ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -2

//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -2
//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -2
ആനുകാലികം

ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -2

“പ്രാർത്ഥന അതു തന്നെയാണ് ആരാധന” എന്ന് ഹദീസിൽ കാണാം. എന്താണ് പ്രാർത്ഥന ?! പ്രാർത്ഥന, ആരാധന തുടങ്ങിയ സങ്കൽപ്പങ്ങളെ കേവല ശാരീരിക ചേഷ്ടകളും വാചിക അനുഷ്ടാനങ്ങളുമായി ചുരുക്കാതെ അതിന്റെ ആത്മീയവും മാനസികവുമായി ഉൾസാരം ഗ്രഹിക്കാൻ ഒന്ന് ശ്രമിച്ചു നോക്കൂ. ഭൗതിക ലോകത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഗുണവും ദോഷവും ചെയ്യാൻ കഴിയുമെന്ന വിശ്വാസവും അവ ലഭിക്കാനുള്ള അപേക്ഷയുമാണ് പ്രാർത്ഥന. ഈ പരമമായ താഴ്മയും വിനയവും അഥവാ ആരാധന ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഇതിൽ പങ്കു ചേർക്കുകയും (ശിർക്ക്) മറ്റ് സൃഷ്ടികൾക്കോ ശക്തികൾക്കോ പ്രാർത്ഥന (കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി ഗുണവും ദോഷവും ചെയ്യാൻ കഴിയുമെന്ന വിശ്വാസവും അവ ലഭിക്കാനുള്ള അപേക്ഷയും) സമർപ്പിക്കുമ്പോൾ തന്റെ മേലുള്ള ധാർമ്മിക വിധിക്കുള്ള അവകാശവും അയാൾ സ്വാഭാവികമായും ദൈവേതരർക്കും പങ്കു വെക്കുന്നു. ഇത് ധാർമ്മിക വ്യതിയാനത്തിലേക്ക് നയിക്കുന്നു. ഇവിടെ ദൈവം നന്മയെന്ന് വിധിച്ച ഏത് വിധിയും മാറ്റി, തിന്മയാണെന്ന് വിധിക്കാനും, ദൈവം തിന്മയെന്ന് വിധിച്ച ഏത് വിധിയും മാറ്റി, നന്മയാണെന്ന് വിധിക്കാനും ദിവ്യത്വത്തിൽ പങ്കു ചേർക്കപ്പെടുന്ന രണ്ടാം ദൈവത്തിനും ഒരു “ഭക്തന്റെ” മേൽ അധികാരമുണ്ടാവുന്നു. ഇത് ദൈവികമായ ധാർമ്മിക സംഹിതയെ മുച്ചൂടെ തകർക്കുന്ന നയമാണ് എന്ന് ആർക്കാണ് മനസ്സിലാവാത്തത് ?!

നാസ്‌തികനും ഒരുതരത്തിൽ ശിർക്ക് ചെയ്യുന്നവരാണ്. ദൈവത്തിനുള്ള അവകാശം അവൻ സ്വന്തത്തിന് പങ്കുവെച്ചു കൊടുക്കുന്നു. നന്മ തിന്മകൾ നിശ്ചയിക്കാനുള്ള ദൈവത്തിന്റെ അഭൗതികമായ അവകാശം ഭൗതികമായ തന്റെ മസ്തിഷ്ക തീരുമാനങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വകവച്ചു കൊടുക്കുക വഴി നാസ്‌തികർ സ്വന്തം ദേഹേച്ഛകളെ, മസ്തിഷ്കേച്ഛകളെ ദൈവമാക്കുന്നു. ക്വുർആൻ പറഞ്ഞു: “സ്വന്തം ദേഹേച്ഛകളെ ദൈവമാക്കിയവനെ നീ കണ്ടില്ലേ ?”
(ക്വുർആൻ : 25: 43)

