ലൗ ജിഹാദ് വാദികൾ ഇരുട്ടിൽ തപ്പുന്നു -2

//ലൗ ജിഹാദ് വാദികൾ ഇരുട്ടിൽ തപ്പുന്നു -2
//ലൗ ജിഹാദ് വാദികൾ ഇരുട്ടിൽ തപ്പുന്നു -2
ആനുകാലികം

ലൗ ജിഹാദ് വാദികൾ ഇരുട്ടിൽ തപ്പുന്നു -2

ന്ത്യയിലെ ഹൈന്ദവ സഹോദരന്മാർ മാനവിക സൗഹൃദത്തെ അംഗീകരിക്കുന്നവരും മുസ്‌ലിംകളുമായും മറ്റു മതസമൂഹങ്ങളുമായുമെല്ലാം സാഹോദര്യവും സഹവർത്തിത്വവും പുലർത്തുകയും ചെയ്യുന്നവരാണ്. സംഘ് പരിവാറിന്റെ നയങ്ങളാവട്ടെ മതേതര ഇന്ത്യയിൽ വിഷം ചീറ്റുന്നവയുമാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്രിസ്തീയ സഭാവിഭാഗമായ സിറോ മലബാർ സഭയും ലൗ ജിഹാദ് ആരോപണവുമായി രംഗത്ത് വരികയുണ്ടായി. സഭയുടെ ആരോപണത്തിന്റെ കടയ്ക്കൽ കത്തി വച്ചുകൊണ്ട് പ്രസ്തുത ആരോപണത്തിന്റെ സത്യാവസ്ഥകൾ വ്യക്തമാക്കുന്ന ഒരു ഫേസ്ബുക് കുറിപ്പ് കാണുക: “ലൗജിഹാദ്‌ വിഷയത്തിൽ സിറോ മലബാർ സഭ പറയുന്നത്‌ നുണയാണ്‌. ലൗ ജിഹാദിൽ പെട്ട്‌ മതം മാറിയവരുടെ കമ്മതി കണക്ക്‌ പറയാതെ, സഭ കൃത്യമായ കണക്ക്‌ പറയൂ. എന്താണ്‌ ഇവർ പറയുന്ന ലൗ ജിഹാദ്‌?
ചില മുസ്‌ലിം സംഘടനകൾ മറ്റു മതങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റാനായി യുവാക്കളെ (റോമിയോകൾ) പണവും, വാഹനവും, മയക്കുമരുന്നുമൊക്കെ നൽകി ഏർപ്പെടുത്തുന്നു എന്നാണ്‌ ലൗ ജിഹാദ്‌ ആരോപണക്കാർ പറയുന്നത്‌. സിറോ മലബാർ സഭ ഒരു പടികൂടി കടന്ന് “സിറിയയിൽ തീവ്രവാദി സംഘടനയിലേക്ക്‌ കൊണ്ടുപോകാൻ ലൗ ജിഹാദ്‌ നടത്തുന്നു” എന്നാണ്‌ പറയുന്നത്. കേരളത്തിൽ നിന്ന് 21 പേർ ഐ.എസിൽ ചേരാൻ സിറിയയിൽ പോയതിൽ പകുതിയോളം ക്രിസ്തീയ സമുദായത്തിൽ നിന്ന് മതം മാറ്റപ്പെട്ടവരാണെന്ന ആരോപണം ‌നല്ല പച്ച നുണയാണ്‌.

