അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -1

//അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -1
//അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -1
ആനുകാലികം

അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -1

ക്കാ ജീവിത കാലഘട്ടത്തിൽ മുസ്‌ലിംകൾക്കുമേലുള്ള അക്രമങ്ങൾ അനുദിനം വർദ്ധിച്ചു വന്നു. ഇസ്‌ലാം സ്വീകരിച്ചവർക്ക് നേരെ മക്കയിലെ ഖുറൈശി പ്രമാണിമാർ അതി നിഷ്ടൂരമായ പീഢനമുറകളും ക്രൂരതകളും അഴിച്ചു വിട്ടു. ബിലാലിനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന മണലിൽ കിടത്തി നെഞ്ചിൽ കല്ല് വെച്ച്, കഴുത്തിൽ കയറു കെട്ടി വലിച്ചിഴച്ചു, ബഹുദൈവാരാധനക്ക് നിർബന്ധിച്ചു. (അൽ ഇസ്വാബ ഫീ തംയീസി സ്വഹാബ: ഇബ്നു ഹജർ) സുമയ്യയെ കെട്ടിയിട്ടു തല്ലി, ഗുഹ്യാവയവത്തിൽ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി. (ഉസ്ദുൽ ഗായ) അമ്മാറിന്റെ തലയിൽ പഴുപ്പിച്ച ലോഹം വെച്ചും അടിച്ചും ദ്രോഹിച്ചു. ഖബ്ബാബിനെ തീ കനലിൽ തിരിച്ചും മറിച്ചും കിടത്തി പീഢിപ്പിച്ചു ! (ത്വബകാത്തുൽ കുബ്റാ: ഇബ്നു സഅ്ദ്)
പ്രവാചകനേയും അനുചരന്മാരേയും അബൂ ത്വാലിബ് കുന്നിലേക്ക് ആട്ടിയോടിക്കുകയും സമ്പൂർണ്ണ ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്തു. പ്രവാചകാനുചരന്മാർക്ക് ദീർഘകാലം പട്ടിണി കിടക്കേണ്ടി വന്നു.
(അർറഹീഖിൽ മഖ്തൂം: 1/97, സാദുൽ മആദ്: 2/ 46)

സ്വന്തം നാടും വീടും കുടുംബവുമെല്ലാം വിട്ടെറിഞ്ഞ് മദീനയിലേക്ക് മതസ്വാതന്ത്ര്യത്തിനായി പാലായനം ചെയ്ത മുസ്‌ലിംകളെ മക്കയിലെ പ്രമാണിമാർ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല. ബദർ, ഉഹ്ദ്, ഖന്ദക്ക് തുടങ്ങിയ യുദ്ധങ്ങളിലൂടെ മക്കയിൽ നിന്നുള്ള ശത്രു സംഘം മുസ്‌ലിംകളുമായി നിരന്തരം സായുധ സമരങ്ങൾ നടത്തി കൊണ്ടിരുന്നു. ഗൂഗിൾ മാപ്പിൽ ബദർ (البدر), ഉഹ്ദ് (أحد), ഖന്ദക്ക് (خندق) എന്ന് അറബിയിൽ ടൈപ്പ് ചെയ്ത് ഒന്ന് തിരഞ്ഞു നോക്കുക. മദീനയിൽ നിന്ന് 130 കിലോമീറ്ററും മക്കയിൽ നിന്ന് 320 കിലോമീറ്ററും ദൂരത്തിലാണ് ബദ്ർ നിലകൊള്ളുന്നത്. മദീനയിൽ നിന്ന് 13.3 കിലോമീറ്ററും മക്കയിൽ നിന്ന് 454.2 കിലോമീറ്ററും ദൂരത്തിലാണ് ഉഹ്ദ് നിലകൊള്ളുന്നത്. മദീനയിൽ നിന്ന് 5 കിലോമീറ്ററും മക്കയിൽ നിന്ന് 448 കിലോമീറ്ററും ദൂരത്തിലാണ് ഖന്ദക്ക് നിലകൊള്ളുന്നത്. അഥവാ മുസ്‌ലിംകളുടെ നാട്ടിൽ തുടരെ തുടരെ ചെന്ന് യുദ്ധം ചെയ്യലായിരുന്നു മക്കക്കാരായ സത്യനിഷേധികളുടെ പരിപാടിയെന്നർത്ഥം.

