അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -2

//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -2
//അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -2
ആനുകാലികം

അറേബ്യയിൽ നിന്ന് അവിശ്വാസികളെ പ്രവാചകൻ (സ) പുറത്താക്കിയോ ? -2

3. ചരിത്ര പശ്ചാത്തലം:

പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ മക്കയിൽ നിന്ന് പാലായനം ചെയ്തുവന്നവർക്കും (മുഹാജിറുകൾ) മദീനയിലെ മുസ്‌ലിംകൾക്കും (അൻസ്വാറുകൾ) ഇടയിലും ഒരു കരാറുണ്ടാക്കി. മദീനയിലുണ്ടായിരുന്ന ജൂത ഗോത്രങ്ങളെയും ആ കരാറിൽ ഉൾപ്പെടുത്തി. (സീറത്തു ഇബ്നു ഹിശാം: 2/ 147, അൽ അംവാൽ: 1/307, അൻ സാബുൽ അശ്റാഫ്: 1/286, സീറത്തു ഇബ്നു ഇസ്ഹാഖ്:)

ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം; അക്രമം പ്രവർത്തിച്ചവരും കുറ്റവാളികളും ഒഴികെ. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം.
ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാഖ് (സീറത്തു ഇബ്നു ഇസ്ഹാഖ് )
ഇബ്നു ഹിശാം (സീറത്തു ഇബ്നു ഹിശാം: 2/ 147),
വാഖിദി (മഗാസി: 1/176),
തബ്‌രി (താരീഖു തബ്‌രി: 2/479),
ഇബ്നുൽ അസീർ (അൽ കാമിൽ: 2/96), കാസിം ഇബ്നു സലാം (അൽ അംവാൽ: 1/446),
ബലാദുരി (അൻസാബുൽ അശ്റാഫ്: 1/286)
തുടങ്ങിയവർ ഈ സമാധാന കരാറിനെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.

‘മദീനാ പ്രമാണം’ (وثيقة المدينة) എന്ന പേരിൽ ചരിത്ര പ്രസിദ്ധമായ ഈ കരാർ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യ ഭരണഘടനയായി പരിചയപ്പെടുത്തപ്പെടുന്നു.

മദീനാ പ്രമാണത്തിന്റെ സനദുമായി (നിവേദക പരമ്പര) ബന്ധപ്പെട്ട് ഡോ. ഹാകിം മുത്വയ്രിയുടെ ഗവേഷണ പ്രബന്ധം വായന അർഹിക്കുന്നതാണ്.
(http://www.dr-hakem.com/Portals/Content/?info=T0RBekpsTjFZbEJoWjJVbU1RPT0rdQ==.jsp#_ftnref40)

ഇബ്നുൽ ഖയ്യിം (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ മദീനയിലുണ്ടായിരുന്ന ജൂതന്മാരുമായി സമാധാന സന്ധിയുണ്ടാക്കി. ഇരു കൂട്ടർക്കുമിടയിൽ ഒരു കരാർ പത്രം എഴുതുകയും ചെയ്തു. ജൂതന്മാരുടെ കാരണവരും വേദശാസ്ത്ര പണ്ഡിതനുമായ അബ്ദുല്ല ഇബ്നുസ്സലാം ഈ കരാറിന് മുൻകൈയെടുത്തു. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു, സത്യനിഷേധമല്ലാതെ മറ്റു ജൂതന്മാരെ ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. അവർ മൂന്ന് ഗോത്രങ്ങളായിരുന്നു: ബനൂ ഖൈനുകാഅ്, ബനൂ നളീർ, ബനൂ ഖുറൈള. മൂന്നു കൂട്ടരും മുസ്‌ലിംകൾക്കെതിരെ കലാപമുണ്ടാക്കി, ബനൂ ഖൈനുകാഅ് ഗോത്രത്തോട് പ്രവാചകൻ (സ) അനുകമ്പ കാണിച്ചു, ബനൂ നളീറുകാരെ മദീനയിൽ നിന്ന് ഒഴിപ്പിച്ചു, ബനൂ ഖുറൈളക്കാരോട് ആദ്യം കാരുണ്യം കാണിച്ചെങ്കിലും അവർ യുദ്ധം ചെയ്തപ്പോൾ അവരിലെ പുരുഷന്മാരെ വധിച്ചു. സൂറത്തുൽ ഹശ്ർ അവതരിപ്പിക്കപ്പെട്ടത് ബനൂ നളീറുകാരുടെ വിഷയത്തിലും സൂറത്തുൽ അഹ്സാബ് അവതരിപ്പിക്കപ്പെട്ടത് ബനൂ ഖുറൈളക്കാരുടെ വിഷയത്തിലുമായിരുന്നു. (സാദുൽ മആദ്: 3/58,59)

ജർമ്മൻ ബൈബിൾ പണ്ഡിതനും രേഖാപരികൽപ്പനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും (documentary hypothesis) ഒറിയന്റലിസ്റ്റുമായ ജൂലിയസ് വെൽ‌ഹൗസെൻ തന്റെ ‘Arab kingdom and it’s fall’ എന്ന ഗ്രന്ഥത്തിൽ (പേജ്: 11) പറയുന്നു:

“മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത ശേഷമുള്ള ആദ്യ ഘട്ടത്തിൽ, ബദർ യുദ്ധത്തിന് മുമ്പായി, മുഹമ്മദ് ഉണ്ടാക്കിയ കരാറിന്റെ രേഖ, കാലം നമുക്കായി സൂക്ഷിക്കുകയുണ്ടായി. മദീനയിലെ ആദ്യ ഘട്ടത്തിലെ പൊതു ജീവിതത്തേയും രാഷ്ട്രീയത്തേയും നിയന്ത്രിച്ചിരുന്നതും സമൂഹത്തിൽ പ്രയോഗവൽകരിച്ചിരുന്നതുമായ നിയമത്തിലെ ചില പ്രധാന പോയിന്റുകൾ പ്രസ്തുത രേഖയിൽ വ്യക്തമാക്കപ്പെടുന്നുണ്ട്… മദീന എങ്ങനെ അഖണ്ഡതയുള്ള ഒരൊറ്റ സമൂഹമായി മാറി എന്ന് അതിൽ നിന്നും മനസ്സിലാക്കാം.”
(അവലംബം: ഗ്രന്ഥത്തിന്റെ അറബി പരിഭാഷ)

ഒറിയന്റലിസ്റ്റായ ഡോ.ഇസ്രായേൽ ബെൻസീവ് (History of jews in Arabia: Pre-Islam and Early Islam: 114,115) തെളിവുകൾ നിരത്തി ഈ കരാർ പത്രത്തെ ചരിത്ര വസ്തുതയാണെന്ന് സമർത്ഥിക്കുന്നു. ഇറ്റാലിയൻ ഒറിയന്റലിസ്റ്റായ ലിയോൺ കൈതാനിയും ഈ സമാധാന സന്ധിയുടെ സത്യതയെ അംഗീകരിക്കുന്നുണ്ട്.

