തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

മതപരിത്യാഗിയും വധശിക്ഷയും -3

തപരിത്യാഗിക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷനല്‍കുന്നതുമായി ബന്ധപ്പെട്ടു വന്ന പ്രവാചക വചനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മൂന്ന് കാരണങ്ങളാലാണ് ഒരു മുസ്‌ലിം കൊല്ലപ്പെടുകയെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അതില്‍ ഒന്നാമതായി എണ്ണിയത് കൊലപാതകിയെയും രണ്ടാമതായി വിവാഹിതനായ വ്യഭിചാരിയെയുമാണ്. മൂന്നാമതായി മതപരിത്യാഗിയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) ഉപയോഗിച്ച വാക്കുകള്‍ ഇപ്രകാരമാണ്:

والتَّارِك لِدِينِهِ الْمُفَارِق لِلْجَمَاعَةِ

‘തന്റെ മതത്തെ ഉപേക്ഷിച്ചവന്‍, സമൂഹത്തെ വിട്ടെറിഞ്ഞു പോയവന്‍’ (ബുഖാരി:6878, മുസ്‌ലിം:1676)

മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:

ورَجُلٌ يَخْرُجُ مِنَ الْإِسْلَامِ فَيُحَارِبُ اللَّهَ ورَسُولَه، فَيُقْتَلُ، أو يُصْلَبُ، أو يُنْفَى مِنَ الْأَرْضِ

‘ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും അങ്ങനെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ചെയ്ത ഒരാള്‍, അയാള്‍ കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്യും.’ (നസാഈ:3700)

ഇസ്‌ലാം മതത്തെ ഉപേക്ഷിക്കുക എന്ന വിശേഷണത്തോടൊപ്പം ‘സമൂഹത്തെ കയ്യൊഴിയുക’ എന്ന സാമൂഹിക വഞ്ചനയെയും, ‘അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുക’ എന്ന യുദ്ധ കുറ്റത്തെയും ചേര്‍ത്തു കൊണ്ടാണ് രണ്ടു ഹദീസുകളിലും ‘രിദ്ദത്ത്’ അഥവാ മതപരിത്യാഗത്തെ സംബന്ധിച്ച് വന്നിരിക്കുന്നത് എന്നു നാം കണ്ടു. അപ്പോള്‍ മതപരിത്യാഗം രണ്ടു വിധമായി നമുക്ക് മനസ്സിലാക്കാം. ഒന്ന് കേവല മതപരിത്യാഗമാണ്. ഇതിനെ അറബിയില്‍ ‘രിദ്ദത്തുല്‍ മുജര്‍റദ’ (الردة المجردة) എന്ന് വിളിക്കുന്നു. കേവല ആദര്‍ശമാറ്റം മാത്രമാണ് ഇവിടെ നടക്കുന്നത്. ഇനി മതപരിത്യാഗത്തോടൊപ്പം സാമൂഹിക വഞ്ചന, യുദ്ധ താന്ത്രികത്വം, കലാപ പങ്കാളിത്തം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി ചേര്‍ന്നു വന്നാല്‍ അത്തരം മതപരിത്യാഗത്തെ ‘രിദ്ദതുല്‍ മുഗല്ലള’ (الردة المغلظة) എന്നാണ് പണ്ഡിതലോകം പരിചയപ്പെടുത്തുന്നത്. ഈ രണ്ടു തരം മതപരിത്യാഗവും ഒരു പോലെയല്ല എന്നതില്‍ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം യോജിക്കുന്നു. കടുത്ത മതപരിത്യാഗിയെയാണ് ഒരു ഇസ്‌ലാമിക രാഷ്ട്രം വധശിക്ഷനല്‍കുന്നതിന് അര്‍ഹനായി കാണുന്നത്.
(‘ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും അങ്ങനെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ചെയ്ത ഒരാള്‍, അയാള്‍ കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്യും.’ (നസാഈ:3700) എന്ന ഹദീസിൽ ഇസ്‌ലാം ഉപേക്ഷിച്ചവരിൽ ചിലരെ നാടുകടത്താൻ മാത്രമാണ് വിധിച്ചിരിക്കുന്നത് എന്നതിൽ നിന്ന് തന്നെ എല്ലാ മതപരിത്യാഗികളും സമരല്ല എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു എന്ന് സാന്ദർഭികമായി ഉണർത്തട്ടെ)

പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും വധശിക്ഷ നല്‍കിയവരെല്ലാം ഈ വിഭാഗത്തില്‍ പെട്ടവരായിരുന്നുവെന്ന് അവരുടെ ചരിത്രം നമുക്ക് നല്‍കുന്ന എഫ്. ഐ. ആര്‍ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രവാചകാനുചരന്‍ അബൂബക്കറിന്റെ(റ) ഭരണകാലത്ത് നടന്ന ‘ഹുറൂബു രിദ്ദ’ അഥവാ മതപരിത്യാഗികളോടുള്ള യുദ്ധങ്ങള്‍, അലിയുടെ(റ) കാലഘട്ടത്തില്‍ നടന്ന മുര്‍ത്തദ്ദുകളോടുള്ള യുദ്ധവും ഉദാഹരണം. പ്രസ്തുത മതപരിത്യാഗികളെല്ലം കലാപകാരികളൊ, രാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയവരൊ, ഭരണകൂടത്തെ വെല്ലുവിളിച്ച് സംഘടിച്ചവരൊ ആയിരുന്നു. ഇവര്‍ കേവല വിശ്വാസത്യാഗികളല്ലായിരുന്നുവെന്ന് ചരിത്ര റിപ്പോര്‍ട്ടുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. മതപരിത്യാഗികള്‍ എന്നല്ല യഥാര്‍ത്ഥത്തില്‍ ഇവരെ വിളിക്കേണ്ടത് ‘കലാപകാരികള്‍’ എന്നാണ്.

ഇമാം ബുഖാരിയും (1/69) ഇമാം മുസ്‌ലിമും (/101) തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിച്ച ഒരു ഹദീസ് ചില കുബുദ്ധികള്‍ സാധാരണയായി വിമര്‍ശന വിധേയമാക്കാറുണ്ട്.

പ്രവാചക ശിഷ്യന്‍ അനസ് ബിന്‍ മാലിക് (റ) ഉദ്ധരിക്കുന്ന സംഭവം ഇങ്ങനെ ചുരുക്കാം: ഉറൈനയില്‍ നിന്നുള്ള ചില ആളുകള്‍ പ്രവാചകന്റെ അടുത്തു വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. മദീനയില്‍ താമസിച്ച അവര്‍ അവിടുത്ത കാലാവസ്ഥയോട് ഇണങ്ങിയില്ല, അവര്‍ രോഗബാധിതരായി. പ്രവാചകന്‍ (സ) അവരോട് ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യുക വഴി അവരുടെ രോഗം ശമിച്ചുവെങ്കിലും ഇസ്‌ലാമും മദീനയിലെ ജീവിതവും അവര്‍ക്ക് മതിയായി. അവര്‍ ഇസ്‌ലാം ഉപേക്ഷിക്കുകയും തങ്ങള്‍ക്ക് ഒട്ടകത്തിന്റെ പാല്‍ കറന്നു നല്‍കിയ ഇടയന്മാരെ വധിച്ച് ഒട്ടകങ്ങളുമായി നാട് വിടുകയും ചെയ്തു. അപ്പോള്‍ അവരെ അന്വേഷിച്ച് കണ്ടെത്താന്‍ പ്രവാചകന്‍ (സ) തന്റെ അനുചരന്മാരെ നിയോഗിച്ചു. അവര്‍ മുര്‍ത്തദ്ദുകളെ പിടികൂടുകയും കൈ കാലുകള്‍ ഛേദിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും മരിക്കാനായി ഉപേക്ഷിക്കുകയും ചെയ്തു…

ഇത്ര മാത്രമെ വിമര്‍ശകര്‍ സാധാരണഗതിയില്‍ ഉദ്ധരിക്കാറുള്ളു. എന്നാല്‍ അനസ് (റ) തുടര്‍ന്നു പറയുന്നത് കൂടി ഉദ്ധരിക്കുമ്പോളെ സംഭവത്തിന്റെ പൂര്‍ണ്ണ ചിത്രം നമുക്ക് വ്യക്തമാവു. അനസ് (റ) പറയൂന്നു:

إنما سمّل النبي صلى الله عليه وسلم أعين أولئك لأنهم سملوا أعين الرعاة

‘പ്രവാചകന്‍ (സ) അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ കാരണം അവര്‍ ആ ഇടയന്മാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു എന്നത് മാത്രമാണ്’. (സ്വഹീഹു മുസ്‌ലിം:1671)

