ഇസ്‌ലാമും ഭീകരതയും തമ്മിലെന്ത്?

//ഇസ്‌ലാമും ഭീകരതയും തമ്മിലെന്ത്?
//ഇസ്‌ലാമും ഭീകരതയും തമ്മിലെന്ത്?
ആനുകാലികം

ഇസ്‌ലാമും ഭീകരതയും തമ്മിലെന്ത്?

കേരളത്തിൽ നടന്ന ദാരുണമായ ഒരു സംഭവവുമായി ബന്ധപ്പെട്ട് ബഹുമാന്യനായ ഒരു മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ച ചർച്ച ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മന്ത്രിയുടെ പ്രസ്‌താവനയുടെ തുടക്കം ഇങ്ങനെയാണ്: “അഭിമന്യു…ഇസ്‌ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്…”

അതിക്രൂരമായ ഒരു സംഭവം നടത്തിയവരെ സമാധാനത്തിന്റെ ആദർശമായ ഇസ്‌ലാമുമായി ബന്ധപ്പെടുത്തി വിളിച്ചത് ഒട്ടും തന്നെ ശരിയായില്ല എന്നാണ് സ്‌നേഹപൂർവം ഉണർത്തുവാനുള്ളത്. എവിടെയും ഏവർക്കും സ്‌നേഹവും സമാധാനവും ലക്ഷ്യമിടുന്ന ഇസ്‌ലാം വെറുപ്പും വിദ്വേഷവും പഠിപ്പിക്കുന്നില്ല. ഭീകരതയും വർഗീയതയുമെല്ലാം ഇസ്‌ലാമിന് തീർത്തും അന്യമാണ്. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദർശനമാണ് ഇസ്‌ലാം. ‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശമാണ് വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നത്. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13). മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന്ന് കറുത്തവനെക്കാളോ കറുത്തവന്ന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രെ.” (ബൈഹഖി ഉദ്ധരിച്ച ഹദീഥ്).

ദേശ-ഭാഷാ-വർണ-വർഗ വ്യത്യാസങ്ങൾക്കെല്ലാമതീതമായുള്ള മാനവികസഹോദര്യമാണ് ഇസ്‌ലാമിക പ്രമാണങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യർ തമ്മിൽ നിരവധി വ്യതിരിക്തതകളുണ്ടെന്നത് ഒരു വസ്തുതയാണ്. അവരുടെ തൊലിയുടെ നിറം വ്യത്യസ്തമായിരിക്കാം, അവർ സംസാരിക്കുന്ന ഭാഷകൾ വ്യത്യസ്തമായിരിക്കാം, അവരുടെ രാജ്യങ്ങൾ വ്യത്യസ്തമായിരിക്കാം, അവരുടെ മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം…എന്നാൽ ഈ വ്യൈജാത്യങ്ങൾക്കെല്ലാമതീതമായി മനുഷ്യർക്കിടയിൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത സാഹോദര്യബോധം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെന്ന ഇസ്‌ലാമികാധ്യാപനം. ഖുർആൻ പറയുന്നത് കാണുക: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍..”(4:1). മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ മാനവകുലത്തോട് സ്വീകരിക്കേണ്ട സഹിഷ്ണുതാമനോഭാവത്തെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ ഏറെ ഉദാത്തമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും ആവശ്യമായ നിയമനിർദേശങ്ങളുൾക്കൊള്ളുന്ന മതമായ ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള സമീപനങ്ങളിൽ നിന്ന് ഇത് സ്പഷ്ടമാണ്.

1. മത കാര്യത്തിൽ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകയോ മുസ്‌ലിംകളെ അവരുടെ സ്വഭവനങ്ങളിൽനിന്ന് ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്ത എല്ലാ അമുസ്‌ലിംകൾക്കും നന്മ ചെയ്യണമെന്നും അവരോട് നീതി പാലിക്കണമെന്നും ഖുർആൻ മുസ്‌ലിംകളെ പഠിപ്പിക്കുന്നു. “മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (ഖുർആൻ 60:8). ഇസ്‌ലാമിക ജീവിതം നയിക്കുന്നതിന്റെ പേരിൽ മുസ്‌ലിംകളെ ദ്രോഹിക്കാത്തവർക്ക് നന്മ ചെയ്യുന്നതും അവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല എന്ന് പ്രതിപാദിച്ച ശേഷം ഖുർആൻ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു -“തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” ഇത്തരം അമുസ്‌ലിം സഹോദരന്മാരോടെല്ലാം നീതിയോടെ വർത്തിക്കുന്നതാണ് അല്ലാഹുവിനിഷ്ടം എന്നർത്ഥം. അവർക്ക് നന്മ ചെയ്യുന്നതും അവർക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടങ്ങൾ തുറന്നുകൊടുക്കുന്നതുമെല്ലാം ഈ നീതിയുടെ ഭാഗമാണ്.

