അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -3

//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -3
//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -3
ആനുകാലികം

അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -3

4. തീർത്ഥാടന ഭൂമിയും ആരാധനാ കേന്ദ്രവുമായ മക്കയെയും മദീനയേയും സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോ സാഹചര്യത്തിനനുസരിച്ച് ഈ നയ നിലപാടുകൾ മാറ്റം വന്നിട്ടുണ്ട്. ഇത് ചരിത്രത്തിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന വസ്തുതയാണെന്ന് സൂചിപ്പിച്ചുവല്ലൊ. തീർത്ഥാടന ഭൂമിയും ആരാധനാ കേന്ദ്രങ്ങളും കൃത്യമായും മുടക്കമില്ലാതെയും നടന്നുപോകണമെങ്കിൽ സുരക്ഷിതത്വവും സമാധാനാന്തരീക്ഷവും നില നിർത്തുക എന്നത് അനിവാര്യമാണ്. അധികാര വടം വലിയും അസ്വാരസ്യങ്ങളും മതസ്പർദ്ധയും അവിടെ നിലനിന്നു കൂട. കലാപങ്ങൾ പരിശുദ്ധ ഭൂമിയെ ദുരന്ത ഭൂമിയാക്കി മാറ്റും.

“സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ‎ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്‌ജിദുല്‍ ഹറാമിനെ സമീപിക്കരുത്.” (ഖുർആൻ: 9:28 )

ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ് എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അവിശ്വാസികളുടെ ദേഹം `നജസാ`ണ്‌ (അശുദ്ധമാണ്‌) എന്നോ, അവരെ തൊട്ടാല്‍ ശുദ്ധിയാക്കണമെന്നോ അല്ല. അവരുടെ വിശ്വാസവും, വിചാരവികാരങ്ങളും മുസ്‌ലിംകളുടെ പോലെ ഭക്തിയിലും പരിശുദ്ധിയിലും ആത്മാർത്ഥതയിലും അതിഷ്ടിതമായിരിക്കില്ല എന്നതിനാൽ പവിത്രവും പരിശുദ്ധവുമായ ആ പുണ്യസ്ഥലത്ത്‌ അവര്‍ക്ക്‌ പ്രവേശനം അനുവദിക്കുവാന്‍ നിവൃത്തിയില്ലെന്ന്‌ സാരം. അതും മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ മാത്രം പ്രവേശിപ്പിക്കരുത് എന്നേ പറഞ്ഞിട്ടുള്ളു. മക്കയിലേയും മദീനയിലേയും ഹറം പള്ളികളല്ലാത്ത ലോകത്തുള്ള മറ്റെല്ലാ മുസ്‌ലിം പള്ളികളിലും മുസ്‌ലിംകളുടെ സമ്മതപ്രകാരം ഏത് അമുസ്‌ലിമിനും പ്രവേശിക്കാം. ഹറമുകളിൽ തന്നെ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലവിലുള്ളവരോ, അമുസ്‌ലിംകളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു പ്രത്യേകാവശ്യാര്‍ത്ഥം വരുന്ന ദൂതന്‍മാരോ ആണെങ്കില്‍ ഭരണാധികാരിക്ക്‌ അവരെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാമെന്ന്‌ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ.
ചർച്ചാ വിഷയകമായ, “ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്‌ജിദുല്‍ ഹറാമിനെ സമീപിക്കരുത്” എന്ന ആയത്തിന്റെ അവതരണ പശ്ചാത്തലം പരിശോധിക്കുമ്പോൾ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലനിർത്തുന്ന, അമുസ്‌ലിംകളുടെ പ്രതിനിധികളോ മറ്റോ പ്രവേശിക്കുന്നതിനെ ഖുർആൻ വിലക്കിയിട്ടില്ല എന്ന് വ്യക്തമാകും:

