തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

Print Now
മതപരിത്യാഗിയും വധശിക്ഷയും -4

തപരിത്യാഗികളായ സ്ത്രീകള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് ഹനഫീ മദ്ഹബുകാരായ പണ്ഡിതര്‍ അഭിപ്രായപ്പെടാന്‍ കാരണം മതപരിത്യാഗിയെ വധിക്കുന്നത് അയാളിലെ ഉപദ്രവവും യുദ്ധവും കാരണമായാണ് എന്നതിനാലാണ്. സ്ത്രീയുടെ പ്രകൃതി അനുസരിച്ച് അവരില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ സാധാരണഗതിയില്‍ സംഭവിക്കാറില്ലല്ലൊ. അതുകൊണ്ട് പുരുഷന്മാരായ മതപരിത്യാഗികളെ അയാളില്‍ നിന്നുണ്ടാകാവുന്ന പ്രതിവിപ്ലവവും യുദ്ധവും കണക്കിലെടുത്ത് വധശിക്ഷ നല്‍കുന്നത് പോലെ മതപരിത്യാഗികളായ സ്ത്രീകളെ വധിക്കേണ്ടതില്ല. (അല്‍ മബ്‌സൂത്വ്:10/98, അല്‍ ബദാഇഅ്:7/138, ഫത്ഹുല്‍ കദീര്‍:4/380, സൈലഇയുടെ തബ്‌യീനുല്‍ ഹകാഇക്ക്:3/384, അദ്ദുര്‍റുല്‍ മുഖ്താര്‍ വറദ്ദുല്‍ മുഖ്താര്‍: 3/312,326)

എന്തിനേറെ പറയുന്നു, പുരുഷന്മാരും മുസ്‌ലിം സൈന്യത്തോട് യുദ്ധം ചെയ്യാന്‍ തയ്യാറായവരുമായ മതപരിത്യാഗികളോട് പോലും ദയ കാണിക്കണമെന്ന് സൂചിപ്പിക്കുന്ന ചരിത്ര സംഭവങ്ങളും പല ഗ്രന്ഥങ്ങളിലും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ബക്കറുബ്‌നു വാഇല്‍ ഗോത്രത്തില്‍പെട്ട മുര്‍ത്തദ്ദുകളെ കൊല്ലുകയല്ലാതെ മറ്റെന്തെങ്കിലും ശിക്ഷാനടപടി ഉള്ളതായി താങ്കള്‍ കാണുന്നുണ്ടോ എന്ന അനസിന്റെ (റ) ചോദ്യത്തിന് തടവുശിക്ഷ നല്‍കാമായിരുന്നുവെന്ന് ഉമര്‍ (റ) അഭിപ്രായപ്പെട്ടതായി ചരിത്രത്തില്‍ കാണാം (ബൈഹക്കിയുടെ സുനനുല്‍ കുബ്‌റാ: 17/135136, ഇമാം ഇബ്‌നു അബ്ദുറസാഖിന്റെ മുസ്വന്നഫ്: 10/165166)

ബക്കറിബ്‌നു വാഇലിലെ മതപരിത്യാഗികള്‍ പുരുഷന്മാരായിട്ടും, അവര്‍ മുസ്‌ലിം സൈന്യവുമായി യുദ്ധം ചെയ്തിട്ട് പോലും അവരുടെ കാര്യത്തില്‍ അദ്ദേഹം ഇളവ് കാണുകയുണ്ടായി. അപ്പോള്‍ പിന്നെ കേവല മതപരിത്യാഗികളായ സ്ത്രീകളെ വധിക്കേണ്ടതില്ല എന്നതിന് പ്രത്യേകം തെളിവ് വേണ്ടതുണ്ടൊ?!

