ശവഭോഗം: കർമ്മശാസ്ത്ര വിധികളെന്തിന് !?

//ശവഭോഗം: കർമ്മശാസ്ത്ര വിധികളെന്തിന് !?
//ശവഭോഗം: കർമ്മശാസ്ത്ര വിധികളെന്തിന് !?
ആനുകാലികം

ശവഭോഗം: കർമ്മശാസ്ത്ര വിധികളെന്തിന് !?

ചോദ്യം:

ഭോഗിക്കപ്പെട്ട ശവത്തെ ചൊല്ലിയുള്ള ചർച്ചകൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. ഇത് ശവഭോഗത്തിനുള്ള അനുവാദമല്ലേ?

അതെങ്ങനെ അനുവാദമാകും?! ശവഭോഗം നിഷിദ്ധമാണെന്ന് കർമ്മശാസ്ത്രം പഠിപ്പിക്കുന്നു. അതിനുള്ള ശിക്ഷ സന്ദർഭോചിതം വിധിക്കാൻ കോടതിയെ ചുമതലപ്പെടുത്തുന്നു. വധശിക്ഷ വരെ ആകാമെന്ന് ഇമാമുകൾ പറയുന്നു. എന്നിരിക്കേ, കർമ്മശാസ്ത്ര കൃതികളിൽ നിന്നും ശവഭോഗത്തിനു അനുവാദം കണ്ടുപിടിക്കുവാൻ സാധിക്കുന്നതെങ്ങനെ?!

കർമ്മശാസ്ത്രത്തിൽ, അനുവാദമുള്ള കാര്യങ്ങൾ മാത്രമല്ല ചർച്ചചെയ്യുക; നിഷിദ്ധങ്ങൾ ചെയ്തുപോയാൽ തുടർന്നുള്ള നടപടികൾ കൂടി ചർച്ചചെയ്യുന്നുണ്ട്. മനുഷ്യ ചരിത്രം മുന്നോട്ടുപോകുന്തോറും അവർക്കിടയിൽ കാണപ്പെടുന്ന എല്ലാ സംഗതികളും കർമ്മശാസ്ത്രം അതിന്റെ നിയമക്കണ്ണുകളോടെ നോക്കിക്കാണും. സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളും വിഷയീഭവിക്കും. നേരത്തെ വിധി പറയപ്പെട്ട കാര്യങ്ങളോട് താരതമ്യം ചെയ്‌തും അടിസ്ഥാന പരിഗണനകൾ താലോലിച്ചും പുതിയ സംഭവവികാസങ്ങളെ വിധിക്കും. ശവഭോഗം പ്രവാചക കാലത്തും അവിടുത്തെ ശിഷ്യന്മാരുടെ കാലത്തും കോടതിയിൽ എത്താത്തതിനാൽ തന്നെ, അതുസംബന്ധമായ നിലപാട് കാലാന്തരത്തിൽ രൂപം കൊണ്ടതാണ്. വിവിധ നിയമ നിർദ്ധാരണ രീതിശാസ്ത്രം (മദ്ഹബ്) അനുസരിച്ച് എത്തുന്ന നിഗമനങ്ങളിൽ സ്വാഭാവികമായും ഭിന്നതകൾ ഉണ്ടാകും. അതൊന്നും അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാകില്ല. ഉദാ. ശവഭോഗം, മൃഗരതി തുടങ്ങിയ ‘ലൈംഗിക അതിക്രമങ്ങൾ’ നിഷിദ്ധമാണെന്നു എല്ലാവരും പ്രഖ്യാപിക്കുന്നു. അനുബന്ധ നിയമങ്ങൾ ഒരുപക്ഷെ ഭിന്നമായിരിക്കാമെങ്കിലും. മൃഗരതിക്കാരന് നിർണിത ഹദ്ദ് ഉണ്ടെന്നും സാഹചര്യത്തിനനുസരിച്ചുള്ള ശിക്ഷണ വഴിയേ ഉള്ളൂവെന്നും അവർക്കിടയിൽ ഭിന്നസ്വരങ്ങളുണ്ട്.

വിമർശന വിധേയമായ കർമ്മശാസ്ത്ര പരാമർശങ്ങൾ പരിശോധിക്കാം.

