സിദ്ധാന്തങ്ങളുടെ നിരർത്ഥകത

//സിദ്ധാന്തങ്ങളുടെ നിരർത്ഥകത
//സിദ്ധാന്തങ്ങളുടെ നിരർത്ഥകത
ആനുകാലികം

സിദ്ധാന്തങ്ങളുടെ നിരർത്ഥകത

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -4

സമൂഹത്തെ ഹെറ്ററോനോർമേറ്റിവിറ്റിയിൽ നിന്ന് മുക്തമാക്കുകയും ക്വിയർനോർമേറ്റിവിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നത് മാനവികമായ പ്രവർത്തനമാണെന്ന് വരുത്തുന്നത് ചില സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്. സിദ്ധാന്തങ്ങൾ എന്ന് പറയുമ്പോൾ ശാസ്ത്രീയമായ അടിത്തറയുള്ള അനുമാനങ്ങളാണെന്ന് കരുതുന്നുവെങ്കിൽ നമുക്ക് തെറ്റി. ജീവശാസ്ത്രത്തിന്റെയോ, മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ മനഃശാസ്ത്രത്തിന്റെയോ യാതൊരുവിധ പിൻബലവുമില്ലാതെ, ചിലരുടെ വൈയക്തികമായ തോന്നലുകളുടെയും താല്പര്യങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ എത്തിച്ചേർന്നട്ടിട്ടുള്ള തികച്ചും ഊഹാധിഷ്ഠിതമായ തീർപ്പുകളാണ് ജെൻഡർ പൊളിറ്റിക്സിനെ ന്യായീകരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സിദ്ധാന്തങ്ങൾ.

ഊഹങ്ങൾക്കും താല്പര്യങ്ങൾക്കുമപ്പുറം ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലാത്തതായതിനാൽ തന്നെ ആന്തരികവൈരുധ്യങ്ങളാൽ നിബിഢവും വസ്തുനിഷ്ഠയാഥാർഥ്യങ്ങൾക്ക് വിരുദ്ധവുമായ സങ്കൽപ്പനങ്ങളുടെ അടിത്തറയിലാണ് ഇവർ മുന്നോട്ടുവെക്കുന്ന സിദ്ധാന്തങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആത്മനിഷ്ഠവും വൈയക്തികവുമായ അനുഭവങ്ങൾ ശാസ്ത്രീയമായ യാഥാർഥ്യങ്ങളായി അംഗീകരിക്കാനാവില്ലെന്ന അടിസ്ഥാനതത്ത്വത്തെ കാറ്റിൽ പറത്തിക്കൊണ്ടുള്ളതാണ് തങ്ങളുടെ സിദ്ധാന്തങ്ങളെങ്കിലും അവയെ ശാസ്ത്രതത്ത്വങ്ങളുടെ ശ്രേണിയിലുൾപ്പെടുത്തി വ്യവഹരിക്കണെമെന്നതാണ് ജെൻഡർപൊളിറ്റിക്സിന്റെ തിട്ടൂരം. അത് അനുസരിച്ചില്ലെങ്കിൽ ഹോമോഫോബുകളും ട്രാൻസ്‌ഫോബുകളുമായി മുദ്രയടിയ്ക്കപ്പെടുകയും പൊതുവ്യവഹാരങ്ങളുടെ മണ്ഡലങ്ങളിൽ നിന്ന് ബഹിഷ്കരിക്കപ്പെടുകയും ചെയ്യുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ പോലും നിലനിൽക്കുന്നത്.

ജെൻഡർ പൊളിറ്റിക്സിനെ ന്യായീകരിക്കാനായി ഉപയോഗിക്കപ്പെടുന്ന സിദ്ധാന്തങ്ങളാണ് ജെൻഡർ തിയറിയും ക്വിയർ തിയറിയും; ആദ്യത്തേതിന്റെ തുടർച്ചയാണ് രണ്ടാമത്തേത്. രണ്ടാം തരംഗ ഫെമിനിസത്തിന്റെ (second wave feminism) ഉപോല്പന്നമാണ് ജെൻഡർ തിയറിയെന്ന് പറയാം. സ്വന്തം പേരിൽ സ്വത്ത് സമ്പാദിക്കുവാനും വോട്ടവകാശത്തിനും വേണ്ടി ശബ്ദിച്ചുകൊണ്ടും ഭാര്യയെ ഭർത്താവിന്റെ സ്വത്തായി പരിഗണിച്ചുകൊണ്ടുള്ള വിവാഹസമ്പ്രദായത്തെ എതിർത്തുകൊണ്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടനിലും അമേരിക്കൻ ഐക്യനാടുകളിലുമുണ്ടായ ഫെമിനിസത്തിന്റെ ഒന്നാം തരംഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു 1960 മുതൽ ശക്തമായിത്തീർന്ന രണ്ടാം തരംഗം. ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയും നിരവധി നോവലുകളുടെ രചയിതാവുമായ സിമോൺ ദി ബുവ്വ എഴുതിയ സ്ത്രീവാദപ്രബന്ധങ്ങളുടെ സമാഹാരമായ ‘രണ്ടാം ലിംഗം ’ (Simone de Beauvoir (author), Constance Borde, Sheila Malovany-Chevallier (translators): The Second Sex,New York, 2011) ആണ് രണ്ടാം തരംഗ ഫെമിനിസത്തിന്റെ അടിസ്ഥാനപ്രമാണമായി അറിയപ്പെടുന്നത്. 1949 ൽ ഫ്രഞ്ചിലും 1953 ൽ ഇംഗ്ലീഷിലും പുറത്തിറങ്ങിയ ‘ആ പുസ്തകത്തിലെ ‘ഒരാളും സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്’ (One is not born, but becomes a woman) എന്ന പരാമർശമാണ് രണ്ടാംതരംഗ ഫെമിനിസത്തിന്റെ അടിസ്ഥാനവാക്യം; ജെൻഡർ തിയറിയുടെ അടിത്തറയും അത് തന്നെയാണ്.

സ്ത്രീവിമോചനത്തിന് സ്ത്രീത്വത്തെ വെടിയുകയാണ് വേണ്ടതെന്ന ബുവ്വ ചിന്തകളിൽ നിന്ന് ഉരുവം കൊണ്ട ആശയമായത് കൊണ്ട് തന്നെ ആൺമയെ മാതൃകാമാനദണ്ഡമായി എടുത്തുകൊണ്ടാണ് ജെൻഡർ തിയറി അതിന്റെ സങ്കല്പങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. പെണ്ണിനെ വേർതിരിച്ച് മനസ്സിലാക്കുന്ന രീതിയിലുള്ള സ്ത്രൈണത വെടിയുകയും അവളെ ദുർബലമാക്കുന്ന വിവാഹം വേണ്ടെന്ന് വെക്കുകയും അടിമയാക്കിത്തീർക്കുന്ന മാതൃത്വത്തിൽ നിന്ന് മാറി നിൽക്കുകയും ചെയ്തുകൊണ്ടാണ് വനിതാവിമോചനമാകേണ്ടതെന്ന് കരുതുന്നവരിൽ നിന്ന് തുടങ്ങിയതുകൊണ്ട് തന്നെ ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുന്നതാണ് ജെൻഡർ തിയറിയെന്ന് കാണാനാവും.

ലിംഗത്വം എന്ന പുതിയ ആശയം

‘ഒരാളും സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെ ആയിത്തീരുകയാണ് ചെയ്യുന്നത്’ എന്ന സിമോൺ ദി ബുവയുടെ പരാമർശത്തിന്റെ വെളിച്ചത്തിൽ നടന്ന പഠനങ്ങളാണ് ജെൻഡർ തിയറിയുടെ രൂപീകരണത്തിലേക്ക് നയിച്ചതെങ്കിലും ഇന്ന് വ്യവഹരിക്കപ്പെടുന്ന രീതിയിൽ ജെൻഡർ എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് അവരുടെ മരണത്തിന് ശേഷമാണ്. ഇംഗ്ലീഷിൽ ഒരാളുടെ ലിംഗത്തെ കുറിക്കുന്ന പദമായ സെക്സി(sex)ന്റെ പര്യായപദമെന്ന നിലയിലാണ് ഈയടുത്ത കാലം വരെ ജെൻഡർ(gender) ഉപയോഗിക്കപ്പെട്ടുവന്നിരുന്നത്. ബാഹ്യമായ ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന അവസ്ഥയെക്കുറിക്കുന്ന രണ്ട് പദങ്ങൾ. ലിംഗവും വൃഷണവുമുള്ളയാളുടെ സെക്സും ജെൻഡറും പുരുഷൻ എന്നും യോനിയും അനുബന്ധങ്ങളുമുള്ളയാളുടെ സെക്സും ജെൻഡറും സ്ത്രീ എന്നുമായിരുന്നു വ്യവഹരിച്ചുപോന്നിരുന്നത്.

അപരലിംഗത്വമുള്ളവരുടെയും (transgender) എതിർലിംഗവസ്ത്രേച്ഛയുള്ളവരുടെയും (transvestism) ലൈംഗികതയെക്കുറിച്ച് വിവരിക്കുന്ന റോബർട്ട് സ്റ്റോള്ളരുടെ 1968 ൽ പുറത്തിറങ്ങിയ ‘ലിംഗവും ലിംഗത്വവും: ആണത്വത്തിന്റെയും പെണ്ണത്വത്തിന്റെയും വളർച്ചയെപ്പറ്റി’ (Robert Stoller, Sex and Gender: On the Development of Masculinity and Femininity, London, 1994) എന്ന പുസ്തകത്തിലാണ് ആദ്യമായി സെക്സിനെയും ജെൻഡറിനെയും വേർതിരിച്ച് വ്യവഹരിച്ചതെന്നാണ് മനസ്സിലാവുന്നത്. എന്നാൽ ഇതിന് മുമ്പ് 1950 കളുടെ അവസാനത്തിൽ തന്നെ ലോസ് ആഞ്ചലസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ അദ്ദേഹവും ബാൾട്ടിമോറിലെ ജോൺ ഹോപ്കിൻസ് ഹോസ്പിറ്റലിൽ ഡോ: ജോൺ മണിയും ആരംഭിച്ച ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കുകൾ വഴി സെക്സും ജെൻഡറും വേറെ വേറെയാണെന്ന ആശയം അമേരിക്കക്കാർക്കിടയിൽ പ്രചരിക്കാനാരംഭിച്ചിരുന്നു. ഇവരുടെ പഠനങ്ങൾ തന്നെയാണ് പിന്നീട് രൂപപ്പെട്ട ജെൻഡർ തിയറിയുടെ അടിത്തറയായും വർത്തിച്ചത്.