عَنِ ابْنِ عَبَّاسٍ، قَالَ:، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ بَدَّلَ دِينَهُ فَاقْتُلُوهُ»

‘ഏതൊരുവന്‍ തന്റെ മതത്തെ മാറ്റിയൊ അവനെ നിങ്ങള്‍ വധിക്കുക’ (സ്വഹീഹുല്‍ ബുഖാരി:2794) എന്ന ഒരു ഹദീസ് ഈ വിഷയത്തില്‍ കാണാം. ചില അല്‍പജ്ഞാനികള്‍ വാദിക്കുന്നത് പോലെ ഈ ഹദീസ് വ്യാജമൊന്നുമല്ല. എന്നാല്‍ ഹദീസിന്റെ ആശയം അതിന്റെ വിവര്‍ത്തനാര്‍ത്ഥത്തിലല്ല എന്നതാണ് വസ്തുത. കാരണം വിവര്‍ത്തനം നല്‍കുന്ന പ്രത്യക്ഷാര്‍ത്ഥ പ്രകാരം ഒരു ജൂതന്‍ ക്രിസ്ത്യാനി ആയാലും ‘തന്റെ മതത്തെ അയാള്‍ മാറ്റി’യല്ലൊ. (ഇമാം ബദറുദ്ദീന്‍ ഐനി ഉംദത്തുല്‍ കാരിയില്‍ പറഞ്ഞത്:14/264) അപ്പോള്‍ അത്തരക്കാര്‍ക്കും വധശിക്ഷ നല്‍കണം എന്നാണ് ഹദീസിന്റെ ഉദ്ദേശം എന്ന് പറയാന്‍ കഴിയുമൊ? ഇനി ഒരു അമുസ്‌ലിം ഇസ്‌ലാം സ്വീകരിച്ചാല്‍ അതും ‘തന്റെ മതത്തെ മാറ്റല്‍’ അല്ലേ?

ചുരുക്കി പറഞ്ഞാല്‍, ഈ ഹദീസ് അതിന്റെ വിവര്‍ത്തനം പ്രദാനം ചെയ്യുന്ന പ്രത്യക്ഷാര്‍ഥത്തില്‍ എടുക്കാന്‍ കഴിയില്ല, ഹദീസിന്റെ ഉദ്ദേശവും അതല്ല. ഹദീസിലെ അറബി പദങ്ങള്‍ ഇത് സൂചിപ്പിക്കുന്നുണ്ട്. ഹനഫീ പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നത് പോലെ ഹദീസിലെ ‘ഏതൊരുവന്‍ തന്റെ മതത്തെ മാറ്റിയൊ.. ‘എന്നതിലെ ‘ഏതൊരുവന്‍’ (مَنْ) എന്ന ‘ഉപാധിക ദ്യോതകം’ (حرف الشرط) പുല്ലിംഗത്തെയാണ് സൂചിപ്പിക്കുന്നത്. അവിടെയും നാം മുമ്പ് സൂചിപ്പിച്ച കാര്യങ്ങള്‍ പ്രസക്തമാവുന്നു: എന്തു കൊണ്ട് സ്ത്രീകളെ ഒഴിവാക്കി പറഞ്ഞു? സ്ത്രീകളില്‍ നിന്നും ഉപദ്രവവും യുദ്ധവും ഭയപ്പെടേണ്ടതില്ല എന്നത് തന്നെ കാരണം. അപ്പോള്‍, ഈ ഹദീസിന്റെ ആശയവും യുദ്ധം, കലാപം എന്നീ കുറ്റകൃത്യങ്ങളിലേക്ക് തന്നെ മടങ്ങുന്നു.

