ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -1

//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -1
//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -1
ആനുകാലികം

ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -1

ഇസ്‌ലാമിക ദൃഷ്ട്യാ, ശിർക്ക് (ബഹുദൈവ വിശ്വാസം) എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?!

“ഒരാൾ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാൾ, ഒരു നിരപരാധിയെ വധിക്കുന്നതിനേക്കാൾ വലിയ പാപമായി ശിർക്കിനെ ഇസ്‌ലാം കാണുന്നു. ഇതിന് എന്ത് നീതികരണമാണ് മുസ്ലിംകൾക്ക് മുന്നോട്ട് വെക്കാനുള്ളത്? ഇതിനേക്കാളെല്ലാം വലിയ പാപമായി ശിർക്കിനെ അഥവാ ‘അള്ളാഹുവിൽ പങ്കു ചേർക്കുന്നതിനെ’ എങ്ങനെയാണ് ഇസ്‌ലാമിന് കാണാൻ സാധിക്കുന്നത് ?! ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപങ്ങളും ചെയ്യാം എന്നും ഇസ്‌ലാം പറയുന്നു. ഇതൊക്കെ ആശയപരമായ സങ്കുചിതത്വവും അന്യായവുമല്ലെ”

ഈയടുത്ത് നാസ്‌തികർ, ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി വലിയ തോതിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന “മഹാ” ചോദ്യങ്ങളിൽ ഒന്നാണിത് ! ഇസ്‌ലാമിന്റെ ഫിലോസഫിയുടെ ആഴം ഒട്ടും മനസ്സിലാക്കാത്ത ഉപരിപ്ലവമായ പരിഭാഷ വായനയാണ് നാസ്‌തികർ നടത്തുന്നത് എന്നുള്ളതിന്റെ തെളിവാണ് ഈ ചോദ്യം. അഥവാ ഇസ്‌ലാമിക പ്രമാണങ്ങളെ അവഗാഹത്തോടു കൂടിയും ആഴത്തിലിറങ്ങിയും വായിക്കാനുള്ള കോമൺ സെൻസൊന്നും ഒരു നാസ്‌തികനും ഇന്നും കൈവരിച്ചിട്ടില്ല എന്നുള്ളതാണ് ചോദ്യം തെളിയിക്കുന്നത്. ഒരു വരിക്കപ്പുറം ആശയത്തെ സംബന്ധിച്ച് കുറച്ചെങ്കിലും ആഴത്തിൽ ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടോ ഇവർക്കൊക്കെ?! എന്നു നാം ആശ്ചര്യപ്പെട്ടു പോവുകയാണ്. തലച്ചോറിന്റെ ഭൂരിഭാഗവും ഒരു വിഭാഗത്തോടുള്ള വെറുപ്പ് സംഭരിച്ചു വച്ചിരിക്കുകയാണിവർ. നല്ല ആശയങ്ങൾക്ക്, ആഴമേറിയ ചിന്തകൾക്ക് ഒന്നും തന്നെ ആ തലയിലേക്ക് അതുകൊണ്ടുതന്നെ പ്രവേശനമില്ല.

വിശദീകരണത്തിലേക്ക് കടക്കും മുമ്പ് നാസ്‌തിക ആരോപണത്തിൽ ഉള്ളടങ്ങിയ രണ്ട് ശ്രദ്ധേയമായ കൃത്രിമങ്ങൾ നാം ചർച്ച ചെയ്യേണ്ടതുണ്ട്:

കൃത്രിമം 1: ധാർമ്മിക രോഷത്തെയും വൈകാരികാനുഭവത്തെയും മാത്രം അടിസ്ഥാനപ്പെടുത്തി തിന്മകളുടെയും ‘ഗൗരവക്രമം’ തീരുമാനിക്കുന്നത് തിന്മകളുടെ ഗൗരവം അളക്കാനുള്ള വസ്തുനിഷ്ഠമായ മാനദണ്ഡമാണ് എന്ന തെറ്റിദ്ധരിപ്പിക്കൽ.

കൃത്രിമം 2: “ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപങ്ങളും ചെയ്യാം എന്നും ഇസ്‌ലാം പറയുന്നു…” എന്ന നുണ.