2. ഒരു മനുഷ്യനെ വധിക്കുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണെന്നും ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നുമാണ് ഖുർആൻ വ്യക്തമാക്കുന്നത്. “അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരു മനുഷ്യന്റെ ജീവന്‍ ആരെങ്കിലും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.”(ഖുർആൻ 5:32). നിരപരാധിയായ ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കുന്നതിന്റെ ഗൗരവത്തെയും അവന്റെ ജീവൻ രക്ഷിക്കുന്നതിന്റെ മഹത്വത്തെയും കുറിച്ച് ഇസ്രായേൽ ജനതയ്ക്ക് അല്ലാഹു നൽകിയ നിർദേശം എടുത്തുദ്ധരിച്ചിരിക്കുകയാണ് ഖുർആൻ ഈ സൂക്തത്തിൽ. ‘ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തിയാൽ’ എന്നല്ല, ‘ഒരു മനുഷ്യനെ കൊലപ്പെടുത്തിയാൽ’ എന്നാണ് ഖുർആൻ പറയുന്നത്. തുടർന്ന് ‘ഒരു മനുഷ്യന്റെ ജീവന്‍ ആരെങ്കിലും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു’ എന്ന് പ്രഖ്യാപിക്കുക വഴി ഒരു മനുഷ്യജീവൻ രക്ഷിക്കുന്നതിന്റെ മഹത്വം ഖുർആൻ വ്യക്തമാക്കുന്നു. ഇവിടെയും ‘ഒരു മുസ്‌ലിമിന്റെ ജീവൻ’ എന്നല്ല, ‘ഒരു മനുഷ്യന്റെ ജീവൻ’ എന്നാണ് ഖുർആനിന്റെ പ്രയോഗം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇസ്‌ലാം നൽകുന്ന സവിശേഷമായ സ്ഥാനത്തെക്കുറിച്ച് കൂടി ഈ ഖുർആൻ സൂക്തം പ്രസ്താവിക്കുന്നു.

3. മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കാരുണ്യം ചൊരിയണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മുഹമ്മദ് നബിﷺ പറയുന്നത് കാണുക: “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവൻ (അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും.”(ത്വബ്റാനി)

4. അയൽവാസിയെ പരിഗണിക്കുന്നതിനെക്കുറിച്ച് ധാരാളം നബിവചനങ്ങളുണ്ട്. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷിക്കുന്നവൻ സത്യവിശ്വാസിയല്ല” എന്നാണ് നബിﷺ പറഞ്ഞത് (സ്വഹീഹ്-അൽബാനി). അയൽവാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകൻﷺ പഠിപ്പിച്ചത്.

5. അമുസ്‌ലിം സഹോദരന്റെ ശരീരത്തോടോ ധനത്തോടോ അഭിമാനത്തോടോ അതിക്രമം പ്രവർത്തിക്കാതിരിക്കുക എന്നതും അവന് പ്രയോജനകരമായ കാര്യങ്ങളിൽ ഗുണകാംക്ഷിയായി വർത്തിക്കുക എന്നതുമെല്ലാം ഒരു മുസ്‌ലിമിന് അമുസ്‌ലിമിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്.

