ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -3

//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -3
//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -3
ആനുകാലികം

ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -3

“ശിർക്ക് എന്തുകൊണ്ടാണ് അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ട പാപമായത്?” എന്ന ചോദ്യത്തിന് ഇബ്‌നുൽ ക്വയ്യിം നൽകുന്ന ഒരു ഉത്തരം ഇപ്രകാരമാണ്: ഒരു വ്യക്തി ശിർക്ക് ചെയ്യുമ്പോൾ, “അവൻ സൃഷ്ടിക്കപ്പെട്ടത് എന്തിനാണോ അതിന് നേർ വിരുദ്ധമായാണ് അവൻ പ്രവർത്തിക്കുന്നത്”.
(ത്വരീക്വുൽ ഹിജ്റതൈനി: ഇബ്നുൽ ക്വയ്യിം)

ഇബ്നുൽ ഖയ്യിം ഉന്നയിക്കുന്ന ഗഹനമായ ഒരു പോയന്റാണിത്. നമ്മുടെ മുഴുവൻ ജീവിതവും നമ്മുടെ സ്രഷ്ടാവുമായി നമുക്കുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാം തിരിച്ചറിയുമ്പോൾ, ഈ ബന്ധത്തെ ഭീഷണിപ്പെടുത്തുന്ന പ്രവൃത്തികളെല്ലാം വളരെ അക്ഷന്തവ്യമായ പാപമാണ്. അപ്പോൾ നമ്മുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യമായ സ്രഷ്ടാവുമായുള്ള ബന്ധത്തെ പൂർണമായും ഇല്ലാതാക്കുന്ന ശിർക്കിനെയും കുഫ്റിനേയുമാണ് ഏറ്റവും വലിയ പാപമായി കണക്കാക്കേണ്ടത് എന്ന് മനസ്സിലാക്കാൻ യാതൊരു പ്രയാസവുമില്ല.

ഹോളോകോസ്റ്റ് അതിജീവിച്ച മനഃശാസ്ത്രജ്ഞനായ ഡോ. വിക്ടർ ഫ്രാങ്ക് മനുഷ്യമനസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത്, ‘ജീവിതത്തിന് അർത്ഥം വേണമെന്ന ആവശ്യമാണ്’ എന്ന് വാദിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച 60 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ, തന്റെ വിദ്യാർത്ഥികൾ ഒരു പഠനം നടത്തിയതായി അദ്ദേഹം പറഞ്ഞു. പഠന വിധേയമാക്കപ്പെട്ട വിദ്യാർത്ഥികളിൽ, 85% പേരും പറയുന്നത്, ‘ജീവിതം അർത്ഥശൂന്യമായി തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്’ എന്നാണ്. പ്രതികരിച്ചവരിൽ 93% പേരും സാമൂഹികമായി ഇടപഴകുന്നവരും വിദ്യാഭ്യാസ പരമായി വിജയിച്ചവരും കുടുംബ വലയമുള്ളവരുമാണ്.
“ഒരു വ്യക്തി അന്വേഷിക്കുന്ന ജീവിതാർത്ഥം കണ്ടെത്തി കഴിഞ്ഞാൽ, അവൻ എത്രകണ്ട് കഷ്ടപ്പെടാനും, ത്യാഗങ്ങൾ അർപ്പിക്കാനും, ആവശ്യമെങ്കിൽ, തന്റെ ജീവൻ നൽകാനും തയ്യാറാകും” എന്ന് ഫ്രാങ്ക്ൽ അഭിപ്രായപ്പെടുന്നു. നേരെമറിച്ച്, അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, അവൻ തന്റെ ജീവനൊടുക്കുന്നതിലേക്ക് ചായ്‌വുള്ളവനായി പരിണമിക്കുന്നു. അവന്റെ എല്ലാ ആവശ്യങ്ങളും, എല്ലാ ഭാവങ്ങളും, തൃപ്തികരമായ സ്ഥിതിയിലാണെങ്കിൽ പോലും അവൻ ജീവനൊടുക്കാൻ തയ്യാറായേക്കും.

(Viktor E. Frankl, The Unheard Cry for Meaning: Psychotherapy and Humanism (New York: Simon and Schuster, 2011), 2.)

ജീവിതത്തിൽ കണ്ടെത്താൻ കഴിയുന്ന അർത്ഥവും (meaning) ജീവിതത്തിലെ ക്ഷേമവും (wellbeing) തമ്മിലുള്ള ശക്തമായ പരസ്പര ബന്ധം ഒന്നിലധികം പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

(Monika Ardelt, “Effects of Religion and Purpose in Life on Elders’ Subjective Well-Being and Attitudes toward Death,” Journal of Religious Gerontology 14, no. 4 (2003): 55–77; Patrick E. McKnight Todd B. Kashdan, “Purpose in Life as a System that Creates and Sustains Health and Well-Being: An Integrative, Testable Theory,” Review of General Psychology 13, no. 3 (2009): 242–51; Gary T. Reker, Edward J. Peacock, and Paul T. P. Wong, “Meaning and Purpose in Life and Well-Being: A Life-Span Perspective,” Journal of Gerontology 42, no. 1 (1987): 44–49.)

വാസ്തവത്തിൽ, ജീവിതത്തിന്റെ ലക്ഷ്യം എന്നത് മതത്തിനും സന്തോഷത്തിനും ഇടയിലുള്ള ഒരു മധ്യസ്ഥനാണ്.

(Naser Aghababaei and Agata Błachnio, “Purpose in Life Mediates the Relationship between Religiosity and Happiness: Evidence from Poland,” Mental Health, Religion & Culture 17, no. 8 (2014): 827–31.)

