ദഅ്‌വാനുഭവങ്ങൾ -13

//ദഅ്‌വാനുഭവങ്ങൾ -13
//ദഅ്‌വാനുഭവങ്ങൾ -13
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -13

പ്രബോധനം, മുസ്‌ലിംകളല്ലാത്തവരിലേക്ക്…

മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും പ്രത്യയശാസ്ത്രമാണെങ്കിലും ശാസ്ത്രമാണെങ്കിലും അത് പ്രബോധനം ചെയ്യുന്നവർ, തങ്ങൾക്ക് സത്യമെന്നുറപ്പുള്ള കാര്യങ്ങൾ സഹജീവികളുമായി പങ്കുവെക്കുകയെന്ന സേവനമാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റേയാൾക്ക് ശരിയെന്ന് തോന്നിക്കൊള്ളണമെന്നില്ലെന്ന ന്യായം ഈ പങ്കുവെക്കലിനെ അപ്രസക്തമാക്കുന്നില്ല. അങ്ങനെ തോന്നാതിരിക്കുന്നതിന് കാരണം ചിലപ്പോൾ തെറ്റിദ്ധാരണയോ തെറ്റായ അറിവോ ആയിരിക്കാമെന്നാണ് പ്രബോധകൻ കരുതുന്നത്. തെറ്റിദ്ധാരണകൾ തിരുത്തുന്നതും ശരിയായ അറിവ് പകർന്ന് നൽകുന്നതും പ്രബോധനത്തിന്റെ ഭാഗമായിത്തീരുന്നത് അതുകൊണ്ടാണ്. തനിക്ക് ശരിയെന്നുറപ്പുള്ള കാര്യങ്ങൾ എന്തുകൊണ്ടാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്ന് സമർത്ഥിക്കുകയും അതിലേക്ക് മറ്റെയാളെ ആകർഷിക്കുവാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യുകയെന്ന പ്രബോധനം സഹജീവികളോടുള്ള ഗുണകാംക്ഷയിൽ നിന്നാണുണ്ടാവുന്നത്. താൻ ശരിയെന്ന് കരുതിയത് തെറ്റാണെന്ന് അപരൻ സ്ഥാപിക്കുമ്പോൾ അത് കേട്ടിരിക്കാനും തിരുത്തേണ്ടതാണെങ്കിൽ തിരുത്താനും അത്തരം പ്രബോധകർ സദാസന്നദ്ധരായിരിക്കും. സ്വയം ജയിക്കാൻ വേണ്ടിയും താനുൾക്കൊള്ളുന്ന ആശയത്തെ ജയിപ്പിക്കാൻ വേണ്ടിയും പ്രബോധനത്തിലേർപ്പെടുന്നവരുമുണ്ട്; തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന വാശി അവർക്കാണുണ്ടാവുക; ബോധ്യപ്പെട്ടാലും തിരുത്താൻ അവരൊരിക്കലും സന്നദ്ധമാവുകയില്ല. അത്തരം സംവേദനങ്ങൾ കേവലമായ തർക്കങ്ങളായിത്തീരുകയാണ് പതിവ്. താൻ ഉൾക്കൊല്ലുന്ന ആശയമാണ് ശരിയെന്ന് കരുതുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്ന പ്രബോധകൻ അപരനെ കേൾക്കുവാനും അയാളുടെ പക്ഷത്ത് ശരിയുണ്ടെങ്കിൽ അത് അംഗീകരിക്കുവാനും സദാ സന്നദ്ധമായിരിക്കും.

ശരിയെന്ന് ബോധ്യമുള്ളത് മറ്റുള്ളവരുമായി സംവദിക്കുന്നവരെന്ന ആദ്യം പറഞ്ഞ വിഭാഗത്തിലാണ് ഇസ്‌ലാമികപ്രബോധകർ ഉൾപ്പെടുന്നത്; ഉൾപ്പെടേണ്ടത്. തങ്ങൾക്ക് ശരിയാണെന്ന ഉറപ്പും ബോധ്യവുമുള്ള ആശയങ്ങൾ സഹജീവികൾക്ക് മുന്നിൽ സമർപ്പിക്കുന്നവരാണവർ. തോൽപ്പിക്കുവാൻ വേണ്ടിയല്ല, ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അവർ പ്രബോധനം ചെയ്യുന്നത്. തങ്ങളുടേത് മാത്രമാണ് ശരിയെന്ന മർക്കടമുഷ്ടി അവർക്കില്ല; ഉണ്ടായിക്കൂടാ. എല്ലാ ജനതതികളിലേക്കും പ്രവാചകന്മാരുടെ നിയോഗമുണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ളവർ പറയുന്നതിലും കാര്യമുണ്ടാവുമെന്നും അതിൽ സ്വീകാര്യമായവായുണ്ടെങ്കിൽ സ്വീകരിക്കണമെന്നും കരുതുന്നവരാണവർ. പ്രപഞ്ചനാഥനും സ്വർഗ്ഗനരകങ്ങളും സത്യമാണെന്നും മുഹമ്മദ് നബി (സ) പഠിച്ചതെല്ലാം മോക്ഷത്തിലേക്ക് നയിക്കുന്ന ആശയങ്ങളാണെന്നുമുള്ള പൂർണ്ണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ പ്രബോധനം ചെയ്യുന്നത്; അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കണമെന്ന ആഗ്രഹവും സഹജീവികൾ ദൈവപ്രീതി നേടിയെടുത്ത് സ്വർഗ്ഗത്തിലെത്തണമെന്ന ഗുണകാംക്ഷയും മാത്രമാണ് അതിനുള്ള പ്രചോദനം.

