അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -2

//അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -2
//അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -2
ആനുകാലികം

അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ പ്രവാചകൻ (സ) ആക്രമിച്ചുവോ ? -2

ഖ്ലയിലെ സമുറ മരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ത്രീ രൂപത്തിലുള്ള ബിംബമാണ് ഉസ്സ. ബിംബത്തിനു മുകളിൽ ഖുറൈശികൾ ഒരു ഭവനം പണിയുകയും അത് ഒരു കഅ്ബയായി സ്വീകരിക്കുകയും ചെയ്തു. ബിംബത്തിൽ നിന്നും അവർ ഒരു സ്ത്രീയുടെ സംസാരം കേൾക്കുമായിരുന്നു എന്നത് അവരുടെ ഭക്തി വർദ്ധിപ്പിച്ചു. (ഖാമൂസുൽ മുഹീത്വ് : 517, തഫ്സീറു ഇബ്നു കസീർ: 7/423)

‘ഖുറൈശികളുടെ ഏറ്റവും വലിയ ആരാധ്യ വസ്തുവായിരുന്നു ഉസ്സ, അവർ ഉസ്സയോട് ചേർത്ത് ഉസ്സയുടെ ദാസൻ എന്ന് പേര് വെക്കാറുണ്ടായിരുന്നു, ഉസ്സയുടെ അടുക്കൽ സന്ദർശിക്കുകയും ഉസ്സക്ക് നിവേദ്യങ്ങൾ അർപ്പിക്കുകയും അതിനടുക്കൽ ബലിയർപ്പിക്കുകയും ചെയ്യുമായിരുന്നു’ എന്നെല്ലാം ഭൂമിശാസ്‌ത്രഗ്രന്ഥകാരനായ യാകൂത്തുൽ ഹമവി പറയുന്നുണ്ട് (മുഅ്ജമുൽ ബുൽദാൻ: 4/116,117)

മക്കാ വിജയത്തിന് ശേഷം ഖുറൈശികൾ ഒന്നടങ്കം ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഖാലിദ് ഇബ്നു വലീദിനെ പ്രവാചകൻ ഉസ്സയുടെ പ്രതിഷ്ഠ തകർക്കാനായി അയച്ചു. അദ്ദേഹം പ്രതിഷ്ഠ തകർക്കുകയും വിവരം പ്രവാചകനെ അറിയിക്കുകയും ചെയ്തു. (സുനനു നസാഈ: 11483)

ഖാലിദിബ്നു വലീദ് അനിഷേധ്യരായ ഖുറൈശി നേതാക്കളിൽ ഒരാളായിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/366)
അപ്പോൾ ഖുറൈശികളാൽ ആരാധിക്കപ്പെട്ട ബിംബത്തെ ഖുറൈശികൾ തന്നെ തകർക്കുകയാണുണ്ടായത് എന്ന് ചുരുക്കം.

ഹുദൈൽ ഗോത്രക്കാരുടെ ആരാധനാ മൂർത്തിയായിരുന്നു സുവാഅ്. മക്കാ വിജയത്തിന് ശേഷം ഹുദൈൽ ഗോത്രം ഇസ്‌ലാം ആശ്ലേഷിച്ചു. അപ്പോൾ ഹുദൈൽ ഗോത്രത്തോട് കുടുംബപരമായി ഏറ്റവും അടുപ്പമുള്ള ഗോത്രമായ കിനാന/ ഖുറൈശ് ഗോത്രക്കാരുടെ നേതാവായ അംറിബ്നു ആസിനെയാണ് സുവാഅ് തകർക്കാൻ പ്രവാചകൻ നിയോഗിച്ചത്.

അദ്ദേഹം അതിനടുത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പൂജാരി “പ്രതിഷ്ഠയെ തകർക്കാനാവില്ല, അതിന് പ്രതിരോധിക്കാൻ സാധിക്കും” എന്ന് പറയുകയുണ്ടായി. “കഷ്ടം ! അത് കേൾക്കുകയോ കാണുകയോ പോലും ചെയ്യുമോ ?” എന്ന് അംറിബ്നു ആസ് പറഞ്ഞു. പ്രതിഷ്ഠ തകർക്കുകയും ചെയ്തു. ശേഷം പൂജാരിയോട് ചോദിച്ചു: ഇനി നീയെന്ത് പറയുന്നു ? അയാൾ പറഞ്ഞു: ഞാൻ അല്ലാഹുവിനായി ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. (ത്വബകാത്തു ഇബ്നു സഅ്ദ്: 2/146)