“ഹിജ്‌റഃ 6-ാം കൊല്ലത്തില്‍ മുശ്‌രിക്കുകളുമായി പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം മുസ്‌ലിംകളുടെ ഭാഗത്തുനിന്ന്‌ വിട്ടുവീഴ്‌ചകള്‍ അടങ്ങിയതായിരുന്നു പത്തുകൊല്ലക്കാലം അവധിവെച്ചുകൊണ്ടുള്ള ആ സന്ധി. അവധിക്കുമുമ്പേ തന്നെ മുശ്‌രിക്കുകളില്‍നിന്ന്‌ സന്ധി ലംഘനമുണ്ടായി. അതിനെ തുടര്‍ന്ന്‌ ഹിജ്‌റഃ 8-ാം കൊല്ലത്തില്‍ മക്കാ വിജയത്തിന്‌ ആ സന്ധി വഴിതെളിയിച്ചു. അതോടുകൂടി മുശ്‌രിക്കുകളുടെ കേന്ദ്ര ആസ്ഥാനം (മക്ക) ഇസ്‌ലാമിന്‍റെ അധീനത്തില്‍ വന്നു. (ജനങ്ങൾ കൂട്ടത്തോടെ ഇസ്‌ലാം ആശ്ലേഷിക്കാൻ തുടങ്ങി.) എങ്കിലും ചുറ്റുപുറങ്ങളിലുള്ള മുശ്‌രിക്കുകള്‍ ഇപ്പോഴും തക്കംപാര്‍ത്തും, ഉപയോഗപ്പെടുത്തിയും കൊണ്ടിരിക്കുകയാണ്‌. നബിയും(സ) സ്വഹാബികളും തബൂക്ക്‌ യുദ്ധത്തിന്‌ മദീന വിട്ടുപോയിരുന്ന അവസരത്തില്‍ ഇവരുടെ ഭീഷണികളും കരാറു ലംഘനങ്ങളും കൂടുതല്‍ പ്രകടമായി. അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മദീനയിലെ കപടവിശ്വാസികള്‍ നാട്ടില്‍ വലിയ ഭീതി ഉളവാക്കുകയും ചെയ്‌തു. അങ്ങനെ, കരാറു വ്യവസ്ഥകള്‍ക്കും സന്ധിനിശ്ചയങ്ങള്‍ക്കും മുശ്‌രിക്കുകളുടെ പക്കല്‍ വിലയില്ലെന്നും, വഞ്ചനക്കും ലംഘനത്തിനും കിട്ടുന്ന പഴുതുകളെല്ലാം അവര്‍ ഉപയോഗപ്പെടുത്തുമെന്നും അനുഭവങ്ങള്‍ തെളിയിച്ചു. ചുരുക്കത്തില്‍, അവര്‍ക്കിടയില്‍ സമാധാനപൂര്‍വ്വം ജീവിക്കുവാനും, സന്ധി നടത്തി അടങ്ങിയിരിക്കുവാനും സാദ്ധ്യമല്ലാതായി. ഇങ്ങനെയുള്ള ചുറ്റുപാടിലാണ്‌ ഈ വചനങ്ങളും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും അവതരിക്കുന്നത്‌.”
(തഫ്സീറുൽ അമാനി: സൂറത്തുൽ ബറാഅ:യുടെ വ്യാഖ്യാനം)
ഇത്തരം ബഹുദൈവവിശ്വാസികളിൽ മുസ്‌ലിംകളുമായി സഖ്യമോ, സന്ധിയോ നിലനിർത്തുന്ന, അമുസ്‌ലിംകളുടെ പ്രതിനിധികളോ മഹത് വ്യക്തിത്വങ്ങളോ പെടുന്നില്ലല്ലൊ.

ഉസ്മാനിയാ ഭരണകൂടം മക്കയുടെ അധികാരത്തിലുള്ള കാലട്ടത്തിൽ, സിഖ് മതസ്ഥാപകൻ ഗുരു നാനക്, ഭരണാധികാരികളുടെ അനുവാദത്തോടെയും സംരക്ഷണത്തോടെയും മസ്‌ജിദുൽ ഹറാം സന്ദർശിച്ചതായി ചില ചരിത്ര രേഖകളിൽ കാണാം.

