ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -3

//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -3
//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -3
ആനുകാലികം

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -3

വിമർശനം: 3

“ഉണക്ക മുന്തിരി പോലത്തെ തലയുള്ള എന്ന് വിശേഷിപ്പിക്കുക വഴി കറുത്ത എത്യോപ്യന്‍സിനെ എത്രമാത്രം തരംതാഴ്ന്നവനായിട്ടാണ് പ്രവാചകന്‍ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ…?”

മറുപടി:

”ഉണക്ക മുന്തിരി പോലത്തെ തലയുള്ള ഒരു എത്യോപ്യന്‍ കറുത്ത അടിമ നിങ്ങളുടെ ഭരണാധികാരി ആയി വന്നാലും, നിങ്ങള്‍ അദ്ദേഹത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക”. (സ്വഹീഹ് ബുഖാരി: 6760)

അവർണരേയും അടിമകളേയും മനുഷ്യന്മാരായി പോലും പരിഗണിക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ അവർക്ക് നേതൃത്വത്തിനും ഭരണ സാരഥ്യത്തിനും അവകാശമുണ്ട് എന്ന മനുഷ്യാവകാശ പ്രഖ്യാപനമാണ് ഈ ഹദീസ്. പക്ഷെ ഇവിടെയും കുറ്റം കണ്ടെത്താൻ വിമർശകരിൽ ചിലർ മറന്നില്ല!! അവർക്ക് നേതൃത്വത്തിനും ഭരണ സാരഥ്യത്തിനും അവകാശമുണ്ട് എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തെ പറ്റി ഒന്നും പറയാനില്ല !! മറ്റു ഭരണാധികാരികൾക്ക് വകവെച്ച് കൊടുക്കുന്ന ആദരവും അനുസരണവും അവർണർക്കും അടിമകൾക്കും നൽകപ്പെടണമെന്ന വർണവിവേചനത്തിനെതിരായ പ്രവാചക പാഠമാണ് ഈ ഹദീസ് ഉൾകൊള്ളുന്നത്. അതും വിമർശകർ കാണുന്നില്ല. കണ്ടതാകട്ടെ “ഉണക്ക മുന്തിരി പോലത്തെ തല” എന്നത് മാത്രം ! ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം !!

ഉണക്ക മുന്തിരി പോലത്തെ തല എന്നാണ് പറഞ്ഞത്; മുഖം എന്നല്ല. അഥവാ കാഴ്ച്ചയിൽ ഉണക്കമുന്തിരി പോലെ, ചുരുണ്ട മുടിയുള്ള, ഒരു ഭരണാധികാരിയാണ് നിങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നതെങ്കിലും അയാൾക്ക് അയാളുടെ സ്ഥാനവും, ബഹുമാനവും, അനുസരണവും പ്രജകളായ നിങ്ങൾ വകവെച്ച് കൊടുക്കണം. രൂപത്തിലോ വേഷത്തിലോ ഒന്നും ഒരു കാര്യവുമില്ല. അവ പരിഗണിച്ചു കൊണ്ടുള്ള വിവേചനവും ഇരട്ടത്താപ്പുമൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന പാഠങ്ങളാണ് പ്രവാചകൻ ആ വാചകത്തിലൂടെ പഠിപ്പിക്കുന്നത്. ആ കാലഘട്ടക്കാർ വെറുപ്പോടെ കണ്ടിരുന്ന, പ്രസ്തുത രൂപത്തിലും നിറത്തിലും വർഗത്തിലും ഒരാൾ ഭരണത്തിൽ വന്നാൽ പോലും അയാൾക്കെതിരെ രൂപ-വർണ-വർഗത്തിന്റെ പേരിൽ വിവേചനമോ അപമര്യാദയോടെയുള്ള പെരുമാറ്റമോ വെച്ചുപുലർത്തരുത് എന്നൊക്കെയാണ് ഉപദേശം. ഒരാളുടെ രൂപത്തെയും കാഴ്ചയെയും അടിസ്ഥാനമാക്കിയുള്ള വിവേചനത്തെ ‘ലുക്കിസം’ (lookism) എന്നാണ് പറയുക. ഈ സാങ്കേതിക പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് ‘ഫാറ്റ് എക്സപ്റ്റൻസ് മൂവ്‌മെന്റി’ന്റെ ഭാഗമായി 1970 കളിലാണ്. 1978 ൽ ദി വാഷിംഗ്ടൺ പോസ്റ്റ് മാഗസിനിൽ ഈ പ്രയോഗം ഉപയോഗിക്കപ്പെട്ടതോട് കൂടി പദത്തിന് പ്രചാരം സിദ്ധിച്ചു. ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് വർണ – വർഗ വെറിക്ക് (racism) പുറമെ ലുക്കിസത്തിനും എതിരെ സംസാരിക്കുകയും നിയമം കൊണ്ട് വരികയും ചെയ്ത വ്യക്തിയാണ് മുഹമ്മദ് നബി (സ) എന്നാണ് ഹദീസ് തെളിയിക്കുന്നത്. വിദ്വേഷത്തിന്റെ തിമിരം ബാധിച്ചവർക്കല്ലാതെ ഈ വസ്തുത മനസ്സിലാകാതെ പോകില്ല.

