ദുർബല ഹദീസുകളും കള്ള കഥകളും -4

//ദുർബല ഹദീസുകളും കള്ള കഥകളും -4
//ദുർബല ഹദീസുകളും കള്ള കഥകളും -4
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -4

മുഹമ്മദ് നബി ശവരതിയിൽ ഏർപ്പെടാൻ കൽപ്പിച്ചുവെന്നോ?!!

വിമർശനം :

മുഹമ്മദ് ശവക്കുഴിയിൽ വെച്ച് ശവരതിക്ക് അഹ്വാനം നൽകുന്നു.
Al bukhari 23-426,374.

മറുപടി:

കുറേ നുണകൾ പറയുക, എന്നിട്ട് കുറച്ച് ‘നമ്പറും’ എഴുതുക എന്ന വെറുപ്പിന്റെ അപ്പോസ്‌തലന്മാരുടെ സ്ഥിരം ‘നമ്പർ’ തന്നെയാണ് ഇവിടെയും പയറ്റിയിരിക്കുന്നത്.
ആദ്യം ഹദീസ് നേരിട്ട് വായിക്കാം:

حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا أَبُو عَامِرٍ، حَدَّثَنَا فُلَيْحُ بْنُ سُلَيْمَانَ، عَنْ هِلاَلِ بْنِ عَلِيٍّ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ شَهِدْنَا بِنْتًا لِرَسُولِ اللَّهِ صلى الله عليه وسلم قَالَ وَرَسُولُ اللَّهِ صلى الله عليه وسلم جَالِسٌ عَلَى الْقَبْرِ ـ قَالَ فَرَأَيْتُ عَيْنَيْهِ تَدْمَعَانِ قَالَ ـ فَقَالَ ‏”‏ هَلْ مِنْكُمْ رَجُلٌ لَمْ يُقَارِفِ اللَّيْلَةَ ‏”‏‏.‏ فَقَالَ أَبُو طَلْحَةَ أَنَا‏.‏ قَالَ ‏”‏ فَانْزِلْ ‏”‏‏.‏ قَالَ فَنَزَلَ فِي قَبْرِهَا‏.‏

അനസ് (റ) നിവേദനം: പ്രവാചകന്റെ(സ) ഒരു പുത്രിയുടെ മരണാനന്തര ചടങ്ങിന് ഞങ്ങൾ സാക്ഷികളായി. പ്രവാചകൻ (സ) ‘ഖബ്റി’ന്നരികിൽ (ശവക്കുഴി) ഇരിക്കുകയാണ്. അനസ് (റ) പറയുന്നു: അദ്ദേഹത്തിന്റെ ഇരുകണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകുന്നത് ഞാൻ കണ്ടു. പ്രവാചകൻ (സ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിൽ ഇന്നലെ രാത്രി സ്വഭാര്യയുമായി സംസർഗത്തിൽ ഏർപ്പെടാത്തവർ അല്ലെങ്കിൽ വഴക്കിൽ ഏർപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? അബൂത്വൽഹ (റ) പറഞ്ഞു: ഞാൻ ഉണ്ട്. പ്രവാചകൻ (സ) പറഞ്ഞു: എങ്കിൽ താങ്കൾ ഖബറിൽ ഇറങ്ങുക. അങ്ങനെ അദ്ദേഹം അവരുടെ ഖബറിൽ ഇറങ്ങി. (ബുഖാരി. 2. 23. 374)