‘അടിസ്ഥാനപരമായി, മതത്തില്‍ നിര്‍ബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുന്നത് മൂലം വധശിക്ഷ നല്‍കല്‍ നിര്‍ബന്ധമാകുന്നില്ല’ എന്നതാണ് ഇമാം അബൂ ഹനീഫയുടെ നിലപാട്. ഒരാള്‍ വിശ്വാസം ഉപേക്ഷിച്ചാല്‍ പോലും അയാള്‍ക്ക് വധശിക്ഷ നല്‍കപ്പെടുകയില്ല. യുദ്ധക്കാരനൊഴികെ; അയാളില്‍ യുദ്ധമെന്ന അപകടം നിലനില്‍ക്കുന്നു എന്നതിനാലാണ് അത്. ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി അവിശ്വാസിയായ വ്യക്തിയും മതപരിത്യാഗിയായ വ്യക്തിയും സമമാണ്. അപ്പോള്‍ യുദ്ധഭീഷണിയില്ലാത്ത മതപരിത്യാഗിക്ക് വധശിക്ഷ നല്‍കപ്പെടുകയില്ല. വ്യക്തിപരമായി നമസ്‌കാരവും സക്കാത്തും ഉപേക്ഷിച്ചവനും വധശിക്ഷ നല്‍കപ്പെടുകയില്ല. അത്തരക്കാര്‍ വിഘടിത സംഘമായി മാറിയാല്‍ അല്ലാതെ. അങ്ങനെ വരുമ്പോള്‍ അവരില്‍ നിന്നും ഉണ്ടാകാവുന്ന യുദ്ധത്തിന്റെ പേരില്‍ അവരോട് യുദ്ധം ചെയ്യപ്പെടും; കലാപക്കാരോട് യുദ്ധം ചെയ്യുന്നത് പോലെ.’ (മജ്മൂഉല്‍ ഫതാവാ: 20/96)

ഇമാം അബൂ ഹനീഫയുടെ ഈ മദ്ഹബിനെ പ്രമാണങ്ങള്‍ നിരത്തി തെളിയിക്കുന്നുണ്ട് ഹിജ്‌റാബ്ദം നാലാം നൂറ്റാണ്ടുകാരനായ ഇമാം സര്‍ഖസി (റ): ‘കടുത്ത കുറ്റകൃത്യങ്ങള്‍ കാരണമല്ലാതെ ഒരു മതപരിത്യാഗിയായ സ്ത്രീക്ക് വധശിക്ഷ നല്‍കപ്പെടുകയില്ല. കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുക മൂലം വധശിക്ഷ നല്‍കപ്പെടാം. അടിസ്ഥാനപരമായി അവിശ്വാസിയായ സ്ത്രീയുടെയും കാര്യം ഇതു തന്നെയാണ്. യുദ്ധം ചെയ്യുക, സിഹ്ര്‍ ചെയ്യുക, യുദ്ധത്തിനായി പ്രോത്സാഹനം നല്‍കുക എന്നീ കടുത്ത പാതകങ്ങള്‍ ചെയ്യുകവഴി അവള്‍ക്ക് വധശിക്ഷ നല്‍കപ്പെട്ടേക്കാം. മതപരിത്യാഗിയായതിനു ശേഷവും ഇങ്ങനെ തന്നെയാണ് അവസ്ഥ. അതിന് നമുക്കുള്ള പ്രമാണം സ്ത്രീകളെ വധിക്കുന്നതില്‍ നിന്നും പ്രവാചകന്‍ (സ) തടഞ്ഞു എന്നതാണ്. ഇവ്വിഷയകമായി രണ്ട് ഹദീസുകള്‍ കാണാം. റബാഹിബ്‌നു റബീഅ (റ) നിവേദനം ചെയ്തതാണ് അതിലൊന്ന്. ‘ഒരു യുദ്ധത്തിന് ശേഷം ജനങ്ങള്‍ എന്തിനോ ചുറ്റും കൂട്ടംകൂടി നില്‍ക്കുന്നതായി പ്രവാചകന്‍ (സ) കണ്ടു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ യുദ്ധതില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹമാണ് അവര്‍ നോക്കുന്നത് എന്ന് പറയപ്പെട്ടു. ഉടനെ പ്രവാചകന്‍ (സ) ഒരാളോട് കല്‍പ്പിച്ചു: ഖാലിദിന്റെ അടുത്തു ചെല്ലുക, എന്നിട്ട് സ്ത്രീകളേയും കുട്ടികളേയും വധിക്കരുത് എന്ന് അറിയിക്കുക.’

