പഴകിയ നോട്ട് (കഥ)

//പഴകിയ നോട്ട് (കഥ)
//പഴകിയ നോട്ട് (കഥ)
ആനുകാലികം

പഴകിയ നോട്ട് (കഥ)

കൃഷ്ണൻകുട്ടി ആ പടത്തിലേക്ക് വീണ്ടും കണ്ണോടിച്ചു. തന്റെയായുസ്സിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്നാശിച്ച വ്യക്തി. തന്നെ സ്വാധീനിച്ച മഹാനുഭാവൻ. വിധിയുടെ ക്രൂരമുഖം പൈശാചികഭാവത്തിന്റെ ലാസ്യത്തോടെ ചരിത്രതാളുകളെ മറിച്ചപ്പോൾ അടർന്ന് വീണ ഛായാചിത്രം. സ്‌നേഹത്തിന്റെ പൂക്കൾ വിരിഞ്ഞത് പോലെയുള്ള കണ്ണുകളും ഏത് പ്രശ്‌നത്തെയും നിവർത്തുന്ന വളവ് പോലുള്ള ചിരിയും നോക്കിയയാൾ ദീർഘനിശ്വാസം വലിച്ചു. പടത്തിൽ നോക്കി മന്ദഹസിക്കുമ്പോളും വാർദ്ധക്യം കൂരിരുട്ടിലമർന്നു. കഫം കുത്തിയുള്ള ചുമയ്ക്കിടയിലും കണ്ണുകളിൽ നിന്ന് ഗൃഹാതുരത്വം തുളുമ്പുന്ന കണ്ണുനീർതുള്ളികൾ പുതുമഴ പോലെ പെയ്തു.

ഭാര്യ കാപ്പിയുമായി വന്നത് അയാൾ ശ്രദ്ധിച്ചില്ല. അവർ കാപ്പി മേശപ്പുറത്ത് വെച്ച് അയാളുടെ കയ്യിലേക്ക് നോക്കി. വർഷങ്ങളായി നിധി കണക്കെ ഭർത്താവിന്റെ കയ്യിൽ കാണുന്ന ചിത്രം. പകരം വെക്കാനാകാത്തയൊന്ന്.

ഗാന്ധി. മോഹൻ ദാസ് കരംചന്ദ് ഗാന്ധി.

‘ന്താ ചേട്ടാ ഈ ഫോട്ടോയിലെപ്പോഴും നോക്കുന്നത്?’

അയാൾ കണ്ഠമിടറി കൊണ്ട് വാക്കുകൾ നഷ്ടപ്പെട്ടയാളെ പോലെ ചിത്രത്തിലേക്കും ഭാര്യയുടെ മുഖത്തേക്കും മാറി മാറി നോക്കി.

‘ഇന്നത്തെ ദിവസം നീ മറക്കുമെന്നറിയാം. പക്ഷെ ഞാൻ മറക്കില്ല. ഒരട്ടയെ പോലെ അതെന്റെ മസ്തിഷ്‌ക്കത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ട്.’

ഭാര്യയുടെ അന്ധാളിച്ച മുഖം കണ്ടയാൾ തുടർന്നു.

‘ഇന്നല്ലേ ആ മനുഷ്യപിശാച്ച് അത് ചെയ്തത്?’

ഇറ്റാലിയൻ ബെറെറ്റ പിസ്‌റ്റോളിൽ നിന്നുതിർന്ന വെടിയുണ്ടകളുടെ മരണമണി ഉച്ചത്തിലടിക്കുന്ന ശബ്ദമയാളെ ആയുഷ്‌ക്കാലം പിന്തുടർന്നു. ഗാന്ധിയുടെ ചോരയുടെ ഗന്ധം അയാളുടെ മൂക്കിലിപ്പോളും തളംകെട്ടി നിന്നു. ആ രംഗം യൂക്കലിപ്റ്റസ് മരത്തിന്റെ വേരുകൾ കണക്കെ ആഴത്തിൽ ഹൃദയഭിത്തികളിൽ പിടിമുറുക്കിയിരുന്നു. കത്തി മൂർച്ചകൂട്ടുന്ന തിരിയുന്ന കല്ലിൽ നിന്ന് തെറിക്കുന്ന തീപ്പൊരി പോലെ ഈ സംഭവം തലച്ചോറിൽ രോഷത്തിന്റെ വിസ്‌ഫോടനം സൃഷ്ടിച്ചു.

