സമൂഹത്തെ സ്വാധീനിക്കുന്നതെങ്ങനെ?

//സമൂഹത്തെ സ്വാധീനിക്കുന്നതെങ്ങനെ?
//സമൂഹത്തെ സ്വാധീനിക്കുന്നതെങ്ങനെ?
ആനുകാലികം

സമൂഹത്തെ സ്വാധീനിക്കുന്നതെങ്ങനെ?

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -3

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധം തകർക്കപ്പെടണം; സ്വവർഗലൈംഗികതയും സ്വാഭാവികവും പ്രകൃതിപരവുമാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടണം; ശിശുരതി മുതൽ മൃഗരതി വരെയുള്ള ലൈംഗികാസ്വാദനരീതികളെയെല്ലാം അറപ്പോ വെറുപ്പോ ഇല്ലാതെ സ്വീകരിക്കപ്പെടുന്ന സാമൂഹ്യാന്തരീക്ഷത്തെ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യാൻ ബോധപൂർവ്വമായ പരിശ്രമങ്ങൾ നടത്തണം.’ ഇതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് ജെൻഡർ പൊളിറ്റിക്സ്; അതിന്നായുള്ള ഇടപെടലുകളാണ് എൽജിബിറ്റി ആക്ടിവിസം.

എതിർവർഗ്ഗലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധം തകർത്ത് ഏതുതരം ലൈംഗികാസ്വാദനവും സ്വാഭാവികമാണെന്ന പൊതുബോധത്തിലേക്ക് സമൂഹത്തെ നയിക്കുക എളുപ്പമല്ലെന്ന് ജെൻഡർ പൊളിറ്റിക്സിന്റെ സൈദ്ധാന്തികന്മാർക്ക് നന്നായറിയാം. ഹെറ്റെറോനോർമേറ്റിവിറ്റിയിൽ നിന്ന് ക്വിയർ നോർമേറ്റിവിറ്റിയിലേക്കുള്ള പ്രയാണം എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്ന് അവർ കരുതുന്നു. ശക്തമായ ഇടപെടലുകളും പ്രചാരണങ്ങളും വഴി ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് തന്നെയാണ് അവരുടെ വിലയിരുത്തൽ. ഇങ്ങനെ വിലയിരുത്തിയ സൈദ്ധാന്തികന്മാർ ജീവിച്ചിരുന്ന കാലത്തേക്കാൾ വേഗത്തിലും ശക്തമായും ആശയങ്ങളെ അടിച്ചേൽപ്പിക്കാൻ പ്രചാരണങ്ങളെ ഉപയോഗിക്കാൻ കഴിയുന്ന സോഷ്യൽ മീഡിയയുടെ പുതിയ കാലത്ത് ഹെറ്ററോനോർമേറ്റിവിറ്റിയെ താരതമ്യേന എളുപ്പത്തിൽ തകർക്കാനാവും. സൈദ്ധാന്തികന്മാർ സ്വപ്നം കണ്ടതിനേക്കാൾ വേഗത്തിൽ അത് തകർന്നുവീഴുന്നതാണ് ഇന്ന് ലോകത്തെങ്ങും നാം കണ്ടുകൊണ്ടിരിക്കുന്നത്.

നിയമപരം, രാഷ്ട്രീയം, സാമൂഹികം എന്ന ക്രമത്തിലാണ് എൽജിബിറ്റി ആക്ടിവിസം തങ്ങളുടെ ആശയങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയെന്ന് ആദ്യത്തെ അധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എൻജിഒകളെ ഉപയോഗിച്ചുള്ള നിയമപോരാട്ടങ്ങളിലൂടെ ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽ പലതിലും സ്വവർഗ്ഗാനുരാഗം നിയമപരമാക്കിയതോടെ അതിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയത്തിലും സാമൂഹികസംവിധാനങ്ങളിലുമാണ് ഇപ്പോൾ അവർ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. എൻജിഒകളിലൂടെയും രാഷ്ട്രീയസംഘടനകളെ നേരിട്ടും സ്വാധീനിച്ചുകൊണ്ടാണ് തങ്ങളുടെ ആശയങ്ങളെ സമർത്ഥമായി സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്. ക്വിയർ നോർമേറ്റിവിറ്റിയിലേക്ക് ലോകത്തെ നയിക്കേണ്ടത് മാനവികമായ അനിവാര്യതയാണെന്ന് അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചതോടെ ഇക്കാര്യങ്ങൾ നടക്കുക എളുപ്പമായിത്തീർന്നു. അന്താരാഷ്‌ട്ര ഏജൻസികളുടെ സാമ്പത്തിക സഹായങ്ങൾ കൈപറ്റുന്നവർക്ക് രാഷ്ട്രീയത്തിലും സമൂഹത്തിലും നേർക്കുനേരെയല്ലാതെ ഇടപെടാൻ അവരെ സമ്മതിക്കേണ്ട സ്ഥിതിയുണ്ടാവുക സ്വാഭാവികമാണ്. യുവജനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻഎസ്എസിനെപ്പോലെയുള്ള ഔദ്യോഗിക വിദ്യാർത്ഥിസേവനസംവിധാനങ്ങളിലൂടെയും സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന വ്യത്യസ്തങ്ങളായ എൻജിഒകളിലൂടെയും രാഷ്ട്രീയപാർട്ടികളുടെ വിദ്യാർഥിസംഘടനകളിലൂടെയുമെല്ലാം യുവജന-വിദ്യാർഥിസമൂഹത്തെ ഇവ്വിഷയകമായി മസ്തിഷ്കപ്രക്ഷാളനം ചെയ്യുവാൻ എൽജിബിറ്റി ആക്ടിവിസത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്ന് ശേഷമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെപ്പോലെയുള്ള നിർബന്ധിത നടപടികളിലേക്ക് കടക്കുന്നത്.

ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുന്നതെന്തിന് ?

ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുന്നതെന്തിന് എന്നും തകർക്കാൻ ശ്രമിക്കുന്നത് എന്തൊക്കെയാണെന്നും എൽജിബിറ്റി ആക്ടിവിസത്തിന്റെ ആദ്യകാല വക്താക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1987 ഫെബ്രുവരി 15-21ന്റെ ഗേ കമ്മ്യൂണിറ്റി ന്യൂസിൽ (Gay Community News) മിക്കായേൽ സ്വിഫ്റ്റ് എഴുതിയ ‘സ്വവർഗാനുരാഗിയായ വിപ്ലവകാരി’ (Gay Revolutionary) എന്ന ലേഖനം 1980 കളുടെ അവസാനത്തിൽ ആരംഭിച്ച ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ലേഖനത്തിന്റെ ആശയം ഇങ്ങനെയാണ്:

“നിങ്ങളുടെ ആൺകുട്ടികളെയും ദുർബലമായ പൗരുഷമുദ്രകളെയും സഭ്യമല്ലാത്ത നുണകളെയും പൊള്ളയായ സ്വപ്നങ്ങളെയും ഞങ്ങൾ സ്വവർഗാനുരാഗികളാക്കിത്തീർക്കും. നിങ്ങളുടെ സ്‌കൂളുകളിലും പൊതുശയനമുറികളിലും കളരികളിലും സൂക്ഷിപ്പുപുരകളിലും കളിക്കളങ്ങളിലും മതപാഠശാലകളിലും യുവജനകൂട്ടായ്മകളിലും സിനിമാശാലകളിലെ കുളിപ്പുരകളിലും സൈനികനിലവറകളിലും ചരക്കുവണ്ടികൾ നിറുത്തുന്നിടങ്ങളിലും ആൺക്ലബുകളിലും പ്രതിനിധിസഭാമന്ദിരങ്ങളിലും, എവിടെങ്ങളിലെല്ലാം പുരുഷനും പുരുഷനും ഒരുമിച്ചാവുന്നുണ്ടോ അവിടെങ്ങളിലെല്ലാം ഞങ്ങൾ അവരെ മോഹിപ്പിക്കും. നിങ്ങളുടെ ആൺമക്കൾ ഞങ്ങളുടെ വിനീതസേവകരാവുകയും ഞങ്ങൾക്കായി വിലപേശുകയും ചെയ്യും. ഞങ്ങളുടെ പ്രതിച്ഛായക്കനുസരിച്ച് അവരെ ഞങ്ങൾ ഉടച്ചുവർക്കും. ഞങ്ങൾക്കടുത്തെത്തി അവർ കെഞ്ചുകയും ഞങ്ങളെ അവർ പൂജിക്കുകയും ചെയ്യും.

സ്ത്രീകളേ, സ്വാതന്ത്ര്യത്തിനായി നിങ്ങൾ മുറവിളി കൂട്ടുക. പുരുഷന്മാരിൽ നിങ്ങൾ സംതൃപ്തരല്ലെന്ന് പറയുക; അവർ നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലല്ലോ. പൗരുഷമുള്ള മുഖത്തെയും പുരുഷത്വം തുളുമ്പുന്ന ശരീരത്തെയും വിലയിരുത്തുന്നതിൽ വിദഗ്ധരായ ഞങ്ങൾ അപ്പോൾ നിങ്ങളുടെ ആണുങ്ങളെ നിങ്ങളിൽ നിന്ന് കൊണ്ടുപോകും. അവരെ ഞങ്ങൾ ആനന്ദിപ്പിക്കും; അവരോട് ഞങ്ങൾ നിഷ്കർഷിക്കും; അവർ തേങ്ങുമ്പോൾ ഞങ്ങൾ അവരെ ആലിംഗനം ചെയ്യും. പെണ്ണുങ്ങളേ, ആണുങ്ങളോടൊപ്പം ജീവിക്കുന്നതിനേക്കാൾ നിങ്ങൾക്കിഷ്ടം നിങ്ങൾക്ക് പരസ്പരം ഒന്നിച്ച് ജീവിക്കുവാനാണെന്ന് നിങ്ങൾ പറയൂ. അങ്ങനെ നിങ്ങൾ ഒന്നിച്ച് കഴിയൂ. നിങ്ങളുടെ ആണുങ്ങൾക്ക് അവർ ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആനന്ദം ഞങ്ങൾ നൽകും; കാരണം ഞങ്ങളാണ് ആണുങ്ങളിൽ അഗ്രഗണ്യർ; പുരുഷനെ യഥാരൂപത്തിൽ എങ്ങനെ ആനന്ദിപ്പിക്കാമെന്ന് മറ്റൊരു പുരുഷന് മാത്രമേ അറിയാനാകൂ; അയാളുടെ തീവ്രതയും വൈകാരികാനുഭവവും, ശരീരവും മനസ്സുമെല്ലാം അറിയാൻ മറ്റൊരു പുരുഷന് മാത്രമേ കഴിയൂ.

സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിലക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കപ്പെടും. ആണുങ്ങൾ തമ്മിൽ അനുരാഗമുണ്ടാക്കുന്നതിനാവശ്യമായ രൂപത്തിലുള്ള നിയമനിർമ്മാണങ്ങൾ നടക്കും. സ്വവർഗാനുരാഗികളെല്ലാം സഹോദങ്ങളെപ്പോലെ ഒറ്റക്കെട്ടായി നിലകൊള്ളണം. കലാപരമായും ദാർശനികമായും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും നാം ഐക്യപ്പെട്ടേ മതിയാകൂ. നീചരായ നമ്മുടെ എതിർവർഗാനുരാഗീശത്രുക്കളുടെ (heterosexual enemy) മുന്നിൽ ഒരു പൊതുമുഖം പ്രദർശിപ്പിക്കുമ്പോൾ മാത്രമേ നമുക്ക് വിജയിക്കാനാവൂ. കുഴ(faggot), യക്ഷി(fairy), വിചിത്രം(queer) എന്നിങ്ങനെ ഞങ്ങളോട് അലറാൻ നിങ്ങൾ ധൈര്യം കാണിക്കുകയാണെങ്കിൽ നിങ്ങളുടെ ഭീരുത്വമുൾക്കൊള്ളുന്ന ഹൃദയം ഞങ്ങൾ കുത്തിപ്പിളർത്തുകയും ദുർബലമായ നിങ്ങളുടെ ശവശരീരത്തെ വികൃതമാക്കുകയും ചെയ്യും.

ആണുങ്ങൾ തമ്മിലുള്ള അനുരാഗത്തെക്കുറിച്ച് ഞങ്ങൾ കവിതകളെഴുതും; പുരുഷൻ പുരുഷനെ പരസ്യമായി ലാളിക്കുന്നത് അവതരിപ്പിച്ചുകൊണ്ടുള്ള നാടകങ്ങൾ സ്റ്റേജുകളിൽ ഞങ്ങൾ അവതരിപ്പിക്കും. ആൺനായകർ തമ്മിലുള്ള പ്രണയം പ്രദർശിപ്പിക്കുന്ന സിനിമകൾ ഞങ്ങൾ ചിത്രീകരിക്കും. സിനിമാസ്‌ക്രീനുകളിൽ ഇപ്പോൾ അധീശത്വമുള്ള താണതും ഉപരിപ്ലവവും വിരസവും കാല്പനികവും അപക്വവുമായ എതിർവർഗാനുരാഗമതിഭ്രമത്തെ ചിത്രീകരിക്കുന്ന സിനിമകൾക്ക് പകരം അത്തരം സിനിമകൾ പ്രചാരത്തിലാവും. സുന്ദരന്മാരായ ആണുങ്ങളുടെയും ധീരരായ കായികാഭ്യാസികളുടെയും പ്രതിമകൾ കൊത്തിയുണ്ടാക്കി നിങ്ങളുടെ ഉദ്യാനങ്ങളിലും പൊതുചതുരങ്ങളിലും നഗരപത്വരങ്ങളിലും ഞങ്ങൾ സ്ഥാപിക്കും. ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങൾ ആകർഷങ്ങളായ നഗ്നബാലന്മാരുടെ ചായച്ചിത്രങ്ങളാൽ നിറയും. ഞങ്ങളുടെ എഴുത്തുകാരും കലാകാരന്മാരും പുരുഷന്മാർ തമ്മിലുള്ള പ്രണയം പരിഷ്‌കൃതവും ധാർമ്മികവുമാണെന്ന് വരുത്തിത്തീർക്കും. ഫാഷൻ നിർമ്മിക്കുന്നതിൽ നിപുണരാണ് ഞങ്ങളെന്നതിനാൽ അതിൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും. പരിഹാസം, അവഹേളനം, വെറുപ്പുല്പാദനം തുടങ്ങി ഞങ്ങക്ക് നല്ല നൈപുണ്യമുള്ള തന്ത്രങ്ങളിലൂടെ എതിർവർഗലൈംഗികതയുടെ എല്ലാ കെട്ടുപാടുകളെയും ഞങ്ങൾ ഇല്ലാതെയാകും.

എതിർവർഗാനുരാഗത്തിന്റെ കപടവേഷം ധരിച്ച അധികാരികളായ സ്വവർഗാനുരാഗികളെ ഞങ്ങൾ അനാവരണം ചെയ്യും. നിങ്ങളോട് അടുപ്പമുള്ളവരും യാഥാസ്തികരും എതിർവർഗാനുരാഗത്തിന്റെ പ്രതിരൂപങ്ങളാണെന്ന് നിങ്ങൾ കരുതിപ്പോരുന്നവരുമായ
നിങ്ങളുടെ പ്രസിഡന്റുമാരും അവരുടെ മക്കളും വ്യവസായികളും സെനറ്റർമാരും മേയർമാരും പടത്തലവന്മാരും കായികാഭ്യാസികളും സിനിമാ നടന്മാരും ടെലിവിഷൻ വ്യക്തിത്വങ്ങളും നാഗരിക നേതാക്കളും പുരോഹിതന്മാരുമൊന്നും ഇക്കാര്യത്തിൽ സുരക്ഷിതരല്ലെന്ന സത്യമറിയുമ്പോൾ നിങ്ങൾ ഞെട്ടുകയും പേടിക്കുകയും ചെയ്യും. ഞങ്ങൾ എല്ലായിടങ്ങളിലുമുണ്ട്. നിങ്ങളുടെ അണികളിലേക്കെല്ലാം ഞങ്ങൾ നുഴഞ്ഞു കയറിയിട്ടുണ്ട്. സ്വവർഗാനുരാഗികളെക്കുറിച്ച് സൂക്ഷിച്ച് മാത്രം സംസാരിച്ചാൽ മതി; എന്തുകൊണ്ടെന്നാൽ ഞങ്ങളെപ്പോഴും നിങ്ങളോടൊപ്പമുണ്ട്; നിങ്ങളുടെ മേശക്ക് എതിർവശത്തു തന്നെ ഞങ്ങളുണ്ടാകാം; നിങ്ങളുടെ കിടക്കയിൽ നിങ്ങളോടൊപ്പം ഞങ്ങൾ കിടക്കുന്നുണ്ടാവാം.

യാതൊരുവിധ ഒത്തുതീർപ്പുകളുമുണ്ടാവുകയില്ല. ദുർബലരായ മധ്യവർഗക്കാരല്ല ഞങ്ങൾ. അതിബുദ്ധിമാന്മാർ; മനുഷ്യകുലത്തിന്റെ സാഭാവിക കുലീനർ; ഞങ്ങളാവശ്യപ്പെടുന്നതിൽ നിന്ന് കുറഞ്ഞ യാതൊന്നുമായും അടിയറവ് പറയാത്ത ഉരുക്ക് മനസ്സുകളുള്ള പ്രഭുക്കൾ. ഞങ്ങളെ എതിർക്കുന്നവർ നാട് കടത്തപ്പെടും; മിഷിമ ചെയ്തത് പോലെ നിങ്ങളെ അതിജയിക്കുവാൻ ഞങ്ങൾ വിശാലമായ സ്വകാര്യ സൈന്യം രൂപീകരിക്കും. സ്വവർഗലൈംഗികതയുടെ അനുരാഗത്താലും ആദരവിനാലും പ്രചോദിപ്പിക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത അജയ്യരായ സൈനികരാണെന്നതിനാൽ പൗരാണിക ഗ്രീക്ക് സൈനികരെപ്പോലെ ഞങ്ങൾ ലോകത്തെ കീഴടക്കും.