സംഭത്തെ തുടന്ന് ഒരു ക്വുര്‍ആന്‍ വചനം അവതരിപ്പിക്കപ്പെടുകയും ചെയ്തു: ‘അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്….’ (മാഇദ:33)

‘അബൂ കിലാബ പറയുന്നു: അവര്‍ കൊള്ളയടിക്കുകയും, കൊല്ലുകയും അല്ലാഹുവോടും ആവന്റെ ദൂതനോടും യുദ്ധം ചെയ്യുകയുമുണ്ടായി.’ (സ്വഹീഹുല്‍ ബുഖാരി)

ഉറൈനക്കാര്‍ കേവല മതപരിത്യാഗികള്‍ അല്ലെന്ന് ഹദീസിന്റെ പൂര്‍ണരൂപത്തില്‍ നിന്നും ഏതൊരു നിഷ്പക്ഷമതിക്കും മനസ്സിലാക്കാം. ഇസ്‌ലാം മതം ഉപേക്ഷിക്കുന്നതോടൊപ്പം നിരപരാധികളായ ഇടയന്മാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും അവരെ വധിക്കുകയും ചെയ്ത്, രാഷ്ട്രത്തിന്റെ പൊതുമുതലായ ഒട്ടകങ്ങളെ കൊള്ളയടിക്കുകയും ചെയ്തവരാണിവര്‍. ഇവരെ മതപരിത്യാഗികള്‍ എന്ന് മാത്രം വിളിച്ച് എങ്ങനെ മതിയാക്കും?! ഇവര്‍ യഥാർത്ഥത്തില്‍ കലാപകാരികളാണ്. ക്വുര്‍ആന്‍ സൂചിപ്പിച്ചത് പോലെ ‘അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്’ ഇക്കൂട്ടര്‍. ഇത്തരം കടുത്ത മതപരിത്യാഗത്തിനാണ് പ്രവാചകന്‍ (സ) വധശിക്ഷ വിധിച്ചത്.

അതേസമയം സമാനമായ മറ്റൊരു സംഭവത്തില്‍ പ്രവാചകന്‍ (സ) കൈകൊണ്ട വ്യത്യസ്തമായ നിലപാട് ഇവിടെ കുറിക്കാം. അതു കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കേവല ആദര്‍ശമാറ്റത്തെ പ്രവാചകന്‍ (സ) വധശിക്ഷക്ക് അര്‍ഹമായി കണ്ടിട്ടില്ല എന്ന് വ്യക്തമാകുന്നു…

ഹദീസിന്റെ ആശയം ഇതാണ്: (ഒരിക്കല്‍) ഒരു ഗ്രാമീണനായ അറബി പ്രവാചകനോട് (ഇസ്‌ലാം സ്വീകരണം) ബൈഅത്ത് (ഉടമ്പടി) ചെയ്തു. സ്വഹീഹുല്‍ ബുഖാരിയിലെ നിവേദനത്തില്‍ ‘പ്രവാചകന്‍ (സ) അദ്ദേഹത്തോട് ഇസ്‌ലാമിന്റെ മേല്‍ ബൈഅത്ത് ചെയ്തു’
(فَبَايَعَهُ عَلَى الْإِسْلَامِ)
എന്ന് വ്യക്തമായി തന്നെ വന്നിരിക്കുന്നു. (സ്വഹീഹുല്‍ ബുഖാരി: 1784) മദീനയിലെ താമസം ആ ഗ്രാമീണ അറബിക്ക് അസുഖം വരുത്തി. അപ്പോള്‍ അയാള്‍ പ്രവാചകന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: ‘മുഹമ്മദേ, എന്റെ ഉടമ്പടി എനിക്ക് ഒഴിവാക്കി തരിക’. പ്രവാചകന്‍ (സ) അതിന് വിസമ്മതിച്ചു. അയാളുടെ ഇഹപര ജീവിതങ്ങളുടെ നന്മ ഇസ്‌ലാം ആണെന്നത് കൊണ്ടും, അപരിഷ്‌കൃതനായ അയാള്‍ക്ക് അയാളുടെ തന്നെ നന്മയെന്താണെന്ന് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയാത്ത വിധം രോഗത്തെ സമ്പന്ധിച്ച അക്ഷമയും മനസ്സിലാക്കിയാണ് പ്രവാചകന്‍ (സ) അയാളുടെ ആവശ്യത്തോട് വിസമ്മതിച്ചത്.