ഔസ്-ഖസ്റജ് ഗോത്രക്കാർ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ‘മനാത്ത്’ എന്ന വിഗ്രഹം ഔസ്-ഖസ്റജ് ഗോത്രക്കാർ ഇസ്‌ലാമിന് മുമ്പ് ആരാധിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ നേതാക്കളിൽ ഒരാളായ സഅ്ദിബ്നു സൈദ് അൽ അശ്ഹുലിയെയാണ് പ്രവാചകൻ (സ) മനാത്തിനെ തകർക്കാൻ ഏൽപ്പിച്ചത്. അദ്ദേഹം അതിനടുത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പൂജാരി എന്താണ് വരവിന്റെ ഉദ്ദേശമെന്ന് തിരക്കി. മനാത്ത് തകർക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. “താനായി തന്റെ പാടായി” എന്ന് പറഞ്ഞ് പൂജാരി അവിടെ നിന്നും പോയി. അങ്ങനെ അദ്ദേഹം അത് തകർക്കുകയും മടങ്ങി പോവുകയും ചെയ്തു. (ത്വബകാത്തു ഇബ്നു സഅ്ദ്: 2/147)

ഉസ്സ, മനാത്ത എന്നീ വിഗ്രഹങ്ങൾക്ക് പിന്നിൽ മറഞ്ഞിരുന്ന സ്ത്രീ രൂപിണികളായ പിശാചുക്കളെ വധിച്ചു എന്ന് ചില നിവേദനങ്ങളിൽ വന്നിട്ടുണ്ടെന്നത് ഒഴിച്ചാൽ രക്ത ചൊരിച്ചിലൊന്നും ഇവ തകർത്തപ്പോൾ ഉണ്ടായിട്ടില്ല. കാരണം അവയെല്ലാം തകർത്തത് അവരുടെ ആരാധകരും അവകാശികളുമായ ഗോത്രങ്ങൾ തന്നെയായിരുന്നു.

ത്വാഇഫിലെ സഖീഫ് ഗോത്രക്കാർ ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ‘ലാത്ത്’.
(ത്വബകാത്തു ഇബ്നു സഅ്ദ്: വാള്യം: 5: ഹദീസ് നമ്പർ: 6061)

മക്കാ വിജയത്തിന് ശേഷം സഖീഫ് ഗോത്രക്കാരും ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു.
ലാത്ത് തകർക്കാനായി നിയോഗിച്ച സംഘത്തിന്റെ മൂന്ന് നേതാക്കളിൽ ഒരാൾ ത്വാഇഫിലെ സഖീഫ് ഗോത്രക്കാരൻ തന്നെയായിരുന്ന മുഗീറത്തിബ്നു ശുഅ്ബയായിരുന്നു. (അൽ ഇസ്വാബ : 6/132, മുഅ്ജമുൽ കബീർ: ത്വബ്റാനി: 20/368, മുഅ്ജമു സ്വഹാബ: അബ്ദുൽ ബാക്കി ഇബ്നുൽ കാനിഅ്: 13/4853)

ലാത്ത് തകർക്കാനായി പ്രവാചകൻ നിയോഗിച്ച സംഘത്തിന്റെ നേതാക്കളിൽ മറ്റൊരാൾ അബൂ സുഫ്‌യാൻ ആയിരുന്നു ! അതെ, ബദ്ർ, ഉഹ്ദ്, ഖന്ദക്ക് തുടങ്ങി മുസ്‌ലിംകൾക്കെതിരെ ഒരുപാട് യുദ്ധങ്ങൾക്ക് നേതൃത്വം നൽകിയ ഖുറൈശികളുടെ നേതാവ് അബൂ സുഫ്‌യാൻ തന്നെ !

ഈ വിഗ്രഹങ്ങളെല്ലാം ബഹുദൈവാരാധകരായിരുന്ന ഗോത്രങ്ങൾ സ്വയം കൈവെടിഞ്ഞുവെന്നും ഇസ്‌ലാം സ്വീകരിച്ച സമൂഹത്തിലായിരുന്നു ഈ വിഗ്രഹ ഉന്മൂലനം എന്നും എത്രയോ വ്യക്തമായി ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.