ഇതിൽ ശവരതി ഒളിഞ്ഞിരിക്കുന്നത് എവിടെയാണെന്ന് ഹദീസ് വായിച്ചിട്ട് മനസ്സിലാവാത്ത നിഷ്കളങ്കരുണ്ടെങ്കിൽ അവർക്കായി വിമർശകരുടെ ദുർവ്യാഖ്യാന കസർത്ത് വ്യക്തമാക്കാം.
“നിങ്ങളുടെ കൂട്ടത്തിൽ ഇന്നലെ രാത്രി സ്വഭാര്യയുമായി സംസർഗത്തിലേർപ്പെടാത്തവർ ആരെങ്കിലുമുണ്ടോ?” എന്ന് പ്രവാചകൻ (സ) ചോദിച്ചതിന്റെ അർത്ഥം “ഭാര്യയുമായി സംസർഗത്തിലേർപ്പെടാത്തവർ ഖബറിലിറങ്ങി എന്റെ മകളുമായി ശവരതിയിൽ ഏർപ്പെട്ടു കൊള്ളു” എന്ന് സൂചിപ്പിക്കുകയാണ്. ഇതാണ് പുതു തലമുറയിലെ ഇസ്‌ലാം വിമർശകരായ ഞരമ്പ് രോഗികൾ ഹദീസിന് നൽകുന്ന വ്യാഖ്യാനം !!! മകളുടെ വിയോഗത്തിൽ അടക്കാൻ കഴിയാത്ത വ്യഥയാൽ കരഞ്ഞ് കണ്ണുനീരു വാർക്കുന്ന വൃദ്ധനായ ഒരു ഉപ്പ മകളുമായി ശവരതിയിൽ ഏർപ്പെടാൻ കൽപ്പിച്ചുവെന്ന് പറയാൻ മാത്രം കരിങ്കല്ലുകളാണല്ലൊ ഇക്കൂട്ടരുടെ മനസ്സുകളുടെ സ്ഥാനത്ത്…!!!

“പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത് പിളര്‍ന്ന് വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.” (കുർആൻ: 2:74)

ഇത്തരം രോഗാതുര മനസ്സുള്ളവരാണല്ലൊ നമുക്ക് ചുറ്റും മാന്യന്മാരെ പോലെ ജീവിക്കുന്നത് എന്നോർക്കുമ്പോൾ ദുഖവും അതിലേറെ ഭയവുമാണ് അനുഭവപ്പെടുന്നത്. നമ്മുടെ ഉമ്മ പെങ്ങമ്മാർ ശ്മശാനത്തിലും സുരക്ഷിതരാണോ എന്ന് ചിന്തിച്ച് പോവുന്നു.
അല്ലാഹുവിൽ ശരണം.

Vol. 2, Book 23, Hadith 426 എന്ന് നമ്പറിട്ട് കൊടുത്ത ഹദീസിൽ തന്നെ അബൂത്വൽഹ (റ) ഖബറിൽ ഇറങ്ങിയിട്ട് എന്താണ് ചെയ്തത് എന്നും വ്യക്തമായി പറയുന്നുണ്ട് എങ്കിലും അത് ഈ പോൺ ആർട്ടിസ്റ്റുകൾ മറച്ചുവെക്കുകയാണ് പതിവ്.

فَنَزَلَ فِي قَبْرِهَا فَقَبَرَهَا‏
അങ്ങനെ അബൂത്വൽഹ (റ) ഖബറിൽ ഇറങ്ങുകയും അവരെ മറമാടുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി: 1342, അഹ്‌മദ്: 12275)

“നിങ്ങളുടെ കൂട്ടത്തിൽ ഇന്നലെ രാത്രി സ്വഭാര്യയുമായി സംസർഗത്തിലേർപ്പെടാത്തവർ ആരെങ്കിലുമുണ്ടോ?” അല്ലെങ്കിൽ “ഇന്നലെ രാത്രി സ്വഭാര്യയുമായി സംസർഗത്തിലേർപ്പെടാത്തവർ മാത്രം ഖബറിൽ ഇറങ്ങുക” എന്ന് പ്രവാചകൻ (സ) പറയാൻ കാരണം ഇസ്‌ലാമിക നിയമ പ്രകാരം തലേന്ന് ഭാര്യമാരുമായി സംസർഗത്തിലേർപ്പെട്ടവരൊ, മനസ്സ് ഏകാഗ്രമല്ലാത്തവരൊ, കലുഷമായ മനസ്സുള്ളവരോ മൃതദേഹം മറമാടുന്ന കർമ്മം ചെയ്യാൻ പാടില്ല എന്നത് കൊണ്ടാണ്. (പ്രവാചകൻ നേരിട്ട് ഇറങ്ങാതിരുന്നത് പുത്രവിയോഗ ദുഖത്താലുമാണ്). ഏകാഗ്രമല്ലാത്ത മനസ്സുമായി ചെയ്യേണ്ട ഒന്നല്ല മൃതശരീര സംസ്ക്കരണം. മരണചിന്തയിലും ഭക്തി സാന്ദ്രതയിലും പ്രാർത്ഥനാ മനസ്സോടെയും നിർവഹിക്കേണ്ട കർമ്മമാണത്.

ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് പറയുന്നു: “പുലർച്ചയാണ് മൃതശരീരം മറമാടുന്നത്. അന്ന് രാത്രി ഭാര്യമാരുമായി സംസർഗത്തിൽ ഏർപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ മനസ്സിൽ ആ ചിന്തകളുടെ ശേഷിപ്പുകളുണ്ടാവും. എന്നാൽ മൃതദേഹം മറവു ചെയ്യുക എന്നത് ഭക്തിസാന്ദ്രവും ഭയവും മരണചിന്തയുമെല്ലാം പ്രബലമായി നിൽക്കേണ്ട സന്ദർഭമാണല്ലൊ. അപ്പോൾ തലേന്ന് രാത്രിയിലെ ഓർമകൾ ഉള്ള ഒരാൾ
മൃതദേഹം മറവു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ബാധ്യതകളിലും കർമ്മങ്ങളിലും ചിലത് മറന്നു പോകാൻ സാധ്യതയുണ്ട് എന്നതിനാലാണ് തലേന്ന് ഭാര്യമാരുമായി സംസർഗത്തിൽ ഏർപ്പെടാത്തവർ മൃതദേഹം മറമാടാൻ നിർദ്ദേശിച്ചത്.”
(ഇസ്‌ലാം സുആൽ വൽജവാബ്: 246638 )

ഇബ്നുൽ ജൗസി പറഞ്ഞു: “ഒരാൾ തൊട്ടടുത്ത് ചെയ്ത ഒരു കാര്യം ഓർക്കാൻ സാധ്യത കൂടുതലാണ്. ഇതില്ലാതിരിക്കാനാണ് തൊട്ടു തലേന്ന് ഭാര്യമാരുമായി സംസർഗത്തിൽ ഏർപ്പെടാത്തവർ മൃതദേഹം മറമാടാൻ നിർദ്ദേശിച്ചത്.”
(കശ്ഫുൽ മുശ്കിൽ: 3: 296)

قال الحافظ ابن حجر رحمه الله
وَعَلَّلَ ذَلِكَ بَعْضهمْ بِأَنَّهُ حِينَئِذٍ يَأْمَن مِنْ أَنْ يُذَكِّرهُ الشَّيْطَان بِمَا كَانَ مِنْهُ تِلْكَ اللَّيْلَة

ഇബ്നു ഹജർ പറഞ്ഞു:
“പിശാച് തലേ ദിവസത്തെ ഓർമകളിൽ വല്ലതും മനസ്സിൽ ഇട്ടു കൊടുക്കുന്നതിൽ നിന്ന് സുരക്ഷിതനായിരിക്കാനാണ് തലേന്ന് ഭാര്യമാരുമായി സംസർഗത്തിൽ ഏർപ്പെടാത്തവർ മൃതദേഹം മറമാടാൻ നിർദ്ദേശിച്ചത്.”
(ഫത്ഹുൽ ബാരി: 3:159)

خَشِيَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنْ نَزَلَ أَنْ يَتَذَكَّرَ شَيْئًا، فَيَذْهَلَ مِنَ الْإِتْيَانِ بِكَمَالِ الْمَنْدُوبَاتِ الَّتِي تُفْعَلُ بِالْمَيِّتِ فِي الْقَبْرِ
അലി അൽകാരി പറഞ്ഞു:
“തലേന്ന് രാത്രിയിലെ ഓർമകൾ മയ്യത്ത് മറമാടുന്ന വേളയിൽ ഒരാൾക്കുണ്ടാകുന്നതിനെ പ്രവാചകൻ (സ) ഭയപ്പെട്ടു. അത്തരം ഓർമകൾ മനസ്സിൽ നില നിന്നാൽ മൃതദേഹം മറവു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകളൊ ഐച്ഛിക പുണ്യകർമങ്ങളൊ മറന്നു പോകാൻ സാധ്യതയുണ്ടല്ലൊ.”
(മിർകാത്തുൽ മഫാതീഹ്: 3:1227)

ആധുനിക വിമർശകരുടെ ശവരതി ആരോപണങ്ങളൊന്നും ദുർവ്യാഖ്യാന ഫാക്റ്ററികളുടെ മൂശയിലിട്ട് വാർത്തെടുക്കപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച് മരിച്ചു പോയ പൗരാണികരായ ഒട്ടനവധി ഹദീസ് പണ്ഡിതന്മാർ ഈ യാഥാർഥ്യം വ്യക്തമാക്കിയിട്ടുണ്ട്.
(തുഹ്ഫത്തുൽ മുഹ്താജ്: 3: 170, നൈലുൽ ഔതാർ: 4: 106, മിർആത്തുൽ മഫാതീഹ്: 5: 451)

2. هَلْ فِيكُمْ مِنْ أَحَدٍ لَمْ يُقَارِفِ اللَّيْلَةَ
എന്ന പ്രവാചകന്റെ ചോദ്യത്തിന് “ഇന്നലെ രാത്രി ഭാര്യമാരുമായി വഴക്കു കൂടാത്തവർ ആരുണ്ട്?” എന്നാണ് ഭാഷാർത്ഥം. ‘യുകാരിഫു’ (يُقَارِفِ) എന്ന പദത്തിന് ‘ഭാര്യമാരുമായി സംസർഗത്തിൽ ഏർപ്പെടുക’ എന്നല്ല അർത്ഥം ‘ഭാര്യമാരുമായി വഴക്കിടുക’, ‘തിന്മ വല്ലതും പ്രവർത്തിക്കുക’ എന്നൊക്കെയാണ് അർത്ഥം എന്ന് അറബി ഭാഷാ പണ്ഡിതരായ ഒരുപാട് മുഹദ്ദിസുകൾ പറഞ്ഞിട്ടുണ്ട്.
(ശർഹു സുന്ന: ബഗ്‌വി: 1513, ഉംദത്തുൽ കാരി: 8:76, ഹുസ്നുൽ ഉസ്വ: 1:471, മിർആത്തുൽ മഫാതീഹ്: 5: 450, ശർഹുൽ കസ്തല്ലാനി, മുസ്നദു അഹ്മദ്: 13383, അൽ മജ്മൂഅ് ശർഹുൽ മുഹദ്ദബ്: 5:289)

തലേ ദിവസം ഭാര്യമാരുമായി വഴക്കിടുക, അല്ലെങ്കിൽ വല്ല പാപകൃത്യങ്ങളും ചെയ്യുക… ഇതിൽ രണ്ടിൽ ഏതായാലും മനസ്സ് ശാന്തവും നിശ്ചലവുമായിരിക്കില്ല. മനസ്സ് പ്രക്ഷുബ്‌ധവും വികാര തീവ്രവുമായിരിക്കും. അത്തരമൊരു മനസ്സുമായി മൃതദേഹം മറമാടൽ ക്രിയയിൽ ഏർപ്പെട്ടാൽ  ചെയ്യേണ്ട പ്രസ്‌തുത കർമ്മത്തിൽ പല പാളിച്ചകൾ സംഭവിച്ചേക്കാം. ഭക്തിയോടെയും മരണചിന്തയോടെയും അത് നിർവഹിക്കാൻ കഴിയാതെ വരാം. അതുകൊണ്ടാണ് തലേ ദിവസം രാത്രി ഭാര്യമാരുമായി വഴക്കിടാത്തവർ അല്ലെങ്കിൽ ഇന്നലെ രാത്രി പാപമൊന്നും ചെയ്തിട്ടില്ലാത്തവർ മൃതദേഹം മറമാടാൻ നിർദേശിച്ചത്.

