കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -5

//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -5
//കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -5
ആനുകാലികം

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -5

ശാസ്ത്രം പൊന്നുരുക്കിന്നിടത്ത് മതത്തിനെന്ത് കാര്യം

5. ശാസ്ത്രം മാത്രമേ മനുഷ്യർക്ക് രക്ഷക്കുള്ളൂവെന്നും മതവും ആരാധനകളുമെല്ലാം വെറുതെയാണെന്നും കോവിഡ് നമ്മെ പഠിപ്പിച്ചില്ലേ?

ശാസ്ത്രം രക്ഷയോ ശിക്ഷയോ നൽകുന്നതല്ലെന്നും അത് ഉപയോഗിക്കുന്നവരാണ് അതിനെ രക്ഷയും ശിക്ഷയുമെല്ലാം ആക്കുന്നതെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവുമൊന്നും മനുഷ്യനിൽ മൃഗത്തെ മാത്രം കാണുന്ന നാസ്തികർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മറ്റേതൊരു മാനവികവർത്തനങ്ങളെയും പോലെ ശാസ്ത്രവും മനുഷ്യർക്ക് ഏറെ നന്മ നൽകുന്നതാണ്; മനുഷ്യരെ ദുരിതത്തിലാക്കുവാനും ശാസ്ത്രത്തിന് തന്നെ കഴിയും. സ്വതവേ നിരപേക്ഷമായ ശാസ്ത്രത്തെ ഉപയോഗിക്കുന്നവരിൽ മാനവികതയുണ്ടാക്കുക എന്ന വലിയ ദൗത്യമാണ് മതം നിർവ്വഹിക്കുന്നത്. ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം നിർവ്വഹിക്കുന്ന ആത്യന്തികദൗത്യവും അത് തന്നെ.

“ശാസ്ത്രം രക്ഷ- മതം ശിക്ഷ; ശാസ്ത്രം സത്യം- മതം മിഥ്യ; ശാസ്ത്രം പുരോഗതിയുടേത്- മതം അധോഗതിയുടേത്” എന്നിങ്ങനെയുള്ള നാസ്തിക ദ്വന്ദങ്ങൾ കേട്ടാൽ ശാസ്ത്രം നാസ്തികരുടേതാണെന്ന് തോന്നും. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശിക്ഷയും അധോഗതിയുമെല്ലാം നാസ്തികതയാണുണ്ടാക്കിയതെന്ന സത്യം ചരിത്രം വിളിച്ചുപറയുന്നതാണ്. മാനവസേവയുടേതാകേണ്ട ശാസ്ത്രത്തെ വഞ്ചനയുടെതും ചൂഷണത്തിന്റേതുമാക്കുകയെന്ന സേവനമല്ലാതെ മറ്റൊന്നും ശാസ്ത്രത്തിനുവേണ്ടി ചെയ്യാത്തവരാണ് നാസ്തികർ. മറ്റേതൊരു മാനവികമേഖലകളെയും പോലെ ശാസ്ത്രരംഗവും ദൈവികമായ മൂല്യങ്ങൾ അനുസരിച്ചുകൊണ്ട് മുന്നോട്ടുപോവുമ്പോൾ മാത്രമേ അത് മാനവികമാവൂ. ശാസ്ത്രം ഇന്നുകാണുന്ന രൂപത്തിൽ പണം കായ്ക്കുന്ന വൃക്ഷമായത് മതത്തിന്റെ മാനവികനിലപാട് സ്വീകരിച്ചവർ ശാസ്ത്രത്തെ വളർത്തിക്കൊണ്ട് വന്നതുകൊണ്ടാണ്.