‘ഞാൻ അയക്കപ്പെട്ടത് കുടുംബബന്ധങ്ങൾ ചേർക്കാനും വിഗ്രഹങ്ങൾ തകർക്കാനും ദൈവത്തെ മാത്രം ആരാധിക്കാനും’ വേണ്ടിയാണെന്ന് പ്രവാചകൻ (സ) പറഞ്ഞതിന്റെ (സ്വഹീഹു മുസ്‌ലിം: 1428) അർത്ഥവും ഈ മാനസാന്തരത്തിലൂടെ സംഭവിക്കുന്ന വിഗ്രഹ ഉന്മൂലനമാണ്. അതല്ലാതെ ബലപ്രയോഗത്തിലൂടെയുള്ള നശീകരണമായിരുന്നെങ്കിൽ ‘ഞാൻ അയക്കപ്പെട്ടത് കുടുംബബന്ധങ്ങൾ ചേർക്കാനാണ്’ എന്ന് അതിനോട് ചേർത്ത് പറഞ്ഞത് വിപരീതമാകില്ലെ?! ബലപ്രയോഗത്തിലൂടെയുള്ള നശീകരണമായിരുന്നെങ്കിൽ കുടുംബബന്ധങ്ങൾ അകലുകയല്ലെ ചെയ്യുക. അതേസമയം മാനസാന്തരത്തിലൂടെ സംഭവിക്കുന്ന ഏകദൈവത്വ സ്വീകരണം പല ദൈവങ്ങളുടെ പേരിൽ നടക്കുന്ന കലഹങ്ങൾ ഇല്ലാതാക്കുകയും സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തെ സ്വീകരിക്കുകവഴി കുടുംബബന്ധങ്ങളെ അടുപ്പിക്കുകയും ചെയ്യുന്നു.

ഇനി ബനൂ ഖലസയിലെ വിഗ്രഹം തകർത്ത സംഭവത്തിലേക്ക് വരാം. ഇസ്‌ലാം വിമർശകർ ഭീകരവാദമായി തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു സംഭവമാണിത്. മക്കാ വിജയത്തിന് ശേഷം ഹിജ്റ പത്താം വർഷമാണ് സംഭവം നടക്കുന്നത്.

വിവാദങ്ങൾക്ക് വിധേയമായ സംഭവത്തിന്റെ ചുരുക്കമിതാണ്:

ജരീര്‍ പറയുന്നു: “നിങ്ങള്‍ ദുല്‍ഖലസയുടെ കാര്യം എനിക്ക് മനസ്സമാധാനം കൈവരുത്തിത്തരികയില്ലേ?” എന്ന് അല്ലാഹുവിന്റെ ദൂതർ എന്നോട് ചോദിച്ചു. അതെ എന്ന് ഞാൻ ഉത്തരം നൽകി. അങ്ങനെ ‘അഹ്‌മസ്’ ഗോത്രത്തിലെ നൂറ്റി അമ്പത് പേരുള്ള കുതിരക്കാരുമായി ഞാന്‍ പുറപ്പെട്ടു. അവർ കുതിരകളുടെ ആൾക്കാരായിരുന്നു. എനിക്ക് കുതിരപ്പുറത്ത് ഇരിപ്പുറച്ചിരുന്നില്ല. ഇതു ഞാൻ പ്രവാചകനോട് ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം എന്‍റെ നെഞ്ചില്‍ ഒന്നടിച്ചു. തിരുമേനിയുടെ വിരലടയാളം നെഞ്ചില്‍ ഞാന്‍ കണ്ടു. എന്നിട്ടദ്ദേഹം പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ! നീ ജരീറിന് സ്ഥൈര്യം പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗദര്‍ശിയും മാര്‍ഗദര്‍ശനം ലഭിച്ചവനും ആക്കുകയും ചെയ്യേണമേ!”. അതിനു ശേഷം ഞാൻ കുതിര പുറത്തു നിന്നും വീണിട്ടേയില്ല.

ഖസ്അം, ബജീല എന്നീ ഗോത്രങ്ങളുടെ വകയായുള്ള യമനിലെ ഒരു ഭവനമായിരുന്നു “ദുല്‍ഖലസ” അതിൽ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമുണ്ടായിരുന്നു. അതിനെ കഅ്ബ (കഅ്ബത്തുൽ യമാനിയ എന്നോ കഅ്ബത്തുൽ ശാമിയ എന്നോ) പേര് പറയപ്പെട്ടിരുന്നു.

ജരീര്‍ യെമനില്‍ എത്തിയപ്പോൾ അമ്പുകള്‍ കൊണ്ട് പ്രശ്നം വെക്കുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. “അല്ലാഹുവിന്റെ ദൂതരുടെ ദൂതന്‍ ഇവിടെ എത്തിയിട്ടുണ്ട്. അവസരം കൈവന്നാല്‍ അദ്ദേഹം നിന്‍റെ കഴുത്തു വെട്ടുക തന്നെ ചെയ്യും.” എന്ന് അയാളോട് പറയപ്പെട്ടു. ഒരു ദിവസം അവന്‍ അമ്പുകള്‍ കൊണ്ട് പ്രശ്നം വെച്ച് കൊണ്ടിരിക്കുമ്പോള്‍ ജരീര്‍ അവന്‍റെ മുമ്പില്‍ വന്നു നിന്ന് കൊണ്ട് പറഞ്ഞു: “അവയെല്ലാം ഒടിച്ചു നുറുക്കി കളയുക. അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു സാക്ഷ്യം വഹിക്കുക. ഇല്ലെങ്കില്‍ നിന്‍റെ കഴുത്തു ഞാന്‍ വെട്ടും.” ഉടന്‍ അവന്‍ അവയെല്ലാം ഒടിച്ചിട്ടിട്ടു ശഹാദത്ത് കലിമ പ്രഖ്യാപിച്ചു.