സഭ പറയുന്ന 21-ന്റെ പകുതി 10 ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദിനിരയായി സിറിയയിലേക്ക്‌ പോയിട്ടുണ്ടെങ്കിൽ അവർ ആരൊക്കെ എന്ന് പുറത്ത്‌ പറയേണ്ടത്‌ സഭയുടെ ബാധ്യതയാണ്‌. അവർ അതിൽ കുറ്റകരമായി മൗനം പാലിക്കുന്നു. സഭ പറയുന്ന 21-ൽ ആകെ 4 പേരാണ്‌ ക്രിസ്ത്യാനികൾ. 1. പാലക്കാട് യാക്കര തലവാലപറമ്പില്‍ വിന്‍സെന്റിന്റെ മൂത്തമകന്‍ ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസ. 2. വിന്‍സെന്റിന്റെ രണ്ടാമത്തെ മകന്‍ ബെസ്റ്റിന്‍ വിന്‍സെന്റ് എന്ന യഹിയ.
3. ബെസ്റ്റിന്റെ ഭാര്യ മെറിന്‍ ജേക്കബ് പാലത്ത്‌ എന്ന മറിയം. 4. കാസർക്കോട്‌ സ്വദേശി റാഷിദ്‌ എന്ന ആളുടെ ഭാര്യ സോണിയ സെബാസ്റ്റ്യൻ. ഇതിലെ രണ്ട് പുരുഷന്മാരും ഒരേ വീട്ടിലെ രണ്ട്‌ കൃസ്ത്യൻ യുവാക്കളാണ്‌. ഇവരെ ആരാണ്‌ ലൗ ചെയ്ത്‌ മതം മാറ്റിയത്‌ എന്ന് സഭ തന്നെ പറയണം. ആണുങ്ങൾ മതം മാറിയതിൽ മൗനം പാലിക്കുന്ന സഭ, പെൺകുട്ടികളുടെ കാര്യത്തിൽ സദാചാര പോലീസ്‌ ആവുകയാണ്‌.

സഭ പറഞ്ഞ 21-ൽ രണ്ട്‌ ക്രിസ്ത്യൻ പെൺകുട്ടികളാണ്‌ ബാക്കി.
1. മെറിൻ ജേക്കബ്‌ എന്ന മറിയം. സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി മെറിന്‍ പ്രണയത്തിലായിരുന്നു. എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് മുംബെയിൽ ജോലി ലഭിച്ചു. മുംബെയിൽ വച്ച്‌ മെറിന്‍ ഇസ്‌ലാംമതം സ്വീകരിച്ച്‌ മറിയയായി. ബെസ്റ്റിന്‍ വിന്‍സെന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍ 2014-ൽ അവരെ നാട്ടിലേക്ക്‌ കൊണ്ട്‌ വന്നു. പിന്നെയും രണ്ട്‌ വർഷങ്ങൾക്കു ശേഷമാണ് ഇവർ ഐ.എസ്‌ ആശയങ്ങളിൽ ആകൃഷ്ടരാവുകയും സിറിയയിലേക്ക് പോകുകയും ചെയ്തത്. അതായത്‌ ക്രിസ്ത്യാനിയായ മെറിൻ ക്രിസ്ത്യാനിയായ ബെറ്റ്സനുമായി ദീർഘനാൾ പ്രണയത്തിൽ ആകുന്നു, ശേഷം അവർ രണ്ടു പേരും മതം മാറുന്നു. ഇതിലെ “ലൗ ജിഹാദിന്റെ” റോൾ എവിടെയാണെന്ന് സഭ തന്നെ മറുപടി പറയണം.

2. സോണിയ സെബാസ്റ്റ്യൻ. കോട്ടയത്ത്‌ എം.ജി യൂണിവേഴ്സിറ്റി കലോൽസവത്തിൽ വെച്ച് പരിചയപ്പെട്ട സെന്റ് ജോസഫ്‌ എൻജിനീയറിങ് കോളേജ്‌ വിദ്യാർത്ഥിയായ റാഷിദ്‌, സോണിയയുമായി പരിചയത്തിലാവുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്യുന്നു. പഠനം കഴിഞ്ഞ്‌ റാഷിദ്‌ ദുബായിൽ ജോലിക്ക്‌ ചേരുകയും, സോണിയ ബാംഗ്ലൂരിൽ എം.ബി.എയ്ക്ക്‌ ചേരുകയും ചെയ്തു. തുടർന്ന് സോണിയ മതം മാറി മുസ്‌ലിം ആയി റാഷിദിനെ വിവാഹം ചെയ്യുകയും രണ്ട് പേരും തൃക്കരിപ്പൂർ പീസ്‌ സ്കൂളിൽ ജോലിക്ക്‌ ചേരുകയും ചെയ്തു. അവിടെ വെച്ചാണ്‌ ബിഹാർ സ്വദേശിയായ യാസ്‌മിനെ പരിചയപ്പെടുന്നതും യാസ്മിൻ വഴി ഐ.എസ് ആശയത്തിലേക്ക്‌ അവർ വീഴുന്നതും സിറിയയിൽ പോകുന്നതും.