‘ഇതീ വയസ്സാൻ കാലത്ത് പറഞ്ഞിരിന്നിട്ടെന്തിനാ? കുറേ നാളായില്ലെ?’

കൃഷ്ണൻ കുട്ടി അലമാരിയിൽ നിന്നും കറുത്ത ലെതർ പേഴ്സെടുത്തു. അതിൽ നിന്നും അഞ്ഞൂറ് രൂപയുടെ നോട്ടെടുത്തു. പഴകിയ നോട്ടാണെങ്കിലും അതിലെ ഗാന്ധിചിത്രം തെളിമയോടെ പുഞ്ചിരി തൂകി നിന്നു. അയാളാ നോട്ട് ഭാര്യയുടെ നേർക്ക് നീട്ടി.

‘നിനക്ക് ഗാന്ധിയെന്ന് വെച്ചാ നോട്ടിലെ പടം മാത്രമായിരിക്കും. എനിക്കങ്ങനെയല്ല.’

ഭാര്യ അന്ധാളിച്ച് നിൽക്കവേ അവിടെ ഒരു ചെറുപ്പക്കാരൻ കടന്ന് വന്നു. ബലിഷ്ഠമായ ശരീരവും ഉയരവുമുള്ള അയാൾ തന്റെ മീശ പിരിച്ച് നിന്നു.

‘അച്ഛനെന്തിനാ അമ്മയെ ചീത്ത പറയുന്നത്? ഈ പടം നോക്കിയിരുന്നാ എല്ലാ പ്രശ്‌നവും മാറോ?’

മകൻ ഗോപാലിന്റെ കയർത്തുള്ള സംസാരം അയാളെ ചൊടിപ്പിച്ചു.

‘എന്നാ ഗോഡ്‌സെയുടെ ഒരു പടം താ.’

ഗോപാൽ കനത്ത സ്വരത്തിൽ പറഞ്ഞു.

‘പാക്കിസ്താനുണ്ടാവാനുള്ള കാരണം ഗാന്ധിയാ. അയാളെ കൊന്ന ഗോഡ്‌സെ ഒരു ഹീറോ തന്നെ.’

ചരിത്രവിദ്യാർത്ഥിയായ ഗോപാലിന്റെ തെറ്റായ നിഗമനങ്ങളിൽ ആദ്യമായിട്ടല്ല അയാളെ അരിശം കൊള്ളിക്കുന്നത്. ഗാന്ധിയെ ചോരനിറം കൊണ്ട് നിറമടിക്കാൻ ശ്രമിക്കുന്ന മകന്റെ നിലപാടയാളെ തളർത്തി. തന്റെ ബീജത്തിൽ നിന്നും വിഷക്കായകൾ കുലച്ച് നിൽക്കുന്ന മരം തഴച്ച് വന്നതോർത്ത് അയാൾക്ക് ആധിയായി. മകന്റെ തുളച്ചു കയറുന്ന നോട്ടം അയാളെ ധൂളിയാക്കി. വാഷ്‌ബേസിനിൽ പോയി കഫം തുപ്പിക്കളഞ്ഞ് തിരികെ കസേരയിലിരുന്നതും നെഞ്ചെരിച്ചിൽ. പുതിയ തലമുറയെ പറ്റിയുള്ള പ്രതീക്ഷ കൈവിട്ട് പോയിരിക്കുന്നു. ചരിത്രം പഠിക്കുന്നതിന് പകരം പുതിയ ചരിത്രം നിർമ്മിക്കുകയാണവർ. ഗാന്ധിയെ പോലും ഈർച്ചവാൾ കൊണ്ട് മയമില്ലാതെ അറക്കുന്നു.

‘നിന്റെ മുത്തശ്ശൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അബ്ദുറഹ്മാൻ സാഹിബിന്റെ കൂടെ ജയിലിൽ പോയിട്ടുണ്ട്. ഗാന്ധിജിയെ കണ്ടിട്ടുണ്ട്. അന്നത്തെ ഹിന്ദു മുസ്‌ലിം ഐക്യമൊക്കെ വേറേ തന്നെ.’