ജെൻഡർ തിയറി

പുരുഷൻ, സ്ത്രീ എന്നീ സ്വത്വങ്ങൾ കേവലം ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ലെന്നും ഓരോരുത്തർക്കും തങ്ങൾ എന്തായാണോ തോന്നുന്നത് അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഓരോ രംഗത്തുമുള്ള അവരുടെ സ്വത്വം നിർണ്ണയിക്കേണ്ടത് എന്നും പ്രഖ്യാപിക്കുന്ന സിദ്ധാന്തമാണ് ജെൻഡർ തിയറി. ജെൻഡർ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: ലിംഗം(sex), ലിംഗത്വം(gender), ലൈംഗികത(sexuality) എന്നിവ മൂന്നും സ്വാതന്ത്രങ്ങളായ മൂന്ന് സ്വത്വങ്ങളാണ്. ലൈംഗികാവയങ്ങൾ ലിംഗത്തെ(sex) മാത്രമാണ് അടയാളപ്പെടുത്തുന്നത്; ബാഹ്യമായി ഏത് ലിംഗമുള്ളയാളാണെങ്കിലും ഒരാൾക്ക് ഏത് ലിംഗത്തിലുള്ളയാളായാണോ ആന്തരികമായി അനുഭവപ്പെടുന്നത് അതാണ് അയാളുടെ ലിംഗത്വം (gender). ഏത് ലിംഗത്വത്തിലുള്ളതുൾപ്പെടുന്നയാളാണെങ്കിലും ആരോടാണോ അയാൾക്ക് ലൈംഗികാകർഷണം തോന്നുന്നത് അതാണ് അയാളുടെ ലൈംഗികത(sexuality). ഇവ മൂന്നും തികച്ചും സ്വതന്ത്രമായ മൂന്ന് സ്വത്വങ്ങളാണ്. പുരുഷലിംഗമായതുകൊണ്ട് മാത്രം ഒരാളുടെ ലിംഗത്വം പൗരുഷമായിക്കൊള്ളണമെന്നില്ല; അയാൾക്ക് സ്ത്രീയിലേക്ക് ലൈംഗികാകർഷണം തോന്നിക്കൊള്ളണമെന്നുമില്ല. പുരുഷലിംഗമുള്ളവരിൽ ചിലർ സ്ത്രൈണതയുള്ളവരാകാം; അവരിൽ തന്നെ ചിലർക്ക് പുരുഷനോട് തന്നെ ലൈംഗികതാൽപര്യം തോന്നാം. ലിംഗം, ലിംഗത്വം, ലൈംഗികത എന്നീ സ്വത്വങ്ങൾ സ്വതന്ത്രവും പരസ്പര ബന്ധമില്ലാത്തവയുമാണെന്നാണ് ജെൻഡർ തിയറി പറയുന്നത്.

പുരുഷൻ (male), സ്ത്രീ (female), ഉഭയലിംഗി(intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേർ തിരിക്കാൻ കഴിയുന്ന ലിംഗങ്ങൾ. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികതയും ഒന്ന് തന്നെയാണെങ്കിൽ അവരെ സമാനലിംഗത്വമുള്ളവർ (cisgender) എന്നും അല്ലെങ്കിൽ അവരെ അപരലിംഗത്വമുള്ളവർ(transgender) എന്നും വിളിക്കാം. ഇതാണ് അവരുടെ ലിംഗത്വം. ശരീരവും മനസ്സും ഒരേപോലെ പുരുഷനോ സ്ത്രീയോ ആയവരുടെ സ്വത്വം സിസ്ജെൻഡറും ശരീരം സ്ത്രീയുടേതും മനസ്സ് പുരുഷന്റേതുമോ തിരിച്ചോ ആണെങ്കിൽ അവടേത് ട്രാൻസ്ജെൻഡറുമായാണ് പരിഗണിക്കപ്പെടുക.

ബാഹ്യമായ ലിംഗമല്ല ആന്തരികമായ അനുഭവങ്ങളാണ് ലിംഗത്വത്തിന്റെ അടിസ്ഥാനം. താൻ എന്തായാണോ ഒരാൾക്ക് തോന്നുന്നത് അതാണ് അയാളുടെ ലിംഗത്വം. തോന്നലുകൾ മാത്രമാണ് ലിംഗത്വത്തിന്റെ അടിസ്ഥാനം. ശരീരാവയവങ്ങളും മസ്തിഷ്കപ്രവർത്തനങ്ങളും അന്തസ്രാവവ്യവസ്ഥയുമെല്ലാം സ്ത്രീയുടേതാണെങ്കിലും ഒരാൾക്ക് താൻ പുരുഷനാണ് എന്ന് തോന്നുന്നുവെങ്കിൽ അയാൾക്ക് പുരുഷനെ പോലെ ജീവിക്കുവാൻ അവകാശമുണ്ട് എന്നാണ് ജെൻഡർ തിയറി പഠിപ്പിക്കുന്നത്. തോന്നുന്നതിനനുസരിച്ച് തങ്ങളുടെ സ്വത്വം തെരഞ്ഞെടുക്കാൻ കഴിയുമ്പോഴാണ് ഒരാൾക്ക് ലിംഗത്വസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടുവെന്ന് പറയാനാകൂ. അങ്ങനെ കഴിയണമെങ്കിൽ അവരെ ചെറുപ്പം മുതൽ ആണോ പെണ്ണോ എന്ന് വ്യതിരിക്തമായി മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിൽ വളർത്തണം. സ്വന്തം സ്വത്വം അനുഭവങ്ങളിൽ നിന്ന് മാത്രമാണ് ഒരാൾ തിരിച്ചറിയുന്നത്. അതിനാൽ പ്രായപൂർത്തിയെത്തിയ ശേഷം മാത്രമാണ് അയാൾക്ക് തന്റെ ലിംഗത്വം നിർണ്ണയിക്കാൻ കഴിയുക. അതിനാൽ അതുവരെയെങ്കിലും അവർ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിൽ വളർത്തപ്പെടണം. അപ്പോൾ പ്രായപൂർത്തിയെത്തിയ ശേഷം ഓരോരുത്തർക്കും തങ്ങൾ എന്താണെന്ന് തീരുമാനിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും കഴിയും. അതാണ് ലിംഗത്വസ്വാതന്ത്ര്യം.

ജെൻഡർ തിയറി 1980 കളിലാണ് രൂപം കൊണ്ടതെങ്കിലും 1986ൽ അന്തരിച്ച സിമോൺ ഡി ബൊവ്വയുടെ രചനകളിലാണ് അതിന്റെ വേരുകൾ സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. രണ്ടാം തരംഗഫെമിനിസത്തിന്റെ അവസാന കാല വക്താക്കളിൽ പ്രമുഖയായ ഷുലമിത്ത് ഫയർസ്‌റ്റോണിന്റെ ‘ലിംഗത്തിന്റെ തർക്കം: സ്ത്രീവാദവിപ്ലവത്തിന്റെ യാഥാർഥ്യം’ (Shulamith Firestone: The Dialectic of Sex: The Case for Feminist Revolution, New York,1970), അമേരിക്കൻ മാർക്സിയൻ ഫെമിനിസ്റ്റ് ചിന്തകയായ ആംഗേല ഡേവിസിന്റെ ‘സ്ത്രീയും വർഗ്ഗവും തരവും’ (Angela Davis: Women, Race and Class, New York, 1981), സ്ത്രീയും സംസ്കാരവും രാഷ്ട്രീയവും (Angela Davis: Women, Culture & Politics, New York, 1990) എന്നീ പുസ്തകങ്ങളുടെ സ്വാധീനവും ജെൻഡർ തിയറിയുടെ രൂപീകരണത്തിൽ കാണാൻ കഴിയും.

ക്വിയർ തിയറി

ജെൻഡർ തിയറിയുടെ അടിസ്ഥാനത്തിൽ, അതിൽ ലൈംഗികാഭിനിവേശങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് രൂപം കൊണ്ടതാണ് ക്വിയർ തിയറി. ജീവശാസ്ത്രപരമായ ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികമായ ആഭിമുഖ്യം തീരുമാനിക്കുന്നത് വൈയക്തികമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന, 1990 കളിൽ നിലവിൽ വന്ന സിദ്ധാന്തമാണിത്. ഫ്രഞ്ച് ചരിത്രകാരനും തത്ത്വജ്ഞാനിയുമായ മിഷേൽ ഫൂക്കോയുടെ നാല് വാള്യങ്ങളിലായുള്ള ലൈംഗികതയുടെ ചരിത്രം (Michel Foucault: The History of Sexuality, New York, 1976- 1984) എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെയും മൂന്നാം തരംഗ ഫെമിനിസത്തിന്റ പ്രധാന വക്താവും അമേരിക്കൻ എഴുത്തുകാരിയുമായ ജൂഡിത്ത് പമീല ബട്ലറുടെ ‘ലിംഗത്വക്ലേശം: സ്ത്രീവാദവും സ്വത്വത്തിന്റെ അട്ടിമറിയും’, (Judith Butler Gender Trouble: Feminism and the Subversion of Identity, London, 1990), ‘പ്രശ്നമാവുന്ന ശരീരങ്ങൾ: സ്ത്രീവാദവും സ്വത്വത്തെക്കുറിച്ച വെറുംവാർത്തമാനത്തിന്റെ പരിമിതികൾ’ (Judith Butler: Bodies That Matter: On the Discursive Limits of Sex, London, 1993) എന്നീ പുസ്തകങ്ങളുടെയും അമേരിക്കൻ ചിന്തകയായ ഈവ് കോഫോസ്‌ഫകി സെഡ്‌വിക്കിന്റെ ‘പുരുഷന്മാർക്കിടയിൽ: ഇംഗ്ലീഷ് സാഹിത്യവും പുരുഷ സ്വവർഗ്ഗസാമൂഹ്യ അഭിനിവേശവും’ (Eve Kosofsky Sedgwick: Between Men: English Literature and Male Homosocial Desire, Columbia, 1985), ‘സ്വകാര്യമുറിയുടെ ജ്ഞാനശാസ്ത്രം’ (Eve Kosofsky Sedgwick: Epistemology of the Closet, California, 1990) എന്നീ ഗ്രന്ഥങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ക്വിയർ തിയറി.