മുസ്‌ലിംകൾ അമുസ്‌ലിംകൾ എന്ന വ്യത്യാസമില്ലാതെ – ഇസ്‌ലാമിക ദൃഷ്ട്യാ – എല്ലാവരേയും ബാധിക്കുന്ന ചില ആശയപരമായ (ശാരീരികമല്ലാത്ത) അശുദ്ധികളുണ്ട്. പുരുഷ ബീജം ഉദ്ദേശപൂർവ്വമോ അല്ലാതെയോ പുറത്തു വരിക, ലൈംഗീകബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയവ സംഭവിച്ചാൽ കുളിക്കൽ നിർബന്ധമാണ്. സ്ത്രീകളാണെങ്കിൽ ഇവക്കു പുറമെ ആർത്തവകാലഘട്ടത്തിലും പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. അപ്പോൾ ഇത്തരം അവസ്ഥകളിൽ കുളിക്കാനും ശുദ്ധി വരുത്താനും മുസ്‌ലിംകൾ അവരുടെ മതപരമായ ബാധ്യത എന്ന നിലക്ക് ശ്രദ്ധിക്കാമെങ്കിലും അമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവ ഒരു നിലക്കും ബാധ്യതയില്ലാത്തത് കൊണ്ട് തന്നെ ശ്രദ്ധിച്ചു കൊള്ളണമെന്നില്ല. ഇത് മക്കാ മദീനാ ഹറമുകളിലെ പള്ളികളിലേക്കുള്ള പ്രവേശനോപാധികളെ ലംഘിക്കലായി മാറും.

5. 2019 ൽ മാത്രം 2.4 ദശലക്ഷം മുസ്‌ലിംകൾ ഹജ്ജിൽ പങ്കെടുത്തു എന്നാണ് കണക്ക്. ഓരോ വർഷവും ലക്ഷങ്ങൾ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ, വിശ്വാസികളുടെ സമ്മേളനമാണ് ഹജ്ജ്. ഹജ്ജ് വർഷത്തിൽ ഒരു മാസമാണ് നടക്കുന്നതെങ്കിൽ ഉംറ നിർവ്വഹിക്കാൻ വർഷത്തിൽ ഏതു മാസവും വിശ്വാസികൾ അറേബ്യയിൽ എത്തുന്നു. മക്കയും മദീനയും പരിസര പ്രദേശങ്ങളുമടങ്ങുന്ന ഹിജാസിൽ മുസ്‌ലിംകൾക്ക് പുറമേ അന്യ മതസ്ഥരും, റ്റൂറിസ്റ്റുകളുമെല്ലാം സമ്മേളിച്ചാൽ ദശലക്ഷക്കണക്കിന് വരുന്ന ഹാജിമാർ എവിടെ താമസിക്കും? ആൾക്കൂട്ടം കൊണ്ട് ഹിജാസ് വീർപ്പുമുട്ടുകയല്ലെ ഫലം. അല്ലാതെ തന്നെ ജനങ്ങളുടെ തള്ളിക്കയറ്റം കൊണ്ട് പല സന്ദർഭങ്ങളിലായി ദുരന്തങ്ങൾ പലതും സംഭവിച്ചിട്ടുണ്ട് എന്നതും ഓർക്കുക.

6. ഭൗതീകമായ സർവ്വ ബന്ധനങ്ങളിൽ നിന്നും വിട്ടകന്ന് ആത്മീയമായ ആർദ്രതയിലേക്ക് ആഴ്ന്നിറങ്ങാനും ദൈവത്തോട് പശ്ചാത്തപിച്ച് ആധ്യാത്മിക വിശുദ്ധി വീണ്ടെടുക്കാനുമാണ് വിശ്വാസികൾ തീർത്ഥാടനം നടത്തുന്നത്. ആരാധനകളിൽ നിന്നും ഭക്തിയിൽ നിന്നും ലൗകീകമായ ചിന്തകളും വ്യവഹാരങ്ങളും അവരെ വ്യാപൃതരാക്കരുത്. അത്തരം സാഹചര്യങ്ങളും പ്രചോദനങ്ങളും ഒഴിവാക്കണമെങ്കിൽ ഭക്തിയാൽ പ്രേരിതമായിട്ടല്ലാതെ വരുന്നവർ അവിടെ ഉണ്ടാകരുതല്ലോ. അമുസ്‌ലിംകൾക്ക് മസ്‌ജിദുൽ ഹറാമിൽ പ്രവേശനം തടയപ്പെടുന്നതിന്റെ മറ്റൊരു കാരണം ഇതാണ്.