ആകാശഭൂമികളെയും ജൈവലോകത്തെയും യഥാരൂപത്തിൽ മനസ്സിലാക്കിക്കൊണ്ട് പടച്ചവനെ അറിഞ്ഞ് ആരാധിക്കുവാൻ ആഹ്വാനം ചെയ്ത ഖുർആനിന്റെയും ഭൂമിയിലുള്ളവരോട് കരുണ കാണിച്ചുകൊണ്ട് പടച്ചവന്റെ കാരുണ്യം നേടിയെടുക്കുവാൻ ശ്രമിക്കണമെന്ന് പഠിപ്പിച്ച മുഹമ്മദ് നബിയുടെയുംﷺ ആഹ്വാനങ്ങളിൽ പ്രചോദിതരായവരാണ് പഠനത്തിനും ഗവേഷണത്തിനുമെല്ലാം ത്യാഗമാവശ്യമായിരുന്ന കാലത്ത് ശാസ്ത്രത്തെ വളർത്തിക്കൊണ്ടു വന്നത്. രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ജാബിർ ബ്നു ഹയ്യാൻ, പ്രകാശികത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹസൻ ബ്നുൽ ഹൈത്തം, ശസ്ത്രക്രിയയുടെ പിതാവായി അറിയപ്പെടുന്ന അബുൽ ഖാസിം അസ്സഹ്റാവി, ഗണിതത്തിൽ അൽഗോരിതം ആദ്യമായി ഉപയോഗിക്കുക വഴി കമ്പ്യൂട്ടർ സയൻസിന്റെ പിതാമഹൻ എന്നും ആൾജിബ്രയുടെ നിർമ്മാണം വഴി ആധുനിക ശാസ്ത്രത്തിലെ സൂത്രവാക്യങ്ങളുടെയെല്ലാം പിതാവ് എന്നും വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് ബിൻ മൂസ അൽഖവാരിസ്മി, ത്രികോണമിതിയുടെ പിതാവായി അറിയപ്പെടുന്ന നാസിറുദ്ദീനുത്തൂസി, ചരിത്രരചാനാശാസ്ത്രത്തിന്റെ പിതാവായി വ്യവഹരിക്കപ്പെടുന്ന ഇബ്നു ഖൽദൂൻ… ഇങ്ങനെ എത്രയെത്ര ശാസ്ത്രശാഖകളുടെ പിതാക്കൾ. അവർക്കൊന്നും ശാസ്ത്രം പണം കായ്ക്കുന്ന സ്വർണമരമായിരുന്നില്ല; ജനസേവനത്തിനുള്ള ഉപാധിയായിരുന്നു; സഹജീവികളോട് കാരുണ്യം കാണിച്ചുകൊണ്ട് സർവ്വശക്തന്റെ കാരുണ്യം നേടിയെടുക്കുന്നതിനുള്ള മാർഗം.

മതത്താൽ മാനവവൽക്കരിക്കപ്പെട്ട വിജ്ഞാനീയങ്ങളുടെ അധിപതികളായിരുന്ന മധ്യകാല മുസ്‌ലിം ശാസ്ത്രജ്ഞരിൽ നിന്നാണ് യൂറോപ്പ് ശാസ്ത്രം പഠിച്ചത്. രോഗങ്ങളെയും ഔഷധങ്ങളെയും കുറിച്ച് വിവരിക്കുന്ന അന്നത്തെ മെഡിക്കൽ സർവ്വ വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്നു റുശ്ദിന്റെ ‘അൽ കുല്ലിയാത്തു ഫി ത്വിബ്ബ്‌’ എന്ന ഗ്രന്ഥമാണ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘കൊള്ളിജെറ്റ്’ (Colliget) എന്ന തലക്കെട്ടോടെ പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്പിലെ സർവ്വകലാശാലകളിൽ പഠിപ്പിച്ചിരുന്നത്. ഗ്രീക്ക്-ഇന്ത്യൻ-ചൈനീസ് ചികിത്സാരീതികളെക്കുറിച്ച് അവഗാഹമായി പഠിച്ച ശേഷം തന്റേതായ ഒരു ചികിത്സാശാസ്ത്രമുണ്ടാക്കിയ ഇബ്നു സീനയുടെ ‘അൽ കാനൂനു ഫി ത്വിബ്ബ്‌’ എന്ന ചികിത്സാ വിജ്ഞാനശാസ്ത്രം ‘കാനോൻ മെഡിസിനായി’ (Canon medicinae) എന്ന പേരിൽ ലാറ്റിനിലേക്കും ‘ദി കാനോൻ ഓഫ് മെഡിസിൻ’ (The Canon of Medicine) എന്ന പേരിൽ ഇംഗ്ലീഷിലേക്കും പിന്നെ ഹിബ്രുവിലേക്കുമെല്ലാം ഭാഷാന്തരം ചെയ്തുകൊണ്ട് ചികിത്സാരംഗത്തെ ചോദ്യം ചെയ്യപ്പെടാത്ത ഗ്രന്ഥമായി പത്തൊമ്പതാം നൂറ്റാണ്ട് വരെ ലോകമെങ്ങും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഗോളശാസ്ത്രരംഗത്തെ ആധുനിക വിപ്ലവത്തിന് തിരികൊളുത്തിയ കോപ്പർ നിക്കസിന്റെ ‘ആകാശഗോളങ്ങളുടെ പരിക്രമണങ്ങളെപ്പറ്റി’ (De revolutionibus orbium coelestium- On the Revolutions of the Heavenly Spheres) എന്ന ഗ്രന്ഥത്തിൽ അബൂ അബ്ദുല്ല അൽബത്താനിയുടെ ‘കിത്താബു സ്സീജി’ൽ നിന്നുള്ള ഇരുപത്തിമൂന്നിൽ കുറയാത്ത ഉദ്ധരണികളുണ്ട്. ഇതിൽ നിന്ന് ആധുനിക ഗോളശാസ്ത്രം മുസ്‌ലിം ഗോളശാസ്ത്രഞ്ജന്മാരോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാവും. നൂറുദ്ദീനുൽ ബിത്തുർജിയുടെ ‘കിത്താബൽ ഹൈഅ’ ലാറ്റിനിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും Book of Cosmology എന്ന തലക്കെട്ടിൽ പരിഭാഷപ്പെടുത്തിയപ്പോഴാണ് ടോളമിയുടെ പ്രപഞ്ചസങ്കല്പത്തിലെ പിഴവുകൾ യൂറോപ്പിന് മനസ്സിലാകാൻ തുടങ്ങിയത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!!!