മുജാഹിദ് വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് മുസ്‌ലിംസമുദായത്തിൽ പെട്ട സഹോദരങ്ങളിൽ പലരും ഖുർആനിന്റെയും സുന്നത്തിന്റെയും രാജപാതയിലൂടെയല്ല സഞ്ചരിക്കുന്നതെന്ന തിരിച്ചറിവിൽ നിന്നാണ് അവരെ സംസ്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം നിന്നത്. ഖുർആനും സുന്നത്തുമുപയോഗിച്ചുള്ള മുസ്‌ലിംകൾക്കിടയിലെ സംസ്കരണമായിരുന്നു അന്നത്തെ പ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ലക്‌ഷ്യം. അതോടൊപ്പം തന്നെ മുസ്‌ലിംകളല്ലാത്തവരെ ലക്ഷ്യമാക്കിക്കൊണ്ട് മുജാഹിദ് പ്രസ്ഥാനം നടത്തിയിരുന്ന പ്രബോധനസംരംഭങ്ങളിൽ സജീവമായ സാന്നിധ്യമാകാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് മുജാഹിദ് പ്രസ്ഥാനം സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പരകളിൽ ഒന്നോ രണ്ടോ ദിവസങ്ങളിലെ പ്രഭാഷണങ്ങൾ പലപ്പോഴും ഇസ്‌ലാമിനെ പൊതുവായി പരിചയപ്പെടുത്തുന്നതായിരിക്കും. മുസ്‌ലിംകളല്ലാത്തവരെ പ്രധാനമായും ലക്ഷ്യമാക്കിക്കൊണ്ട് അത്തരത്തിലുള്ള പ്രഭാഷണപരമ്പരകൾ കെഎൻഎം കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ വെച്ച് സംഘടിപ്പിക്കുകയും അവയുടെ ഓഡിയോ കേസറ്റുകൾ വ്യാപകമായി വിതരണം നടത്തുകയും ചെയ്തിരുന്നു. അവയുടെ നിരന്തരമായ കേൾവിയിലൂടെയാണ് എന്തുകൊണ്ട് മുസ്‌ലിംകൾക്കല്ലാത്തവർക്കിടയിൽ പ്രത്യേകമായ പ്രബോധനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൂടാ എന്ന ചോദ്യം മനസ്സിൽ ഉയർന്നുവന്നത്. പ്രീഡിഗ്രി പഠനകാലത്ത് സുവിശേക്ഷകനായ ജഡ്ജിയെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം ഹൃദയത്തിനകത്തെ ഈ ചോദ്യത്തിന്റെ പ്രതിഫലനമായാണ്.