ജരീര്‍ ആ വിഗ്രഹാലയത്തിലേക്ക് പോയി അതെല്ലാം തല്ലിത്തകര്‍ത്ത് കത്തിച്ചു കളഞ്ഞു. അനന്തരം തിരുമേനിയെ വിവരമറിയിക്കുവാന്‍ ജരീര്‍ അയച്ചിരുന്ന ആള്‍ തിരുമേനിയുടെ മുമ്പില്‍ ചെന്നിട്ട് ഉണര്‍ത്തി: “സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്ന അല്ലാഹുവാണെ, ആ വിഗ്രഹാലയത്തെ, ചൊറി പിടിച്ച ഒട്ടകത്തെപ്പോലെയാക്കിവിട്ട ശേഷമല്ലാതെ ഞാനങ്ങയുടെയടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ ‘അഹ്‌മസ്’ ഗോത്രത്തിലെ പുരുഷന്മാര്‍ക്കും കുതിരകള്‍ക്കും ബറക്കത്തിനും വേണ്ടി തിരുമേനി അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചു. (സ്വഹീഹുല്‍ ബുഖാരി: 4121, സ്വഹീഹു മുസ്‌ലിം: 4651 )

“ഖസ്അം, ബജീല എന്നീ ഗോത്രങ്ങളുടെ വകയായുള്ള യമനിലെ ഒരു ഭവനമായിരുന്നു ദുല്‍ഖലസ്‌” എന്ന് ഹദീസിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്.

യമനിലെ കഹ്ത്വാനികളിൽ പെട്ട ‘അൻമാർ’ എന്ന നേതാവിന്റെ സന്താന പരമ്പരയിലാണ് ഖസ്അം, ബജീല എന്നീ സഹോദര ഗോത്രങ്ങൾ വരുന്നത് എന്ന് മനസ്സിലാക്കാം. (സിയറു അഅ്ലാമിന്നുബലാഅ്: 5/112, അൽ ബിദായ വന്നിഹായ: 2/196, നിഹായത്തുൽ അരിബ് ഫീ മഅ്രിഫത്തി അൻസാബിൽ അറബ്: ഖൽകശന്ദി: 216)

സംഭവം വിവരിക്കുന്ന ജരീർ (റ) ബജീല ഗോത്രത്തിന്റെ നേതാവാണ്. മക്കാ വിജയ ദിവസം അദ്ദേഹം തന്റെ ഗോത്രക്കാരേയും കൊണ്ടാണ് പ്രവാചക സന്നിധിയിൽ വന്നത്. അവർ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. (സിയറു അഅ്ലാമിന്നുബലാഅ്: 2/531, ത്വബകാത്തു ഇബ്നു സഅ്ദ്: 1/299, മഗാസി: വാഖിദി)

ഇവിടെയും സംഭവത്തിന്റെ വ്യക്തവും വിശാലവുമായ ചിത്രം നമുക്ക് ലഭിക്കുന്നു. ഖസ്അം, ബജീല എന്നീ ഗോത്രങ്ങൾ അവരുടെ നേതാവിന്റെ നേതൃത്വത്തിൽ പ്രവാചക സന്നിധിയിൽ വന്ന് ഇസ്‌ലാം സ്വീകരിക്കുന്നു. ഏകദൈവ വിശ്വാസം സ്വീകരിച്ച സമൂഹത്തോട് വിഗ്രഹങ്ങൾ തച്ചുടച്ചു കളയാൻ പ്രവാചകൻ നിർദ്ദേശിക്കുന്നു. ഗോത്രത്തിന്റെ നേതാവ് ജരീരിനെ തന്നെ ആ ദൗത്യം പ്രവാചകൻ (സ) ഏൽപ്പിക്കുകയും ചെയ്യുന്നു.