മദീനയുടെ വലിയൊരു ഭാഗം യുദ്ധവും കൊലപാതകവും നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ ഭൂമിയായി പ്രവാചകൻ (സ) പ്രഖ്യാപിച്ചു.

ജാബിർ (റ) നിവേദനം അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: തീർച്ചയായും ഇബ്രാഹീം മക്കയെ പവിത്രമായി പ്രഖ്യാപിച്ചു; നിശ്ചയം മദീനയെ -രണ്ട് പർവതങ്ങൾക്കിടയിലുള്ള പ്രദേശത്തെ – പവിത്രമായി ഞാനിതാ പ്രഖ്യാപിക്കുന്നു. അവിടെയുള്ള ഒരു വൃക്ഷവും (അനാവശ്യമായി) മുറിക്കപ്പെടരുത്, ഒരു ഉരുവും വേട്ടയാടപ്പെടരുത്.” (സ്വഹീഹുൽ ബുഖാരി: 2889, സ്വഹീഹു മുസ്‌ലിം: 3383, 459, 1363)

ജൂതന്മാരോട് പ്രവാചകൻ (സ) ദീക്ഷിച്ച കാരുണ്യവും നീതിയും, തിരിച്ച് യഹൂദർ ചെയ്തിരുന്ന ദ്രോഹങ്ങളും ശത്രുതയും ചരിത്രത്തിൽ നിന്നും ഹദീസുകളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്:

ഖൈബറുകാർ അബ്ദുല്ലാഹിബ്നു സഹ്‌ലിനെ (റ) വധിച്ചപ്പോൾ വ്യക്തമായ തെളിവില്ലാത്തതിനാൽ കൊലയാളികളായ ജൂതരെ പ്രവാചകൻ വെറുതെ വിട്ടു. (സ്വഹീഹുൽ ബുഖാരി: 6769, സ്വഹീഹു മുസ്‌ലിം: 1669)

മുസ്‌ലിമായ അശ്അസ് ഇബ്നു ഖൈസും ഒരു ജൂതനും തമ്മിൽ യമനിലെ ഒരു ഭൂമിയുടെ കാര്യത്തിൽ തർക്കമുണ്ടായി പ്രവാചക സന്നിധിയിൽ വിധിക്കായി വന്നപ്പോൾ അശ്അസിന് തെളിവ് ഹാജരാക്കാൻ കഴിയാഞ്ഞതിനാൽ ഭൂമി ജൂതന്റേതായി പ്രവാചകൻ (സ) വിധിച്ചു. (സ്വഹീഹുൽ ബുഖാരി: 2525, സ്വഹീഹു മുസ്‌ലിം: 138)

ജൂതന്മാർക്ക് അവർക്കിടയിലെ വ്യക്തിപരവും സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ അവരുടെ മതവും വേദവും വെച്ച് തന്നെ വിധി പറയാനുള്ള സ്വാതന്ത്ര്യം മദീനയിൽ നടപ്പാക്കി.
“…അവര്‍ നിന്‍റെ അടുത്ത് വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്ന പക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.” (ഖുർആൻ: 5:42 )

സ്നേഹ സംവാദങ്ങളുടേയും മത സഹവർത്തിത്വത്തിന്റേയും മാർഗം ഇസ്‌ലാം വേദക്കാർക്ക് മുമ്പിൽ മലർക്കെ തുറന്നിട്ടു:
“വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു.”
(ഖുർആൻ: 29:46)

അവർക്ക് ധനം സമ്പാദിക്കാനും ഉടമപ്പെടുത്താനുമുള്ള പൂർണമായ സ്വാതന്ത്ര്യം നൽകി.
ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ പടയങ്കി ജൂതന് പണയം വെച്ച് ധാന്യം കടം വാങ്ങുകയുണ്ടായി. (സ്വഹീഹുൽ ബുഖാരി:1990, സ്വഹീഹു മുസ്‌ലിം: 1603)
കൊലയും കൊള്ളയുമായിരുന്നില്ല മദീനയിലെ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ. മദീനയിലെ ഭരണാധികാരിയായിട്ടും ജൂതന്മാരിൽ നിന്ന് – അവർ യുദ്ധം ചെയ്യും വരെ – സമ്പത്ത് തട്ടിയെടുക്കുകയോ പിടിച്ച് പറിക്കുകയോ ചെയ്തിട്ടില്ല.

ജൂതന്മാരുടെ ഗൂഢാലോചനയുടെ ഭാഗമായി ലബീദിബ്നു അഅ്സം എന്ന ജൂതൻ പ്രവാചകനെ വധിക്കാനായി അദ്ദേഹത്തിന് (സ) മാരണം ചെയ്ത സംഭവവും ഹദീസുകളിൽ കാണാം. (സ്വഹീഹുൽ ബുഖാരി: 3268, സ്വഹീഹു മുസ്‌ലിം:2189)

പ്രവാചകന്(സ) ജൂതന്മാർ മാരണം ചെയ്തെന്ന് മുസ്‌ലിംകൾ അറിഞ്ഞാൽ അത് ജൂതന്മാർക്കും മുസ്‌ലിംകൾക്കുമിടയിൽ ശത്രുതക്ക് കാരണമായേക്കാം എന്നതിനാൽ ജനങ്ങൾ അധികം കാണാതെ അതു നശിപ്പിച്ചു കളയാൻ പ്രവാചകൻ (സ) നിർദേശിച്ചു. (സ്വഹീഹുൽ ബുഖാരി: 3268)

ആ ജൂതനോട് അതിനെ പറ്റി പ്രവാചകൻ (സ) ഒരിക്കൽ പോലും സ്മരിക്കുകയോ എന്തെങ്കിലും പരിഭവം മുഖത്ത് കാട്ടുകയോ ചെയ്തില്ല. (സുനനു നസാഈ: 4080)

എന്നാൽ ജൂത സമൂഹം മുസ്‌ലിംകളുമായി യാതൊരുവിധ സഹവർത്തിത്വത്തിനും തയ്യാറായിരുന്നില്ല. ബനൂ നളീർ, ഖുറൈള എന്നിവർ കരാർ ലംഘിക്കുകയാണുണ്ടായത്.

“അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല. (ഖുർആൻ: 2: 100)

മക്കക്കാർ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്തപ്പോൾ ഖുറൈളക്കാർ സഹായിക്കാതെ വിട്ടു നിന്നു എന്നതു മാത്രമായിരുന്നു അവരുടെ കരാർ ലംഘനം എന്നതിനാൽ മദീനയിൽ തന്നെ താമസിക്കാൻ പ്രവാചകൻ (സ) അനുവദിച്ചു. അവരോട് കരുണ കാണിക്കുകയും നാടുകടത്താതിരിക്കുകയും ചെയ്തു. എന്നാൽ ബനൂ നളീറുകാർ കരാർ ലംഘിച്ച് മുസ്‌ലിംകളെ സഹായിക്കാതെ വിട്ടു നിൽക്കുക മാത്രമല്ല ചെയ്തത്. മറിച്ച് മക്കയിലേക്ക് ആളെ അയച്ച് യുദ്ധത്തിനായി അവരെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം സൈന്യത്തിന്റെ ദുർബലതകൾ അറിയിച്ചു കൊടുക്കുകയും ചെയ്തു. (മഗാസി: മൂസാ ഇബ്നു ഉഖ്ബ: 210)

ബദർ യുദ്ധത്തിന് ശേഷം മദീനയിലേക്ക് യാത്ര ചെയ്ത ബനൂ നളീറുകാരനും കവിയുമായിരുന്ന കഅ്ബിബ്നു അശ്റഫ് ഖുറൈശികളിൽ നിന്ന് യുദ്ധത്തിൽ കൊല്ലപെട്ടവർക്കായി വിലാപകാവ്യം രചിക്കുകയും യുദ്ധത്തിനായി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഖഅ്ബയുടെ വിരിയിൽ പിടിച്ച് മുസ്‌ലിംകളോട് യുദ്ധം ചെയ്യുമെന്ന് ഖുറൈശികളെ കൊണ്ട് കരാർ ചെയ്യിപ്പിച്ചു. (ഫത്ഹുൽ ബാരി: 7/337) മദീനയിൽ വന്ന ശേഷം പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി. ഈ സംഭവം ഒക്‌ലഹോമ സർവകലാശാലയിലെ ജൂഡായിക് ചരിത്രത്തിന്റെ എമെറിറ്റസ് ചെയറും ഒറിയന്റലിസ്റ്റുമായ നോർമൻ ആർതർ സ്റ്റിൽമാൻ തന്റെ ഗ്രന്ഥത്തിൽ എഴുതി ചേർത്തിട്ടുണ്ട്. (The Jews of Arab Lands: A History and Source Book: Page: 124, The Jewish publication society of America)

ദിയ്യത്തുമായി ബന്ധപ്പെട്ട് സഹായത്തിനായി ബനൂ നളീറുകാരുടെ അടുത്ത് ഒരുപറ്റം അനുചരന്മാരോടൊപ്പം പ്രവാചകൻ (സ) ചെന്നപ്പോൾ അദ്ദേഹത്തെ ബനൂ നളീറുകാർ ഒരിടത്ത് ഇരുത്തി. ഹുയൈയ് ഇബ്നു അഖ്തബ് ജൂതന്മാരോട് പറഞ്ഞു: “ജൂത സമൂഹമേ, മുഹമ്മദ് ഇതാ ഒരു ചെറിയ അനുയായി വൃന്ദവുമായി വന്നിരിക്കുന്നു. അവർ പത്തുപേർ പോലുമില്ല. അവർ ഇരിക്കുന്ന ഭവനത്തിന് മുകളിൽ നിന്ന് കല്ല് താഴേക്കിട്ട് മുഹമ്മദിനെ കൊല്ലുക. മുഹമ്മദിനെ കൊല്ലാൻ ഇതിലും നല്ല അവസരമില്ല.” അംറിബ്നു ജിഹശ് ഈ ദൗത്യമേറ്റെടുത്തു, ഭവനത്തിന് മുകളിൽ കയറി കല്ലെടുത്തു. പക്ഷെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു ദിവ്യഉൽബോധനം വഴി പ്രവാചകന് അറിയിച്ചു കൊടുത്തു. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോയി.
(The Jews of Arab Lands: A History and Source Book: Page: 129, 130.The Jewish publication society of America)

ഇബ്നു ഉമർ (റ) പറഞ്ഞു: ബനൂ നളീർ, ഖുറൈള എന്നീ ജൂത ഗോത്രങ്ങൾ അല്ലാഹുവിന്റെ ദൂതനോട് യുദ്ധം ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) അവരെ (മദീനയിൽ നിന്നും ബനൂ നളീറുകാരെ) പുറത്താക്കി. ഖുറൈളക്കാരെ (അവർ യുദ്ധത്തിൽ നേരിട്ട് പങ്കാളികളായില്ല എന്നതിനാൽ പ്രവാചകൻ (സ) മദീനയിൽ) താമസിപ്പിച്ചു; അതിന് ശേഷം ഖുറൈളക്കാരും യുദ്ധം ചെയ്യുന്നത് വരെ. (സ്വഹീഹുൽ ബുഖാരി: 4028, സ്വഹീഹു മുസ്‌ലിം: 1766)

‘നിങ്ങൾക്ക് കോട്ടയും സുരക്ഷയുമുണ്ടായിരിക്കെ നിങ്ങൾ എന്ത് കൊണ്ട് മുഹമ്മദിനെതിരെ സംഘടിക്കുന്നില്ല?’ എന്ന് ആരാഞ്ഞു കൊണ്ട് ബദർ യുദ്ധാനന്തരം മക്കയിലെ ഖുറൈശികൾ മദീനയിലെ ജൂതന്മാർക്ക് കത്തെഴുതി. അങ്ങനെ ബനൂ നളീറുകാർ പ്രവാചകനെ ചതിക്കാൻ ഗൂഢാലോചന നടത്തി. പ്രവാചകനോട് അദ്ദേഹത്തിന്റെ മൂന്ന് അനുയായികളെ തങ്ങളിലേക്ക് അയക്കാനും ഞങ്ങളിലെ മൂന്ന് പുരോഹിതന്മാരുമായി അവർ സംസാരിച്ചതിന് ശേഷം അവർ ഇസ്‌ലാമിൽ വിശ്വസിക്കുകയാണെങ്കിൽ ഞങ്ങൾ മുഴുവനും ഇസ്‌ലാം സ്വീകരിക്കാം എന്നും പറഞ്ഞു. ഇത് കേട്ട് പ്രവാചകൻ അപ്രകാരം ദൂതന്മാരെ അയച്ചു. ബനൂ നളീറുകാർ സായുധരായി ഈ അനുചരന്മാരെ വധിക്കാനായി ഒരുങ്ങി നിന്നു. ബനൂ നളീറുകാരിൽ പെട്ട ഒരു സ്ത്രീ അൻസ്വാരികളിൽ പെട്ട തന്റെ സഹോദരന് ബനൂ നളീറുകാരുടെ ചതിയെ പറ്റി രഹസ്യമായി വിവരമറിയിച്ചു. ഇതറിഞ്ഞ പ്രവാചകൻ (സ) അനുചരന്മാരെ തിരിച്ചു വിളിച്ചു. ഈ വഞ്ചനക്കും കരാർ ലംഘനത്തിനും പകരമായി മുസ്‌ലിംകൾ ബനൂ നളീറുകാരുടെ കോട്ട ഉപരോധിച്ചു. ഉപരോധം ശക്തമായപ്പോൾ മദീനയിൽ നിന്നും നാടുകടത്തപെടുക എന്ന നിബന്ധനയോടെ അവർ കീഴടങ്ങി. ഈ വഞ്ചനകൾക്ക് ശേഷവും മദീനയിൽ താമസിക്കാൻ കഴിയില്ലെന്നും പത്ത് ദിവസം കൊണ്ട് ഒഴിഞ്ഞു പോകണമെന്നും മുഹമ്മദ് ഇബ്നു മസ്‌ലമയെ ദൂതനായി അയച്ച് ബനൂ നളീറുകാരെ പ്രവാചകൻ (സ) വിവരമറിയിച്ചു. സംഭവം സ്വഹീഹായ സനദു സഹിതം ഇമാം ഇബ്നു ഹജർ അൽ അസ്കലാനി തന്റെ ‘ഫത്ഹുൽ ബാരി’യിൽ (7/331, 332) ഉദ്ധരിക്കുന്നുണ്ട്.