ഇസ്‌ലാമിനെ പൊതുവെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളിൽ ഏറ്റവും ആകർഷകമായി തോന്നിയത് ചെറിയമുണ്ടത്തിന്റെയും കെ.കെ. മുഹമ്മദ് സുല്ലമിയുടെയും കെ.സി. അബൂബക്കർ മൗലവിയുടെയും പ്രസംഗങ്ങളായിരുന്നു. ബൗദ്ധികവ്യായാമത്തിലൂടെ സദസ്സിനെ ഇസ്‌ലാമിന്റെ സത്യത ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ പ്രഭാഷണങ്ങളെപ്പറ്റി മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദ് സുല്ലമി സംവദിച്ചിരുന്നത് കുറേക്കൂടി ഹൃദയങ്ങളോടായിരുന്നു. ശാന്തമായ ആഖ്യാനശൈലിയിൽ സരളമായ ഉദാഹരണങ്ങളിലൂടെ സാധാരണക്കാരന്റെ ഹൃദയത്തിനകത്തേക്ക് ഇസ്‌ലാമികധാർമ്മികതയെ സന്നിവേശിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. മനഃശാസ്ത്രപരമായി ഇസ്‌ലാമിനെ അവതരിപ്പിക്കുവാൻ പ്രത്യേകമായ പാടവം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കെ.സി. അബൂബക്കർ മൗലവിയാകട്ടെ, കൊച്ചു കൊച്ചു തമാശകളിലൂടെ ദുർഗ്രഹമായ വിഷയങ്ങളെ ഏതൊരാൾക്കും ദഹിക്കാനാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിൽ അതീവ സമർത്ഥനായിരുന്നു. ഖുർആൻ-ശാസ്ത്രവിഷയങ്ങൾ അദ്ദേഹത്തിന്റേതുപോലെ സരളമായി അവതരിപ്പിക്കുന്ന മറ്റാരെയും ഞാൻ കേട്ടിട്ടില്ല; ശാസ്ത്രജ്ഞനും സാധാരണക്കാരനും ആ പ്രസംഗങ്ങൾ ഒരേപോലെ മനസ്സിലാവുകയും ഖുർആനിന്റെ അമാനുഷികതക്ക് മുമ്പിൽ തലകുനിച്ചുപോവുകയും ചെയ്യും. മാർക്സിസമടക്കമുള്ള ഭൗതികപ്രത്യയശാസ്ത്രങ്ങളെ ഇസ്‌ലാമികമായി അപഗ്രഥിക്കുന്നതിലും വിമർശിക്കുന്നതിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം; തലനാരിഴ കീറിയുള്ള തന്റെ അപഗ്രഥനങ്ങളെ അനുവാചകന്റെ ഹൃദയത്തിലേക്ക് കടത്തുംവിധമുള്ള തമാശകൾ ‘പുട്ടിന് തേങ്ങയിടുന്നതുപോലെ’ കേസിയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നതിനാൽ എത്ര കടുപ്പമുള്ള വിഷയങ്ങളാണെങ്കിലും ആരും മടുക്കാതെ കേട്ടിരിക്കും. ഇവയെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോൾ നടേ പറഞ്ഞ ചോദ്യം മനസ്സിൽ ഉയർന്നുവരും; ‘മുസ്‌ലിംകളല്ലാത്തവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി മാത്രമായി എന്തുകൊണ്ട് ചില പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൂടാ..?’

പരപ്പനങ്ങാടിയിൽ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും ആശയപ്രചാരണരംഗത്ത് സജീവമാമാണ് അന്ന്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിനടുത്തുള്ള മുഹമ്മദ് സ്മാരക വായനശാല മുജാഹിദ് പ്രവർത്തകരും ഭൗതികവാദികളും തമ്മിലുള്ള ആശയസംവാദത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു. മുജാഹിദ് പ്രവർത്തകനും കുട്ടികൾക്ക് പ്രിയപ്പെട്ട എഴുത്തുകാരനുമായ റഷീദ് പരപ്പനങ്ങാടിയും (റഷീദ് മാഷ് എന്നാണ് പരപ്പനങ്ങാടിക്കാർ അദ്ദേഹത്തെ വിളിക്കുക) നിരീശ്വരവാദിയും കറ കളഞ്ഞ കമ്മ്യൂണിസ്റ്റും നാടകപ്രവർത്തകനുമെല്ലാമായിരുന്ന ബാപ്പുക്ക എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് സാഹിബുമായിരുന്നു അന്ന് വായനശാലയുടെ കുഞ്ചികസ്ഥാനങ്ങളിലുണ്ടായിരുന്നവരിൽ പ്രമുഖർ. വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ഐഎസ്എം പ്രവർത്തകർ തയ്യാറാക്കുന്ന കയ്യെഴുത്ത് ലഘുലേഖകൾ ഇടയ്ക്കിടയ്ക്ക് വായനശാലയിൽ പൊതുവായനക്കായി വെക്കുക പതിവായിരുന്നു. ലഘുലേഖകളധികവും എഴുതാറുണ്ടായിരുന്നത് ഇ.ഒ. അബ്ദുൽ ഹമീദും കവർ വരയ്ക്കാറുള്ളത് ഇ.ഒ. അബ്ദുൽ മജീദുമാണ്. ഹമീദാക്കന്റെ വടിവൊത്തതും സുന്ദരവുമായ കയ്യെഴുത്തും മജീദിന്റെ അർത്ഥപൂർണ്ണമായ കവർ ഡിസൈനിംഗും വഴി ലഘുലേഖകൾ ആകർഷകങ്ങളായി. അവയ്ക്ക് നിരവധി വായനക്കാരുണ്ടായി. ലഘുലേഖകളിലെ ആശയങ്ങളെ വിമർശിച്ചുകൊണ്ട് നാസ്തികരും കയ്യെഴുത്ത് ലഘുലേഖകൾ വായനശാലയിൽ വെക്കാൻ തുടങ്ങി. ‘വെളിച്ചം തേടി’യെന്നായിരുന്നു നാസ്തികലഘുലേഖകളിലൊന്നിന്റെ തലക്കെട്ട്. അതിന്ന് മറുപടിയായി പുറത്തിറക്കിയ ‘വെളിച്ചം തേടി ഇരുട്ടിലേക്ക്’ എന്ന ലഘുലേഖയിൽ അവരുടെ വാദങ്ങൾക്കെല്ലാമുള്ള പ്രതിവാദങ്ങളുണ്ടായിരുന്നു. അവയിലെ ആശയങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെട്ടു; സ്വകാര്യമായ ചർച്ചകൾ. അവയിൽ മുസ്‌ലിംപക്ഷത്ത് മുജാഹിദ് പ്രവർത്തകരും നാസ്തികപക്ഷത്ത് ബാപ്പുക്കാക്കയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകളുമാണുണ്ടാകാറുള്ളത്. കമ്യൂണിസത്തെയും നാസ്തികതയെയുമെല്ലാം കുറിച്ച അടിസ്ഥാനവിവരങ്ങൾ നൽകിയത് ആ ചർച്ചകളാണ്. അവരുമായി സംവദിക്കുവാനുള്ള ആത്മവിശ്വാസം നൽകിയതും അവ തന്നെ.