ഈജിപ്തിലെ പ്രമുഖ ശാഫിഈ പണ്ഡിതനും കൊച്ചു ശാഫിഈ എന്ന അപരനാമത്തിൽ അറിയപ്പെട്ട മഹാജ്ഞാനിയുമായ ശംസുദ്ധീൻ അർറംലി (919 /1513 – 1004 /1596 ) യുടെ നിഹായത്തുൽ മുഹ്താജ് ഇങ്ങനെ പറയുന്നു: وَلَا يُعَادُ غُسْلُ الْمَيِّتِ إذَا أُولِجَ فِيهِ أَوْ اسْتُولِجَ ذَكَرُهُ لِسُقُوطِ تَكْلِيفِهِ كَالْبَهِيمَةِ، وَإِنَّمَا وَجَبَ غُسْلُهُ بِالْمَوْتِ تَنْظِيفًا وَإِكْرَامًا لَهُ، وَلَا يَجِبُ بِوَطْءِ الْمَيِّتَةِ حَدٌّ كَمَا سَيَأْتِي وَلَا مَهْرٌ، = മയ്യിത്തിന്റെ ഗുഹ്യ ഭാഗത്ത് ലിംഗം പ്രവേശിപ്പിക്കുകയോ, മയ്യിത്തിന്റെ ലിംഗമെടുത്ത് യോനിയിൽ പ്രവേശിപ്പിക്കുകയോ ചെയ്താൽ, ആ മയ്യിത്തിനെ വീണ്ടും കുളിപ്പിക്കേണ്ടതില്ല. മരണപ്പെടുന്നതോടെ വ്യക്തിയുടെ മേലുള്ള മതശാസന ഒഴിവാകുന്നു എന്നതാണ് കാരണം. മതശാസനയുടെ കാര്യത്തിൽ മൃഗങ്ങൾക്കു സമമാണ് മയ്യിത്ത്. (അപ്പോൾ ഒരു സംശയം: അങ്ങനെയെങ്കിൽ മയ്യിത്തിനെ കുളിപ്പിക്കണം എന്ന് പറയുന്നതോ? അതിനുള്ള മറുപടിയിതാണ്:) മരണപ്പെട്ടാൽ കുളി നിർബന്ധമാകുന്നത് വൃത്തിയാക്കുക+ മയ്യിത്തിനെ ആദരിക്കുക എന്ന നിലക്ക് മാത്രമാണ്(അശുദ്ധി നീക്കാനുള്ള കുളിയല്ല). മയ്യിത്തിനെ ഭോഗിച്ച വ്യക്തിക്ക് നിർണിതമായ ശരീരശിക്ഷ നിർബന്ധമില്ല. ആ വിഷയം വഴിയേ വരുന്നുണ്ട്. മയ്യിത്തിന്റെ ബന്ധുവിന് മഹ്ർ നൽകേണ്ട ബാധ്യതയുമില്ല”. ശാഫിഈ ഗ്രന്ഥങ്ങളിലെല്ലാം ഈ ആശയം രേഖപ്പെടുത്തിയിട്ടുണ്ട്.

ഭോഗിക്കപ്പെട്ട ശവത്തെ എടുത്ത് വീണ്ടും കുളിപ്പിക്കാൻ മതം നിർദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യം ഇല്ലെന്നതാണ് കാര്യം. ജീവിച്ചിരിക്കുന്നവർ ഭോഗാനന്തരം കുളിച്ചു ശുദ്ധിയാകുവാൻ കല്പിക്കുന്നത്, ആരാധനാ കാര്യങ്ങളിൽ ഏർപ്പെടാനുള്ള അവസരം അവശേഷിക്കുന്നത് കൊണ്ടാണ്. മരണപ്പെട്ടവരെ കുളിപ്പിക്കാൻ ഇസ്‌ലാം കല്പിച്ചത്, മരണത്തോടെ മനുഷ്യശരീരം അശുദ്ധമായി എന്ന സങ്കല്പത്തിലല്ല. ബഹുമാനപൂർവ്വം വൃത്തിയോടെ അന്ത്യയാത്ര നടത്തുക എന്ന നിലക്കാണ്. ഇസ്‌ലാമിലെ ശുദ്ധിയും വൃത്തിയും തമ്മിലുള്ള അന്തരം ആദ്യം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ, ജീവിച്ചിരിക്കുന്നവർ കുളിച്ചു ശുദ്ധിയാകുന്ന പോലെ, ഭോഗിക്കപ്പെട്ട മൃതശരീരം കുളിക്കേണ്ടതില്ല എന്ന കാര്യമാണ് കർമ്മശാസ്ത്രം പറയുന്നത്. അതേസമയം, ഭോഗിച്ചവൻ കുളിച്ചു ശുദ്ധിയാകണം. അതിനർത്ഥം, ശവത്തെ ഭോഗിക്കാൻ അനുവാദം നല്കിയെന്നല്ല. അങ്ങനെയൊരു രോഗാതുര മാനസികാവസ്ഥ ഒരാളിൽ ഉണ്ടായാൽ, സാഹചര്യം മനസ്സിലാക്കി കോടതി അയാളെ താക്കീതുചെയ്തു ജീവിക്കാൻ വിട്ടാൽ, ആരാധനാ കർമ്മങ്ങളിൽ ഏർപ്പെടേണ്ട വ്യക്തി ആയതിനാൽ അയാൾ ശുദ്ധിവരുത്തണം എന്ന് കർമ്മശാസ്ത്രം പറയും. ഇനി വധശിക്ഷ വിധിച്ചാലും അശുദ്ധിയോടെ അയാളുടെ അന്ത്യം സംഭവിക്കരുത്.