ബജീല ഗോത്രം തങ്ങളുടെ വിഗ്രഹം തകർക്കാൻ തീരുമാനിച്ചപ്പോഴും വിഗ്രഹത്തിന്റെ ആരാധകരിൽ ചിലർ വിട്ടൊഴിഞ്ഞു പോകാൻ തയ്യാറായില്ല. സമൂഹപരിഷ്‌കരണത്തിനും നവീകരണത്തിനും ഒരു സമൂഹം സ്വയം തയ്യാറാകുന്നതിനെ ഉൾകൊള്ളാൻ കഴിയാത്ത, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിർത്താനായി പിടിവാശി കാണിക്കുന്ന ഒരു വിഭാഗം ഏതു കാലത്തുമുണ്ടാകുമല്ലോ. ഇവരോടാണ് യുദ്ധം നടന്നത്. അത്തരക്കാരോട് ഒഴിഞ്ഞു പോകാൻ വിളമ്പരം ചെയ്യപ്പെട്ടിരുന്നു എന്ന് ഹദീസിൽ തന്നെയുണ്ട്.

ﻭﻟﻤﺎ ﻗﺪﻡ ﺟﺮﻳﺮ اﻟﻴﻤﻦ، ﻛﺎﻥ ﺑﻬﺎ ﺭﺟﻞ ﻳﺴﺘﻘﺴﻢ ﺑﺎﻷﺯﻻﻡ، ﻓﻘﻴﻞ ﻟﻪ: ﺇﻥ ﺭﺳﻮﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻫﺎ ﻫﻨﺎ، ﻓﺈﻥ ﻗﺪﺭ ﻋﻠﻴﻚ ﺿﺮﺏ ﻋﻨﻘﻚ

“അല്ലാഹുവിന്റെ ദൂതരുടെ ദൂതന്‍ ഇവിടെ എത്തിയിട്ടുണ്ട്. അവസരം കൈവന്നാല്‍ അദ്ദേഹം നിന്‍റെ കഴുത്തു വെട്ടുക തന്നെ ചെയ്യും.” എന്ന് അയാളോട് പറയപ്പെട്ടു.

എന്നിട്ടും ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്തവരോടായിരുന്നു യുദ്ധം. യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്നർത്ഥം. എന്നാൽ യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ഒന്നുകിൽ വധിക്കപ്പെടുക, അല്ലെങ്കിൽ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കിൽ ബന്ദിയാക്കപ്പെടുക എന്ന തിരഞ്ഞെടുപ്പേ ഇത്തരം പിടിവാശിക്കാരുടെ മുമ്പിൽ ഉള്ളു എന്നത് ശരിയാണ്. അഥവാ ഇസ്‌ലാം സ്വീകരിപ്പിക്കാൻ വേണ്ടിയായിരുന്നില്ല യുദ്ധം. ന്യായമായ കാരണങ്ങളാലോ പ്രതിരോധത്തിനോ വേണ്ടി യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ഇസ്‌ലാം ആശ്ലേഷണത്തോടെ നിർത്തണം എന്നതാണ് നിയമം. ഇക്കാര്യത്തെ സമ്പന്ധിച്ച വിശദമായ വിവരണം മറ്റൊരു പഠനത്തിൽ വരുന്നുണ്ട്.

(https://www.snehasamvadam.org/മുസ്‌ലിമാകുന്നതുവരെ-യുദ/ )

അമുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു നശിപ്പിക്കുകയല്ല ഇവിടെയൊന്നും നടന്നതെന്ന് ഇത്രയും വിവരിച്ചതിൽ നിന്ന് മനസ്സിലാക്കാമല്ലൊ.
മാത്രമല്ല ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ട മറ്റു രണ്ട് കാര്യങ്ങൾ കൂടിയുണ്ട്:

ഒന്ന്, അമുസ്‌ലിംകളുടെ ആരാധനാലയങ്ങളും ആരാധനാ മൂർത്തികളും തകർക്കുക പോയിട്ട് അവയെ അസഭ്യം പറയുന്നത് പോലും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്:

“അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്‌.”
(ഖുർആൻ: 6/ 108)

” …മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.” (ഖുർആൻ: 22/ 40)

ഖുർആന്റെ ഈ കൽപ്പന ശിരസാവഹിച്ച്, യുദ്ധങ്ങൾക്ക് പുറപ്പെടുന്ന തന്റെ അനുചരന്മാരോട് പ്രവാചകൻ (സ) നൽകിയ യുദ്ധധാർമികതയുമായി ബന്ധപ്പെട്ട ഉപദേശങ്ങളിലെല്ലാം അമ്പലങ്ങൾ, മഠങ്ങൾ, ദേവാലയങ്ങൾ തുടങ്ങിയവയും അതിന്റെ വക്താക്കളേയും നശിപ്പിക്കരുത്/വധിക്കരുത് എന്നും പ്രത്യേകം പ്രസ്ഥാവിക്കുന്നുണ്ട്:

حدثنا أبو القاسم بن أبي الزناد قال أخبرني ابن أبي حبيبة عن داود بن الحصين عن عكرمة عن ابن عباس قال كان رسول الله صلى الله عليه وسلم إذا بعث جيوشه قال اخرجوا بسم الله تقاتلون في سبيل الله من كفر بالله لا تغدروا ولا تغلوا ولا تمثلوا ولا تقتلوا الولدان ولا أصحاب الصوامع

ഇബ്നു അബ്ബാസ് (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതൻ ഒരു സൈന്യത്തെ നിയോഗിച്ചാൽ അവരോട് ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവെ നിഷേധിച്ച (യുദ്ധക്കാരായ) വിഭാഗക്കാരോട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ പുറപ്പെടുക. നിങ്ങൾ വഞ്ചിക്കരുത്. ചതിക്കരുത്. (ശത്രുക്കളെ) അംഗവിഛേദനം നടത്തരുത്. നിങ്ങൾ കുട്ടികളേയും ദേവാലയങ്ങളുടെ ആൾക്കാരേയും വധിക്കരുത്.
(മുസ്നദ് അഹ്‌മദ്: 2723)

സമാനമായ ഹദീസുകൾ മുഅ്ജമു ത്വബ്റാനിയിലും (ഹദീസ് നമ്പർ: 11562) കണ്ടെത്താം.

പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണാധികാരിയായ പ്രവാചക ശിഷ്യൻ ഖലീഫ അബൂബക്കർ (റ) സൈന്യത്തെ വിന്യസിച്ചപ്പോൾ നൽകിയ ഉപദേശങ്ങളിലും ഇക്കാര്യത്തെ സമ്പന്ധിച്ച കർശനമായ നിർദ്ദേശം കാണാം:

وإنكم ستجدون أقوامًا قد حبسوا أنفسهم في هذه الصوامع، فاتركوهم وما حبَسوا له أنفسهم، وستجدون أقوامًا قد اتخذ الشيطان على رؤوسهم مقاعد – يعني الشمامسة – فاضربوا تلك الأعناق، ولا تقتلوا كبيرًا هرمًا، ولا امرأة ولا وليدًا. ولا تخربوا عمرانًا، ولا تقطعوا شجرة إلا لنفع، ولا تعقرن بهيمة إلا لنفع، ولا تحرقنَّ نخلاً ولا تغرقنه، ولا تغدر، ولا تمثِّل، ولا تَجبُن، ولا تغلل، ولينصرنَّ الله من ينصره ورسله بالغيب، إن الله قوي عزيز

“(യുദ്ധത്തിൽ പങ്കാളികളാകാത്ത) ദേവാലയങ്ങളിൽ സ്വന്തത്തെ (ആരാധനകൾക്കായി) ഉഴിഞ്ഞു വെച്ച ഒരു സമൂഹത്തെ നിങ്ങൾ കാണും. അവരേയും അവർ ഏതൊന്നിന്നാണോ സ്വന്തത്തെ ഒഴിച്ചു വെച്ചിരിക്കുന്നത് അതിനെയും നിങ്ങൾ വെറുതെ വിടുക. പടയാളികളെ മാത്രം വധിക്കുക. വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും വധിക്കരുത്. കെട്ടിടങ്ങൾ തകർക്കരുത്. ആവശ്യത്തിനല്ലാതെ മരങ്ങൾ വെട്ടുകയോ മൃഗങ്ങളെ അറുക്കുകയോ ഈത്തപ്പന കത്തിക്കുകയോ ചെയ്യരുത്. മുക്കി കൊല്ലരുത്, വഞ്ചിക്കരുത്, അങ്ക വിഛേദനം നടത്തരുത്, ഭീരുത്വം കാണിക്കരുത്, ചതിക്കരുത്…”
(സുനനുൽ കുബ്റാ: ബൈഹഖി: 17929)