പക്ഷെ അയാൾ പറയുന്നതൊന്നും ഗോപാൽ ചെവി കൊണ്ടില്ല.

‘ഗാന്ധിയെ വിശുദ്ധനായി പ്രഖ്യാപിക്കണോ?’

‘വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രത്തിൽ വീണുപോയവരാണ് ഭാരതത്തെ പിളർത്തിയത്. ഗാന്ധിയല്ല. ഒരിക്കലുമല്ല.’

ഗോപാൽ തറപ്പിച്ച് നോക്കി. അയാളുടെ നേത്രങ്ങളിൽ നിന്ന് മാണിക്യക്കല്ല് പോലെ കണ്ണുകളുള്ള സർപ്പങ്ങൾ വിഷം ചീറ്റി. നെറ്റി ചുളിഞ്ഞു കൊണ്ട് പ്രതിഷേധപുരികങ്ങൾ വളച്ചു. മുഖം ചക്രവാളത്തിലെ കത്തിയമരുന്ന കനൽകട്ടയായി.

‘ഗാന്ധിയുടെ ഫോട്ടോ നോട്ടിൽ പോലും കൊടുക്കാൻ കൊള്ളില്ല.’

‘അറിയാമെടാ. ഗോഡ്‌സെയ്ക്ക് വേണ്ടി അമ്പലം പണിയുന്ന ചില ഭക്തന്മാർക്ക്…’

ഗോപാലിന് ആ വിമർശനം ഇഷ്ടപ്പെട്ടില്ല. അയാൾ തന്റെ കയ്യിലുള്ള കൈപ്പത്തിയുടെ വലിപ്പമുള്ള ടച്ച്-സ്‌ക്രീൻ മൊബൈൽ നീട്ടി. അതിലെ പടം കണ്ട് കൃഷ്ണൻ കുട്ടി ഞെട്ടിത്തരിച്ചു.

ഫോട്ടോഷോപ്പിൽ ഡിസൈൻ ചെയ്ത ഇന്ത്യൻ കറൻസി. അതിൽ ഗാന്ധിക്ക് പകരം ഗോഡ്‌സെ. ജാനാധിപത്യത്തിന്റെ പുതിയ അപ്പോസ്ഥലൻ തന്നെ നോക്കി ചിരിക്കുന്നോ? ഭാരതത്തിന്റെ ദ്വാരപാലകൻ. ദേശീയതയുടെ നവപ്രതീകം.

മഹാത്മാ ഗോഡ്‌സെ.

ഗോപാൽ പല്ലിളിച്ചു. മുഖത്തിന് ഗോഡ്‌സെയുടെ ഛായ വന്നു.

കൃഷ്ണൻകുട്ടിയുടെ ഞരമ്പുകൾ വലിഞ്ഞ് മുറുകി. നെറ്റിത്തടം വിയർത്തു. ചുമ കൊണ്ട് കുലുങ്ങി ചുറ്റുമുള്ള ലോകം ചുരുങ്ങി വരുന്നതായി അനുഭവപ്പെട്ടു. ഇറ്റാലിയൻ ബെറെറ്റ പിസ്‌റ്റോളിൽ നിന്നുമുതിർന്ന വെടിയുണ്ടകളുടെ ശബ്ദം മുഴങ്ങി. ജനങ്ങൾ ഭയവിഹ്വലരായി ഓടി.

ബാപ്പൂജീ…എന്റെ ബാപ്പൂജീ.

വിറയാർന്ന സ്വരത്തിലുള്ളയാ രോദനം അവിടെ മാറ്റൊലി കൊണ്ടു. തല കറങ്ങിയയാൾ കസേരയിൽ നിന്നും നിലത്തേയ്ക്ക് വീണു. ആരോ മന്ത്രിക്കുന്നത് വ്യക്തമായി അയാൾക്ക് കേൾക്കാമായിരുന്നു.

‘ഗാന്ധിജി രണ്ടാം വട്ടം വധിക്കപ്പെട്ടിരിക്കുന്നു.’

(കടപ്പാട്, വീക്ഷണം ഓണപ്പതിപ്പ് 2015)

print

No comments yet.

Leave a comment

Your email address will not be published.