ഒരിക്കൽ ഒരു റമദാൻ മാസത്തിൽ ഡൽഹിയിൽ പോയപ്പോഴുണ്ടായ വ്യക്തിപരമായ അനുഭവം ഇവിടെ പങ്കു വെക്കാം. പരിശുദ്ധ റമദാൻ മാസം നോമ്പുതുറക്കാനായി ഡൽഹി ജുമുഅ മസ്‌ജിദിൽ (ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി) ഇരിക്കവെ മസ്‌ജിദിന്റെ ഉള്ളിൽ ഒരു വശത്തായി ഏതോ സിനിമയുടെ ഷൂട്ടിംങ്ങ് നടക്കുന്നുണ്ടായിരുന്നു. നോമ്പുതുറയുടെ സമയമായപ്പോൾ പലരും സ്ഥലത്ത് നിന്ന് എഴുന്നേറ്റു പോകുന്നു, ചിലർ പുറത്തേക്ക് എത്തി നോക്കുന്നു… ചിലർ ‘സൽമാൻ ഖാൻ… സൽമാൻ ഖാൻ’ എന്ന് വിളിച്ചു പറയുന്നു. ഇത്തരമൊരു അവസ്ഥ ലോക മുസ്‌ലിംകളുടെ തീർത്ഥാടന സമ്മേള ഭൂമിയിൽ ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നത് ന്യായമായ ഒരു ആഗ്രഹമല്ലെ ?!
ഹിജാസ് – സഊദിയല്ല – ഒരു റ്റൂറിസ്റ്റ് ഡെസ്റ്റിനേഷനോ ലോക വ്യാപാര കേന്ദ്രമോ, സിനിമാ ചിത്രീകരണ വേദിയോ ഒന്നുമാകരുതെന്ന് ചിന്തിക്കുന്നത് അത്യാഗ്രഹമാണോ ?!

5. ഇത്തരം കാരണങ്ങളാലെല്ലാം തന്നെ എല്ലാ മതക്കാരും ഇതര മത വിശ്വാസികളെ പ്രവേശിപ്പിക്കാത്ത / താമസിപ്പിക്കാത്ത, തങ്ങൾക്ക് മാത്രമായ ആരാധനാ കേന്ദ്രങ്ങളും തീർത്ഥാടന ഭൂമിയും ഇന്നും നിലനിർത്തുന്നുണ്ട്. അതൊന്നും ഭീകരവാദവും വർഗീയതയുമായി ആരും കാണാറില്ല എന്നത് അത്ഭുതാവഹമാണ്.

സൊറോസ്ട്രിയൻ അഗ്നി ക്ഷേത്രങ്ങളിലേക്കും ദഖ്മകളിലും (Towers of Silence) അവിശ്വാസിൾക്ക് പ്രേശനമില്ല.

ഒരു ലേവ്യനായിരുന്നില്ലെങ്കിൽ യഹൂദ വിശുദ്ധ ദൈവാലയമായ ഹോളി ഓഫ് ഹോളീസിൽ (Holy of Holies) പ്രവേശിക്കാൻ കഴിയില്ല. (എല്ലാ യഹൂദന്മാർക്കു പോലും പ്രവേശിക്കാൻ കഴിഞ്ഞില്ല)

ജാപ്പനീസ് ഷിന്റോ ദേവാലയങ്ങളടങ്ങുന്ന പ്രദേശങ്ങൾ പ്രവേശനം അനുവദിക്കപ്പെടാത്ത സ്ഥലങ്ങളാണ്.

കാർത്തുഷ്യൻ‌സ്, എറിമിറ്റിക് സന്യാസി വർഗക്കാർ താമസിക്കുന്ന ഇടങ്ങളിലും പ്രവേശനം നിയന്ത്രിതമാണ്. അവരുടെ മഠങ്ങൾ പൊതുവെ അന്യരുടെ മുമ്പിൽ അടക്കപ്പെട്ടവയാണ്.
ഒരു രാഷ്ട്രത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്ത് ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിക്ക് സ്വന്തമായ ഭരണഘടനയും, കൊടിയും സുരക്ഷാ സൈന്യവുമെല്ലാമുണ്ട്. പോപ്പിന്റെ ഭരണത്തിന് കീഴിലുള്ള ഈ പരിശുദ്ധ ഭൂമിയിൽ കത്തോലിക്കൻ ക്രിസ്ത്യാനികൾക്ക് മാത്രമാണ് താമസം.