ഇതിനർത്ഥം, മതവിശ്വാസം സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്, കാരണം മതം ഉൾകൊള്ളുന്നവന് അത് ജീവിതത്തിൽ ഒരു ലക്ഷ്യം നൽകുന്നു. ഉദാഹരണത്തിന്, സാംസ്കാരിക പ്രേരണയാൽ ഒരാൾ ഒരു മതപരമായ ഐഡന്റിറ്റി ഉൾകൊള്ളുന്നു എന്ന് കരുതുക, ആ മതത്തെ ഒരു ജീവിതരീതിയായി ആന്തരികവൽക്കരിക്കാതെ, അവരുടെ ഉപരിപ്ലവമായ മതബന്ധത്തിൽ നിന്ന് ജീവിതാർത്ഥമൊ സന്തോഷമൊ കണ്ടെത്താൻ ആയാൾക്കാവില്ല.

ബഹുദൈവ വിശ്വാസം (അതിലും ദൈവ വിശ്വാസം ഉള്ളടങ്ങിയതിനാൽ) അർത്ഥവത്തായ ലോകവീക്ഷണത്തെയും ജീവിത വീക്ഷണവും നൽകുന്നില്ലെ? എന്ന് വാദിക്കപ്പെട്ടേക്കാം.

എന്നാൽ, ബഹുദൈവ സങ്കൽപ്പങ്ങൾ വെച്ചുപുലർത്തുന്ന മതങ്ങളിലെയും ആദർശങ്ങളിലെയും ബഹുദൈവവിശ്വാസപരമായ ഘടകങ്ങളും ഉള്ളടക്കങ്ങളും ഗൗരവമായി എടുക്കുകയും യുക്തിസഹമായ നിഗമനത്തിലെത്താൻ ശ്രമിക്കുകയും ചെയ്താൽ, യാതാർത്ഥ്യ ലോകത്തെയും (Reality) ജീവിതത്തെയും (Life) സംബന്ധിച്ച അർത്ഥമല്ല, അനർത്ഥതകളാണ് ബോധ്യപ്പെടുക.

കാരണം, “അർത്ഥം” (meaning) എന്നതിനെ നിർവചിക്കപ്പെടുന്നത്, ‘ഒരാളുടെ അസ്തിത്വത്തെ സംബന്ധിച്ച്, അതിനു പുറത്തു നിന്നായി അർത്ഥമോ, ക്രമമോ, യുക്തിയൊ ഉണ്ടാക്കുക’ എന്നാണ്.
(Gary T. Reker, Edward J. Peacock, and Paul T. P. Wong, “Meaning and Purpose in Life and Well-Being: A Life-Span Perspective,” Journal of Gerontology 42, no. 1 (1987): 44–49.)

“ഉദ്ദേശ്യം” (Purpose) എന്നത് നിർവചിക്കപ്പെട്ടിരിക്കുന്നത്, ‘ലക്ഷ്യം, നിറവേറ്റപ്പെടേണ്ട ധർമ്മങ്ങൾ, അല്ലെങ്കിൽ നേടിയെടുക്കേണ്ട കാര്യങ്ങൾ’ എന്നാണ്.
(Reker, Peacock, and Wong, “Meaning and Purpose in Life and Well-Being,” 44–49.)

ദൈവനിരാസത്തിലൂടെ എന്നത് പോലെ തന്നെ ബഹുദൈവ വിശ്വാസത്തിലൂടെയും (ശിർക്ക്) മനുഷ്യാസ്തിത്വത്തിന് അർത്ഥവും (meaning) ഉദ്ദേശ്യവും (Purpose) നഷ്ടപ്പെടുന്നു.

ദൈവം ഏകനാണ്. പക്ഷെ ദൈവത്തിന് മൂന്ന് വ്യക്തിത്വങ്ങളുണ്ട്. ഒന്ന് പിതാവാണ്, മറ്റൊന്ന് പുത്രനാണ്. പിന്നെ പരിശുദ്ധാത്മാവും. പക്ഷെ പിതാവും പുത്രനും തുല്യരാണ്. ഈ മൂന്ന് അസ്തിത്വങ്ങളും ഒരു അസ്തിത്വമാണ്. പക്ഷെ ഈ മൂന്ന് അസ്തിത്വവും വ്യത്യസ്‌ത അസ്തിത്വവുമാണ്. ഇവ ഓരോന്നും സർവ്വ ശക്തവും, സ്വയം ഭൂവും സ്വന്തമായ ഇച്ഛകളും ഉടമപ്പെടുത്തുന്നു. പക്ഷെ ഇവ മൂന്നും ഒന്നാണ്. പുത്രൻ കുരിശിൽ മരിച്ചു. മൂന്ന് ദിവസത്തെ മരണത്തിന് ശേഷം ഉയർത്തെഴുന്നേറ്റു, പക്ഷെ ദൈവം മരിക്കില്ല. മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി ദൈവം തന്റെ പുത്രനെ ബലി നൽകി. പക്ഷെ പുത്രൻ ദൈവമാണ്. പിതാവിനും പുത്രനും തമ്മിൽ വ്യത്യാസമില്ല. രണ്ട് അസ്തിത്വങ്ങളുമല്ല…