കുറച്ച് കാലങ്ങൾക്ക് ശേഷം മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തപ്പോൾ മാത്രമാണ് അവരേയും മദീനയിൽ നിന്ന് പ്രവാചകൻ (സ) പുറത്താക്കിയത്. (സീറത്തു ഇബ്നു ഹിശാം: 3/ 231-233)

ഈ സംഭവത്തെ പറ്റിയാണ് ഖുർആൻ ഇങ്ങനെ പ്രസ്ഥാവിച്ചത്:

“വേദക്കാരില്‍ നിന്ന് അവര്‍ക്ക് (മക്കയിലെ സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ (ബനൂ ഖുറൈളക്കാരെ) അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.” (ഖുർആൻ: 33: 26)

“അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പെടുകയുണ്ടായി. എന്നിട്ട് ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുന്നുമില്ല.” (ഖുർആൻ: 8:56) ഈ വചനവും അവതരിപ്പിക്കപ്പെട്ടതും ബനൂ ഖൈനുകാഉകാരുടെ കാര്യത്തിലാണെന്ന് ഇമാം മുജാഹിദ് വ്യക്തമാക്കുന്നു.
(അദ്ദുർറുൽ മൻസൂർ: സുയൂത്വി: 3/191, മഗാസി: വാഖിദി: 1/135)

ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222)

മുസ്‌ലിംകൾ ഖന്ദക്ക് യുദ്ധത്തിൽ മുഴുകിയിരിക്കെ മദീനയിലെ സ്ത്രീകളെ ആക്രമിക്കാൻ ബനൂ ഖുറൈളക്കാർ പദ്ധതിയിട്ടു. മുസ്‌ലിംകൾ സ്ത്രീകളേയും കുട്ടികളേയും താമസിപ്പിച്ചിരിക്കുന്ന കോട്ടയെ ഖുറൈളക്കാരിലെ ദൂതൻ വലം വെച്ചു. അയാൾ ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ സ്വഫിയ്യ ബിൻത്ത് അബ്ദുൽ മുത്വലിബ് (റ) കുന്തം കൊണ്ട് അയാളെ കുത്തിയിട്ടു. മുസ്‌ലിംകൾ കോട്ടയിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ബനൂ ഖുറൈളക്കാർ തെറ്റിദ്ധരിക്കുകയും ചെയ്തു. (അൽ ഇസ്വാബ: 2/56, 8/214 , മുസ്തദ്റഖു ഹാകിം:6945, മജ്മഉ സവാഇദ്: 6/115)

ബനൂ ഖൈനുകാഅ് ഗോത്രത്തിൽ പെട്ടവർ ഒരു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിക്കുകയും അവളുടെ നഗ്നത കണ്ട് കൂട്ടത്തോടെ ചിരിക്കുകയും ചെയ്തു. ഉടനെ ഒരു മുസ്‌ലിം, ആ സ്ത്രീയുടെ വസ്ത്രം വലിച്ചൂരിയ വ്യക്തിയെ വധിച്ചു. ബനൂ ഖൈനുകാഅ് സംഘം അദ്ദേഹത്തെ വധിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട കലാപത്തെ തുടർന്നാണ് ബനൂ ഖൈനുകാഉകാർ നാടുകടത്തപെട്ടത്. (സീറത്തു ഇബ്നു ഹിശാം: 2/642, അൽ മഗാസി: വാകിദി: 1/176, 177)

ഈ കലാപകാരികളും യുദ്ധ കൊതിയരുമായ സമൂഹത്തെ സംബന്ധിച്ചാണ് ‘ഒരു വഴിയിൽ ജൂത ക്രിസ്ത്യാനികളെ കണ്ടുമുട്ടിയാൽ അതിന്റെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കുക’ എന്ന് പ്രവാചകൻ (സ) പറഞ്ഞത് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത്” അവരുമായി ഒരു വഴിയിൽ സന്ധിച്ചാൽ അവരെ ആദരിച്ചു കൊണ്ടും ബഹുമാനിച്ച് കൊണ്ടും മുസലിംകൾ നടുവഴി വിട്ടു കൊടുക്കുകയോ മാറി കൊടുക്കുകയോ ചെയ്യേണ്ടതില്ല എന്ന് മാത്രമാണ്. അല്ലാതെ അവരെ ഒരു മൂലയിലേക്കോ- വഴിവക്കിലേക്ക്- മതിലിലേക്കോ തള്ളി മാറ്റണം എന്നല്ല” എന്ന് പൗരാണികരായ മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (ഫൈദുൽ കദീർ: ഇമാം മുനാവി: 6/501, സുനനു തുർമുദി: 4/132, ഫത്ഹുൽ ബാരി: 11/33)

ബനൂ ഖൈനുകാഉകാർ മുസ്‌ലിംകളോട് കലാപം ആരംഭിച്ചപ്പോൾ കപട വിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബ്ബയ്യുബ്നു സുലൂൽ അവർക്ക് സർവ്വ സഹായങ്ങളും പ്രഖ്യാപിച്ചു. അവരുമായി സഖ്യമുണ്ടായിരുന്ന ഉബാദത്തിബ്നു സ്വാമിത്ത് അവരുമായി ബന്ധം വിച്ഛേദിച്ചു. അബ്ദുല്ലാഹിബ്നു ഉബ്ബയ്യുബ്നു സുലൂലിനോട് ഈ കലാപകാരികളെ സഹായിക്കരുതെന്ന് പ്രവാചകൻ (സ) അപേക്ഷിച്ചെങ്കിലും അയാൾ അതിന് തയ്യാറായില്ല. (ഫത്ഹുൽ ബാരി: 7/332) “സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (ഖുർആൻ: 5:51) എന്ന ആയത്ത് അവതരിച്ചത് ഈ സന്ദർഭത്തിലാണ്. അതല്ലാതെ -ചില തൽപര കക്ഷികൾ വ്യാഖ്യാനിക്കും പോലെ – സമാധാ ചിത്തരായ അമുസ്‌ലിംകളോട് ചങ്ങാത്തമോ സൗഹൃദമോ പാടില്ല എന്നല്ല ആയത്തിന്റെ വിവക്ഷ.