ഒരാളുടെ ലിംഗം, ലിംഗത്വം, ലൈംഗികാവിഷ്കാരം, ലൈംഗികാഭിമുഖ്യം എന്നിവയൊന്നും തന്നെ ഏതെങ്കിലും ഒരു അറക്കുള്ളിലാണെന്ന് കൃത്യമായി നിശ്ചയിക്കാൻ കഴിയില്ലെന്നും അവയിലെല്ലാമുള്ള വർണ്ണരാജികകളെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അപ്പോൾ മാത്രമാണ് എല്ലാവരുടെയും ലൈംഗികാവകാശങ്ങൾ സംരക്ഷിക്കുവാൻ കഴിയൂവെന്നുമാണ് ക്വിയർ തിയറി സിദ്ധാന്തിക്കുന്നത്. ജെൻഡർ തിയറി പ്രധാനമായും കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത തരം ലിംഗത്വങ്ങളെയാണെങ്കിൽ ക്വിയർ തിയറി കാര്യമായി സംസാരിക്കുന്നത് വ്യത്യസ്ത തരം ലൈംഗികാഭിമുഖ്യങ്ങളെകുറിച്ചാണ്.

ക്വിയർ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: മഴവില്ലിലെ വർണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുൾക്കൊള്ളുന്ന വലിയൊരു വർണ്ണരാജിയാണ് ലൈംഗികത (sexuality) യുടേത്. ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം(sex), ലിംഗത്വസ്വത്വം (gender identity), ലിംഗത്വാവിഷ്കാരം (gender expression), ലൈംഗികാഭിമുഖ്യം (sexual orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ നാല് കാര്യങ്ങളും തികച്ചും സ്വതന്ത്രമാണ്. ഓരോ സ്വത്വങ്ങളെയും വേർതിരിച്ച് ഉൾക്കൊണ്ടുകൊണ്ടല്ലാതെ അവയെ മനസ്സിലാക്കാനാവില്ല. അവ തമ്മിൽ പരസ്പര്യമുണ്ടാകാം; ഇല്ലാതിരിക്കാം. എല്ലാം തീരുമാനിക്കുന്നത് ഓരോരുത്തരുടെയും അനുഭവങ്ങളാണ്.

ഒരാളുടെ ലൈംഗികത തീരുമാനിക്കപ്പെടുന്നത് ഒന്നാമതായി ജീവശാസ്ത്രപരമായ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ലിംഗവൈവിധ്യത്തിന്റെ വർണ്ണരാജി(sex spectrum)യുടെ രണ്ടറ്റത്ത് പുരുഷൻ, സ്ത്രീ എന്നിവയും നടുവിൽ ഉഭയലിംഗി(intersex)യും നിൽക്കുന്നു. ഇതിന്നിടയിൽ ജീവശാസ്ത്രപരമായിത്തന്നെ വ്യത്യസ്തങ്ങളായ ലിംഗാവസ്ഥകളുണ്ട്. പുരുഷ-സ്ത്രീ ലൈംഗികാവയങ്ങളുടെയും ആന്തരികാവയവങ്ങളുടെയും അനുപാതം എത്രയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരാൾ എത്രത്തോളം സ്ത്രീയും പുരുഷനുമാണെന്ന് തീരുമാനിക്കപ്പെടുക.

ലൈംഗികത തീരുമാനിക്കുന്നത് രണ്ടാമതായി അയാളുടെ ലിംഗത്വ(gender)ത്തിന്റെ അടിസ്ഥാനത്തിലാണ്. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. അതുമായി ബന്ധപ്പെട്ട വിശകലനത്തിൽ ജെൻഡർ തിയറിയെ അതേപോലെ സ്വീകരിക്കുകയാണ് ക്വിയർ തിയറി ചെയ്യുന്നത്. ആൺശരീരമുള്ള സ്ത്രീകളും പെൺശരീരമുള്ള പുരുഷന്മാരുമുണ്ട്. അവരുടെ ലിംഗം എന്താണോ അതിന്റെ അടിസ്ഥാനത്തിലല്ല അവരുടെ ലിംഗത്വം തീരുമാനിക്കപ്പെടുക. അവർക്ക് തങ്ങൾ എന്തായാണോ തോന്നുന്നത് അങ്ങനെ ആകാൻ ഓരോരുത്തർക്കും അവകാശമുണ്ട്.
ലിംഗത്വത്തിന്റെ വർണ്ണരാജിയിൽ (gender spectrum) ഒരറ്റത്ത് ആണത്വമുള്ളവരും (masculine gender) മറ്റേ അറ്റത്ത് പെണ്ണത്വമുള്ളവരു (feminine gender)മാണെങ്കിൽ അവയ്ക്കിടയിൽ നടുവിലായാണ് അപരലിംഗത്വമുള്ളവരുടെ(transgender) സ്ഥാനം. ലിംഗത്വത്തിന്റെ വർണ്ണരാജിയിൽ ആണത്വമുള്ളവർക്കും പെണ്ണത്വമുള്ളവർക്കുമിടയിൽ വ്യത്യസ്ത അനുപാതത്തിലായി വ്യത്യസ്‌ത ലിംഗത്വമുള്ളവരുണ്ടാകും.

ലൈംഗികതാതീരുമാനത്തിന്റെ മൂന്നാമത്തെ ഘടകം അയാളുടെ ലിംഗത്വാവിഷ്കാരമാണ്. ഏത് ലിംഗത്വത്തെയാണ് ഒരാൾ പ്രകടിപ്പിക്കുന്നത് എന്നതാണ് അയാളുടെ ലിംഗത്വാവിഷ്കാരം. അതിന്റെ വർണ്ണരാജിയിൽ പുരുഷത്വം (musculinity), സ്ത്രീത്വം (feminity,) എന്നിവ രണ്ട് അറ്റങ്ങളിലും ദ്വിലിംഗത്വം (androgynous) നടുവിലുമാണുള്ളത്. പുരുഷശരീരത്തിൽ സ്ത്രൈണഭാവങ്ങളുണ്ടാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. അതിന്റെ തോതനുസരിച്ചാണ് ലൈംഗികാവിഷ്കാരത്തിന്റെ വർണ്ണരാജിയിൽ ഒരാളുടെ സ്ഥാനം നിർണ്ണയിക്കപ്പെടുക.

ഒരാളുടെ ലൈംഗികതയെങ്ങനെയുള്ളതാണെന്ന് തീരുമാനിക്കുന്നതിന്റെ നാലാമത്തെ ഘടകമാണ് ലൈംഗികാഭിമുഖ്യം. ലൈംഗികതാതീരുമാനത്തിന്റെ നാല് ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഒരാൾക്ക് ആരോടാണോ ലൈംഗികതാല്പര്യം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിമുഖ്യം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിമുഖ്യവും ഒന്ന് തന്നെയാണെങ്കിൽ അയാൾ എതിർവർഗ്ഗപ്രണയിയും (heterosexual) രണ്ടാണെങ്കിൽ അയാൾ സ്വവർഗ്ഗപ്രണയിയും (homosexual) ആണ്. ലൈംഗികാഭിമുഖ്യത്തിന്റെ വർണരാജിയിലെ രണ്ട് അറ്റത്താണ് എതിർവർഗ്ഗപ്രണയിയും സ്വവർഗ്ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവർഗ്ഗപ്രണയി(bisexual)യുണ്ട്. പുരുഷനെ കാമിക്കുന്ന സ്ത്രീ എതിർവർഗ്ഗപ്രണയിയും, സ്ത്രീയെ കാമിക്കുന്ന സ്ത്രീ സ്വവർഗ്ഗപ്രണയിയും, പുരുഷനെയും സ്ത്രീയെയും ഒരേപോലെ കാമിക്കുന്ന സ്ത്രീ ദ്വിവർഗ്ഗപ്രണയിയുമാണ്.

മഴവില്ലിലെ വർണ്ണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗ്ഗപ്രണയിക്കും സ്വവർഗ്ഗപ്രണയിക്കുമിടയിൽ പല തരം ലൈംഗികാഭിമുഖ്യങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ. മറ്റുള്ളവർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും അത്തരം അഭിരുചികളുള്ളവർക്ക് അവ സംതൃപ്തദായകമായതിനാൽ അവയും പ്രകൃതിപരമാണ്. ഏതൊക്കെ തരം ലൈംഗികാഭിരുചികളാണ് ഈ വർണ്ണരാജിയിലുള്ളതെന്ന് ഇന്നും പൂർണ്ണമായി മനസ്സിലായിട്ടില്ല. അതിനാൽ ഈ സ്പെക്ട്രത്തെ വിളിക്കുക LGBTQIA+എന്നാണ്. +ചിഹ്നം സൂചിപ്പിക്കുന്നത് ലൈംഗികാഭിമുഖ്യങ്ങളുടെ വർണ്ണരാജിയിൽ കൂട്ടിച്ചേർക്കേണ്ടവയെയാണ്. ആ കൂട്ടിച്ചേർക്കൽ തുടർന്നുകൊണ്ടേയിരിക്കും.