1. ധാർമ്മിക രോഷവും (Moral outrage), വസ്തുതാ പരമായ ധാർമ്മിക വ്യാപ്തിയും (Actual Moral magnitude) തമ്മിലുള്ള വേർതിരിവ് കൃത്യമായി നാം മനസ്സിലാക്കണം. ഒരു ധാർമ്മിക കുറ്റകൃത്യത്തോടുള്ള ഒരു വ്യക്തിയുടെ വൈകാരിക പ്രതികരണമാണ് Moral outrage, അത് സാന്ദർഭിക ഘടകങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടതാണ്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയുടെ വസ്തുനിഷ്ഠമായ വിലയിരുത്തലുമായി അതിന് ബന്ധമുണ്ടാവണമെന്നില്ല.

അതുകൊണ്ട്, ചില അധാർമികതകളോടുള്ള നമ്മുടെ വികാരങ്ങളും വൈകാരിക പ്രതികരണങ്ങളും മറ്റു ചില അധാർമികതകളോട് ഉളവാകുന്ന വികാരങ്ങളും വൈകാരിക പ്രതികരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയുടെ യഥാർത്ഥ വ്യാപ്തി തിരിച്ചറിയപ്പെടുകയൊ അനുഭവപ്പെടുകയൊ ചെയ്യണമെന്നില്ല.

ഉദാഹരണത്തിന്, അഞ്ച് പേരെ കൊലപ്പെടുത്തിയ ഒരു സീരിയൽ കില്ലർ നമ്മിൽ ഉളവാക്കുന്ന ശക്തമായ വൈകാരിക പ്രതികരണം, ഡ്രോൺ ആക്രമണങ്ങൾക്ക് സമ്മതം നൽകുക വഴി ആയിരക്കണക്കിന് ആളുകളെ നരഹത്യക്ക് വിധേയമാക്കിയ ഒരു രാഷ്ട്രീയക്കാരനോട് അനുഭവപ്പെടണമെന്നില്ല. സീരിയൽ കില്ലർ വധിച്ചത് അഞ്ച് പേരെയാണെങ്കിൽ, രാഷ്ട്രീയക്കാരൻ വധിച്ചത് 5,000 പേരെയാണ്. രാഷ്ട്രീയക്കാരന്റെ കുറ്റകൃത്യത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നതിൽ തർക്കമില്ല, എന്നാൽ അത് താരതമ്യേന കുറഞ്ഞ വൈകാരികതയാണ് നമ്മിൽ ഉളവാക്കുന്നത്.

(ഒരു രാഷ്ട്രീയക്കാരന്റെ ലൈംഗിക മേഖലയിലുള്ള കുറ്റമാണ് അയാളുടെ യുദ്ധ നയങ്ങളുമായി ബന്ധപ്പെട്ട കുറ്റത്തിനേക്കാൾ വൈകാരിക പ്രതികരണം സൃഷ്ടിക്കുക എന്നത് മറ്റൊരു ഉദാഹരണം.)

ഒരു സീരിയൽ കില്ലറുടെ കുറ്റകൃത്യത്തോടുള്ള അവബോധജന്യമായ വൈകാരിക പ്രതികരണമാണ് രാഷ്ട്രീയ കുറ്റകൃത്യത്തേക്കാൾ മുന്തി നിൽക്കുക, കാരണം അത് സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തെ വെല്ലുവിളിക്കുന്നു. സീരിയൽ കില്ലറുടെ ഇരകളായ നിങ്ങളുടെ നാട്ടുകാരേക്കാൾ, ഡ്രോൺ ആക്രമണത്തിന് കൊല്ലപ്പെട്ട, ഒരു വിദേശ സമൂഹത്തിലെ പേരില്ലാത്ത ഇരകളെ മുന്തിക്കാൻ വൈകാരികമായി ബുദ്ധിമുട്ടാണ്.