പ്രമുഖ ഹമ്പലി വക്താവ് ഇബ്നു ഖുദാമയുടെ ‘അൽ കാഫി’ യിലെ വരികളാണ് മറ്റൊന്ന്. അദ്ദേഹം രേഖപ്പെടുത്തുന്നു: “ولو غيب الحشفة في دبر إمرأة أو دبر رجل أو فرج بهيمة أو دبرها وجب الغسل سواء كان المولج فيه حيا أو ميتا، صغيرا او كبيرا”= പുരുഷന്റെ ലിംഗമകുടം സ്ത്രീയുടെയോ പുരുഷന്റെയോ ഗുദത്തിൽ, അല്ലെങ്കിൽ മൃഗത്തിന്റെ യോനിയിലോ ഗുദത്തിലോ പ്രവേശിച്ചു മറഞ്ഞാൽ, അയാൾ കുളിച്ചു ശുദ്ധി വരുത്തേണ്ടത് നിർബന്ധമാണ്. പ്രവേശിപ്പിക്കപ്പെട്ടത് ജീവനുള്ളതോ മൃതശരീരമോ കുട്ടിയോ വലിയവരോ ആയാലും ശരി”.

ഇതിലും വിമർശിക്കപ്പെടാൻ പ്രത്യേകിച്ചൊന്നുമില്ല. ശവഭോഗമോ മൃഗഭോഗമോ ബാലഭോഗമോ അനുവദിക്കുന്ന പ്രസ്താവനയല്ല ഇത്. അവയെല്ലാം നിഷിദ്ധമെന്നു ഇതേ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം, അങ്ങനെ ഒരാൾ ചെയ്താൽ, അയാൾ കുളിച്ചു ശുദ്ധി ആർജ്ജിക്കണം എന്നാണു കർമ്മശാസ്ത്രം പഠിപ്പിക്കുന്നത്. തെറ്റിനെ തെറ്റായി കാണുന്നതോടൊപ്പം, വ്യക്തിയെ സകലവിധത്തിലും വ്യക്തിയായി കണ്ട്, അയാളുടെ ആത്മീയ വിജയത്തിനുള്ള മതനിർദ്ദേശങ്ങൾ പഠിപ്പിക്കുകയാണ് കർമ്മശാസ്ത്രം. തെറ്റുസംഭവിക്കുന്ന മനുഷ്യനെ പിന്നെ മനുഷ്യനായും വ്യക്തിയായും ഒട്ടും കാണാത്ത അമാനവിക നിലപാടല്ല കർമ്മശാസ്ത്രം പുലർത്തുന്നത്.