വിമർശനം: 4

സ്വർഗ സ്ത്രീകളെ ഖുർആനും ഹദീസുകളും ഉപമിച്ച പല ഉപമകളിൽ നിന്നും അവർ വെളുത്ത നിറക്കാരാണെന്ന് വ്യാഖ്യാനിക്കപ്പെട്ടുകൂടെ?

ഉത്തരം:

ഇസ്‌ലാമിക പ്രമാണങ്ങളിലെ ചില ഉപമകളെ പലരും പലതുമായി മനസ്സിലാക്കിയിട്ടുണ്ടാവാം.
സ്വർഗ സ്ത്രീകളെ മുത്തും പവിഴവും പോലെ (ക്വുർആൻ: 55:58) എന്നോ സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടയെപ്പോലെയെന്നോ (ക്വുർആൻ: 37:49) പറയുമ്പോഴേക്കും അത് നിറത്തെയാണ് സൂചിപ്പിക്കുന്നത് എന്ന വ്യാഖ്യാനത്തെ സ്വീകരിക്കുന്നതും ഉറപ്പിച്ച് പറയുന്നതും അവരുടെ മുൻധാരണയെയാണ് (prejudice) വ്യക്തമാക്കുന്നത്.

ഒരു കാര്യത്തെ മറ്റൊരു കാര്യത്തിനോട് ഉപമിച്ചാൽ ഉപമേയം, ഉപമാനത്തിനോട് എല്ലാ വിശേഷണങ്ങളിലും സാമ്യമാകണമെന്നില്ല.
(സാദൃശ്യം രണ്ട് വസ്തുക്കൾ തമ്മിലായിരിക്കുമല്ലോ, അതിൽ ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അതാണ് ഉപമേയം, ഏതിനോട് സാദൃശ്യം കല്പിക്കുന്നുവോ അത് ഉപമാനം.)

“അലി പുലിയാണ്” എന്ന് നാം പറയുമ്പോൾ അലിയെ, ധീരത ശൗര്യം എന്നീ വിശേഷണങ്ങളിലാണ് പുലിയോട് പങ്കാളിയാക്കുന്നത്. “അലി പുലിയാണെങ്കിൽ അലിക്ക് വാലുണ്ടോ?” എന്നാരും ചോദിക്കാറില്ലല്ലോ. അതായത് ഒരാളെ മറ്റൊന്നിനോട് ഉപമിച്ചാൽ അയാൾ ഉപമാനത്തിനോട് എല്ലാ വിശേഷണങ്ങളിലും സാമ്യമാകണമെന്നില്ല.

ഏതു ഭാഷയിലും ഉപമാലങ്കാരവുമായി ബന്ധപ്പെട്ട നിയമം ഇതു തന്നെയാണ്. അറബി ഭാഷയിലും. (ഫൈളുൽ കദീർ: 1/206)

സ്വർഗ സ്ത്രീകളെ മുത്തും പവിഴവും പോലെയാണെന്ന് പറഞ്ഞതിനർത്ഥം അത്രയും അമൂല്യവും സുരക്ഷിതരും സൂക്ഷിച്ച് വെക്കപ്പെട്ടവരുമാണ് അവർ എന്നാണ്. മുത്തും പവിഴവും ഒരുപാട് നിറങ്ങളിൽ വരുന്നതുമാണ്. അപ്പോൾ നിറമല്ല ഇവിടെ ഉദ്ദേശം എന്ന് മുൻധാരണയില്ലാത്തവർക്കെല്ലാം വ്യക്തമായി മനസ്സിലാക്കാം.
“(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍” (ക്വുർആൻ: 56:23) എന്ന ഖുർആൻ വചനത്തിലൂടെ ഇത് കൂടുതൽ വ്യക്തമാകുന്നു.