അതിനാൽ, വ്യക്തിപരമായ വികാരങ്ങൾ പലപ്പോഴും വൈകാരിക പ്രതികരണത്തിന്റെ തീവ്രത നിർണ്ണയിക്കുന്നു. ഒരു പ്രവൃത്തി എത്രമാത്രം തിന്മയുള്ളതാണെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നതിനു പകരം അത്തരം വികാരങ്ങൾ അടിസ്ഥാനപരമായി സ്വയം പ്രാബല്യം കൈവരിക്കുന്നു.

വ്യക്തിപരമായി നമുക്ക് കൂടുതൽ ദ്രോഹം ചെയ്യാൻ സാധ്യതയുള്ളത് എന്ന അടിസ്ഥാനത്തിൽ ധാർമ്മികമായ നന്മ-തിന്മകളുടെ യാഥാർത്ഥ്യത്തെ വിലയിരുത്തുന്നതിൽ അർത്ഥമില്ല എന്നർത്ഥം. എങ്കിലും, നമ്മുടെ ധാർമ്മിക രോഷം വ്യക്തിപരമായ വൈകാരികതയും അനുഭവങ്ങളുമായും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.

‘ധാർമ്മിക രോഷം’ എന്ന വൈകാരിക തലത്തെക്കുറിച്ചുള്ള സമീപകാല സൈക്കോമെട്രിക് പഠനങ്ങൾ, വ്യക്തിപരമായ കോപവും ധാർമ്മിക കോപവും തമ്മിൽ വേർതിരിച്ചറിയൽ വളരെ ശ്രമകരമാണെന്ന് വാദിക്കുന്നു.
(Erin M. O’Mara , “Will Moral Outrage Stand Up?”)

ഒരു കുറ്റകൃത്യത്തോടുള്ള പ്രതികരണത്തിൽ നാം അനുഭവിക്കുന്ന വികാരങ്ങൾ ആ കുറ്റകൃത്യത്തിന്റെ വസ്തുനിഷ്ഠമായ അളവിന്റെ വിശ്വസനീയമായ സൂചകങ്ങളല്ല എന്ന ആശയത്തിന് ഇത് പിന്തുണ നൽകുന്നു.

പുറമെ, ഒരു വ്യക്തിയുടെ ലോകവീക്ഷണം ധാർമ്മിക കുറ്റകൃത്യങ്ങളോടുള്ള അവരുടെ പ്രതികരണത്തെ പ്രധാനമായും നിർണ്ണയിക്കും. വ്യക്തിപരമായ മൂല്യങ്ങളെ (Personal values) വെല്ലുവിളിക്കുന്ന കുറ്റകൃത്യങ്ങൾ നമ്മിൽ ശക്തമായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കും.

ഒരാൾ അമേരിക്കൻ പതാകയെ അനാദരിച്ചു എന്ന് കരുതുക.

അന്യായമായ അമേരിക്കൻ അധിനിവേശം മൂലം കുടുംബവും സ്വത്തുക്കളും നഷ്ടപ്പെട്ട വിദേശത്തുള്ള ഒരാളേക്കാൾ, സൈനിക സേവനത്തിൽ തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ട അമേരിക്കൻ ദേശസ്നേഹികൾക്ക്, അമേരിക്കൻ പതാകയെ അനാദരിക്കുന്ന ഒരാളോട് കൂടുതൽ രോഷം അനുഭവപ്പെടും.

പതാകയെ അനാദരിക്കൽ, സാങ്കേതികമായി ഒരു ‘ഇരയില്ലാത്ത’ കുറ്റകൃത്യമാണല്ലൊ, മറ്റൊരു വ്യക്തിക്കെതിരെ നേരിട്ട് ഒരു ദ്രോഹവും ചെയ്യപ്പെടുന്നില്ല എന്ന അർത്ഥത്തിൽ. എന്നിരുന്നാലും ഒരാളുടെ വ്യക്തിപരമായ മൂല്യങ്ങൾ അയാളിൽ അതിനെതിരെ ശക്തമായ ധാർമ്മിക രോഷം ഉണർത്തുന്നു.