സഭ പറഞ്ഞതിൽ ആകെയുള്ള രണ്ട് പെൺകുട്ടികളും മുസ്‌ലിം ആയതും സിറിയയിൽ പോയതും ഇങ്ങനെയാണ്‌. ഇതിൽ എവിടെയാണ്‌ ലൗ ജിഹാദ്‌ ? ഒരാൾ കൃസ്ത്യാനിയെ പ്രണയിച്ച്‌ അയാളൊടൊപ്പം മതം മാറി വർഷങ്ങൾകഴിഞ്ഞ്‌ ഐ.എസ് ആശയത്തിൽ എത്തി, മറ്റൊരാൾ മുസ്‌ലിമിനെ പ്രണയിച്ച്‌ മതം മാറി വിവാഹം കഴിഞ്ഞ്‌ രണ്ട്‌ വർഷം കഴിഞ്ഞ്‌ ഐ.എസ് ആശയത്തിൽ എത്തി. ഇത്‌ പൊളിഞ്ഞുകഴിഞ്ഞപ്പോൾ സൈബർ അൽമായർ കൊണ്ടുവന്ന ലിസ്റ്റ്‌ മിഷേൽ ഷാജി, ചെങ്ങനാശേരി സ്വദേശി ദീപ ചെറിയാൻ എന്നിവരെക്കുറിച്ചാണ്.

ഏത്‌ മിഷേൽ ഷാജി? ഗോശ്രീപാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത മിഷേൽ ഷാജി!! മിഷേൽ ഷാജി ഗോശ്രീപാലത്തിലേക്ക്‌ നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യം വരെ ഉണ്ട്‌ . എന്നിട്ടിവന്മാർ പറയുന്നത് അതും ലൗ ജിഹദ്‌ ആണെന്നാണ്!! ദീപാ ഷാജിയുടെ കേസ്‌ ആണെങ്കിൽ എനിക്ക്‌ നേരിട്ട്‌ അറിയാവുന്നതാണ്‌. എന്റെ നാട്ടുകാരനും പഴയ ഒരു സുഹൃത്തുമായിരുന്ന നൗഷാദിന് ഇപ്പോൾ മയക്കുമരുന്ന് കച്ചവടമാണ്. പലതവണ പോലീസ്‌ പിടിയിലായിട്ടുണ്ട്‌ നൗഷാദ്‌. നൗഷാദിന്റെ പങ്കാളിയാണ്‌ ഈ ദീപ ചെറിയാൻ. രണ്ടുപേരും അവരുടെ ഭാര്യയെയും ഭർത്താവിനെയും ഉപേക്ഷിച് ഒന്നിച്ച്‌ താമസിക്കുകയാണ്‌. ഒരിക്കൽ നൗഷാദ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ എറണാകുളം സബ്‌ജയിലിൽ കിടക്കുമ്പോൾ തീവ്രവാദക്കേസിൽ പ്രതിയായ തടിയന്റവിട നസീറും അവിടെയുണ്ട്‌. ദീപ ചെറിയാൻ രഹസ്യമായി നൗഷാദിന് ഒരു സിം കാർഡ്‌ കൈമാറി. ആ ഫോണിൽ നിന്ന് തടിയന്റവിട നസീറും ഫോൺ ചെയ്തിരുന്നു. അത്‌ പോലീസ്‌ പിടിക്കുകയും സിം കൊടുത്ത ദീപയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഇത്‌ സഭക്കും സൈബർ അൽമായർക്കും ലൗ ജിഹാദാണ്‌. സത്യത്തിൽ ഇതിൽ ലൗവും ഇല്ല, ജിഹാദും ഇല്ല. ഉള്ളത്‌ നല്ല ആംബ്യൂൾ ബിസിനസ്‌ മാത്രമാണ്‌. ചുരുക്കി പറഞ്ഞാൽ ലൗ ജിഹാദ്‌ ആരോപണമുന്നയിച്ച്‌ പുകമറയിൽ നിറുത്തുക എന്നതല്ലാതെ സഭയെ സംബന്ധിച്ച് വ്യക്തമായ തെളിവ്‌ നൽകാൻ ഒന്നും ഇല്ല.”