കള്ളങ്ങളും വഞ്ചനകളും അപൂർണ്ണതയും കാപട്യവും ബലാത്കാരവും വിരിഞ്ഞിറങ്ങുന്ന കുടുംബസംവിധാനം തകർക്കപ്പെടും. ഭാവനയെ നിയന്ത്രിക്കുകയും സ്വാതന്ത്രേച്ഛയെ നിരോധിക്കുകയും ചെയ്യുന്ന കുടുംബസംവിധാനം ഇല്ലാതെയാവുക നിർബന്ധമാണ്. ജനിതക ലാബറട്ടറികളിൽ ദോഷമറ്റവരായ ആൺകുട്ടികൾ നിർമ്മിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യും. സ്വവർഗാനുരാഗികളായ വിദ്വാന്മാരുടെ നിയന്ത്രണത്തിനും പരിശീലനത്തിനും കീഴിലുള്ള സാമൂഹിക ചിട്ടയാൽ അവർ പരസ്പര ബന്ധിതരായിരിക്കും.

ഞങ്ങളെ എതിർക്കുന്ന മതസഭകളെല്ലാം അടച്ചുപൂട്ടപ്പെടും. സുമുഖരായ യുവാക്കൾ മാത്രമായിരിക്കും ഞങ്ങളുടെ ദൈവങ്ങൾ. സൗന്ദര്യത്തിന്റെയും സദാചാരത്തിന്റെയും സഹൃദയത്വത്തിന്റെയും ഒരു ഉപാസനാക്രമത്തോട് ഞങ്ങൾ ഒട്ടി നിൽക്കും. വിരൂപവും അപരിഷ്‌കൃതവും മുഷിപ്പിക്കുന്നതുമായ എല്ലാം നിർമ്മൂലനം ചെയ്യപ്പെടും. മധ്യവർഗ്ഗ എതിർവർഗാനുരാഗത്തിന്റെ സമ്പ്രദായങ്ങളിൽ നിന്നെല്ലാം ഞങ്ങൾ അകറ്റി നിർത്തപ്പെട്ടതിനാൽ, ശുദ്ധമായ ഭാവനയ്ക്ക് അനുസൃതമായ രീതിയിൽ മാത്രം ഞങ്ങളുടെ ജീവിതം ജീവിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. കുറെയധികം ഞങ്ങൾക്ക് മതിയാവുകയില്ല; അതിനേക്കാൾ കൂടുതൽ വേണ്ടിവരും.

അങ്ങനെ രൂപപ്പെടുന്ന മനോഹരമായ സമൂഹം ഭരിക്കുക ആൺസ്വവർഗഭോഗികളായ കവികൾ ഉൾക്കൊള്ളുന്ന ഉപരിവർഗമായിരിക്കും. സ്വവർഗ്ഗഭോഗാസക്തിയിൽ അധിഷ്ഠിതമായ ഈ പുതിയ സമൂഹത്തിന്റെ അധികാരപദവിയിലെത്തുവാൻ അനിവാര്യമായും വേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഗ്രീക്ക് അഭിനിവേശത്തിലുള്ള അമിത താല്പര്യമായിരിക്കും. എതിർവർഗാനുരാഗത്തിന്റെ ആസക്തിയാൽ മലിനപ്പെട്ട ആണുങ്ങൾ സ്വാധീനം ചെലുത്താനാകുന്ന സ്ഥാനങ്ങളിൽ നിന്ന് സ്വാഭാവികമായും നീക്കം ചെയ്യപ്പെടും. എതിർവർഗാനുരാഗമെന്ന വിഡ്ഢിത്തത്തിൽ ഉറച്ച് നിൽക്കുന്ന പുരുഷന്മാരെ സ്വവർഗാനുരാഗികളുടെ നീതിന്യായകോടതിയിൽ വിചാരണചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും.

നിങ്ങൾ എതിർവർഗാനുരാഗത്തിന്റെ നുണകളാലും വക്രീകരണങ്ങളാലും അവഹേളിച്ചെഴുതിയ ചരിത്രം ഞങ്ങൾ തിരുത്തിയെഴുതും. ലോകത്തെ നിർമ്മിച്ച മഹാന്മാരായ ചിന്തകരുടെയും നേതാക്കളുടെയും സ്വവർഗാനുരാഗത്തെ ഞങ്ങൾ ചിത്രീകരിക്കും. സ്വവർഗാനുരാഗം ബുദ്ധിയുമായും ഭാവനയുമായും വേർപ്പെടുത്താനാവാത്ത വിധം ബന്ധിതമാണെന്നും പുരുഷനിലെ യഥാർത്ഥ കുലീനതക്കും സത്യസന്ധമായ സൗന്ദര്യത്തിനും സ്വവർഗാനുരാഗം അനിവാര്യമാണെന്നും ഞങ്ങൾ സ്ഥാപിക്കും.

തലമുറകളായുള്ള എതിർവർഗാനുരാഗത്തിന്റെ പ്രദർശനങ്ങൾക്ക് നടുവിൽ സംസാരിക്കാനാകാതെ അടിച്ചമർത്തപ്പെട്ടവരുടെ അതിഘോരമായ കയ്പ്പിനാൽ ഊർജ്ജം നൽകപ്പെടുന്നതായതിനാൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും. ആത്യന്തികമായ വിപ്ലവത്തിന്റെ പ്രതിരോധനിര തീർക്കുവാനും തോക്കെടുത്ത് വെടിവെക്കാനും വരെ കഴിയുന്നവരാണ് ഞങ്ങൾ.

വിറയ്ക്കുക, എതിർവർഗാനുരാഗികളായ പന്നികളേ, മുഖമൂടികളില്ലാതെ ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തുമ്പോൾ നിങ്ങൾ വിറ കൊള്ളുക !!!”

(“THE HOMOSEXUAL MANIFESTO—as to Congress in 1987 and implemented by the Entropic U. S. Supreme Court in 2015”: Quoted by Dr. Samuel A Nigro M.D, (Retired, Assistant Clinical Professor Psychiatry, Case Western Reserve University School of Medicine, Ohio 44118, USA) in MedCrave, Journal of Psychology and Clinical Psychiatry, June 02, 2016, Volume 6 Issue 1)

എതിർവർഗ്ഗ ലൈംഗികതയുടെ വക്താക്കൾ സൃഷ്ടിച്ച പിരിമുറുക്കത്താൽ പൊറുതിമുട്ടിയ ഒരു സ്വവർഗ്ഗാനുരാഗിയുടെ ഭ്രാന്തമായ ജൽപ്പനങ്ങൾ മാത്രമായി മിക്കായേൽ സ്വിഫ്റ്റിന്റെ ഈ വർത്തമാനത്തെ കാണുന്നവരുണ്ട്. ഇതിൽ പറയുന്നത് പോലെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് അവർ കരുതുന്നത്. ശരിയാണ്. ഒരു സ്വവർഗ്ഗാനുരാഗിയുടെ ഭ്രാന്തമായ ജൽപ്പനങ്ങൾ തന്നെയാണ് ഈ ലേഖനത്തിലുള്ളത്. പക്ഷെ, ലോകത്തെ നയിക്കുന്നവർ ഇന്ന് ഈ ഭ്രാന്തിന് പിന്നിലാണുള്ളത്. ഒന്നാം ലോകത്തുള്ളവർ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് മിക്കായേൽ സ്വിഫ്റ്റിനെപ്പോലെയുള്ള സ്വവർഗ്ഗാനുരാഗികളുടെ സ്വപ്നസാക്ഷാൽക്കാരത്തിനുള്ള പദ്ധതികളാണ്. അദ്ദേഹം എഴുതിയ കാര്യങ്ങളിൽ മിക്കവയും ഇപ്പോൾ ഒന്നാം ലോകരാജ്യങ്ങളിൽ നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി എതിർവർഗ്ഗലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധത്തെ ഏതാണ്ട് പൂർണ്ണമായിത്തന്നെ അമേരിക്കയിൽ നിന്നും യൂറോപ്യൻ നാടുകളിൽ നിന്നും പറിച്ചെറിഞ്ഞു കഴിഞ്ഞു. ഏതുതരം ലൈംഗികാസ്വാദനവും സ്വാഭാവികമാണെന്ന പൊതുബോധത്തെ വ്യത്യസ്തങ്ങളായ പദ്ധതികൾ വഴി അവിടെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അത് തന്നെയല്ലേ മിക്കായേൽ സ്വിഫ്റ്റ് ആഗ്രഹിച്ചത്?! എന്നിട്ടുമെന്തേ അയാളുടേത് ഭ്രാന്തമായ ജല്പനങ്ങളാണെന്ന് പറയുന്നത്?

ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കുന്നതെങ്ങനെ ?

പാശ്ചാത്യനാടുകൾ ക്വിയർ നോർമേറ്റിവ് ആയതെങ്ങനെയാണ്? ആണാണ് അത് സൃഷ്ടിച്ചത്? യാദൃച്‌ഛികമായി സംഭവിച്ചതൊന്നുമല്ല അത്. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങൾ വഴിയാണ് അത് സാധിച്ചത്. എന്താണാ പ്രവർത്തനങ്ങൾ?

ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കുവാൻ സ്വീകരിക്കേണ്ട നയങ്ങളെയും നിലപാടുകളെയും കുറിച്ച കൃത്യമായ ഒരു മാർഗ്ഗരേഖ 1989ൽ തന്നെ ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കയിൽ മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഇഎച്ച്ജിഎസ് (New England Historic Genealogical Society- NEHGS) ലെ ലൈബ്രേറിയനും നാഡീമനോരോഗങ്ങളെ (neuropsychiatry) ക്കുറിച്ച് ഗവേഷണം നടത്തുന്നയാളുമായ മാർഷൽ കെന്നെത്ത് കിർക്കും സോഷ്യൽ മാർക്കറ്റിങ് ആന്റ് അഡ്വെർടൈസിങ്ങ് രംഗത്തെ പ്രഗത്ഭനായ ഹണ്ടർ മാഡ്‌സെണും ചേർന്നെഴുതിയ ‘എതിർവർഗാനുരാഗ അമേരിക്കയുടെ കേടുപാടുകൾ തീർക്കൽ’ (Marshall Kenneth Kirk, Hunter Madsen: “The Overhauling of Straight America”, https://silo.tips) എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ മാർഗ്ഗരേഖ ആദ്യമായി വിശദീകരിച്ചിരിക്കുന്നത്. സ്വവർഗാനുരാഗികൾ പ്രസിദ്ധീകരിച്ചിരുന്ന ‘ഗൈഡ്’ മാഗസിനിന്റെ 1987 നവമ്പർ ലക്കത്തിൽ അച്ചടിച്ചുവന്ന ലേഖനത്തിന്റെ വിശദീകരണമാണ് 1989 അവസാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പന്തിന് ശേഷം: സ്വവർഗാനുരാഗത്തോടുള്ള അതിന്റെ ഭയത്തെയും വെറുപ്പിനെയും 1990 കളിൽ അമേരിക്ക എങ്ങനെയാണ് അതിജയിക്കാൻ പോകുന്നത്?’ എന്ന പുസ്തകം. ഇതിൽ പറഞ്ഞിരിക്കുന്ന തന്ത്രങ്ങൾ വഴിയാണ് അമേരിക്കയും യൂറോപ്യൻ നാടുകളും ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർത്തത്. ലോകത്തെ ക്വിയർ നോർമേറ്റിവിറ്റിയിലേക്ക് നടത്തികൊണ്ടിരിക്കുന്നതും അവ വഴി തന്നെ.

അവർ വിശദീകരിച്ച ആറ് തന്ത്രങ്ങങ്ങളുടെ ആശയമാണ് താഴെ:

1. സ്വവർഗാനുരാഗത്തെയും അനുരാഗികളെയും കുറിച്ച് സാധ്യമാകുമ്പോഴെല്ലാം കഴിയുന്നത്ര ഉറക്കെ സംസാരിക്കുക:

നിരന്തരമായ സംസാരങ്ങൾ വഴി ഏത് പെരുമാറ്റത്തെയും സ്വാഭാവികമായി അംഗീകരിപ്പിക്കാമെന്ന പൊതുതത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ നിർദേശം. സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടേയിരുന്നാൽ അത് നോർമലാണെന്ന ധാരണയുണ്ടാക്കാൻ കഴിയും. എത്ര വെറുക്കപ്പെട്ട കാര്യമായിരുന്നാലും അത് ചെയ്യുന്നവരും അംഗീകരിക്കുന്നവരുമായ നിരവധി ആളുകളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞാൽ അത് സ്വാഭാവികമാണെന്ന ധാരണയിലേക്ക് സമൂഹം മെല്ലെ മെല്ലെ നടന്നുകയറും.

ചിലർക്ക് ചായയാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് കാപ്പിയാണ് ഇഷ്ടമെന്നത് പോലെ ചിലർക്ക് എതിർവർഗ്ഗത്തിലുള്ളവരെയാണ് പ്രണയിക്കാൻ താല്പര്യമെങ്കിൽ മറ്റു ചിലർക്ക് സ്വവർഗ്ഗത്തിലുള്ളവരെയാണ് പ്രണയിക്കാനിക്കിഷ്ടമെന്ന സാധാരണത്വത്തിലേക്ക് സമൂഹത്തെ കൊണ്ടുവരാൻ കഴിയണം. അതിന്ന് മീഡിയകളിലൂടെയും കലകളിലൂടെയും സാഹിത്യങ്ങളിലൂടെയും സിനിമയിലൂടെയുമെല്ലാം സ്വവർഗ്ഗാനുരാഗം നിരന്തരമായി ചർച്ച ചെയ്യപ്പെടണം. അതിന്നായി അവസരങ്ങൾ സൃഷ്ടിക്കണം. എന്നും കേട്ടുകൊണ്ടിരിക്കുന്ന വർത്തമാനമായി സ്വവർഗ്ഗാനുരാഗം മാറുമ്പോൾ അതിനോട് വലിയ എതിർപ്പുള്ളവരുടെ പോലും മനസ്സുകൾ മാറാൻ തുടങ്ങും. ആദ്യം ഭൂരിപക്ഷം എതിർക്കും. അപ്പോൾ കുറച്ചാളുകൾ അനുകൂലമായും കുറേ പേർ നിഷ്പക്ഷമായും സംസാരിക്കണം. നിഷ്പക്ഷരായി നിന്നിരുന്നവരിൽ നിന്ന് അനുകൂലമായി സംസാരിക്കുന്നവരിലേക്ക് മെല്ലെ ആളുകൾ ഒഴുകണം. അപ്പോൾ എതിർക്കുന്ന ഭൂരിപക്ഷത്തിൽ നിന്ന് ആളുകൾ നിഷ്പക്ഷതയിലേക്ക് ഒഴുകാൻ തുടങ്ങും. നിരന്തരമായ ചർച്ചകൾ വഴിയാണ് സ്വവർഗ്ഗാനുരാഗത്തിന് അനുകൂലമായി ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയുക. അതിന്ന് ശേഷം അനുകൂലമായി ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം എന്ന് വരുത്തിത്തീർക്കാനാവും. ലൈംഗികതക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചർച്ചകൾ പരമാവധി ഒഴിവാക്കുകയും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സംവാദങ്ങളാൽ മീഡിയകൾ മുഖരിതമാവുകയുമാണ് അതിന്ന് വേണ്ടത്.

ദൃശ്യമാധ്യമങ്ങളായ സിനിമയും ടെലിവിഷനും പാശ്ചാത്യ നാഗരികതയിലെ ഏറ്റവും ശക്തമായ പ്രതിച്ഛായാനിർമ്മാതാക്കളാണ്. ഒരു ശരാശരി അമേരിക്കൻ കുടുംബം ദിവസവും ഏഴ് മണിക്കൂറിലധികം ടിവി കാണുന്നു. ആ മണിക്കൂറുകൾ ഓരോരുത്തർക്കും നേരേയുള്ള സ്വകാര്യ ലോകത്തേക്കുള്ള കവാടമാണ് തുറക്കുന്നത്. അവിടെത്തന്നെയാണ് സ്വവർഗ്ഗാനുരാഗികൾ കൂടുതൽ പണിയെടുക്കേണ്ടത്. നാം കുറെയെല്ലാം മുന്നോട്ടു പോയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, സ്വവർഗ്ഗാനുരാഗകഥാപാത്രങ്ങളും സ്വവർഗ്ഗാനുരാഗപ്രമേയങ്ങളും ടിവി പ്രോഗ്രാമുകളിലും സിനിമകളിലും നിരന്തരമായി അവതരിപ്പിക്കപ്പെട്ടതിന്റെ ഫലം കാണാൻ തുടങ്ങിയിട്ടുണ്ട്. അക്കാര്യത്തിൽ ഹോളിവുഡ്ഡ് നമ്മെ രഹസ്യമായും പരസ്യമായും സഹായിച്ചിട്ടുണ്ട്. അതിനാൽ സ്വവർഗാനുരാഗവും അനുരാഗികളും നമ്മുടെ ചർച്ചകളിൽ നിറയട്ടെ. അങ്ങനെ നമുക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കയറാൻ കഴിയും. അങ്ങനെ നാം ഉദ്ദേശിക്കുന്ന രീതിയിലുള്ള ലൈംഗികതയിലേക്ക് നമുക്ക് സമൂഹത്തെ നയിക്കാൻ കഴിയും. ഒട്ടകത്തിന്റെ മൂക്ക് ആദ്യം കൂടാരത്തിലേക്ക് കയറട്ടെ; കാണാൻ കൊള്ളരുതാത്ത അതിന്റെ ആസനത്തെ അതിനുശേഷം സാവധാനത്തിൽ നമുക്ക് അകത്തേക്ക് കയറ്റാം.