കുരിശുയുദ്ധങ്ങളിലൂടെ മുസ്‌ലിംലോകത്തെ തകർത്തതിന് ശേഷം അവിടെയുണ്ടായിരുന്ന വൈജ്ഞാനിക സമ്പത്തുമായി യൂറോപ്പ് ശാസ്ത്രരംഗത്തേക്ക് കടന്നതോടെ പടച്ചവന്റെ മാർഗ്ഗദർശനപ്രകാരം സഹജീവികൾക്ക് ചെയ്യുന്ന സേവനമായിരിക്കണം വൈജ്ഞാനിക മേഖലകളെല്ലാം എന്ന മധ്യകാല ശാസ്ത്രജ്ഞരുടെ ദർശനം കാറ്റിൽ പറത്തപ്പെട്ടു. ലോകം തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ളതാണെന്ന യൂറോപ്പിന്റെ കൊളോണിയൽ മനഃസ്ഥിതി തന്നെയായി ആധുനിക ശാസ്ത്രത്തിന്റെയും ആധാരം. ‘നവോത്ഥാന’ത്തോടെ യൂറോപ്യൻ ശാസ്ത്രത്തിന്റെയും ജീവിതക്രമത്തിന്റെയും നട്ടെല്ലായി നാസ്തികത മാറിയത് ചൂഷണത്തിന്റെ യൂറോപ്യൻ ശാസ്ത്രത്തിന് ദർശനം പണിയാൻ നാസ്തികതക്കേ കഴിയൂവെന്നതുകൊണ്ടാണ്.

കോവിഡ്19 ന് കാരണമായ SARS-CoV-2 വൈറസ് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാണോ അതല്ല യുദ്ധാവശ്യാർത്ഥം നിർമ്മിക്കപ്പെട്ടതാണോയെന്ന വിഷയത്തിൽ രാഷ്ട്രനേതാക്കൾക്കിടയിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ പ്രസിദ്ധമായ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിർമ്മിക്കപ്പെട്ട ഒരു ജൈവായുധമാണെന്ന് അമേരിക്കയും അമേരിക്ക നിർമിച്ച ജൈവായുധമാണിതെന്നും അത് വുഹാനിലക്ക് കൊണ്ടുവന്നത് അമേരിക്കൻ സൈന്യമാണെന്നും ചൈനയും ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളിൽ ഏത് ശരിയാണെങ്കിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് നാസ്തികതയാണ്. മനുഷ്യനെ സംരക്ഷിക്കാനും അവന്റെ സുഖജീവിതത്തിനുമായി ദൈവമുണ്ടാക്കിയ പ്രതിരോധ സംവിധാനങ്ങളെയെല്ലാം തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി തച്ചുതകർക്കുക; ശത്രുക്കളെന്ന് തങ്ങൾ കരുതുന്നവരെ നശിപ്പിക്കാനായി നിരപരാധികളായ കോടികളെ ദുരിതത്തിലാക്കുന്ന ജൈവായുധങ്ങൾ നിർമ്മിക്കുക; അത് തങ്ങളെയടക്കം നശിപ്പിക്കുന്ന വ്യാളിയായിത്തീരുമ്പോൾ ദൈവത്തെ തെറി പറയുക; ഇതാണ് ഇന്നത്തെ നാസ്തികത; നവനാസ്തികത.