നാസ്തിക-ഇസ്‌ലാം ചർച്ചകളിൽ ഞങ്ങളുടെ എതിർപക്ഷത്തിന്റെ നേതൃത്വം ബാപ്പുകാക്കായിരുന്നുവെന്ന് പറഞ്ഞല്ലോ. ബീഡിത്തൊഴിലായിയായിരുന്നു ബാപ്പുകാക്ക; കാര്യമായ ഭൗതികവിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻ. പക്ഷെ, ആ കറുത്ത-കുറിയ മനുഷ്യന്റെ ആഴമേറിയ വൈജ്ഞാനിക സമ്പത്തിന് മുന്നിൽ ആരും തലകുനിച്ച് പോകും. പരന്ന വായന വഴി അദ്ദേഹം ഉണ്ടാക്കിയെടുത്തതായിരുന്നു ആ വൈജ്ഞാനികസമ്പത്ത്. എതിർപക്ഷം മുന്നോട്ടുവെക്കുന്ന വാദങ്ങളെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കണ്ണടയുപയോഗിച്ച് അപഗ്രഥിക്കുവാനും തദടിസ്ഥാനത്തിലുള്ള പ്രതിവാദങ്ങളുന്നയിക്കാനുമുള്ള ആ കറുത്ത കണ്ണടക്കാരന്റെ വൈഭവം അപാരമായിരുന്നു. കമ്യൂണിസ്റ്റ് ദർശനത്തെക്കുറിച്ച് പഠിക്കാൻ നിശ്ചയിച്ചുകൊണ്ട് അവരിലെ സൈദ്ധാന്തികരുടെ പ്രസംഗം കേൾക്കാൻ തുടങ്ങിയ പിൽക്കലത്ത് എം.എൻ. വിജയൻ മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ബാപ്പു കാക്കാനെ ഓർമ്മിക്കാറുണ്ട്. മാഷിന്റേത് പോലെ ആറ്റിക്കുറുക്കിയ വാക്കുകളിൽ സാവധാനത്തിലുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കമ്മ്യൂസ്റ്റുകാരന്റേതെന്ന് ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് കരുതപ്പെട്ടിരുന്ന ലളിതമായ ജീവിതം നയിച്ചിരുന്നയാൾ. നാസ്തിക-ഇസ്‌ലാം ചർച്ചകളിൽ സൈദ്ധാന്തികമായ മേൽക്കൈ അദ്ദേഹത്തിനായിരുന്നെങ്കിലും സത്യം ഇസ്‌ലാമിന്റെ പക്ഷത്തായിരുന്നതിനാൽ ഞങ്ങൾ പിടിച്ച് നിന്നു. അങ്ങനെയങ്ങനെ ചർച്ചകളിലെ എതിർപക്ഷത്തിന്റെ നേതാവായിരുന്ന ബാപ്പുകാക്കക്കും ഇസ്‌ലാമിന്റെ പക്ഷത്താണ് സത്യമെന്ന് ബോധ്യപ്പെട്ടു. ആത്മാർത്ഥ സ്നേഹിതനായ റഷീദ് മാഷുടെ സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ഞങ്ങളുടെ ചർച്ചകളും വഴി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു: സ്വാഭാവികമായും മെല്ലെ കമ്യൂണിസം അദ്ദേഹം വെടിഞ്ഞു. അത്തരം ചർച്ചകൾ വഴിയാണ് ഇസ്‌ലാമിനെ പൊതുവായി പരിചയപ്പെടുത്താനുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായത്; അതിന്നായി എന്തെങ്കിലുമെല്ലാം ചെയ്യണമെന്ന ആശയം ആവേശമായിത്തീർന്നത് അങ്ങനെയാണ്.