നമുക്ക് ലൈംഗികതെയെക്കുറിച്ച് സംസാരിക്കാതിരിക്കാം; ഒരു ന്യൂനപക്ഷമെന്ന നിലയിലുള്ള നമ്മുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ മീഡിയകളിലൂടെയും സിനിമകളിലൂടെയും നമുക്ക് വർത്തമാനം പറഞ്ഞുകൊണ്ടേയിരിക്കാം. പ്രൈം ടൈം തന്നെയാണ് നമുക്ക് പറയാനാവശ്യം. നമുക്ക് അത് ലഭിച്ചേ മതിയാകൂ. അതിനായിചെയ്യാൻ കഴിയുന്നതെല്ലാം നാം ചെയ്യണം. എന്നാൽ അങ്ങനെ മാത്രമായി നമ്മുടെ എതിരാളികളെയെല്ലാം കീഴ്‌പ്പെടുത്താനാകുമെന്ന് നാം കരുതരുത്. പൊതുജനാഭിപ്രായം രൂപീകരിക്കാൻ മീഡിയകളും സിനിമയും സാഹിത്യങ്ങളുമെല്ലാം വഴി കഴിഞ്ഞേക്കും. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളുടെ യഥാർത്ഥ ഉറവിടം മതങ്ങളാണ്. അതിന്റെ അധികാരം മറ്റൊന്നാണ്. മതസഭകൾ സ്വവർഗ്ഗാനുരാഗത്തെ അപലപിക്കുമ്പോൾ സാമൂഹികമൂല്യങ്ങളെ നമുക്ക് അനുകൂലമാക്കുവാൻ നമുക്ക് ചില കളികൾ കളിക്കേണ്ടി വരും.

രണ്ട് കാര്യങ്ങൾ ചെയ്‌താൽ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാൻ നമുക്ക് കഴിയും. ധാർമ്മികതയുടെ വെള്ളത്തിൽ ചെളി പുരട്ടാൻ നിരന്തരമായ വർത്തമാനങ്ങളെ ഉപയോഗിക്കുകയാണ് ഒന്ന്. സ്വവർഗ്ഗാനുരാഗികളെ അനുകൂലിക്കുന്ന സഭകളെ ഉണ്ടാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയാണിത്. ബൈബിൾ പഠനങ്ങളുടെ യാഥാസ്ഥിതിക വ്യാഖ്യാനങ്ങളോടുള്ള ദൈവശാസ്ത്രപരമായ എതിർപ്പുകൾ പ്രസിദ്ധീകരിക്കുകയും സ്വവർഗ്ഗാനുരാഗികളോടുള്ള വിദ്വേഷം യഥാർത്ഥ സഭാപാഠങ്ങൾക്കെതിരാണെന്ന പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ഇത് വഴി സാധിക്കും. മനഃശാസ്ത്രതത്ത്വങ്ങളുടെയും പുതിയ ശാസ്ത്രീയമായ കണ്ടെത്തലുകളുടെയും വെളിച്ചത്തിൽ പള്ളിയുടെ നിലപാടിനെ കാലഹരണപ്പെട്ട വിവരക്കേടായി അവതരിപ്പിക്കുകയാണ് രണ്ടാമത്തെ തന്ത്രം. ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകളും മനഃശാസ്ത്രവുമെല്ലാം തങ്ങൾക്കെതിരാണെന്ന് ചർച്ചിനെ ബോധിപ്പിച്ചാൽ അവർ പ്രതിരോധത്തിലാവും. വിവാഹമോചനം, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ട് മുമ്പ് പള്ളികൾക്കെതിരെ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗത്തെ സ്വാഭാവികലൈംഗികതയായി സ്വീകരിപ്പിക്കുന്നതിനും അത് വ്യാപിപ്പിക്കുന്നതിനും വേണ്ടി അതേ സഖ്യത്തിന് തന്നെ വീണ്ടും പ്രവർത്തനനിരതമാകാനാവും.

സ്വവർഗാനുരാഗത്തെയും അനുരാഗികളെയും കുറിച്ച് സാധ്യമാകുമ്പോഴെല്ലാം കഴിയുന്നത്ര ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുക: അങ്ങനെ അതിനെ സ്വാഭാവികലൈംഗികതയായി സമൂഹമനസ്സിനെക്കൊണ്ട് അംഗീകരിപ്പിക്കുക. ഇതാണ് നമ്മുടെ ഒന്നാമത്തെതും പ്രധാനപ്പെട്ടതുമായ തന്ത്രം.

2) രൗദ്രഭാവത്തോടെ വെല്ലുവിളിക്കുന്നയാളുകളായല്ല, സ്വവർഗാനുരാഗികളെ ഇരകളായി ചിത്രീകരിക്കുക

സമൂഹമനസ്സിനെ സ്വാധീനിക്കുന്നതിന് വേണ്ടിയുള്ള ഏത് കാമ്പയിനാണെങ്കിലും അതിൽ സ്വവർഗ്ഗാനുരാഗികളെ ചീത്രീകരിക്കേണ്ടത് സംരക്ഷണം ആവശ്യമുള്ള ഇരകളായിട്ടായിരിക്കണം. അപ്പോൾ പീഡിതരുടെ സംരക്ഷകരായി രംഗത്ത് വരുന്നവർക്ക് സ്വവർഗ്ഗാനുരാഗികൾക്ക് വേണ്ടി പ്രത്യക്ഷപ്പെടാനുള്ള സ്വാഭാവികമായ ചോദനയുണ്ടാകും. കാർക്കശ്യക്കാരും യുവാക്കളെ വ്യതിചലിപ്പിക്കുന്ന ജീവിതശൈലി സ്വീകരിക്കുന്നവരും സമൂഹത്തിൽ ഭൂരിപക്ഷത്തിനും താല്പര്യമില്ലാത്ത ലൈംഗികാഭിനിവേശം ഉൾക്കൊള്ളുന്നവരും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവരുമായി അവർ ചിത്രീകരിക്കപ്പെട്ടാൽ അത് ഗുണമല്ല ഉണ്ടാക്കുക. സ്വവർഗാനുരാഗികൾ എപ്പോഴും ഇരകളും പീഡിതരും മാത്രമായി ചിത്രീകരിക്കപ്പെടണം. ഇരകൾ എന്ന ചിത്രത്തിനെതിരായ യാതൊന്നും പരസ്യമായി നമ്മിൽ ഇല്ലാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന്നായി സ്വവർഗ്ഗാനുരാഗം പരസ്യമായി പ്രഖ്യാപിക്കുന്നതും പ്രകടിപ്പിക്കുന്നതുമെല്ലാം ആവശ്യമാണെങ്കിൽ നാം വേണ്ടെന്ന് വെക്കണം.

എതിർവർഗ്ഗലൈംഗികതയുൾക്കൊള്ളുന്നവർക്ക് നാം അവരുടെ ശത്രുക്കളാണെന്നല്ല തോന്നേണ്ടത്, പ്രത്യുത അവരെപ്പോലെ വികാരങ്ങളുള്ളവരും ആ വികാരങ്ങൾ അടിച്ചമർത്താൻ നിർബന്ധിക്കപ്പെടുന്നവരുമാണ് നാം എന്ന ധാരണയാണ് അവരിലുണ്ടാവേണ്ടത്. അവരുടെ ശത്രുതയെ നാം ഉദ്ദീപിപ്പിക്കരുത്. അവരുടെ മുന്നിൽ നാം എന്നും പീഡിതരായിത്തന്നെ പ്രത്യക്ഷപ്പെടണം. സ്വവർഗ്ഗാനുരാഗികൾ ഇരകളാണെന്ന് ഉറക്കെപ്പറയുന്ന തരത്തിലുള്ള ഒരു കാമ്പയിൽ മാധ്യമങ്ങളുപയോഗിച്ച് നാം സംഘടിപ്പിക്കണം. അതിൽ നാം ഉപയോഗിക്കുന്ന ചിത്രങ്ങൾ പോലും ശ്രദ്ധിക്കണം. ശരീരപേശികൾ ധാരാളം പ്രകടിപ്പിക്കുകയും കട്ടിമീശയാൽ മുഖത്ത് ഗൗരവം ദ്യോതിപ്പിക്കുകയും ചെയ്യുന്നവരെയല്ല നാം അത്തരം കാമ്പയിനുകളിൽ നമ്മുടെ പ്രതിനിധികളായി അവതരിപ്പിക്കേണ്ടത്. കാഴ്ചക്കാർക്ക് അനുഭാവം തോന്നിപ്പിക്കുന്ന യുവകോമളന്മാരുടെയും പ്രായമുള്ളവരുടെയും ആകർഷണം തോന്നിക്കുന്ന സ്ത്രീകളുടെയും ചിത്രങ്ങളാണ് അവയിൽ ഉപയോഗിക്കേണ്ടത്. അത്തരക്കാരാണ് ഇരകളും പീഡിതരുമെന്ന ധാരണയുണ്ടാക്കുന്നതിൽ നാം വിജയിക്കണം. അപ്പോൾ നമുക്കനുകൂലമായി പൊതുജനാഭിപ്രായത്തെ പരിവർത്തിപ്പിക്കുവാൻ കഴിയും. ബാലന്മാരുമായുമുള്ള ലൈംഗികബന്ധത്തിന് വേണ്ടി പരസ്യമായി വാദിക്കുന്നവരായ ‘നോർത്ത് അമേരിക്കൻ മാൻ-ബോയ് ലവ് അസോസിയേഷനെ’ (NAMBLA)പ്പോലെയുള്ള ഗ്രൂപ്പുകൾ ഇത്തരമൊരു കാമ്പയിനിൽ പങ്കൊന്നും വഹിക്കാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബാലന്മാരുമായുള്ള ലൈംഗിക ബന്ധത്തിന് വേണ്ടി വാദിക്കുന്നവരെ ഇരകളായോ പീഡിതരായോ സമൂഹം ഇപ്പോൾ അംഗീകരിക്കുകയില്ല.

സ്വവർഗാനുരാഗികളായ ഇരകളെക്കുറിച്ച് നാം രണ്ട് സന്ദേശങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. പീഡിതരായ ഇവർ വിധിയുടെ ഇരകളാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഒന്നാമത്തേത്. സ്വവർഗാനുരാഗികൾ അവരുടെ ലൈംഗികാഭിനിവേശം ബോധപൂർവ്വം തെരെഞ്ഞെടുത്തതല്ലെന്നും സ്വാഭാവികമായിത്തന്നെ അവർ അങ്ങനെ ആയിത്തീർന്നതാണെന്നും ബോധ്യപ്പെടുത്തണം. നിങ്ങൾ ഭിന്നവർഗ്ഗലൈംഗികതയുള്ളയാളായോ കറുത്തയാളായോ വെളുത്തയാളായോ തിളക്കമുള്ളയാളായോ കായികക്ഷമതയുള്ളയാളായോ ജനിച്ചതുപോലെ സ്വവർഗ്ഗാനുരാഗികളും അങ്ങനെതന്നെ ജനിച്ചവരാണെന്ന സന്ദേശമാണ് അവർക്ക് നൽകേണ്ടത്. അവരെ ആരും അതിലേക്ക് വശീകരിക്കുകയോ കബളിപ്പിച്ച് അതിൽ ചേർക്കുകയോ ചെയ്തിട്ടില്ല; അവർ ഒരിക്കലും ഒരു തെരെഞ്ഞെടുപ്പ് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ധാർമ്മികമായി അവരെ കുറ്റപ്പെടുത്താനാവില്ല; അവർ അത് മനഃപൂർവ്വം ചെയ്യുന്നതല്ല, പ്രത്യുത അവർക്ക് അത് സ്വാഭാവികം മാത്രമാണ്. ഈ വിധിവൈപരീത്യം ചിലപ്പോൾ നിങ്ങൾക്കും സംഭവിക്കുമായിരുന്നു. ഇങ്ങനെയാണ് നാം സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ടത്.

എതിർവർഗ്ഗ ലൈംഗികതയുൾക്കൊള്ളുന്നവർക്ക് സ്വവർഗ്ഗാനുരാഗികൾ ഇരകളാണെന്ന് തന്നെ തോന്നണം. “അവർ ഞങ്ങളെപ്പോലെയല്ല’ എന്ന് മാത്രമാണ് സമൂഹത്തിലെ മാന്യരായ ആണുങ്ങളും പെണ്ണുങ്ങളും അവരെക്കുറിച്ച് പറയേണ്ടത്. എതിർവർഗ്ഗാനുരാഗികൾക്കിടയിൽ മാന്യരും സ്വഭാവവൈശിഷ്ട്യങ്ങളുള്ളവരും ആകർഷകമായ വ്യക്തിത്വമുള്ളവരും പ്രശംസനീയരുമായി അറിയപ്പെടുന്നവരായ അനിതരസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമകളെയാണ് നമ്മുടെ പക്ഷം പറയാനായി ഈ ക്യാമ്പയിനിന്റെ പൊതുവേദികളിൽ അവതരിപ്പിക്കപ്പെടേണ്ടത്. സ്വവർഗ്ഗാനുരാഗം പുറത്തേക്ക് പ്രകടിപ്പിച്ചു നടക്കുന്നവരെയല്ല, അത് ചെയ്യുന്നതോടൊപ്പം തന്നെ എതിർവർഗ്ഗാനുരാഗികളോടൊപ്പം അവരെപ്പോലെ ജീവിക്കുന്നവരെയാകണം അതിന്ന് നിയോഗിക്കേണ്ടത്. അപ്പോഴാണ് പൊതുസമൂഹത്തിലുള്ളവർ ‘ഇവർ തനിക്കും സംഭവിക്കാമായിരുന്ന വിധിയുടെ സ്വാഭാവികമായ ഇരകളാണ്’ എന്ന സന്ദേശത്തിലേക്ക് എത്തിച്ചേരുക.

സ്വവർഗ്ഗാനുരാഗം ഇരകളെ ബാധിക്കുന്ന ഒരു രോഗം പോലെയാണെന്ന ധാരണയാണ് ഇത്തരമൊരു കാമ്പയിൻ വഴി ഉണ്ടാകാൻ പോകുന്നതെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇത്തരത്തിലുള്ള ഒരു പരസ്യപ്രകടനത്തെ ചോദ്യം ചെയ്യുന്നവരായിരിക്കും പല സ്വവർഗ്ഗാനുരാഗികളുമെന്ന വസ്തുത ഞങ്ങൾക്കറിയാം. എന്നാൽ, സ്വവർഗ്ഗാനുരാഗികളുടെ സമൂഹം വളരെ ദുർബ്ബലമാണെന്നും ദുർബ്ബലമായ അധികാരസ്ഥാനങ്ങളിൽ അവിഹിതമായ സ്വാധീനങ്ങൾ ചെലുത്തിയാണ് സഹതാപത്തിനു വേണ്ടിയുള്ള നാടകമടക്കം കളിക്കേണ്ടതെന്നുമുള്ളതാണ് സരളമായ യാഥാർഥ്യം. സ്വവർഗ്ഗാനുരാഗി പീഡിതനായ ഇരയാണെന്ന് വരുത്തിത്തീർക്കുന്നതുവഴിയുണ്ടാവുന്ന നെഗറ്റീവ് ഇമേജിനെ മറ്റ് തന്ത്രങ്ങളിലൂടെ നാം അതിജീവിക്കുകയും ചെയ്യും. ആ തന്ത്രമാണ് നാലാമതായി നാം വിശദീകരിക്കാൻ പോകുന്നത്.

വിധിയുടെ ഇരകളായ സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിന്റെ കൂടി ഇരകളാണെന്ന് ചിത്രീകരിക്കുന്നതാണ് രണ്ടാമത്തെ തന്ത്രം. സ്വവർഗ്ഗാനുരാഗം വഴി അവരുടെ ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകളും ദുരിതങ്ങളും എന്താണെന്ന് എതിർവർഗ്ഗപ്രണയികളിൽ ഭൂരിപക്ഷത്തിനും അറിയില്ല. അത് പൊതുസമൂഹത്തിന് മുമ്പിൽ തുറന്നുവെക്കണം. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സ്വവർഗ്ഗാനുരാഗികളുടെ രേഖാചിത്രങ്ങൾ, ജോലിയിലെ നാടകീയമായ പ്രശ്നങ്ങൾ, പാർപ്പിടത്തിന്റെ അരക്ഷിതാവസ്ഥ, മക്കളുടെ പാലനാവകാശം നഷ്ടപ്പെടൽ, പൊതുഅവഹേളനം, ഇങ്ങനെ നീളുന്നു പ്രയാസകരമായ ഈ പട്ടിക.… ഈ പട്ടിക കാണുന്നവർ ആരാണെങ്കിലും അവർ നമുക്ക് ഇരകളുടെ പ്രതിച്‌ഛായയാണ് നൽകേണ്ടത്; അങ്ങനെ നൽകാൻ അവരെ പ്രേരിപ്പിക്കുന്ന രീതിയിലാകണം അവ അവതരിപ്പിക്കപ്പെടുന്നത്.

3) സംരക്ഷകർക്ക് നീതിയിലധിഷ്ഠിതമായ കാരണം നൽകുക.