കർമ്മശാസ്ത്രത്തിന്റെ ഭാഷയും വികാരവും പരിഗണനകളും മനസ്സിലാകാത്തതുകൊണ്ടായിരിക്കണം, വിമർശനത്തിന് വിധേയമായ മറ്റൊരു പരാമർശം ഇതാണ്; പ്രമുഖ ഹമ്പലി പണ്ഡിതനും ഡമാസ്കസിലെ മുഫ്തിയുമായിരുന്ന മുസ്ത്വഫാ സുയൂഥി റുഹൈബാനി(1747 – 1827 ) യുടെ ‘മത്വാലിബു ഉലിന്നുഹാ’ യിലെ വരികൾ:

(وَيَجِبُ)

مَهْرٌ (بِوَطْءِ مَيِّتَةٍ) كَالْحَيَّةِ (وَيَتَّجِهُ) مَحَلُّ وُجُوبِ الْمَهْرِ فِي وَطْءِ مَيِّتَةٍ إذَا كَانَتْ (غَيْرَ زَوْجَتِهِ) أَمَّا زَوْجَتُهُ؛ فَلَا شَيْءَ عَلَيْهِ فِي وَطْئِهَا حَيَّةً وَمَيِّتَةً لِأَنَّ مُقْتَضَى تَصْرِيحِ الْأَصْحَابِ بِأَنَّ لَهُ تَغْسِيلُهَا؛ لِأَنَّ بَعْضَ عُلَقِ النِّكَاحِ بَاقٍ، وَأَنَّهَا لَيْسَتْ كَالْأَجْنَبِيَّةِ مِنْ كُلِّ الْوُجُوهِ، وَأَنَّهُ لَا يَجِبُ بِوَطْئِهَا مَيِّتَةً مَعَ مَا يَجِبُ بِوَطْءِ غَيْرِهَا.
قَالَ الْقَاضِي فِي جَوَابِ مَسْأَلَةٍ: وَوَطْءُ الْمَيِّتَةِ مُحَرَّمٌ وَلَا حَدَّ وَلَا مَهْرَ انْتَهَى

= മൃതശരീരത്തെ ഭോഗിച്ചാൽ മഹ്ർ നൽകണം; ജീവനുള്ള സമയത്ത് ഭോഗിച്ചാലെന്നപോലെ. തന്റെ ഇണയുടെ മൃതശരീരം അല്ലെങ്കിലാണിത് ബാധകമാവുക. ജീവിച്ചിരിക്കുമ്പോഴും മരണപ്പെട്ട ശേഷവും ഇണയെ ഭോഗിച്ചാൽ പ്രത്യേക ‘നഷ്ടപരിഹാരം’ നൽകേണ്ട ബാധ്യത ഭർത്താവിനില്ല. ഹമ്പലി വക്താക്കൾ ഇതുസംബന്ധമായി പുറപ്പെടുവിച്ച പ്രസ്താവനപ്രകാരം, ഭാര്യയുടെ മൃതശരീരത്തെ ഭോഗിച്ചവൻ അവളെ കുളിപ്പിക്കാൻ ബാധ്യസ്ഥനാണ്. മരണപ്പെടുന്നതോടെ വിവാഹബന്ധം പൂർണ്ണമായും അവസാനിക്കുന്നില്ല എന്നതാണ് കാരണം. മരണപ്പെട്ട ഭാര്യ എല്ലാ അർത്ഥത്തിലും അന്യസ്ത്രീ ആകില്ലല്ലോ. അതിനാൽ, അന്യസ്ത്രീയുടെ മൃതശരീരം ഭോഗിച്ചാൽ ഉണ്ടാകുന്ന ബാധ്യത സ്വന്തം ഇണയുടെ മൃതശരീരം ഭോഗിച്ചവന് വരുന്നില്ല. ഒരു പ്രശ്നത്തിനുള്ള മറുപടിയിൽ ഖാദി (അബൂ യഅലാ അൽ ബാഗ്ദാദി 380 – 458) പറഞ്ഞു: ശവത്തെ ഭോഗിക്കൽ നിഷിദ്ധമാകുന്നു; അതിനു ഹദ്ദില്ല; മഹ്റും ഇല്ല”.