അധാർമികതകളോടുള്ള വൈകാരിക പ്രതികരണങ്ങൾ മറ്റുള്ളവർക്കെതിരെ ചെയ്യുന്ന ദ്രോഹത്തെ അടിസ്ഥാനമാക്കി മാത്രമല്ല, ഒരു വ്യക്തി അവരുടെ മൂല്യങ്ങളിൽ എത്രത്തോളം ശക്തമായി വിശ്വസിക്കുന്നു എന്നതിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

അതിനാൽ, ശിർക്കിനെതിരെ ധാർമ്മിക രോഷം ഇല്ലാത്ത ഒരാൾ തൗഹീദിന്റെ മൂല്യവുമായി സ്വന്തം ബന്ധമില്ലായ്മയെയാണ് വെളിവാക്കുന്നത്. ഒരു വ്യക്തിക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം എത്രത്തോളം ശക്തമാണോ, അത്ര കണ്ട് ബഹുദൈവത്വത്തിൽ അയാൾക്ക് ധാർമ്മിക രോഷം അനുഭവപ്പെടും.

2. ആരോപണത്തിനിടയിൽ നാസ്‌തികന്റെ വക തിരുകി കയറ്റിയ ഒരു നുണയുണ്ട്. അതിലേക്ക് രണ്ടാമതായി ശ്രദ്ധ തിരിക്കാം. ഈ നാസ്‌തിക നുണ, ചോദ്യത്തിൽ നിന്ന് പ്രത്യേകം വേർപ്പെടുത്തേണ്ടതുണ്ട്:

“ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപങ്ങളും ചെയ്യാം എന്നും ഇസ്‌ലാം പറയുന്നു…” എന്നതാണ് ആ നുണ. ക്വുർആനും ഹദീസുകളും മുഴു നീളേ മറ്റു പാപങ്ങളുടെ ഗൗരവവും അവക്ക് ഓരോന്നിനുമുള്ള പ്രത്യേക ശിക്ഷകളും പ്രസ്താവിച്ചിരിക്കെ ശിർക്കല്ലാത്ത എന്തും ചെയ്യാൻ ഇസ്‌ലാം അനുവദിക്കുന്നുവെന്നെല്ലാം യാതൊരു പരിസര ബോധവുമില്ലാതെ കളവ് പറയുന്നത് നാസ്‌തിക ധർമ്മമാണോ ?!

ശിർക്ക്: ധാർമ്മികതയുടെ അപഹരണം

ഇനി ആരോപണത്തിലെ കളവല്ലാത്ത ഭാഗത്തിനുള്ള മറുപടിയിലേക്ക് വരാം. സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതും നിരപരാധിയെ വധിക്കുന്നതും ഒക്കെ മതവും ദൈവവുമാണ് നിഷിദ്ധമാക്കിയത്. നാസ്‌തികർക്ക് അതൊക്കെ അനുവദനീയമാണ്, വസ്തുനിഷ്ടമായ തിന്മയല്ല.

അഥവാ ധാർമികമായ ഏതൊക്കെ മൂല്യങ്ങൾ മനുഷ്യന്മാർ ഉടമപ്പെടുത്തുന്നുണ്ടോ അതിന്റെ എല്ലാം സ്രോതസ്സും ചോദനയും ദൈവമാണ്. അപ്പോൾ ദൈവം അല്ലാത്ത മറ്റൊരാൾക്ക് അല്ലെങ്കിൽ മറ്റൊരു ശക്തിക്ക് ദൈവത്തിനു മാത്രം അവകാശപ്പെട്ട എന്തെങ്കിലും ഒരു വിശേഷണം സാങ്കൽപ്പികമായി വകവെച്ചു കൊടുക്കുന്നതിനെ/ പങ്കുചേർക്കുന്നതിനെ അഥവാ ശിർക്ക് ചെയ്യുന്നതിനെ ഇസ്‌ലാം ഏറ്റവും വലിയ പാപമായി കണ്ടു എന്നതിനുള്ള ന്യായവും ചോദ്യത്തിൽ തന്നെ ഉള്ളടങ്ങിയിട്ടുണ്ട്.