പി. എസ്. എം. ഒ. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് മിഷനറിമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരങ്ങളുണ്ടായതെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. മിഷനറി പ്രവർത്തകനായ ജഡ്ജിയുമായുള്ള സമ്പർക്കം തുടരാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും അദ്ദേഹമടക്കമുള്ള മതപ്രവർത്തകരോട് തങ്ങൾ ശരിയെന്ന് കരുതുന്നതിലേക്ക് സഹജീവികളെ ക്ഷണിക്കുന്നവർ എന്ന നിലയിലുള്ള ആദരവ് തന്നെയായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാൽ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ചില മിഷനറിമാരുടെ മതപ്രബോധനത്തോട് വെറുപ്പും എതിർപ്പും അന്ന് തന്നെ തോന്നിയിരുന്നു. തങ്ങൾ ശരിയെന്ന് കരുതുന്നത് പ്രബോധനം ചെയ്യുന്ന മിഷനറിമാരുടെ ആത്മാർത്ഥതയോടുള്ള ആദരവ് ഒരു വശത്തും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും പ്രവാചകന്റെയും ഖുർആനിന്റെയും പേരിൽ അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മുസ്‌ലിംകളെ ക്രൈസ്തവവൽക്കരിക്കുവാനുള്ള അവരുടെ ശ്രമത്തോടുള്ള വെറുപ്പും എതിർപ്പും മറുവശത്തും മനസ്സിൽ ആന്ദോളനങ്ങൾ സൃഷ്ടിച്ചപ്പോൾ ആ രംഗത്ത് കാര്യമായി എന്തെകിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി. പരപ്പനങ്ങാടി ഇസ്‌ലാമിക് ലൈബ്രറിയിൽ ഒരുമിച്ചുകൂടുന്ന ഐഎസ്എം- എംഎസ്എം പ്രവർത്തകർക്കിടയിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. മുഹമ്മദ് സ്മാരക വായനശാലയിലെ ചർച്ചകളിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമായിരുന്നു ഈ ചർച്ചയുടെ പ്രധാനപ്പെട്ട പ്രചോദനം. മുസ്‌ലിംകളല്ലാത്തവർക്കിടയിൽ പ്രവർത്തിക്കുന്നതിന് വേണ്ടി മാത്രമായി ഒരു കൂട്ടായ്മയുണ്ടാകണമെന്നും അതിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങളെയെല്ലാം ക്രോഡീകരിച്ച് സംഘടിപ്പിക്കാമെന്നുമുള്ള ആശയം ഉരുത്തിരിഞ്ഞത് ആ ചർച്ചകളിൽ നിന്നാണ്. അങ്ങനെയാണ് ‘സൗണ്ട് ഓഫ് ട്രൂത്ത്’ എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ടാക്കുന്നതിനെക്കുറിച്ച ആലോചനയുണ്ടാകുന്നത്.