തങ്ങളുടെ നാടായ മക്കയിലേക്ക് തിരിച്ചു പോകാനും ഉംറ നിർവഹിക്കുവാനും പ്രവാചകനും അനുചരന്മാരും സംഘമായി പുറപ്പെട്ടപ്പോൾ യുദ്ധത്തിനുളള പുറപ്പാടാണെന്ന് ഖുറൈശികൾ ഭയപ്പെട്ടു. ‘അല്ലാഹുവിന്റെ ദൂതരേ, ആരേയും കൊല്ലാനൊ ആരോടെങ്കിലും യുദ്ധം ചെയ്യാനൊ അല്ലല്ലോ, അല്ലാഹുവിന്റെ ഭവനത്തിൽ ആരാധന ലക്ഷ്യം വെച്ചാണല്ലോ താങ്കൾ പുറപ്പെട്ടത്. അതിനാൽ മുന്നോട്ടു പോവുക’ എന്ന് പ്രവാചകാനുചരൻ അബൂബക്കർ (റ) പറഞ്ഞതായി സംഭവവുമായി ബന്ധപ്പെട്ട് ഒരു നിവേദനം തന്നെ കാണാം. (അൽ മഗാസി: 5/67)

വഴിയിൽ വെച്ച്, ഹുദൈബിയ എന്ന പ്രദേശത്ത് മക്കയിലെ ബഹുദൈവാരാധകർ, മുസ്‌ലിംകളുമായി കണ്ടുമുട്ടുകയും ഒരു സമാധാന കരാർ ഉണ്ടാക്കുകയും ചെയ്തു. പ്രസിദ്ധമായ ഹുദൈബിയാ സമാധാന സന്ധിയിലെ കരാറുകൾ ഇവയാണ്:

1. ഖുറൈശികളുമായി സഖ്യം ചേരാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അങ്ങനെയാവാം. മുസ്‌ലിംകളുമായി സഖ്യം ചേരാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അങ്ങനെയും. ഇതനുസരിച്ച് ഖുസാഅ ഗോത്രക്കാർ മുസ്‌ലിംകളുമായും ബനൂ ബക്കർ ഗോത്രക്കാർ കുറൈശികളുമായും സഖ്യം ചേർന്നു.
(സീറത്തുന്നബി: 3/ 366)

2. ഇരു കക്ഷികളുമായി സഖ്യത്തിലുള്ള ഒരു ഗോത്രത്തെയും പരസ്പരം ആക്രമിക്കരുത്, വഞ്ചിക്കരുത്, ചതിക്കരുത്.
(മുസ്നദു അഹ്‌മദ്: 4/ 325)

3. പത്ത് വർഷത്തിന് യുദ്ധം നിർത്തി വെക്കുക.
(മുസ്നദു അഹ്‌മദ്‌: 4/325 )

4. ഈ വർഷം മുസ്‌ലിംകൾ ഉംറ ചെയ്യാതെ മദീനയിലേക്ക് തന്നെ മടങ്ങി പോകണം.
(സ്വഹീഹുൽ ബുഖാരി: 3/ 181)

5. ഖുറൈശികളിൽ നിന്നാരെങ്കിലും മുസ്‌ലിമായി മദീനയിലേക്ക് വന്നാൽ അവരെ മക്കയിലേക്ക് തിരിച്ചയക്കണം. അതേസമയം മുസ്‌ലിംകളിൽ നിന്നാരെങ്കിലും മക്കയിലേക്ക് വന്നാൽ അവരെ തിരിച്ചയക്കേണ്ടതില്ല.
(സ്വഹീഹുൽ ബുഖാരി: 3/ 181, സ്വഹീഹു മുസ്‌ലിം: 3/ 1411: ഹദീസ് നമ്പർ: 93)

മുകളിൽ വിവരിച്ച നാലും അഞ്ചും കരാറുകൾ മുസ്‌ലിംകൾക്ക് എതിരായിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാമല്ലൊ. പ്രവാചകാനുചരന്മാരിൽ പലരും ഈ കരാറിൽ അനിഷ്ടം പ്രകടിപ്പിച്ചിട്ടും, ‘എന്തിനീ ദൈന്യത നാം നമ്മുടെ മതത്തിന് നൽകണം ?’ എന്ന് പ്രവാചക ശിഷ്യൻ ഉമർ (റ) ചോദിച്ചിട്ടും(സ്വഹീഹുൽ ബുഖാരി: 3/ 182) പ്രവാചകൻ (സ) കരാറുകൾ അംഗീകരിച്ചു. സമാധാനത്തിന് വേണ്ടി ഏതറ്റം വരേയും പോവുക എന്ന നിലപാടാണ് പ്രവാചകൻ (സ) സ്വീകരിച്ചത്. എന്നിട്ടും സമാധാനം അധികകാലം നീണ്ടു നിന്നില്ല.
ബനൂ ബക്കർ ഗോത്രക്കാർ ഖുസാഅ ഗോത്രക്കാരെ ആക്രമിച്ചു. അവർക്ക് ആയുധങ്ങൾ നൽകി ഖുറൈശികൾ സഹായിക്കുകയും ചെയ്തു. (ഇബ്നു ഇസ്ഹാഖ്, മിർകാത്തുൽ മഫാത്തിഹ്: 6/2624, സംഭവത്തിന്റെ വ്യത്യസ്ഥ പരമ്പരകൾ ഇമാം ഇബ്നു ഹജർ തന്റെ ‘ഫത്ഹുൽ ബാരി’യിൽ ഉദ്ധരിക്കുന്നുണ്ട്: 7/ 592,593) ഒരിക്കലും സന്ധിയാകില്ല എന്നു ശഠിക്കുന്ന യുദ്ധ കൊതിയന്മാരോട് എന്ത് സമാധാന കരാർ ?!