നിമിഷാര്‍ദ്ധം കൊണ്ട് അവസാനിക്കാവുന്ന ഒരു രോഗം മൂലമുള്ള ക്ഷിപ്രവികാരത്തില്‍ അധിഷ്ഠിതമായാണ് അയാളുടെ ഈ മതം മാറ്റം എന്ന് ഓര്‍ക്കണം. അതിനാല്‍ ഒരുവട്ടം തിരിച്ചയച്ചാല്‍ അയാള്‍ അയാളുടെ ക്ഷിപ്രവികാരത്തില്‍ നിന്നും സ്വബോധത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രവാചകന്‍ (സ) ചിന്തിച്ചിരിക്കാം. പക്ഷെ രണ്ടാം തവണയും അയാള്‍ പ്രവാചകന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: ‘മുഹമ്മദേ, എന്റെ ഉടമ്പടി എനിക്ക് ഒഴിവാക്കി തരിക’. പ്രവാചകന്‍ അതിന് വിസമ്മതിച്ചു. ശേഷം വീണ്ടും പ്രവാചകന്റെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: ‘മുഹമ്മദേ, എന്റെ ഉടമ്പടി എനിക്ക് ഒഴിവാക്കി തരിക’. പ്രവാചകന്‍ അതിന് വിസമ്മതിച്ചു. (ഇത്തവണ) ആ ഗ്രാമീണ അറബി നാട് വിട്ട് പോയി. അപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘മദീന ഉലപോലെയാണ്, മാലിന്യങ്ങളെ അതു പുറംതള്ളുന്നു.’ ( സ്വഹീഹു മുസ്‌ലിം:1383)

ഇസ്‌ലാം സ്വീകരണം ആയിരുന്നു പ്രവാചകനോട് അയാള്‍ ഉടമ്പടി ചെയ്തത്. അത് ഒഴിവാക്കി തരാനാണ് ‘അഅ്‌റാബി’ (ഗ്രാമീണനായ അറബി) ആവശ്യപ്പെട്ടത്. അതിന് പ്രവാചകന്‍ വിസമ്മതിക്കാന്‍ കാരണം ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാനാണ് അയാള്‍ സമ്മതം ചോദിക്കുന്നത് എന്നത് കൊണ്ടും രോഗത്തെ സംബന്ധിച്ച അക്ഷമയും വൈകാരികതയുമാണ് അയാളെ ഇതിന് പ്രേരിപ്പിക്കുന്നത് എന്നതും മനസ്സിലാക്കിക്കൊണ്ടാണ്. ഇത് ഹദീസിന് വിശദീകരണം രചിച്ച ഒട്ടുമിക്ക പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നു മാത്രമല്ല ഖാളി ഇയാദ് (റ) ഇപ്രകാരം വിശദീകരിക്കുക കൂടി ചെയ്തു:

‘അഅ്‌റാബിയുടെ ബൈഅത്ത്, മക്കാ വിജയ സംഭവത്തിനു ശേഷം, (മദീനയില്‍) പ്രവാചക സന്നിധിയിലേക്കുള്ള ഹിജ്‌റ (പാലായനം) അവസാനിച്ചതിനു ശേഷമാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അയാള്‍ ബൈഅത്ത് ചെയ്തത് ഇസ്‌ലാമാശ്ലേഷണം മാത്രമായിരുന്നു. അപ്പോള്‍ ഇസ്‌ലാം സ്വീകരണമാകുന്ന ഉടമ്പടിയില്‍ നിന്നും ഒഴിവാക്കി തരാനാണ് അയാള്‍ ആവശ്യപ്പെട്ടത്, അതാണ് പ്രവാചകന്‍ ഉടമ്പടി ഒഴിവാക്കാതിരുന്നതും.’ (ശര്‍ഹു മുസ്‌ലിം: 9/156, തുഹ്ഫതുല്‍ അഹ്‌വദി:10/289)

മദീന വിട്ട് പോകുന്നതിന് സമ്മതം ചോദിക്കുകയല്ല അഅ്‌റാബി ചെയ്തത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അഅ്‌റാബിയെ തേടിപ്പിടിക്കാനൊ വധിക്കാനൊ പ്രവാചകന്‍ (സ) ഒരു ദൗത്യ സംഘത്തെ നിയോഗിച്ചില്ല. മറിച്ച് അയാളുടെ പോക്കില്‍ ആശ്വാസം പ്രകടിപ്പിക്കുകയാണുണ്ടായത്.