ക്വുർആന്റെ ഈ ചോദ്യം വളരെ വളരെ പ്രസക്തമായ ഒന്നാണ്. നാസ്‌തികൻ തന്റെ ദേഹേച്ഛകളെ ദൈവത്തിന്റെ അവകാശത്തിൽ പങ്കാളിയാക്കുക വഴി അഥവാ ശിർക്ക് ചെയ്യുക വഴി നന്മതിന്മകൾ നിശ്ചയിക്കാനുള്ള അവകാശം സ്വന്തം ദേഹത്തിനും മസ്തിഷ്കത്തിനും വകവച്ചു കൊടുക്കുന്നു. ഫലമോ ഒരു തിന്മയും തിന്മ അല്ലാതെയും, ഒരു നന്മയും വസ്തുനിഷ്ടമായ നന്മയല്ലാതെയും പരിണമിക്കുന്നു. മാതാവിനെ വ്യഭിചരിക്കുന്നത് അഥവാ ഇൻസസ്റ്റ് തെറ്റല്ല എന്നതിൽ നാസ്‌തികൻ എത്തിപ്പെട്ടത് ഈ ശിർക്കിലൂടെയാണ്. മൃഗരതി, ശവരതി, ശിശുരതി, അഗമ്യഗമനം, ബലാത്സംഗം, വംശഹത്യ, ശിശുഹത്യ തുടങ്ങിയവ ഒന്നും തിന്മയല്ല എന്ന് തീരുമാനിക്കുന്നിടത്തേക്ക് ഈ ശിർക്കിലൂടെ നാസ്‌തികൻ എത്തുന്നു. അപ്പോൾ ശിർക്കിന്റെ ആഴം നോക്കൂ… ഒരു ചരടിന്റെ ആഴം നോക്കൂ… ഒരു ബ്ലാക്ക് ഹോൾ പോലെ ശിർക്കിനുള്ളിൽ, എല്ലാ തിന്മകളിലേക്കുമുള്ള ആഴമേറിയ ആകർഷണ ശക്തി ഉള്ളടങ്ങിയിരിക്കുന്നു എന്ന പരമാർത്ഥം മനസ്സിലാക്കാൻ നാസ്‌തിക ബുദ്ധി വളർന്നിട്ടില്ലായിരിക്കാം, പക്ഷേ മുസ്‌ലിംകളുടെ ബുദ്ധി വളർന്നിട്ടുണ്ട്.

Divine value Arguement

ഒരാൾ ഒരു മനുഷ്യ കുഞ്ഞിനെ രണ്ട് കഷ്ണമായി മുറിച്ചു എന്ന് കരുതുക. മറ്റൊരാൾ ഒരു മരം രണ്ടു കഷ്ണങ്ങളായി മുറിച്ചു. ഇതിൽ ഏതാണ് ഏറ്റവും തെറ്റായത്? എന്നതിന് ഉത്തരം പറയാൻ മത വിശ്വാസികൾക്ക് ആർക്കും സങ്കോചമുണ്ടാവില്ല. ഒരു നാസ്‌തികനെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞിന്റെയും മരത്തിന്റെയും ഉപയോഗയോഗ്യത (Utility) തമ്മിൽ താരതമ്യപഠനത്തിന് മുതിരേണ്ടി വന്നേക്കാം.

ഇനി എന്തുകൊണ്ടാണ് ഒരു മരം മുറിക്കുന്നതിനേക്കാൾ ഒരു കുഞ്ഞിനെ മുറിക്കുന്നത് അക്ഷന്തവ്യമായ പാതകമാവുന്നത്? അതിന് കാരണം ഒരു മനുഷ്യ കുഞ്ഞിന് ഒരു മരത്തേക്കാൾ ഗുണ വിഷേണങ്ങളും മൂല്യവും ഉണ്ട് എന്നുള്ളതാണ്. കൂടുതൽ ഗുണ വിശേഷണങ്ങളും മൂല്യവുമുള്ള ഒരു അസ്‌തിത്വത്തിനെതിരായ അതിക്രമം, കുറഞ്ഞ ഗുണങ്ങളും മൂല്യവുമുള്ള ഒരു അസ്‌തിത്വത്തിനെതിരായ അതിക്രമത്തേക്കാൾ വലുതാണ്.

അപ്പോൾ ഈ വസ്തുത മുന്നിൽ വെച്ച് ചിന്തിക്കുമ്പോൾ, ദൈവത്തിന് പരിധിയില്ലാത്ത ഗുണ വിശേഷണങ്ങളും ആത്യന്തിക മൂല്യവുമുണ്ട് എന്നതിനാൽ തന്നെ ദൈവത്തിനെതിരായ അതിക്രമം പരിധിയില്ലാത്തതും ആത്യന്തികവുമായ പാപവുമാണ്.