ഹുദൈബിയാ സമാധാന സന്ധി കൂടി ശത്രുക്കൾ കാറ്റിൽ പറത്തിയതോടെ മക്ക തിരിച്ചു പിടിക്കാൻ തന്നെ മുസ്‌ലിംകൾ തീരുമാനിച്ചു. മുസ്‌ലിംകൾ മക്ക തിരിച്ചു പിടിച്ച സംഭവത്തെയാണ് മക്കാ വിജയം (فتح مكة) എന്ന് ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നത്.

ഹിജ്റ എട്ടാം വർഷമാണ് പ്രവാചകൻ (സ) മക്കയിൽ വിജയിയായി പ്രവേശിച്ചത്.
വെള്ള കൊടി പാറിച്ചു കൊണ്ടാണ് പ്രവേശനം. (ഇബ്നു അബീ ശൈബ:12/514, സുനനു അബൂ ദാവൂദ്: 2/37, അൽ മുസ്തദ്റക്ക്: ഹാകിം: 2560)

വിശുദ്ധ ഖുർആനിലെ ‘അൽ ഫത്ഹ്’ എന്ന അദ്ധ്യായം ഈണത്തിൽ ഉരുവിടുന്നുണ്ടായിരുന്നു അദ്ദേഹം. (സ്വഹീഹുൽ ബുഖാരി: 4056)

ദൈവാനുഗ്രഹത്തിനു മുമ്പിൽ വിനയാന്വിതനായി അദ്ദേഹത്തിന്റെ തല താഴ്ന്നിരുന്നു. (സുനനുൽ ബൈഹകി)

പ്രവാചകനോടും ശിഷ്യരായ സഹസ്രങ്ങളോടും ഏറ്റുമുട്ടാൻ കെൽപ്പില്ലെന്ന് മനസ്സിലാക്കിയ മക്കക്കാർ അദ്ദേഹത്തിനു മുമ്പിൽ നമ്രശിരസ്കരായി കീഴടങ്ങി.

പ്രവാചക സന്നിധിയില്‍ ഒരാള്‍ വന്നു. അദ്ദേഹത്തോടു സംസാരിക്കവെ ഭയംകൊണ്ട് അയാളുടെ ശരീരം വിറക്കാന്‍ തുടങ്ങി. അപ്പോള്‍ പ്രവാചകന്‍ (സ) അയാളോടു പറഞ്ഞു: ‘സമാധാനിക്കൂ, (ഭയപ്പെടേണ്ട) ഞാന്‍ ഒരു രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ പുത്രന്‍ മാത്രമാണ്.’ (ഇബ്‌നു മാജ: 3312, അൽ ബിദായ വന്നിഹായ: 6/548)

“ഇന്ന് പ്രതികാരത്തിന്റേയും രക്ത ചൊരിച്ചിലിന്റേയും ദിവസമായിരിക്കും” എന്ന് കരുതിയ ശത്രുക്കൾക്കാസകലം പ്രവാചക ശ്രേഷ്ടൻ മാപ്പു നൽകി, ഖുർആനിലെ ഒരു വാചകം ഉരുവിട്ടു:
“ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.” (ഖുർആൻ: 12:92)
(ത്വബകാത്തുൽ ഖുബ്റാ: ഇബ്നു സഅ്ദ്: ഹദീസ് നമ്പർ: 1754, സുനനു നസാഈ: 11234, സുനനുൽ ഖുബ്റാ: 9/118 ദലാഇലുന്നുബുവ്വ: ബൈഹഖി: 5/57,58)

ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ മഹാകാരുണ്യ പ്രവാഹത്തിന് മുന്നിൽ മക്കയിലെ ജനങ്ങൾ തോറ്റുപോയി. ഖുറൈശികളുടെ നേതാവ് അബൂസുഫ്‌യാൻ ഉൾപ്പെടെ മക്കക്കാർ ഇസ്‌ലാം ആശ്ലേഷിച്ചു.
(അൽ ബിദായ വന്നിഹായ: 6/616)
മക്കക്കാരിൽ ചിലരാകട്ടെ ഹുദൈബിയാ സന്ധിയ്ക്ക് ശേഷം തന്നെ രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചിരുന്നു. (ശർഹു മുസ്‌ലിം: 12/140)

ഖാലിദ്‌ ഇബ്നു വലീദ്, അംറിബ്നു ആസ്, ഉസ്മാൻ ഇബ്നു ത്വൽഹ തുടങ്ങിയ ഖുറൈശി നേതാക്കൾ മക്കാ വിജയത്തിന് മുമ്പ് തന്നെ രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചവരിൽ പെടുന്നു. (സീറത്തു ഇബ്നു ഹിശാം: 3/317, അൽ ബിദായ വന്നിഹായ: 4/238)

യുദ്ധമൊന്നും കൂടാതെ മുസ്‌ലിംകൾ നേടിയെടുത്ത ഈ മഹാ വിജയത്തെ സമ്പന്ധിച്ചാണ് വിശുദ്ധ ഖുർആനിലെ ഏറ്റവും അവസാനം അവതീർണമായ സൂറത്തു ന്നസ്ർ (സഹായം) സൂചിപ്പിച്ചത്:

“അല്ലാഹുവിന്റെ സഹായവും ‘വിജയവും’ വന്നെത്തിയാല്‍; ‘ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്’ നീ കാണുകയും ചെയ്താല്‍. നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.”
(ഖുർആൻ: 110:3)

അദ്ധ്യായത്തിൽ സൂചിപ്പിക്കപ്പെട്ട ‘വിജയം’ മക്കാ വിജയമാണ്. ‘ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിച്ചതിലൂടെ’ മക്ക ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ സമൂഹമായി സ്വയം പരിണമിച്ചു. അത്തരമൊരു സമൂഹത്തിൽ കഅ്ബക്ക് ചുറ്റും പ്രതിഷ്ടിക്കപ്പെട്ട ബിംബങ്ങൾക്ക് എന്ത് സ്ഥാനം ?! ബിംബങ്ങളും പ്രതിഷ്ഠകളും തകർക്കപ്പെട്ടു.

അദ്ദേഹം മസ്ജിദുൽ ഹറാമിലേക്ക് ലക്ഷ്യം വെച്ചു ചെന്നു. ആരാധനാ കർമ്മങ്ങളിൽ മുഴുകി. അന്ന് കഅ്ബക്ക് ചുറ്റും മുന്നൂറ്റി അറുപത് ബിംബങ്ങൾ പ്രതിഷ്ടിക്കപ്പെട്ടിരുന്നു. “സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു.” എന്ന് ഉരുവിട്ടു കൊണ്ട് അദ്ദേഹം അത് വടി കൊണ്ട് അമർത്തി നിലത്തിട്ടു. (സ്വഹീഹുൽ ബുഖാരി: 4061)

ഏകദൈവാരാധനക്കായി ഏക ദൈവവിശ്വാസിയായ, പ്രവാചകൻ ഇബ്രാഹിം (അ) കെട്ടിടമായി പണിതുയർത്തിയ പള്ളിയായിരുന്നു കഅ്ബ ഉൾകൊള്ളുന്ന മസ്ജിദുൽ ഹറാം.

“ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു”. (ഖുർആൻ: 2: 127, 128)

ബിംബാരാധനയെ അതിശക്തമായി എതിർത്തിരുന്ന, ഏകദൈവാരാധനയെ ജീവിതം മുഴുവൻ പ്രബോധനം ചെയ്ത വ്യക്തിയായിരുന്നു ഇബ്രാഹിം (അ).

“അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.?”
(ഖുർആൻ: 19: 42)

പ്രവാചകൻ ഇബ്രാഹിം (അ) കെട്ടിടമായി പണിതുയർത്തിയ പള്ളിയായിരുന്നു കഅ്ബ എന്നത് അന്ന് മക്കയിൽ ജീവിച്ചിരുന്ന ബഹുദൈവ വിശ്വാസികളും അംഗീകരിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. മക്കയിലെ ബഹുദൈവാരാധനയെ ഒരു നിലക്കും ആദർശമായി സ്വീകരിക്കാൻ കഴിയാതിരുന്ന ഒരുപറ്റം സത്യാന്വേഷികൾ മുഹമ്മദ് നബിക്ക്(സ) മുമ്പു തന്നെ ഉണ്ടായിരുന്നു. അവരിൽ ചിലർ ക്രിസ്തു മതം സ്വീകരിച്ചു. ചിലരാകട്ടെ കറകളഞ്ഞ ഏകദൈവ വിശ്വാസവും സ്വീകരിച്ചിരുന്നു. അവർ ആ ഏകദൈവ വിശ്വാസം കണ്ടെത്തിയതും മനസ്സിലാക്കിയതും ഇബ്രാഹിം നബിയുടെ (അ) പ്രവാചകത്വ സന്ദേശങ്ങളുടെ അവശേഷിക്കുന്ന വിവരങ്ങളിൽ നിന്നാണ്. ഇബ്രാഹിം നബിയുടെ(അ) മത വിശ്വാസ-ആചാരങ്ങളിൽ നിന്ന് അക്കാലഘട്ടത്തിൽ അവശേഷിക്കുന്ന വിവരങ്ങൾ ശേഖരിച്ച് അത് ആദർശവും മതവുമായി ആചരിച്ചവരെ ‘ഹുനഫാഉ’കൾ (الحنفاء) എന്നാണ് അറിയപ്പെട്ടിരുന്നത്.