ശിർക്ക് ഏറ്റവും വലിയ പാപമാവാൻ കാരണങ്ങളും ബൗദ്ധികമായ നീതീകരണങ്ങളും ഒരുപാടുണ്ട് എങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ധാർമികതയുടെ സ്രോതസ്സും ചോദനയും ദൈവം അല്ലാത്ത മറ്റുള്ളവർക്ക് മനുഷ്യർ, ശിർക്കിലൂടെ പങ്കുവെച്ചു കൊടുക്കുന്നു എന്നുള്ളതാണ്. മാതാവിനെ വ്യഭിചരിക്കുന്നതും നിരപരാധിയെ വധിക്കുന്നതും തെറ്റാണെന്ന് ദൈവം പറയുമ്പോൾ മനുഷ്യൻ സങ്കൽപ്പിച്ചു ഉണ്ടാക്കിയ മറ്റൊരു “ദൈവം”, അവയൊന്നും തെറ്റല്ലെന്ന് വാദിക്കുന്നു എന്ന് കരുതുക. അപ്പോൾ മനുഷ്യന്റെ ധാർമിക സങ്കല്പത്തിന്റെ അടിത്തറ തന്നെ തകർന്നടിയുന്നു. ദൈവം നിശ്ചയിച്ച ഒരു തിന്മയും തിന്മ അല്ലാതെ ആയി മാറുന്നു, ഒരു നന്മയും നന്മയല്ലാതെയായും മാറുന്നു. കാരണം നന്മതിന്മകൾ നിശ്ചയിക്കാനുള്ള ദൈവത്തിന്റെ മാത്രം അവകാശത്തിൽ മനുഷ്യൻ പങ്കു ചേർത്തി കഴിഞ്ഞു. ദൈവത്തിന്റെ മാത്രമായ ഒരു വിശേഷണത്തിൽ പങ്കു ചേർത്താൽ തന്നെ ഇത് സംഭവിക്കും. ഉദാഹരണത്തിന്, എല്ലാം കാണുന്നവൻ എന്ന ദൈവത്തിന്റെ അഭൗതികമായ വിശേഷണം മറ്റൊരു സൃഷ്ടിക്കൊ ശക്തിക്കോ ഉണ്ടെന്ന് ഒരാൾ വിശ്വസിച്ചു എന്ന് കരുതുക. ഭാവി, ഭൂതം, വർത്തമാനം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാം കാണാൻ ദൈവേതരനും കഴിയുമെന്ന് ഒരു ഭക്തൻ വിശ്വസിക്കുന്നു. ഫലമെന്തായിരിക്കും? തന്റെ ജീവിതത്തിലെ വരാനിരിക്കുന്ന നന്മ കാണാൻ കഴിയുന്ന ഒരാൾ, ഭക്തന്റെ ഭാവി നന്മക്ക് അനുഗുണമായ ഒരു ജീവിത രീതി മുന്നോട്ട് വെച്ചാൽ അത് സ്വീകരിക്കാനും അയാൾ പറയുന്നവ ചെയ്യാനും ഭക്തൻ തയ്യാറാവുന്നു. കാരണം അയാൾ എല്ലാം കാണുന്നവനാണ്; ദൈവത്തെ പോലെ. ദൈവദത്തവും ചൂഷണമുക്തവും മാനുഷിക നന്മക്ക് ഉതകുന്നതുമായ ധാർമ്മികതയിൽ നിന്നുള്ള വ്യതിയാനങ്ങളാണ് ഒരു നിലക്ക് ആത്മീയ ചൂഷണങ്ങളെല്ലാം. ഈ ആത്മീയ ചൂഷണങ്ങളുടെയെല്ലാം സ്രോതസ്സ് ശിർക്ക് അഥവാ ദൈവത്തിൽ പങ്കു ചേർക്കലാണ്. ദൈവം ഇണയെ സ്നേഹിക്കാൻ പറഞ്ഞു. “എല്ലാം കാണുന്നു” എന്ന് ഒരു ഭക്തൻ വിശ്വസിക്കുന്ന മറ്റൊരു വ്യക്തി പറഞ്ഞു, “നിന്റെ ഇണ നിനക്ക് നാശം വരുത്തും, അവളെ ഉപേക്ഷിക്കുക…” ഇവിടെ ദൈവിക നന്മ, ഭക്തന് തിന്മയായി പരിണമിച്ചതിന് കാരണമെന്താണ്. ദൈവത്തിന്റെ അദൃശ്യജ്ഞാനമെന്ന, എല്ലാം കാണുക എന്ന വിശേഷണത്തിൽ ഭക്തൻ പങ്കു ചേർത്തതാണ് ഈ ധാർമ്മിക വ്യതിയാനത്തിന് കാരണം. “ഒരു മനുഷ്യനെ കൊന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരേയും കൊന്നതിന് തുല്യമാണെന്ന്” (ക്വുർആൻ:) ദൈവം പറഞ്ഞു. അദൃശ്യജ്ഞാനമെന്ന, എല്ലാം കാണുക എന്ന വിശേഷണത്തിൽ ഭക്തൻ പങ്കു ചേർത്ത സാങ്കൽപിക ദൈവം, ഈ ദൈവദത്തമായ ധാർമ്മിക വിധിയെ മറികടന്ന് പറഞ്ഞു: “നിന്റെ നിർഭാഗ്യങ്ങൾക്കെല്ലാം കാരണം ജ്യേഷ്ഠ സഹോദരന്റെ സാന്നിധ്യമാണ്. ശത്രു സംഹാരത്തിന് നടപടിയെടുക്കണം.” ഇവിടെ ഭക്തനിലെ ശിർക്കാണ് ധാർമ്മിക വ്യതിയാനത്തിനും ചൂഷണത്തിനും നിദാനം.