ഈ ന്യായ പ്രമാണത്തിന്റെ വെളിച്ചത്തിൽ സൃഷ്ടികൾ സൃഷ്ടികളോട് ചെയ്യുന്ന അതിക്രമങ്ങളും സൃഷ്ടികൾ സ്രഷ്‌ടാവിനോട് ചെയ്യുന്ന അതിക്രമങ്ങളും താരമ്യത്തിന് വിധേയമാക്കി നോക്കൂ:

ഒന്ന്, ഉഭയകക്ഷി സമ്മതത്തോടെ ഒരു മാതാവും മകനും നടത്തുന്ന ലൈംഗിക വേഴ്ച്ച നാസ്‌തികന് വസ്തുനിഷ്ടമായ തിന്മയല്ല. എങ്കിലും മത- സദാചാര ചട്ടകൂടിൽ നിന്ന് കൊണ്ട് നാസ്‌തികൻ ഒന്ന് ചിന്തിച്ചു നോക്കുക ? എന്തുകൊണ്ടാണ് മാതാവുമായുള്ള ലൈംഗിക ബന്ധം, ഉഭയകക്ഷി സമ്മതമുണ്ടായിട്ടും മത- സദാചാര ചട്ടകൂടിൽ തിന്മയായത് ?!
ഉത്തരം ഇപ്രകാരം സംഗ്രഹിക്കാം:

* മാതൃത്വം അർഹിക്കുന്ന ആദരവിന് അത് വിരുദ്ധമാണ്. തനിക്ക് ജന്മം നൽകിയ മാതാവിന് സമർപ്പിക്കേണ്ട വിശുദ്ധിയിൽ കളങ്കം ചാർത്തുന്ന പ്രവർത്തനമാണത്. തന്റെ ജൻമത്തിന് ഭൗതികമായ നിദാനമായ തന്റെ പിതാവിനെ വഞ്ചിക്കലും അദ്ദേഹത്തിന്റെ അവകാശത്തിൽ പങ്കു ചേർക്കലുമാണത്.

ഇനി, ശിർക്ക് എന്ത് കൊണ്ട് അതിനേക്കാൾ വലിയ തിന്മയായി എന്ന് ചിന്തിച്ച് നോക്കൂ…
വായുവും വെള്ളവും വെളിച്ചവും കാറ്റും കടലും കണ്ണും കാതും മനസ്സും ശരീരവും… എണ്ണമറ്റ അനുഗ്രഹങ്ങളിലും സംവിധാനങ്ങളിലും അഭിരമിക്കുന്ന ഒരുവൻ അവന്റെ നന്ദി ഇതെല്ലാം ചെയ്തു തന്നവനല്ലാത്ത മറ്റൊരു വ്യക്തിത്വത്തിനൊ അസ്തിത്വത്തിനൊ വകവെച്ച് കൊടുക്കുന്നത്, ദൈവേതരരെ ദൈവമായി സ്വീകരിക്കുന്നത്, ദൈവത്തോട് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ് എന്നല്ല, മനുഷ്യന് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും വലിയ വഞ്ചനയാണ്. കാരണം അനന്തവും നിത്യവുമായ ദൈവ വിശേഷണവും മൂല്യവുമാണ് മനുഷ്യൻ ദൈവത്തിന് അംഗീകരിച്ചു നൽകാൻ നിരസിക്കുന്നത്. അത് അംഗീകരിക്കൽ നമ്മെ സൃഷ്ടിച്ച അസ്തിത്വത്തിന്റെ – മാത്രം – അവകാശമാണ്. ഈ അവകാശത്തിൽ ഒരു ബഹുദൈവ വിശ്വാസി പങ്കു ചേർക്കുന്നു. അനന്തവും നിത്യവുമായ ദൈവ വിശേഷണവും മൂല്യവുമാണ് മനുഷ്യൻ ദൈവമല്ലാത്തവർക്ക് ചാർത്തുന്നത്. അത് കൊണ്ട് തന്നെ ഈ വഞ്ചനയും അനന്തവും നിത്യവുമായ, ഏറ്റവും വലിയ വഞ്ചനയായി പരിണമിക്കുന്നു. ദൈവത്തിനു സമർപ്പിക്കേണ്ടുന്നതും, സമർപ്പിക്കാമെന്ന് അമൂർത്തമായ ആത്മീയ അവസ്ഥയിൽ മനുഷ്യരാസകലം കരാർ ചെയ്തതുമായ (ക്വുർആൻ: 7:172) നന്ദിയും ആരാധനകളും ദിവ്യത്വവും ദൈവേതരർക്ക് സമർപ്പിക്കുക ഏറ്റവും വലിയ വഞ്ചന നടത്തിയ, ദൈവവുമായുള്ള ബന്ധത്തിൽ നിലനിർത്തേണ്ടിയിരുന്ന വിശുദ്ധിയിൽ കളങ്കം ചാർത്തുകയുമാണ് ബഹുദൈവ വിശ്വാസി ചെയ്യുന്നത്.