ഉറൈനക്കാരെ പിടിക്കൂടാനും വധിക്കാനും പ്രവാചകന്‍ (സ) ആളെ നിയോഗിച്ചപ്പോള്‍ അഅ്‌റാബിയെ അയാളുടെ പാട്ടിനു വിട്ടു. ഈ വ്യത്യസ്തമായ രണ്ട് നിലപാടുകള്‍ എന്താണ് സൂചിപ്പിക്കുന്നത്? സംശയലേശമന്യെ പ്രവാചകന്‍ (സ) ഇരു മതപരിത്യാഗികളെയും വ്യത്യസ്തമായാണ് പരിഗണിച്ചത് എന്ന് ഈ രണ്ട് സംഭവങ്ങള്‍ തെളിയിക്കുന്നു. അഅ്‌റാബിയുടെ മതപരിത്യാഗം അയാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. അയാളുടെ സത്യനിഷേധമാകുന്ന മഹാപാതകത്തിനുള്ള ‘പ്രതിഫലം’ പരലോകത്തു നിന്നാണ് ലഭിക്കുക. അതേ സമയം ഉറൈനക്കാരുടെ മതപരിത്യാഗത്തിനൊപ്പം കലാപം, യുദ്ധം, ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കല്‍ എന്നിവ ചേര്‍ന്നു വരുന്നു. ഈ കുറ്റ കൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഇഹലോകത്ത് നിന്ന് തന്നെ നടപ്പാക്കേണ്ട സ്വഭാവത്തിലുള്ളതാണ്.

ഹാത്വിബ് ഇബ്‌നു ബല്‍ത്തഗയുടെ കത്തുമായി മക്കയിലേക്ക് പോയ സാറ, മിക്‌യസിബ്‌നു സ്വുബാബ, അബ്ദുല്ലാഹിബ്‌നു ഖത്വല്‍ തുടങ്ങിയ മതപരിത്യാഗികള്‍ക്ക് വധശിക്ഷ നല്‍കിയതിന് പിന്നിലും ഇത്തരം കാരണങ്ങള്‍ കാണാം.

അബ്ദുല്ലാഹിബ്‌നു ഖത്വല്‍ മുസ്‌ലിമായപ്പോള്‍ പ്രവാചകന്‍ (സ) അദ്ദേഹത്തെ സക്കാത്ത് ശേഖരണ ചുമതല ഏൽപിക്കുകയുണ്ടായി. അദ്ദേഹത്തെയും അന്‍സ്വാരികളില്‍പെട്ട മറ്റൊരാളെയും ശേഖരണത്തിനായി നിയോഗിച്ചു. അബ്ദുല്ലാഹിബ്‌നു ഖത്വലിന്റെ കൂടെ ഒരു ഭൃത്യനുണ്ടായിരുന്നു. ഭൃത്യനോട് ഭക്ഷണം പാകം ചെയ്യാന്‍ പറഞ്ഞ് ഇബ്‌നു ഖത്വല്‍ ഉറങ്ങി. ഉണര്‍ന്നപ്പോഴും ഭക്ഷണം തയ്യാറാകാതിരുന്നതില്‍ കോപിഷ്ഠനായി അയാള്‍ ഭൃത്യനെ വധിക്കുകയും, ഇസ്‌ലാം ഉപേക്ഷിക്കുകയും നാടു വിടുകയും ചെയ്തു. അതു കൊണ്ടാണ് ഇബ്‌നു ഖത്വലിനെ വധിക്കാന്‍ പ്രവാചകന്‍ (സ) ഉത്തരവിറക്കിയത്. ഇമാം ഇബ്‌നു അബ്ദുല്‍ ബര്‍റ് തന്റെ അല്‍ ഇസ്തിദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ ഈ ചരിത്രം വിശതമായി പ്രതിബാധിക്കുന്നുണ്ട്.