ഗുരുവായൂർ ക്ഷേത്രം (കേരളം),
ജഗന്നാഥ ക്ഷേത്രം (പുരി – ഒഡീഷ),
കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർപ്രദേശ്),
ലിംഗരാജ ക്ഷേത്രം (ഒഡീഷ),
പത്മനാഭസ്വാമി ക്ഷേത്രം (കേരളം),
കപലേശ്വര ക്ഷേത്രം (തമിഴ്‌നാട്),
കാമാക്ഷി അമ്മൻ ക്ഷേത്രം (തമിഴ്‌നാട്) ഗോകർണയിലെ മഹാബലേശ്വർ, കാഞ്ചിപുരത്തെ കാമാക്ഷി ക്ഷേത്രം, കാഠ്മണ്ഡുവിലെ ഗുഹ്യേശ്വരി ക്ഷേത്രങ്ങൾ, മുക്തിനാഥ ക്ഷേത്രം, പശുപതിനാഥ ക്ഷേത്രം തുടങ്ങി ഒരുപാട് ഹിന്ദു ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലല്ലോ.

ഇവയിൽ നിന്നെല്ലാം ഇസ്‌ലാം നിലനിർത്തുന്ന (മക്കാ മദീനയടങ്ങുന്ന) ആരാധനാ കേന്ദ്രങ്ങൾക്കും തീർത്ഥാടന ഭൂമിക്കുമുള്ള വ്യത്യാസം അവ വിശാലമായ പ്രദേശങ്ങളാണ് എന്നത് മാത്രമാണ്. ഇതിന് ഒരു ന്യായമായ കാരണമുണ്ട്: ഹജ്ജ് എന്നത് മുഹമ്മദ് നബി (സ) പുതുതായി അറേബ്യയിൽ ആവിഷ്ക്കരിച്ച ഒരു ആരാധനാ കർമ്മമല്ല. ഇസ്‌ലാമിന് മുമ്പ് തന്നെ ജാഹിലിയ്യാ അറേബ്യക്കാർ ഹജ്ജ് ചെയ്യുമായിരുന്നു. അന്നുമുതൽക്കേ ഹജ്ജ് ഒരു പള്ളിയിലോ പ്രദേശത്തോ മാത്രമായി അനുഷ്ഠിക്കപ്പെട്ടിരുന്ന ഒരു ആരാധനയായിരുന്നില്ല. ഹജ്ജിന്റെ പല അനുഷ്ഠാനങ്ങളും ആചാരങ്ങളും പല സ്ഥലങ്ങളിലും പ്രദേശങ്ങളിലുമായാണ് അനുഷ്ടിക്കപ്പെടുന്നത്. ഹജ്ജിലേക്ക് പ്രവേശിക്കാനായി ‘ഇഹ്റാം’ കെട്ടുക എന്നുള്ള ചടങ്ങ് തന്നെ എടുക്കുക. പല നാട്ടിൽ നിന്ന് വരുന്നവർക്കും പല പ്രദേശങ്ങളിലായാണ് ‘മീകാത്ത്’ (ഇഹ്റാം കെട്ടുന്ന സ്ഥലങ്ങൾ). മദീനക്കാർക്ക് ദൽഹുലൈഫയും, ശാമുകാർക്ക് ജുഹ്ഫയും, നജ്‌ദുകാർക്ക് ഖർനുൽ മനാസിലും, യമനുകാർക്ക് യലംലമുമാണ് മീകാത്തുകൾ. ഈ വ്യത്യസ്ഥ നാടുകളുടെ ദിശയിലുള്ള മറ്റു നാട്ടുകാരും ഇഹ്റാം കെട്ടേണ്ടത് അവരവരുടെ നാടിന്റെ ദിശയിലുള്ള മീകാത്തുകളിലാണ്. (സ്വഹീഹിൽ ബുഖാരി:1452)
കൂടാതെ മസ്‌ജിദുൽ ഹറാമിൽ അനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങൾക്ക് പുറമെ മറ്റു പല സ്ഥലങ്ങളിലും ഹജ്ജിന്റെ പല ഭാഗങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. മിനാഇലേക്ക് പോകുക, മുസ്‌ദലിഫയിൽ രാപാർക്കുക, അറഫയിൽ നിൽക്കുക, ജംറകളിൽ ചെന്ന് കല്ലെറിയുക തുടങ്ങി പലയിടങ്ങളിലായി നടത്തേണ്ടതാണ് ഹജ്ജിന്റെ അനുഷ്ഠാനങ്ങൾ എന്നതിനാലാണ് തീർത്ഥാടന ഭൂമിക വിശാലമായത്.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.