“കയ്യിൽ ചരട് കെട്ടുന്നത് മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാളും നിരപരാധിയെ വധിക്കുന്നതിനേക്കാളും വലിയ തെറ്റാണോ ?” എന്ന് ഉപരിപ്ലവമായ ചോദ്യം ചോദിക്കാതെ, എന്താണ് ഈ ചരടിന്റെ പ്രത്യേകത എന്നൊന്ന് ചിന്തിച്ചിരുന്നെങ്കിൽ! കയ്യിൽ കെട്ടുന്ന ഏലസ്സിന് അല്ലെങ്കിൽ ചരടിന് അതുമല്ലെങ്കിൽ അത് മന്ത്രിച്ച് ഊതി കെട്ടിക്കൊടുക്കുന്ന സിദ്ധന് കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായ കഴിവുണ്ടെന്നും അയാൾക്ക് അഭൗതികമായി തന്നെ സഹായിക്കാനും തന്നെ ഉപദ്രവിക്കാനും കഴിവുണ്ടെന്നുമുള്ള വിശ്വാസമാണ് ഒരു ചരട് കെട്ടുന്ന മനുഷ്യന്റെ മനസ്സിലുള്ളത്. ഈ വിശ്വാസമാണ് അപകടം. ചരട് എന്നുപറയുന്ന ഒരു ഭൗതിക വസ്തു കയ്യിൽ തൂങ്ങിക്കിടക്കുന്നത് – വിരോധിക്കപ്പെട്ടതാണെങ്കിലും – സ്വമേധയാ ശിർക്കല്ല. മറിച്ച് അതിലുള്ളടങ്ങിയ വിശ്വാസമാണ് ഇസ്‌ലാമിക വിശ്വാസ പ്രകാരം ശിർക്ക്. കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായ സ്വാധീന ശക്തി തന്റെ ജീവിതത്തിൽ ഒരാൾക്കുണ്ട് എന്ന് മറ്റൊരാൾ വിശ്വസിച്ചാൽ എന്തായിരിക്കും സ്ഥിതി ! ദൈവത്തിന്റെ മാത്രം കഴിവ് അയാൾ മറ്റൊരാൾക്ക് വകവച്ചു കൊടുക്കുന്നു. ഫലം, അഭൗതികമായ കഴിവുള്ള ഇയാൾ ഒരു ദിവസം ചരട് കെട്ടാൻ പറഞ്ഞു, രണ്ടാമത്തെ ദിവസം ഒരു കുഞ്ഞിന്റെ കഴുത്തിൽ ചരട് കെട്ടി വലിച്ച് വധിക്കാൻ പറഞ്ഞു. ഇത് രണ്ടും ശിർക്ക് ചെയ്യുന്ന വ്യക്തി അംഗീകരിക്കുന്നു (ഇങ്ങനെ എത്രയോ സംഭവങ്ങൾ ശിർക്ക് കാരണം സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നു. ഇത്തരം ധാർമികവും ആത്മീയവുമായ വ്യതിയാനങ്ങളുടെ എല്ലാം സ്രോതസ്സ്, ശിർക്ക് അഥവാ ദൈവത്തിൽ പങ്കു ചേർക്കലാണ്) കാരണം, അയാൾ വിശ്വസിക്കുന്നത് സിദ്ധന് അഭൗതികമായ ശക്തിയുണ്ട് എന്നാണ്. ദൈവത്തിനു മാത്രം കഴിയുന്ന ഒരു വിശേഷണം പങ്കു ചേർക്കുക വഴി സ്വന്തത്തിനു മേലുള്ള സർവ്വ അധികാരവും – വിശിഷ്യാ ധാർമികമായ തീരുമാനത്തിനുള്ള അധികാരം – ഒരാൾ സ്വമേധയാ പങ്കു ചേർക്കപ്പെടുന്ന “ദൈവത്തിന്” നൽകുന്നു. ഇവിടെ നന്മകളേയും തിന്മകളേയും സംബന്ധിച്ച സങ്കല്പം മുഴുവൻ അവതാളത്തിൽ ആവുന്നു. അതിലെല്ലാം കൈകടത്താൻ ഉള്ള അഭൗതികമായ ഒരു അവകാശം “ഭക്തൻ” സൃഷ്ടിക്ക് പങ്കുവെച്ചു കൊടുത്തതാണ് പ്രശ്നം.