ഇങ്ങനെയൊരു ദൈവത്തിൽ ഒരാൾ വിശ്വസിച്ചാൽ അതിലൂടെ അർത്ഥവും യുക്തിയും സിദ്ധിക്കുമോ? തീർച്ചയായുമില്ല. വൈരുദ്ധ്യങ്ങളിൽ നിന്ന് അർത്ഥവും യുക്തിയും സംജാതമാവില്ല. ഇന്നത്തെ ക്രൈസ്തവ അപ്പോളജിസ്റ്റുകളിൽ പ്രമുഖനായ, ഡോ. ജോർഡൻ പീറ്റെഴ്സൺ, നാസ്‌തികനായ സാം ഹാരിസ്സുമായി നടത്തിയ ഒരു അഭിമുഖത്തിൽ ക്രൈസ്തവതയുടെ വിജ്ഞാന സിദ്ധാന്തപരമായ ന്യൂനതകൾ അദ്ദേഹത്തിന് മാനസിക വ്യഥയും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി എന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് എന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. അതുകൊണ്ട് തന്നെ, ക്രിസ്തുവിന്റെ ക്രൂശീകരണത്തെ പോലും ആലങ്കാരിക സങ്കൽപ്പമായി വ്യാഖ്യാനിച്ച ഒറിജിൻ ഓഫ് അലക്സാണ്ട്രിയയെ പോലും ഡോ. ജോർഡൻ പീറ്റേഴ്സൺ തന്റെ പഠനങ്ങൾക്ക് അവലംബിക്കുന്നു.

അനേകം ദൈവങ്ങളുണ്ട് എന്ന വിശ്വാസത്തിലെ യുക്തിപരമായ ന്യൂനതകൾ ഒരൊറ്റ വചനത്തിലൂടെ ക്വുർആൻ വ്യക്തമാക്കി തന്നിട്ടുണ്ട്.

“ദൈവം യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധനക്കർഹനുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം ദൈവം എത്ര പരിശുദ്ധന്‍!”
(ക്വുർആൻ: 23: 91)

രണ്ട് ദൈവങ്ങളുണ്ടെങ്കിൽ ഒന്നുകിൽ ആ രണ്ട് ദൈവങ്ങളും തുല്യരായിരിക്കും. അല്ലെങ്കിൽ രണ്ട് പേരും വ്യത്യസ്‌തരായിരിക്കും. തുല്യരാണെങ്കിൽ പിന്നെ എന്തിനാണ് രണ്ട് ദൈവം? വ്യത്യസ്തരാണെങ്കിൽ അതിൽ ഒരാൾക്ക് ശക്തിയും സ്വാധീനവും കൂടുതലായിരിക്കും. അപ്പോൾ കുറഞ്ഞ ശക്തിയും സ്വാധീനവുമുള്ള ദൈവം എന്തിനാണ് ? ഇനി ഒരു ദൈവം ഒരു കാര്യത്തിൽ ശക്തനും മറ്റൊരു കാര്യത്തിൽ മറ്റെ ദൈവവും ശക്തനാണ് എങ്കിൽ… ജീവന്റെ ദൈവം ജീവിപ്പിക്കാനും മരണത്തിന്റെ ദൈവം മരിപ്പിക്കാനും ഉദ്ദേശിച്ചാൽ എന്താണ് സംഭവിക്കുക ? ഒരു ദൈവം പരിപോഷിപ്പിക്കാനും ഒരു ദൈവം നശിപ്പിക്കാനും ഉദ്ദേശിച്ചാൽ എന്തുണ്ടാവും ? ക്വുർആൻ പറഞ്ഞത് പോലെ ദൈവങ്ങളുടെ യുദ്ധങ്ങളും പ്രപഞ്ചത്തിന്റെ സമൂല നാശവുമായിരിക്കും ഫലം. യുദ്ധത്തിൽ ജീവന്റെയും പരിപോഷണത്തിന്റെയും ദൈവമാണ് വിജയിക്കുകയെങ്കിൽ പരാജയപ്പെടുന്ന ദൈവത്തിന് എന്ത് പ്രസക്തി ?! ഇനി ഈ രണ്ടു ദൈവങ്ങളും ഒരേ പോലെയാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എങ്കിൽ രണ്ട് ദൈവങ്ങളുടെ പ്രസക്തിയെന്താണ് ?!

എത്രയും ദീർഘമായി ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ്. ഇവിടെ പറയാനുദ്ദേശിക്കുന്നത് ദൈവ നിഷേധത്തെ പോലെ തന്നെ ബഹുദൈവത്വം മൂലവും മനുഷ്യാസ്തിത്വത്തിന് അർത്ഥവും (meaning) ഉദ്ദേശ്യവും (Purpose) നഷ്ടപ്പെടുന്നു. പകരം ആശയക്കുഴപ്പവും മനോവ്യഥയും കപട വിശ്വാസവുമാണ് അതിലൂടെ സംജാതമാവുക.

“അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.”
(ക്വുർആൻ: 39:29)

ജീവിതത്തിന് ഒരു ലക്ഷ്യമില്ലെങ്കിൽ, മനുഷ്യാസ്തിത്വത്തിന് അർത്ഥവും ഉദ്ദേശ്യവും ഇല്ലെങ്കിൽ പിന്നെ, ധർമ്മാധർമ്മങ്ങളില്ല. സമ്പൂർണമായ അരക്ഷിതാവസ്ഥയാണ് ഫലം. നന്മ തിന്മകൾക്ക് വസ്തുനിഷ്ടമായ അടിത്തറയുണ്ടാവില്ല.

നാം ആരാധിക്കുന്നത് എന്തിനെയാണൊ, അതിനനുസരിച്ചായിരിക്കും നാം.