‘ലൗ ജിഹാദ്‌ ഉണ്ടോ?’ എന്ന തലക്കെട്ടിൽ പ്രസ്തുത ഫേസ്ബുക് കുറിപ്പ് തുടരുന്നു. “ലൗ ജിഹദിനെ സംബന്ധിച്ച് 2009 മുതൽ രാജ്യത്ത്‌ അന്വേഷണം നടക്കുന്നു. 2009-ൽ കേരള ഹൈക്കോടതി ജഡ്ജി എം.ശ്രീധരൻ നമ്പ്യാർ ലൗ ജിഹാദ്‌ ഉണ്ട്‌ എന്നതിന് ഒരു തെളിവും ഇല്ല എന്ന് പറഞ്ഞ്‌ തള്ളിയതാണ്. 2010-ൽ കർണാടക സർക്കാർ അന്വേഷണങ്ങൾക്ക്‌ ശേഷം തള്ളിക്കളഞ്ഞു. 2012-ൽ കേരള പോലീസ്‌ വീണ്ടും അന്വേഷണത്തിനൊടുവിൽ തള്ളിക്കളഞ്ഞു. 2014-ൽ ഉത്തർപ്രദേശ്‌ പോലീസ്‌ അന്വേഷണത്തിനു ശേഷം ലൗ ജിഹാദ്‌ ആരോപണം തള്ളിക്കളഞ്ഞു. അവസാനമായി ഹാദിയ കേസ്‌ തീർപ്പ്‌ കൽപിച്ചുകൊണ്ട്‌ രാജ്യത്തെ സുപ്രീം കോടതി രാജ്യത്തെ പരമോന്നത തീവ്രവാദ അന്വേഷണ ഏജൻസിയായ എൻ.ഐ.എ.യെ ലൗ ജിഹാദിനെ കുറിച്ച്‌ അന്വേഷിക്കാൻ ഏൽപിച്ചു.

ആ സമയം 89 കേസുകളിലാണ് കേരളത്തിൽ ലൗ ജിഹാദ്‌ ആരോപണം വന്നത്‌. അതായത്‌ മുസ്‌ലിംകൾ അന്യമതത്തിൽ നിന്ന് പ്രണയിച്ച്‌ വിവാഹം കഴിച്ച 89 പേരുടെ മാതാപിതാക്കൾ “ഇത്‌ ലൗ ജിഹാദ്‌ ആണ്” എന്ന് പരാതി കൊടുത്തു. ഇതിൽ 11 കേസുകളേ അന്വേഷിക്കാനെങ്കിലും യോഗ്യതയുള്ളു എന്ന് കണ്ട എൻ.ഐ.എ ബാക്കി എല്ലാ കേസുകളും അപ്പോൾ തന്നെ തള്ളി. ഈ 11 കേസുകളിൽ വിശദമായ അന്വേഷണം നടത്തിയ എൻ.ഐ.എ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ “ഈ കേസുകളെല്ലാം തന്നെ പുരുഷനെയൊ സ്ത്രീയെയൊ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല” എന്നാണ് പറയുന്നത്. (https://www.news18.com/news/india/after-6-months-supreme-court-returns-kerala-love-jihad-reports-untouched-to-nia-1967123.html). മതം മാറാൻ തയ്യാറാവുന്നവരെ സഹായിക്കുന്ന ഏജൻസികൾ ഉണ്ട്‌, എന്നാൽ നിർബന്ധിത മതംമാറ്റം ഇല്ല എന്നായിരുന്നു എൻ.ഐ.എ റിപ്പോർട്ട്‌. അതായത്‌ അമിത് ഷായുടെ കീഴിലെ എൻ.ഐ.എ ആണ്‌ അവസാനമായ്‌ ലൗ ജിഹാദ്‌ ഇല്ല എന്ന് പറഞ്ഞത്‌. എന്നിട്ടും സിറോ മലബാർ സഭ ഇങ്ങനെ ഒരു ആരോപണം കൊണ്ടുവരുന്നത്തിനു പിന്നിൽ ആർ.എസ്.എസ് പേടിമാത്രമല്ല, സഭക്കകത്ത്‌ നിന്ന് വരുന്ന സ്ഥലക്കച്ചവടം, ലൈകിക പീഡനം എന്നിവയുൾപ്പെടെയുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കൽ കൂടിയുണ്ടെന്ന് ആർക്കും മനസിലാകും.”

