തിരിച്ചറിവുകൾ -1

//തിരിച്ചറിവുകൾ -1
//തിരിച്ചറിവുകൾ -1
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -1

അകലം

‘ഒരു മീറ്റർ അപ്പുറത്ത് നിൽക്കണം..’

മലയാളത്തിലാണ് പറഞ്ഞത്. തന്റെ മുഖത്ത് നിന്ന് മലയാളിയെ അയാൾ വായിച്ചെടുത്തോ? ചിന്തകളെ തെറ്റിച്ച ആ വാക്കുകളുടെ ഉടമസ്ഥനെ തെല്ലു കൗതുകത്തോടെ നോക്കി മനസ്സിൽ പറഞ്ഞു.

ഭാഷയറിയാത്ത ഈ നാട്ടിൽ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. അവിചാരിതമായ ലോക്ക്ഡൗണിൽ ആയിരങ്ങളെപ്പോലെ താനും കുടുങ്ങി. ആദ്യമാദ്യം ആശങ്കയായിരുന്നു. യാഥാർഥ്യമാണ് എന്നു തിരിച്ചറിയാൻ ആഴ്ചകൾ വേണ്ടി വന്നു. സ്വന്തക്കാരെ, ഭാര്യയെ, ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞിനെ, നാടിനെ, നാട്ടുകാരെ, കൂട്ടുകാരെ.. അങ്ങനെ കാണേണ്ടവരുടെ ലിസ്റ്റ് നാൾക്കുനാൾ നീളുകയാണ്. ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മനസ്സിൽ ഒരു കനൽ വീണ പോലെ.

റോഡ് വിജനമാണ്. അത്യാവശ്യം ചില കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. ഈ കടയിലേക്ക് അങ്ങനെ വരാറില്ല. അല്ലെങ്കിലും അരിയും പച്ചക്കറിയും വാങ്ങിയിട്ട് തനിക്ക് എന്തു കാര്യം. അതു പാകം ചെയ്യാനുള്ള സൗകര്യമോ സാധനങ്ങളോ തനിക്കില്ലല്ലോ.

ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നുണ്ട് മിക്കവരും. ഒരുപക്ഷേ വൈറസിനെക്കാൾ വേഗത്തിലാണെന്നു തോന്നും ഭയം പടരുന്നത്! പലരും കടക്കാരനോട് കയർക്കുന്നുണ്ട്. സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. കയ്യിലുള്ള മൊബൈലിൽ ഒന്നുകൂടി ബാലൻസ് ചെക്ക് ചെയ്തു നോക്കി. ഈ മാസത്തേക്ക് തികയില്ല. എങ്കിലും അത്യാവശ്യം ചിലത് വാങ്ങാം.

തന്റെ ഊഴമായി. ഹിന്ദി മാത്രമേ അറിയാവൂ. അതും പൊടിക്ക്.

ദോ കിലോ ആട്ട, ദോ കിലോ റൈസ്, 300 ഗ്രാം ദാൽ..

ബേറെ? കടക്കാരൻ മുഖത്ത് നോക്കി.

ഇനിയെന്താണ്…! അറിയില്ല. കണ്ണുകൾ ചുറ്റും തിരഞ്ഞു. പുറകിൽ ആളുകൾ പിറുപിറുക്കുന്നുണ്ട്. കടക്കാരന്റെ കണ്ണുകൾ ഇപ്പോഴും മുഖത്താണ്. കുറച്ചു ഉപ്പും മുളകും ഓയിലും അത്യാവശ്യം പച്ചക്കറികളും വാങ്ങാം. അതുമതിയാകും.

നഗരമായത് കൊണ്ട് മൊബൈൽ വഴി തന്നെ പണം കൊടുക്കാം. അങ്ങനെ ഒരാശ്വാസമുണ്ട്. പണം നൽകി തിരിഞ്ഞു നടന്നു.