രണ്ടാമത്തേത് ഇബ്‌നു അബ്ബാസിന്റെ ഹദീസ് ആണ്. ‘പ്രവാചകന്‍, യുദ്ധത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി കണ്ടു. ആരാണ് അവരെ വധിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രവാചകാനുചരന്‍ പറഞ്ഞു താനാണ് എന്ന്. തന്നെ പിന്നില്‍ നിന്നും വധിക്കാനായി ഒരുങ്ങിയപ്പോഴാണ് ആ സ്ത്രീയെ വധിച്ചത് എന്ന് വ്യക്തമാക്കി. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു ‘സ്ത്രീകളെ കൊല്ലേണ്ട എന്ത് കാര്യമുണ്ട്!’. മക്കാ വിജയ ദിവസം ഒരു സ്ത്രീ കൊല്ലപ്പെട്ടതായി കണ്ടപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: ‘ഹാ… ഇവള്‍ യുദ്ധം ചെയ്യുമായിരുന്നില്ല.’

ഈ ഹദീസുകളില്‍ നിന്നും വധിക്കപ്പെടാനുള്ള കാരണം യുദ്ധമാണെന്ന് മനസ്സിലാക്കാം. സ്ത്രീകള്‍ യുദ്ധം ചെയ്യാത്തത് കൊണ്ട് തന്നെ വധിക്കപ്പെടില്ല. ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി അവിശ്വാസിയായവരും മതപരിത്യാഗിയായവരും തമ്മില്‍ വ്യത്യാസമില്ല.

‘ഏതൊരുവന്‍ തന്റെ മതത്തെ മാറ്റുന്നുവൊ, അവനെ നിങ്ങള്‍ വധിക്കുക’ എന്ന ഹദീസ് അതിന്റെ പ്രത്യക്ഷാര്‍ത്ഥത്തിലല്ല എടുക്കേണ്ടത്. പ്രത്യക്ഷാര്‍ഥ പ്രകാരം ഒരു അമുസ്‌ലിം ഇസ്‌ലാം സ്വീകരിച്ചാലും ‘മതമാറ്റം’ നടക്കുന്നുണ്ടല്ലൊ. അപ്പോള്‍ ഹദീസിലെ പൊതുവായ വാചകത്തെ നാം പ്രത്യേക അര്‍ത്ഥത്തിലായി വ്യാഖ്യാനിക്കുന്നു. അതായത് ഹദീസ് പുരുഷന്മാരെയാണ് ഉദ്ദേശിക്കുന്നത്. മുമ്പ് നാം സൂചിപ്പിച്ച ഹദീസുകള്‍ ഇതിന് തെളിവാണ്. അപ്പോള്‍ കൊലപാതകം ചെയ്ത, മതപരിത്യാഗിയായ സ്ത്രീ യുദ്ധം ചെയ്തവളെ പോലെയാണ്. പ്രവാചകന്‍ (സ) വധശിക്ഷ നടപ്പിലാക്കിയ, മതപരിത്യാഗിയായ സ്ത്രീ ഉമ്മു മര്‍വ്വാന്‍ കൊലയാളി ആയിരുന്നു, യുദ്ധത്തിനായി പ്രോത്സാഹനങ്ങള്‍ നല്‍കിയിരുന്നു. അബൂബക്കര്‍ (റ) വധശിക്ഷ നടപ്പിലാക്കിയ മതപരിത്യാഗിയായ സ്ത്രീ ഉമ്മു ഫര്‍കയാകട്ടെ തനിക്കുണ്ടായിരുന്ന മുപ്പതു മക്കളെയും മുസ്‌ലിംകള്‍ക്കെതിരായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു….