സൗണ്ട് ഓഫ് ട്രൂത്ത് ഉണ്ടാവുന്നതിന് പെട്ടെന്ന് നിമിത്തമായ മറ്റു ചില കാരണങ്ങളുണ്ടായിരുന്നു. അക്കാലത്ത് അബ്ദുൽ റഹ്‌മാൻ ഇരിവേറ്റി എഴുതി ‘ശബാബ്’ വാരികയിൽ പ്രസിദ്ധീകരിച്ച ‘നാം ശവംപേറികൾ മാത്രമോ?’ എന്ന യുക്തിവാദികളെ വിമർശിച്ചുകൊണ്ടുള്ള ലേഖനം ഞങ്ങൾ ലഘുലേഖയായി പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ദൈവമില്ലെന്ന് വാദിക്കുകയും മുഹമ്മദ് നബി(സ)യെ തെറി പറയുകയും ചെയ്ത് ജീവിച്ച ഒരാൾ മരണപ്പെട്ടപ്പോൾ അവിടെത്തെ മഹല്ല് കമ്മറ്റി അയാളുടെ മയ്യിത്ത് മറവു ചെയ്യാൻ പള്ളി ഖബറിസ്ഥാൻ അനുവദിക്കാൻ കഴിയില്ലെന്ന് അറിയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതായിരുന്നു ലേഖനം. അതുൾക്കൊള്ളിച്ചുകൊണ്ടുള്ള ലഖുലേഖക്ക് ചുവട്ടിൽ നൽകാൻ ഒരു മേൽവിലാസം വേണമായിരുന്നു. അത്തരമൊരു മേൽവിലാസമായി ഉണ്ടായതാണ് ‘സൗണ്ട് ഓഫ് ട്രൂത്ത്’. ലഘുലേഖയുടെ അവസാനം കൂടുതൽ അറിയാൻ ബന്ധപ്പെടുകയെന്ന് പറഞ്ഞ് ‘സൗണ്ട് ഓഫ് ട്രൂത്ത്’ എന്ന ഇസ്‌ലാമിക് ലൈബ്രറി കെയർ ഓഫ് ആയ മേൽവിലാസം നൽകി. അതിന് വന്ന പ്രതികരണങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ‘സൗണ്ട് ഓഫ് ട്രൂത്ത്’ എന്ന കൂട്ടായ്മയുണ്ടാകുന്നത്; പരപ്പനങ്ങാടിയിലെ ഐഎസ്എം- എംഎസ്എം പ്രവർത്തകരായിരുന്നു ആ കൂട്ടായ്മയിലെ അംഗങ്ങൾ. അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാൻ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു; സൗണ്ട് ഓഫ് ട്രൂത്തിന്റെ ഡയറക്ടറായിട്ടായിരുന്നു മുസ്‌ലിംകളല്ലാത്തവർക്കിടയിലേക്കുള്ള പ്രബോധനപ്രവർത്തനങ്ങളുടെ തുടക്കം.

പരപ്പനങ്ങാടി ഇസ്‌ലാമിക് ലൈബ്രറിയിലെ ഒരു കമ്പി അലമാരയായിരുന്നു സൗണ്ട് ഓഫ് ട്രൂത്തിന്റെ ആസ്ഥാനം. ആ അലമാരയിൽ ശേഖരിച്ച പുസ്തകങ്ങളിലൂടെയാണ് മുസ്‌ലിംകളല്ലാത്തവർക്കിടയിലുള്ള പ്രബോധനപ്രവർത്തനങ്ങളിലേക്ക് കാലെടുത്തുവെക്കുന്നത്. പ്രബോധനപ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവങ്ങളുണ്ടാക്കുവാൻ തക്ക സാമ്പത്തികസ്ഥിതിയുള്ളവരൊന്നും അന്ന് ഞങ്ങളുടെ കൂട്ടായ്മയിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യം ചെയ്തത് സൗജന്യമായി ഇസ്‌ലാമിക പുസ്തകങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള എല്ലാ വിലാസങ്ങളിലേക്കും കത്തുകൾ അയക്കുകയാണ്. ശൈഖ്‌ അഹ്‌മദ്‌ ദീദാത്തിന്റെ ഇസ്‌ലാമിക് പ്രൊപഗേഷൻ സെന്റർ ഇന്റർനാഷണൽ എഴുത്തുകുത്തുകളിലൂടെ എനിക്ക് നേരത്തെതന്നെ പരിചയമുള്ള സംഘടനയായിരുന്നു. വ്യക്തിപരമായിത്തന്നെ അവരുമായി കത്തിടപാടുകൾ നടത്തുകയും അവരുടെ പുസ്തകങ്ങൾ സ്വന്തമാക്കുകയും അവ വായിക്കുകയും ചെയ്തിരുന്നു. ആ പരിചയം വെച്ചുകൊണ്ട് മുസ്‌ലിംകളല്ലാത്തവർക്കിടയിലെ പ്രബോധനപ്രവർത്തനങ്ങൾക്കായി മാത്രമുള്ള സൗണ്ട് ഓഫ് ട്രൂത്തിന്റെ രൂപീകരണത്തെക്കുറിച്ച് അറിയിക്കുകയും പുസ്തകങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. അവരാണ് ആദ്യമായി സൗണ്ട് ഓഫ് ട്രൂത്തിന് പുസ്തകങ്ങളും ലഘുലേഖകളും അയച്ചു തന്നത്. മുസ്‌ലിംകളല്ലാത്തവർക്കിടയിൽ വിതരണം ചെയ്യുവാൻ പറ്റുന്ന ലഘുലേഖകൾ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതിനാൽ തന്നെ പല ലഘുലേഖകളും കൂടുതൽ കോപ്പികളുണ്ടായിരുന്നു. ‘Sound of Truth, c/o Islamic Library, Parappanangadi-676 303’ എന്നെഴുതിയ ഒരു റബ്ബർ സ്റ്റാമ്പ് നിർമ്മിച്ചു അവയ്ക്കടിയിൽ പതിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ അഭ്യസ്തവിദ്യർക്കിടയിലും അന്ന് പഠിക്കുകയായിരുന്ന പിഎസ്എംഒ കോളേജിലും വിതരണം ചെയ്യുകയായിരുന്നു ‘നാം ശവംപേറികൾ മാത്രമോ?’ എന്ന ലഘുലേഖക്ക് ശേഷമുള്ള ആദ്യത്തെ സൗണ്ട് ഓഫ് ട്രൂത്ത് പ്രവർത്തനം.

