മനക്കരുത്തില്ലാതെ മരണത്തെ മാടി വിളിക്കുന്നവർ

//മനക്കരുത്തില്ലാതെ മരണത്തെ മാടി വിളിക്കുന്നവർ
//മനക്കരുത്തില്ലാതെ മരണത്തെ മാടി വിളിക്കുന്നവർ
ആനുകാലികം

മനക്കരുത്തില്ലാതെ മരണത്തെ മാടി വിളിക്കുന്നവർ

ചെറിയ കാരണങ്ങൾക്ക് കൗമാരക്കാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ഇന്ന് വല്ലാതെ വർദ്ധിച്ചിരിക്കുന്നു. തന്റെ മാതാപിതാക്കളുടെ അടുത്ത് മതിയായ പണമില്ലാത്തതിനാൽ തന്റെ ഓൺലൈൻ പഠനം മുടങ്ങി പോവുമല്ലോ എന്നുള്ള ടെൻഷൻ കാരണം തന്റെ ജീവിതം ഒടുക്കിയ പത്താം ക്ലാസുകാരിയുടെ വാർത്ത വായിച്ചു തീരുന്നതിന്റെ മുമ്പേ പരീക്ഷയിൽ കോപ്പിയടിച്ചു പിടിച്ചതിന്റെ അപമാന ഭാരം താങ്ങാനാവാതെ കോട്ടയംകാരി ജീവനൊടുക്കിയിരിക്കുന്ന വാർത്ത വല്ലാത്ത ഞെട്ടലോടെയാണ് സാക്ഷര കേരളം ശ്രവിച്ചത്.

എവിടെയാണ് നമ്മുടെ കുട്ടികൾക്ക് പിഴക്കുന്നത് എന്ന് കണ്ടെത്തുകയും, അതിന് പരിഹാരം കാണേണ്ടതിനും പകരം ആത്മഹത്യയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടു പിടിക്കുന്ന തിരക്കിലാണ് മാധ്യമങ്ങൾ.
യഥാർത്ഥത്തിൽ നമ്മുടെ കൗമാരക്കാർക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തെ നയിച്ചിരുന്ന പല നേതാക്കളുടെയും കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു എന്ന് നമുക്ക് കണ്ടെത്താനാവും. പ്രയാസങ്ങളും, പ്രതിബന്ധങ്ങളും നിറഞ്ഞ ചെറുപ്പകാലം അവരെ കൂടുതൽ മനക്കരുത്തുള്ളവരാക്കി മാറ്റുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇന്നിന്റെ മക്കൾക്ക് ചെറിയൊരു പ്രയാസം പോലും താങ്ങാൻ കെല്പില്ലാതെ പോവുന്നത് എന്ത് കൊണ്ടായിരിക്കും. ഈ ജീവിതമെന്നുള്ളത് പൊരുതാനുള്ളതാണ് എന്ന് അവർ മറന്നു പോവുന്നത് കൊണ്ടായിരിക്കുമോ ..?

പഠിക്കുന്ന കാലത്ത് കോപ്പിയടിച്ച് പിടിക്കാത്തവർ വളരെ കുറവായിരിക്കും. ആ സംഭവം ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി തീർന്നിരുന്നു. ഇന്നാണെങ്കിൽ അത്തരത്തിലുള്ള തെറ്റുകൾ പിടിക്കപ്പെടുമ്പോൾ അത് മറ്റുള്ളവർ ആഘോഷമാക്കുകയാണ് ചെയ്യാറുള്ളത്. കോപ്പിയടിച്ച് പിടിച്ചതിന്റെ വീഡിയോ ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ അത് ലോകം മുഴുവൻ എത്തിക്കാൻ ഇന്ന് നിമിഷങ്ങൾ മതി. മറ്റുള്ളവരുടെ തെറ്റുകളെ പർവ്വതീകരിച്ച് ട്രോളാൻ ഇന്ന് മത്സരമാണ്‌. ഇത്തരത്തിലുള്ള ‘റോസ്സ്റ്റുകൾ’ ഇന്ന് നവമാധ്യമങ്ങളിൽ വല്ലാത്ത വൈറലാണ്. മറ്റുള്ളവരെ കളിയാക്കുന്നത് ആസ്വദിക്കുന്ന ഒരു ജനത വളർന്ന് വരുന്നത് തടയാനുള്ള നിയമ വ്യവസ്ഥകൾ വരേണ്ടതുണ്ട്. തമാശയുടെ പേരിൽ മറ്റുള്ളവന്റെ അഭിമാനം പിച്ചിച്ചീന്തുന്ന ട്രോളന്മാരെയും, റോസ്സ്റ്റൻമാരെയും നിലക്ക് നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ ജീവിതാനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ ജീവിതത്തിന് വല്ലാത്തൊരു കരുത്താണ് ഓരോരുത്തർക്കും സമ്മാനിക്കാറുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ നേരിടുന്നതിന് പകരം മനസ്സ് മരവിച്ച് തന്റെ വിലപ്പെട്ട ജീവിതം അവസാനിപ്പിക്കുകയല്ല വേണ്ടത് എന്ന് നാളെയുടെ വാക്താനങ്ങളായ പുതു തലമുറ ചിന്തിച്ചെങ്കിൽ എത്ര നന്നായേനെ.