LGBTQIA+ വർണ്ണരാജിയിലെ എല്ലാ വർണ്ണങ്ങളും ആസ്വദിക്കുവാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്ന് ക്വിയർ തിയറി സിദ്ധാന്തിക്കുന്നു. ഏതാണ് ആസ്വദിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് വ്യക്തിയാണ്. അയാൾക്ക് എന്തിനോടാണോ താല്പര്യം തോന്നുന്നത് അത് ആസ്വദിക്കുകയാണ് വേണ്ടത്. അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണം; യാതൊരു തരത്തിലുള്ള വിവേചനവുമുണ്ടായിക്കൂടാ. എതിർവർഗ്ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്ത (heteronormative) സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം ആ സ്വാതന്ത്ര്യം തടയപ്പെടും. അതില്ലാതെയാകണമെങ്കിൽ എതിർവർഗ്ഗപ്രണയത്തെപ്പോലെത്തന്നെ സ്വാഭാവികമാണ് LGBTQIA+ വർണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിനിവേശങ്ങളും എന്ന് ചിന്തിക്കുന്ന സമൂഹം വളർന്നു വരണം. സ്വന്തം ലൈംഗികാഭിമുഖ്യമെന്താണെന്ന് സ്വബോധത്തോടെ തീരുമാനിക്കുന്നതിന് മുമ്പ് സാഹചര്യങ്ങളാൽ തീരുമാനിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

വഴക്കമുള്ള ലൈംഗികതയും ലിംഗത്വവും

എതിർവർഗ്ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്തയുണ്ടാക്കുന്നത് പ്രധാനമായും ചെറുപ്പത്തിലെ അനുഭവങ്ങളാണെന്ന് ക്വിയർ തിയറി സിദ്ധാന്തിക്കുന്നു. ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കപ്പെടുന്ന ചെറുപ്പകാലാനുഭവങ്ങൾ അവരുടെ സ്വാഭാവികമായ ലൈംഗികാഭിമുഖ്യത്തെ തടഞ്ഞുവെക്കുന്നതിന് പ്രേരിപ്പിക്കും. അങ്ങനെ ഇല്ലാത്ത സാഹചര്യമുണ്ടാകണം. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ് ഈ രംഗത്തെ പ്രധാനപ്പെട്ട വില്ലന്മാർ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നൽകി വളർത്താൻ കഴിഞ്ഞാൽ ചെറുപ്പത്തിൽ അവർക്ക് സ്വന്തം ലൈംഗികസ്വത്വം തിരിച്ചറിയാൻ കഴിയില്ല. ലൈംഗികചോദനകൾ മുള പൊട്ടാൻ തുടങ്ങുമ്പോൾ തങ്ങളുടെ ലൈംഗികാഭിമുഖ്യം മനസ്സിലാക്കുവാനും അതിനനുസരിച്ച് ജീവിക്കാനും അവർക്ക് കഴിയും. അയാൾക്ക് ഒന്നിലധികം ലൈംഗികാഭിമുഖ്യങ്ങളുണ്ടെങ്കിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും പ്രയാസമൊന്നുമുണ്ടാവില്ല. ഇങ്ങനെ മാറാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ലിംഗത്വത്തിന്റെയും ലൈംഗികതയുടെയും വർണ്ണരാജികളിൽ ഏതെങ്കിലുമൊരു നിറത്തിലാണ് ഒരാൾ എങ്കിൽ എപ്പോഴും അയാൾ ആ നിറത്തിൽ തന്നെ ആയിക്കൊള്ളണമെന്നില്ല എന്ന തത്ത്വത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങളാണ് ലൈംഗിക വഴക്കം (sexual fluidity), ലിംഗത്വവഴക്കം (gender fluidity) എന്നിവ. വർണരാജിയിൽ ക്ലിപ്തമായ നിറങ്ങൾ മാത്രമല്ല ഉള്ളത്, നിറങ്ങളുടെ മിശ്രിതം കൂടിയുണ്ട്. ഒരു മിശ്രിതത്തിലൂടെയാണ് ഒരു നിറം അടുത്ത നിറമായിത്തീരുന്നത്. ആ മിശ്രിതത്തിൽ തന്നെ വ്യത്യസ്ത അനുപാതത്തിലുള്ള ചേരുവകളുണ്ട്.

ലൈംഗിക വഴക്കം (sexual fluidity) ഒരാൾക്ക് വ്യത്യസ്തമായ ലൈംഗികാഭിമുഖ്യങ്ങൾ ഉണ്ടാകാവുന്നതാണ് എന്ന് സൂചിപ്പിക്കുന്ന പ്രയോഗമാണ്. ഒരു ലൈംഗികാഭിമുഖ്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് സ്വാഭാവികമാണ്. വഴക്കമുള്ളതാണ് ലൈംഗികതയെന്നത് പ്രകൃതിനിയമമായതിനാൽ ആ ചാട്ടം അസ്വാഭാവികമാണെന്നോ അധാർമ്മികമാണെന്നോ പറയാൻ പറ്റുകയില്ല. രാവിലെ ഹെറ്ററോ സെക്ഷ്വൽ ആയ ഒരാൾ വൈകുന്നേരം ഹോമോ സെക്ഷ്വലും പിറ്റേന്ന് രാവിലെ ബൈസെക്ഷ്വലുമാകാമെന്നാണ് സെക്ഷ്വൽ ഫ്ലൂയിഡിറ്റിയെന്ന പ്രയോഗം അർത്ഥമാക്കുന്നത്. സെക്ഷ്വൽ ഫ്ലൂയിഡിറ്റിയുള്ളതിനാൽ ആരുടെയും ലൈംഗികാഭിമുഖ്യം വാർപ്പുപോലെ മാറാത്തതാണെന്ന് പറയാനാവില്ല. അത് മാറുന്നവരുണ്ട്; മാറാത്തവരുമുണ്ട്. രണ്ടും സ്വാഭാവികമാണ്. അതിനാൽ ഇന്നലെ വരെ സ്വവർഗാനുരാഗിയായിരുന്ന ഒരാൾ ഇന്ന് എതിർവർഗാനുരാഗിയായാൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അതിനനുസരിച്ച് അവരുടെ ലൈംഗിക ചോദനകൾ പൂർത്തീകരിക്കാൻ കഴിയുന്ന സ്ഥിതിയാണ് സൃഷ്ടിക്കപ്പെടേണ്ടത്. ചുരുക്കത്തിൽ ആർക്കും ഏത് രൂപത്തിലുള്ള ലൈംഗികതയും ആസ്വദിക്കുവാനുള്ള അവസരമുണ്ടാകുന്ന രീതിയിൽ സാമൂഹ്യഘടനയെ ഉടച്ച് വർക്കുമ്പോൾ മാത്രമേ സെക്ഷ്വൽ ഫ്ലൂയിഡിറ്റിയുള്ളവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ.

ലൈംഗികാഭിമുഖ്യത്തിന് മാത്രമല്ല ഫ്ലൂയിഡിറ്റിയുള്ളത്; ലിംഗത്വത്തിനുമുണ്ട്. ലിംഗത്വവഴക്കം (gender fluidity) എന്ന ശബ്ദം പ്രതിനിധീകരിക്കുന്ന ആശയമതാണ്. രാവിലെ പെണ്ണാണെന്ന് തോന്നുന്ന ഒരാൾക്ക് ചിലപ്പോൾ വൈകുന്നേരം പുരുഷനാണെന്ന് തോന്നാം. അങ്ങനെ തോന്നുമ്പോൾ അവർക്ക് മാറാൻ കഴിയുന്നതാകണം ഒരാളുടെ സ്വത്വം. ലിംഗത്വസ്വത്വം മാറാൻ കഴിയുകയെന്നത് ഒരാളുടെ ലൈംഗികാവകാശമാണ്. ആഗ്രഹിക്കുമ്പോഴെല്ലാം ലിംഗത്വം മാറാൻ കഴിയുന്ന ഒരു സാമൂഹ്യസംവിധാനമാണ് ആത്യന്തികമായി മനുഷ്യർക്കാവശ്യം.

ലിംഗമാറ്റശസ്ത്രക്രിയയെ ഇന്ന് ന്യായീകരിക്കുന്നത് ട്രാൻസ്‌ജെൻഡറുകളുടെ ദുരിതങ്ങളുടെ കാരണം പറഞ്ഞുകൊണ്ടാണ്. ലിംഗമാറ്റ ശസ്ത്രക്രിയ ഇപ്പോഴും പൂർണ്ണമായും വിജയം കണ്ടിട്ടില്ല. അങ്ങനെ ചെയ്തവരിൽ ചിലർക്ക് തങ്ങളുടെ പഴയ സ്വത്വത്തിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്ന് കഴിയുന്നില്ല. ശസ്ത്രക്രിയ വഴി ലൈംഗികമായ ചോദനകൾ പൂർണ്ണമായി ശമിപ്പിക്കുവാൻ കഴിയുന്ന രൂപത്തിലുള്ള ലിംഗമാറ്റം ഇതേവരെ സാധിച്ചിട്ടില്ല. എന്നിട്ടുപോലും പാശ്ചാത്യൻ നാടുകളിൽ അത്തരം ശസ്ത്രക്രിയകൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു; ഇന്ത്യയിലും ഇപ്പോൾ ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുണ്ട്; നമ്മുടെ കേരളത്തിലുമുണ്ട്. ഈ ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്. ചെലവേറെയുള്ള സർജറിയിൽ നിന്ന് മരുന്നുകൾ വഴി ലിംഗമാറ്റം സാധ്യമാക്കി കുറഞ്ഞ ചെലവിൽ ലിംഗമാറ്റം സാധ്യമാകുന്ന നല്ല നാളെയെ സ്വപ്നം കാണുന്നവരാണ് ക്വിയർ തിയറിയുടെ വക്താക്കൾ.