പത്തൊൻപതാം നൂറ്റാണ്ടിലെ വിഖ്യാത അമേരിക്കൻ തത്ത്വചിന്തകനായ റാൽഫ് എമേഴ്സൺ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തപ്പെടുന്നു:
എല്ലാവരും എന്തിനെയെങ്കിലും ആരാധിക്കും, അതിൽ യാതൊരു സംശയവുമില്ല. നമ്മുടെ ഹൃദയത്തിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ നമ്മുടെ ആരാധനകൾ രഹസ്യമായി അർപ്പിക്കപ്പെടുകയാണെന്നും അത് ആരും അറിയില്ല എന്നും നാം ചിന്തിച്ചേക്കാം, പക്ഷേ ആ ആരാധന പുറത്തുവരുക തന്നെ ചെയ്യും. നമ്മുടെ ഭാവനകളിലും ചിന്തകളിലും ആധിപത്യം പുലർത്തുന്ന ആരാധ്യ വസ്തു എന്താണൊ അത് നമ്മുടെ ജീവിതത്തെയും സ്വഭാവത്തെയും നിർണ്ണയിക്കും. അതിനാൽ, നാം എന്തിനെ ആരാധിക്കുന്നു എന്നത് സൂക്ഷിക്കണം, കാരണം നാം എന്തായിത്തീരും എന്നത് അതിനെ അവലംബിച്ചിരിക്കുന്നു.

( “Introduction,” Signs of Our Faith: A Program about Being UU Every Day for Grades 2–3, Unitarian Universalist Association, https://www.uua.org/re/tapestry/children/signs/session11/287903.shtml. ഉദ്ധരണം: Article from Yaqeenistitute.org )

സൃഷ്ടികളെ സ്രഷ്ടാവിനോടൊ സ്രഷ്ടാവിനെ സൃഷ്ടികളോടൊ തുല്യപ്പെടുത്തുമ്പോളാണല്ലൊ ശിർക്ക് സംഭവിക്കുന്നത്. സ്രഷ്ടാവ് അന്യൂനനും സമ്പൂർണനുമാണ്, സൃഷ്ടികൾ ന്യൂനതയുള്ളവരും പരിമിതരുമാണ്. അപ്പോൾ ശിർക്ക് വഴി, അഥവാ സൃഷ്ടികളെ സ്രഷ്ടാവിനോടൊ സ്രഷ്ടാവിനെ സൃഷ്ടികളോടൊ തുല്യപ്പെടുത്തുക വഴി, ന്യൂനതകളും ദുർബലതകളും കുറവും കുറ്റവുമുള്ള ദൈവത്തെ സങ്കൽപ്പിക്കുകയാണ് ഒരു ഭക്തൻ ചെയ്യുന്നത്. അതിനെ ആരാധിക്കുക വഴി, അത് നയിക്കുന്ന വഴിയെ സഞ്ചരിക്കാനും, അതിനെ തന്റെ ധാർമ്മിക മൂല്യങ്ങളുടെ സ്രോതസ്സായി സ്വീകരിക്കാനും, മാതൃകയായി ഉൾകൊള്ളാനുമുള്ള ആങ്ങേയറ്റത്തെ വിധേയത്വവും ദുർബതയുമാണ് ഒരാൾ അംഗീകരിക്കുന്നത്. അപ്പോൾ ഈ വിധേയത്വം ഒരു “ചീത്ത” “ദൈവത്തിന്” നൽകുമ്പോൾ ആ “ദൈവത്തിലെ” “ചീത്തകളും” ഉൾകൊള്ളാൻ അയാൾ തയ്യാറാവുന്നു. ഒരാളുടെ അന്യൂനനും, സമ്പൂർണനും, ധർമ്മ സ്ഥാപകനുമായ ദൈവം സൃഷ്ടികളുടെ എല്ലാ ന്യൂനതകളും ദുർബലതകളും കുറ്റങ്ങളും കുറവുകളും ഉള്ളതാണെങ്കിൽ ആ ദൈവം കൽപ്പിച്ചരുളിയ ധാർമ്മികതക്ക് എന്ത് പ്രസക്തിയും ഗുണപരമായ സ്വാധീനവുമാണ് ഭക്തന്റെ ജീവിതത്തിൽ ഉണ്ടാവുക ?!