വിധിയുടെയും സമൂഹത്തിന്റെയും ഇരകളായി സ്വവർഗ്ഗാനുരാഗികളെ അവതരിപ്പിക്കുകയും എതിർവർഗ്ഗപ്രണയികളെ അവരുടെ സംരക്ഷകരാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മാധ്യമകാമ്പയിൽ നടക്കണം. അത് നടക്കുമ്പോൾ അവരെ പ്രതിരോധിക്കുന്നവർക്ക് അതിനുള്ള ന്യായമായ കാരണം നൽകാൻ നാം ശ്രദ്ധിക്കണം. അങ്ങനെ ഒരു കരണമുണ്ടാകുമ്പോൾ എതിർവർഗ്ഗപ്രണയികളായ സ്ത്രീകളും പുരുഷന്മാരും പോലും സ്വവർഗ്ഗാനുരാഗത്തെ ധൈര്യമായി പ്രതിരോധിക്കാൻ സന്നദ്ധരാവും. മിക്കവാറും പേർ തങ്ങളുടെ ഉണർന്നിരിക്കുന്ന സംരക്ഷണപ്രേരണയെ സമൂഹത്തിൽ നിലനിൽക്കുന്ന നീതിയുടെയും നിയമത്തിന്റെയും ചില തത്ത്വങ്ങളോട് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന വസ്തുത ഇവിടെ നമുക്ക് തുണയായി ഭവിക്കും.

സ്വവർഗ്ഗരതി നടത്താൻ നേരിട്ടുള്ള പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ളതാകരുത് നമ്മുടെ കാമ്പയിൻ. അതിന്റെ പ്രമേയം സ്വവർഗ്ഗാനുരാഗികളോടുള്ള വിവേചനത്തിനെതിരെയുള്ള നീതിക്ക് വേണ്ടിയുള്ള പോരാട്ടമാകണം. അവർക്കും അഭിപ്രായസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, അവരുടേതായ നടപടിക്രമങ്ങൾ, നിയമത്തിന് മുന്നിലുള്ള തുല്യമായ സംരക്ഷണം എന്നിവ ആവശ്യമാണെന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടിയുള്ള കാമ്പയിൻ. അപ്പോൾ നീതിയിൽ വിശ്വസിക്കുന്നവരുടെയെല്ലാം പിന്തുണ അതിന്ന് ലഭിക്കും. നിയമത്തിന്റെയും നീതിയുടെയും അംഗീകൃതമാനദണ്ഡങ്ങളിലേക്ക് സ്വവർഗ്ഗാനുരാഗ പ്രസ്ഥാനത്തിന് അതിന്റെ കാരണത്തെ എത്തിക്കാൻ കഴിയുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിന്റെ ശത്രുക്കളുടെ ധാർമ്മികവാദങ്ങൾക്കുള്ള മറുപടി അതിനെ പിന്തുണക്കുന്ന എതിർവർഗ്ഗാനുരാഗികൾക്ക് നൽകാൻ കഴിയണം. സ്വവർഗ്ഗാനുരാഗവിരോധികൾ (homophobes) അവരുടെ വൈകാരികമായ വെറുപ്പിന് മുകളിൽ മതപരമായ ആധികാരികപ്രമാണങ്ങളുടെ ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു; അതിനാൽ സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർ അവരുടെ ആധികാരിക പ്രമാണങ്ങളെ നേരിടാൻ കഴിയുന്ന സിദ്ധാന്തങ്ങളുമായി തയ്യാറായിരിക്കണം.

4) സ്വവർഗ്ഗാനുരാഗികളെ മനോഹരമാക്കി അവതരിപ്പിക്കുക

എതിർവർഗ്ഗാനുരാഗികൾക്ക് സ്വവർഗ്ഗാനുരാഗിയായ ഇരയോട് അനുകമ്പയുണ്ടാകണമെങ്കിൽ അവനെ നിങ്ങൾ ഒരു സാധാരണക്കാരനായി ചിത്രീകരിക്കേണ്ടതുണ്ട്. എന്നാൽ കാമ്പയിനിന്റെ ഒരു അധികപ്രമേയം കൂടുതൽ അക്രമണാത്മകവും ആവേശഭരിതവുമാകണം. സ്വവർഗ്ഗാനുരാഗികളായ സ്ത്രീ-പുരുഷന്മാരെക്കുറിച്ച് മാധ്യമങ്ങൾ ഇന്നുണ്ടാക്കിയ മോശമായ ചിത്രത്തെ മറികടക്കുവാനായി സമൂഹത്തിന്റെ അത്യുന്നതമായ ആലംബങ്ങളായി സ്വവർഗ്ഗഭോഗികളെ ചിത്രീകരിച്ചുകൊണ്ടുള്ളതാകണം ഈ കാമ്പയിൻ. ഈ തന്ത്രം വളരെ പഴയതാണെന്ന് ഞങ്ങൾക്കറിയാം. മഹാന്മാരായ മനുഷ്യരെ ചൂണ്ടി ഇയാൾ ഞങ്ങളുടെ ആളായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ എന്ന് അഭിമാനത്തോടെ ചോദിക്കുന്ന മറ്റ് ന്യൂനപക്ഷങ്ങളുടെ രീതി. അവർ ഈ തന്ത്രം പരസ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. സ്വവർഗ്ഗാനുരാഗികളെ കാണാൻ കൊള്ളരുതാത്തവരും ഏകാന്തതയിൽ അഭിരമിക്കുന്നവരും പരാജിതരും മദ്യപാനികളും ആത്മഹത്യാപ്രവണതയുള്ളവരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായ വിചിത്രജീവികളായിക്കാണുന്ന എതിർവർഗ്ഗാനുരാഗികൾക്കെല്ലാം സ്വവർഗ്ഗാനുരാഗികൾ ചരിത്രത്തിൽ ഏറെ ആദരിക്കപ്പെട്ടവരായിരുന്നുവെന്ന സന്ദേശം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമുഖരായ സ്വവർഗാനുരാഗികളും ദ്വിവർഗ്ഗാനുരാഗികളുമായ സ്ത്രീകളും പുരുഷന്മാരും അനുഭവിച്ച ആദരവ് ശരിക്കും കണ്ണ് തുറപ്പിക്കുന്നതാണ് എന്ന സന്ദേശം.

സോക്രട്ടീസ് മുതൽ ഷേക്സ്പിയർ വരെയും മഹാനായ അലക്‌സാണ്ടർ മുതൽ അലക്‌സാണ്ടർ ഹാമിൽട്ടൺ വരെയും മൈക്കൽ ആഞ്ചലോ മുതൽ വാൾട്ട് വിറ്റ്മാൻ വരെയും സാഫോ മുതൽ ഗെർട്രൂഡ് സ്റ്റീൻ വരെയുമുള്ളവർ സ്വവർഗ്ഗാനുരാഗികളായിരുന്നുവെന്നത് നമുക്ക് പഴയ വർത്തമാനമായിരിക്കാം; പക്ഷെ, എതിർവർഗാനുരാഗികളുടെ അമേരിക്കക്ക് അത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. പാശ്ചാത്യനാഗരികതയുടെ യഥാർത്ഥ കാല്പനിക തലതൊട്ടമ്മയായി സ്വവർഗ്ഗാനുരാഗീസമൂഹത്തെ കാണുന്ന തരത്തിലുള്ള വിദഗ്ധവും സമർത്ഥവുമായ ഒരു മാധ്യമ കാമ്പയിനിന് സമയമായിരിക്കുന്നു. അത് പെട്ടെന്ന് തന്നെ നടക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ സെലിബ്രിറ്റികളുടെ അംഗീകാരം നേടാനും നാം പരിശ്രമിക്കണം. അവർ സ്വവർഗ്ഗാനുരാഗികളാണെങ്കിലും എതിർവർഗ്ഗാനുരാഗികളാണെങ്കിലും അവരെ നാം അവഗണിക്കരുത്.

5) ഇരകളാക്കുന്നവരെ മോശമാക്കി അവതരിപ്പിക്കുക.

നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മാധ്യമപ്രചാരണങ്ങളുടെ അവസാനഘട്ടത്തിൽ സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വ്യാപകമായിക്കഴിഞ്ഞശേഷം മാത്രം നടപ്പാക്കേണ്ട തന്ത്രമാണിത്. ഇങ്ങനെയെല്ലാമായിട്ടും നമ്മോട് വിരോധം പുലർത്തുന്നവർ ബാക്കിയുണ്ടെങ്കിൽ അവരോട് കർക്കശനിലപാട് പുലർത്തേണ്ട സമയമാണിത്. വിട്ടുവീഴ്ച്ചയില്ലാത്ത വിധം ഇനി അവരെ അപകീർത്തിപ്പെടുത്തണം. അപ്പോഴേക്കും അവരുടെ ആശയത്തിൽ വേരുപിടിച്ച് കഴിഞ്ഞിരിക്കുന്ന നമ്മുടെ ശത്രു അതിന്റെ തീവ്രമായ ആക്ഷേപവും തെറ്റായ വിവരങ്ങളും നാലിരട്ടിയായി വർധിപ്പിച്ചിരിക്കുമെന്നതിനാൽ ഇത് വളരെ വളരെ അത്യാവശ്യമായിത്തീരും.

ഇവിടെ നമുക്ക് രണ്ട് തലങ്ങളിലുള്ള ലക്ഷ്യങ്ങളാണുള്ളത് . സ്വവർഗാനുരാഗവിരോധം (homophobia) കൊണ്ടുനടക്കുന്ന സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവരുടെ മനസ്സ് മാറ്റുകയാണ് ഒന്നാമത്തേത്. തങ്ങളുടെ ഹോമോഫോബിയയാണ് ശരിയെന്ന് കരുതിക്കൊണ്ട് അതിൽ അഭിമാനിക്കുന്ന അവസ്ഥയെ തകർക്കണം. തങ്ങൾ ഹോമോഫോബിക്കുകളാണെന്ന കാര്യത്തിൽ ലജ്ജയും കുറ്റബോധവുമുള്ളവരാക്കി അവരെ മാറ്റണം. സമൂഹത്തിന്റെ മനസ്സ് മാറ്റുകയാണ് രണ്ടാമത്തേത്. സ്വവർഗ്ഗാനുരാഗം ശരിയല്ലെന്ന് കരുതുന്നവനെ ശരാശരി അമേരിക്കക്കാരൻ വഷളനായി കാണുന്ന അവസ്ഥയുണ്ടാകണം. അത്തരക്കാരുമായുള്ള എല്ലാ ബന്ധങ്ങളും അവർ വിച്‌ഛേദിക്കണം. സ്വവർഗ്ഗാനുരാഗിയെ അംഗീകരിക്കാത്തവരെ സമൂഹം അംഗീകരിക്കാത്ത സ്ഥിതി സൃഷ്ടിക്കപ്പെടണം.

ഇതിന്നായി സ്വവർഗ്ഗാനുരാഗത്തെ വെറുത്തുകൊണ്ട് മുറവിളികൾ നടത്തുന്നവരുടെ യഥാർത്ഥ സ്വഭാവങ്ങളും വിശ്വാസങ്ങങ്ങളും അമേരിക്കയെ എത്രത്തോളം നാണം കെടുത്തുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പൊതുജനങ്ങളെ കാണിക്കണം. സ്വവർഗ്ഗാനുരാഗികളെ ജീവനോടെ കത്തിക്കുകയോ വന്ധ്യംകരണം നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വെള്ളതീവ്രവാദി ഗ്രൂപ്പായ കൂ ക്ലക്സ് ക്ലാനിന്റെ (Ku Klux Klan) ചിത്രം; ഒരേ സമയം തമാശയും അതോടൊപ്പം വിഭ്രാന്തിയും തോന്നിപ്പിക്കുന്ന മർക്കടമുഷ്ടിക്കാരായ സതേൺ മിനിസ്റ്റർമാരുടെ ഹിസ്റ്റീരിയക്ക് സമാനമായ രീതിയിൽ തുപ്പലൊലിപ്പിച്ചുകൊണ്ടുള്ള വിദ്വേഷപ്രചാരണങ്ങളുടെ ചിത്രം; നമ്മെ ശല്യപ്പെടുത്തുന്ന നിയമലംഘകരുടെ ചിത്രം; സ്വവർഗ്ഗസ്നേഹികളായ അടിമകളെ ഞങ്ങൾ കൊന്നു എന്നോ കൊല്ലാൻ പോകുന്നുവെന്നുവെന്നോ പേടിയൊന്നുമില്ലാതെ വീമ്പിളക്കുന്ന കുറ്റവാളികളുടെയും കൊള്ളക്കാരുടെയും ചിത്രം; സ്വവർഗ്ഗാനുരാഗികളെ പീഡിപ്പിക്കുകയും വാതകം പ്രയോഗിക്കുകയും ചെയ്ത നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ. ഇവ കാണിച്ച് നമ്മുടെ എതിരാളികൾക്കെതിരെയുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കണം. നമ്മെ എതിർക്കുന്നവരെ അങ്ങനെ പൊതുജനം വെറുക്കണം.

നമ്മെ ഇരകളാക്കുന്നവരെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഈ പ്രചാരണം നമ്മുടെ ഏറ്റവും കടുത്ത ശത്രുക്കളെ തീർച്ചയായും പ്രകോപിപ്പിക്കും. അതല്ലാതെ നമ്മളെന്താണ് പറയുക? അവരുടെ കാലുകൾക്ക് പാകമായ ഷൂസാണ് നാം അവർക്ക് നൽകുന്നത്; അമേരിക്ക മുഴുവൻ നോക്കിനിൽക്കുമ്പോൾ തന്നെ അവരുടെ കാലുകളുടെ വലുപ്പമനുസരിച്ച് അവ ധരിപ്പിക്കുക തന്നെ ചെയ്യും.

6 ഫണ്ട് അഭ്യർത്ഥന; നാണയം ഇവിടെ നിൽക്കുന്നു.

ഇതേപോലെയുള്ള ഒരു കാമ്പയിനിന് വലിയൊരു ഫണ്ട് തന്നെ വേണ്ടി വരും. മാസങ്ങളോ വർഷങ്ങളോ നീണ്ടു നിൽക്കുന്ന ചെലവുകൾ നിർവ്വഹിക്കാൻ നല്ല ഫണ്ട് കണ്ടെത്തേണ്ടി വരും. അതിനായി അഭൂതപൂർവ്വമായ ഒരു പണപ്പിരിവ് തന്നെ നടത്തേണ്ടതായി വരും. ഈ പന്ത് ഉരുളണമെങ്കിൽ നിരവധി മില്യൺ ഡോളറുകളുടെ ചെലവുണ്ട്. അത് നാം കണ്ടെത്തണം. ഈ രാജ്യത്ത് ഒരു കോടിക്കും ഒന്നര കോടിക്കുമിടയിൽ മുതിർന്നവരായ സ്വവർഗ്ഗാനുരാഗികളുണ്ട്. അവരെല്ലാവരും കേവലം രണ്ട് ഡോളർ മാത്രം ഈ കാമ്പയിനിന് വേണ്ടി സംഭാവന ചെയ്‌താൽ മതി. അതുപയോഗിച്ച് നാം നമ്മുടെ ഏറ്റവും ശക്തരായ ശത്രുക്കളോട് മത്സരിക്കും. കുടുംബത്തെ പിന്തുണയ്‌ക്കാത്ത സ്വവർഗ്ഗാനുരാഗികൾക്ക് കൂടുതൽ സംഭാവന നൽകാൻ കഴിയും. അവർക്ക് ആരോടും കണക്ക് പറയേണ്ടതില്ലാത്തതും സ്വന്തമായി മാത്രം ഉപയോഗിക്കാനാവുന്നതുമായ വരുമാനം കൂടുതലായി ഉണ്ടല്ലോ.

“സ്വവർഗ്ഗാനുരാഗത്തിന് എതിരു നിൽക്കുന്നവർ തീരെ കൊള്ളരുതാത്തവരാണെന്ന് തോന്നിപ്പിക്കുകയും ശരാശരി അമേരിക്കക്കാർ അത്തരക്കാരോട് ബന്ധം പുലർത്താൻ വൈമനസ്യം കാണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”

എന്നാൽ അവർക്ക് അതിന് കഴിയുമോ? അതോ സ്വവർഗ്ഗാനുരാഗീസമൂഹത്തിലുള്ളത് അതിന്റെ വിമർശകർ ആരോപിക്കുന്നത് പോലെ ചുണയില്ലാത്തവരും സ്വന്തം കാര്യം മാത്രം നോക്കുന്നവരും പ്രതിബദ്ധതയില്ലാത്തവരും ദീർഘവീക്ഷണമില്ലാത്തവരുമാണോ അറിയപ്പെടുന്നവരും അജ്ഞാതരുമായ ദാതാക്കളിൽ നിന്നുള്ള ധനസഹായത്തിനായി അഭ്യർത്ഥിക്കുന്ന പുതിയ കാമ്പയിൻ അങ്ങനെ അല്ലെന്ന് തെളിയിക്കും. ഒരേസമയം രാജ്യവ്യാപകമായി ഒരു യോജിച്ച അഭ്യർത്ഥന നടത്തിയാൽ അക്കാര്യം നമുക്ക് മനസ്സിലാവും. സ്വവർഗ്ഗാനുരാഗികളോടും സാമൂഹ്യനീതിയിൽ താൽപ്പര്യമുള്ള എതിർവർഗ്ഗാനുരാഗികളോടുമുള്ളതാകണം ഈ ധനാഭ്യർത്ഥന.

സ്വവർഗ്ഗാനുരാഗികളുടെ മാധ്യമങ്ങളുപയോഗിച്ചാണ് ആദ്യത്തിൽ സംഭവനകൾക്കായുള്ള അഭ്യർത്ഥന നടത്തേണ്ടത്. ദേശീയ മാഗസിനുകൾ, പ്രാദേശിക പത്രങ്ങൾ, ബാറുകളിലെ ഫ്ലയറുകൾ, തിളങ്ങുന്ന ചട്ടകളുള്ള മാഗസിനുകളിലെ അറിയിപ്പുകൾ എന്നിവയിലൂടെയും പണം സമാഹരിക്കാം. കാമ്പസുകളിലും മെട്രോപൊളിറ്റൻ പ്രദേശങ്ങളിലുമുള്ള പ്രാദേശിക സ്വവർഗ്ഗാനുരാഗ സംഘടനകൾ വഴിയും സംഭാവനകൾ ലഭിക്കും. ഒടുവിൽ, പ്രധാനപ്പെട്ട എതിർവർഗ്ഗാനുരാഗമാധ്യമങ്ങളിലും നാം നേരിട്ട് സംഭാവനകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നൽകും. നീതിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണം; നീതിയാഗ്രഹിക്കുന്നവരെല്ലാം നമ്മെ സഹായിക്കും.