6. ഇസ്‌ലാമിക രാഷ്ട്രത്തിന് സായുധപ്രതിരോധം അനുവദിച്ചത് എല്ലാ മതസ്ഥരുടെയും ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യംകൂടി ഉൾക്കൊണ്ടുകൊണ്ടാണെന്ന് ഖുർആൻ വ്യക്തമാക്കുന്നത് കാണുക: “യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.”(ഖുർആൻ 22:40). ശത്രുക്കളുടെ മർദ്ദനങ്ങൾ മൂലം മക്കയിൽ ജീവിതം ദുരിതപൂർണമായപ്പോൾ മുഹമ്മദ് നബിﷺയും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തു. അവിടെ അവർ പടുത്തുയർത്തിയ ഇസ്‌ലാമിക സമൂഹത്തിനും രാഷ്ട്രത്തിനുമെതിരെ ശത്രുക്കൾ തങ്ങളുടെ കടുത്ത അക്രമങ്ങൾ തുടർന്നു. അപ്പോൾ മാത്രമാണ് നബിﷺക്കും അനുയായികൾക്കും തിരിച്ചടിക്കുവാൻ അല്ലാഹുവിൽനിന്ന് അനുവാദം ലഭിച്ചത്. മുസ്‌ലിം പള്ളികൾക്കു പുറമെ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന പ്രഖ്യാപനം വഴി മറ്റു മതസ്ഥർക്ക് മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കണമെന്ന് ഖുർആൻ കൃത്യമായി മുസ്‌ലിംകളെ പഠിപ്പിക്കുന്നു. നജ്‌റാനിലെ ക്രൈസ്തവരുമായി പ്രവാചകനുണ്ടാക്കിയ കരാറില്‍ നമുക്കിങ്ങനെ വായിക്കാം: ‘നജ്‌റാനിലെ ക്രൈസ്തവര്‍ക്കും അവരോടൊപ്പം ജീവിക്കുന്നവര്‍ക്കും അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവക്കും അവരില്‍ സന്നിഹിതരായവര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ നിവേദക സംഘങ്ങള്‍ക്കും കുരിശ്, ക്രൈസ്തവ ദേവാലയം തുടങ്ങിയ മത ചിഹ്‌നങ്ങള്‍ക്കും അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദിന്റെ സംരക്ഷണ ബാധ്യതയുമുണ്ട്. ഇവയുടെ നിലവിലുള്ള അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തുന്നതല്ല. അവരുടെ പുരോഹിതനോ സന്യാസിയോ പരിപാലകനോ തല്‍സഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ അവരുടെ ഏതെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ഏതെങ്കിലും മതചിഹ്‌നങ്ങള്‍ മാറ്റപ്പെടുകയോ ഇല്ല’.(https://qrgo.page.link/sRvRG)

7. അല്ലാഹുവിനെയും അവന്റെ ദൂതനെയും ഏറ്റവുമധികം സ്നേഹിക്കുകയും ഇസ്‌ലാമിക പ്രബോധനത്തിലും മറ്റു സൽക്കർമ്മങ്ങളിലുമെല്ലാം മുന്നേറുകയും ചെയ്യുന്ന സത്യവിശ്വാസികൾ തമ്മിലുള്ള ആദർശ സാഹോദര്യം മറ്റെല്ലാവിധ സാഹോദര്യങ്ങളുടെയും മുകളിലായിരിക്കുമെന്നുറപ്പാണ്. പ്രസ്തുത സാഹോദര്യത്തിന്റെ മഹത്വം വ്യക്തമാക്കുന്ന നിരവധി വചനങ്ങൾ വിശുദ്ധ ഖുർആനിലും ഹദീഥുകളിലുമുണ്ട്. സന്താനങ്ങളോടും ഇണകളോടും മാതാപിതാക്കളോടും സഹോദരങ്ങളോടുമെല്ലാമുള്ള സ്നേഹബന്ധത്തിനു മുകളിലുള്ള ഹൃദയബന്ധമാണത്. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടുള്ള ആത്മബന്ധം. ആദർശത്തിന്റെയടിസ്ഥാനത്തിൽ മാത്രമുണ്ടാവേണ്ട ഈ ആത്മബന്ധം സത്യവിശ്വാസികൾ തമ്മിലാണുണ്ടാകേണ്ടതെന്നും അവിശ്വാസികളോട് അത്തരം ആത്മബന്ധം പുലർത്താൻ പാടില്ലെന്നും ഖുർആൻ ഉണർത്തുന്നുണ്ട്. അമുസ്‌ലിംകളുമായുള്ള സ്നേഹസാഹോദര്യങ്ങളെ ഇതൊരിക്കലും ബാധിക്കുകയില്ല.