ഈ പ്രാർത്ഥനാ മനോഭാവം അഥവാ അങ്ങേയറ്റത്തെ താഴ്മയും വിനയവും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തിൽ നിന്ന് നന്മയേ ധാർമ്മികമായി പ്രകാശിതമാവൂ, ദൈവേതരർ ധാർമ്മികതയെ മലിനമാക്കുകയും വ്യതിയാനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഫലമായി, നന്മകൾ തിന്മകളും തിന്മകൾ നൻമകളും ആയി പരിണമിക്കുന്നു. അതുമല്ലെങ്കിൽ ഒരു കാര്യം ഒരു ദൈവത്തിന് നന്മയും മറ്റൊരു ദൈവത്തിന് തിന്മയും ആയി മാറുന്നു. അപ്പോൾ നന്മ തിന്മകൾ കേവലം വ്യക്തിനിഷ്ടമായ തിരഞ്ഞെടുപ്പുകളായി പരിണമിക്കുന്നു. വസ്തുനിഷ്ടമായ നന്മയൊ തിന്മയൊ ഇല്ലാതെയാവുന്നു. മാതാവിനെ വ്യഭിചരിക്കുന്നതും നിരപരാധിയെ വധിക്കുന്നതും വസ്തുനിഷ്ടമായ തിന്മയല്ലാതെയാവുന്നു.

ദൈവത്തിന്റെ മാത്രം വിശേഷണങ്ങൾ മറ്റുള്ളവർക്ക് സങ്കൽപ്പത്തിൽ വകവച്ച് കൊടുക്കുമ്പോൾ അവരും ദൈവമായി മാറുന്നു. പിന്നീട് അവർ കൽപ്പിക്കുന്നത് എന്തും നന്മയും അവർ നിരോധിക്കുന്നത് എന്തും തിന്മയുമായി മാറുന്നു. ശിർക്ക് ധാർമികതയുടെ അടിത്തറയെ ഹൈജാക്ക് ചെയ്യുകയാണെന്നും ശിർക്ക് ഏറ്റവും വലിയ തിന്മ തന്നെ ആവേണ്ടതാണെന്നും ഒന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