ഇത്തരം കുൽസിത പ്രവർത്തനങ്ങളുടേയും രാജ്യദ്രോഹത്തിന്റെയും പേരിൽ മദീനയിൽ നിന്നും ജൂതന്മാരെ പുറത്താക്കി. എന്നിട്ടും ഖൈബറിൽ താമസമാക്കിയ ജൂത സമൂഹം മുസ്‌ലിം സമൂഹത്തേയും രാഷ്ട്രത്തേയും വെറുതെ വിടാൻ തയ്യാറായിരുന്നില്ല !

മദീനയിൽ നിന്നും നാടുകടത്തപ്പെട്ട ബനൂ നളീറുകാർക്ക് ഖൈബറിലെ ജൂതർ അഭയം നൽകി, അവർ അറബികളിലെ പല ഗോത്രങ്ങളേയും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിനായി പ്രേരിപ്പിക്കുവാനും ആരംഭിച്ചു. ബനൂ നളീറുകാരടങ്ങുന്ന ഖൈബറുകാർ ഗോത്രങ്ങളെ സംഘടിപ്പിക്കുകയും ഖുറൈശികളെ പ്രലോഭിപ്പിക്കുകയും ചെയ്തതിലൂടെയാണ് ഖുറൈശികൾ മുസ്‌ലിംകൾക്കെതിരെ ഖന്ദഖ് യുദ്ധം നടത്തുന്നത്. (ഉംദത്തുൽ കാരി: ഇമാം അൽ ഐനി: 17/176, സീറത്തു ഇബ്നു ഹിശാം: 2/441, സിയറു അഅ്ലാമിന്നു ബലാഅ്: 1/457, അൽ ബിദായ വന്നിഹായ: 8/50)

ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധത്തിനൊടുവിൽ ജൂതർ പരാജയപ്പെട്ടു. ജൂതന്മാരെ ഒന്നടങ്കം ഖൈബറിൽ നിന്നും നാടുകടത്താൻ മുസ്‌ലിംകൾ തീരുമാനിച്ചെങ്കിലും ജൂതർ പ്രവാചകനോട് സന്ധിക്കായി കേണു. ഖൈബർ യുദ്ധാനന്തരവും ജൂതന്മാരോട് അനുനയത്തോടെയും കരുണയോടെയും പെരുമാറാൻ പ്രവാചകൻ (സ) മടിച്ചില്ല.

ഇബ്നു ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) ഖൈബർ ദേശം യഹൂദന്മാർക്ക് തന്നെ നൽകി, അവർ അതിൽ പ്രവർത്തിക്കുകയും കൃഷിചെയ്യുകയും അതിന്റെ വിളവിന്റെ പകുതി മുസ്‌ലിംകൾക്ക് നൽകുകയും ചെയ്യുക എന്ന നിബന്ധനയോടെ.
(സ്വഹീഹുൽ ബുഖാരി: 2165, സ്വഹീഹു മുസ്‌ലിം: 1551)

ഖൈബറിലെ ജൂതരോട് ഇത്തരമൊരു അനുനയ സമീപനം സ്വീകരിച്ചിട്ടും അവർ തിരിച്ച് വെച്ചുപുലർത്തിയ നയം ശത്രുത തന്നെയായിരുന്നു. ഖൈബറിലെ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ പ്രവാചകനേയും (സ) അനുയായികളേയും വിരുന്നു വിളിക്കുകയുണ്ടായി. വിഷം തേച്ച ആട്ടിൻ മാംസം വിളമ്പുകയും ചെയ്തു. പ്രവാചകനും അനുചരനായ ബദ്റ് ഇബ്നു ബറാഉം മാംസം ഭക്ഷിച്ചു. വിഷം ചേർത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീയെ വധിക്കട്ടെയെന്ന് അനുചരന്മാർ ചോദിച്ചു. പ്രവാചകൻ വേണ്ടെന്ന് പറഞ്ഞു. (സ്വഹീഹുൽ ബുഖാരി: 3169) പിന്നീട് അനുചരനായ ബദ്റ് ഇബ്നു ബറാഅ് (റ) വിഷത്തിന്റെ സ്വാധീനത്താൽ മരിച്ചപ്പോഴാണ് ആ സ്ത്രീക്ക് പ്രവാചകൻ വധശിക്ഷ വിധിച്ചത്. പ്രവാചകന്റെ കാരുണ്യവും അന്നത്തെ ജൂതരുടെ ശത്രുതയും ഈ സംഭവത്തിൽ നിന്നും സുതരാം വ്യക്തമാണ്.

ഖൈബറിലെ ഈ ജൂത സ്ത്രീ നൽകിയ വിഷത്തിന്റെ സ്വാധീനവും വേദനയും മരണാസന്നനായ വേളയിലും പ്രവാചകൻ (സ) അനുഭവിച്ചിരുന്നു. (സ്വഹീഹുൽ ബുഖാരി: 4428)

ഈ പശ്ചാത്തലത്തിലാണ് ജൂത ക്രിസ്ത്യാനികളെ ഹിജാസിൽ നിന്നും പുറത്താക്കാൻ പ്രവാചകൻ (സ) നിർദ്ദേശിക്കുന്നത്. മക്കയും മദീനയും പരിസര പ്രദേശങ്ങളുമാകുന്ന പരിശുദ്ധ ഭൂമിയും ആരാധനാ കേന്ദ്രവും ഒരു കലാപഭൂമിയായി തുടർന്നാൽ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും വരുന്ന തീർത്ഥാടകരുടേയും ഭക്തരുടേയും സ്ഥിതി എന്തായിരിക്കും?! ഒരിക്കലും സമാധാന സന്ധികൾ നിലനിർത്താനും യുദ്ധ കലാപ നിരോധന കരാറുകൾ പാലിക്കാനും തയ്യാറല്ലാത്ത സമൂഹങ്ങൾ ഹിജാസിൽ നിലനിൽക്കുമ്പോൾ മക്കയിലേയും മദീനയിലേയും പുണ്യ ഭൂമി, യുദ്ധം നിഷിദ്ധമാക്കപ്പെട്ട ഹറമുകൾ ചോരയാൽ ചുവന്നുകൊണ്ട് തന്നെ നിലനിൽക്കും. അരക്ഷിതത്വവും അഹിംസയും തീരാ കഥകളാകുമെന്ന ബോദ്ധ്യത്തിൽ നിന്നാണ് ജൂത ക്രൈസ്തവരെ ഹിജാസിൽ നിന്നും പുറത്താക്കാൻ പ്രവാചകൻ (സ) നിർബന്ധിതനാകുന്നത്. ജൂത ക്രൈസ്തവരടങ്ങുന്ന അമുസ്‌ലിംകൾ മക്കാ മദീന പള്ളികൾ ഒഴികെയുള്ള, ഹിജാസിലെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നത് നിഷിദ്ധമായി ഇസ്‌ലാം കാണുന്നില്ല. അതുകൊണ്ടാണ് പ്രവാചകൻ (സ) തന്നെയും മരണം വരെ അവരെ പുറത്താക്കാതിരുന്നത്. പുറത്താക്കണമെന്ന് പറഞ്ഞതാകട്ടെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജൂതന്മാരും ഖുറൈശികളും ഹിജാസിൽ സമാധാനാന്തരീക്ഷം പുലരുവാൻ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ്. ‘ഹിജാസിൽ രണ്ട് മതങ്ങൾ ഒരുമിക്കില്ല’ എന്ന പ്രവാചകന്റെ (സ) വാചകം ഈ തിരിച്ചറിവിൽ നിന്നുള്ള നെടുവീർപ്പാണ്. ഒരു സ്ഥായിയായ മതവിധി പ്രസ്ഥാവിക്കുകയല്ല പ്രവാചകൻ (സ) ഇത്തരം ഹദീസുകളിലൂടെ ചെയ്തത്. മക്കാ മദീനകളുടെ സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട, തീർത്തും ഫ്ലക്സിബ്ൾ ആയ നിർദ്ദേശം മാത്രമായിരുന്നു അത്. അക്ഷരപൂജകർക്കല്ലാതെ ഈ വസ്തുത അഗോചരമാകില്ല എന്ന് തീർച്ച.