ﻭَﺣُﻜِﻲَ ﻋَﻦِ اﻟﻄَّﺤَﺎﻭِﻱِّ ﺃَﻧَّﻪُ ﻗَﺎﻝَ ﻟَﻢْ ﻳُﻘَﺎﺭِﻑْ ﺗَﺼْﺤِﻴﻒٌ ﻭَاﻟﺼَّﻮَاﺏُ ﻟَﻢْ ﻳُﻘَﺎﻭِﻝْ ﺃَﻱْ ﻟَﻢْ ﻳُﻨَﺎﺯِﻉْ ﻏَﻴْﺮَﻩُ اﻟْﻜَﻼَﻡَ

ഇമാം ത്വഹാവി പറഞ്ഞു: യുകാരിഫു (يُقَارِفِ) എന്ന പദത്തിന് ‘വഴക്കിടുക, തർക്കിക്കുക’ എന്നൊക്കെയാണ് അർത്ഥം. ഇതാണ് ഹദീസിന്റെ ശരിയായ അർത്ഥം. അതായത് മറ്റുള്ളവരുമായി വഴക്കിനും വക്കാണത്തിനുമൊന്നും പോയിട്ടില്ലാത്തവർ വേണം മൃതദേഹം മറമാടാൻ. (ഫത്ഹുൽ ബാരി: 3: 158)

അപ്പോൾ ഭാര്യമാരുമായി വഴക്കിട്ട മനസ്സുമായി മൃതദേഹ സംസ്കരണത്തിൽ ഏർപ്പെട്ടാലും ഭക്തിയോടെയും മരണചിന്തയോടെയും ചെയ്യേണ്ട പ്രസ്തുത കർമ്മത്തിൽ – തിടുക്കം കൂട്ടുക, അശ്രദ്ധ മൂലം പല മര്യാദകളും മറന്നു പോവുക തുടങ്ങിയ – പാളിച്ചകൾ സംഭവിച്ചേക്കാം. അതുകൊണ്ടാണ് ഭാര്യമാരുമായി വഴക്കിടാത്തവർ മൃതദേഹം മറമാടാൻ പ്രവാചകൻ (സ) നിർദേശിച്ചത് എന്ന് ഒരു കൂട്ടം പണ്ഡിതർ അഭിപ്രായപ്പെടുന്നു.

കർമാനി പറയുന്നു: “മനസ്സ് ശാന്തവും നിശ്ചലവുമായിരിക്കുന്നവരാവണം മൃതദേഹം മറമാടാൻ എന്നത് കൊണ്ട് ആണ് പ്രവാചകൻ (സ) അപ്രകാരം നിർദേശിച്ചത്.
(ഉംദത്തുൽ കാരി: 8:76)

എന്ന് വച്ചാൽ ശവരതി ചിന്ത പോയിട്ട്, ഇഹലോക സംബന്ധമായ ചിന്തകളുടെ ഒരു കണിക പോലും മനസ്സിൽ അവശേഷിക്കാത്ത, പാപചിന്തകളിൽ മുക്തമായ ഏകാഗ്ര മനസ്സിനുടമകളാണ് ഖബർ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് എന്നായിരുന്നു ആ മഹാനുഭാവൻ കരഞ്ഞു കൊണ്ട് കൽപ്പിച്ച കൽപനയുടെ ഉദ്ദേശ്യം ! അത് നേർവിപരീത ദിശയുടെ അഗ്രത്തിലെത്തിച്ചു ഈ വെറുപ്പിന്റെ പ്രചാരകർ !!!

ദുർബല ഹദീസുകളും കള്ള കഥകളും -5

https://www.snehasamvadam.org/ദുർബല-ഹദീസുകളും-കള്ള-കഥക-5/

print

No comments yet.

Leave a comment

Your email address will not be published.