ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -4

//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -4
//ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -4
ആനുകാലികം

ശിർക്ക് എന്തുകൊണ്ട് ഏറ്റവും വലിയ പാപമായി ?! -4

ധാർമ്മിക- മത പ്രതിബദ്ധത ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ നന്നെ കുറഞ്ഞ് വരുമ്പോഴും, ലോകത്ത് ഏറ്റവും ധാർമ്മിക- മത പ്രതിബദ്ധതയും ആത്മാർത്ഥതയും പുലർത്തുന്നത് മുസ്‌ലിംകളാണ്.

ഗാലപ്പ് വേൾഡ് പോൾ അടിസ്ഥാനപ്പെടുത്തി ജോൺ എൽ എസ്പോസിറ്റോ, രചിച്ച WHO SPEAKS for ISLAM? WHAT A BILLION MUSLIMS REALLY THINK എന്ന ഗ്രന്ഥത്തിലെ ചില വരികൾ ശ്രദ്ധിക്കുക:

“2001-ലെയും 2005-2007-ലെയും ഗ്യാലപ്പ് പോൾ പ്രകാരം, മുസ്‌ലിം ജനസംഖ്യ ഗണ്യമായൊ കൂടുതലോ ഉള്ള രാജ്യങ്ങളിൽ, പല രാജ്യങ്ങളിലെയും ഭൂരിപക്ഷം (90% പരിധിയിൽ വരെ) മതം തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നു.

“സമ്പുഷ്ടമായ മത/ആത്മീയ ജീവിതം” എന്നത് ജീവിതത്തിന്റെ അനിവാര്യമായ ഒരു വശമായി, അഭാവത്തിൽ ഒരാൾക്ക് ജീവിക്കാൻ കഴിയാത്ത അനിവാര്യതയായി ഗണ്യമായ ശതമാനം കണക്കാക്കുന്നു. ഇസ്‌ലാമിക ലോകത്തെക്കുറിച്ച് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ -തുർക്കി, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ വൈവിധ്യമുൾകൊള്ളുന്ന രാജ്യങ്ങളിലെ ജനസംഖ്യയുടെ ഗണ്യമായ ശതമാനത്തിൽ നിന്നുള്ള – ഒന്നാം നമ്പർ പ്രതികരണം “ഇസ്‌ലാമിനോടുള്ള ആളുകളുടെ ആത്മാർത്ഥമായ പ്രതിബദ്ധതയാണ്…” എന്നതായിരുന്നു.

“നിങ്ങൾ പ്രാധാനപ്പെട്ടതായി കരുതുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഉണ്ടോ ഇല്ലയോ?” എന്ന് ചോദിക്കപ്പെട്ടപ്പോൾ, ഭൂരിഭാഗം മുസ്‌ലിം രാജ്യങ്ങളിലെയും ഭൂരിപക്ഷം “അതെ” എന്ന് പറയുകയുണ്ടായി: ജോർദാൻ (96%), സൗദി അറേബ്യ (95%), തുർക്കി (90%), ഈജിപ്ത് (87%).

ഇതേ ചോദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് (54%), യുണൈറ്റഡ് കിംഗ്ഡം (36%), ഫ്രാൻസ് (20%), ബെൽജിയം (23%) തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ, (അധികവും ക്രിസ്ത്യൻ വിശ്വാസികളുള്ള ഓഡിയൻസിനോട്) ഇതേ ചോദ്യത്തിന് “അതെ” എന്ന് ഉത്തരം നൽകുന്നവരുടെ ശതമാനവുമായി ഇത് വളരെ കുറവാണ്.

മുസ്‌ലിങ്ങളുടെ ഒരു ദിവസം അഞ്ച് നേരത്തെ (നമസ്കരിക്കുന്ന) പ്രാർത്ഥനയുടെ അമിത ആവൃത്തിയിൽ പല പാശ്ചാത്യരും സ്തംഭിക്കുന്നു. “ദിവസത്തിൽ അഞ്ച് പ്രാവശ്യം പ്രാർത്ഥന എന്നത് വളരെ അധികമായിട്ടാണ് തോന്നുന്നത്,” മുസ്‌ലിം രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്ന ഒരു അമേരിക്കൻ വ്യവസായി അടുത്തിടെ നടന്ന ഒരു വർക്ക്ഷോപ്പിൽ തുറന്നു സമ്മതിച്ചു.