പ്രവാചകനായി നിയോഗിതനായപ്പോഴോ, മക്കയിൽ നിന്നും മദീനയിലേക്ക് വന്ന ഉടനെയോ, മദീനയുടെ ഭരണാധികാരി ആയ ഉടനെയോ ‘ജൂത ക്രിസ്ത്യാനികളെ ഹിജാസിൽ നിന്ന് പുറത്താക്കണമെന്ന്’ പ്രവാചകൻ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ വർഗീയ വാദിയെന്ന് വിളിക്കുന്നതിന് ന്യായം കണ്ടെത്താമായിരുന്നു.

ഈ വിഷയകമായി ഉമർ (റ) സ്വീകരിച്ച നയനിലപാടുകളിൽ നിന്നും ഈ വസ്തുത മനസ്സിലാക്കാം.

ഉമറിന്റെ (റ) ഭരണകാലഘട്ടത്തിൽ പ്രവാചക ശിഷ്യൻ ഇബ്നു ഉമർ ഉറങ്ങവെ അദ്ദേഹത്തിന്റെ ഇരു കൈകളും ഖൈബറിലെ ജൂതർ ഒടിച്ച സംഭവവും ചരിത്രത്തിൽ കാണാം.
(മുസ്നദു അഹ്‌മദ്: 90)

ഇതോടെയാണ് ജൂതന്മാരെ ഖൈബറിൽ നിന്നും നാടുകടത്താൻ ഉമർ (റ) തീരുമാനിക്കുന്നത്.

ഇവിടെയും പ്രവാചകനുമായി കരാറിൽ ഉള്ളവരെ ഖൈബറിൽ നിന്ന് ഉമർ (റ) പുറത്താക്കിയില്ല. പ്രവാചകനുമായി കരാറില്ലാത്ത ജൂതന്മാരെയാണ് ഖൈബറിൽ നിന്നും നാടുകടത്തിയത് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നുണ്ടെന്നത് പ്രത്യേകം പരാമർശമർശിക്കേണ്ടതുണ്ട്.
(മുസ്വന്നഫ് അബ്ദുർറസാഖ്: 7208, സീറത്തു ഇബ്നു ഹിശാം: 2/356)

ഇസ്‌ലാമിന്റെ ആവിർഭാവ ഘട്ടത്തിൽ നജ്റാൻ(യമൻ), ശാം, അബ്സീനിയ എന്നിവിടങ്ങളിലായിരുന്നു ക്രിസ്തുമത വിശ്വാസികൾ കൂടുതലുമുണ്ടായിരുന്നത്. ന്യൂനാൽ ന്യൂനപക്ഷമെ ഹിജാസിൽ ഉണ്ടായിരുന്നുള്ളു എന്ന് പ്രസിദ്ധ ഒറിയന്റലിസ്റ്റും ചരിത്രകാരനുമായ ഹെൻറി ലമ്മൻസ് പറയുന്നു. (അൽ മസീഹിയ്യ അൽ അറബിയ്യ വതത്വവുറാത്തുഹാ: 85)

അപ്പോൾ പ്രവാചകൻ (സ) ‘ജൂത ക്രിസ്ത്യാനികൾ’ എന്ന് ചേർത്ത് പറയുമ്പോൾ ഉദ്ദശിക്കപ്പെടുന്നത് നജ്റാനിലെ ക്രിസ്ത്യാനികളെയാണ്. ഒരു ഹദീസിൽ അത് പ്രത്യേകം സൂചിപ്പിക്കപ്പെടുന്നുമുണ്ട്. “നജ്റാൻകാരെ (ക്രിസ്ത്യാനികളെ) ജസീറത്തുൽ അറബിൽ നിന്ന് പുറത്താക്കൂ…” (മുസ്നദു അഹ്‌മദ്: 3/221)
(ഇവിടെയും ഒരു സ്ഥായിയായ വിധി പ്രസ്ഥാവനയല്ല പ്രവാചകൻ (സ) നടത്തിയത്. മക്കാ മദീനകളുടെ സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട, കാലാനുസൃതമായി മാറ്റങ്ങൾ സംഭവിക്കാവുന്ന, തീർത്തും ഫ്ലക്സിബ്ൾ ആയ നിർദ്ദേശം മാത്രമാണിത്.)

ആരംഭത്തിൽ ക്രിസ്ത്യാനികളിൽ നിന്നും അനുകൂലമായ പ്രതികരണങ്ങൾ പ്രകടമായെങ്കിലും പിന്നീട് നജ്റാൻ, ശാം ക്രിസ്ത്യാനികൾ ജൂതരോടൊപ്പം മുസ്‌ലിംകളോട് ശത്രുത വെച്ചുപുലർത്തിയിരുന്നു.

“നജ്റാൻകാരെ (ക്രിസ്ത്യാനികളെ) ജസീറത്തുൽ അറബിൽ നിന്ന് പുറത്താക്കൂ…” എന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടും ക്രിസ്ത്യാനികൾ നജ്റാനിൽ തന്നെ പിന്നേയും ജീവിച്ചു. ഖലീഫ അബൂബക്കറിന്റെ ഭരണകാലഘട്ടത്തിലും അവരെ പുറത്താക്കിയില്ല. പ്രവാചകന്റെ കൽപന മക്കാ മദീനാ ഭൂമിയുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അല്ലാതെ ഹിജാസിൽ അവർ താമസിക്കുന്നത് നിരുപാധികം നിഷിദ്ധമായത് കൊണ്ടല്ല എന്നും മനസ്സിലാക്കിയ പ്രവാചകാനുചരന്മാരും ഖലീഫമാരും അവരെ അവിടെ തന്നെ ജീവിക്കാൻ അനുവദിച്ചു. ഖലീഫ ഉമറിന്റെ കാലത്തും അവർ അവിടെ തുടർന്നു.