മിക്‌യസിബ്‌നു സ്വുബാബയുടെ കഥയും സമാനമാണ്. ഇബ്‌നു ഇസ്ഹാഖ് തന്റെ ചരിത്ര ഗ്രന്ഥത്തില്‍ വിവരിച്ചതിന്റെ ചുരുക്കം ഇതാണ്: മിക്‌യസിബ്‌നു സ്വുബാബയുടെ സഹോദരന്‍ അബദ്ധത്തില്‍ വധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പ്രായശ്ചിത്തം ആവശ്യപ്പെട്ട്, താന്‍ മുസ്‌ലിമാണെന്ന നാട്യത്തില്‍ മിക്‌യസ് മദീനയിലേക്ക് വന്നു. അവസരം കിട്ടിയപ്പോള്‍ അയാള്‍ തന്റെ സഹോദരനെ വധിച്ചുവെന്ന് കരുതപ്പെടുന്ന വ്യക്തിയെ വധിക്കുകയും ഇസ്‌ലാം ഉപേക്ഷിച്ച് മക്കയിലേക്ക് മടങ്ങുകയും ചെയ്തു.

ഇനി സാറയാകട്ടെ മുസ്‌ലിംകളുടെ സൈനികരഹസ്യം മക്കകാര്‍ക്ക് ചോര്‍ത്തി കൊടുക്കാനുള്ള യാത്രക്കിടയിലാണ് പിടിക്കപ്പെടുന്നത്. അതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ടത് എന്ന് ബലാദുരി തന്റെ അന്‍സാബുല്‍ അശ്‌റാഫ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

ഇതൊക്കെയാണ് പ്രവാചകന്റെ (സ) കല്‍പ്പനയാല്‍ വധിക്കപ്പെട്ട മുര്‍ത്തദ്ദുകളുടെ അവസ്ഥ.! അവരാരും യഥാർത്ഥത്തില്‍ മതപരിത്യാഗികളായത് കൊണ്ടല്ല ശിക്ഷിക്കപ്പെട്ടത്. മറിച്ച് കൊലപാതകവും രാജ്യദ്രോഹവും കൊണ്ടാണ്.

അലി (റ) വധിച്ച ഈജിപ്തുകാരായ മുര്‍ത്തദ്ദുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. സൂര്യനേയും ചന്ദ്രനേയും സംഘമായി ആരാധിക്കുന്നതോടൊപ്പം മുസ്‌ലിംകളുടെ സംഘടിത നമസ്‌കാരത്തില്‍ പങ്കെടുത്ത്, അവര്‍ക്കു മാത്രമായി നല്‍കപ്പെടുന്ന മുതലുകളും സക്കാത്തും സമ്മാനങ്ങളും എല്ലാം അനര്‍ഹമായി അവര്‍ കൈപ്പറ്റി കൊണ്ടിരുന്നു. ഈ സാമൂഹിക വഞ്ചനക്കും പകല്‍കൊള്ളക്കുമുള്ള ശിക്ഷയായിരുന്നു വധം. ഇമാം ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫില്‍ ഇത് വ്യക്തമാക്കുന്നുണ്ട് (6/587) അതേ സമയം അവരില്‍ നിന്നും സൂര്യനെയും ചന്ദ്രനേയും ആരാധിക്കുകയും തങ്ങള്‍ ബഹുദൈവാരാധകരാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരെ വെറുതെ വിടാന്‍ അലി (റ) പ്രത്യേകം കല്‍പ്പിക്കുന്നുണ്ട് എന്നത് ഇതിനെ സത്യപ്പെടുത്തുന്നു. (ഇമാം ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫില്‍: 6/587)

പ്രവാചകാനുചരന്മാര്‍ വധശിക്ഷ നല്‍കിയ മുര്‍ത്തദ്ദുകളും ഒന്നാംകിട കലാപകാരികളും രാഷ്ട്രത്തിനെതിരെ വിപ്ലവത്തിന്റെ കാഹളം മുഴക്കിയവരും ആയിരുന്നു എന്നതിന് തെളിവുകള്‍ ഏറെയുണ്ട്.