ഇതിന്ന് തുല്യമായ ഒരു പരിശ്രമം അമേരിക്കയിലെ സ്വവർഗാനുരാഗികളുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. ഇത് പരാജയപ്പെട്ടുകൂടാ. ഇത് തുടങ്ങാനുള്ള മൂലധനം സമാഹരിക്കുന്നതിൽ നാം പരാജയപ്പെട്ടാൽ ഈ കാമ്പയിൻ നടക്കുമെന്ന പ്രതീക്ഷ അസ്തമിക്കും. അങ്ങനെ സംഭവിച്ചാൽ സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഈയടുത്തൊന്നും യാതൊരു വിധ പുരോഗതിയും പ്രതീക്ഷിക്കാനാവില്ല. തങ്ങളുടെ ദീർഘകാല താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഈ സംഭാവനകൾ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് മനസ്സിലാക്കാൻ സ്വവർഗ്ഗാനുരാഗികൾക്ക് കഴിയുമെന്ന് തന്നെ നാം ഇപ്പോൾ പ്രതീക്ഷിക്കുന്നു. അങ്ങനെ ആവശ്യമായ ഫണ്ട് സ്വരൂപിക്കുവാൻ കഴിയുമെന്നും നാം അനുമാനിക്കുന്നു; ഒരു വീരോചിതമായ അനുമാനം !

(Marshall Kirk, Hunter Madsen: After the Ball: How America Will Conquer Its Fear and Hatred of Gays in the 90’s, NewYork City, 1989)

ശാസ്ത്രീയമായ ക്യാമ്പയിനിങ്

നാഡീമനഃശാസ്ത്രഗവേഷണങ്ങളിലൂടെ മനുഷ്യമസ്തിഷ്കം പ്രവർത്തിക്കുന്നതെങ്ങനെയെന്നും അതിനെ എങ്ങനെ അടിമപ്പെടുത്താമെന്നും കൃത്യമായി മനസ്സിലാക്കിയിട്ടുള്ള മാർഷൽ കിർക്കും മനുഷ്യരുടെ തലച്ചോറിലേക്ക് ആശയങ്ങളെ അടിച്ചേൽപ്പിക്കാൻ പരസ്യങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് വ്യക്തമായി അറിയാവുന്ന ഹണ്ടർ മാഡ്‌സെണും കൂടി തയ്യാറാക്കിയ ആറ് തന്ത്രങ്ങളെ തങ്ങളുടെ പ്രവർത്തനരൂപരേഖയായി സ്വീകരിച്ചുകൊണ്ടാണ് 1990 കളിൽ അമേരിക്കയിൽ ജെൻഡർ പൊളിറ്റിക്സ് വെന്നിക്കൊടി പാറിപ്പിച്ചത്. അക്കാലത്തെ വർത്തമാനപത്രങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സീരിയലുകളിലും സിനിമകളിലും സാഹിത്യത്തിലും നോവലുകളിലുമെല്ലാമുള്ള പ്രധാനപ്പെട്ട പ്രമേയങ്ങളിലൊന്ന് സ്വവർഗ്ഗാനുരാഗം തന്നെയായിരുന്നു. അത് കേട്ട് കേട്ട് ശരാശരി അമേരിക്കക്കാരൻ അതൊരു സ്വാഭാവികമായ കാര്യമായി മനസ്സിലാക്കുന്ന അവസ്ഥയിലെത്തിച്ചേർന്നു. സമൂഹത്തിലെ കുറേയാളുകൾ എതിർവർഗ്ഗാനുരാഗികൾ; കുറച്ചുപേർ സ്വവർഗ്ഗാനുരാഗികൾ. എല്ലാം സ്വാഭാവികം എന്ന കാഴ്ചപ്പാട് അമേരിക്കക്കാരിലെല്ലാം സമർത്ഥമായി കുത്തിവെക്കാൻ ആവർത്തിച്ചുള്ള ഇത്തരം പ്രമേയങ്ങൾ വഴി സാധിച്ചു.

സമൂഹത്തിന്റെ മുഖ്യധാരയാൽ പീഡിപ്പിക്കപ്പെടുന്ന ഇരകളായ സ്വവർഗ്ഗാനുരാഗികൾക്ക് വേണ്ടി സംസാരിക്കേണ്ടത് രാഷ്ട്രീയക്കാരുടെയും സാംസ്കാരികനായകരുടെയും സാഹിത്യകാരന്മാരുടെയും ഉത്തരവാദിത്തമാണെന്ന അവസ്ഥയിൽ നിന്ന് തുടങ്ങി സ്വവർഗ്ഗാനുരാഗികൾക്ക് വേണ്ടി സംസാരിച്ചില്ലെങ്കിൽ അവരെ ആരും അംഗീകരിക്കില്ലെന്ന അവസ്ഥയിൽ വരെ എത്തുന്ന സ്ഥിതിയുണ്ടായി. ഇരകളാണ് സ്വവർഗ്ഗാനുരാഗികളെന്നതിനാൽ അവർക്ക് വേണ്ടി നിലനിൽക്കേണ്ടത് നീതിക്ക് വേണ്ടി സംസാരിക്കുന്നവരുടെയെല്ലാം ബാധ്യതയായിത്തീർന്നു. പാശ്ചാത്യൻ നാഗരികതയുടെയും അമേരിക്കൻ ഐക്യനാടുകളുടെയുമെല്ലാം നിർമ്മാതാക്കളിൽ പലരും സ്വവർഗ്ഗാനുരാഗികളാണ് എന്നു വരുത്തിത്തീർത്തുകൊണ്ട് അവരുടെ പിൻഗാമികളാണ് തങ്ങളെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചെടുത്തു. സ്വവർഗ്ഗാനുരാഗത്തെ വിമർശിക്കുകയോ അത് ധാർമ്മികമല്ലെന്ന് പറയുകയോ ചെയ്യുന്നവരെയെല്ലാം ഹോമോഫോബുകളായി മുദ്രയടിക്കുകയും അവരെ ഒന്നിനും കൊള്ളാത്ത വില്ലന്മാരായി ചിത്രീകരിക്കുകയും ചെയ്തു.

കാമ്പയിനിന് വേണ്ടി പണമുണ്ടാക്കുവാൻ എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് യാതൊരു വിഷമവുമുണ്ടായില്ല. സ്വവർഗ്ഗാനുരാഗികളെ ഇരകളായി ചിത്രീകരിക്കുകയും അവർക്ക് നീതിക്കുവേണ്ടി പണം ചെലവഴിക്കുന്നത് കോർപറേറ്റ് ഉത്തരവാദിത്തമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നതിൽ വിജയിച്ചതിനാൽ കോർപ്പറേറ്റ് ഭീമന്മാരുടെ ഫണ്ട് ഈ ആവശ്യങ്ങൾക്ക് വേണ്ടി ഒഴുകി. മാർഷൽ കിർക്കും ഹണ്ടർ മാഡ്‌സെണും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നടന്നു. രണ്ടായിരാമാണ്ടായപ്പോഴേക്കും ഹെറ്ററോ നോർമിറ്റിവിറ്റി പൂർണ്ണമായും തകർന്നു. ഏതുതരം ലൈംഗികതയും സ്വാഭാവികമാണെന്ന് അംഗീകരിക്കുന്ന സമൂഹം അവിടെ വളർന്നു വന്നു. സ്വവർഗ്ഗരതിയെ എതിർക്കുന്നവരെയും അത് അധാർമ്മികമാണെന്ന് പറയുന്നവരെയും വെറുപ്പോടെ കാണുന്ന സമൂഹം !!! ജെൻഡർ പൊളിറ്റിക്സുകാർ ആഗ്രഹിക്കുന്ന ക്വിയർ നോർമേറ്റിവ് ആയ സമൂഹം !!!

കയറ്റി അയക്കപ്പെടുന്നത് ക്വിയർ കച്ചവടമാണ്

1990 മുതൽ തന്നെ ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുന്നതിന്നുള്ള തന്ത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അമേരിക്കയിൽ നിന്ന് കയറ്റി അയക്കാൻ ആരംഭിച്ചിരുന്നു. കോർപ്പറേറ്റുകളുടെ പണം ഇതിന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകി. എയിഡ്‌സ് പുനരധിവാസത്തിന് വേണ്ടിയെന്ന രൂപത്തിൽ പ്രവർത്തിക്കുന്ന എൻജിഒകളിലൂടെ ഈ പണം സ്വവർഗ്ഗാനുരാഗത്തെ മാന്യവൽക്കരിക്കുന്നതിനായുള്ള പദ്ധതികൾക്കായി ചെലവഴിക്കപ്പെട്ടു. ആവശ്യമുള്ളിടങ്ങളിൽ അവർ നിയമയുദ്ധങ്ങൾ നടത്തി. യുവജനപ്രസ്ഥാനങ്ങളിലേക്ക് അവർ നുഴഞ്ഞുകയറി. ഹെറ്റെറോനോരമേറ്റിവിറ്റി തകർക്കപ്പെടേണ്ടതാണെന്ന ധാരണ ഘട്ടം ഘട്ടമായി അവർ യുവാക്കളിലേക്ക് കുത്തിവെച്ചുകൊണ്ട് തങ്ങളെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി.

പീഢനങ്ങളനുഭവിക്കുന്ന സ്വവർഗാനുരാഗികളെ സഹായിക്കാനുള്ള നീതിയുടെ ത്വരയൊന്നുമായിരുന്നില്ല കോർപ്പറേറ്റുകളിൽ നിന്നുള്ള ഈ പണമൊഴുക്കിന് കാരണം. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും സ്വവർഗ്ഗരതിയെ എങ്ങനെ കച്ചവടം ചെയ്യാമെന്ന് മുതലാളിത്തം പഠിച്ചുകഴിഞ്ഞിരുന്നു. 2016 ജൂണിൽ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൈഡ് പരേഡ് സ്പോൺസർ ചെയ്തത് ടി-മൊബൈൽ വാൾമാർട്ട്, ഡെൽറ്റ, എഎക്സ്എ, നെറ്റ്ഫ്ലിക്സ്, ബഡ്‌ലിറ്റ്, യുണിലിവർ, ബിഎൻപി പാരിബാസ്, നിസ്സാൻ, ഡിസ്‌നി തുടങ്ങിയ ഭീമൻ കച്ചവടക്കാരായിരുന്നുവെന്നതിൽ നിന്ന് കോർപ്പറേറ്റ് ലോകം എൽജിബിറ്റി ആക്ടിവിസത്തിന്റെ കച്ചവട സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സത്യം വെളിപ്പെടുന്നുണ്ട്. ലണ്ടനിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രൈഡ് പരേഡുകൾക്ക് ഓരോ വർഷവും ലഭിക്കുന്ന കോർപ്പറേറ്റ് സംഭാവനകൾ വർധിച്ചു വരുന്നതായി ‘ഫിനാൻഷ്യൽ ടൈംസി’ൽ വന്ന ‘ഗേ പ്രൈഡിന്റെ കച്ചവടം’ (India Ross: The Business of Gay Pride, Financial Times, 11.08.2016 ) എന്ന പഠനം വ്യക്തമാക്കുന്നുണ്ട്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷങ്ങൾക്കും പരേഡുകൾക്കും പണം വാരിക്കോരി നൽകുന്ന കോർപ്പറേറ്റുകളുടെ കച്ചവടതാല്പര്യങ്ങളെക്കുറിച്ച് സാമ്പത്തികകാര്യ ലേഖികയായ ഡാനിയെല്ലെ കുർട്ട്സ് ലെബൻ എഴുതിയ ‘കോർപ്പറേഷനുകൾ എങ്ങനെയാണ് ഗേ പ്രൈഡിൽ നിന്ന് ലാഭമുണ്ടാക്കുന്നത്’ എന്ന ലേഖനത്തിലും വിവരിക്കുന്നുണ്ട് (BDanielle Kurtzleben: “How Corporations are Profiting from Gay Pride”, U.S. News & World Report، 11.06.2012).

എൽജിബിറ്റിക്കാർക്ക് ഒപ്പം നിൽക്കുന്നവരിൽ നിന്ന് മാത്രമേ സ്വവർഗ്ഗാനുരാഗികൾ സാധനങ്ങൾ വാങ്ങൂവെന്നതിനാൽ അവരുടെ എല്ലാ പരിപാടികളെയും കോർപറേറ്റുകൾ സ്പോൺസർ ചെയ്യുന്നുവെന്നാണ് ഈ ലേഖകർ രണ്ടുപേരും വ്യക്തമാക്കുന്നത്. സ്വവർഗ്ഗാനുരാഗികളെ മാറാൻ സമ്മതിക്കാതെ നിലനിർത്തുന്നത് വഴിയുള്ള വലിയ കച്ചവടസാധ്യതകളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് പഠിക്കുന്നവരാണ് ഇന്ന് കോർപ്പറേറ്റുകളുടെ ബിസ്സിനസ് തന്ത്രജ്ഞന്മാർ എന്ന് അവ സൂചിപ്പിക്കുന്നു. മൂന്ന് ട്രില്ല്യനിലധികം (മൂന്ന് ലക്ഷം കോടി) വരുന്ന അന്താരാഷ്ട്ര എൽജിബിറ്റി വിപണിയെ എങ്ങനെ ഉപയോഗിക്കാമെന്ന് കച്ചവടക്കാർക്ക് പറഞ്ഞുകൊടുക്കുന്നത് ഇത്തരം തന്ത്രജ്ഞന്മാരാണ്. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ന്യൂസ് ലെറ്ററിൽ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ബഹുരാഷ്ടകമ്പനികൾ എന്തുകൊണ്ട് എൽജിബിറ്റി നേതാക്കളിൽ പണം മുടക്കണമെന്നതിനുള്ള മൂന്ന് കാരണങ്ങൾ’ (Todd Sears: 3 Reasons why multinationals should invest in LGBT leaders, World Economic Forum, 04.03. 2016) എന്നായിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്റെ കച്ചവടസാധ്യതകളെപ്പറ്റി എണ്ണിയെണ്ണി പറയുകയും അതിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുകയും ചെയ്യുന്നതാണ് ലേഖനം.

വേൾഡ് എക്കണോമിക് ഫോറത്തിൽ ലേഖനമെഴുതിയ ടോഡ് സിയേഴ്‌സ് ലോകത്തെങ്ങുമുള്ള എൽജിബിറ്റി വിഭാഗങ്ങളിലെ കച്ചവടസാധ്യതയെക്കുറിച്ച പഠനവും ഗവേഷണവും നടത്തുകയും വ്യത്യസ്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇവ്വിഷയകമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതിനായുള്ള Out Leadership ന്റെ സ്ഥാപകനും സൈദ്ധാന്തികനുമാണ്. സ്വവർഗ്ഗാനുരാഗികളായ സ്ത്രീകളുടെ കച്ചവടസ്ഥാപങ്ങളെ കൂട്ടിയിണക്കുന്ന Out WOMEN അടക്കമുള്ള അദ്ദേഹത്തിന്റെ കീഴിലുള്ള നിരവധി സാമ്പത്തിക സ്ഥാപനങ്ങളിൽ ലോകത്തെങ്ങുമുള്ള 66 പ്രധാനപ്പെട്ട ബിസിസിനസ്സ് ഗ്രൂപ്പുകളാണ് പണം മുടക്കിയിരിക്കുന്നത്. (“The global LGBTQ+ business network” https://outleadership.com/). സ്വവർഗ്ഗാനുരാഗത്തെ കച്ചവടമാക്കുന്ന മുതലാളിത്തം! ലൈംഗികവൈകൃതങ്ങളെ എങ്ങനെ പണമുണ്ടാക്കാനായി ഉപയോഗിക്കാമെന്ന് ഗവേഷണം ചെയ്ത് കോർപ്പറേറ്റുകളെ ഉപദേശിക്കുന്ന സാമ്പത്തികകാര്യവിദഗ്ദന്മാർ ! ലിബറലിസത്തിന്റെ ലോകത്ത് ഒരു കാര്യം നന്മയാകാൻ ഇത്രയെല്ലാം ധാരാളമാണ്.

മുതലാളിത്തധാർമ്മികതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയെയും ക്വിയർ നോർമേറ്റീവ് ആകുവാനുള്ള ശ്രമത്തിന് പിന്നിൽ ഇതേ കച്ചവടക്കണ്ണ് തന്നെയാണുള്ളത്. കോർപ്പറേറ്റുകൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് പോലും അത് മനസ്സിലാകുന്നില്ല. പൂവൻ പഴം കൊണ്ട് കഴുത്തറക്കുകയാണല്ലോ മുതലാളിത്തത്തിന്റെ രീതി.