“സൂക്ഷിച്ച് വെക്കപ്പെട്ട മുട്ടകൾ പോലെ” എന്ന് പറയുമ്പോഴും മുട്ടയുടെ നിറമോ രൂപമോ അല്ല ഉദ്ദേശിക്കപ്പെടുന്നത്. മറിച്ച് ഒരു പക്ഷി തന്റെ മുട്ടകൾ മറ്റുള്ളവരുടെ സ്പർശന മേൽക്കാതെ മൃദുലമായ നാരുകൾക്കും തൂവലുകൾക്കും ഇടയിൽ കൂടിന്റെ മധ്യത്തിൽ സൂക്ഷിച്ചു വെക്കുന്ന ആ സൂക്ഷിപ്പിനേയും സംരക്ഷണത്തേയുമാണ് സൂചിപ്പിക്കപ്പെടുന്നത്. എണ്ണമറ്റ മുസ്‌ലിം പണ്ഡിതർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുട്ടയുടെ തോടിനുള്ളിൽ മുട്ട കരു സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടത് പോലെ എന്ന് വ്യാഖ്യാനിച്ച ഖുർആൻ വ്യാഖ്യാതാക്കൾ പോലുമുണ്ട്. എന്നിരുന്നാലും മുട്ടകളുടെ നിറത്തോടാണ് സ്വർഗ സ്ത്രീകളെ ഉപമിച്ചത് എന്ന വ്യാഖ്യാനമേ സ്വീകരിക്കൂ എന്ന് പിടിവാശിയുള്ളവരോട് ചില ചോദ്യങ്ങൾ ചോദിക്കട്ടെ?!

1. സ്വർഗ സ്ത്രീകളെ മുട്ടയോട് ഉപമിച്ചത് കൊണ്ട് മുട്ടയുടെ എല്ലാ വിശേഷണത്തിലും അവർ പങ്കാളിയാകണമെന്ന് ഭാഷാശാസ്ത്ര പ്രകാരം നിർബന്ധമുണ്ടോ ? ഇല്ലെന്ന് നമ്മൾ മുമ്പ് വ്യക്തമാക്കി. ഇനി മുട്ടയുടെ എല്ലാ വിശേഷണത്തിലും അവർ പങ്കാളിയാകണമെന്ന് നിർബന്ധമുണ്ടെങ്കിൽ സ്വർഗ സ്ത്രീകൾ മുട്ടയുടെ ആകൃതിയിലും ഘടനയിലും മണത്തിലും ഉള്ളടക്കത്തിലും സമമാണോ ?!

2. മുട്ടകളുടെ നിറത്തോടാണ് സ്വർഗ സ്ത്രീകളെ ഉപമിച്ചത് എന്ന വ്യാഖ്യാനമേ സ്വീകരിക്കു എന്നുണ്ടെങ്കിൽ, മുട്ടകൾ തന്നെ എത്ര നിറത്തിലുണ്ട് എന്ന് വിമർശകർ മനസ്സിലാക്കണം. അമേരിക്കൻ പൗൾട്രി അസോസിയേഷൻ അംഗീകരിച്ച 60 ലധികം കോഴികളുടേയും, ലോകമെമ്പാടും വികസിപ്പിച്ചെടുത്ത നൂറുകണക്കിന് മറ്റ് ഇനം കോഴികളുടെയും വർഗങ്ങളെ സംബന്ധിച്ച വിവരം നമുക്ക് ലഭ്യമാണ്. അവയിൽ പലതും വെള്ള മുതൽ ക്രീം, പച്ച, പിങ്ക്, നീല, ചോക്ലേറ്റ് തവിട്ട് എന്നിങ്ങനെയുള്ള നിറങ്ങളുടെ മഴവില്ലു പോലെ മനോഹരമായ മുട്ടകൾ ഇടുന്നു. (https://backyardpoultry.iamcountryside.com/eggs-meat/a-guide-to-different-colored-chicken-eggs/)
കോഴിയെന്ന ഒരു പക്ഷിയുടെ മുട്ടകളുടെ കാര്യം മാത്രമാണിത്. അപ്പോൾ മുട്ടകളുടെ നിറത്തോടാണ് സ്വർഗ സ്ത്രീകളെ ഉപമിച്ചത് എങ്കിൽ നിറ വൈവിധ്യത്തിലെ മനോഹാരിതയെയാണ് ഖുർആൻ ചിത്രീകരിച്ചത് എന്നാണ് തെളിയുക.

3. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍ എന്ന് ഖുർആൻ പറഞ്ഞ വാചകത്തിന്റെ പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം; സ്വർഗത്തിന്റെ വിശേഷണങ്ങളാണ് വിവരിക്കപ്പെടുന്നത്:
“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.”
(ക്വുർആൻ: 37:45-49)

സ്വർഗത്തിലെ പാനീയത്തെ പറ്റി പറഞ്ഞപ്പോൾ അതിന്റെ നിറം വെളുപ്പാണെന്ന് അതിസ്പഷ്ടമായി വിവരിച്ച ഉടനെ സ്ത്രീകളെ ഉപമിച്ചപ്പോൾ, വെളുത്ത നിറമാണ് ഉദ്ദേശിച്ചതെങ്കിൽ അതും സ്പഷ്ടമായി തന്നെ വിവരിച്ചു കൂടായിരുന്നോ ?!