ചില ഉദാഹരണങ്ങൾ സൂചിപ്പിക്കാം:
ശൈഖ് അബുൽ ഹസൻ അലി നദ്‌വിക്ക് (റ) “മുസ്‌ലിംകളുടെ പതനത്തിലൂടെ ലോകത്തിന് എന്താണ് നഷ്ടമായത് ?” (ماذا خسر العالم بإنحطاط المسلمين) എന്ന ഒരു അറബി ഗ്രന്ഥമുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ സുവർണ്ണകാലഘട്ടം ലോകത്തിനും മനുഷ്യരാശിക്കും എണ്ണമറ്റ സംഭാവനകൾ നൽകിയിട്ടുണ്ടല്ലൊ. കല, സാഹിത്യം, ശാസ്ത്രം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെ വിവിധ മേഖലകളിലും എണ്ണമറ്റ സേവനങ്ങളും കണ്ടെത്തലുകളും സംഭാവനകളും ഇസ്‌ലാമിക നാഗരികത ലോകം വാണിരുന്നപ്പോൾ ചരിത്രത്തിന് സമ്മാനിച്ചിട്ടുണ്ട് എന്നത് ഒരു അനിഷേധ്യ വസ്തുതയാണ്.
( 1001 Inventions: The Enduring Legacy of Muslim Civilization https://g.co/kgs/oB3zAd )
എന്നാൽ അവയിൽ മറ്റേത് നാഗരികതയിലും തുല്യതയില്ലാത്ത, ഏറ്റവും പ്രധാനപ്പെട്ട സംഭാവന ആത്മീയതയിലാണ് എന്നാണ് ശൈഖ് അബുൽ ഹസൻ അലി നദ്‌വിയുടെ (റ) (ماذا خسر العالم بإنحطاط المسلمين) എന്ന ഗ്രന്ഥം വാദിക്കുന്നത്. ഇസ്‌ലാം ലോകത്തിന് സമ്മാനിച്ച ആത്മീയതയും ദൈവ സങ്കൽപ്പവും മനുഷ്യരിൽ ഭയഭക്തി, വിനയം, സേവന മനസ്കത, ത്യാഗ മനോഭാവം, അതിമോഹങ്ങളോടും ആസക്തികളോടുമുള്ള വിരക്തി, താഴ്മ, മാനവികത എന്നിവ ഉളവാക്കുന്നതാണ്, മറ്റു നാഗരികതകളിലെ വിശിഷ്യാ പാശ്ചാത്യൻ നാഗരികതയിലെ മതങ്ങളും ധർമ്മ ശാസ്ത്രങ്ങളും ആത്മീയതയല്ല, “ഭൗതിക ഭ്രമം” (المادية) വളർത്തുകയാണ് ചെയ്തത് എന്ന് ഗ്രീക്ക്-റോമൻ നാഗരികതയിലെ ചരിത്ര തെളിവുകൾ നിരത്തി അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. മദ്യം, ലൈംഗികതയുടെ അതിപ്രസരം, രതി വൈകൃതങ്ങൾ, അക്രമം, യുദ്ധം, അടിച്ചമർത്തലുകൾ, അധികാര വടംവലികൾ, ആർഭാഡം,ആഡംബര വിരുന്നുകളും ലോകോത്തര ആഘോഷങ്ങളും… തുടങ്ങി ഭൗതിക സുഖലോലുപതയെ പരമാവധി വാരിക്കൂട്ടുക എന്നത് ജീവിത ലക്ഷ്യമാക്കിയ ധാർമ്മിക അരക്ഷിതാവസ്ഥയിലേക്ക് അവരെ നയിച്ചതിൽ അവരുടെ ആത്മീയ ശൂന്യമായ ആരാധ്യ സങ്കൽപ്പങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്.

സൃഷ്ടി വിശേഷണങ്ങളാൽ മലീമസമായ ഗ്രീക്ക്-റോമൻ ദൈവ സങ്കൽപ്പങ്ങൾ ഈ വസ്തുതയുടെ സചിത്രമായ രേഖയാണ്:

“പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ആസക്തിയുടെയും പ്രത്യുൽപാദനത്തിന്റെയും ഒളിമ്പ്യൻ ദേവതയായിരുന്നു അഫ്രോഡൈറ്റ്. അഫ്രോഡൈറ്റ്, തങ്ങളുടെ മാതാപിതാക്കൾ തമ്മിലുള്ള ഒരു കരാറിന്റെ ഭാഗമായി അഗ്നിദേവനായ ഹെഫെസ്റ്റസിനെ വിവാഹം കഴിക്കാൻ സമ്മതിച്ചു. സത്യത്തിൽ അവൾ ആദ്യമേ, മറ്റൊരു ദേവനായ ‘ആരെസു’ മായി പ്രണയത്തിലായിരുന്നു, അവനോടൊപ്പം ജീവിക്കാൻ അവൾ ആഗ്രഹിക്കുകയും ചെയ്തു. അതിനാൽ രണ്ട് ഇണക്കുരുവികളും അവർ ചെയ്യേണ്ടത് ചെയ്തു: അവർ അവളുടെ ഭർത്താവിന്റെ കിടക്കയിൽ തന്നെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പതിവാക്കി.

സൂര്യദേവനായ ഹീലിയോസ് ഇത് അറിയിച്ചപ്പോൾ, ഹെഫെസ്റ്റസ് രണ്ട് കാമുകരെയും തന്റെ കിടക്കയിൽ വെച്ചു തന്നെ പിടികൂടാൻ വീട്ടിലേക്ക് ഓടി. രോഷാകുലനായി, ഒരു ചങ്ങല നിർമിച്ചു ആരെസിനേയും അഫ്രോഡൈറ്റിനേയും ശരീരം ചലിപ്പിക്കാൻ കഴിയാത്ത വിധം ചലനമറ്റവരാക്കി. അവരെ കാണാൻ വന്ന മറ്റ് ദൈവങ്ങളാൽ പരിഹസിക്കപ്പെടും വിധം ഒറ്റിക്കൊടുത്ത ഭർത്താവ് അവരെ ദീർഘനേരം ചങ്ങലയിലിട്ടു.

അഫ്രോഡൈറ്റിന് അഡോണിസുമായി വളരെ സങ്കീർണ്ണമായ ബന്ധമുണ്ടായിരുന്നു. അവൾ അവന്റെ അമ്മയായ സ്മിർണയെ ശപിച്ചു, അവളെ ആരാധിക്കുന്നതിൽ അവഗണന കാണിച്ചതിന് അവളെ ഒരു മരമാക്കി മാറ്റി. മരത്തിന്റെ രൂപത്തിൽ ആയിരിക്കുമ്പോൾ ആണ് സ്മിർണ സുന്ദരനായ അഡോണിസിനെ (അവൾ സ്വന്തം പിതാവിനോടൊപ്പം ബന്ധത്തിൽ ഏർപ്പെട്ട് ഗർഭം ധരിച്ച മകനെ) പ്രസവിച്ചത്. സുന്ദരനായ നവജാത ശിശുവിൽ ആകൃഷ്ടയായ, അഫ്രോഡൈറ്റ് അവനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു, പെർസെഫോണിനെ ഏൽപ്പിച്ചു, കാലാന്തരത്തിൽ പെർസെഫോണ് ആ കുട്ടിയെ തനിക്കായി ആഗ്രഹിക്കുകയും ഉണ്ടായി.