അശാസ്ത്രീയമായ പരികല്പനകൾ

ക്വിയർ തിയറി ജെൻഡർ തിയറിയിൽ നിന്നുണ്ടായതാണ്. ജെൻഡർ തിയറി തെറ്റാണെങ്കിൽ ക്വിയർ തിയറിയും തെറ്റാണ്. ശരീരം ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം ഓരോരുത്തരുടെയും മനസ്സാണ് തീരുമാനിക്കുന്നത് എന്നും പറയുന്ന ജെൻഡർ തിയറിക്ക് എന്ത് ശാസ്ത്രീയമായ അടിത്തറയാനുള്ളത്?!

സെക്സും ജെൻഡറും രണ്ടാണെന്നും സെക്സ് തീരുമാനിക്കുന്നത് ജീവശാസ്ത്രമാണെങ്കിൽ ജെൻഡർ ഒരു സാമൂഹ്യനിർമ്മിതിയാണെന്നുമുള്ള സിദ്ധാന്തമുണ്ടാകുന്നത് തന്നെ തികച്ചും അശാസ്ത്രീയമായ പരികല്പനകളിൽ നിന്നാണ്. സ്ത്രീയായി ആരും ജനിക്കുന്നില്ല, അവളെ അങ്ങനെ ആക്കിത്തീർക്കുകയാണ് എന്ന സിമോൺ ഡി ബുവ്വെയുടെ ആശയത്തിൽ ആകൃഷ്ടനാവുകയും, അത് സ്ഥാപിക്കാനായി ഗവേഷണങ്ങൾ നടത്തുകയും ചെയ്ത സൈക്കോളജിസ്റ്റും സെക്‌സോളജിസ്റ്റുമായ ന്യൂസിലാൻഡുകാരൻ ഡോ: ജോൺ വില്യം മണിയാണ് ഈ സിദ്ധാന്തത്തിന്റെ തുടക്കക്കാരൻ.

കുട്ടികൾ ജനിക്കുന്നത് ലിംഗത്വമില്ലാതെയാണെന്നും (gender-neutral) പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് അവരുടെ ലിംഗത്വം നിർണ്ണയിക്കുന്നത് എന്നും കരുതുകയും അതിന്നായി ഗവേഷണങ്ങൾ നടത്തുകയും ചെയ്തയാളാണ് ഡോ: ജോൺ മണി. തന്റെ വാദം സ്ഥാപിക്കാനായി തന്റെയടുത്തെത്തുന്ന രോഗികളിൽ തെറ്റായ പരീക്ഷണങ്ങളും അവയ്ക്ക് തെറ്റായ വ്യാഖ്യാനങ്ങളും നടത്തി കുപ്രസിദ്ധനായിത്തീർന്ന വ്യക്തി. സെക്സ് ഒരാളുടെ ജീവശാസ്ത്രം മാത്രമാണ് തീരുമാനിക്കുന്നത് എന്നും അയാളുടെ സമൂഹവും ചുറ്റുപാടുകളുമാണ് ജെൻഡർ നിർമ്മിക്കുന്നതെന്നുമുള്ള തന്റെ സിദ്ധാന്തം സ്ഥാപിക്കാനായി തന്റെ പഠനങ്ങളിൽ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഡേവിഡ് റീമറുടെ കഥയാണ്. സാമൂഹ്യനിർമ്മിതിയാണ് ജെൻഡർ എന്ന് സ്ഥാപിക്കാനായി അദ്ദേഹം സംവിധാനിച്ച ആ കഥയുടെ പരിസമാപ്തിയെന്ന് അറിഞ്ഞാൽ തന്നെ ജെൻഡർ പൊളിറ്റിക്സ് അടുത്ത തലമുറയെ കൊണ്ടുചെന്നെത്തിക്കുക എത്ര വലിയ ദുരന്തത്തിലേക്കാണ് എന്ന് മനസ്സിലാവും.

ഡേവിഡ് റീമറുടെ കഥ

1965 ആഗസ്റ്റ് 22 ന് ഒന്റാരിയോയിലെ വിന്നിപെഗിൽ റോൺ റീമർ- ജാനെറ്റ് ദമ്പതികൾക്ക് ജനിച്ച ഇരട്ടക്കുട്ടികളിലൊരാളായിരുന്നു ബ്രൂസ് പീറ്റർ റീമർ. ജനിച്ച് ആറ് മാസമായപ്പോൾ ബ്രൂസിനും ഇരട്ടസഹോദരൻ ബ്രിയാനിനും ലിംഗത്തിന്റെ അഗ്രചർമ്മം പിന്നോട്ട് വലിയാത്ത പ്രയാസമുണ്ടായി (phimosis). ഇതിന്ന് പരിഹാരമായി 1966 ഏപ്രിൽ 27 ന് രണ്ട് പേരെയും പരിച്‌ഛേദന ചെയ്തു. ബ്രൂസിന്റെ അഗ്രചർമ്മം ഛേദിച്ചപ്പോൾ അബദ്ധത്തിൽ ലിംഗത്തിന്റെ സിംഹഭാഗവും മുറിഞ്ഞുപോയി. 1967ൽ ഇതിന് ചികിത്സ തേടി റീമറുടെ മാതാപിതാക്കൾ മേരിലാന്റിലെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിൽ മനഃശാസ്ത്രജ്ഞനും ലൈംഗികശാസ്ത്രജ്ഞനുമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോ: ജോൺ മണിയെ സമീപിച്ചു. പരിസ്ഥിതിയും സാഹചര്യങ്ങളും വളർത്തുരീതികളുമാണ് ഒരാളുടെ ലിംഗത്വം നിർണ്ണയിക്കുന്നതെന്ന തന്റെ സിദ്ധാന്തം തെളിയിക്കാൻ പറ്റിയ അവസരമായി ജോൺ മണി ഇതിനെ കണ്ടു. റീമറെ ഒരു പെൺകുട്ടിയാക്കി വളർത്തിയാൽ അതായിരിക്കും നല്ലത് എന്ന് അദ്ദേഹം ആ മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.

മാതാപിതാക്കളുടെ അനുമതിയോടെ ജോൺസ് ഹോപ്സ്കിൻസ് ഹോസ്പിറ്റലിലെ വിദഗ്ധർ റീമറുടെ ലിംഗവും വൃഷണവുമെല്ലാം സർജറിയിലൂടെ നീക്കം ചെയ്തു. പിന്നെയവർ ചെയ്തത് ആ ശരീരത്തിൽ ഒരു യോനീ നാളവും അപൂർണ്ണയോനിയുമെല്ലാം വെച്ചുപിടിപ്പിക്കുകയായിരുന്നു; മൂത്രമൊഴിക്കാനായി അടിവയറ്റിൽ അവർ ഒരു ദ്വാരമുണ്ടാക്കി. അങ്ങനെ ആൺശരീരവുമായി ജനിച്ച റീമർ ശിശുവായിരിക്കുമ്പോൾ തന്നെ ഡോക്ടറുടെ ഭാഷയിൽ പെണ്ണായിത്തീർന്നു; വീട്ടുകാരാലും നാട്ടുകാരാലും റീമർ പെണ്ണായി പരിഗണിക്കപ്പെടാനാരംഭിച്ചു.

ഡോക്ടർ ജോൺ മണിയുടെ നിർദേശപ്രകാരം മാതാപിതാക്കൾ റീമറിന് ബ്രെൻഡ എന്ന പേര് നൽകുകയും അദ്ദേഹത്തെ പെൺകുട്ടിയെപ്പോലെ വളർത്താനാരംഭിക്കുകയും ചെയ്തു. കൗമാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിൽ ഈസ്ട്രജൻ കുത്തി വെക്കുകയും കൃത്രിമമായി സ്തനം വളർത്തുകയും ചെയ്തു. താനൊരു ആൺകുട്ടിയാണെന്ന സത്യം അറിയിക്കാതെയാണ് റീമറെ വളർത്തിയത്. അദ്ദേഹത്തെയും ഇരട്ടസഹോദരനെയും ഇടയ്ക്കിടക്ക് ഡോ: ജോൺ മണി പരിശോധിക്കുകയും ജീവശാസ്ത്രപരമായി പൂർണ്ണമായ പെണ്ണാകുവാൻ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നൽകിക്കൊണ്ട് തന്നെ റീമറെ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ജനിതകം ഒന്ന് തന്നെയായ ഒരേ രൂപത്തിലുള്ള ഇരട്ടകളിൽ (identical twins) രണ്ട് പേരെയും വ്യത്യസ്ത ബോധത്തോടെ വളർത്തിയാൽ ഒരാൾ ആണും മറ്റെയാൾ പെണ്ണുമായിത്തീരുമെന്ന് തെളിയിച്ച് ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്ന തന്റെ സിദ്ധാന്തം തെളിയിക്കാമെന്നാണ് ജോൺ മണി കരുതിയത്.