കോവിഡിന്റെ വ്യാപനത്തെ തടയാനും രോഗികളെ സുഖപ്പെടുത്താനും രോഗം വരാതിരിക്കുവാനുള്ള വാക്‌സിനുകൾ കണ്ടെത്തുവാനുമെല്ലാം ശ്രമിക്കേണ്ടത് ശാസ്ത്രം തന്നെയാണ്; ശാസ്ത്രത്തിന്റെ പണിയതാണ്. രോഗങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി അവയ്ക്കുള്ള മരുന്നുണ്ടാക്കാൻ ശ്രമിക്കുക തന്നെയാണ് സൂക്ഷ്മാണുശാസ്ത്രത്തിന്റെ(Microbiology) പ്രധാന ദൗത്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നുമുണ്ട്. “എല്ലാ രോഗങ്ങൾക്കും ഔഷധമുണ്ട്; അസുഖത്തിനുള്ള മരുന്ന് ഉപയോഗിക്കുമ്പോൾ അല്ലാഹുവിന്റെ അനുമതിയോട് കൂടി അത് സുഖപ്പെടുന്നു” (സ്വഹീഹ് മുസ്‌ലിം) എന്നും “ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അതിന്റെ ഔഷധത്തെക്കൂടി അവൻ സൃഷ്ടിച്ചിട്ടല്ലാതെ” (സ്വഹീഹുൽ ബുഖാരി) എന്നും പഠിപ്പിച്ച മുഹമ്മദ് നബിയുടെﷺ സത്യതയിൽ വിശ്വസിക്കുന്നവർ കോവിഡ്-19 നും മരുന്നുണ്ടാകുമെന്നും അത് കണ്ടുപിടിക്കാൻ ശ്രമിക്കേണ്ടത് ആ രംഗത്ത് കഴിവുള്ളവരുടെ ഉത്തരവാദിത്തമാണെന്നും തന്നെയാണ് വിശ്വസിക്കുന്നത്. “രോഗത്തെയും അതിന്റെ ഔഷധത്തെയും ഇറക്കിയത് അല്ലാഹുവാണ്; രോഗങ്ങൾക്കെല്ലാം അവൻ ഔഷധത്തെയും നിശ്ചയിച്ചിട്ടുണ്ട്; അതിനാൽ രോഗങ്ങളെ നിങ്ങൾ ചികിൽസിക്കുക; അനുവദിക്കപ്പെടാത്ത മാർഗങ്ങളെ ഒഴിവാക്കുക” (അബൂദാവൂദ്) എന്ന നബിയുപദേശമാണ് ഇത്തരം സന്നിഗ്‌ധഘട്ടങ്ങളിൽ വിശ്വാസിയ്ക്ക് മാർഗ്ഗദർശനമാകേണ്ടത്. സർവ്വരോഗചികിത്സകരായി ചമയുന്ന ആൾദൈവങ്ങളും രോഗശാന്തിശുശ്രൂഷകരും ആത്മീയവ്യാപാരികളുമെല്ലാം അടക്കം കൊറോണാഭീതിയിൽ തങ്ങളുടെ പണി നിർത്തുമ്പോൾ പ്രവാചകന്റെﷺ അനുയായികൾ ചികിത്സ പ്രോത്സാഹിപ്പിക്കുകയും മരുന്നന്വേഷിക്കുകയും അത് കണ്ടെത്താൻ ശ്രമിക്കുകയും അങ്ങനെ ശ്രമിക്കുന്നവർക്ക് താങ്ങായി നിൽക്കുകയും ചെയ്യേണ്ടവരാണ്.