ശിർക്കിലൂടെ (ദൈവത്തിൽ പങ്കു ചേർക്കൽ) ഒരാൾ സ്വന്തം ജീവിത ലക്ഷ്യത്തെയും, ജീവിതവും അതിലുള്ള എല്ലാതും നൽകിയ അവന്റെ സ്രഷ്ടാവിനെയും വഞ്ചിക്കുന്നു. അഗമ്യഗമനം നമ്മളിൽ ഉളവാക്കുന്ന ധാർമ്മികരോഷം ശിർക്കിനെ സംബന്ധിച്ച ചിന്ത നമ്മളിൽ ഉളവാക്കുന്നില്ലെങ്കിലും അത് ഏറ്റവും വലിയ വഞ്ചനയും നന്ദികേടും ബന്ധം കളങ്കപ്പെടുത്തലുമാണെന്ന് താത്വിക തലത്തിൽ മനസ്സിലാവുന്നു.

ഒരു രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ തിന്മ രാജ്യദ്രോഹം അല്ലെങ്കിൽ രാജ്യത്തെ ഒറ്റുകൊടുക്കലാണല്ലൊ.
(J. H. Leek, “Treason and the Constitution,” The Journal of Politics 13, no. 4 (1951): 604–22 .)
വ്യക്തികൾ തമ്മിലുള്ള അതിക്രമം കൂടുതൽ വലുതായി നമ്മുടെ “അനുഭവ” തലത്തിൽ തോന്നിയേക്കാമെങ്കിലും ഒരു രാജ്യത്തെ ഒറ്റി കൊടുക്കുന്നതിലൂടെ ഉണ്ടാവുന്ന കുഴപ്പങ്ങളുടെ വ്യാപ്തി പ്രവചനാതീതവും അതിഗുരുതരവുമാണ്. ജനസഹസ്രങ്ങളിലേക്ക് പരക്കാനും നൂറ്റാണ്ടുകളോളം നീളാനും വീര്യമുള്ള കുറ്റമാണത്. കാരണം ഒരു രാജ്യം എന്നത് ഒരു വ്യക്തി എന്നതിനേക്കാൾ എത്രയോ വിശാലവും ആഴവുമുള്ള എന്റിറ്റിയാണ് !

എങ്കിൽ ദൈവത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് അവന്റെ ദിവ്യത്വത്തെ ദ്രോഹിക്കൽ/ വഞ്ചിക്കൽ ആകുന്നു. അവനോട് ചെയ്യുന്ന വഞ്ചനയുടെയും നന്ദികേടിന്റെയും വ്യാപ്തിക്കും ആഴത്തിനും സമാനതയില്ല.

അബ്ദുല്ലാഹിബ്‌നു മസ്‌ഊദ് (റ) പറഞ്ഞു: “അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റകൃത്യം ഏതാണെന്ന്” ഞാൻ മുഹമ്മദ്‌ നബി(സ)യോട് ചോദിച്ചു. അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “അല്ലാഹു നിങ്ങളെ സൃഷ്ടിച്ചിരിക്കെ അവനോടൊപ്പം തുല്യന്മാരെ നിങ്ങൾ പ്രതിഷ്ഠിക്കുക.” ഞാൻ (ഇബ്നു മസ്ഊദ് (റ)) പറഞ്ഞു: തീർച്ചയായും അത് വലിയ പാപം തന്നെ. പിന്നെ എന്താണ് അടുത്ത(ഏറ്റവും വലിയ പാപമായിട്ടുള്ള)ത് എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം (സ) പറഞ്ഞു: “നിങ്ങളുടെ സ്വന്തം കുട്ടി നിങ്ങളോടൊപ്പം ഭക്ഷണം പങ്കിടുമെന്ന് ഭയന്ന് നിങ്ങൾ അവനെ കൊല്ലുന്നു.”
ഞാൻ ചോദിച്ചു: അടുത്തത് എന്താണ്? അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ അയൽക്കാരന്റെ ഭാര്യയുമായി വ്യഭിചരിക്കുക.”
(സ്വഹീഹുൽ ബുഖാരി: 4477, 4761, 6001, സ്വഹീഹു മുസ്‌ലിം: 86)