കുസ്സുബ്നു സാഇദ അൽ ഇയ്യാദി, സൈദ് ഇബ്നു അംറിബ്നു ഹുഫൈൽ, ഉമയ്യത്തിബ്നു അബിസ്വൽത്ത്, അർബാബിബ്നു രിആബ്, സുവൈദ് ഇബ്നു ആമിർ അൽ മുസ്ത്വലക്കി, അസ്അദ് അബൂ കുറബ് അൽ ഹിംയരി, വകീഅ് ഇബ്നു സലമ അൽ അയാദി, ഉമൈറിബ്നു ജുൻദുബ് അൽ ജഹ്മി, അദിയ്യിബ്നുൽ അബാദി, അബൂ കൈസ് സ്വറമത്തിബ്നു അബീ അനസ്, സൈഫ് ഇബ്നു ദീ യസിൻ, വറകത്തിബ്നു നൗഫൽ, സുഹൈർ ഇബ്നു അബീസുൽമ, ഖാലിദിബ്നു സിനാൻ അൽ അബ്സി, അബ്ദുല്ല അൽ കദാഈ, ഉബൈദിബ്നുൽ അബ്റസ്, കഅ്ബ് ഇബ്നു ലുഐയ് ഇബ്നു ഗാലിബ്‌ തുടങ്ങിയവർ ഇബ്രാഹിം നബിയുടെ പാത സ്വീകരിച്ച, മുഹമ്മദ് നബിയുടെ(സ) പ്രവാചകത്വ നിയോഗത്തിനു മുമ്പുള്ള ഏക ദൈവ വിശ്വാസികൾ അഥവാ ഹുനഫാഉകൾ ആയിരുന്നു എന്ന് ഹാംബർഗ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പ്രസിദ്ധ ചരിത്രകാരനും ചിന്തകനുമായ ഡോ. ജവാദ് അലിയുടെ ‘ഇസ്‌ലാമിന് മുമ്പത്തെ അറബ് സമൂഹം’ (تاريخ العرب قبل الإسلام ) എന്ന ഗവേഷണ പഠനത്തിൽ (പേജ്: 5/370) വ്യക്തമാക്കുന്നുണ്ട്.

ജാഹിലിയ്യാ കാലഘട്ടത്തിൽ (ഇസ്‌ലാമിന് മുമ്പത്തെ കാലഘട്ടം) തന്നെ സത്യമതം അന്വേഷിച്ച് നാടുകൾ തോറും സഞ്ചരിച്ച സത്യാന്വേഷിയായിരുന്നു സൈദ് ഇബ്നു അംറിബ്നു ഹുഫൈൽ. ശാമിലെ ജൂത പുരോഹിതന്മാരിൽ ഒരാളാണ് അദ്ദേഹത്തിന് ഹനീഫ് മതത്തെ സമ്പന്ധിച്ച് പഠിപ്പിച്ചു കൊടുക്കുന്നത്. ഏക ദൈവമായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന ഇബ്രാഹിം നബിയുടെ (അ) ആദർശമാണ് അതെന്ന് ജൂത – ക്രൈസ്തവ പുരോഹിതന്മാരിൽ നിന്നും അദ്ദേഹം മനസ്സിലാക്കി. “അല്ലാഹുവെ, തീർച്ചയായും ഞാൻ ഇബ്രാഹിമിന്റെ മതത്തിലാണ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. (സ്വഹീഹുൽ ബുഖാരി:3616)

ഖുറൈശികൾ അല്ലാഹുവിന് പുറമെ മറ്റുള്ളവർക്ക് സമർപ്പിക്കുന്ന ബലികർമ്മങ്ങളെ ജാഹിലിയ്യ കാലത്തു തന്നെ അദ്ദേഹം വിമർശിച്ചിരുന്നു. “കന്നുകാലികളെ സൃഷ്ടിച്ചതും, അവക്ക് വെള്ളമിറക്കി കൊടുത്തതും അതുമുഖേന സസ്യങ്ങളെ മുളപ്പിച്ചു കൊടുത്തതും അല്ലാഹു, എന്നിട്ട് അവയെ ബലിയർപ്പിക്കുന്നത് അല്ലാഹു അല്ലാത്തവർക്ക്?!” എന്ന് അദ്ദേഹം പറയുമായിരുന്നു. (സ്വഹീഹുൽ ബുഖാരി:3614)

പ്രവാചകന്(സ) ഹിറാ ഗുഹയിൽ വെച്ച് ആദ്യമായി ഖുർആനിൽ നിന്നുള്ള ചില പ്രാരംഭ വചനങ്ങൾ അവതരിക്കപ്പെട്ടപ്പോൾ ഭയചകിതനായ അദ്ദേഹത്തെ പ്രിയപത്നി ഖദീജ (റ) കൊണ്ടുപോയത് ഇബ്രാഹിം നബിയുടെ ആദർശക്കാരനായ വറകത്ത് ഇബ്നു നൗഫലിന്റെ അടുത്തേക്കായിരുന്നു. പ്രവാചകന്റെ അടുക്കൽ ദിവ്യ ഉൽബോധനവുമായി വന്നത് നാമൂസ് (ജിബ്‌രീൽ) എന്ന മാലാഖയാണെന്നും അദ്ദേഹം പ്രവാചകനായി നിയോഗിതനായിരിക്കുന്നുവെന്നും മനസ്സിലാക്കി കൊടുത്തത് വറകത്ത് ഇബ്നു നൗഫൽ ആയിരുന്നു. ‘ഭാവിയിൽ താങ്കൾ സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ആ അവസരത്തിൽ ഞാൻ ഉണ്ടാകുമെങ്കിൽ ഞാൻ താങ്കളെ സഹായിക്കുമായിരുന്നു എന്നെല്ലാം’ അദ്ദേഹം പ്രവാചകനോട് പറഞ്ഞിരുന്നു.
(സ്വഹീഹുൽ ബുഖാരി: 4)