അവിശ്വാസവും മതപരിത്യാഗവും മഹാ പാതകങ്ങളില്‍ പെട്ടതാണ്. എന്നാല്‍ ആ പാതകം ഒരു സൃഷ്ടിയും അവന്റെ സ്രഷ്ടാവിനുമിടയിലുള്ളതാണ്. അതിനുള്ള പ്രതിഫലം പരലോകത്ത് നിന്നാണ് ലഭിക്കുക. ഇഹലോകത്ത് നടപ്പാക്കപ്പെടുന്ന ശിക്ഷകള്‍ സൃഷ്ടികളുടെ ഭൗതിക നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ്. ജീവന്റെ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിക്രിയ നിശ്ചയിയിക്കപ്പെട്ടത്. കുടുംബത്തിന്റെ സംരക്ഷണത്തിനാണ് വ്യഭിചാരത്തിന് ശിക്ഷ നിശ്ചയിച്ചത്. സമ്പത്തിന്റെ സംരക്ഷണത്തിനായി മോഷണത്തിന് ശിക്ഷയും, ബുദ്ധിയുടെ സംരക്ഷണത്തിനായി മദ്യപാനത്തിനുള്ള ശിക്ഷയും, അഭിമാനത്തിന്റെ സംരക്ഷണത്തിനായി അപവാദ പ്രചാരണത്തിനുളള ശിക്ഷയും നിശ്ചയിച്ചു. അവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവനാണ്. അയാളില്‍ നിന്നുമുള്ള യുദ്ധത്തെ തടയിടാനാണ് വധശിക്ഷ. അയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള കാരണം എന്താണെന്ന് ക്വുര്‍ആനില്‍ ചിലയിടങ്ങലില്‍ അല്ലാഹു പറയുന്നുണ്ട്: ‘…അഥവാ, അവര്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക…’ (ബക്വറ: 191)

അപ്പോള്‍ വധശിക്ഷ യുദ്ധം കാരണമാണെന്ന് തെളിയുന്നു. എങ്കില്‍ സ്ത്രീ യുദ്ധപ്രകൃതിയില്‍ ഉള്ളവളല്ല എന്നതുകൊണ്ട് അവിശ്വാസിനിയാണെങ്കിലും മതപരിത്യാഗിണിയാണെങ്കിലും വധശിക്ഷ നല്‍കപ്പെടുകയില്ല. (അല്‍ മബ്‌സൂത്ത്: 2/ 110,111)

കേവല മതപരിത്യാഗം കൊണ്ട് മാത്രം ഒരാള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷ നല്‍കുകയില്ല എന്നതിന് ഇനിയും തെളിവുകളുണ്ട്. അവയില്‍ ചിലത് ചുരുക്കി വിവരിക്കട്ടെ:

1. പ്രവാചകന്‍ (സ) അദ്ദേഹത്തിന്റെ അടുക്കലേക്ക് അയക്കപ്പെട്ട സമ്പത്ത് വീതം വെക്കുന്നതില്‍ അനീതി കാണിച്ചുവെന്ന് ആരോപിച്ച ദുല്‍ ഖുവൈസറ പ്രവാചകനോട് ‘അല്ലാഹുവെ ഭയപ്പെടാന്‍’ പറയുകയുണ്ടായി. സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും കാണാം. പ്രവാചകന്റെ നീതിയേയും ഭക്തിയേയും ചോദ്യം ചെയ്ത നിമിഷം അയാള്‍ ആത്മീയമായി, ആശയത്തില്‍ ഇസ്‌ലാമില്‍ നിന്നും പുറത്തായി കഴിഞ്ഞു. അതു കൊണ്ടാണ് അടുത്തു നിന്നിരുന്ന ഖാലിദിബ്‌നു വലീദ് (റ) അയാളെ വധിക്കാന്‍ പ്രവാചകനോട് അനുവാദം ചോദിച്ചത്. വധശിക്ഷ എന്നത് ഭരണകൂടവും നിയമവ്യവസ്ഥയുമാണ് നടപ്പാക്കേണ്ടത്. വ്യക്തിഹിതമനുസരിച്ച് ഓരോരുത്തര്‍ക്കും കയ്യിലെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഇസ്‌ലാമിലെ ശിക്ഷാ നടപടികള്‍ എന്നത് കൊണ്ടാണ് ഖാലിദ് ഇബ്‌നു വലീദ് (റ) പ്രവാചകനോട് (സ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചത്. പക്ഷെ പ്രവാചകന്‍ (സ) അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. കൂട്ടത്തില്‍ അയാളുടെ ഭാവി പ്രവചിക്കുക കൂടി ചെയ്തു. ‘ഇയാളുടെ മുതുകില്‍ നിന്നും ഒരു സമൂഹം (സന്തതികളായി) പുറത്തുവരും. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യും. പക്ഷെ അതവരുടെ തൊണ്ടക്കുഴി വിട്ട് താഴോട്ട് (ഹൃദയങ്ങളിലേക്ക്) ഇറങ്ങില്ല. അമ്പ് ഉരുവെ തുളച്ച് പുറത്തേക്ക് പോകുന്നത് പോലെ അവര്‍ മതത്തില്‍ നിന്ന് പുറത്ത് പോകും. അവര്‍ ഇസ്‌ലാം മതക്കാരെ വധിക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. അവരെ (എന്റെ ജീവിത കാലത്ത്) ഞാന്‍ കണ്ടു മുട്ടിയാല്‍ ആദ് സമൂഹത്തെ നശിപ്പിച്ചത് പോലെ അവരെ ഞാന്‍ കൊന്ന് കളയുക തന്നെ ചെയ്യുമായിരുന്നു’.