ഇന്ത്യയിലേക്ക്

2009 ൽ സ്വവർഗാനുരാഗികൾക്കനുകൂലമായുള്ള ദൽഹി ഹൈക്കോടതി വിധിയുണ്ടാവുന്നതിന് ഏറെ മുമ്പ് തന്നെ എയിഡ്‌സ് പുനരധിവാസത്തിനെന്ന പേരിൽ പ്രവർത്തിക്കുന്ന എൻജിഒകളെയുപയോഗിച്ചും മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും നോവലുകളിലൂടെയും സാഹിത്യങ്ങളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയുമെല്ലാം ഇന്ത്യയിൽ ഹെറ്റെറോനോർമേറ്റിവിറ്റിയെ തകർക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെന്ന് കാണാനാവും. സിനിമകൾ വഴി എങ്ങനെ ഇന്ത്യൻ പൊതുമനസ്സിനെ ജെൻഡർ പൊളിറ്റിക്സ് സ്വാധീനിച്ചുവെന്നറിയണമെങ്കിൽ 1998 ൽ റിലീസ് ചെയ്ത ‘ഫയർ’, 2020 ൽ റിലീസ് ചെയ്ത ‘ശുഭ് മംഗൾ സ്യാദാ സാവധാൻ’ എന്നീ ബോളിവുഡ് ചിത്രങ്ങളോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണങ്ങളെ താരതമ്യം മതിയാകും. വൈവാഹികജീവിതത്തിലെ പരാജയങ്ങൾ വഴി സ്വവർഗ്ഗാനുരാഗികളായിത്തീർന്ന രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ഫയറിനെതിരെ ശിവസേനയും ബിജെപിയും നടത്തിയ പ്രതിഷേധങ്ങളുടെ വാർത്തകളാൽ മുഖരിതമായിരുന്നു 1998 ഡിസംബർ മുതൽ ഏതാനും മാസത്തേക്ക് ഇന്ത്യൻ മാധ്യമങ്ങൾ. തിയേറ്ററുകൾ തകർക്കുകയും കാണാൻ വരുന്നവരെ അടിച്ചോടിക്കുകയുമെല്ലാം ചെയ്തുകൊണ്ടുള്ള പ്രതിഷേധങ്ങൾ.

അതിന്ന് ശേഷം സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിക്കൊണ്ടുള്ള നിരവധി സിനിമകൾ റിലീസ് ചെയ്യപ്പട്ടു. ഇക്കാലത്ത് സിനിമയിലൂടെയും അല്ലാതെയുമെല്ലാം സ്വവർഗ്ഗാനുരാഗം നിരന്തരമായി ചർച്ച ചെയ്യപ്പെട്ടു. ഫയറിന് ശേഷം കാൽ നൂറ്റാണ്ട് കഴിഞ്ഞ് ബോളിവുഡ് ‘ശുഭ് മംഗൾ സ്യാദാ സാവധാൻ’ എന്ന സിനിമയിലൂടെ സ്വവർഗ്ഗാനുരാഗികളായ രണ്ട് പുരുഷന്മാരുടെ കഥ പറയുമ്പോൾ അത് പൂർണ്ണമായ അർത്ഥത്തിൽ തന്നെ ഇന്ത്യൻ മനസ്സ് സ്വീകരിച്ചു. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ 2020 ലെ സിനിമകളിലൊന്നാണ് ശുഭ് മംഗൾ സ്യാദാ സാവധാൻ. ഇന്ത്യൻ മനസ്സ് ക്വിയർ നോർമേറ്റീവ് ആയതിന്റെ ലക്ഷണങ്ങളിൽ ഒന്നായാണ് ഈ ബോക്‌സാഫീസ് വിജയം വിലയിരുത്തപ്പെടുന്നത്. (Juhi Chakraborty: “Pride Month| Bollywood’s Queer Eye: How LGBTQ+ representation has evolved in cinema”, Hindustan Times, 02.06.2021)

മലയാളത്തിലേക്ക്

സ്വവർഗ്ഗാനുരാഗത്തെ സ്വാഭാവികമെന്ന ധാരണയുണ്ടാക്കുന്നതിൽ കേരളത്തിലെ ആനുകാലികങ്ങളും സിനിമകളും നോവലുകളുമെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്. അതേക്കുറിച്ച് നിരന്തരമായ ചർച്ചകളും പഠനങ്ങളും സ്വവർഗ്ഗഭോഗികളെ ഇരകളായി അവതരിപ്പിച്ചുകൊണ്ടുള്ള ഫീച്ചറുകളുമായി ഇക്കാര്യത്തിൽ നമ്മുടെ മുന്നിൽ നടന്നത് മലയാളം ആഴ്ചപ്പതിപ്പുകളാണ്; കൃത്യമായിപ്പറഞ്ഞാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്. അത് പിന്നീട് കഥകളിലേക്കും കവിതകളിലേക്കും സാഹിത്യത്തിലേക്കും കടന്നുവന്നു. ഗിരിജ, കോകില എന്നീ ലെസ്ബിയനുകളുടെ കഥ പറയുന്ന വിടി നന്ദകുമാറിന്റെ ‘രണ്ട് പെൺകുട്ടികൾ’ സ്വവർഗ്ഗാനുരാഗത്തെ പ്രമേയമാക്കിയ ആദ്യത്തെ മലയാളനോവലായിരുന്നു. അതിന്ന് ശേഷം സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന സാഹിത്യസൃഷ്ടികളുടെ ഒരു പ്രളയം തന്നെയുണ്ടായി. സ്വവർഗ്ഗാനുരാഗിയായ ശാസ്ത്രജ്ഞയെക്കുറിച്ച് പറയുന്ന സി രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും’, സ്വവർഗ്ഗരതിക്കാരനായ നായകന്റെ ചെയ്തികളെ വരച്ചുകാണിക്കുന്ന പോഞ്ഞിക്കര റാഫിയുടെ ‘ഇരകൾ’, വിവാഹിതയായ ലെസ്ബിയനെക്കുറിച്ച് പറയുന്ന സാറാ ജോസെഫിന്റെ ‘ആളോഹരി ആനന്ദം’, രണ്ട് ലെസ്ബിയൻമാരെയുടെ ജീവിതാവസ്ഥകളുടെ കഥ പറയുന്ന ശ്രീ പാർവ്വതിയുടെ ‘മീനുകൾ ചുംബിക്കുന്നു’, സ്വവർഗ്ഗാനുരാഗികളായ സ്ത്രീകളുടെ മനസികാവസ്ഥകളെ ചിത്രീകരിക്കുന്ന കെ ദിലീപ് കുമാറിന്റെ ‘സാഫോ’ എന്നീ നോവലുകൾ ഇവയിൽ ശ്രദ്ധേയമായിരുന്നു. (ഡോ : ഷംസാദ് ഹുസൈൻ: ലിംഗപദവിയും വിമതലൈംഗികതയും, മലയാളപ്പച്ച, ഫെബ്രുവരി 2018)

ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി ചെറുകഥകളിൽ സ്വവർഗാനുരാഗികൾ നായകന്മാരും നായികമാരുമായിത്തീർന്നു. മലയാളീമനസ്സുകളെ ഹെറ്ററോ നോർമേറ്റിവിറ്റിയിൽ നിന്ന് രക്ഷിച്ചെടുക്കുവാനുള്ള ബോധപൂർവമായ സാഹിത്യ ഇടപെടലുകൾ. അവ ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു.

സ്വവർഗ്ഗാനുരാഗികളുടെ കഥ പറയുന്ന ആദ്യത്തെ മലയാള സിനിമ 1978ൽ റിലീസ് ചെയ്ത ‘രണ്ട് പെൺകുട്ടികൾ’ ആയിരുന്നു. വിടി നന്ദകുമാറിന്റെ നോവലിന്ന് സംവിധായകനായ മോഹൻ നൽകിയ സിനിമാവിഷ്കാരം. അതിന് പിന്നിലായിത്തന്നെ 1986ല്‍ ലെസ്ബിയനുകളായ സാലിയുടെയും നിമ്മിയുടെയും കഥ പറയുന്ന പത്മരാജന്റെ ‘ദേശടനകിളികള്‍ കരയാറില്ല’യും റിലീസ് ചെയ്യപ്പെട്ടു. സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന പുതിയ സഹസ്രാബ്ദത്തിൽ പ്രദർശനത്തിനെത്തിയ ആദ്യത്തെ മലയാള സിനിമ ഡെലില, കിരണ്‍ എന്നീ രണ്ട് ബാല്യകാലസുഹൃത്തുക്കളുടെ പ്രണയം ചിത്രീകരിക്കുന്ന ലിജി ജെ പുല്‍പള്ളി സംവിധാനം ചെയ്ത ‘സഞ്ചാരം’ ആണ്. 2004 ലാണ് അത് റിലീസ് ചെയ്യപ്പെട്ടത്. ശ്യാമപ്രസാദിന്റെ ‘ഋതു’ (2009) പ്രിയനന്ദന്‍ സംവിധാനം ചെയ്ത ‘സൂഫി പറഞ്ഞ കഥ’(2010) റോഷന്‍ ആന്‍ഡ്രൂസിന്റെ ‘മുംബൈ പോലീസ്’(2013) എം ബി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്ണര്‍’ (2014) ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ (2019) എന്നിവയിലെല്ലാം സ്വവർഗ്ഗാനുരാഗം പ്രമേയമായാക്കിയ സിനിമകൾ തന്നെ. ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന അക്ബറിന്റെയും ഊമയായ അമീറിന്റെയും സ്വവർഗ്ഗപ്രണയം ചിത്രീകരിച്ചിരിക്കുന്ന മൂത്തോനിലൂടെ രണ്ടു ‘പുരുഷന്മാര്‍’ തമ്മിലുള്ള പ്രണയത്തെ ‘മനോഹരമായി’ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകസമൂഹം സൃഷ്ടിക്കപ്പെടുകയുണ്ടായി എന്നാണ് ഒരു സിനിമാനിരീക്ഷകൻ എഴുതിയത്. (ശശിനാസ് നീലകണ്ഠന്‍: “രണ്ടു പെണ്‍കുട്ടികള്‍ മുതല്‍ മൂത്തോന്‍ വരെ-മലയാള സിനിമയും സ്വവര്‍ഗ്ഗ പ്രണയവും” 22.08.2020 https://malayalam.thegulfindians.com)

മലയാളീ മനസ്സുകളെ ക്വിയർ നോർമേറ്റിവ് ആക്കുന്നതിൽ ഈ സിനിമകളെല്ലാം നല്ലൊരു പരിധിവരെ വിജയിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് ക്യാമ്പസുകളിൽ നിന്നും മറ്റുമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

മതവിശ്വാസികൾക്കിടയിലേക്ക്

മാധ്യമങ്ങളും സാഹിത്യസൃഷ്ടികളും കലകളും വിനോദങ്ങളുപയോഗിച്ച് സമൂഹമനസ്സിനെ ഹെറ്ററോനോർമിറ്റിവിറ്റിയിൽ നിന്ന് മോചിപ്പിക്കുവാൻ പൂർണ്ണമായി കഴിയില്ലെന്ന് എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് അറിയാം. അക്കാര്യം പൊതുസമൂഹത്തിന്റെ മസ്തിഷ്കത്തിലുള്ള ഹെറ്ററോനോർമിറ്റിവിറ്റി തകർക്കുന്നതിനായുള്ള ആറ് പദ്ധതികൾ അവതരിപ്പിച്ച് മാർഷൽ കിർക്കും ഹണ്ടർ മാഡ്‌സെണും നേരത്തെ തന്നെ പറഞ്ഞുപോയിട്ടുണ്ട്.” പൊതുജനാഭിപ്രായം രൂപീകരിക്കാൻ മീഡിയകളും സിനിമയും സാഹിത്യങ്ങളുമെല്ലാം വഴി കഴിഞ്ഞേക്കും. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളുടെ യഥാർത്ഥ ഉറവിടം മതങ്ങളാണ്. അതിന്റെ അധികാരം മറ്റൊന്നാണ്. മതസഭകൾ സ്വവർഗ്ഗാനുരാഗത്തെ അപലപിക്കുമ്പോൾ സാമൂഹികമൂല്യങ്ങളെ നമുക്ക് അനുകൂലമാക്കുവാൻ നമുക്ക് ചില കളികൾ കളിക്കേണ്ടി വരും. രണ്ട് കാര്യങ്ങൾ ചെയ്‌താൽ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാൻ നമുക്ക് കഴിയും. ധാർമ്മികതയുടെ വെള്ളത്തിൽ ചെളി പുരട്ടാൻ നിരന്തരമായ വർത്തമാനങ്ങളെ ഉപയോഗിക്കുകയാണ് ഒന്ന്. സ്വവർഗ്ഗാനുരാഗികളെ അനുകൂലിക്കുന്ന സഭകളെ ഉണ്ടാക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുകയാണിത്. ബൈബിൾ പഠനങ്ങളുടെ യാഥാസ്ഥിതിക വ്യാഖ്യാനങ്ങളോടുള്ള ദൈവശാസ്ത്രപരമായ എതിർപ്പുകൾ പ്രസിദ്ധീകരിക്കുകയും സ്വവർഗ്ഗാനുരാഗികളോടുള്ള വിദ്വേഷം യഥാർത്ഥ സഭാപാഠങ്ങൾക്കെതിരാണെന്ന പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ഇത് വഴി സാധിക്കും. മനഃശാസ്ത്രതത്ത്വങ്ങളുടെയും പുതിയ ശാസ്ത്രീയമായ കണ്ടെത്തലുകളുടെയും വെളിച്ചത്തിൽ പള്ളിയുടെ നിലപാടിനെ കാലഹരണപ്പെട്ട വിവരക്കേടായി അവതരിപ്പിക്കുകയാണ് രണ്ടാമത്തെ തന്ത്രം. ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകളും മനഃശാസ്ത്രവുമെല്ലാം തങ്ങൾക്കെതിരാണെന്ന് ചർച്ചിനെ ബോധിപ്പിച്ചാൽ അവർ പ്രതിരോധത്തിലാവും. വിവാഹമോചനം, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ട് മുമ്പ് പള്ളികൾക്കെതിരെ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗത്തെ സ്വാഭാവികലൈംഗികതയായി സ്വീകരിപ്പിക്കുന്നതിനും അത് വ്യാപിപ്പിക്കുന്നതിനും വേണ്ടി അതേ സഖ്യത്തിന് തന്നെ വീണ്ടും പ്രവർത്തനനിരതമാകാനാവും.”

സംഘടിത മതങ്ങളെല്ലാം സ്വവർഗ്ഗാനുരാഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. വേദഗ്രന്ഥങ്ങളിലൂടെയും ആചാര്യന്മാരുടെയും പ്രവാചകന്മാരുടെയും വചങ്ങളിലൂടെയും കണ്ണോടിക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന യാഥാർഥ്യമാണിത്. സ്വവർഗ്ഗരതിയടക്കമുള്ള തിന്മകളെ ധാർമ്മികമാക്കിത്തീർക്കണമെങ്കിൽ ലിബറലിസത്തിന്റെയോ നാസ്തികതയുടെയോ മാത്രം പിന്തുണ പോരെന്ന് എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് നന്നായറിയാം. അതുകൊണ്ടാണ് മതത്തിന്റെ പരമ്പരാഗത ധാർമ്മികത തകർത്ത് അവിടെയും സ്വവർഗ്ഗാനുരാഗത്തിനുള്ള ഇടങ്ങൾ നിർമ്മിക്കണമെന്ന് മാർഷൽ കിർക്കും ഹണ്ടർ മാഡ്‌സെണും നിർദേശിച്ചിരിക്കുന്നത്. അവരുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് സ്വവർഗ്ഗാനുരാഗികളുടെ മതഗ്രൂപ്പുകളുണ്ടാക്കികൊണ്ടാണ് മതങ്ങളെല്ലാം തള്ളിപ്പറഞ്ഞ വൈകൃതത്തെ ധാർമ്മികമാക്കാൻ വേണ്ടി എൽജിബിറ്റി ആക്ടിവിസ്റ്റുകൾ പരിശ്രമിക്കുന്നത്. മതവിശ്വാസികളെന്നു സ്വയം പരിചയപ്പെടുത്തുന്ന ചിലരെ ഉപയോഗിച്ചുകൊണ്ട് വേദഗ്രന്ഥങ്ങൾ ശിക്ഷ വിധിച്ച തിന്മയെ ന്യായീകരിച്ച് നന്മയാക്കാൻ ശ്രമിക്കുകയാണവർ. മതസ്ഥാപനങ്ങളെ സ്വാധീനിക്കാനും അവയെ അടക്കം ക്വിയർ നോർമേറ്റിവ് ആക്കാനുമുള്ള പരിശ്രമങ്ങളും ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കേണത്. പൗരോഹിത്യത്തിന്റെയും കുഞ്ഞാടുകളുടെയും ‘ആവശ്യങ്ങൾ’ക്കനുസരിച്ച് മതത്തിന്റെ അടിസ്ഥാന ധാർമ്മിക നിയമങ്ങൾ പോലും പരിണമിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ജൂതന്മാർക്കിടയിൽ:

സ്വവര്‍ഗരതിക്കാരോടുള്ള ഉദാരസമീപനത്തിന്റെ കാര്യത്തില്‍ മതവിശ്വാസികൾക്കെല്ലാം മുന്നില്‍ നടന്നത് യഹൂദന്മാരാണ്. തോറയിലെ സ്വവര്‍ഗരതിക്കെതിരായ നിര്‍ദേശങ്ങള്‍ അനുകൂലമായി വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ സ്വവര്‍ഗരതിക്കാര്‍ക്ക് പച്ചക്കൊടി കാണിക്കാനും സ്വവര്‍ഗവിവാഹങ്ങള്‍ അനുവദിക്കാനും ആരംഭിച്ചു. ബ്രിട്ടനിലെ ലിബറല്‍ ജൂതന്മാര്‍ 2003ല്‍ തന്നെ സ്വവര്‍ഗവിവാഹം അംഗീകരിക്കുകയും സിനഗോഗില്‍ വെച്ച് വിവാഹകര്‍മങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്തതായി 2005 ഫെബ്രുവരിയിൽ ‘ദി ഗാര്‍ഡിയനി’ൽ വന്ന ഒരു ലേഖനത്തില്‍ കാണാനാവും. (Melanie McDonagh: “Evangelicals cannot rule the roost”, The Guardian, 28.02.2005)

അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് ജൂതറബ്ബിയായ സ്റ്റീവന്‍ ഗ്രീന്‍ബെര്‍ഗ് സ്വയം തന്നെ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിക്കുകയും അങ്ങനെതന്നെ തുടര്‍ന്നുകൊണ്ട് താന്‍ ജൂതമത സേവനം നടത്തുമെന്ന് അറിയിക്കുകയും ചെയ്തത് 1999ലാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ‘നാഷണല്‍ ജ്യൂയിസ് സെന്റര്‍ ഫോര്‍ ലേണിംഗ് ആന്റ് ലീഡര്‍ഷിപ്പ്’ലെ സീനിയര്‍ അധ്യാപകനാണ് ഗ്രീന്‍ബര്‍ഗ്. സ്വവര്‍ഗാനുരാഗത്തിനെതിരെയുള്ള തോറയിലെ വചനങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കിയിടത്ത് സംഭവിച്ച പാളിച്ചകളാണ് അതിനെതിരെ നിലനിന്നിരുന്ന യഹൂദ നിലപാടിനു കാരണമെന്നും മധ്യകാലത്ത് ജൂതന്മാര്‍ക്കിടയില്‍ സ്വവര്‍ഗലൈംഗികത നിലനിന്നിരുന്നു എന്നതിന് അക്കാലത്തെ അവരുടെ സാഹിത്യങ്ങള്‍ തെളിവാണെന്നും എന്നാല്‍ ഒരിക്കല്‍ പോലും സ്വവര്‍ഗരതിക്കാര്‍ക്ക് വധശിക്ഷ നല്‍കിയതായി തെളിവൊന്നുമില്ലെന്നും സ്ഥാപിച്ചുകൊണ്ട് അദ്ദേഹം എഴുതിയതാണ് ‘ദൈവവും മനുഷ്യനുമായുള്ള മല്‍പ്പിടുത്തം; യഹൂദപാരമ്പര്യത്തിലെ സ്വവര്‍ഗലൈംഗികത’ എന്ന ഗ്രന്ഥം. (Rabbi Steven Greenberg: Wrestling With God and Men: Homosexuality in the Jewish Tradition, New York, 2005). ഈ പുസ്തകമാണ് 2005ലെ ഏറ്റവും നല്ല ജൂത ദാര്‍ശനികഗ്രന്ഥത്തിനുള്ള കോറെത്ത് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹമായത്.