പ്രവാചകൻ ഇബ്രാഹിമിനെ(അ) പിന്തുടർന്ന് ഏകദൈവവിശ്വാസം സ്വീകരിച്ചെങ്കിലും യഹൂദ, ക്രിസ്ത്യൻ സമുദായങ്ങളിൽ ചേരാതെ ജീവിച്ച ഭക്തരെ നിർവചിക്കാൻ ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ അറബികൾക്കിടയിൽ പ്രയോഗിച്ചിരുന്ന പദമായിരുന്നു ഹനീഫ് (الحنيف ഋജുമനസ്കൻ) എന്നത് ഓക്സ്ഫോർഡ് ഇസ്‌ലാമിക് സ്റ്റഡീസ് ഓൺലൈൻ വ്യക്തമാക്കുന്നു.
(http://www.oxfordislamicstudies.com/article/opr/t125/e800)

ബഹുദൈവാരാധനയെ തള്ളിപ്പറഞ്ഞ്, യഹൂദമതത്തെയോ ക്രിസ്തുമതത്തെയോ സ്വീകരിക്കാതെ ഏക ദൈവ വിശ്വാസിയായി ജീവിച്ചിരുന്ന ചില ആളുകൾ ഉണ്ടായിരുന്നെന്നും പ്രവാചകന്റെ കുടുംബക്കാരിൽ (വറകത്തിബ്നു നൗഫൽ, ഉമയ്യത്തിബ്നു അബിസ്വൽത്ത് എന്നിവർ ഉദാഹരണം) തന്നെ അത്തരത്തിലുള്ള ഹനീഫ് ആദർശക്കാർ ഉണ്ടായിട്ടുണ്ടെന്നും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും കാണാം.
(https://www.britannica.com/topic/hanif)

‘അബ്രഹാം ഒരു ഏകദൈവ മതം അറബികൾക്ക് സമ്മാനിച്ചിരുന്നുവെന്നും അറബികൾ അത് ഇസ്മായേലിൽ നിന്നും ഹാഗാറിൽ നിന്നും അനന്തരമെടുത്തുവെന്നും പ്രസ്തുത മതാനുഷ്ഠാന പ്രകാരം പന്നിയിറച്ചി നിഷിദ്ധമായിരുന്നുവെന്നും യഹൂദ സമ്പ്രദായങ്ങൾ പലതും മതാചരണത്തിന്റെ ഭാഗമായിരുന്നുവെന്നും’
CE 400 – 450 കാലഘട്ടത്തിനിടയിൽ ജീവിച്ചിരുന്ന സാൽമിനിയസ് ഹെർമിയാസ് സോസോമെനസ് എന്ന ക്രിസ്തുമത ചരിത്ര പണ്ഡിതൻ അറിവു നൽകുന്നുണ്ട്. ഇക്കാര്യം എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള “The Ecclesiastical History of Sozomen” (page: 309) എന്ന ഒരു ഗ്രീക്ക് സ്രോതസ്സിൽ നിന്നും വ്യക്തമാകുന്നു.
(The quest for the historical Muhammad: by Ibn Warraq: Page: 112)

ഈ തെളിവുകളുടെ വെളിച്ചത്തിൽ അറബ് ഉപഭൂഖണ്ഡത്തിലെ ചില ഭാഗങ്ങളിലുള്ള അറബ് സമൂഹങ്ങൾക്കിടയിലെങ്കിലും ഈ സ്വഭാവത്തോട് കൂടിയ ഏകദൈവ വിശ്വാസം സുപരിചിതമായിരുന്നുവെന്ന് 827–911 CE കാലഘട്ടത്തിൽ ജീവിച്ചിരുന്ന യുക്തിവാദികളിൽ ഒരാളായ ഇബ്നു റാവന്തി അഭിപ്രായപ്പെടുന്നു.

ഡാനിഷ്-അമേരിക്കൻ എഴുത്തുകാരിയും ഓറിയന്റലിസ്റ്റും, ചരിത്രകാരിയുമായ പട്രീഷ്യ ക്രോണും (Meccan trade and the rise of Islam: Patricia Crone: page: 191) ഒക്‌ലഹോമ സർവകലാശാലയിലെ ജൂത ചരിത്രത്തിന്റെ എമെറിറ്റസ് ചെയറും ഒറിയന്റലിസ്റ്റുമായ നോർമൻ ആർതർ സ്റ്റിൽമാനും (The Jews of Arab Lands: A History and Source Book: Page: 124, The Jewish publication society of America) ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ഖുറൈശികളുടെ പിതൃ പരമ്പര പരിശോധിക്കാം:
കിനാനയുടെ പുത്രൻ നള്ർ ആണ് ഖുറൈശ് എന്ന പേരിൽ അറിയപ്പെടുന്നത് എന്നാണ് ഒരു അഭിപ്രായം. (താരീഖു ഇബ്നു ഖൽദൂൻ: 2/377)