ഇവിടെ ദുല്‍ ഖുവൈസറയാകുന്ന മതപരിത്യാഗിയെ പ്രവാചകന്‍ (സ) വെറുതെ വിട്ടു. അതേ സമയം അയാളില്‍ നിന്നും ഭാവിയില്‍ ഉണ്ടാകുന്ന കലാപകാരികളും യുദ്ധക്കാരുമായ മതപരിത്യാഗികളെ വധിക്കണമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നും മതപരിത്യാഗത്തിനല്ല, കലാപ-രാജ്യദ്രോഹ കുറ്റത്തിനാണ് ഇസ്‌ലാമില്‍ വധശിക്ഷ എന്ന് മനസ്സിലാക്കാം.

2. ഹുദൈബിയ സന്ധിയില്‍, മുസ്‌ലിംകളില്‍ നിന്ന് ആരെങ്കിലും മക്കയിലെ ബഹുദൈവാരാധകരിലേക്ക് ‌ചെന്നാല്‍ അവരെ തിരിച്ചയക്കേണ്ടതില്ലെന്നും, അതേ സമയം ബഹുദൈവാരാധകരില്‍ നിന്നും ആരെങ്കിലും മുസ്‌ലിംകളുടെ അടുത്തേക്ക് വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും കരാര്‍ ചെയ്യുകയുണ്ടായി. തദടിസ്ഥാനത്തില്‍ ഉമ്മു ഹകം ബിന്‍ത്ത് അബീ സുഫ്‌യാന്‍, ഫാത്തിമ ബിന്‍ത്ത് അബീ ഉമയ്യ, ബുറൂഅ് ബിന്‍ത്ത് ഉക്വ്ബ, അബ്ദ ബിന്‍ത്ത് അബ്ദുല്‍ ഉസ്സ, ഉമ്മു കുല്‍സൂം ബിന്‍ത്ത് ജര്‍വ്വല്‍, ശഹ്ബ ബിന്‍ത്ത് ഗീലാന്‍ എന്നീ സ്ത്രീകള്‍ മദീനവിട്ട് ഇസ്‌ലാം ഉപേക്ഷിച്ച് മക്കയിലേക്ക് പോകുകയുണ്ടായി എന്ന് ഇമാം ക്വുര്‍ത്തുബി തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ വിവരിക്കുന്നു. (ജാമിഉലി അഹ്കാമില്‍ ക്വുര്‍ആന്‍: സൂറത്തുല്‍ മുംതഹിന 11-ാം വചനത്തിന്റെ വ്യാഖ്യാനം)