അഫ്രോഡൈറ്റുമായി കടലിന്റെ ദേവന് (പോസിഡോൺ) ഒരു ബന്ധമുണ്ടായിരുന്നു, ആരെസുമായുള്ള അവളുടെ വ്യഭിചാര ബന്ധം വെളിപ്പെടുത്തിയതിനെത്തുടർന്ന് അവൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ആരംഭിച്ച ഒരു ബന്ധം. പൊസിഡോണിൽ നിന്ന് അവൾ റോഡോസ്, ഹെറോഫിലോസ് എന്നീ രണ്ട് പെൺ മക്കളെ ഗർഭം ധരിച്ചു പ്രസവിച്ചു.

അഫ്രോഡൈറ്റ് ആദ്യമായി കൈപ്രോസിൽ കാലുകുത്തിയപ്പോൾ ദേവന്മാരുടെ രാജാവായ സിയൂസ് (ZEUS) അവളെ വശീകരിക്കാൻ ശ്രമിച്ചു. അഫ്രോഡൈറ്റ് ഓടി രക്ഷപ്പെട്ടു, സിയൂസിന്റെ ബീജം ഭൂമിയിൽ ചിതറി വീണു. ഡിയോണിയിൽ ഉണ്ടായ സിയൂസിന്റെ സ്വന്തം മകളാണ് അഫ്രോഡൈറ്റ് എന്നത് സന്ദർഭോചിതമായി ഓർമ്മിക്കേണ്ടതാണ്.

ദ്വീപിൽ ചിതറിയ സിയൂസിന്റെ ബീജത്തിൽ നിന്ന് ഗിയ (ഭൂമി) ഗർഭിണിയായി വിചിത്രരായ സന്തതികളെ പ്രസവിച്ചു.

വിചിത്രമെന്നു പറയട്ടെ, തന്റെ പിതാവിന്റെ കാമവികാരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞ അഫ്രോഡൈറ്റ് പിന്നീട് സ്വന്തം ഇഷ്ടപ്രകാരം സിയൂസിനെ (പിതാവിനെ) സമീപിക്കുകയും അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. തൽഫലമായി, സിയൂസിന്റെ ഭാര്യ ഹെറ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഗയയുടെ അതേ വിധി അഫ്രോഡൈറ്റ് പങ്കിട്ടു. വൃത്തികെട്ട, ആകൃതിയില്ലാത്ത സന്തതികളാൽ അവൾ അഫ്രോഡൈറ്റിനെ ശപിച്ചു.

സിയൂസും പോസിഡോണും, തങ്ങളുടെ ശക്തി ഉപയോഗിച്ച് അവർ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയെയും ആകർഷിക്കുന്നതിനും വഞ്ചിക്കുന്നതിനും അല്ലെങ്കിൽ അവർക്ക് മേൽ ബലം പ്രയോഗിക്കുന്നതിലും കുപ്രസിദ്ധരാണ്. മറ്റുള്ള അപകീർത്തികരമായ പ്രണയബന്ധങ്ങളാലും രതിവൈകൃതങ്ങളാലും ദുരന്തപൂർണവും അവിശ്വസനീയവുമാണ് ഗ്രീക്ക് ദൈവ സങ്കൽപ്പങ്ങൾ.

അഗമ്യഗമനവും ബലാൽസംഗവും മുതൽ ശാപങ്ങളും അതിലും മോശമായതും വരെ, അടങ്ങുന്ന ഗ്രീക്ക് പുരാണത്തിലെ ഏറ്റവും ഉത്കണ്ഠയുളവാക്കുന്ന പ്രണയബന്ധങ്ങൾ അനവധിയാണ്.

വീഞ്ഞിന്റെയും ഉന്മാദത്തിന്റെയും ദേവനായ ഡയോനിസസ്, കന്യകയായ, വേട്ടയാടാൻ ഇഷ്ടപ്പെടുന്ന ടൈറ്റൻ ദേവതയായ ഓറയുമായി ഭ്രാന്തമായി പ്രണയത്തിലായിരുന്നു. അവളുടെ സ്നേഹത്തിനായി ആഗ്രഹിച്ചു നിരാശനായ ഡയോനിസസ് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് വേട്ടയാടുന്നതിനിടയിൽ അവളുടെ ദാഹം ശമിപ്പിക്കാനായി ഓറയ്ക്ക് സമീപം ഒരു വൈൻ ജലധാര സൃഷ്ടിച്ചു. ധാരാളം വീഞ്ഞ് മോന്തിയ ഔറക്ക് മത്തു പിടിച്ചു. അവൾ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ ഡയോനിസസ് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു.