അദ്‌നാന്റെ പുത്രൻ മഅ്ദിന്റെ പുത്രൻ നിസാറിന്റെ പുത്രൻ മുള്റിന്റെ പുത്രൻ ഇല്ല്യാസിന്റെ പുത്രൻ മുദ്‌രികയുടെ പുത്രൻ ഖുസൈമയുടെ പുത്രനാണ് കിനാന.
അദ്‌നാൻ ആകട്ടെ പ്രവാചകൻ ഇബ്രാഹിമിന്റെ(അ) പുത്രൻ പ്രവാചകൻ ഇസ്‌മാഈലിന്റെ സന്താനങ്ങളിൽ ഒരാളാണ്. വംശാവലിയെ സംബന്ധിച്ച ശാസ്ത്ര ശാഖയിൽ വിരചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്. (സീറത്തു ഇബ്നു ഹിശാം, സബാഇക്കു ദ്ദഹബ് ഫീ മഅരിഫത്തി കബാഇലുൽ അറബ്, സാദുൽ മആദ് എന്നീ ഗ്രന്ഥങ്ങൾ കാണുക) ബൈബിൾ പരിശോധിക്കുമ്പോഴും ഈ വംശ പരമ്പര ശരിയാണെന്ന് തെളിയുന്നു.

തങ്ങളുടെ പൂർവ്വ പിതാവായ ഇബ്രാഹിമിന്റെ പേരിൽ ഖുറൈശികൾ അഭിമാനം കൊണ്ടിരുന്നു. “ഞങ്ങൾ ഇബ്രാഹിമിന്റെ സന്താനങ്ങളാണ്. പരിശുദ്ധ ഭൂമിയുടെ ആളുകൾ, കഅ്ബയുടെ കാവൽക്കാരും മക്കയുടെ അധിവാസികളുമാണ് ഞങ്ങൾ” എന്ന് ഖുറൈശികൾ അഭിമാനപൂർവ്വം കവിതകൾ ചൊല്ലിയിരുന്നു. (സീറത്തു ഇബ്നു ഹിശാം: 1/199)
കഅ്ബ ഇബ്രാഹിം നബി പണിതതാണെന്നും ഖുറൈശികൾക്കറിയാമായിരുന്നു എന്നു അന്നത്തെ ജൂത പണ്ഡിതർ ഈ വസ്തുത അംഗീകരിക്കുക കൂടി ചെയ്തിരുന്നു എന്നും ചരിത്രത്തിൽ നിന്ന് നാം മനസ്സിലാക്കുന്നു. (സീറത്തു ഇബ്നു ഹിശാം: 1/550)

ഇബ്രാഹിം നബിയാകട്ടെ ഏക ദൈവവിശ്വാസിയായിരുന്നു താനും.
അബ്രഹാം പ്രവാചകൻ ബലി അറുക്കുന്നതും, കൈ ഉയർത്തി പ്രാർത്ഥിക്കുന്നതും, സത്യം ചെയ്തിരുന്നതും, സാഷ്ടാംഗപ്രണാമം ചെയ്യുന്നതും ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവും അത്യുന്നതനും സർവ്വ ശക്തനും ഭൂമി മുഴുവനും വിധികർത്താവും രക്ഷിതാവുമായി സ്വീകരിച്ചിരിക്കുന്നതും ഏക ദൈവത്തെയായിരുന്നുവെന്ന ബൈബിളിലെ സൂചനകളിൽ നിന്ന് (ഉൽപ്പത്തി: 12:8, 13:18, 14:22, 23, 17: 17,18:25, 20:17, 24:42, 26:25) ബൈബിൾ പരിചയപ്പെടുത്തുന്ന അബ്രഹാം പ്രവാചകൻ ഏകദൈവ വിശ്വാസിയാണെന്ന് മനസ്സിലാകുന്നു.

പരമ്പരാഗതമായി അബ്രഹാമിനെ ആദ്യത്തെ ഏകദൈവവിശ്വാസിയായി കണക്കാക്കപ്പെടുന്നുവെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക വ്യക്തമാക്കുന്നു.
(https://www.britannica.com/biography/Abraham)

ഇസ്രായേലിലെ ബാർ ഇലൻ സർവകലാശാലയിൽ ബൈബിൾ ഡിപ്പാർട്ട്‌മെന്റിലെ റിട്ടയർഡ് പ്രൊഫസറും ഹാർവാർഡ് സർവകലാശാലയിലെ പൗരാണിക – ആധുനിക ഹിബ്രു സാഹിത്യത്തിലെ പ്രൊഫസറുമാണ് ജെയിംസ് എൽ. കുഗൽ അദ്ദേഹം തന്റെ How to Read the Bible (പേജ്: 92) എന്ന പുസ്തകത്തിൽ പറയുന്നു:
“പുരാതന വ്യാഖ്യാതാക്കൾക്കിടയിൽ ഒരു പ്രത്യേക പ്രതിച്ഛായ നേടിയെടുക്കാൻ അബ്രഹാമിന് സാധിച്ചു, അത് ഇന്നുവരെ തുടരുകയും ചെയ്യുന്നു… ഏകദൈവ വിശ്വാസത്തിന്റെ ആദ്യ സാരഥിയും കണ്ടുപിടുത്തക്കാരനുമായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ ഒരു ദൈവം മാത്രമേയുള്ളൂവെന്നും പല ദൈവങ്ങളെ ആരാധിക്കുന്നത് ഉപയോഗശൂന്യവും മിഥ്യയും മൂഢത്തവും ആണെന്നും തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം. ”