റീമർ സഹോദരങ്ങളിലേക്ക് വ്യത്യസ്തമായ ലൈംഗികാഭിരുചികളും കുത്തി വെക്കാൻ ജോൺ മണി ശ്രമിച്ചുകൊണ്ടിരുന്നു. പരിശോധനക്കായി ഇടയ്ക്കിടയ്ക്ക് തന്റെ ക്ലിനിക്കിലെത്തുന്ന കൗമാരക്കാരായ ഇരട്ട സഹോദരന്മാരോട് അവരുടെ ലിംഗങ്ങൾ പരസ്പരം സ്പർശിക്കാനും ലൈംഗികബന്ധത്തിലേർപ്പെടുന്നത് പോലെയുള്ള ചില വ്യായാമങ്ങൾ ചെയ്യുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമയോനിയുമായി ജീവിക്കുന്ന റീമർക്ക് യഥാരൂപത്തിലുള്ള സുരതക്രിയക്ക് വിധേയയാകാൻ അന്ന് കഴിയുമായിരുന്നില്ലെങ്കിലും ഒരാൾ മറ്റൊരാളുടെ മുകളിൽ കിടന്ന് അതേപോലെയെല്ലാം ചെയ്യാൻ മണി അവരെ നിർബന്ധിച്ചു. നിർദേശങ്ങൾ പ്രകാരം ചെയ്യാൻ മടി കാണിക്കുമ്പോൾ അവരെ മാനസികമായി പീഡിപ്പിച്ചു. രതിക്രീഡകളെന്ന് തോന്നിപ്പിക്കുന്ന സഹോദരങ്ങളുടെ ചെയ്തികൾ അദ്ദേഹം ഫോട്ടോയെടുത്ത് സൂക്ഷിച്ചു. ഇവയെല്ലാം വെച്ചുകൊണ്ട് ജോൺ- ജോയാൻ കേസ് (John/Joan case) എന്ന പേരിൽ മണി തന്റെ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു.

ജെൻഡർ സാമൂഹ്യനിർമ്മിതിയാണെന്നും ഒരു ജെൻഡറിൽ നിന്ന് മറ്റൊരു ജെൻഡറിലേക്ക് മാറുക സ്വാഭാവികമാണെന്നുമുള്ള(gender fluidity) തന്റെ വാദത്തിന് ഉപോൽബലകമായി വ്യാഖ്യാനിക്കപ്പെട്ടത് റീമർ സഹോദരങ്ങളുടെ അനുഭവവിവരണങ്ങളുടെ അടിസ്ഥാനത്തിൽ ജോൺ മണിയുണ്ടാക്കിയ ജോൺ- ജോയാൻ കേസാണ്. അദ്ദേഹവും സഹപ്രവർത്തകനായ ആൻകെ എ. എർഹാർട്ടും ചേർന്ന് രചിച്ച ‘പുരുഷനും സ്ത്രീയും ആൺകുട്ടിയും പെൺകുട്ടിയും: ലിംഗത്വസ്വത്വം ഗർഭധാരണം മുതൽ പക്വതയെത്തുന്നത് വരെ’ (John Money, Anke A. Ehrhardt: Man & Woman, Boy & Girl: Gender Identity from Conception to Maturity, Maryland, 1972) എന്ന ഗ്രന്ഥത്തിൽ ജെൻഡർ ഫ്ലൂയിഡിറ്റി ഒരു യാഥാർഥ്യമാണെന്ന് തെളിയിച്ച ഗവേഷണവിജയത്തെക്കുറിച്ച് വാചാലനാവുന്നുണ്ട്. 1972 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലെ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ജെൻഡർ തിയറി നിർധരിക്കപ്പെട്ടത്.

ജോൺ മണിയുടെ ദുർവ്യാഖ്യാനങ്ങൾ

ജെൻഡർ തിയറിയിലേക്ക് നയിച്ച ഡോ: മണിയുടെ ഗവേഷണങ്ങളുടെ വസ്തുതയെന്തായിരുന്നു എന്നറിഞ്ഞാൽ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് ഈ സിദ്ധാന്തമെന്ന് ബോധ്യപ്പെടും. എത്ര വലിയ ദുരന്തത്തിലേക്കാണ് യുവതലമുറയെ ഇവർ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ തന്റെ സ്വത്വമെന്താണെന്ന് ബോധ്യപ്പെട്ട ശേഷം ഡോ: മണിയുടെ ഗവേഷണാഭാസങ്ങളെക്കുറിച്ച് റീമർ തന്നെ വെളിപ്പെടുത്തിയ വസ്തുതകൾ തന്നെ മതിയാകും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് താൻ വല്ലാത്ത ലിംഗത്വ അസ്വാസ്ഥ്യം (gender dysphoria) അനുഭവിച്ചിരുന്നതായി റീമർ പിന്നീട് വെളിപ്പെടുത്തി. പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും തനിക്കുള്ളിൽ സ്വയം പുരുഷനാണെന്ന ബോധമാണുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശാരീരികലിംഗത്തിന് വിരുദ്ധമായി മനസ്സ് പ്രവർത്തിക്കുന്ന അസുഖമാണ് ജെൻഡർ ഡിസ്‌ഫോറിയ.

താൻ പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയുടെ അടുക്കൽ ഇനി തന്നെ കൊണ്ടുപോയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വരെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഭീഷണിപ്പെടുത്തി. നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റുകയും ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുകയും വനിതയാണ് നീയെന്ന് സമൂഹവും വീട്ടുകാരുമെല്ലാം ആവർത്തിക്കുകയും ചെയ്തിട്ടും താൻ ഒരു പെണ്ണാണെന്ന് തനിക്ക് ചെറുപ്പത്തിലൊന്നും തോന്നിയിട്ടേയില്ലെന്ന് പറയുന്നത് റീമർ തന്നെയാണ്; അണയവങ്ങളൊന്നുമില്ലെങ്കിലും ആൺകുട്ടിയാണ് താൻ എന്ന് തന്നെ അദ്ദേഹം കരുതി. പെൺഹോർമോണുകളൊന്നും അദ്ദേഹത്തിൽ പെണ്മനസ്സുണ്ടാക്കിയില്ല. ശരീരം പെണ്ണിന്റേതായിട്ടു പോലും അദ്ദേഹത്തിനൊരിക്കലും താനൊരു പെണ്ണാണെന്ന് തോന്നിയില്ല.

സ്ത്രീയാക്കുവാൻ വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ അവസാനം, 1980ൽ അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സിൽ, പിതാവ് റീമറോട് സത്യം തുറന്നു പറഞ്ഞു. ആൺകുട്ടിയായി ജനിച്ചതു മുതൽ പെൺകുട്ടിയാക്കാൻ ഡോ: ജോൺ മണി ചെയ്ത വിക്രിയകൾ വരെയുള്ള കഥകൾ കേട്ടപ്പോൾ തനിക്ക് തന്റെ ആൺസ്വത്വം തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. അതിന് കഴിയാത്തതിൽ മനം നൊന്ത് തന്റെ ഇരുപതുകളുടെ തുടക്കത്തിൽ രണ്ട് തവണ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ ഇരുപത്തിയൊന്നാം വയസു മുതൽ അദ്ദേഹം തിരിച്ച് ആണാകാൻ വേണ്ടിയുള്ള തീവ്രമായ പരിശ്രമങ്ങളാരംഭിച്ചു; സ്തനങ്ങൾ സർജറിയിലൂടെ മുറിച്ച് മാറ്റി; പുരുഷലിംഗം വെച്ചുപിടിപ്പിക്കാനുള്ള സർജറി ചെയ്തു. നിരന്തരമായി ടെസ്റ്റസ്റ്റോറോൺ ഹോർമോൺ കുത്തി വെച്ചു; തന്റെ പെൺപേര് മാറ്റി ഡേവിഡ് റീമെർ എന്ന പേര് സ്വീകരിച്ചു. 1990 സെപ്റ്റംബർ 22 ന്, തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ മൂന്ന് മക്കളുടെ മാതാവായ ജെയിൻ ഫോന്റൈനിനെ വിവാഹം ചെയ്തു. പ്രശ്നകലുഷിതമായിരുന്നുവെന്ന് ഡേവിഡ് റീമെർ വിശേഷിപ്പിച്ച ആ വൈവാഹികജീവിതം വിജയം കണ്ടില്ല. 2004 മെയ് 2 ന് ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടു; രണ്ട് ദിവസങ്ങൾക്ക് ശേഷം ഒരു തോക്കുപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ഡോ: മണിയുടെ ജെൻഡർ പരീക്ഷണങ്ങൾക്ക് വിധേയനായ ഡേവിഡ് റീമറുടെ ഇരട്ട സഹോദരനും വിഷാദരോഗിയാവുകയും അതിനുള്ള മരുന്ന് ഓവർ ഡോസായി കഴിച്ച് രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു.

(ഡേവിഡ് റീമറുടെ ചരിത്രമറിയേണ്ടവർക്ക് BBC 2004 ൽ പുറത്തിറക്കിയ Dr. Money and the Boy with No Penis, (written by Sanjida O’Connell), 2000 ത്തിൽ പുറത്തിറക്കിയ The Boy Who Was Turned Into a Girl (directed by Andrew Cohen) എന്നീ ഡോക്യൂമെന്ററികൾ കാണാവുന്നതാണ്; ജോൺ കൊളാപിന്റോ എഴുതിയ As Nature Made Him: The Boy who was Raised as a Girl (New York: HarperCollins Publishers, 2000) എന്ന പുസ്തകവും അദ്ദേഹം സ്ലേറ്റ് മാഗസിനിൽ 2004 ജൂൺ മൂന്നിന് എഴുതിയ Gender Gap—What were the Real Reasons behind David Reimer’s Suicide എന്ന ലേഖനവും വിഷയം പഠിക്കുന്നവർക്ക് ഉപകാരപ്രദമാകും)

റീമർ പറഞ്ഞില്ലായിരുന്നുവെങ്കിൽ ?!