‘കേരളത്തിലെ മതം മാറ്റം’ എന്ന തലക്കെട്ടോടെ കുറിപ്പിലെ അവസാന ഭാഗം ഇങ്ങനെ: “കേരളത്തിൽ ഏറ്റവും കൂടുതൽ മതം മാറ്റം നടക്കുന്നത്‌ ഏത്‌ മതത്തിലേക്കാണ്‌? കോഴിക്കോട്‌ ആസ്ഥാനമായുള്ള ഒരു സംഘടന കേരള ഗസറ്റ്‌ (ഗസറ്റിൽ പബ്ലിഷ്‌ ചെയ്യണമല്ലൊ മതം മാറാൻ) അടിസ്ഥാനമാക്കി 2011 മുതൽ 2017 വരെ മതം മാറിയവരുടെ എണ്ണം എടുത്തപ്പോൾ കണക്ക്‌ ഇതാണ്‌. (https://english.manoramaonline.com/news/kerala/2018/03/07/60-per-cent-kerala-converts-chose-hinduism-shows-study.htm)
1) 2011 മുതൽ 2017 വരെ ആകെ മതം മാറിയവർ – 8,334.
2) അതിൽ 60% അതായത്‌ 4,968 പേർ മറ്റു മതങ്ങളിൽ നിന്ന് ഹിന്ദുമതത്തിലേക്ക്‌ മതം മാറിയവരാണ്.
3) മുസ്‌ലിം ആയത്‌ ആകെ 1,864 ആളുകൾ.
4) ക്രിസ്ത്യാനികളായത്‌ 1496 പേർ.

ഇനിയാണ്‌ രസകരമായ കണക്ക്‌. 4756 ക്രിസ്ത്യാനികളാണ്‌ ഹിന്ദുമതത്തിലേക്ക്‌ മതം മാറിയത്‌. അതിൽ 2224 പേർ ക്രിസ്ത്യൻ സ്ത്രീകളാണ്‌. 1496 പേർ ക്രിസ്‌തുമതത്തിലേക്ക്‌ മതം മാറിയതിൽ പകുതിയോളം അഥവാ 720 പേർ സ്ത്രീകളാണ്‌!! അതായത്‌ 2011-2017 കാലയളവിൽ ക്രിസ്ത്യാനി ആയ പകുതി പേരെയും
കല്യാണം കഴിപ്പിച്ച്‌ മതം മാറ്റിയതാണ്‌ (എന്നിട്ടാണ്‌ സഭ ഒരു ഉളുപ്പും ഇല്ലാതെ ലൗ ജിഹാദുമായി വരുന്നത്‌). മുസ്‌ലിംകളിലും അത്‌ തന്നെ. പകുതിയോളം അതായത്‌ 1055 പേർ സ്ത്രീകളാണ്‌.