“The Eighth Day, The Hidden History of the Jewish Contribution to Civilization,” എന്ന ഗ്രന്ഥത്തിലൂടെ സാമുവൽ കുരിൻസ്കി അബ്രഹാം പ്രവാചകൻ ഏകദൈവ വിശ്വാസിയായിരുന്നു എന്ന വസ്തുത തെളിവുകൾ നിരത്തി സമർത്ഥിക്കുന്നു.

അപ്പോൾ എങ്ങനെയാണ് ഖുറൈശികളിലേക്ക് വിഗ്രഹാരാധന കടന്നുവന്നതെന്ന ചോദ്യം ഉയരുന്നു. അതിനുള്ള ഉത്തരമിതാണ്:

ഖുറൈശികളുടെ പൗരാണിക നേതാക്കളിൽ ഒരാളായ അംറിബ്നു ലുഹൈയ് ആണ് ആദ്യമായി വിഗ്രഹ സംസ്കാരം അറബ് ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവരുന്നതും ഇബ്രാഹിം നബിയുടെ(അ) മതത്തെ ബഹുദൈവാരാധനയിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തത്.
(സ്വഹീഹുൽ ബുഖാരി: 3360, സ്വഹീഹു മുസ്‌ലിം: 5227, സ്വഹീഹു ഇബ്നുഹിബ്ബാൻ: 7614 , മുസ്വന്നഫ് ഇബ്നു അബീശൈബ: 35091, അൽ അവാഇൽ: ത്വബ്റാനി: 19, മുസ്നദു അബൂ യഅ്ല: 5987, സുനനുൽ കബീർ: ബൈഹഖി: 11155, സുനനുൽ കുബ്റ: നസാഈ: 9784, മുശ്കിലും ആസാർ: ത്വഹാവി: 1274, ശർഹു ഉസൂലുൽ ഇഅ്തികാദ്: ലാലുകാഈ:1815)

ഒരിക്കൽ ശാം സന്ദർശിച്ച അംറിബ്നു ലുഹൈയ് അവിടെയുള്ള ജനങ്ങളിൽ വിഗ്രഹാരാധന കണ്ട് അതിൽ ആകൃഷ്ടനായി എന്നാണ് ചരിത്രം. (അൽ മുഫസ്വിൽ ഫീ താരീഖിൽ അറബ് കബ്‌ലൽ ഇസ്‌ലാം: 11/253) ഖുറൈശികൾക്കിടയിലും ഏകദൈവാരാധനക്കായി ഇബ്രാഹിം നബി (അ) പണി കഴിച്ച മസ്‌ജിദുൽ ഹറാമിലും ബിംബങ്ങൾ വരുന്നത് അതിനെ തുടർന്നു മാത്രമാണ്. അപ്പോൾ കഅ്ബ ഉൾകൊള്ളുന്ന മസ്‌ജിദുൽ ഹറാമിൽ നിന്നും വിഗ്രഹങ്ങൾ ഉന്മൂലനം ചെയ്യുകവഴി കഅ്ബയെ അതിന്റെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുപോവുക മാത്രമാണ് പ്രവാചകൻ (സ) ചെയ്തത്.

ഇനി വിഷയത്തിലേക്ക് മടങ്ങി വരാം. മക്കാ വിജയമാണല്ലൊ ചർച്ച.

മക്കയിൽ നമസ്ക്കാരം ചുരുക്കി നിർവ്വഹിച്ചു കൊണ്ട് പത്തൊമ്പത് ദിവസം അദ്ദേഹം താമസിച്ചു. (സ്വഹീഹുൽ ബുഖാരി: 4298)

ഇതിനിടയിൽ ഗോത്രങ്ങൾ സംഘങ്ങളായി ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന് ബൈഅത്ത് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. തുടർന്ന് ഹിജാസിന്റെ ഭൂരിഭാഗവും ഏകദൈവവിശ്വാസത്തിലേക്ക് കടന്നുവന്നു. ബഹുദൈവാരാധന കൈവെടിഞ്ഞ ഈ നാടുകളിൽ പ്രസ്തുത നാട്ടുകാരുടേയും ഗോത്രങ്ങളുടേയും കൈകളാൽ തന്നെ അവരുടെ വിഗ്രഹങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടു എന്നതാണ് ചരിത്രം. ഇതിൽ എവിടെയാണ് ഭീകരവാദവും അന്യമത ധ്വംസനവും ?!

ലാത്ത്, ഉസ്സ, മനാത്ത് തുടങ്ങിയ വിഗ്രഹങ്ങൾ തകർക്കപ്പെട്ട ചരിത്ര പശ്ചാത്തലം വിശദമായി വായിക്കുമ്പോൾ ഇതു വ്യക്തമായി മനസ്സിലാക്കാം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.