തിരിച്ചറിവുകൾ -15

//തിരിച്ചറിവുകൾ -15
//തിരിച്ചറിവുകൾ -15
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -15

മനസ്സ്

പകൽ നടത്തത്തിൽ ഈയിടെയായി എന്നും അയാളെ കാണാറുണ്ട്. ബസ് സ്റ്റോപ്പിന്റെ ബെഞ്ചിലോ അതോ അതിനു പിന്നിലുള്ള കടയുടെ ഉമ്മറത്തോ അയാളൊരു നിത്യ കാഴ്ചയായി എന്നുമുണ്ട്. സാധാരണ ഭിക്ഷക്കാരെപ്പോലെയല്ല അയാൾ എന്നതാണ് ശ്രദ്ധിക്കാൻ ഒരു കാരണം. മുഷിഞ്ഞ വേഷമാണെങ്കിലും ഇട്ടിരിക്കുന്ന ജീൻസും ടീഷർട്ടും മുന്തിയതാണ്. അലസമായി കിടക്കുന്ന മുടിയും ഈയടുത്തെങ്ങും വെട്ടി ഒതുക്കിയിട്ടില്ലാത്ത താടിയും. എങ്കിലും അധിക കാലമായി തെരുവിലേക്കിറങ്ങിയ ആളായിരിക്കില്ല എന്ന് തോന്നുന്നു. അടുത്തിരിക്കുന്ന കവറിൽ പല നിറത്തിലുള്ള കോളകളുടെ കുപ്പികളുണ്ടാവും. പകുതി കാലിയായവ. ആ കണ്ണുകൾ ഇതുവരെ തന്നിലേക്കോ മറ്റേതെങ്കിലും ആളുകളിലേക്കോ നീളുന്നത് ഇതുവരെ കണ്ടിട്ടില്ല. ഭിക്ഷ യാചിക്കാറില്ല. എന്തോ ഒരു നിഗൂഢതയുണ്ട് അയാളിൽ. അതോ നിഗൂഢമാവാൻ മാത്രം ഒന്നും ജീവിതത്തിൽ എഴുതിച്ചേർക്കാൻ കഴിയാത്ത ഒരു പച്ചപ്പാവം മനുഷ്യനോ?

അന്നും അയാളെ കണ്ടു. പക്ഷേ ആ പഴയ സ്ഥാനത്തല്ല. കുറച്ചു കൂടി അപ്പുറത്ത് രാവിലെ മാത്രം തുറക്കുന്ന ഒരു തെരുവു കച്ചവടത്തിന്റെ അടുത്ത്. പ്രഭാത ഭക്ഷണം വിൽക്കുന്ന ആ കടക്കാരിയെ തനിക്കറിയാം. അവളുടെ അടുത്തേക്ക് ചെന്ന് അയാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പണം താൻ നൽകട്ടേ എന്നു ചോദിച്ചു. അയാൾ പണം നൽകി എന്നായിരുന്നു മറുപടി. അവളാണ് അയാളെക്കുറിച്ച് കൂടുതൽ തന്നോട് പറഞ്ഞത്.

ഉദ്യോഗസ്ഥ ദമ്പതികളുടെ രണ്ടു മക്കളിൽ ഇയളവൻ. മൂത്തത് സഹോദരിയാണ്. നല്ല കുടുംബത്തിൽ പിറന്നത് കൊണ്ട് തന്നെ എൻജിനീയറിങ് വരെ പഠിച്ചിട്ടുണ്ട്. അതും തന്റെ ഇഷ്ടവിഷയമായ മെക്കാനിക്കൽ. അതിനു ശേഷം ജോലി, വിവാഹം എല്ലാം നടന്നു. വിവാഹശേഷം ‘കൂടുതൽ മെച്ചമുള്ള ജോലിയിലേക്ക് പോകണം’ എന്ന് തന്നെ ഉപദേശിച്ചവരുടേ കൂട്ടത്തിലേക്ക് ഒരാൾ കൂടി കടന്നു വന്നു. യഥാർത്ഥത്തിൽ ആ ജോലിയെ അയാൾ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തമായിരുന്നു. പക്ഷേ കൂടുതൽ പണം സമ്പാദിക്കണം എന്ന വീട്ടുകാരുടെ സമ്മർദ്ദം അയാളെ ഈ ജോലിയിലെത്തിച്ചു.