ഇസ്രയീലിലെ വയോധികനായ യൂദറബ്ബിയും തോറാപണ്ഡിനും യഹൂദനിയമവിശാദരനുമായ റബ്ബി യോസഫ് ഷാലോം എലിയോഷീവുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സ്വവര്‍ഗരതി ചര്‍ച്ചാവിഷയമായെന്നും അദ്ദേഹം അതിന് സമ്മതിച്ചുവെന്നുമാണ് സ്റ്റീവന്‍ ഗ്രീന്‍ബെര്‍ഗ് എഴുതുന്നത്. ”എന്നോടൊപ്പം കഴിഞ്ഞിരുന്ന സഹപാഠികളോട് എനിക്കു തോന്നുന്ന അടുപ്പത്തെ കുറിച്ച് അറിയാനുള്ള ആകാംക്ഷയുമായി ജറുസലേമിലെ ഏറ്റവുമധികം അതിയാഥാസ്തികരായ സമൂഹങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ജ്ഞാനിയായ റവ് യോസഫ് ഷാലോം എലിയാഗൂവിന്റെ അടുക്കല്‍ ഞാനെത്തി. മോശം ആരോഗ്യസ്ഥിതിയിലായിരുന്നെങ്കിലും അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്നുണ്ടായിരുന്നു. ”പുരുഷന്മാരും സ്ത്രീകളും എന്നെ ആകര്‍ഷിക്കുന്നുണ്ട്, പ്രഭോ, ഞനെന്ത് ചെയ്യണം?” ആ സമയത്ത് എനിക്കു സത്യമായി തോന്നിയ കാര്യം ഞാന്‍ ഹീബ്രുവില്‍ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു. ”പ്രിയ സുഹൃത്തേ, താങ്കള്‍ക്ക് സ്‌നേഹിക്കുവാനുള്ള ഇരട്ടി ശക്തിയുണ്ട്. അത് സൂക്ഷിച്ച് ഉപയോഗിക്കുക.” ഞാന്‍ ഞെട്ടിപ്പോയി. കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ അല്‍പനേരം ഇരുന്നു. ”ഇതേയുള്ളൂ?” നിശബ്ദമായ ഇടവേളക്കു ശേഷം ഞാന്‍ ചോദിച്ചു: അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ”അത്രയേയുള്ളൂ! കൂടുതലായി യാതൊന്നും പറയുവാനില്ല.”(Rabbi Steven Greenberg: Ibid Page 46)

ഇത്തരം റബ്ബിമാര്‍ മതം കൈകാര്യം ചെയ്യുന്നതു കൊണ്ടുതന്നെയാവണം, സ്വവര്‍ഗപ്രണയികളുടെ അമേരിക്കന്‍ ലൈഫ്‌സ്റ്റൈല്‍ മാസികയായ ‘ഔട്ട്’ ഇസ്രായീല്‍ തലസ്ഥാനമായ ടെല്‍അവീവിനെ ‘മധ്യ പൗരസ്ത്യദേശത്തെ സ്വവര്‍ഗപ്രണയീ തലസ്ഥാനം’ (the gay capital of the Middle East) എന്നു വിശേഷിപ്പിച്ചത്. സ്വവര്‍ഗാനുരാഗത്തേയും സ്വവര്‍ഗവിവാഹത്തെയുമെല്ലാം ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ മധ്യപൗരസ്ത്യ രാഷ്ട്രമാണ് ഇസ്രായീല്‍. അവിടെ നിന്ന് ഈ ദുഃസ്വഭാവം അറബിനാടുകളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അവി, ബിന്യാമീന്‍ എന്നീ സ്വവര്‍ഗപ്രണയികളുടെ വിവാഹം അംഗീകരിച്ചുകൊണ്ട് 2007 ജനുവരി 29ന്റെ ഇസ്രായീല്‍ സുപ്രീംകോടതി വിധിയോടെ ഇവ്വിഷയകമായി യതൊരു വിലക്കുകളും അവിടെ നിലനില്‍ക്കുന്നില്ലെന്ന അവസ്ഥയാണുള്ളത്. ഉസി ഇവന്‍, അമിത് കാമ എന്നീ ഗേ ദമ്പതികള്‍ ദത്തെടുത്ത യോസിയെന്ന മുപ്പതുകാരന് എല്ലാവിധ പുത്രാനുകൂല്യങ്ങളുമുണ്ടെന്ന 2009 മാര്‍ച്ച് 9 ന്റെ ടെല്‍ അവീവ് കുടുംബകോടതിയുടെ വിധിയും കൂടി വന്നു കഴിഞ്ഞതോടെ സാധാരണ വിവാഹവും സ്വവര്‍ഗവിവാഹവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന സ്ഥിതിയും സംജാതമായി. സ്വർഗ്ഗാനുരാഗികൾക്ക് മക്കൾ വേണമെന്നുണ്ടെങ്കിൽ വാടകഗർഭപാത്രത്തിൽ അവരെ വളർത്തിയെടുക്കാനുള്ള അവകാശവുമുണ്ടെന്ന് 2021 ജൂലൈ 11ന് ഇസ്‌റാഈൽ സുപ്രീം കോടതി വിധിച്ചു.
(“Israeli Court OKs Surrogacy for Same-sex Couples” Associated Press 21.07.2021, https://www.voanews.com)

സ്വവര്‍ഗരതിക്ക് മരണശിക്ഷ വിധിക്കുന്ന തോറയല്ല, യഹൂദന്മാര്‍ക്ക് സുഖിച്ചാസ്വദിക്കുവാനും ചുറ്റുമുള്ളവരെ നശിപ്പിക്കുവാനുമാവശ്യമായ തന്ത്രങ്ങള്‍ മെനയുന്ന സയണിസത്തിന്റെ സൃഗാലബുദ്ധിയാണ് ഇസ്രായീലിന്റെ ധാര്‍മികത നിശ്ചയിക്കുന്നതെന്ന വസ്തുതയാണിവിടെ വ്യക്തമാക്കുന്നത്.

ക്രൈസ്തവസമൂഹത്തിൽ

സ്വര്‍ഗരാജ്യം അവകാശമാക്കുകയില്ലെന്ന് പൗലോസ് ആണയിട്ട് പറഞ്ഞ തിന്മകളായ വിഗ്രഹാരാധനയും, പലിശയും, മദ്യപാനവുമെല്ലാം നന്മകളാക്കിത്തീര്‍ത്ത ക്രൈസ്തവസഭയുടെ സ്വഭാവിക പാത തന്നെയാണ് സ്വവര്‍ഗരതിയുടെ കാര്യത്തില്‍ പിന്തുടരപ്പെടുന്നതെന്നാണ് ക്രൈസ്തവലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന സ്വരങ്ങളും ചലനങ്ങളും വ്യക്തമാക്കുന്നത്. ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ് ഇവാന്‍ജലിസ്റ്റ് ദൈവശാസ്ത്രജ്ഞനായ ജുര്‍ഗെന്‍ മോള്‍ട്ട്മാന്‍, സ്വിറ്റ്‌സര്‍ലണ്ടിലെ കത്തോലിക് പാതിരിയായ ഹാന്‍സ്‌കുണ്ട്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായ ഡേവിഡ് എഡ്‌വാര്‍ഡ് ജെന്‍കിന്‍സ്, എപിസ്‌കോപല്‍ ചര്‍ച്ച് ഡയോസിസ് ഓഫ് നെവാര്‍ക്കിന്റെ ബിഷപ്പ് ജോണ്‍ ഷെല്‍ബി സ്‌പോണ്ട്, ആംഗ്ലിക്കല്‍ പാതിരിയായ ഡോണ്‍ കുപിറ്റ് തുടങ്ങി നിരവധി ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ സ്വവര്‍ഗരതിയും പ്രണയവും അംഗീകരിക്കണമെന്ന് പരസ്യമായി നിലപാടെടുത്തവരാണ്. (“Various interpretations of what the Bible says and means about same-gender sexual behavior” http://www.religioustolerance.org) 1984ലെ നൊബേല്‍ സമ്മാന ജേതാവും കേപ്ടൗണിലെ (സൗത്താഫ്രിക്ക) ആംഗ്ലിക്കന്‍ ആര്‍ച്ചു ബിഷപ്പുമായിരുന്ന ഡെസ്‌മൊന്‍ട് ടുട്ടുവിന്റെ അഭിപ്രായത്തില്‍ സ്വവര്‍ഗരതിക്കാരോടുള്ള ഭയം (homophobia) മാനവികതയോടുള്ള കുറ്റകൃത്യവും വര്‍ണവെറിപോലെ അന്യായവും എതിര്‍ക്കപ്പെടേണ്ട തിന്മയുമാണ്. (“Tutu’s Advocacy for LGBTQ Rights Did Not Sway Most of Africa” Associated Press 29.12.2021, https://www.voanews.com)

സ്വവര്‍ഗരതിയും വിവാഹവുമെല്ലാം അനുവദനീയമായി കാണുന്ന നിരവധി ക്രിസ്ത്യന്‍ സഭകളുണ്ട്. എപിസ്‌കോപ്പല്‍ ചര്‍ച്ച്, മെട്രോപോളിറ്റണ്‍ കമ്മ്യൂണിറ്റി ചര്‍ച്ച്, യൂണിറ്റേറിയന്‍ യൂനിവേഴ്‌സലിസ്റ്റ് ചര്‍ച്ച്, യുണൈറ്റഡ് ചര്‍ച്ച് ഓഫ് കാനഡ, യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, യൂനിറ്റി സ്‌കൂള്‍ ഓഫ് ക്രിസ്ത്യാനിറ്റി എന്നിവ സ്വവര്‍ഗരതിയും വിവാഹവും അങ്ങനെ ഒന്നിച്ച ദമ്പതികളെ അനുഗ്രഹിക്കലുമെല്ലാം ചെയ്യുന്ന സഭകളാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുരോഹിതനായ ഡേവിഡ് ജെന്‍കിന്‍സ് 2005ല്‍ നടന്ന രണ്ടു സ്വവര്‍ഗാനുരാഗികളുടെ കൂടിച്ചേരലിനെ അനുഗ്രഹിച്ചത് ഇംഗ്ലണ്ടില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ സ്വവര്‍ഗദമ്പതിമാരിലൊരാള്‍ സഭയിലെ ഒരു വികാരിയച്ചനായിരുന്നു എന്നതാണ് വിവാദത്തിന്റെ കാതല്‍. സ്വവര്‍ഗദമ്പതിമാരെ അനുഗ്രഹിക്കുക എന്ന ജെന്‍കിന്‍സ് തുടങ്ങിവെച്ച സമ്പ്രദായം ഇന്ന് ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലേയും നടേ പറഞ്ഞ ചര്‍ച്ചുകളില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

1968 ഒക്‌ടോബര്‍ 6ന് ബാപ്റ്റിസ്റ്റ് പ്രഭാഷകനായിരുന്ന ദോയ് ഡിറോയ് പെറി ലോസ് ആഞ്ചല്‍സില്‍ സ്ഥാപിച്ച മെട്രോപൊളിറ്റന്‍ കമ്മ്യൂണിറ്റി ചര്‍ച്ചാണ് സ്വവര്‍ഗാനുരാഗികള്‍ക്കായി സ്ഥാപ്പിക്കപ്പെട്ട ആദ്യത്തെ സഭ. 23 രാജ്യങ്ങളില്‍ ഇന്ന് ശാഖകളുള്ള ഈ സഭയെ ഇന്ന് ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ അംഗീകരിച്ചുട്ടുണ്ട്. 1985ല്‍ സ്ഥാപിക്കപ്പെട്ട എക്യൂമെനിക്കല്‍ കത്തോലിക് ചര്‍ച്ചും സ്വവര്‍ഗലൈംഗികത അംഗീകരിക്കുകയും സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള ഭയപ്പാട് ഇല്ലായ്മ ചെയ്യുവാനുമായി പരിശ്രമിക്കുകയും ചെയ്യുന്ന സഭയാണ്. ഗേ-ലെസ്ബിയന്‍ വിവാഹങ്ങളും ആണ്‍-പെണ്‍ വിവാഹങ്ങളുമെല്ലാം എല്ലാ നിലയ്ക്കും ഒരുപോലെയാണെന്നും താന്‍ തന്നെ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് സ്വവര്‍ഗവിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചിട്ടുണ്ടെന്നും സാധാരണ വിവാഹത്തിലേതു പോലെതന്നെ ഇവയിലും ദൈവാനുഗ്രഹവുമുണ്ടെന്നത് തന്റെ അനുഭവപാഠമാണെന്നും ഈ ചര്‍ച്ചിന്റെ ആര്‍ച്ച് ബിഷപ്പ് ഡോ: മാര്‍ക്ക് സ്റ്റീവന്‍ ഷിറിലാവ് 2004 ഏപ്രില്‍ 16ന് കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി മെമ്പര്‍മാര്‍ക്കും സെനറ്റര്‍മാര്‍ക്കും എഴുതിയ കത്തില്‍ തുറന്നു പറയുന്നുണ്ട്. അമേരിക്കന്‍ എപ്പിസ്‌കോപല്‍ ചര്‍ച്ചിന്റെ 2004 മുതല്‍ക്കുള്ള ബിഷപ്പായ ജീന്‍ റോബിന്‍സണാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന ആദ്യത്തെ ബിഷപ്പ്. താന്‍ ഇരുപത് വര്‍ഷമായി കൂടെകഴിഞ്ഞിരുന്ന മാര്‍ക്ക് ആന്‍ഡ്രൂവുമായി 2008 ജൂണ്‍ 7ന് ഔദ്യോഗികമായി വിവാഹിതനാവുകയും ചെയ്തു. എന്നാൽ ഈ വിവാഹം ഏറെ നാൾ നീണ്ടു നിന്നില്ല. തന്റെ 66 ആം വയസ്സിൽ അദ്ദേഹം വിവാഹമോചിതനായതായി 2014 മെയ് നാലിന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. (“Gay US bishop Gene Robinson to divorce husband” BBC News 04.05.2014)

റോമന്‍ കത്തോലിക് ചര്‍ച്ചും പ്രധാനപ്പെട്ട പ്രൊട്ടസ്റ്റന്റ് സഭകളും അസംബ്ലീസ് ഓഫ് ഗോഡിനെപോലുള്ള പെന്റക്കോസ്റ്റല്‍ സഭകളും സ്വവര്‍ഗലൈംഗികതയും വിവാഹവുമൊന്നും അംഗീകരിച്ചിട്ടില്ലെങ്കിലും ഇവയുടെ അനുയായികളില്‍ സ്വവര്‍ഗാനുരാഗികളുണ്ട് എന്നതാണ് വാസ്തവം. സ്വവര്‍ഗവിവാഹവും ലൈംഗികതയും അംഗീകരിക്കുവാന്‍ മടിച്ചുനിന്നിരുന്ന പല സഭകളും സ്വവര്‍ഗാനുരാഗികള്‍ക്ക് സഭയില്‍ അംഗത്വം നല്‍കുവാനും ആരംഭിച്ചിട്ടുണ്ട്. ചര്‍ച്ച് ഓഫ് നസറീന്‍, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലൂഥറന്‍ ചര്‍ച്ച്, മെഥേഡിസ്റ്റ് ചര്‍ച്ച്, മൊറാവിയന്‍ ചര്‍ച്ച്, ന്യൂ അപ്പോസ്തലിക് ചര്‍ച്ച്, യൂനിഫിക്കേഷന്‍ ചര്‍ച്ച് എന്നിവയെല്ലാം സ്വവര്‍ഗാനുരാഗികള്‍ക്ക് സഭാംഗത്വം നല്‍കുന്നുണ്ട്. നിഷ്‌കൃഷ്ടമായി കൂദാശകള്‍ വിലക്കിയിരുന്ന റോമന്‍ കത്തോലിക് ചര്‍ച്ചും സ്വവര്‍ഗാനുരാഗികള്‍ക്ക് അംഗത്വം നല്‍കുവാനും അവർക്ക് അനുകൂലമായി സംസാരിക്കുവാനും തുടങ്ങിയിട്ടുണ്ട്. Jiff Diament: “How Catholics around the world see same-sex marriage, homosexuality”, 02.10.2020 https://www.pewresearch.org/) സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങളെ അംഗീകരിക്കുന്ന രീതിയിലുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രസ്താവന ഈ വിഷയത്തിൽ മുതലാളിത്ത ലോകത്തിന്റെ പിന്നിൽ തന്നെ സഭയും നടക്കുമെന്ന പ്രതീതിയാണ് ഉണ്ടാക്കിയിട്ടുള്ളത് (“Pope Francis indicates support for same-sex civil unions”, BBC News, 01.10.2020)