‘സത്യനിഷേധികളിലേക്കു പോയ നിങ്ങളുടെ ഭാര്യമാര്‍ക്കു നല്‍കിയ വിവാഹമൂല്യം നിങ്ങള്‍ക്കു തിരിച്ചുകിട്ടാതെ നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങള്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്താല്‍ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ടത് അവര്‍ നല്‍കിയ വിവാഹമൂല്യത്തിനു തുല്യമായ തുക അവര്‍ക്കു നല്‍കുക…’ (മുംതഹിന11)

ക്വുര്‍ആനിലെ ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ മതപരിത്യാഗികളായി നാടുവിട്ട സ്ത്രീകള്‍ക്ക് അവരുടെ മുസ്‌ലിംകളായ ഭര്‍ത്താക്കന്മാര്‍ നല്‍കിയ വിവാഹമൂല്യം നഷ്ടപരിഹാരമെന്നോണം ഗനീമത്ത് സ്വത്തില്‍ നിന്ന് നല്‍കണം എന്ന് ഇബ്‌നു അബ്ബാസ്(റ) വ്യാഖ്യാനിക്കുകയുണ്ടായി. (തഫ്‌സീറു ത്വബ്‌രി)

ഇസ്‌ലാമില്‍ വിശ്വാസ സ്വാതന്ത്ര്യമില്ലായിരുന്നെങ്കില്‍, കേവലമതപരിത്യാഗികള്‍ക്ക് വധശിക്ഷ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു വ്യവസ്ഥക്ക് ഹുദൈബിയയില്‍ പ്രവാചകന്‍ (സ) സമ്മതിക്കുമായിരുന്നോ? ഇസ്‌ലാം ഉപേക്ഷിക്കുകയും വാങ്ങിയ വിവാഹമൂല്യം ഭര്‍ത്താക്കന്മാര്‍ക്ക് തിരിച്ചു നല്‍കാതെ നാട് വിടുകയും ചെയ്ത സ്ത്രീകളെ ക്വുര്‍ആന്‍ ചര്‍ച്ചക്കെടുക്കുന്നു. എന്നിട്ട് ക്വുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നത് അവരുടെ വിവാഹ മൂല്യത്തെ പറ്റിയാണ്. അവര്‍ക്കു നല്‍കേണ്ട ശിക്ഷയെ പറ്റി ഇസ്‌ലാം എവിടെയും ചര്‍ച്ച ചെയ്തില്ല. അവരെ പിടികൂടി ശിക്ഷിക്കുന്നതിനെ പറ്റിയല്ല ക്വുര്‍ആന്‍ പറയുന്നത് അവര്‍ തിരികെ തരേണ്ട ധനം എങ്ങനെ ഈടാക്കണം എന്നതിനെ സംബന്ധിച്ചാണ്. കാരണം, ആദര്‍ശം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ അവര്‍ ഇഷ്ടമുള്ള നിലപാടെടുത്തു കൊള്ളട്ടെ. അത് ഒരു സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള കാര്യമാണ്. എന്നാല്‍ അവര്‍ സ്വീകരിച്ച വിവാഹ മൂല്യം മറ്റൊരാളുടെ സമ്പത്താണ്. അത് സൃഷ്ടികളും സൃഷ്ടികളും തമ്മിലുള്ള ഭൗതിക ബാധ്യതയാണ്. അതുമായി ബന്ധപ്പെട്ട സാമൂഹിക ബാധ്യതയേയും രാഷ്ട്രീയമായി കൈക്കൊള്ളേണ്ട നടപടിയെയും പറ്റി മാത്രമെ ക്വുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുള്ളു.

(അവസാനിച്ചു)

1 Comment

  • ഈ വിഷയത്തിൽ ഉണ്ടായിരുന്ന ചില സംശയ
    ങ്ങൾ പൂർണ്ണമായും ദൂരീകരിക്കപ്പെട്ടു, അൽഹംദുലില്ലാഹ്,

    Abdul Rahiman Manamuly 02.02.2021

Leave a comment

Your email address will not be published.