മറ്റ് ദേവന്മാർ ഈ സംയോഗം കാണുകയും അവളെ വിവാഹം കഴിക്കാൻ ഡയോനിസസിനെ പ്രേരിപ്പിക്കുകയും ചെയ്തു, അങ്ങനെ അവർ അബോധാവസ്ഥയിലുള്ള വധുവിനും ഈ ദൈവത്തിനും ഇടയിൽ ഒരു കല്യാണം നടത്തി. ഉറക്കമുണർന്നപ്പോൾ, ഔറയ്ക്ക് ദേഷ്യം വന്നു, പക്ഷേ ദൈവത്തെ എതിർക്കുന്നതിൽ അവൾ നിസ്സഹായയായിരുന്നു, അതിനാൽ അവൾക്ക് നഷ്ടപ്പെട്ട കന്യകാത്വത്തെക്കുറിച്ചും, ഇരട്ടകളെ ഗർഭം ധരിച്ചിരിക്കുന്നതിനെക്കുറിച്ചും വിലപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.. കോപത്താൽ ഔറ തന്റെ ഇരട്ടകളിലെ ആദ്യജാതനെ വിഴുങ്ങി, രണ്ടാമത്തെ കുഞ്ഞിനെ ദേവന്മാർ രക്ഷിച്ചു.

ഇയോ, തന്റെ ഭാര്യയായ ഹേരാ ദേവിയുടെ പുരോഹിതയാണെങ്കിലും, പരസ്ത്രീഗമന വീരനായ സിയൂസിന് സുന്ദരിയായ ഈ കന്യകയുമായി പ്രണയത്തിലാകാതിരിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം, സിയൂസ് ഇയോയെ വശീകരിക്കുമ്പോൾ, അവന്റെ ഭാര്യ ഒളിമ്പസിൽ നിന്ന് അവനെ തേടി വന്നു. ഭാര്യയുടെ രോഷം ഒഴിവാക്കാൻ തീവ്രമായി ആഗ്രഹിച്ച സിയൂസ് നിവൃത്തിയില്ലാതെ ഇയോയെ ഒരു വെളുത്ത പശുവാക്കി മാറ്റി.

എന്നിരുന്നാലും, ഹേരയ്ക്ക് തന്റെ ഭർത്താവിന്റെ വിശ്വാസവഞ്ചനയെക്കുറിച്ച് വളരെ പരിചയമുണ്ടായിരുന്നത് കൊണ്ട്, പശു യഥാർത്ഥത്തിൽ അവന്റെ ഏതോ കാമുകിയാണെന്ന് അവൾക്ക് പെട്ടെന്ന് മനസ്സിലായി. അറിഞ്ഞില്ലെന്ന് നടിച്ച്, ഹീര പശുവിനെ സമ്മാനമായി നൽകാൻ സിയൂസിനോട് ആവശ്യപ്പെട്ടു, തുടർന്ന് അതിനെ വിട്ടയച്ചു. ഇയോയെ മോചിപ്പിക്കാൻ സിയൂസ് ഹെർമിസിനെ അയച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളമായി,ഇത് ഹേറയുടെ കോപത്തിന് കാരണമായി, തുടർന്ന് ഇയോയെ കുത്താൻ ഹേരാ ഒരു (കന്നുകാലികളെ കുത്തുന്ന) ഈച്ചയെ അയച്ചു, ഇയോക്ക് വിശ്രമം നൽകാതെ ലോകമെമ്പാടും അവളെ ഓടിച്ചു.

സിയൂസിന്റെ ശ്രദ്ധ ആകർഷിച്ച സുന്ദരിയായ രാജകുമാരിയായിരുന്നു സെമെലെ. ദൈവത്തെ സന്തതിയായി (ഡയോണിസസ്) വഹിക്കുന്ന ഏക മർത്യയായി അവൾ മാറി, പക്ഷേ അതിന് വലിയ വില കൊടുക്കേണ്ടി വന്നു. സിയൂസുമായി ഒരുപാട് സമയം ചെലവഴിച്ച ശേഷം സെമെലെ ഗർഭിണിയായി. എല്ലായ്‌പ്പോഴും എന്നപോലെ, സിയൂസിന്റെ ഭാര്യ ഹെറ തന്റെ ഭർത്താവിന്റെ വെപ്പാട്ടിയെ ശിക്ഷിക്കാൻ ഒരു പദ്ധതിയുമായി തയ്യാറായിരുന്നു.

ദേവി മറ്റൊരു രൂപം ധരിച്ചു സെമെലെയെ സമീപിക്കുകയും അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സിയൂസുമായി തനിക്ക് ബന്ധമുണ്ടെന്ന് സെമെലെ വേഷം മാറിയ ഹെറായോട് പറഞ്ഞപ്പോൾ, ഇയാൾ തീർച്ചയായും ദേവന്മാരുടെ രാജാവായ സൂസ് തന്നെയാണോ എന്ന സംശയം ഹെറ സെമേലയോട് പങ്കു വെച്ചു. സത്യം കണ്ടെത്താൻ ദൃഢനിശ്ചയം ചെയ്‌ത സെമെലെ, സിയൂസിൽ നിന്ന് തനിക്ക് എന്തും നൽകാമെന്ന് ഒരു വാഗ്ദാനം നേടിയെടുത്തു, തുടർന്ന് ഒരു ദൈവമെന്ന നിലയിൽ തന്റെ മഹത്വത്തിന്റെ പൂർണ്ണതയിൽ, വിശ്വരൂപത്തിൽ പ്രത്യക്ഷപ്പെടാൻ ആവശ്യപ്പെട്ടു. കേവലം ഒരു മർത്യയായ സമേല, സിയൂസിന്റെ വിശ്വ രൂപം കണ്ടപ്പോൾ ആ കാഴ്ച്ച താങ്ങാനാവാതെ പൊട്ടിത്തെറിച്ചു തീനാളങ്ങളായി തീർന്നു…”
(https://www.theoi.com)