ഇബ്നുൽ ക്വയ്യിം എഴുതുന്നു:

“ഇക്കാരണത്താൽ, അല്ലാഹുവെ നിന്ദിക്കുന്ന ഏറ്റവും വലിയ അതിക്രമം ശിർക്കാണ്. അത് ഒരാളുടെ (അല്ലാഹുവിനോടുള്ള) സ്നേഹം കുറയ്ക്കുകയൊ ഇല്ലാതാക്കുകയൊ ചെയ്യുകയും അല്ലാഹുവിനോട് അവൻ പങ്കു ചേർക്കുന്ന പങ്കാളിക്ക് അത് ഒറ്റുകൊടുക്കുകയും ചെയ്യുന്നു… ഒരു ഇഷ്ടഭാജനത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് വഞ്ചനയും അവിഹിത ബന്ധവുമാണ് എന്നതു പോലെ…”
(ത്വരീകുൽ ഹിജ്റത്തൈൻ: 523. ഉദ്ധരണം: https://yaqeeninstitute.org/read/paper/why-is-shirk-the-greatest-sin-of-all)

രണ്ട്, ഇനി മോഷണം എന്ന കുറ്റ കൃത്യം എടുത്തു പരിശോധിക്കൂ. എന്ത് കൊണ്ട് മോഷണം വലിയ തിന്മയായി. അത് അന്യന്റെ അവകാശം അനർഹമായി അപഹരിക്കലായതു കൊണ്ട്. താരതമ്യേന നന്നേ കുറഞ്ഞ ഗുണ വിശേഷണങ്ങളും മൂല്യവുമുള്ള ഒരു മനുഷ്യന്റെ അവകാശം മറ്റൊരു മനുഷ്യൻ അനർഹമായി അപഹരിക്കുന്നത് വലിയ തെറ്റാണെങ്കിൽ അനശ്വരമായ ഗുണ വിശേഷണങ്ങളും അളവറ്റ മൂല്യവുമുള്ള അല്ലാഹുവിന്റെ അവകാശം (ദിവ്യത്വം, ആരാധന) അന്യർക്ക് അനർഹമായി വക വെച്ച് കൊടുക്കുന്നത് (ശിർക്ക്) ആകുന്നു ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപം.

ഇങ്ങനെ ഏതൊരു തിന്മയും എടുത്ത് അവ തിന്മയാവാനുള്ള ആന്തരികമായ വിശേഷണമോ പ്രക്രിയയോ എന്താണെന്ന് ചിന്തിച്ചാൽ ആ ആന്തരികമായ വിശേഷണത്തിന്റേയും പ്രക്രിയയുടേയും പരമമായ ഭാവം ശിർക്കിലും ദൈവത്തോട് നാം ചെയ്യുന്ന അതിക്രമങ്ങളിലും നമുക്ക് ദർശിക്കാൻ സാധിക്കും.

ശിർക്ക് ജീവിതലക്ഷ്യത്തെ തമസ്കരിക്കുന്നു

“തീര്‍ച്ചയായും നാം ആ വിശ്വസ്തദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തു കാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”
(ക്വുർആൻ: 33:72)

“മത-ധാർമ്മിക ഉത്തരവാദിത്തം എല്ലാം ഉൾപ്പെടുന്നതാണ് അമാനത്ത് അഥവാ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) എന്ന പദം”
(തഫ്സീറുൽ ക്വുർതുബി)

“നന്മ ചെയ്താൽ പ്രതിഫലവും തിന്മ ചെയ്താൽ ശിക്ഷയും നൽകപ്പെടുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്തരവാദിത്തമാണ്” ക്വുർആൻ വചനത്തിൽ സൂചിപ്പിക്കുന്നത് എന്ന് പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കുന്നുണ്ട്.
(തഫ്സീറു ഇബ്നു കസീർ)

അപ്പോൾ, നമ്മുടെ ഭൗതിക മൂർത്തീകരണത്തിന് മുമ്പ്, ആത്മീയമായ അവസ്ഥയിൽ നാം ഏവരും ദൈവത്തിൽ നിന്ന് കൗതുകത്തോടെ ഏറ്റെടുത്തതാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള അസ്തിത്വവും ഫ്രീ വില്ലുമെല്ലാം. അത് കൃത്യവും വ്യക്തവുമായി നാം ഓർക്കുന്നില്ല എന്ന് മാത്രം.