ഗാലപ്പ് ഗവേഷണം ലോകമെമ്പാടും സമാനമായ വികാരം കണ്ടെത്തി. മുസ്‌ലിംകൾ പ്രാർത്ഥിക്കുന്നത് അത് ഒരു മതപരമായ ബാധ്യതയായതിനാൽ മാത്രമല്ല, അത് അവർക്ക് ദൈവത്തോട് കൂടുതൽ അടുപ്പം തോന്നുന്നതിനാലാണ്. 2001-ലെ ഗാലപ്പ് പോളിൽ, ഏഴ് മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് പ്രതികരിച്ചവരിൽ ഭൂരിഭാഗവും തങ്ങളുടെ വ്യക്തിപരമായ ആശങ്കകളെ ശമിപ്പിക്കുന്നതിന് പ്രാർത്ഥന വളരെയധികം സഹായിക്കുന്നുവെന്ന് സൂചിപ്പിച്ചു. ഈ ആറ് രാജ്യങ്ങളിൽ നിന്ന് പ്രതികരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും അഞ്ച് നേരത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ് (മൊറോക്കോ: 83%; പാകിസ്ഥാൻ: 79%; കുവൈറ്റ്: 74%; ഇന്തോനേഷ്യ: 69-96%, ലെബനാൻ: 68%; ഇറാൻ: 68% )…

(WHO SPEAKS for ISLAM? WHAT A BILLION MUSLIMS REALLY THINK.
Based on Gallup’s World Poll- the largest study of its kind: JOHN L. ESPOSITO & DALIA MOGAHED)

വാഷിംഗ്ടൻ പോസ്റ്റ് ഗാലപ്പ് പോൾ ഉദ്ധരിച്ചു കൊണ്ട് ഇപ്രകാരം എഴുതി:

“അമേരിക്കയിൽ ക്രിസ്തുമതം അതിവേഗം കുറയുകയാണ്, അതേ സമയം മതപരമായി ബന്ധമില്ലാത്ത അമേരിക്കക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1980-കളുടെ മധ്യത്തിൽ 66 ശതമാനത്തിൽ നിന്ന് 2019-ൽ 36 ശതമാനമായി, “സംഘടിത മതത്തിൽ” വിശ്വാസത്തിൽ മൂന്ന് പതിറ്റാണ്ടിന്റെ വൻ ഇടിവ് സംഭവിച്ചതായി ഗാലപ്പ് പോളുകൾ കണ്ടെത്തി. ലൈംഗിക പീഢന വിവാദങ്ങളുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഒന്നിലധികം സർവേകളിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിച്ഛായ കുറഞ്ഞതായും ഗാലപ്പ് പോളുകൾ വ്യക്തമാക്കുന്നു.”

(https://www.washingtonpost.com/religion/2019/11/15/christianity-is-declining-rapid-pace-americans-still-hold-positive-views-about-religions-role-society/)

ഇതിനെല്ലാം കാരണം, തെറ്റായ ദൈവ സങ്കൽപ്പങ്ങളാണ് എന്നതിൽ സംശയമില്ല. മനുഷ്യവൽക്കരിക്കപ്പെട്ട ദൈവങ്ങളും ദൈവവൽക്കരിക്കപ്പെട്ട മനുഷ്യരും.

ഇനി ദൈവം നുണ പറയുക കൂടി ചെയ്യുമെന്ന് ഒരാൾ വിശ്വസിച്ചാലൊ?! കളവ് ഒരു മനുഷ്യ ദുർബലതയാണ്. ദൈവത്തെ സൃഷ്ടിവൽക്കരിക്കുക (ശിർക്ക്) വഴി ഒരാൾ കളവ് പറയുന്ന സ്വഭാവം ദൈവത്തിന് സങ്കൽപ്പിച്ചാൽ ദൈവം പറയുന്നത് എതാണ് കളവ്, ഏതാണ് സത്യം എന്ന് എങ്ങനെ ഭക്തൻ വേർതിരിക്കും?! ദൈവകൽപ്പനകളിലെല്ലാം സംശയത്തിന്റെ നിഴൽ പതിയുന്നു. ദൈവകൽപ്പനകൾക്കുള്ള പവിത്രത മനസ്സിൽ നിന്നും നഷ്ടപ്പെടുന്നു. ഇനി വല്ല ആദരവും ദൈവശാസനകളോട് ഉണ്ടെങ്കിൽ തന്നെ അതിൽ ഉറപ്പില്ലാതെ തോന്നിയത് സ്വീകരിക്കുന്ന പ്രവണതയും കപട വിശ്വാസവും നിലവിൽ വരുന്നു.

അപ്പോൾ ദൈവം നുണ പറയുന്നത് ധർമ്മ-അധർമ്മങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണെങ്കിലൊ ?!
ബൈബിൾ ഉൽപ്പത്തി പുസ്തകം ഒന്ന് വായിച്ചു നോക്കൂ:
സ്വർഗസ്ഥരായ മനുഷ്യരോട്, ഒരു പ്രത്യേക മരത്തിലെ പഴം ഭക്ഷിക്കരുതെന്ന് ദൈവം കൽപ്പിക്കുന്നു, കാരണം പറയുന്നത്…
“എന്നാൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.”
(ഉൽപ്പത്തി:2: 17)

എന്നാൽ പിശാച് മനുഷ്യരോട് ഇപ്രകാരവും പറഞ്ഞു:
“…നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും…”
(ഉൽപ്പത്തി:3:4,5)

എന്നിട്ട് ആ പഴം മനുഷ്യർ തിന്നപ്പോൾ എന്ത് സംഭവിച്ചു?!

“ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു… മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ (ദൈവം) ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു…”
(ഉൽപ്പത്തി:3:7,22)

ഇവിടെ ധാർമ്മികതയും ധർമ്മബോധവുമായി ബന്ധപ്പെട്ട് ദൈവം നുണ പറയുകയും പിശാച് സത്യം പറയുകയുമാണ് ചെയ്തിരിക്കുന്നത് എന്നാണല്ലൊ കാണുന്നത്. എങ്കിൽ ധാർമ്മികതയുമായി ബന്ധപ്പെട്ട ദൈവകൽപ്പനകളെല്ലാം സംശയാസ്പദമാണ് എന്ന് വരുന്നു. ഉൽപ്പത്തി മുതൽ, മനുഷ്യന് നല്ലതായ ഒരു കാര്യം (ധർമ്മബോധം) തിന്മയായി (മരണം) പരിചയപ്പെടുത്തിയ ദൈവത്തിന്റെ കൽപ്പനകൾ, ധാർമ്മിക മാർഗദർശനങ്ങൾ അസംതൃപ്തിയും അസമാധാനവുമല്ലെ മനുഷ്യനിൽ ഉണ്ടാക്കുക ?!.

ശിർക്ക് ഭിന്നിപ്പിന്റെ മൂലസ്രോതസ്സ്

മുഹമ്മദ് നബി (സ) പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്, നിങ്ങളുടെ പിതാവും (ആദം (അ)) ഒന്നാണ്. അറബിക്ക് അനറബിയേക്കാൾ ശ്രേഷ്ടതയില്ല. അനറബിക്ക് അറബിയേക്കാളും ശ്രേഷ്ടതയില്ല. വെളുത്തവന് കറുത്തവനേക്കാൾ ശ്രേഷ്ടതയില്ല. കറുത്തവന് വെളുത്തവനേക്കാളും ശ്രേഷ്ടതയില്ല; ശ്രേഷ്ടതയുടെ മാനദണ്ഡം ധർമ്മനിഷ്ടയാണ്.”
(മുസ്നദു അഹ്മദ്: 23489)

ഈ ഹദീസിനെ കുറിച്ച് ഇസ്‌ലാമിക് സ്റ്റഡീസിലെ അമുസ്‌ലിം പ്രൊഫസറായ, ഡോ. ക്രെയ്ഗ് കോൺസിഡൈൻ, ഇപ്രകാരം അത്ഭുതം കൂറുന്നു:
“വംശീയ സമത്വത്തിന് വേണ്ടി വ്യക്തമായി വാദിക്കുന്ന ഏതൊരു ചരിത്ര വ്യക്തിത്വത്തിനും അവലംബിക്കാനുള്ള സമത്വത്തിന്റെ ആദ്യ രേഖയാണിത്”
(“Who is the First Anti-Racist?| Dr. Craig Considine” Emir-Stein Center, YouTube video, June 18, 2019, https://www.youtube.com/watch?v=hTwft2KX9xE)

വംശം, വർണം, ദേശം, ഭാഷ തുടങ്ങിയ ഭൗതികമായ വൈജാത്യങ്ങളെയെല്ലാം തൃണവൽഗണിച്ച് മനുഷ്യരെല്ലാം ഒന്നിക്കാനുള്ള ഒരു ആത്മീയ ഛത്രമാണ് തൗഹീദ്. വൈജാത്യങ്ങളുടെ വിലാസങ്ങൾക്കപ്പുറം മനുഷ്യരെല്ലാം ഒരൊറ്റ ദൈവത്തിന്റെ സൃഷ്ടികളാണെന്നും നമ്മുടെയെല്ലാം ആദിപിതാവ് ഒരാൾ തന്നെയാണെന്നുമുള്ള തിരിച്ചറിവ് മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കുന്ന ആദർശമാണ്.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു…”
(ക്വുർആൻ: 49:13)

തൗഹീദിൽ നിന്നുള്ള മാർഗ ഭ്രംശമാണ് ഭിന്നിപ്പുകളുടെയെല്ലാം മൂല സ്രോതസ്സ്. മുസ്‌ലിംകൾക്കിടയിൽ കാലന്തരങ്ങളിൽ ഉടലെടുത്ത കക്ഷിത്വത്തിന്, തൽപര കക്ഷികൾ ചൂഷണോപാധിയായി സ്വീകരിച്ചത് തൗഹീദും ശിർക്കുമായും ബന്ധപ്പെട്ട അഭിപ്രായാന്തരങ്ങളെയാണ്. സ്വാർത്ഥ താൽപര്യങ്ങളും കുത്സിത അജണ്ടകളും വെടിഞ്ഞ്, മനുഷ്യർക്ക് ഒന്നിക്കാൻ മനസ്സുണ്ടെങ്കിൽ അതിന് യുക്തി ദീക്ഷിതമായ, വസ്തുനിഷ്ഠമായ ഏറ്റവും മികച്ച കാരണം തൗഹീദാണ്. അതിന് കടക വിരുദ്ധമാണ് ശിർക്ക്.

print

No comments yet.

Leave a comment

Your email address will not be published.