ശാഫിഈ കർമ്മധാരയുമായി ഹമ്പലികൾ വ്യത്യാസപ്പെടുന്ന ഒരിടമാണിത്. ഒരാൾ സ്ത്രീ മൃതശരീരത്തെ ഭോഗിച്ചാൽ അവരുടെ രക്ഷാധികാരിക്ക് മഹ്ർ നൽകണമോ വേണ്ടയോ? മൃതശരീരത്തിന്റെ രക്ഷിതാക്കൾ ‘നഷ്ടപരിഹാരം’ ആവശ്യപ്പെട്ടാൽ നൽകണോ വേണ്ടേ? ശാഫിഈകൾ പറയും: ‘നഷ്ടപരിഹാരം ഇല്ല’. ഒന്നാമത്തെ ഉദ്ധരണിയിൽ നാമത് വായിച്ചു. ശാഫിഈകളുടെ ഭാഷയിൽ മഹ്ർ എന്നാൽ مَا وَجَبَ بِنِكَاحٍ أَوْ وَطْءٍ أَوْ تَفْوِيتِ بُضْعٍ قَهْرًا ആകുന്നു.
അർത്ഥം: ശരിയായ നികാഹ് ചെയ്താലോ, ബലാൽക്കാരമായോ ആളുമാറിയോ സംഗം ചെയ്താലോ, വിവാഹാനന്തരം നികാഹ് നിയമസാധുതയില്ലാത്തതാണെന്നു തെളിഞ്ഞാലോ സ്ത്രീക്ക് അവകാശപ്പെട്ടതാണ് മഹ്ർ. ഈ നിർവ്വചന പ്രകാരം, ഒരന്യ സ്ത്രീയുടെ മൃതശരീരം ഭോഗിച്ചാൽ, അതിൽ സമ്മതമോ വിസമ്മതമോ ഇല്ലെന്നതിനാൽ, അവൾ (= അവളുടെ രാക്ഷാധികാരി) മഹ്ർ അർഹിക്കുന്നില്ല. എന്നാൽ, ഹമ്പലികളുടെ വീക്ഷണത്തിൽ, അന്യസ്ത്രീയുടെ മൃതശരീരം ഭോഗിക്കുന്നത് ബലാൽക്കാരമായി എടുത്ത് നിയമനടപടി സ്വീകരിക്കണം. ഈ വീക്ഷണമാണ് കൂടുതൽ മാനവികമെന്നു തോന്നുന്നു. ഭാര്യയുടെ മൃതശരീരത്തിലുള്ള ഭർത്താവിൻറെ അവകാശത്തെക്കുറിച്ചും കർമ്മശാസ്ത്ര ധാരകൾ ഭിന്ന വീക്ഷണം പുലർത്തുന്നു. മരണത്തോടെ ഭാര്യയുടെ ശരീരത്തിൽ ലൈംഗിക ആസ്വാദനം അനുഭവിക്കാനുള്ള അവകാശം ഭർത്താവിനില്ലാതാകുന്നു എന്നാണു ശാഫിഈ പക്ഷം. എന്നാൽ, മരിക്കുന്നതോടെ ഭാര്യ ഭാര്യ അല്ലാതാകുന്നില്ല എന്ന പക്ഷമാണ് ഹമ്പലികൾക്ക്. ഇതൊരുവേള ന്യായമാണെങ്കിൽ പോലും, മൃത ശരീരത്തിന് കല്പിക്കേണ്ട ആദരവ് ഹനിച്ചതിനുള്ള തഅസീറിന് ഭർത്താവ് അർഹനാണ്.

ചുരുക്കത്തിൽ, ശവഭോഗത്തെ ഒരേസ്വരത്തിൽ നിഷിദ്ധമായിക്കാണുന്ന കർമ്മശാസ്ത്ര ധാരകൾ, അതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ വ്യവഹരിക്കുമ്പോൾ വിവിധ വീക്ഷണകോണുകളിൽ കേന്ദ്രീകരിക്കുന്നു. ഒരുകാലത്ത് മനുഷ്യരിൽ നിന്നും പ്രതീക്ഷിക്കാത്ത കൃത്യമായിരുന്നു ശവഭോഗം. അതിനാൽ, കൃത്യമായ നിയമനിർമ്മാണം ഉണ്ടായില്ല. കാലാന്തരത്തിൽ, മനുഷ്യർ സംസ്കാരശൂന്യരായിത്തീരുകയും ശവഭോഗം വ്യാപകമാവുകയും ചെയ്യുമ്പോൾ, ഇസ്‌ലാമിക കർമ്മശാസ്ത്രം സമയോചിതം വിവേകപ്പെടുന്നു. എക്കാലത്തെയും അധർമ്മങ്ങളെ സന്ദർഭോചിതം നിയന്ത്രിക്കാൻ കോടതിയുടെ പക്കലുള്ള അധികാരമാണ് തഅസീർ.

print

No comments yet.

Leave a comment

Your email address will not be published.