ആളുകൾ കൂട്ടത്തോടെ തന്നെയുണ്ട് കടക്ക് മുന്നിൽ. കൊറോണ പകർന്നു നൽകിയ പുതിയ സംസ്കാരത്തെ സ്വീകരിച്ചവരും അല്ലാത്തവരും ഒക്കെയുണ്ട്. കൂട്ടത്തിൽ താടിയുള്ള ഒരു മനുഷ്യനെ പേടിയോടെ അറപ്പോടെ നോക്കുന്ന ചിലരെ കണ്ടു. തന്നെ ആവിധം നോക്കുന്നതിൽ ആ മനുഷ്യന് അസ്വസ്‌ഥനായിരുന്നോ..? മുഖത്തു നിന്ന് വായിച്ചെടുക്കാൻ മാസ്‌ക് അനുവദിച്ചില്ല. അല്ലെങ്കിലും കൊറോണ പകർന്നു നൽകിയത് പുതിയ സംസ്കാരം മാത്രമല്ലല്ലോ. വിദ്വേഷങ്ങൾ കൂടിയാണ്. കൊറോണക്ക് ജാതിയും മതവും വരെ കൽപിക്കപ്പെട്ടു കഴിഞ്ഞു. മൃതദേഹം പോലും ബഹുമാനിക്കപ്പെടാത്ത അവസ്ഥയാണ്.

മനസ്സ് തെല്ലൊന്നു പിടഞ്ഞോ..? കാര്യമില്ല. അത്തരക്കാരിലേക്ക് നോക്കാൻ നേരമില്ല. തന്റെ മനസ്സ് മുഴുവൻ ആ കുഞ്ഞാണ്. ആ കരച്ചിൽ. ആ ചിന്ത നടത്തത്തിന്റെ വേഗത കൂട്ടി. തന്റെ കെട്ടിടത്തിലേക്കുള്ള വഴി തിരിഞ്ഞു. കെട്ടിടത്തിന്റെ മറുവശത്ത് മുഴുവൻ ഒറ്റമുറികളും ചെറിയ മുറികളുമുള്ള വീടുകളാണ്. മൂന്നാം നിലയിലുള്ള തന്റെ ജനൽ വഴി മിക്ക വീടുകളും കാണാം.

ഇന്നാണ് ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ഏകദേശം നാലോ അഞ്ചോ വയസ്സ് പ്രായം വരും. ആശ്വസിപ്പിക്കാൻ കഴിയാത്തവിധം കുഞ്ഞിനെ തലോടാൻ ശ്രമിക്കുന്ന അമ്മയുമുണ്ട്. ഏതൊരു മനുഷ്യനും തിരിയുന്ന വിശപ്പിന്റെ കരച്ചിലും നിസ്സഹായതയും..! കണ്ടുനിൽക്കാൻ കഴിയില്ലല്ലോ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണാൻ തന്റെ ആദർശം അനുവദിക്കുന്നുമില്ല.

ആ വീടെത്തി. വാതിലിൽ മുട്ടി. നേരത്തെ കണ്ട സ്ത്രീ എത്തി നോക്കി. ഭാഷ ഏതാണ് എന്നറിയില്ല. അല്ലെങ്കിലും അറിഞ്ഞിട്ട് കാര്യമില്ലല്ലോ. കയ്യിലുള്ള സഞ്ചി വാതിൽക്കൽ വെച്ചു തിരിഞ്ഞു നടന്നു. മനസ്സിലേക്ക് പിതാവിന്റെ വാക്കുകൾ ഓടിക്കയറി.

_നമ്മുടെ കഷ്ടപ്പാടുകളിലും ചുറ്റുമുള്ളവരിലേക്ക് നോക്കുമ്പോഴാണ് നമ്മൾ മനുഷ്യരാവുന്നത്. നമ്മെ മനുഷ്യരാക്കാൻ പാകത്തിന് പലതും ദൈവം അവിടെ കരുതി വെച്ചിട്ടുണ്ടാവും._

എത്ര ശരിയാണ്..! അല്ലെങ്കിലും അകലം പാലിക്കാൻ പറഞ്ഞത് ശരീരങ്ങളോടാണല്ലോ. മനസ്സുകളെ കൂടുതൽ ചേർത്തു പിടിക്കേണ്ട സമയമാണ്..!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Beautiful and heart touching

    Hafeed 09.08.2020

Leave a comment

Your email address will not be published.