ചുരുക്കിപ്പറഞ്ഞാൽ 2011 മുതൽ 2017 വരെയുള്ള കേരളത്തിലെ കണക്കെടുത്താൽ പകുതിയോളം സ്ത്രീകളാണ്‌ മതം മാറിയത്‌. ഇത്‌ ഏതാണ്ട്‌ മുഴുവൻ തന്നെ പ്രണയ വിവാഹം വഴിയാണ്‌ . പ്രണയവിവാഹത്തെ സഭയ്ക്ക്‌ അത്രയ്ക്ക്‌ ഭയമുണ്ടെങ്കിൽ ഇനിമുതൽ സഭയിലെ ആൺകുട്ടികൾ മറ്റുമതക്കാരെ പ്രണയിച്ച്‌ കൊണ്ടു വരുമ്പോൾ മാമോദീസ മുക്കി കല്യാണം നടത്തിക്കൊടുത്ത്‌ എണ്ണം കൂട്ടാതെ അവരെ സഭയിൽ നിന്ന് പുറത്താക്കണം. അതല്ലാതെ ഇങ്ങോട്‌ വരുന്നത്‌ സത്യമാർഗ്ഗം കണ്ടെത്തുന്നതും, അങ്ങോട്‌ പോകുന്നത്‌ ലൗ ജിഹാദും ആകുന്നത്‌ ഒരു തരം നാണംകെട്ട പരിപാടിയാണ് അച്ചോ.
NB – 2015-ൽ ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിൽ പറഞ്ഞത്‌ മുസ്‌ലിങ്ങൾ മാത്രമല്ല എസ്.എൻ.ഡി.പിക്കാരും ക്രിസ്ത്യൻ യുവതികളെ ഗൂഡലക്ഷ്യത്തോടെ മതം മാറ്റുന്നു എന്നായിരുന്നു‌.”(4)

മതം അടിച്ചേല്പിക്കാനുള്ളതല്ല

“മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ഖുർആൻ 2: 256)

മതപ്രബോധനത്തെ സല്‍കര്‍മമായും ബാധ്യതാനിര്‍വഹണമായും കാണുന്നതോടൊപ്പം തന്നെ, കൃത്യമായ വിധിവിലക്കുകള്‍ ആ രംഗത്ത് സമര്‍പ്പിക്കുകയും ചെയ്ത മതമാണിസ്‌ലാം. പ്രബോധനരംഗത്ത് നിര്‍ബന്ധത്തിന്റെ ഒരു ചെറു ലാഞ്ചന പോലും കടന്നുവരാന്‍ പാടില്ലെന്നത് ഇസ്‌ലാമിന്റെ കണിശമായ താല്‍പര്യമാണ്. പ്രകോപനത്തിന്റെയും പ്രലോഭനത്തിന്റെയും അരികുപറ്റി മതപ്രബോധനം നിര്‍വഹിച്ച ചരിത്രം പല മതങ്ങള്‍ക്കും അന്യമല്ലെങ്കിലും, ഇസ്‌ലാമിനെ സംബന്ധിച്ച് അത് തീര്‍ത്തും അപവാദം മാത്രമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേല്‍ വിലങ്ങണിയിക്കുന്ന സമീപനത്തെ വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. മതം തെരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍ വമ്പിച്ച സാമൂഹികവിപത്തായിരിക്കും പരിണിതഫലമെന്ന് ഉറച്ചുവിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇസ്‌ലാമിനുമേല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ചാപ്പ കുത്തുന്നത് തികഞ്ഞ ക്രൂരതയാണ്.

‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത് പ്രവാചകന്റെ മദീനാ ജീവിത കാലഘട്ടത്തിലായിരുന്നു. അഥവാ മുസ്‌ലിം സമൂഹം മദീനയിൽ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിച്ചതിനു ശേഷമാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നർത്ഥം. അതിനൊരു പ്രത്യേക പശ്ചാത്തലവുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ച മദീനാ നിവാസികളായ ചിലർക്ക് ജൂത, ക്രൈസ്തവ മതങ്ങൾ സ്വീകരിച്ചിരുന്ന മക്കളുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന പിതാക്കന്മാർ മക്കളെ അവരുടെ മതം ഉപേക്ഷിക്കുവാനും ഇസ്‌ലാം സ്വീകരിക്കുവാനും നിർബന്ധിക്കുകയുണ്ടായി. ആ അവസരത്തിലാണ് ‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. മുൻഗാമികളും പിൻഗാമികളുമായ നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ ഉദ്ധരിച്ച പ്രസ്തുത പശ്ചാത്തലം, ഇസ്‌ലാം ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തെ അനുവദിച്ചിട്ടില്ലെന്നതിന്റെ ചരിത്രരേഖകളിൽ പെട്ടതാണ്. അതിനാലാണ് പ്രാമാണിക ഖുർആൻ വ്യാഖ്യാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇബ്നു കഥീർ (റ) തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയത്: “അതായത്, ഇസ്‌ലാം മതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ആരെയും നിർബന്ധിക്കരുത്. കാരണം അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതിൽ പ്രവേശിക്കുവാൻ നിർബന്ധിക്കേണ്ട ആവശ്യമില്ല. എന്നാൽ അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴിചേർക്കുകയും അവന്റെ ഹൃദയത്തിനു വികാസം നൽകുകയും അവന്റെ അന്തർദൃഷ്ടിക്ക് പ്രകാശം നൽകുകയും ചെയ്യുന്ന പക്ഷം അവൻ അതിൽ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തർദൃഷ്ടിക്ക് അല്ലാഹു അന്ധത നൽകുകയും അവന്റെ കേൾവിക്കും കാഴ്ചക്കും മുദ്ര വെക്കുകയും ചെയ്തുവോ അവൻ നിർബന്ധത്തിനും ബലാൽക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തിൽ പ്രവേശിക്കുന്നതിൽ അവന് പ്രയോജനമില്ല.” പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടാണ്.(5)

‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശം വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നു. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13) മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന്ന് കറുത്തവനേക്കാളോ കറുത്തവന്ന് വെളുത്തവനേക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ.” (ബൈഹഖി)

മറ്റു മതസ്ഥരോട് സ്‌നേഹത്തിലും സാഹോദര്യത്തിലും വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ എല്ലാ കാലത്തും ഇസ്‌ലാമിലേക്കു പ്രബോധനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രീതി ഇസ്‌ലാമിന് അന്യമാണ്. ഇസ്‌ലാം മറ്റു മതവിശ്വാസികളുമായി സാഹോദര്യം കാത്തുസൂക്ഷിക്കുവാൻ പഠിപ്പിച്ചു. മറ്റുള്ളവരുടെ വിശ്വാസസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടുന്നത് ഇസ്‌ലാം വിലക്കി. അമുസ്‌ലിം സഹോദരന്മാരുമായി മരണം വരെ നല്ല ബന്ധം നിലനിർത്തിയ പ്രവാചകനാണ് മുഹമ്മദ് നബിﷺ. പ്രവാചകൻﷺ മരണപ്പെടുന്ന സന്ദർഭത്തിൽ അവിടുത്തെ പടയങ്കി മുപ്പത് സാഅ് ബാർലിക്ക് ഒരു ജൂതന്റെയടുക്കൽ പണയത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രിയ പത്നി ആഇശ (റ) നിവേദനം ചെയ്ത സംഭവം ബുഖാരി എന്ന ആധികാരിക ഹദീഥ് ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അമുസ്‌ലിംകളുമായി പ്രവാചകൻﷺ പുലർത്തിയിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭവങ്ങളിലൊന്നാണിത്. സമാധാനപരമായ രീതിയിൽ ഇസ്‌ലാമിക പ്രബോധനം നിർവഹിക്കുകയും ഇസ്‌ലാമിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയുമെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ അമുസ്‌ലിം സഹോദരന്മാരോട് അങ്ങേയറ്റം സ്നേഹവും സാഹോദര്യവും പുലർത്തുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

Ref:

4) https://www.facebook.com/groups/
236396746702549/permalink/
1086840821658133/

5) സ്നേഹസംവാദം മാസിക (2016 സെപ്റ്റംബർ)

print

No comments yet.

Leave a comment

Your email address will not be published.