സ്വഹീഹായ ഹദീസുകളിലേക്ക് വന്നാൽ, അവിടെയും ഹൂറുൽ ഈനുകൾ വെളുത്തിട്ടാണെന്ന് പറഞ്ഞിട്ടില്ല.

يرى مخ سوقهن من وراء العظم واللحم من الحسن
يبدو مخ ساقها من ورائها

“അസ്ഥിക്കും മാംസത്തിനും അപ്പുറത്ത് നിന്നും അവരുടെ തണ്ടൻകാലിന്റെ അസ്ഥിയിലെ മജ്ജ (പുറത്തേക്ക് ) കാണപ്പെടും” എന്നാണ് ഹദീസുകളിൽ ഉള്ളത്. (സ്വഹീഹുൽ ബുഖാരി: 3081, സ്വഹീഹു മുസ്‌ലിം: 2834, സുനനു തുർമുദി: 2658)

അസ്ഥിക്കും മാംസത്തിനും പുറത്തേക്ക് മജ്ജ കാണപ്പെടണമെങ്കിൽ ട്രാൻസ്‌പേരൻസിയെയാണ് (transparency) അത് സൂചിപ്പിക്കുന്നത്; വെളുപ്പിനെയല്ല. ചർമ്മം എത്ര വെളുത്താലും അസ്ഥിക്കും മാംസത്തിനും പുറത്തേക്ക് മജ്ജ കാണുക എന്നത് അസാധ്യമാണ്. അതുകൊണ്ട് തന്നെ ട്രാൻസ്‌പേരൻസിയെയാണ് (തെളിവ്, രശ്‌മീപാരകത്വം) ഹദീസിലെ വിശേഷണങ്ങൾ സൂചിപ്പിക്കുന്നത്. അത്കൊണ്ടാണ് അവരുടെ ചർമ്മ ഘടന ചില്ലിനോട് സാമ്യമാണെന്ന് ഇമാം ഇബ്നുൽ ഖയ്യിമും (ബുസ്താനുൽ വാഇളീൻ) കണ്ണാടിയോട് സാമ്യമാണെന്ന് ഇമാം ഇബ്നു ഹജറും (ഫത്ഹുൽ ബാരി) പറഞ്ഞത്.

സാൾപ്പ് മത്സ്യങ്ങൾ അല്ലെങ്കിൽ ജുവനൈൽ മത്സ്യങ്ങളുടെ ശരീര ഘടനയുടെ ട്രാൻസ്‌പേരൻസിയോടും ഭംഗിയോടുമുള്ള സാമ്യതയെ ഹദീസിലെ, ഹൂറുൽഈങ്ങളെ സംബന്ധിച്ച വിശേഷങ്ങൾ സൂചിപ്പിക്കുന്നതായി, ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് വ്യക്തമാക്കുന്നു.
(https://twitter.com/almonajjid/status/426092407726145536?s=19)

ഹൂറുൽ ഈനുകൾക്ക് പ്രകാശമുണ്ടാകുമെന്നോ തിളക്കമുണ്ടാകുമെന്നോ (സ്വഹീഹുൽ ബുഖാരി: 2669, സുനനു തുർമുദി: 1651) സൂചിപ്പിക്കുന്ന ഹദീസുകളും അവർക്ക് നിറമുണ്ടാകണമെന്ന് സൂചിപ്പിക്കുന്നില്ല. കാരണം പ്രകാശത്തിനും തിളക്കത്തിനും തന്നെ എത്ര നിറങ്ങളുണ്ട് ! വെള്ള വെളിച്ചം തന്നെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നീ ഏഴ് നിറങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് നമുക്ക് അറിയാമല്ലോ. (https://science.jrank.org/pages/1589/Color-Light-color.html)

പരലോകത്തെ – പ്രത്യേകിച്ച് സ്വർഗത്തിലെ – ഓരോ കാര്യവും, മനുഷ്യർ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത, മനുഷ്യഭാവനക്ക് എത്തിച്ചേരാൻ കഴിയാത്തവയാണ് എന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്.
(സ്വഹീഹുൽ ബുഖാരി: 3072, സ്വഹീഹു മുസലിം: 2824)

അതുകൊണ്ട് തന്നെ സ്വർഗത്തിലെ ഇണകളുടെ യഥാർത്ഥ ശരീര ഘടനയെന്താണെന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് സാധിക്കില്ല എന്നത് ശരിയാണ്. എങ്കിലും പ്രമാണങ്ങളിലെ പരാമർശങ്ങളിൽ എവിടെയും സ്വർഗത്തിലെ ഇണകൾക്ക് വെളുത്ത നിറമായിരിക്കുമെന്ന് കാണുന്നില്ല.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.