രണ്ട്, മക്കാ വിജയത്തിന് ശേഷം തകർക്കപ്പെട്ട ‘ഭവന’ങ്ങളെ (البيت) കേവലം ‘അന്യമതസ്ഥരുടെ അമ്പലങ്ങളായി’ അല്ലെങ്കിൽ ദേവാലയങ്ങളായി ചിത്രീകരിക്കുന്നത് പുരാതന അറേബ്യയുടെ ഗോത്ര ചരിത്രത്തെ ദുർവ്യാഖ്യാനിക്കലാണ്. അത്തരം ഭവനങ്ങളിൽ വിഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ അറിയപ്പെട്ടിരുന്നത് ആരാധനാലയങ്ങൾ (المعبد) എന്നോ, ദേവാലയങ്ങൾ (الصوامع) എന്നോ ആയിരുന്നില്ല. അവ കഅ്ബകൾ (كعبة) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചതുരാകൃതിയിൽ നിർമ്മിക്കപ്പെടുന്നതിൽ നിന്നാണ് പേരിന്റെ ഉൽഭവം. അറബ് ഉപഭൂഖണ്ഡത്തിൽ ഒരുപാട് കഅ്ബകൾ ഉണ്ടായിരുന്നു എന്നതാണ് ചരിത്രം. ഇത്തരം കഅ്ബകൾ ഒരു പ്രത്യേക മതത്തിന്റെ ഭാഗമോ ആരാധനാലയമോ ആയിരുന്നില്ല. മറിച്ച് ഗോത്ര വംശീയതയുടെ പ്രതീകങ്ങളായിരുന്നു അവ. കഅ്ബകളുടെ പ്രധാന ലക്ഷ്യം ആരാധനയൊന്നുമായിരുന്നില്ല. ഗോത്രങ്ങളുടെ ദുരഭിമാനവും അന്തസ്സും പ്രകടിപ്പിക്കാനും, കൂടുതൽ ആരാധകരിലൂടെ വന്നുചേരുന്ന ഗോത്ര പ്രസിദ്ധിയും ജനസന്ദർശനങ്ങളും വഴി കച്ചവടം, സാമ്പത്തികം, സാഹിത്യം, രാഷ്ട്രീയം, സൈനികം തുടങ്ങിയ മേഖലകളിൽ പുരോഗതി കൈവരിക്കാനുമായിരുന്നു ഒരേ ആദർശക്കാരായ ഗോത്രങ്ങൾ കഅ്ബകളിലൂടെ ലക്ഷ്യം വെച്ചത്. മക്കയിലെ കഅ്ബയിലൂടെ ഖുറൈശി ഗോത്രത്തിന് അറബ് സമൂഹത്തിൽ വന്നു ചേർന്ന നേതൃത്വവും സ്വാധീനവും തകർക്കാനാണ് മറ്റു ഗോത്രങ്ങൾ അവരുടേതായ കഅ്ബകൾ പണിതത്.

ബജീലക്കാരുടെ ദുൽഖലസയെ കഅ്ബത്തുൽ യമാനിയ എന്നോ കഅ്ബത്തുൽ ശാമിയ എന്നോ ആണ് വിളിക്കപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നാം കണ്ടതാണല്ലോ. മക്കയിലെ കഅ്ബയെ വെല്ലുവിളിച്ചും അതിനോട് മാത്സര്യം പ്രഖ്യാപിച്ചു കൊണ്ടുമാണ് ഈ കഅ്ബ നിർമ്മിക്കപ്പെട്ടതെന്ന് ചരിത്രകാരനായ ഇബ്നുകസീർ വ്യക്തമാക്കുന്നുണ്ട്. (അൽ ബിദായ വന്നിഹായ: 7/142)

സഖീഫ് ഗോത്രക്കാരും തങ്ങളുടെ കഅ്ബ കൊണ്ട് മക്കയിലെ കഅ്ബയോട് മത്സരിക്കുകയും ശത്രുത വെച്ചുപുലർത്തുകയും ചെയ്തിരുന്നു. അവരുടെ തിഹാമ കഅ്ബയുടെ അവകാശികളാണ് മക്കയിലെ കഅ്ബ തകർക്കാൻ അബ്രഹത്തിനെ പ്രോത്സാഹിപ്പിച്ചതെന്നും പറയപ്പെടുന്നു. അബ്രഹത്തിന് പൂർണമായും കൂറ് പ്രഖ്യാപിച്ച സഖീഫുകാർ സൈന്യത്തിന് മക്കയിലേക്കുള്ള വഴി കാണിച്ചു കൊടുക്കാനായി ആളുകളെ നിശ്ചയിച്ചു കൊടുക്കുകയുണ്ടായി എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. (താരീഖു ത്വബ്‌രി: 1/441)

സുഖാം ഗോത്രം അവരുടെ കഅ്ബ കൊണ്ട് മക്കക്കാരുടെ കഅ്ബയോട് മത്സരിക്കുകയും ശക്തമായ വിദ്വേഷം വെച്ചുപുലർത്തുകയും ചെയ്തിരുന്നു. (കിതാബുൽ അസ്നാം: 19, മുഅ്ജമുൽ ബുൽദാൻ: 4/116)

ഓരോ ഗോത്രവും ഖുറൈശികളുടെ കഅ്ബയെ പോലെയോ അതിലധികമോ ഉയർച്ചയും പ്രശസ്തിയും സ്വീകാര്യതയും സിദ്ധിക്കാൻ പരസ്പരം മത്സരിച്ചു. തമ്മിൽ തല്ലി മരിച്ചു. യുദ്ധങ്ങൾ ചെയ്തു. അഥവാ അറബ് സമൂഹത്തെ ഗോത്രങ്ങളായി ഭിന്നിപ്പിച്ചും അകറ്റിയും നിർത്തുന്നതിൽ കഅ്ബകളുടെ പങ്ക് വലുതാണ്.

