണ്ടായതിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരപരാധികളായ മുസ്‌ലിമീങ്ങളെ അറുകൊല ചെയ്തവരും മനുഷ്യന് മൃഗത്തിന്റെ സ്ഥാനം പോലും നൽകുന്നില്ല. അവരുടെ പരിഗണനയിൽ മനുഷ്യൻ ഒരു പ്രശ്നമേ ആകുന്നില്ല. പിടഞ്ഞു മരിക്കുന്ന മനുഷ്യന്റെ ചിതറിത്തെറിച്ച രക്തം മുഖത്ത് നിന്ന് ലാഘവത്തോടെ തുടച്ചു നീക്കുവാനും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിമാനത്തോടെ പ്രചരിപ്പിക്കാനും അവർക്ക് ഒരു മടിയുമില്ല.

ഇന്ത്യൻ പൗരനെ പിറന്ന മണ്ണിൽ നിന്നും അറുത്തുമാറ്റാനുള്ള കാടൻ നിയമങ്ങൾക്കെതിരെ സന്ധിയില്ലാ സമരങ്ങൾക്ക് നേതൃത്വം വഹിച്ച, ജാമിഅ മില്ലിയ ഇസ്​ലാമിയ യൂനിവേഴ്​സിറ്റിയിലെ റിസർച്ച്​ വിദ്യാർഥിനി സഫൂറ സർഗാറി​നെ ഗർഭിണിയായിട്ടും യു.എ.പി.എ ചുമത്തി തുറങ്കിലടച്ചിരിക്കുന്നു. ഗുജറാത്ത് കലാപത്തിനിടെ പല തവണ പീഡിപ്പിക്കുമ്പോൾ ബിൽക്കീസ് ബാനു അഞ്ചുമാസം ഗർഭിണിയായിരുന്നു. മാതൃത്വം കേവലം ഒരു പദം മാത്രമാണ്. അത് കൊണ്ടാകാം ഗർഭപാത്രം തുറന്ന് കുട്ടിയെ ശൂലത്തിൽ കോർത്ത് ആഘോഷിക്കുവാനും അവർക്ക് സാധിക്കുന്നത്…

ദയനീയ്യമായ കാഴ്ച്ചകൾ കണ്ടിട്ടും ഭരണാധികാരികൾ വരെ ‘ആന’യോളം പോന്ന മൗനം ദീക്ഷിച്ച്, വർഗീയ വിദ്വേഷങ്ങൾക്ക് അവസരം കിട്ടുമ്പോൾ ചെന്നായയെ പോലെ ഒരു സമുദായത്തിനു നേരെ ചാടി വീഴുമ്പോൾ അവർ പറയാതെ പറയുന്നത് ഇന്ത്യയിലെ മുസ്‌ലിമീങ്ങളേ.., ഞങ്ങൾ നിങ്ങളെ മൃഗത്തോളം പോലും മാനിക്കുന്നില്ലന്ന് തന്നെയാണ്.

പൊള്ളുന്ന യാഥാർഥ്യങ്ങൾക്കു മുന്നിലെ കടുത്ത മൗനം അപരാധമാണ്. ഇന്ത്യൻ ജനത ജാതി മത ഭേദമന്യേ ഒരുമിച്ചൊന്നായി പ്രതിരോധിക്കുക തന്നെ ചെയ്യും… തീർച്ച!

print

7 Comments

  • Awesome. Well Framed the Article

    keep up the good writing.

    “The pen is mightier than the sword”

    Jaseem 08.06.2020
  • Anonymous 11.06.2020
  • Anonymous 11.06.2020
  • Anonymous 11.06.2020
  • Anonymous 11.06.2020
  • Anonymous 11.06.2020
  • Anonymous 11.06.2020

Leave a comment

Your email address will not be published.