ഡേവിഡ് റീമറുടെ അനുഭവങ്ങൾ ലോകത്തോട് പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. ഹവായ് സർവ്വകലാശാലയിലെ ലൈംഗികശാസ്ത്രജ്ഞനായ മിൽട്ടൺ ഡയമണ്ടിനോട് പ്രയാസങ്ങളും ദുരിതങ്ങളും അപമാനവും മാത്രം നൽകിയ തന്റെ അനുഭവങ്ങൾ 1997ൽ അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ അതൊന്നും ലോകം അറിയുമായിരുന്നില്ല. ഡയമണ്ടും എച്ച്. കീത്ത് സിഗ്മണ്ട്‌സണും കൂടി എഴുതിയ ‘ജനിക്കുമ്പോൾ ഉള്ള ലിംഗപുനർനിർണ്ണയം: ഒരു ദീർഘകാല നിരൂപണവും ചികിത്സാപരമായ അനുമാനങ്ങളും’ (Milton Diamond, H. Keith Sigmundson: ‘Sex Reassignment at Birth: A Long Term Review and Clinical Implications’, Archives of Pediatrics and Adolescent Medicine, March 1997) എന്ന പഠനത്തിലൂടെയാണ് ഡേവിഡ് റീമറുടെ അനുഭവങ്ങൾ ആദ്യമായി ലോകം വായിച്ചത്. ഹവായ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പിസിഎസ്എസിന്റെ (The Pacific Center for Sex and Society- PCSS)1997 മാർച്ചിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തിലാണ് ഈ അനുഭവവിവരണമുള്ളത്. മുൻധാരണയിലധിഷ്ഠിതമായ തന്റെ സിദ്ധാന്തം സ്ഥാപിക്കുവാനായി ജെൻഡർ തിയറിയുടെ ബീജനിർമ്മാതാവ് എത്ര സമർത്ഥമായാണ് രണ്ട് യുവാക്കളുടെ ജീവിതാനുഭവങ്ങളെ ദുർവ്യാഖ്യാനിച്ചതെന്ന് അത് വായിച്ചാൽ ആർക്കും ബോധ്യപ്പെടും.

തന്റെ പീഡാനുഭവങ്ങൾ തുറന്നു പറഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഡേവിഡ് റീമർ ആത്മഹത്യ ചെയ്തത്. ദുരിതപൂർണ്ണവും അപമാനകരവുമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെട്ട അദ്ദേഹം അവ തുറന്നു പറയാതെയായിരുന്നു മരണപ്പെട്ടതെങ്കിൽ ജെൻഡർ തിയറിക്ക് അനുകൂലമായ വലിയ തെളിവായി അദ്ദേഹത്തെ നിരന്തരമായി ഉദ്ധരിക്കുകയും അത് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിൽട്ടൺ ഡയമണ്ടിനോടും കീത്ത് സിഗ്മണ്ട്‌സനോടും നാം കൃതജ്ഞത പ്രകടിപ്പിക്കണം. അവരാണല്ലോ റീമറുടെ യഥാർതഥമായ അനുഭവങ്ങൾ തുറന്നു പറയാൻ അവസരമുണ്ടാക്കിയത്. അല്ലെങ്കിൽ ജെൻഡർ തിയറിക്കും ക്വിയർ തിയറിക്കും ജെൻഡർ ഫ്ലൂയിഡിറ്റിക്കുമെല്ലാം ഉള്ള തെളിവായി ജോൺ- ജോയാൻ കേസ് നമ്മുടെ പാഠപുസ്തകങ്ങളിൽ പരിലസിക്കുമായിരുന്നു. ആർക്കും എപ്പോഴും ലിംഗമാറ്റം സംഭവിക്കാമെന്നതിന് തെളിവായി നമ്മുടെയെല്ലാം മക്കൾക്ക് സ്‌കൂൾ ക്‌ളാസുകളിൽ വെച്ച് തന്നെ അതെല്ലാം പഠിക്കേണ്ടി വരുമായിരുന്നു !!!

അടുത്ത തലമുറക്ക് വിഷാദരോഗം മാത്രം പ്രദാനം ചെയ്യുന്നതാണ് ജെൻഡർ പൊളിറ്റിക്സ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഡോ: ജോൺ മണിയുടെ ഗവേഷണാഭാസങ്ങൾ. ആ ഗവേഷങ്ങളുടെ വെളിച്ചത്തിൽ രൂപം കൊണ്ടതാണ് ജെൻഡർ തിയറി. യഥാർത്ഥത്തിൽ ജെൻഡർ തിയറിക്ക് വിരുദ്ധമായ ഫലങ്ങളല്ലേ ഡോ: ജോൺ മണിയുടെ ഗവേഷണങ്ങൾ നൽകുന്നത് എന്നൊന്നും ചോദിക്കുവാൻ ലിബറലിസത്തിന്റെ ലഹരി മൂത്തവർക്ക് കഴിയില്ല. അങ്ങനെ ആരെങ്കിലും ചോദിച്ചാൽ അവരെ ഹോമോഫോബിക്കുകൾ എന്നും ട്രാൻസ് ഫോബിക്കുകൾ എന്നും വിളിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. പെണ്ണാണെന്ന് കരുതി ജീവിച്ചിരുന്ന കുട്ടിക്കാലത്ത് ഡേവിഡ് റീമെർ അനുഭവിച്ച ജെൻഡർ ഡിസ്‌ഫോറിയ; പെണ്ണാണെന്ന് വീട്ടുകാരും സമൂഹവും വിളിച്ചിട്ടും അദ്ദേഹത്തിനുള്ളിലുണ്ടായിരുന്ന പുരുഷനാണെന്ന ബോധം; പുരുഷനായിരുന്നിട്ടും തന്നെ പെണ്ണാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഡോ: മണിയോടുള്ള വെറുപ്പ്; നിരന്തരമായി പെൺഹോർമോണുകൾ കുത്തിക്കയറ്റി മുലയടക്കമുള്ള സ്ത്രൈണചിഹ്നങ്ങൾ ശരീരത്തിലുണ്ടാക്കിയിട്ടും അദ്ദേഹത്തിൽ താൻ പെണ്ണാണെന്ന ബോധം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ലെന്ന പരാജയം; ദിവസേന സ്ത്രീവസ്ത്രങ്ങൾ ഉടുപ്പിക്കുമ്പോൾ അതിലൊന്നും താല്പര്യം തോന്നാത്ത പ്രകൃതം. ഇതെല്ലാം ജെൻഡർ തിയറി തെറ്റാണെന്നതിനുള്ള പച്ചയും വ്യക്തവുമായ തെളിവുകളാണ്.

അനുകൂലമായി ഉദ്ധരിക്കപ്പെട്ട ‘പരീക്ഷണമൃഗം’ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെ പീഡിപ്പിച്ചുകൊണ്ട് നിർമ്മിച്ചെടുത്ത സിദ്ധാന്തം തെറ്റാണെന്ന് ഉറക്കെ പറഞ്ഞതാണ് ഡേവിഡ് റീമറുടെ തുറന്നു പറച്ചിലിൽ നാം കാണുന്നത്. തെളിവ് തന്നെ ജീവനോടെ വന്ന് താൻ തെളിവല്ലെന്ന് ഉറക്കെ പറഞ്ഞ സന്ദർഭങ്ങൾ ശാസ്ത്രചരിത്രത്തിലെ അപൂർവ്വതകളിലൊന്നാണ്. എന്നിട്ടും ആ സിദ്ധാന്തം ശരിയാണെന്ന് തന്നെ ശാസ്ത്രത്തിന്റെ ലേബലുമൊട്ടിച്ച് ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജെൻഡർ തിയറി തെറ്റാണെന്നതിന് എന്താണ് തെളിവ് എന്ന ചോദ്യത്തിനുള്ള ഉത്തരം അവർ ഉന്നയിച്ച തെളിവ് തന്നെയാണ് അത് തെറ്റാണെന്നതിനുള്ള തെളിവെന്നാണ്. അത് ഉറക്കെ പറയേണ്ടത് ശാസ്ത്രജ്ഞരാണ്. പക്ഷെ അവർക്കത് പറയാനാകില്ല. പറഞ്ഞാൽ അവർ വേട്ടയാടപ്പെട്ടും; അത്രയ്ക്കും ശക്തമാണ് ജെൻഡർ പൊളിറ്റിക്സ്.

ലിംഗവും ലിംഗത്വവും ഒന്നാണ്

ബീജവും അണ്ഡവും യോജിക്കുമ്പോൾ തീരുമാനിക്കപ്പെടുന്നതാണ് ക്രോമോസോമികമായ ഒരാളുടെ ലിംഗം. Y ക്രോമോസോമിലുള്ള SRY ജീൻ പ്രവർത്തനക്ഷമമാവുന്ന ആറാമത്തെ ആഴ്ചയോടെ ഒരാളുടെ ലിംഗത്വം പൂർണ്ണമായിത്തന്നെ തീരുമാനിക്കപ്പെടുമെന്നാണ് ജനിതകം പഠിപ്പിക്കുന്നത്. ഈ ജനിതകനിർണ്ണയത്തിന് അനുസൃതമായ രീതിയിലാണ് ഭ്രൂണമായും ശേഷം ഗർഭസ്ഥശിശുവായും വളർന്നു കൊണ്ടിരിക്കുമ്പോൾ അതിന്റെ നാഡീവ്യവസ്ഥ മുതൽ അന്തസ്രാവവ്യവസ്ഥ വരെ രൂപം കൊള്ളുന്നത്. ആണും പെണ്ണും എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും വരെ തീരുമാനിക്കപ്പെടുന്നത് ഈ വ്യവസ്ഥകളുടെ പ്രവർത്തനങ്ങൾ വഴിയാണ് എന്ന് പറയുന്നത് ശുദ്ധശാസ്ത്രമാണ്; വ്യവസ്ഥകളെല്ലാം എങ്ങനെ പ്രവർത്തിച്ചാലും ഒരാൾക്ക് താൻ എന്താണെന്നാണോ തോന്നുന്നത് അതാണ് അയാളുടെ ലിംഗത്വമെന്ന് പറയുന്നത് ഈ ശുദ്ധശാസ്ത്രത്തിനെതിരാണ്. ശാസ്ത്രീയമെന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന തികച്ചും അശാസ്ത്രീയമായ തത്ത്വങ്ങളാണ് ജെൻഡർ തിയറിയും ക്വിയർ തിയറിയുമെന്ന് പറയുന്നത് അതുകൊണ്ടാണ്.