8. അമുസ്‌ലിംകളുമായി സൗഹൃദം പുലർത്തുവാൻ ഇസ്‌ലാം മുസ്‌ലിമിനെ അനുവദിക്കുന്നു. ആ സൗഹൃദം വളരെ ആഴത്തിലുമാകാവുന്നതാണ്. എത്രത്തോളമെന്നാൽ, തന്റെ ഒരമുസ്‌ലിം സുഹൃത്തിന് ഒരപകടം സംഭവിച്ചാൽ അതിൽനിന്നവനെ രക്ഷപ്പെടുത്തുന്നതിനായി തന്റെ ജീവൻ ബലിയർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ അതിനുവരെ ഒരു മുസ്‌ലിം സന്നദ്ധമാകുന്ന അവസ്ഥവരെ ആ സൗഹൃദം നീണ്ടുപോകാം. എന്നാൽ, ഏകദൈകവിശ്വാസത്തിനു കളങ്കമേൽപ്പിക്കുന്ന യാതൊരു പ്രവർത്തനത്തിലും ആരുമായും സഹകരിക്കരുതെന്നാണ് ഇസ്‌ലാം മുസ്‌ലിമിനെ ഉണർത്തുന്നത്. സൃഷ്ടിപൂജയുടെ എല്ലാ തലങ്ങളിൽ നിന്നും മുസ്‌ലിം വിട്ടുനിൽക്കേണ്ടതാണ്. വൈയക്തികമോ ഗോത്രപരമോ വർഗീയമോ ആയ വിട്ടുനിൽക്കലല്ല അത്. ഏകദൈവവിശ്വാസത്തിന്റെ പരിരക്ഷയിൽ ഇസ്‌ലാം പുലർത്തുന്ന നിഷ്കർഷയാണത്. ഏകദൈവവിശ്വാസത്തിന് നിസ്സാരപോറലെങ്കിലും ഏൽക്കാൻ സാധ്യതയുള്ള എല്ലാ വഴികളും അത് അടച്ചുകളയുന്നു. സൃഷ്ടിപൂജയിലേക്ക് നയിക്കുന്നതോ സൃഷ്ടിപൂജയുടെ നേരിയ ഗന്ധമെങ്കിലുമുള്ളതോ ആയ സർവ്വകാര്യങ്ങളിൽ നിന്നും ഒരു മുസ്‌ലിം വിട്ടുനിൽക്കേണ്ടതാണെന്ന് ഇസ്‌ലാം ഉൽബോധിപ്പിക്കുന്നു. സ്രഷ്ടാവ് മാത്രമേ ആരാധനകളർഹിക്കുന്നുള്ളു എന്ന തത്ത്വം സ്വജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും അത് സമാധാനത്തിന്റെ രീതിൽ പ്രബോധനം ചെയ്യുകയും ചെയ്യേണ്ടവനാണ് മുസ്‌ലിം.

9. മറ്റു മതസ്ഥരുമായുള്ള സാഹോദര്യത്തിന് അവരുടെ വിശ്വാസമോ കർമമോ ഒന്നും തന്നെ ഒരു മുസ്‌ലിമിന് തടസ്സമാകരുതെന്നാണ് ഖുർആനിന്റെ അധ്യാപനം. ആദ് ജനതയിലേക്ക് അയക്കപ്പെട്ട ഹൂദ് നബി(അ)യെയും ഥമൂദ് ജനതയിലേക്ക് അയക്കപ്പെട്ട സ്വാലിഹ് നബി(അ)യെയും ഖുർആൻ പരിചയപ്പെടുത്തുന്നത് അവർ അയക്കപ്പെട്ട ജനസമൂഹങ്ങളുടെ അഥവാ പ്രസ്തുത അമുസ്‌ലിം സമൂഹങ്ങളുടെ സഹോദരന്മാരായാണ്.

10. അമുസ്‌ലിം സഹോദരന്മാരുമായി മരണം വരെ വളരെ നല്ല ബന്ധം നിലനിർത്തി മാതൃക കാണിച്ച പ്രവാചകനാണ് മുഹമ്മദ് നബി ﷺ. പ്രവാചകൻ ﷺ മരണപ്പെടുന്ന സന്ദർഭത്തിൽ അവിടുത്തെ പടയങ്കി മുപ്പത് സാഅ് ബാർലിക്ക് ഒരു ജൂതന്റെയടുക്കൽ പണയത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രിയ പത്നി ആഇശ (റ) നിവേദനം ചെയ്ത സംഭവം ബുഖാരി എന്ന ആധികാരിക ഹദീഥ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അമുസ്‌ലിംകളുമായി പ്രവാചകൻ ﷺ പുലർത്തിയിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭവങ്ങളിലൊന്നാണിത്. സമാധാനപരമായ രീതിയിൽ ഇസ്‌ലാമിക പ്രബോധനം നിർവഹിക്കുകയും ഇസ്‌ലാമിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയുമെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ അമുസ്‌ലിം സഹോദരന്മാരോട് അങ്ങേയറ്റം സ്നേഹവും സാഹോദര്യവും പുലർത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