അസദ്, ഗത്ഫാന്‍, ബനൂ തമീം, ബനൂ ഹനീഫ, കിന്‍ദ, മുദ്ഹജ് തുടങ്ങി അബൂബക്കറിന്റെ(റ) ഭരണകാലഘട്ടത്തില്‍ മുര്‍ത്തദ്ദുകളായ ഗോത്രങ്ങള്‍ സകലവും കലാപകാരികള്‍ ആയിരുന്നു. അവയില്‍ ചിലത് സ്വന്തമായി വ്യാജ പ്രവാചകരെ വരെ നിശ്ചയിക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തിനുള്ളില്‍ തന്നെ സ്വതന്ത്ര ഭരണത്തിനായി ശ്രമിക്കുകയും ചെയ്തവരാണ്. അവരില്‍ ഭൂരിഭാഗവും രാഷ്ട്രത്തിനെതിരെ സൈനിക സജ്ജരായിരുന്നു. അവരില്‍ ചിലര്‍ സക്കാത്ത് നിഷേധിച്ചു. ആത്മീയ മാനം കണക്കിലെടുക്കുമ്പോള്‍ സക്കാത്ത് ആധുനിക ടാക്‌സിനേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാം. അവരെല്ലാവരും തന്നെ തങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മുസ്‌ലിംകളെ അരുംകൊലക്ക് വിധേയമാക്കിയിരുന്നു എന്ന് കൂടി നാം തിരിച്ചറിയണം. (ഇവരുടെ ചരിത്രം വിശദമായി ഹുക്ബതുന്‍ മിന താരീഖ് (പേജ്:5562) എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്)

നഹര്‍വാന്‍ യുദ്ധത്തില്‍ അലി (റ) ഏറ്റുമുട്ടിയ മുര്‍ത്തദ്ദുകളുടെ കാര്യവും തഥൈവ. ഭരണാധികാരി സത്യനിഷേധിയാണെന്നും അദ്ദേഹത്തെ വധിക്കല്‍ അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്തവര്‍. പ്രവാചകാനുചരന്‍ ഖബ്ബാബിനെ (റ) വധിക്കുകയും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് താണ്ഡവമാടിയവര്‍. (ഹുക്ബത്തുന്‍ മിന താരീഖ്: 124)

ചുരുക്കത്തില്‍, കേവല മതപരിവര്‍ത്തനത്തോടുള്ള അസഹിഷ്ണുതയല്ല മതപരിത്യാഗികള്‍ക്ക് വധശിക്ഷ നല്‍കുന്നതിലൂടെ ഇസ്‌ലാം പ്രകടിപ്പിച്ചത്. സാമൂഹിക വഞ്ചന, രാജ്യദ്രോഹം, യുദ്ധം, കലാപം എന്നിവക്ക് ഒരു രാഷ്ട്രം നല്‍കുന്ന ശിക്ഷാനടപടികളായിരുന്നു അവ. അതുകൊണ്ടാണ് മതപരിത്യാഗികളായ സ്ത്രീകളെ വധിക്കേണ്ടതില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടാന്‍ കാരണം. അലി (റ), ഇബ്‌നു അബ്ബാസ് (റ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ), സുഫ്‌യാനു സൗരി (റ), ഇമാം അത്വാഅ് (റ), ഇമാം അബൂ ഹനീഫ (റ) എന്നിവര്‍ ഈ അഭിപ്രായക്കാരാണെന്ന് ഇബ്‌നു ഹജര്‍ തന്റെ ഫത്ഹുല്‍ ബാരിയില്‍ (12/289) പറയുന്നു. ഇബ്‌നു അബ്ബാസ് (റ), ഇമാം ഹസനുല്‍ ബസ്വരി (റ) എന്നിവരില്‍ നിന്നും ഇതേ അഭിപ്രായം ഇമാം ഇബ്‌നു അബീ ശൈബ തന്റെ മുസ്വന്നഫിലും (റിപ്പോര്‍ട്ട് നമ്പര്‍:28995, 28997) ഉദ്ദരിച്ചതായി കാണുന്നു.

print

1 Comment

  • JazakALLAHU Hair Brother 😍 .. Ameen

    ചെറിയൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ,
    മുഹമ്മദ് ഹിജാബൊക്കെ ഈ വിഷയത്തെ ലിബറലിസവുമായ് ബന്ധപ്പെടുത്തി കൂടി വിശദീകരിക്കുന്നതായ് കണ്ടു. അത്തരം കാര്യങ്ങൾ കൂടി കേരളീയ സമൂഹത്തിൽ എത്തിച്ചാൽ വളരെ ഉപകാരമായിരിക്കും.

    Anchu 05.07.2020

Leave a comment

Your email address will not be published.