നജ്റാൻകാർ കുതിരകളും ആയുധങ്ങളും സംഭരിക്കാനും മുസ്‌ലിംകൾക്കിടയിൽ ഭീതി പരത്താനും ആരംഭിച്ചപ്പോൾ മാത്രമാണ് അവരെ നജ്റാനിൽ നിന്നും പുറത്താക്കാൻ ഉമർ (റ) തയ്യാറായത്. (അൽ ഖറാജ്: അബൂ യൂസുഫ്: 1/87, ഫുതൂഹുൽ ബുൽദാൻ: 1/74)

മദീനയിലെ പള്ളിയിൽ നമസ്ക്കരിക്കവെ ഒരു മജൂസിയുടെ കഠാര കൊണ്ടുള്ള കുത്ത് കിട്ടിയാണ് ഉമർ (റ) മരണപ്പെടുന്നത്. മരണശയ്യയിൽ അദ്ദേഹം പറഞ്ഞു: അവരിൽ നിന്നുള്ളവരെ നമ്മുടെ അടുക്കൽ പ്രവേശിപ്പിക്കരുത് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?… മദീനയിൽ രണ്ട് മതങ്ങൾ ഒരുമിക്കില്ല എന്ന് ഉമർ (റ) പറയുമായിരുന്നു. (മുസ്വന്നഫ് അബ്ദുർ റസാഖ്: 19360)

ഒരു സ്ഥായിയായ മതവിധിയല്ല ഇത് എന്നും മക്കാ മദീനകളുടെ സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട, കാലാനുസൃതമായും സാമൂഹിക സ്വസ്ഥിതിക്കനുസരിച്ചും മാറ്റങ്ങൾക്ക് വിധേയമാകാവുന്ന നിർദ്ദേശം മാത്രമായിരുന്നു എന്നും ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. അതുകൊണ്ടാണ് ജസീറത്തുൽ അറബിൽ നിന്ന് ബഹുദൈവാരാധകരെ പുറത്താക്കുക എന്ന ഹദീസു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് പ്രവാചകനോട് (സ) യുദ്ധം ചെയ്തവരെയാണ് എന്ന് ഇമാം അഹ്‌മദ് അഭിപ്രായപ്പെട്ടത്.
(അഹ്‌കാമു അഹ്‌ലുദ്ദിമ്മ: 1/371)

ഓരോ കാലഘട്ടത്തിലേയും ഭരണാധികാരികൾ സാമൂഹിക നന്മയെന്താണെന്ന് പഠിച്ചതിന് ശേഷം അമുസ്‌ലിംകൾക്ക് ഹിജാസിലെ ഭൂമി ഏൽപ്പിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കണം എന്ന്
ഇമാം അബൂഹനീഫയും കൂഫക്കാരായ പണ്ഡിതരും അഭിപ്രായപ്പെടാനും കാരണം ഇത് തന്നെ. (ശർഹു മുസ്‌ലിം: 5/10)

മക്കാ മദീന ഹറമുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രവാചകന്റെയും(സ) അനുചരന്മാരുടേയും കാല ശേഷവും തുടർന്നിട്ടുണ്ടെന്ന് കൂടി മനസ്സിലാക്കുമ്പോൾ എന്തിനിങ്ങനെ ഒരു നയം ഇസ്‌ലാം സ്വീകരിച്ചുവെന്ന് ബോധ്യപ്പെടും. മക്കാ മദീന ഹറമുകൾക്ക് നേരെ ചരിത്രത്തിലുടനീളം നടന്ന ആക്രമണങ്ങളേയും അതിക്രമങ്ങളേയും ക്രോഡീകരിച്ച ഒരു പഠനമാണ് ‘അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി’ (الإعتداءات على الحرمين الشريفين عبر التاريخ) എന്ന ഗ്രന്ഥം. ഡോ. സഈദിബ്നു ഹുസൈൻ, ഡോ.അബ്ദുൽ മുൻഇം എന്നിവരാണ് രചയിതാക്കൾ. പ്രസ്തുത ഗ്രന്ഥത്തിൽ നിന്നുള്ള ഏതാനും ഉദാഹരണങ്ങൾ വളരെ ചുരുക്കി ഇവിടെ എഴുതാം:

1. അബ്ബാസി കാലഘട്ടത്തിൽ, മജൂസി ആദർശക്കാരനായ ഹുസൈൻ അൽ അഹ്‌വാസി എന്ന വ്യക്തി ഉണ്ടാക്കിയ കറാമിത്വ എന്ന സംഘം മക്കാ മദീന ഹറമുകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുകയുണ്ടായി. മറ്റൊരു തീർഥാടന കേന്ദ്രം പണിത് ഹജ്ജിനായി ഹിജാസിലേക്ക് വന്നവരെയെല്ലാം നിർബന്ധിതമായി വഴി തിരിച്ച് വിടുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയുമെല്ലാം ചെയ്യുകയുണ്ടായി. (അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി അബറത്താരീഖ്: പേജ്: 44, 45)

ഹിജ്റ 370 ൽ കറാമിത്വകൾ അബൂ ത്വാഹിർ അൽജുനാബിയുടെ നേതൃത്വത്തിൽ മക്ക ആക്രമിക്കുകയും- ഹറമുകൾ ഹാജിമാരെ കൊണ്ട് നിറഞ്ഞിരുന്നു- കറാമിത്വകൾ അവരെയെല്ലാം കശാപ്പ് ചെയ്യുകയും കൊള്ളയടിക്കുകയും പരിശുദ്ധ കഅ്ബയുടെ മേൽ മദ്യപിച്ച് നൃത്തമാടുകയും ചെയ്തു. അബൂ ത്വാഹിർ പരിശുദ്ധ കഅ്ബയുടെ മേൽ മൂത്രിക്കുകയും കാഷ്ടിക്കുകയും “ഞാൻ ദൈവത്തെ കൊണ്ടും ദൈവം എന്നെ കൊണ്ടുമാണ്, അവൻ സൃഷ്ടികളെ സൃഷ്ടിക്കുന്നു. ഞാൻ അവരെ നശിപ്പിക്കുന്നു” എന്ന് അട്ടഹസിക്കുകയും ചെയ്തു. (അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി അബറത്താരീഖ്: പേജ്: 46, 47)

2. ഹിജ്റാബ്ദം 557 ൽ സുൽത്താൻ നൂറുദ്ദീൻ മഹ്‌മൂദിബ്നു സങ്കിയുടെ ഭരണകാലഘട്ടത്തിൽ റോമൻ ക്രിസ്ത്യാനികളുടെ ഗൂഢാലോചനയുടെ ഭാഗമായി രണ്ടു ക്രിസ്ത്യൻ വൈദികന്മാർ മദീനയിൽ താമസിക്കുകയും മണ്ണ് തുരന്ന് പ്രവാചകന്റെ (സ) മൃതശരീരം കുഴിച്ചെടുക്കാൻ ശ്രമിക്കുകയും സുൽത്താൻ അവരെ പിടികൂടുകയും ചെയ്തു. (അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി അബറത്താരീഖ്: പേജ്: 98, 99)