മുസ്‌ലിംകളുമായി ആശയവിനിമയത്തിന് സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് അന്നത്തെ മാർപ്പാപ്പയായിരുന്ന പോപ്പ് ജോൺ പോൾ രണ്ടാമന്റെ പ്രസ്താവനക്ക് 1984ൽ ദീദാത്ത് നൽകിയ മറുപടിയായ ‘His Holiness Plays Hide and Seek with Muslims’ ന്റെ കുറെയധികം കോപ്പികൾ അവർ അയച്ചു തന്നിരുന്നു. അവയ്ക്കടിയിൽ സൗണ്ട് ഓഫ് ട്രൂത്തിന്റെ വിലാസം സ്റ്റാമ്പ് ചെയ്ത് ഞാൻ വിദ്യാർത്ഥിയായിരുന്ന ക്രിസ്ത്യൻ കറസ്പോണ്ടൻസ് കോഴ്സുകാർക്കും സമീപപ്രദേശങ്ങളിലെ ക്രിസ്ത്യൻസ്ഥാപനങ്ങൾക്കും അയച്ചുകൊടുക്കുകയായിരുന്നു മറ്റൊരു സൗണ്ട് ഓഫ് ട്രൂത്ത് പ്രവർത്തനം. പുസ്തകങ്ങളും ലഘുലേഖകളും ആവശ്യപ്പെട്ടുകൊണ്ടുള്ള എഴുത്തുകളോട് നല്ല രീതിയിൽ പ്രതികരിച്ച മുസ്‌ലിം സംഘടനകളിൽ പ്രധാനപ്പെട്ടവ വേൾഡ് അസ്സെംബ്ലി ഓഫ് മുസ്‌ലിം യൂത്ത്, ബീഗം ആയിഷ ബവാനി വഖ്ഫ് എന്നിവയായിരുന്നു. അവർ അയച്ചു തന്നെ ലഘുലേഖകളും സീൽ ഉപയോഗിച്ച് സൗണ്ട് ഓഫ് ട്രൂത്തിന്റെ വിലാസം കൂടി പതിച്ച് ഇംഗ്ലീഷ് അറിയുന്നവർക്കിടയിൽ വിതരണം ചെയ്തു. ഐപിസിഐ യുടെ ചില കാർട്ടൂൺ ലഘുലേഖകളിലെ സംഭാഷണഭാഗം മാത്രം മലയാളത്തത്തിലാക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതായിരുന്നു മറ്റൊരു പ്രവർത്തനം. സംഭാഷണഭാഗത്ത് മാത്രം കടലാസിൽ മലയാളപരിഭാഷ എഴുതി ഒട്ടിച്ച് ഫോട്ടോ സ്റ്റാറ്റ് എടുത്താൽ മലയാളം ലഘുലേഖയാണെന്നേ തോന്നൂ. അത്യാവശ്യം നല്ല കൈയെഴുത്തായതിനാൽ വൃത്തിയായിത്തന്നെ ഇക്കാര്യം നിർവ്വഹിക്കാൻ കഴിഞ്ഞത് വലിയ ആത്മസംതൃപ്തി നൽകി.