കൈ വളരുന്നുണ്ടോ, കാലു വളരുന്നുണ്ടോ എന്ന് നോക്കി പ്രതീക്ഷയോടെയും, പ്രത്യാശയോടെയും അവരെ വളർത്തുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ കരച്ചിൽ ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്കെല്ലാം പ്രാർത്ഥിക്കാം.

മറ്റുള്ളവരുടെ അഭിമാന സംരക്ഷണം എത്രമാത്രം സൂക്ഷ്മതയോടെയാണ് ഇസ്‌ലാം കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ഇസ്‌ലാമിന്റെ മാനവികത ലോകത്തിന് കാണിച്ചു കൊടുക്കുന്നു. എപ്പോൾ തീരുമെന്നറിയാത്ത ഈ ലോകത്തെ ജീവിതം കൊണ്ട് അറ്റമില്ലാത്ത പരലോക ജീവിതത്തിന്റെ വിഭവങ്ങൾ തയ്യാറാക്കുകയാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്ന് മനുഷ്യരെ പഠിപ്പിക്കുന്ന ഇസ്‌ലാമിക അദ്ധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് ഇത്തരത്തിലുള്ള ആത്മഹത്യകൾ ഇല്ലായ്മ ചെയ്യാനുള്ള ഒരു മാർഗ്ഗം. ഒരാൾ ഏതു മാർഗ്ഗത്തിൽ ആത്മഹത്യ ചെയ്തുവോ, അത് പോലെ നാളെ ശിക്ഷിക്കപ്പെടുമെന്നുള്ള ബോധം ഒരാളെ ആത്മഹത്യയിൽ നിന്നും പിന്മാറ്റുമെന്നതിൽ സംശയമില്ല.

ഈ ഭൂമിയിൽ സകല കഷ്ട്ടപ്പാടുകളും അനുഭവിച്ച ഒരാളുടെ മുമ്പിൽ സ്വർഗ്ഗം കാണിക്കപ്പെടുമ്പോൾ തന്നെ ഇവിടെ അനുഭവിച്ച പ്രയാസങ്ങൾ എല്ലാം അയാൾ മറന്നു പോവുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതായത് ഇവിടെ അനുഭവിക്കുന്ന ഓരോ പ്രയാസത്തിനും മനുഷ്യർ ചിന്തിക്കുക പോലും ചെയ്യാത്ത സ്വർഗ്ഗീയ സുഖങ്ങൾ നാളത്തെ പാരത്രിക ജീവിതത്തിൽ ഒരുക്കി വെച്ചിട്ടുണ്ട് എന്നുള്ളത് ജീവിത പ്രയാസങ്ങളെ മാധുര്യമുള്ളമാക്കുന്നതാണ്. ഇത്തരത്തിലുള്ള ഇസ്‌ലാമിക വിശ്വാസം മുറുകെ പിടിക്കുന്ന ഓരോ വിശ്വസിക്കും ജീവിതത്തിലെ പ്രതിസന്ധികളും, പ്രതിബന്ധങ്ങളും പൂമെത്തയായി അനുഭവപ്പെടുമെന്നതിൽ തർക്കമില്ല.
നമ്മൾ ഇന്നനുഭവിക്കുന്ന ഒരു ഭൗതിക സുഖങ്ങളും ഇല്ലാതിരുന്നിട്ടും പ്രവാചകനും(സ), അനുചരന്മാരും അനുഭവിച്ച മാനസിക സന്തോഷം മുസ്‌ലിം നാമധാരികൾക്ക് പോലും ലഭിക്കുന്നുണ്ടോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥ വിശ്വാസത്തിലേക്കും, പ്രവാചക ചര്യയിലേക്കും മടങ്ങുകയാണ് ഇരു ലോകത്തിന്റെ വിജയത്തിനുമുള്ള മാനദണ്ഡം.

മാസങ്ങളോളം വെള്ളവും, കാരക്കയും മാത്രം കഴിച്ച് ജീവിച്ച പ്രവാചകനും(സ), കുടുംബവും മനുഷ്യ കുലത്തെ പഠിപ്പിക്കുന്ന സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും പാഠങ്ങൾ ഇന്നിന്റെ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.