അവിഹിതങ്ങൾ, ലൈംഗിക വൈകൃതങ്ങൾ, ദുരാസക്തി, വഞ്ചന, അന്യായം, അക്രമം, ക്രൂരത, യുക്തിരാഹിത്യം തുടങ്ങി എല്ലാ മാനവിക ദുർബലതകളും ന്യൂനതകളും നിറഞ്ഞ, സൃഷ്ടിവൽക്കരിക്കപ്പെട്ട ഈ ദൈവങ്ങളിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് ധാർമ്മിക ബോധവും ആത്മീയ തേജസ്സും ഉണ്ടാവുക ?! തികഞ്ഞ ഭൗതിക ഭ്രമവും ആസക്തിയും മാത്രമാണ് “ആത്മീയത” പോലും പാശ്ചാത്യൻ നാഗരികതക്ക് സമ്മാനിച്ചത്. ഇതിന് കാരണം ശിർക്കു തന്നെ ! ദൈവത്തെ ദൈവങ്ങളാക്കി, ദൈവങ്ങളെ സൃഷ്ടികളോടും സൃഷ്ടികളെ ദൈവങ്ങളോടും സാമ്യവൽക്കരിച്ചതു തന്നെ പ്രശ്നം.

പാശ്ചാത്യരുടെ ആധുനിക ദൈവ സങ്കൽപ്പവും ഭക്തിയൊ അച്ചടക്കമൊ വിനയമൊ വിധേയത്വമൊ ജനിപ്പിക്കുന്നതല്ല. ജീവിതത്തെയും ധാർമ്മികതയെയും സ്വാധീനിക്കാത്ത ദൈവത്തിൽ വിശ്വസിച്ചാൽ മനുഷ്യൻ നന്നാവുന്നതെങ്ങനെ?! ഒരു ഉദാഹരണം സൂചിപ്പിക്കാം: “ക്രിസ്തീയ ദൈവത്തെ പോലെ നിരുപാധികം സ്നേഹം (Unconditional love), ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവത്തിനില്ല” എന്ന് ക്രിസ്ത്യൻ സംവാദ വീരനായ ഡോ. വില്യം ലെയ്ൻ ക്രെയ്ഗ് – ഒരു മുസ്‌ലിം – ക്രിസ്ത്യൻ വാദപ്രതിവാദത്തിൻ – പരാതിപ്പെടുന്നുണ്ട്. തങ്ങളുടെ സംവേദനക്ഷമതയെ തലോടുന്ന വികാരങ്ങളെ താലോലിക്കുന്ന വിശേഷണങ്ങൾ ദൈവത്തിന് ചാർത്തി കൊടുക്കുന്ന പണിയാണ് ആധുനിക ക്രിസ്ത്യൻ മിഷണറിമാരുടെ നൂതന പ്രബോധന നയം. ഫലമൊ ? മത പ്രതിബദ്ധതയും ധാർമ്മിക ബോധവുമില്ലാത്ത “അനുഭാവികൾ”. ( ഭക്തി ജീവിതം, സഹ ജീവിത മാതൃകയിലൂടെയൊ ജനിതക മാർഗത്തിലൂടെയൊ അടുത്ത തലമുറയിലേക്ക്/ സന്താനങ്ങളിലേക്ക് കൈമാറ്റപ്പെടാതിരിക്കാൻ മതബോധമുള്ളവരെയൊക്കെ സന്യാസം സ്വീകരിപ്പിക്കുക കൂടി ചെയ്യുകയാണല്ലൊ. ഭക്തന്മാരെ സന്യാസം സ്വീകരിക്കാൻ പ്രേരിപ്പിക്കുക വഴി അങ്ങനെയും മതബോധമുള്ള ജനതയെ കുറച്ചു കൊണ്ടുവരാൻ – ക്രിസ്തുവിന്റെ ബദ്ധ ശത്രുവായ – പൗലോസ് അപ്പോസ്തലൻ അതി സമർത്ഥമായി ആവിഷ്കരിച്ച പദ്ധതിയാവാം ഇത് )

ആയിരം മനുഷ്യരെ കൊന്നവനേയും ആയിരം മനുഷ്യരെ ഊട്ടിയവനേയും ഒരു പോലെ, നിരുപാധികം സ്നേഹിക്കുന്ന ദൈവത്തിന് നീതിയുണ്ടോ ?

ദൈവത്തിന്റെ സ്നേഹം തന്നെ ഒരു പ്രതിഫലം കൂടിയല്ലെ ? മനുഷ്യ കർമ്മങ്ങൾക്കുള്ള ദൈവത്തിന്റെ ഏറ്റവും വലിയ പ്രതിഫലം സ്നേഹമാണ്. അത് നിരുപാധികം സമ്മാനിക്കുന്ന അനീതിയുടെ പ്രതീകത്തെ ഇസ്‌ലാം ദൈവമായി പരിചയപ്പെടുത്തുന്നില്ല.

കേവലം സ്നേഹം മാത്രം മതിയൊ ദൈവത്തിന് ? ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു ദൈവ സങ്കൽപ്പം മനുഷ്യരിൽ ധർമ്മനിഷ്ട ഉണ്ടാക്കുമോ? ഭക്തി കേന്ദ്രമാവാൻ അർഹതയില്ലാത്ത ദൈവത്തിന് മനുഷ്യരിൽ ആത്മീയ ബോധം ജനിപ്പിക്കുവാൻ കഴിയുമൊ?! തീർച്ചയായും ഇല്ല.

print

No comments yet.

Leave a comment

Your email address will not be published.