ഹൈന്ദവ സമൂഹത്തിൽ

സ്വവര്‍ഗലൈംഗികത തിന്മയും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യവുമാണെന്ന മനുസ്മൃതി നിയമം സ്വവര്‍ഗരതിയെയല്ല, പ്രത്യുത കന്യകകളെ കളങ്കപ്പെടുത്തുന്നതിനെയാണ് നിഷേധിക്കുന്നതെന്നും സ്വവര്‍ഗരതിക്കാരായ ദേവീദേവന്മാരെ പ്രതിപാദിക്കുന്ന പുരാണങ്ങളെ പുണ്യഗ്രന്ഥങ്ങളായി പരിഗണിക്കുന്നവര്‍ക്ക് അത് തെറ്റാണെന്ന് പറയാനാവില്ലെന്നും വാദിക്കുന്ന ഹിന്ദുഗ്രൂപ്പുകളുണ്ട്. ‘ദി ഗേ ആന്റ് ലെസ്ബിയന്‍ വൈഷ്ണവ അസോസിയേഷന്‍’ (GALVA-108) ഇത്തരത്തിലുള്ള കൂട്ടായ്മകളിലൊന്നാണ്. വൈദികസാഹിത്യങ്ങളില്‍ കാണുന്ന ‘തൃതീയ പ്രകൃതി’യെന്ന പരാമര്‍ശത്തില്‍ സ്വവര്‍ഗ പ്രണയികളും പ്രണയിനികളുമെല്ലാം ഉള്‍പ്പെടുമെന്നും അതുകൊണ്ടുതന്നെ സ്വവര്‍ഗാനുരാഗികളെ ഹിന്ദുമതം അംഗീകരിക്കുന്നുണ്ടെന്നുമാണ് സ്വയം കൃഷ്ണഭക്തരെന്ന് പരിചയപ്പെടുത്തുന്ന ഇവരുടെ വാദം.

തൃതീയ പ്രകൃതിയെകുറിച്ച പരാമര്‍ശങ്ങള്‍ ശ്രീമദ് മഹാഭാഗവതത്തിലും മനുസ്മൃതിയിലും കാണാമെങ്കിലും ഇവയെല്ലാം നപുംസകങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണെന്നാണ് പ്രസ്തുത പരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. എന്നാല്‍ കാമകലകളെ കുറിച്ച് വിശദീകരിക്കുന്ന വാല്‍സ്യായനന്റെ കാമസൂത്രത്തില്‍ സ്വവര്‍ഗരതിയേയും അതിന്റെ രൂപഭാവങ്ങളേയുമെല്ലാം കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നാം ലിംഗത്തിലുള്ളവര്‍ പരസ്പരം പരിഗ്രഹിക്കാറുണ്ടെന്ന കാമസൂത്ര പ്രതിപാദനം സ്വവര്‍ഗവിവാഹത്തിന് ഭാരതീയ സമൂഹത്തിന്റെ അംഗീകാര മുണ്ടായിരുന്നുവെന്നതിനുള്ള സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യഭിചാരവും, ബലാല്‍സംഗവും, ശിശുരതിയും, മൃഗകാമവും പരപീഡേച്ഛയുമെല്ലാം കാമസൂത്രത്തില്‍ പലയിടങ്ങളിലായി പരാമര്‍ശവിധേയമാവുന്നുണ്ട്. ഇവയെല്ലാം മറ്റേതൊരു സാധാരണ സമൂഹത്തേയും പോലെ പൗരാണികഭാരതത്തിലും നിലനിന്നിരുന്നുവെന്നല്ലാതെ ഇവയ്‌ക്കെല്ലാം സാമൂഹികാംഗീകാരമുണ്ടായിരുന്നുവെന്ന് കാമസൂത്രപരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. പുരാണങ്ങളിലെ ദേവീദേവന്മാരുടെ ലൈംഗികവൈകൃതങ്ങളെക്കുറിച്ച പരാമര്‍ശങ്ങളും ഭാരതത്തില്‍ അവയ്ക്കെല്ലാം സാമൂഹികാംഗീകാരമുണ്ടായിരുന്നുവെന്നതിന് തെളിവാക്കാവുന്നതല്ല. രചയിതാവിന്റെ ലൈംഗികാഭിനിവേശം ദൈവങ്ങളില്‍ ആരോപിക്കപ്പെടുന്നതാണ് പുരാണങ്ങളില്‍ കാണുന്നത്.

എന്നാല്‍ സ്മൃതി ഗ്രന്ഥങ്ങളുടെയും ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുടെയും സ്ഥിതി അതല്ല. ഇവയായിരുന്നു ഭാരതീയ ജനജീവിതത്തെ സ്വാധീനിച്ചിരുന്നത്; അവരുടെ സാമൂഹ്യജീവിതത്തെ കുറിച്ച നഖചിത്രങ്ങളെങ്കിലും നല്‍കുന്നത് ഇവയാണ്. മനുസ്മൃതിയും അര്‍ഥശാസ്ത്രവുമെല്ലാം സ്വവര്‍ഗലൈംഗികതയെ തിന്മയായും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യവുമായാണ് അവതരിപ്പിക്കുന്നത് എന്നതില്‍ നിന്നു തന്നെ ഭാരതീയസമൂഹം ഈ ലൈംഗികവൈകൃതത്തെ അംഗീകരിച്ചിരുന്നില്ലെന്ന് വ്യക്തമാവുന്നുണ്ട്. വൈദികസാഹിത്യങ്ങളില്‍ നിന്നോ ഭാരതീയപാരമ്പര്യങ്ങളില്‍ നിന്നോ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടല്ല പ്രത്യുത പാശ്ചാത്യരുമായുള്ള സഹവാസത്തില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളിലെ ജീവിതത്തില്‍ നിന്നുമാണ് സ്വവര്‍ഗാനുരാഗികൾക്കായുള്ള ഭക്തിപ്രസ്ഥാനമുണ്ടാക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഗാല്‍വയുടെ വൈബ്‌സൈറ്റില്‍ നിന്നു തന്നെ വ്യക്തമാവുന്നുണ്ട്. “GALVA-108Gay And Lesbian Vaishnava Association”
https://www.galva108.org)

ഇതുതന്നെയാണ് ഭക്തിയും സ്വവര്‍ഗരതിയും കൂട്ടിക്കുഴയ്ക്കുന്നതിനു ശ്രമിക്കുന്ന കൂട്ടായ്മകളുടേയുമെല്ലാം അവസ്ഥ. സ്വവര്‍ഗാനുരാഗത്തെ നിയമവിധേയമാക്കുന്നതിനായി നിയമയുദ്ധം നടത്തിയ നാസ് ഫൗണ്ടേഷനും ഭാരതീയപാരമ്പര്യപ്രകാരം അത് കുറ്റകരമല്ലെന്ന് സ്ഥാപിക്കുവാന്‍ അവരുടെ ഹരജിയില്‍ ശ്രമിച്ചിട്ടുണ്ട്. നാസ് ഫൗണ്ടേഷന്റെ പ്രചോദനവും അമേരിക്കയിലെ എയിഡ്‌സ് പുനരധിവാസ പ്രവര്‍ത്തനങ്ങളാണല്ലോ. പാശ്ചാത്യര്‍ സ്വീകരിച്ച അധാര്‍മികതയുടെ വൈകൃതങ്ങള്‍ക്ക് ഭാരതീയമായ കാഷായവസ്ത്രങ്ങളുടുപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ഇവരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിൽ

മുസ്‌ലിം സമുദായത്തിനകത്തും സ്വവർഗ്ഗാനുരാഗീസംഘങ്ങൾക്ക് മേൽവിലാസമുണ്ടാക്കുവാൻ കൊണ്ട് പിടിച്ച ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പാകിസ്ഥാനി വംശജനായ അമേരിക്കൻ പൗരൻ ഫൈസൽ ആലം 1998ൽ സ്ഥാപിച്ച ‘അൽഫാത്തിഹ ഫൌണ്ടേഷൻ’ ആണ് ഈ രംഗത്തെ ആദ്യത്തെ കാൽവെപ്പ്. സ്വവർഗ്ഗാനുരാഗത്തെയല്ല, ആ രംഗത്തെ അമിതാസക്തിയെയാണ് ക്വുർആൻ എതിർക്കുന്നതെന്നും തികച്ചും സ്വാഭാവികമായ സ്വവർഗ്ഗാനുരാഗത്തെ എതിർക്കുവാൻ ദൈവികഗ്രന്ഥത്തിന്‌ കഴിയില്ലെന്നും പറഞ്ഞു കൊണ്ടാണ് അൽഫാത്തിഹ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചത്. 2008ൽ സാൻ ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന സ്വവർഗാനുരാഗികളുടെ പ്രൈഡ് പരേഡിൽ അവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമികപ്രബോധകനും അതോടൊപ്പം തന്നെ സ്വവർഗാനുരാഗിയുമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച, മുപ്പതാമത്തെ വയസ്സിൽ താൻ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സിഡ്‌നി തോംപ്സൺ എന്ന ദായീ അബ്ദുള്ളയായിരുന്നു 2011 ൽ പ്രവർത്തനം നിർത്തുന്നത് വരെ അൽ ഫാത്തിഹ ഫൗണ്ടേഷന്റെ പ്രധാന സംഘാടകരിൽ ഒരാൾ. അമേരിക്കയിൽ പതിനഞ്ച് ചാപ്റ്ററുകളും ഇംഗ്ലണ്ട്, കാനഡ, സ്പെയിൻ, തുർക്കി, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ചാപ്റ്ററുകളുമുള്ള ലോകസംഘടനയാണ് അൽ ഫാത്തിഹയെന്നാണ് അതിന്റെ അവകാശവാദം. (Yoones Mourched: “The Dialectics of Islamophobia and Homophobia in the lives of Gay Muslims in the United States” ഇൻ Joe L. Kincheloe, Shirley R. Steinberg , Christopher D. Stonebanks (Editors): Teaching Against Islamophobia (Counterpoints), NewYork, 2010, 187-204)

ഇംഗ്ലണ്ടിൽ ‘ഈമാൻ’ എന്ന പേരിലുള്ള ഒരു മുസ്‌ലിം സംഘടനയാണ് എൽജിബിടി അവകാശസമരങ്ങൾക്കായി രംഗത്തുള്ളത്. 2016ൽ ലണ്ടനിലും ലീഡ്‌സിലും മാഞ്ചെസ്റ്ററിലും വെച്ച് നടന്ന പ്രൈഡ് പരേഡുകളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വവർഗ്ഗാനുരാഗികളായ ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ സഹായിക്കാനും ഈ വിഷയത്തിൽ വിദ്യാഭ്യാസം നൽകാനുമായി ഹിദായ എന്ന പേരിൽ യുകെയിലും യുഎസിലും പ്രവർത്തിക്കുന്ന സംഘടനയുമുണ്ട്. (https://hidayahlgbt.com)

താനൊരു സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് 2010ൽ രംഗത്ത് വന്ന സുഡാനീ വംശജനായ ഇമാം നൂർ വർസം എന്ന ആസ്‌ത്രേലിയൻ താൻ ഇപ്പോൾ മെൽബണിൽ സ്വർഗാനുരാഗികൾക്കായുള്ള പള്ളി നിർമ്മിക്കുവാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്. പള്ളിനിർമ്മാണം കഴിഞ്ഞാൽ അതിൽവെച്ച് സ്വവർഗാനുരാഗികളുടെ വിവാഹം ഇസ്‌ലാമികമായ രീതിയിൽ തന്നെ നടത്തിക്കൊടുക്കുമെന്നും ‘മർഹബ’ എന്ന കൂട്ടായ്മയുണ്ടാക്കി ഇപ്പോൾ അവരെ സംഘടിപ്പിക്കുന്ന അദ്ദേഹം അവകാശപ്പെടുന്നു. Alina Polianskaya: “Gay Imam plans to open Australia’s first LGBT-friendly mosque”, Independant, 10.01.2018)

ലുഡോവിക് മുഹമ്മദ് സഹീദ് എന്ന സ്വവർഗ്ഗാനുരാഗിയുടെ കീഴിൽ ഫ്രാൻസിലുള്ള മുസ്‌ലിം എൽജിബിടി വിഭാഗത്തിലുള്ളവർ സംഘടിക്കുകയും അവർക്കുമാത്രമായുള്ള പ്രാർത്ഥനാമുറിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ ദൽഹി ആസ്ഥാനമാക്കി റഫീഉൽ ആലം സ്ഥാപിച്ച ‘ദി ക്യുവെർ മുസ്‌ലിം പ്രൊജക്റ്റ്, ആണ് ഈ രംഗത്തെ ആദ്യത്തെ ഇന്ത്യൻ കൂട്ടായ്മ. ലോകത്തെങ്ങുമുള്ള മുസ്‌ലിം സ്വവർഗാനുരാഗീസംഘങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദി മുസ്‌ലിം അല്ലിയൻസ് ഫോർ സെക്സ്വൽ ആൻഡ് ജെൻഡർ ഡൈവേഴ്സിറ്റി (MASGD)എന്ന സംഘടന 2013 ജനുവരി 23 മുതൽ അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. (https://www.themasgd.org)

കൃത്യമായ ദൈവികവെളിപാടിനാൽ സ്വവർഗാനുരാഗവും രതിയും മ്ലേച്ഛവും കുറ്റകരമായ തിന്മയും നാശഹേതുവായ പാപവുമാണെന്ന് പഠിപ്പിക്കപ്പെട്ട മുസ്‌ലിം സമുദായത്തിൽ നിന്ന് അവയൊന്നും തിന്മയല്ലെന്നും ഖുർആനിന്റെ അവതരണം മുതൽ ഇക്കാലം വരെയുള്ളവരൊന്നും മാനസ്സിലാക്കിയത് ശരിയല്ലെന്നും അവ പാപങ്ങളാണെന്ന് കരുതുന്നത് ഖുർആൻ വിരുദ്ധമായ ആശയമാണെന്നും സ്ഥാപിക്കുന്നുവെന്ന് അവകാശപ്പെടുന്ന പഠനങ്ങളും എൽജിബിറ്റി പൊളിറ്റിക്സിന്റെ ഭാഗമായി ഉണ്ടായി വന്നിട്ടുണ്ട്. ജോർജിയ എംറോയ് യൂണിവേഴ്സിറ്റിയിൽ സൗത്ത് ഏഷ്യൻ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസ്സർ സ്കോട്ട് അലൻ കുഗ്ൾ എഴുതിയ ‘ഇസ്‌ലാമിലെ സ്വവർഗാനുരാഗം: സ്വവർഗാനുരാഗികളും അനുരാഗിണികളും അപരലിംഗത്വമുള്ളവരുമായ മുസ്‌ലിംകളെക്കുറിച്ച വിമർശനാത്മക വിചിന്തനം’
Scott Alan Kugle: Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims, London, 2009) എന്ന പുസ്തകമാണ് ആ രംഗത്തെ ഏറ്റവും ശക്തമായ രചന. അതിലെ വാദങ്ങളെ കൃത്യമായി വിശകലനം ചെയ്യുകയും അവയൊന്നും ഖുർആനും സുന്നത്തുമായി ഒത്തുപോകുന്നതല്ലെന്നും ഇസ്‌ലാമികപാരമ്പര്യത്തിൽ സ്വവർഗരതിയെ കുത്തിക്കയറ്റാനുള്ള ശ്രമം വ്യർത്ഥമാണെന്നും സ്ഥാപിച്ചുകൊണ്ടുള്ള നിരവധി പഠനങ്ങൾ മലയാളമടക്കമുള്ള ഭാഷകളിൽ മുസ്‌ലിംലോകത്ത് നിന്ന് ഉണ്ടായിട്ടുമുണ്ട്. ഖുർആനിന്റെയും നബിവചങ്ങളുടെയും വികലവ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാം അംഗീകരിക്കുന്നതാണ് സ്വവർഗാനുരാഗമെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം പോലും നടത്താൻ എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് കഴിയുന്നുവെങ്കിൽ പിന്നെ അവർക്ക് ചെയ്തുകൂടാൻ കഴിയാത്തതായി എന്താണുള്ളത്?! ഇത്തരം വികല വ്യാഖ്യാനങ്ങൾ തന്നെയാണ് ജനിതകശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയുമെല്ലാം ഭൂമികയിൽ സ്വവർഗാനുരാഗത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾക്കും പിന്നിലെന്ന് അടുത്ത അധ്യായങ്ങളിൽ നിന്ന് നാം മനസ്സിലാക്കും.

print

No comments yet.

Leave a comment

Your email address will not be published.