ആന കലഹ സംഭവവുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നിന്നു തന്നെ ഈ വസ്തുത നമുക്ക് വ്യക്തമാകുന്നുണ്ട്.

ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പാണ് ആന കലഹ സംഭവം ഉണ്ടാക്കുന്നത്. ക്രിസ്തു മത വിശ്വാസിയായ അബ്രഹ, സ്വൻആഇൽ ‘അൽ കലീസ്’ എന്ന ഒരു കഅ്ബ ഉണ്ടാക്കി. കേവല ദേവാലയമായിരുന്നില്ല അത്. ദേവാലയങ്ങൾ ഒരുപാട് വേറെയും അറബ് ഉപഭൂഖണ്ഡത്തിൽ അന്ന് ഉണ്ടായിരുന്നു. അറബികളെ മക്കയിലെ കഅ്ബയിൽ നിന്നും തിരിച്ചു വിട്ട് യമനിലേക്ക് കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. മുള്റ് വംശത്തിൽ പെട്ട ചില അറബികളെ ജനങ്ങളെ ഈ കഅ്ബയിലേക്ക് തിരിച്ചു വിടാനുള്ള ദൗത്യമേൽപ്പിച്ചു. ഇത് ഖുറൈശികളെ പ്രകോപിപ്പിച്ചു. കിനാന ഗോത്രക്കാർ മുള്റ് വംശക്കാരായ ദൗത്യവാഹകരെ സായുധരായി നേരിട്ടു. ഇതറിഞ്ഞ അബ്രഹ മക്കയിലെ കഅ്ബ തകർക്കാൻ തീരുമാനിച്ചു.
(തഫ്സീറു ത്വബ്‌രി: സൂറത്തുൽ ഫീലിന്റെ വ്യാഖ്യാനം)

ആന പടയുമായി മക്കയിലെത്തിയ അബ്രഹത്തിന്റെ സൈന്യത്തെ എതിരിടാൻ കെൽപ്പില്ലാതിരുന്ന ഖുറൈശികൾ മലകളിൽ ഒഴിഞ്ഞു മാറിയിരുന്നു. അബ്രഹത്തിന്റെ സൈന്യത്തെ അല്ലാഹു തന്നെ നേരിട്ടു. പിന്നീട് സംഭവിച്ചതിനെ സംബന്ധിച്ച ഹ്രസ്വ വിവരണം ഖുർആനിൽ തന്നെയുണ്ട്.

“ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി. ”
(ഖുർആൻ: 105: 1-5)

അപ്പോൾ അറബ് സമൂഹത്തെ ശത്രുതയിലും മാത്സര്യത്തിലും ഭിന്നിപ്പിച്ചു നിർത്തിയിരുന്ന, ഗോത്ര വംശവെറിയുടെ ചിഹ്നങ്ങളെയാണ് പ്രവാചകൻ (സ) പ്രസ്തുത ഗോത്രങ്ങളാൽ തന്നെ തകർത്തു കളഞ്ഞത്. ‘ഒരു ഭൂമിയിൽ രണ്ടു കിബ്‌ലകൾ ഉണ്ടാകാവതല്ല’ എന്ന് സൂചിപ്പിക്കുന്ന ഹദീസുകളുടെ ഉദ്ദേശ്യവും മുകളിൽ വിവരിച്ചതു തന്നെയാണ്.

വർണ്ണവിവേചനത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വർണവെറിയുടെ അപ്പോസ്തലന്മാരായിരുന്ന പലരുടേയും പ്രതിമകൾ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലൊ ഇന്ന്. ലീ സ്റ്റേച്ച്യൂ , ഫ്രാങ്ക് റീസോ പ്രതിമ, അഡ്മിറൽ റാഫേൽ സെമ്മസ് പ്രതിമ തുടങ്ങിയവ നഗരങ്ങളിൽ നിന്നും എടുത്തു മാറ്റപ്പെട്ടു.
(https://www.google.com/amp/s/amp.theguardian.com/artanddesign/2020/jun/09/america-racist-monuments-civil-war-confederate)

ഒരു കാലത്ത്, ഈ എടുത്തു മാറ്റപ്പെട്ട പ്രതിമകളെ പ്രതിനിധാനം ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങൾ ആരാധ്യപുരുഷരായിരുന്നല്ലോ.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.