3. കുരിശു യുദ്ധകാലഘട്ടത്തിൽ ചാറ്റിലോണിലെ റെയ്നാൾഡ് മക്കാ മദീന ഹറമുകൾ ആക്രമിക്കാൻ പദ്ധതിയിടുകയുണ്ടായി. അതിനായി ആദ്യം മീനാഅ് പിടിച്ചടക്കി. പിന്നീട് കപ്പൽ സേനകളെ ഒരുക്കി. ചെങ്കടലിനടുത്ത മുസ്‌ലിം തുറമുഖങ്ങൾ ആക്രമിച്ചു കീഴടക്കി. ഹിജാസിലേക്ക് ഒരു സൈന്യത്തെ അയച്ചെങ്കിലും സൽജൂകി ഭരണാധികാരികൾ അവരെ മദീനയെ തൊട്ട് പ്രതിരോധിച്ചു. (അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി അബറത്താരീഖ്: പേജ്: 60, 61)

4. ഉസ്മാനിയ ഭരണകാലഘട്ടത്തിൽ പോർച്ചുഗീസുകാർ ഹറമുകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കഅ്ബ പൊളിക്കാനും പ്രവാചകന്റെ ഖബറിടം നശിപ്പിക്കുവാനുമുള്ള പദ്ധതി പക്ഷെ ഉസ്മാനിയ ഭരണാധികാരികളുടെ പ്രതിരോധത്തിന് മുമ്പിൽ പരാജയപ്പെട്ടു.
(അൽ ഇഅ്തിദാആത്ത് അലൽ ഹറമൈനി അശ്ശരീഫൈനി അബറത്താരീഖ്: പേജ്: 69, 70)

5. നെപ്പോളിയൻ ഈജിപ്ത് പിടിച്ചെടുത്ത സന്ദർഭത്തിലും ഹിജാസിലേക്ക് സൈന്യത്തെ അയക്കാൻ ഉദ്ദേശിച്ചിരുന്നു. അന്നത്തെ മക്കാ ഭരണാധികാരി ശരീഫ് ഗാലിബ് അദ്ദേഹവുമായി സന്ധിയുണ്ടാക്കി.
ഇംഗ്ലീഷ്, ഫ്രഞ്ച് അധികാരികളും സേനയും മക്കയിലേക്കുളള തീർത്ഥാടകരേയും ഈ കാലഘട്ടത്തിൽ പലപ്പോഴായും തടഞ്ഞിട്ടുണ്ട്.
(IBID: 48, 49)

ദശലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന ഒരു സ്ഥലത്ത് ഇത്തരം സംഘട്ടനങ്ങളും അസമാധാനാന്തരീക്ഷവും എല്ലാ കാലത്തും നിലനിന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഭൂമിയിലെ നരകമായി ആ നാട് മാറുകയില്ലേ ?

ചുരുക്കത്തിൽ, സഊദി അറേബ്യ എന്ന രാജ്യത്തൊ ജസീറത്തുൽ അറബ് എന്ന പ്രവിശ്യയിലൊ അമുസ്‌ലിംകൾ പ്രവേശിക്കുന്നതോ സ്ഥിരതാമസമാക്കുന്നതോ ഇസ്‌ലാം വിരോധിച്ചിട്ടില്ല; അവിടെ നിന്ന് അമുസ്‌ലിംകളെ പുറത്താക്കണമെന്ന് പ്രവാചകൻ (സ) നിർദ്ദേശിച്ചിട്ടുമില്ല.

ഹിജാസിലാകട്ടെ അമുസ്‌ലിംകൾക്ക് പ്രവേശിക്കുകയും സാമൂഹിക ഇടപാടുകളിൽ ഏർപ്പെടുകയും ആവശ്യ പൂർത്തീകരണത്തിന് വേണ്ട കാലത്തോളം താമസിക്കുകയും ചെയ്യുന്നത് ഇസ്‌ലാം വിരോധിക്കുന്നില്ല. ഹിജാസിൽ സ്ഥിര താമസമാക്കുന്നതിനെ/ജീവിക്കുന്നതിനെ മാത്രമാണ് വിരോധിച്ചത്. അതു തന്നെ മക്ക മദീനയടങ്ങുന്ന തീർഥാടന കേന്ദ്രങ്ങളുടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട ഒരു നയമാണ്. ഒരു സ്ഥായിയായ മതവിധിയല്ല ഇത് എന്നും മക്കാ മദീനകളുടെ സുരക്ഷയും സമാധാനവുമായി ബന്ധപ്പെട്ട, കാലാനുസൃതമായും സാമൂഹിക സ്വസ്ഥിതിക്കനുസരിച്ചും മാറ്റങ്ങൾക്ക് വിധേയമാകാവുന്ന നിർദ്ദേശം മാത്രമാണ് താനും. ഇതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ വീക്ഷണങ്ങളുടെ ആകതുക. ഇതെങ്ങനെ ഭീകരവാദവും വർഗീയതയുമാകും ?! ഇതിനപ്പുറം അറബ് ഉപഭൂഖണ്ഡത്തിൽ ഏതെങ്കിലും കാലത്ത് ഭരണം നടത്തിയ/നടത്തുന്ന ഭരണവർഗം വല്ല നിലപാടുകളും സ്വീകരിക്കുന്നെങ്കിൽ അത് അവരുടെ സ്വന്തമായ രാഷ്ട്രീയ നിലപാടും ഭരണ നയതന്ത്രവുമാണ്. യൂസുഫിന്റെ രക്തത്തിൽ ചെന്നായക്ക് പങ്കില്ലാത്തത് പോലെ ഇത്തരം രാഷ്ട്രീയ നിലപാടുകളിലും ഭരണ നയതന്ത്രങ്ങളിലും ഇസ്‌ലാമിന് ഒരു പങ്കുമില്ല.

മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവിയുമടങ്ങുന്ന ഹറം എന്നിവിടങ്ങളിൽ മാത്രമേ അമുസ്‌ലിംകൾക്ക് പ്രവേശനം വിരോധിക്കപ്പെട്ടിട്ടുള്ളു. അതിൽ തന്നെയും പൗരാണികരായ മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ടെന്ന് നാം സൂചിപ്പിച്ചു.
ഇമാം അബൂഹനീഫയുടെ അഭിപ്രായപ്രകാരം കഅ്ബയടക്കമുള്ള ഹറമുകൾ (ആരാധനാ ഭൂമി) അമുസ്‌ലിംകൾ സന്ദർശിക്കുന്നതും അനുവദനീയമാണ്. (അഹ്കാമു അഹ്‌ലുദ്ദിമ്മ : 1/188)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.