ജീവിതം, ജീവിതാനുഭവങ്ങൾ, സുഖ സൗകര്യങ്ങൾ, ദൈവഹിതത്തിന് വിധേയമായി ജീവിക്കുന്നവർക്ക് മരണാനന്തര ജീവിതത്തിൽ സ്വർഗലോകം എന്നിവ നൽകപ്പെടും എന്ന ഉടമ്പടിയിൽ മനുഷ്യർ – നാം ഓരോരുത്തരും – ദൈവത്തിൽ നിന്ന് ഏറ്റെടുത്ത “പരീക്ഷണ”മാണ് ജീവിതം. അപ്പോൾ ജീവിത ലക്ഷ്യം ദൈവഹിതമായ ജീവിതം നയിക്കുക എന്നതാണ്. അവന്റെ ഹിതത്തിന് എതിരായി നാം ചെയ്യുന്ന ഏതൊരു കർമ്മവും തിന്മയും അധർമ്മവുമാണ്. എങ്കിൽ ഒരാൾ ശിർക്ക് ചെയ്താലോ ?! അത് ജീവിത ലക്ഷ്യവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റായി മാറുന്നു.

കാരണം ശിർക്കും (ബഹുദൈവ വിശ്വാസം) കുഫ്റും (അവിശ്വാസം) ഇത്തരമൊരു ഉടമ്പടി, ദൈവവും താനും തമ്മിൽ ഇല്ല എന്ന് ഉടമ്പടിയെ തന്നെ നിരാകരിക്കലോ, ദൈവത്തിന് പുറമെ മറ്റു പലരുമായും എനിക്ക് ഉടമ്പടിയുണ്ട് എന്ന് വാദിക്കലോ ആണ്. അപ്പോൾ ജീവിതത്തിന്റെ ലക്ഷ്യവും ദൗത്യവും അടിത്തറയിൽ തന്നെ തകർത്തു കളയുന്ന വിശ്വാസ വ്യതിയാനമാണ് ശിർക്ക്.

തന്നെ സൃഷ്ടിച്ച ദൈവത്തെ അന്വേഷിക്കൽ, അവനെ കണ്ടെത്തൽ, അവനെ അവന്റെ എല്ലാ ഗുണ വിശേഷണങ്ങളോടെ അംഗീകരിക്കൽ, അവന്റെ ദിവ്യത്വവുമായി ബന്ധപ്പെട്ട് നാം അവനുമായി നടത്തിയ കരാർ പാലിക്കൽ, ആ ഉടമ്പടിയിൽ യാതൊരു വഞ്ചനയും, നന്ദികേടും അവകാശ നിഷേധവും കാണിക്കാതിരിക്കൽ… ഇതൊക്കെയാണല്ലൊ തൗഹീദിൽ (ഏകദൈവ വിശ്വാസം) നടക്കുന്ന പ്രക്രിയ. തൗഹീദിന്റെ ആവിഷ്കാരവും സാക്ഷാൽകരണവുമാണ് ആരാധന. അതുകൊണ്ട് അല്ലാഹു ഇപ്രകാരം പറഞ്ഞു:

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ക്വുർആൻ: 51:56)

തൗഹീദിന്റെ ആവിഷ്കാരവും ദൈവവുമായുള്ള ബന്ധത്തിന്റെ സാക്ഷാൽകരണവുമായ ആരാധന നമ്മുടെ അസ്തിത്വത്തിന്റെയും ജീവിതത്തിന്റെയും സൃഷ്ടിപ്പിന്റെയും ലക്ഷ്യമാണ്. ശിർക്കിലൂടെ ഈ ലക്ഷ്യം തകർക്കപ്പെടുന്നു.

print

No comments yet.

Leave a comment

Your email address will not be published.