അവയവങ്ങളെ മാത്രമല്ല ചിന്തയെയും കാഴ്ചപ്പാടുകളെയുമെല്ലാം നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഭ്രൂണാവസ്ഥയിൽ വളർച്ചയാരംഭിച്ച ഈ വ്യവസ്ഥകളാണ്. ജനിച്ച് കഴിഞ്ഞ ആൺകുഞ്ഞിന്റെ ശ്രദ്ധ ആദ്യമായി പതിയുക വസ്തുക്കളിലേക്കാണെങ്കിൽ പെൺകുഞ്ഞിന്റെ ശ്രദ്ധ പതിയുക മുഖങ്ങളിലേക്കാണ് എന്നത് മുതലുള്ള വ്യത്യാസങ്ങളെല്ലാം അവരുടെ ലിംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. മറ്റു ശിശുക്കളുടെ കരച്ചിൽ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന പെൺകുട്ടിയിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് ആൺകുട്ടി. കൂടെയുള്ള ശിശുക്കളുടെ കരച്ചിൽ അവനിൽ കാര്യമായ ഭാവമാറ്റങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. ജീവിതത്തിലുടനീളം സ്ത്രീകൾ പ്രകടിപ്പിക്കുന്ന സഹാനുഭൂതി(empathy)യുടെ പ്രാഗ്‌രൂപമാണിതെന്നാണ് മനഃശാസ്ത്രജ്ഞർ പറയുക.

കുട്ടിയായിരിക്കുമ്പോൾ മുതൽ ഓരോ ഘട്ടങ്ങളിലുമുള്ള ആണിന്റെയും പെണ്ണിന്റെയും വൈകാരികമായ പ്രതികരണരീതികൾ തികച്ചും വ്യത്യസ്തമാണ്. പെൺകുട്ടി എപ്പോഴും വല്ലാത്ത സംവേദനകക്ഷമത (sensitive)യുള്ളവളായിരിക്കും. ശാരീരികക്രിയകളിൽ ആൺകുട്ടി വൈദഗ്ധ്യം പ്രകടിപ്പിക്കുമ്പോൾ ആശയക്കൈമാറ്റ (communication)ത്തിലായിരിക്കും പെൺകുട്ടിയുടെ പ്രാഗൽഭ്യം. ആക്രമകത്വവും സാഹസികതയും പ്രകടിപ്പിക്കുന്നതിൽ ആൺകുട്ടികളായിരിക്കും മുന്നിൽ. ഈ വ്യത്യാസങ്ങൾ സമൂഹം സൃഷ്ടിക്കുന്നതല്ല. XY ക്രോമോസോമുകൾ തമ്മിലുള്ള വ്യത്യാസങ്ങളാണവ; ജീനുകളിൽ നിന്ന് നിർധരിക്കപ്പെടുന്ന വ്യതിരിക്തതകൾ.

പുതിയ പഠനങ്ങൾ കാണിക്കുന്നത് പുരുഷന്മാരിലെയും സ്ത്രീകളിലെയും ഓരോ കോശങ്ങളുടെയും പ്രവർത്തനങ്ങൾ തമ്മിൽ പോലും വ്യത്യാസങ്ങളുണ്ടെന്നാണ്. മസാച്ചുസെറ്റ്സിലെ (Whitehead Institute for Biomedical Research in Cambridge, Massachusetts) ജീവശാസ്ത്രജ്ഞനായ ഡാനിയൽ വിൻസൺ ബെല്ലൊട്ടിന്റെ ഈ വിഷയത്തിലുള്ള ഒരു പഠനത്തെക്കുറിച്ച് “വൈ ക്രോമോസോം ഒരു ലിംഗഭേദകത്തെക്കാൾ കൂടുതൽ പലതുമാണ്’ എന്ന തലക്കെട്ടിൽ സയൻസ് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. (Daniel Winston Bellott: Y Chromosome is more than a sex switch, Science, 23.04. 2014). മോൺട്രിയൽ ക്ലിനിക്കൽ റിസേർച്ച് ഇൻസ്റ്റിട്യൂട്ട് (Montreal Clinical Research Institute) പ്രൊഫസർ ക്രിസ്ത്യൻ ഡെസ്‌ചെപ്പറുടെ കോവിഡ് രോഗവുമായി ബന്ധപ്പെട്ട കോശപഠനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കിയിട്ടുണ്ട്. ഇവ്വിഷയകമായ ഗവേഷണത്തിന്റെ വാർത്ത ‘പുരുഷ വൈ ക്രോമോസോം നാം കരുതിയതിനേക്കാൾ കൂടുതൽ ചെയ്യുന്നുണ്ട്’ (Christian Deschepper: The male Y chromosome does more than we thought, Science Daily, 25. 09. 2020). എന്ന തലക്കെട്ടിൽ സയൻസ് ഡെയിലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടി മുതൽ മുടി വരെയുള്ള ലിംഗവ്യത്യാസങ്ങളെക്കുറിച്ച് ശാസ്ത്രലോകം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരാൾക്ക് താൻ ഏത് ലിംഗത്തിലുള്ളയാളായാണോ തോന്നുന്നത് അതാണ് അയാളുടെ ലിംഗത്വമെന്ന സിദ്ധാന്തമാണ് ശാസ്ത്രീയമെന്ന് ലോകം അംഗീകരിച്ചേ മതിയാകൂ. എന്തുകൊണ്ടെന്നാൽ അങ്ങനെയാണ് ലോകത്തിന്റെ ധാർമ്മികത നിർണ്ണയിക്കുന്നവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് !!!

ജെൻഡർ സാമൂഹ്യനിർമ്മിതിയുമല്ല !

ആരും പെണ്ണായി ജനിക്കുന്നതല്ല അങ്ങനെ വളർത്തപ്പെടുകയാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാരംഭിച്ച ജെൻഡർ തിയറി ഇപ്പോൾ എത്തി നിൽക്കുന്നത് ഓരോരുത്തരുടെയും അഹംബോധമാണ് താൻ ഏത് ലിംഗത്തിൽ പെട്ടവനാണെന്ന് തീരുമാനിക്കുന്നത് എന്ന പരിസമാപ്തിയിലാണ്. ഫെമിനിസത്തിന്റെ രണ്ടാം തരംഗക്കാരിയായ സിമോൺ ദി ബുവ്വയിൽ നിന്ന് മൂന്നാം തരംഗക്കാരിയായ ജൂഡിത്ത് ബട്ലറിലെത്തുമ്പോൾ ജെൻഡർ സങ്കൽപ്പത്തിനുണ്ടായ ഈ മാറ്റം ശ്രദ്ധേയമാണ്. സ്ത്രീക്ക് എന്ന രൂപത്തിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഇടപാടുകൾ സമൂഹം അടിച്ചേൽപ്പിക്കുന്നത് വഴിയാണ് സ്ത്രൈണത എന്ന് വിളിക്കപ്പെടുന്ന സ്വഭാവങ്ങൾ രൂപീകരിക്കപ്പെടുന്നത് എന്ന് മാത്രമാണ് സിമോൺ ദി ബുവ്വയും രണ്ടാം തരംഗ ഫെമിനിസ്റ്റുകളും ഉദ്ദേശിച്ചിരുന്നത് എന്ന് അവരുടെ രചനകൾ വായിച്ചാൽ മനസ്സിലാവും. എന്നാൽ മൂന്നാം തരംഗ ഫെമിനിസത്തിലെത്തുമ്പോഴേക്ക് ഒരാളുടെ സ്ത്രൈണതയും പൗരുഷവും തീരുമാനിക്കുന്നത് അയാൾ തന്നെയാണെന്ന സങ്കൽപ്പനത്തിലേക്കാണ് ബട്ലറും കൂട്ടരും എത്തിയിരിക്കുന്നത്.

ഒരാൾക്ക് താൻ ഏത് ലിംഗത്തിൽ പെട്ടവനാണെന്ന് തീരുമാനിക്കാൻ അയാൾക്ക് അങ്ങനെ തോന്നിയാൽ മാത്രം മതിയെന്ന് പറയുമ്പോൾ ജനിതകം മുതൽ നാഡീശാസ്ത്രം വരെയുള്ള അംഗീകൃത ശാസ്ത്രശാഖകളെയെല്ലാം നോക്കുകുത്തികളാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യമൊന്ന് ഉറക്കെ വിളിച്ച് പറയാൻ പോലും കഴിയാത്ത സ്ഥിതയാണ് ജെൻഡർ പൊളിറ്റിക്സ് ലോകവ്യാപകമായി സൃഷ്ടിച്ചിരിക്കുന്നത്.

ജെൻഡർ തിയറി തെറ്റാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത ക്വിയർ തിയറിയും തെറ്റാണ്. ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവർത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെൻഡർ പൊളിറ്റിക്സ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുടെ പരീക്ഷണത്തിന് നമ്മുടെ അടുത്ത തലമുറയെ ഉപയോഗിക്കുന്നത് അപകടകരമായ സാമൂഹ്യദുരന്തത്തിന് കാരണമാകും എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ എതിർക്കുന്നവർക്കുള്ള ന്യായങ്ങളിലൊന്ന്. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിക്കൊണ്ട് ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുവാൻ കൂട്ടുനിൽക്കുകയെന്നാൽ ജെൻഡർ പൊളിറ്റിക്സിന് ഓശാന പാടുകയെന്നാണർത്ഥം. അടുത്ത തലമുറയെ ആണും പെണ്ണും കെട്ടവരാക്കുകയും വിഷാദരോഗികളാക്കുകയും ലിംഗത്വ അസ്വാസ്ഥ്യമുള്ളവരാക്കുകയും ചെയ്യാൻ കൂട്ടുനിൽക്കേണമോ എന്ന ചോദ്യത്തിന് നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നവർക്കെല്ലാം ‘വേണ്ട’ എന്ന ഉത്തരമേ പറയാനാകൂ.

print

No comments yet.

Leave a comment

Your email address will not be published.