11. മോശെയും യേശുവും മുഹമ്മദ് നബിﷺയുമുൾപ്പെടെ, അല്ലാഹുവിനാൽ നിയുക്തരായ എല്ലാ പ്രവാചകന്മാരെയും ആദരിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഇക്കാര്യം പ്രതിപാദിക്കുന്ന വിശുദ്ധ വാക്യം കാണുക: “നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ (മോശെ), ഈസാ (യേശു) എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.” (ഖുർആൻ 2:136). അല്ലാഹുവിനാൽ അയക്കപ്പെട്ട മഹോന്നതരായ പ്രവാചകന്മായിട്ടാണ് യേശുവിനെയും മോശെയെയുമെല്ലാം ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മോശെയെയോ യേശുവിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബി ﷺ. യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. മോശെയുടെയോ യേശുവിന്റെയോ മറ്റു പ്രവാചകന്മാരുടെയോ നാമം കേൾക്കുമ്പോൾ അലൈഹിസ്സലാം (അവരിൽ സമാധാനം ഭവിക്കട്ടെ) എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം. മത വിഭാഗീയതകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ഈ വിശാലവീക്ഷണത്തിന്റെ പ്രസക്തി വലുതാണ്.

12. അമുസ്‌ലിം സഹോദരന്മാർക്ക് ഇസ്‌ലാമിക സന്ദേശമെത്തിച്ചു കൊടുക്കണമെന്ന് ഖുർആൻ മുസ്‌ലിംകളെ ഉണർത്തുന്നു. ഇസ്‌ലാമിക പ്രബോധനം അമുസ്‌ലിം സഹോദരന്മാരോടുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഗംകൂടിയാണ്. സ്രഷ്ടാവ് മാത്രമാണ് ആരാധനയ്ക്കർഹനെന്നും മനുഷ്യരടക്കമുള്ള സർവ്വചരാചരങ്ങളും അവന്റെ സൃഷ്ടികളാണെന്നുമുള്ള ഇസ്‌ലാമിന്റെ സന്ദേശങ്ങളാണ് സുപ്രധാനമായും പ്രബോധനം ചെയ്യുവാനുള്ളത്. സൃഷ്ടിപൂജ മഹാപാതകമാണെന്ന വസ്തുത ഇസ്‌ലാമിക പ്രബോധകർ വ്യക്തമാക്കുകയും അതുവഴി സ്വർഗത്തിലേക്കുള്ള പാതയേതെന്ന് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. യുക്തിപൂർവവും ഏറ്റവും നല്ല രൂപത്തിലുമായിരിക്കണം ഇസ്‌ലാമിക പ്രബോധനമെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. പ്രബോധിത സമൂഹത്തോടുള്ള ആത്മാർത്ഥമായ സ്നേഹമാണ് ഇസ്‌ലാമിക പ്രബോധനം യഥാർത്ഥ രൂപത്തിൽ നിർവഹിക്കപ്പെടുകവഴി സഫലീകരിക്കപ്പെടുന്നതെന്നർത്ഥം.

13. ഇസ്‌ലാമിക പ്രബോധനത്തെക്കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം തന്നെ, ഇസ്‌ലാം സ്വീകരിക്കുന്നതിന് ആരെയും നിർബന്ധിക്കരുതെന്നതും ഖുർആനിന്റെ നിർദേശമാണ്. കൃത്യമായ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതാണിസ്‌ലാം. അതിനാൽ നിർബന്ധിത മതപരിവർത്തനമെന്നത് ഇസ്‌ലാം ഒരു വിധത്തിലും അംഗീകരിക്കുന്നില്ല. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയെന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ഖുര്‍ആനിന്റെ വീക്ഷണം. “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ഖുർആൻ 2: 256)

14. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയോടെയാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യർ ജനിക്കുന്നത് പാപികളായിട്ടാണെന്നാണ് പല മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങളും പഠിപ്പിക്കുന്നത്. എന്നാൽ ദൈവികമതമായ ഇസ്‌ലാം ഇതിനെ നിരാകരിക്കുന്നു. ഓരോ ശിശുവും ശുദ്ധപ്രകൃതിയോടെയാണ് ജനിക്കുന്നതെന്നും പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ മറ്റോ ആക്കി മാറ്റുന്നതെന്നുമാണ് നബി ﷺ പഠിപ്പിച്ചത്. (ബുഖാരി ഉദ്ധരിച്ച ഹദീഥ്). ജന്മത്തിന്റെയടിസ്ഥാനത്തിലല്ല; കർമത്തിന്റെയടിസ്ഥാനത്തിലാണ് മനുഷ്യർ ഉന്നതരും അധമരുമായിത്തീരുന്നതെന്ന് ഇസ്‌ലാം ഊന്നിപ്പറയുന്നു. ഒരു ഖുർആൻ വചനം കാണുക: “വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബിഉകളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.”(2:62). സ്വർഗാവകാശികൾ തങ്ങൾ മാത്രമാണെന്ന യഹൂദരുടെയും ക്രൈസ്തവരുടെയും വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഈ വചനം അവതരിച്ചത്. മോക്ഷത്തിന്റെയും വിജയത്തിന്റെയും മാനദണ്ഡം സാമുദായികതയല്ല; സത്യവിശ്വാസവും സൽക്കർമ്മവുമാണ് എന്നർത്ഥം (http://malayalamqurantafsir.com/).

15. ഇസ്‌ലാം ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ദൈവത്തെ ആരാധിക്കണമെന്നല്ല പറയുന്നത്. ഖുർആനിന്റെ അധ്യാപനം കാണുക: “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.” (2:21). മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല; കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദ് നബിﷺയെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന മഹോന്നതമായ തത്ത്വത്തിലേക്കാണ് ഖുർആൻ മാനവകുലത്തെ ക്ഷണിക്കുന്നത്. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണങ്ങളിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്.

16. ഏകദൈവവിശ്വാസത്തിലധിഷ്‌ഠിതമായ മതമാണിസ്‌ലാം. സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നു. മനുഷ്യർ ഒരു സമൂഹമാണെന്നും അല്ലാഹുവാണ് അവരുടെ രക്ഷിതാവെന്നും പഠിപ്പിക്കുന്ന ഖുർആൻ ജാതീയതയുടെയും വംശീയതയുടേയുമെല്ലാം ചങ്ങലക്കെട്ടുകളെ തകർക്കുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനുമെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും, ഒരേ ആദിമാതാപിതാക്കളിൽ നിന്നുള്ളവരാണെന്നും മനസിലാക്കുന്ന ഒരു മുസ്‌ലിമിൽ ഇത്തരം ചങ്ങലക്കെട്ടുകൾക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ല.

വർണം, വർഗം, ഭാഷ, ദേശം തുടങ്ങിയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി മനുഷ്യർക്കിടയിൽ പക്ഷപാതിത്വങ്ങൾ കൽപിക്കപ്പെടുന്ന പതിവ് പൗരാണികജനതകളിൽപോലും നടപ്പിലുണ്ടായിരുന്നു. ഇന്നും ഇതിന്റെ പല ഭവിഷ്യത്തുകളും ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുമതവിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ‘ഉന്നതകുലജാതരെ’യപേക്ഷിച്ച് മറ്റെല്ലാ മനുഷ്യരെയും നീചരായി കണക്കാക്കി. ശൂദ്രർ നിന്ദ്യതയുടെ പ്രതീകമായി മാറി. വർണവിവേചനങ്ങൾ മൂലം അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം കറുത്ത വർഗക്കാർ അനുഭവിച്ച യാതനകൾ ഇന്നും ചരിത്രത്താളുകളിൽ മായാതെ നിലകൊള്ളുന്നു. ഇത്തരം വിഭാഗീയതകൾക്കെതിരെയെല്ലാം ശക്തമായി ശബ്ദമുർത്തിയതോടൊപ്പംതന്നെ സമത്വസുന്ദരമായ ഒരു ജനതയെ സൃഷ്ടിച്ച് കാണിച്ചുതരികകൂടി ചെയ്തു ഇസ്‌ലാം. കറുത്തവനും വെളുത്തവനും മുതലാളിയും തൊഴിലാളിയും രാജാവും പ്രജയുമെല്ലാം അല്ലാഹുവിന് മുന്നിൽ തുല്യരാണ്‌ എന്ന സന്ദേശം അഞ്ചു നേരത്തെ നമസ്കാരങ്ങളുൾപ്പെടെയുള്ള ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങൾ തന്നെ ലോകത്തോട് വിളിച്ചുപറയുന്നു. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വസാഹോദര്യത്തിന്റെ പ്രകാശത്തിലേക്ക് മടങ്ങുകയാണ് വിഭാഗീയ ചിന്തകളെയെല്ലാം ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

print

No comments yet.

Leave a comment

Your email address will not be published.