“സ്വന്തം അയൽവാസി തന്റെ ഉപദ്രവത്തിൽ നിന്ന് നിർഭയനാവുന്നത് വരെ ഒരാളും വിശ്വാസിയാവില്ല…” എന്ന് ദൈവത്തിൽ നിന്നുള്ള ധാർമ്മിക നിയമമായി നബി (സ) പഠിപ്പിച്ചു. എന്നാൽ ഈ ദൈവിക ധാർമ്മികതക്ക് വിരുദ്ധമായി, ഒരു സിദ്ധൻ ഒരു “ഭക്തന്റെ” മുമ്പിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു എന്ന് കരുതുക. “നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണം അയൽവാസിയാണ് എന്നും അയാളെ നിഗ്രഹിക്കുകയും സ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്യാതെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ലെന്നും അയാളെ അഭൗതികമായി ഉപദ്രവിക്കാനുള്ള കർമ്മങ്ങൾ ഞാൻ പഠിപ്പിച്ചു തരാമെന്നും” സിദ്ധൻ തന്നിൽ ശിർക്ക് വെക്കുന്ന “ഭക്തനോട്” പറഞ്ഞു എന്ന് കരുതുക. ഈ അഭിപ്രായത്തെ സ്വീകരിക്കാനും അയൽവാസിയെ ദ്രോഹിക്കാനും ആ ഭക്തനെ പ്രേരിപ്പിച്ചതെന്താണ് ?! ശിർക്ക് തന്നെ. ദൈവത്തിന് മാത്രം ഉടമപ്പെട്ട ശക്തി അല്ലെങ്കിൽ വിശേഷണം ആ ഭക്തന്റെ ഭാവനയിൽ, സിദ്ധനും പങ്കു വെച്ചു. കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായി അദൃശ്യ ഭാവി അറിയാനും അയൽവാസിയുടെ ഗൃഹാന്തരാളവും ഹൃദയാന്തരാളവും അറിയാനും ഈ സിദ്ധന് സാധിക്കുമെന്ന് ഭക്തൻ വിശ്വസിച്ചു. അയൽവാസിയെ കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായി ഉപദ്രവമേൽപ്പിച്ച് തന്നെ രക്ഷപ്പെടുത്താൽ സിദ്ധന് അല്ലെങ്കിൽ ജോൽസ്യന് സാധിക്കും എന്നും അയാൾ വിശ്വസിച്ചു. ഇതെല്ലാം ദൈവത്തിന്റെ മാത്രം കഴിവുകളാണല്ലൊ. ഖുർആൻ പറഞ്ഞു:

“പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.”
(ക്വുർആൻ: 27: 26)

“അവന്ന് (ദൈവത്തിന്) പുറമെ പല ആരാധ്യരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ആരാധ്യർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.”
(ക്വുർആൻ: 25: 3)

അപ്പോൾ ധാർമ്മിക വിധികൾ മനുഷ്യർ സ്വയം കൈയ്യാളാനും എല്ലാ തിന്മകളേയും നന്മയാക്കാനുമുള്ള അവകാശമാണ് ഒരു നിലക്ക് ദൈവത്തിൽ പങ്കു ചേർക്കുക (ശിർക്ക്) വഴി ഒരു മുശ്‌രിക്, ദൈവേതരർക്ക് നൽകുന്നത്. ധാർമ്മികവും ആത്മീയവുമായ അരക്ഷിതാവസ്ഥയിലേക്കാണ് ശിർക്ക് ഒരാളെ എത്തിക്കുക.

അപ്പോൾ പിന്നെ ശിർക്ക് തന്നെയല്ലെ ഏറ്റവും വലിയ വ്യതിചലനവും വ്യതിയാനവും ?! കാരണം നന്മ തിന്മകൾ നിശ്ചയിക്കാനുള്ള അവകാശവും അധികാരവും നിശ്ചയിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് തൗഹീദും (ഏകദൈവത്വവും) ശിർക്കും (ദൈവത്തിൽ പങ്കു ചേർക്കലും). നന്മകളെ ഏതിനേയും തിന്മയാക്കി ദുർവ്യാഖ്യാനിക്കാനും തിന്മകളെ ഏതിനേയും നന്മയായി ദുർവ്യാഖ്യാനിക്കാനും പ്രേരിപ്പിക്കാനുള്ള ശക്തിയുള്ള ഒരു തിന്മയല്ലെ ഏറ്റവും വലിയ തിന്മ ?!

print

No comments yet.

Leave a comment

Your email address will not be published.