തിരിച്ചറിവുകൾ -2

//തിരിച്ചറിവുകൾ -2
//തിരിച്ചറിവുകൾ -2
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -2

പിണക്കം

മുഖത്തേക്ക് നോക്കിയിരിക്കേണ്ടവരാണ് അവർ. പക്ഷേ പരസ്പരം മുഖം തിരിഞ്ഞിരിക്കുന്നു. എനിക്ക് തരാൻ ഇത്തിരി സമയമില്ലല്ലോ എന്നായിരുന്നു അവളുടെ പരിഭവം. ഇന്നിതാ ദിനം മുഴുവൻ അവളുടെ അടുത്തായിട്ടും പരിഭവം മാറുന്നില്ലലോ എന്നയാൾ.

കല്യാണം കഴിഞ്ഞിട്ട് ഏറെയൊന്നും ആയിട്ടില്ല. ജോലി സ്ഥലത്തേക്ക് കൊണ്ടു പോകും എന്നതായിരുന്നു അവളെ കൂടുതൽ ആകർഷിച്ച ഘടകം.

‘അല്ലെങ്കിലും നാട്ടിൽ നിന്നാൽ ജീവിതത്തിന് ഒരു സുഖമുണ്ടാവില്ല. വല്ലാതെ ഒന്നടുത്ത് കിട്ടുക പോലുമില്ല’.

കൂട്ടുകാരികളുടെ അനുഭവങ്ങൾ. അന്ന് വീട്ടുകാരോട് പറഞ്ഞതാണ്. അങ്ങനെ ഒരു ബന്ധം വരുമോ എന്നു നോക്കാം. എന്നിട്ട് മതി എന്ന്. അന്യനാട്ടിലുള്ള തനിക്ക് തന്റെ ലോകവും ജോലിയും മനസ്സിലാവാൻ സാധിക്കുന്ന വിവരവും വിദ്യാഭ്യാസവുമുള്ള ഇണ. അവനും അവളെ ഇഷ്ടപ്പെട്ടതിന് ഒരുകാരണം അതുതന്നെയായിരുന്നു.

അഞ്ചു വർഷങ്ങൾ. അയാളുടെ തിരക്കുള്ള ജോലിയോട് അവൾ പൊരുത്തപ്പെട്ടിരുന്നു. എങ്കിലും തനിക്ക് തരാൻ സമയമില്ല എന്ന പരിഭവം അവൾക്കെന്നും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ലോക്ക്ഡൗൺ പ്രഖ്യാപനം അവളെ അതുകൊണ്ടു തന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ കലഹമായി. കാരണങ്ങൾ ചെറുതായിരുന്നു. പക്ഷേ കലഹങ്ങൾ തീർത്ത സങ്കടം മണിക്കൂറുകൾ കഴിഞ്ഞും മാറിയില്ല. കൂടുതൽ അടുത്തു കാണാൻ കൊതിച്ചവരാണ്. ഇന്നിതാ മുഖം തിരിഞ്ഞു നിൽക്കുന്നു..

എന്തൊക്കെ വിചാരങ്ങളാണ് മനസ്സ് മുഴുവൻ. പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് അയാൾക്ക് തോന്നുന്നു. പണ്ടത്തെപ്പോലെ വൈകി വരുന്ന മണിക്കൂറുകൾ മാത്രം മതിയായിരുന്നു എന്നവൾക്കും. സ്‌നേഹം അല്ലെങ്കിലും അകന്നു നിൽക്കുമ്പോഴല്ലേ എന്ന് ഇരുവർക്കും തോന്നിപ്പോവുന്നു. ഇങ്ങനെ എത്രനാൾ പിടിച്ചു നിൽക്കും? തനിക്ക് ഇതിനാവുമോ? ചോദ്യങ്ങളും ഒരുപക്ഷേ ഉത്തരങ്ങളും ഓരോന്നായി മനസ്സ് മുഴുവൻ സഞ്ചരിക്കുകയാണ്. പിണക്കം തീർത്ത വഴികളിലൂടെ…

മനുഷ്യൻ അങ്ങനെയാണ്. ലഭ്യമാകാത്ത അനുഭവങ്ങളോടാണ് അവന് പ്രിയം. എത്തിപ്പിടിച്ചാൽ കാത്തിരിപ്പ് നൽകിയ അനുഭൂതി ഒരിക്കലും കിട്ടുകയുമില്ല. സ്വപ്നം കാണരുത് എന്നല്ല. കാണണം. പരിഭവം പറയരുത് എന്നല്ല. പറയണം. പക്ഷേ അത് സ്നേഹത്തിലേക്കുള്ള കാൽവെയ്പുകൾ ആവണം. സ്നേഹം ഉണ്ടാക്കാൻ കഴിയില്ല. പക്ഷേ സ്നേഹത്തിലേക്കുള്ള വഴികളെ ഉണ്ടാക്കാൻ നമുക്ക് സാധിക്കും.

പിണക്കങ്ങൾ ആലയിൽ ചുട്ടെടുത്ത ഇരുമ്പ് പോലെയാണ്. ജ്വലിക്കുന്ന അവസ്ഥയിൽ എടുത്തു ഉപയോഗിക്കരുത്. തണുപ്പിക്കണം. തണുക്കാൻ സമയം കൊടുക്കണം. നന്നായി തണുത്തതിന് ശേഷം ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന കണ്ണികളാക്കി മാറ്റണം. ഒരിക്കലും പൊട്ടാത്ത സ്നേഹത്തിന്റെ ബലമുള്ള ഒരു ചങ്ങല തന്നെ തീർക്കാൻ..!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • Great message

    Hafeed 10.08.2020
  • താങ്കൾ സ്നേഹം എന്താണ് എന്ന് അനുഭവിച്ചറിഞ്ഞിട്ടില്ല

    naeemudheen 11.08.2020

Leave a comment

Your email address will not be published.