വാക്‌സിനും മരുന്നിനും വേണ്ടിയുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നതിന്റെ സന്തോഷം പങ്കിടുകയും അതിന്നു ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ മാനവികതക്ക് വേണ്ടിയാകണം ശാസ്ത്രമെന്ന് വാദിക്കുന്നവരെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുമുണ്ട്. ഉണ്ടാക്കാൻ പോകുന്ന മരുന്നുകളും വാക്‌സിനുകളും മൂന്നാം ലോകത്തിന്റെ നട്ടെല്ലൊടിക്കാൻ പോന്നതാകുമോയെന്നതാണ് ആ ഭയം. രോഗത്താൽ സാമ്പത്തികമായി തകർന്നുകിടക്കുന്ന രാജ്യങ്ങളുടെ മേൽ വലിയ സാമ്പത്തികഭാരം കയറ്റിവെച്ച് അവരെ അടിമപ്പെടുത്തുവാനുള്ള പുതിയ തന്ത്രങ്ങൾ മുതലാളിത്തത്തിന്റെ പണിപ്പുരയിൽ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടോയെന്ന ആശങ്ക. മരുന്നിനും വാക്‌സിനും വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് കൂടിയുള്ള പണം മുഴുവനായും രോഗികളിൽ നിന്ന് ഈടാക്കണമെന്ന സ്വാതന്ത്രവിപണിയുടെ ധാർമ്മികത തന്നെ ഇവിടെയും പ്രയോഗവൽക്കരിക്കുകയാണെങ്കിൽ മഹാസമ്പന്നർക്ക് മാത്രമേ മരുന്ന് കണ്ട് പിടിച്ചാൽ പോലും അത് സ്വീകരിച്ചുകൊണ്ട് രോഗമുക്തി നേടാനാവൂയെന്ന സ്ഥിതിയാണുണ്ടാവുക. മതത്തിന്റെ സേവനശാസ്ത്രത്തെ നാസ്തികതയുടെ ചൂഷണശാസ്ത്രമാക്കിയതിന്റെ സ്വാഭാവികമായ പരിണതിയാണിത്.

കോവിഡ്-19 ന് കണ്ടുപിടിക്കുന്ന മരുന്നും വാക്‌സിനുമെല്ലാം തയ്യാറാക്കുന്നവർ പിന്തുടരുന്നത് നാസ്തികതയുടെ ധാർമ്മികതയാണെങ്കിൽ അതുകൊണ്ട് സാധാരണക്കാർക്ക് പ്രയോജനങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. മൂന്നാം ലോകത്തിന്റെ നട്ടെല്ലൊടിക്കാനുള്ള ഉപാധികളായി മാറും അപ്പോൾ അവയെല്ലാം. എല്ലാം പണമുണ്ടാക്കാനുള്ളതാണ് എന്ന മുതലാളിത്തത്തിന്റെ ധാർമ്മികതയും പരമാവധി സുഖിക്കുകയെന്ന നാസ്തികതയുടെ നൈതികതയും നിലനിൽക്കുന്ന ശാസ്ത്രലോകത്ത് നിന്ന് അതുതന്നെയാണ് ലോകം പ്രതീക്ഷിക്കേണ്ടത്. മാനവവൽക്കരിക്കപ്പെട്ട ശാസ്ത്രത്തിന് മാത്രമേ മനുഷ്യരെ രക്ഷിക്കാനാവൂയെന്ന് പറയുന്നത് അതുകൊണ്ടാണ്. ധാർമ്മികതയുൾക്കൊള്ളുന്ന ശാസ്ത്രം; ആ ശാസ്ത്രത്തിലാണ് ലോകത്തിന്റെ പ്രതീക്ഷ. ശാസ്ത്രമാത്രവാദത്തിൽ നിന്ന് മുക്തമായ ആ ശാസ്ത്രത്തിന് മാത്രമേ ലോകത്തെ സേവിക്കാനാവൂ; ഭൂമിയിലുള്ളവരോട് കരുണ കാണിച്ച് കൊണ്ട് ഉപരിയിലുള്ളവന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരുടെ ശാസ്ത്രത്തിന്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.