അഹ്‌മദ്‌ ദീദാത്തിന്റെ ഇസ്‌ലാമിക് പ്രൊപഗേഷൻ സെന്റർ ഇന്റർനാഷണലുമായുള്ള എഴുത്തുബന്ധം സജീവമായത് സൗണ്ട് ഓഫ് ട്രൂത്തിന് കീഴിലുള്ള പ്രവർത്തനങ്ങൾക്കെല്ലാം വലിയ ആവേശമായിത്തീർന്നു. ദക്ഷിണാഫ്രിക്കയിലെ ദർബനിലും പരിസരങ്ങളിലും നടക്കുന്ന പ്രബോധനപ്രവർത്തനങ്ങളെക്കുറിച്ച അറിവ് ആ രംഗത്ത് കൂടുതൽ പ്രവർത്തിക്കണമെന്ന പ്രചോദനമുണ്ടാക്കി. ആയിടയ്ക്കാണ് ദീദാത്തിന്റെയും സഹപ്രഭാഷകരുടെയും പ്രഭാഷങ്ങങ്ങളുടെ ഓഡിയോ കാസറ്റുകളുടെ വലിയൊരു ശേഖരം അവർ അയച്ചു തന്നത്. ആ കാസറ്റുകൾ ഉപയോഗിച്ച് ഇസ്‌ലാമിക് ലൈബ്രറിയിൽ തന്നെ സൗണ്ട് ഓഫ് ട്രൂത്തിന്റെ കേസറ്റ് ലൈബ്രറിയുണ്ടാക്കുകയാണ് ചെയ്‌തത്‌. ലൈബ്രറിയുടെ പ്രധാനപ്പെട്ട ഗുണഭോക്താവ് ഞാൻ തന്നെയായിരുന്നു. ദീദാത്തിന്റെ ഓരോ പ്രഭാഷണങ്ങളും പ്രബോധനപ്രവർത്തനങ്ങൾക്കുള്ള ആവേശം നൽകി. Da’wah or Destruction എന്ന പ്രഭാഷണം കേട്ടതോടെ ആ രംഗത്ത് എന്തെങ്കിലും കാര്യമായി ചെയ്യാതിരിക്കാൻ കഴിയില്ലെന്നായി. അല്ലാഹു മുസ്‌ലിം ഉമ്മത്തിനെയേൽപ്പിച്ച ഇസ്‌ലാമിക പ്രബോധനമെന്ന ദൗത്യം നിർവ്വഹിച്ചിട്ടില്ലെങ്കിൽ ഉത്തമസമുദായം എന്ന് ഖുർആൻ വിളിച്ച സമുദായത്തിന്റെ നാശത്തിനാണ് നിമിത്തമാവുകയെന്ന് സമർത്ഥിക്കുന്നതായിരുന്നു ആ പ്രഭാഷണം. മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് ഇസ്‌ലാമികപ്രബോധനരംഗത്തേക്ക് വന്നതെങ്കിലും മുസ്‌ലിംകളല്ലാത്തവർക്കിടയിലുള്ള പ്രബോധനത്തിന് മാത്രമായി കൂട്ടായ്മയുണ്ടാക്കുവാനുള്ള പ്രചോദനവും ആവേശവും ഊർജ്ജവും നൽകിയത് അഹമ്മദ് ദീദാത്തിന്റെ പുസ്തകങ്ങളും പ്രസംഗങ്ങളുമായിരുന്നു.

ദീദാത്തിന്റെ പ്രഭാഷങ്ങളെല്ലാം ആവേശം നൽകുന്നവയായിരുന്നുവെങ്കിലും അവയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അവരുടെ യുവപ്രഭാഷകനായിരുന്ന അഡ്വ: യൂസഫ് ബുക്കസിന്റെ പ്രസംഗമായിരുന്നു. അദ്ദേഹത്തിന്റെ Is the Bible God’s word എന്ന പ്രസംഗം എത്രയോ തവണ കേട്ടിട്ടുണ്ട്. ചടുലമായ ഇംഗ്ലീഷ് ഭാഷയിൽ ഒരു നിയമവിശാരദന്റെ പാടവത്തോടെ ബൈബിളിന്റെ ദൈവികതയെ ചോദ്യം ചെയ്യുന്നതാണ് പ്രസംഗം. ആ ഒരു പ്രസംഗമല്ലാതെ അദ്ദേഹത്തിന്റെ മറ്റ് പ്രഭാഷണങ്ങളൊന്നും ഞാൻ കേട്ടിട്ടില്ല. വീഡിയോ കേസറ്റുകൾ പ്രചാരത്തിലാകുന്നതിന് മുമ്പായതിനാൽ ആ പ്രസംഗത്തിന്റെ വീഡിയോ ഐപിസിഐ പുറത്തിറക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഞാൻ അദ്ദേഹത്തെ നേരിട്ടോ അല്ലാതെയോ ഫോട്ടോയിലൂടെയോ ഒന്നും കണ്ടിട്ടില്ല. എന്നാൽ, ആരുടെയെങ്കിലും പ്രസംഗം കേട്ടിട്ട് അതേപോലെ പ്രഭാഷണം നടത്തണമെന്ന ആഗ്രഹമുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത യൂസുഫ് ബുക്കസിന്റെ പ്രസംഗം കേട്ടപ്പോൾ അങ്ങനെ ആഗ്രഹിച്ചിട്ടുണ്ടെന്നാണ് മറുപടി പറയുക. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ പോലും എന്റെ തലച്ചോറിൽ മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് കേട്ട ആ പ്രസംഗത്തന്റെ ആന്ദോളനങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അത്രയ്ക്കും ഉജ്ജ്വലമായിരുന്നു ആ പ്രഭാഷണം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Barakallah alaika

    Shihabudeen Thangal 09.10.2023

Leave a comment

Your email address will not be published.