ഏഴു വർഷം കൊണ്ട് മാറിയത് നാലോളം കമ്പനികൾ. പണം തന്നെയായിരുന്നു കാരണം. വീട്ടിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായി. പക്ഷേ ഇഷ്ടമില്ലാത്ത ജോലിയുടെ ഭാരം അയാളുടെ മനസ്സിനെ തളർത്താൻ തുടങ്ങി. വീട്ടിലെത്തിയാൽ അമ്മൂമ്മയോടൊപ്പം ചെലവിടുന്ന നിമിഷങ്ങൾ മാത്രമാണ് അയാൾ അസ്വദിച്ചിരുന്നത്. ‘ആധുനിക ജീവിതത്തിലെ ആഡംബരങ്ങൾ’ വശമില്ലാതിരുന്ന അവർ ഒരിക്കലും പണത്തെപ്പറ്റി ആകുലതപ്പെട്ടിരുന്നില്ല. മാത്രവുമല്ല കൊച്ചുമോനെ ഇന്നും ഒരു കുഞ്ഞിനെപ്പോലെ അവർ സ്നേഹിച്ചിരുന്നു. അയാളുടെ സംസാരങ്ങൾ വീട്ടിൽ കുറഞ്ഞു വന്നുവെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞിരുന്നത് അമ്മൂമ്മയോട് മാത്രമായിരുന്നു. പതിയെപ്പതിയെ അതും ഇല്ലാതെയായി. ചിരിയിലും അമ്മൂമ്മയുടെ തലോടലിലും മാത്രം ഒതുങ്ങി അയാൾ ആ വീട്ടിൽ ജീവിച്ചു.

അയാളുടെ മാറ്റം വീട്ടുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജോലിഭാരം ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് എന്തോ കാര്യമായ പ്രശ്നം തന്നെയാണെന്ന് അവർക്കും തോന്നിത്തുടങ്ങി. ഭാര്യയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെയായി. മാനസികമായി അവർ തമ്മിൽ അകൽച്ച രൂപപ്പെട്ടു തുടങ്ങി. അതങ്ങനെ ഒരു വർഷത്തിലപ്പുറം നീണ്ടു പോയി. യാന്ത്രികമായ ജീവിതം. അതിലെ ഓരോ ദിനങ്ങളും ചുറ്റുമുള്ള ലോകത്തിന്റെ ചലനങ്ങളിൽ നിന്ന് അയാളെ വേർപ്പെടുത്തിത്തുടങ്ങി. അതിലെ ഒരു ദിനത്തിൽ അയാൾക്ക് അമ്മൂമ്മയെ നഷ്ടമായി. ആ വേർപാടിൽ പക്ഷേ അയാൾ കരഞ്ഞില്ല. ഏതോ ചിന്തയിൽ അയാൾ ജീവനില്ലാത്ത അവരുടെ ശരീരത്തെ നോക്കി മുറിയിൽ നിന്ന് തിരിഞ്ഞു നടന്നു. മുറുക്കം ബാധിക്കാൻ ശേഷിയില്ലാത്ത നാഡീ ഞരമ്പുകൾ അയാൾക്ക് സുഖം പകർന്നു. ചുറ്റുമുള്ളവരുടെ സംസാരം ശ്രവിക്കാൻ അയാളുടെ കാതുകൾക്ക് കൗതുകമില്ലാതെയായി. കേൾവികളെല്ലാം ചെവിയെ മാത്രം സ്പർശിച്ചു കടന്നു പോയി. അയാൾ വീട്ടിൽ നിന്നിറങ്ങി നടന്നു. ആ നടത്തം ഈ ബസ് സ്റ്റോപ്പിൽ ചെന്നവസാനിച്ചു. നോട്ടങ്ങൾ ശൂന്യതയിലേക്ക് മാത്രമായി. അമ്മൂമ്മയുടെ ജീവനില്ലാത്ത ശരീരത്തിന്റെ കാഴ്ചയുടെ ഓർമകൾ വരുമ്പോൾ അയാൾ വെറുതെ ചിരിക്കാൻ തുടങ്ങി. ഇന്ന് തന്റെ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് അയാൾ മറ്റൊരു ലോകത്താണ്. ആ ലോകത്ത് അയാളെ നോവിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. ഈ ലോകത്തോട് ചേർന്നു നിൽക്കാൻ തക്ക ഒന്നും അയാളിൽ ബാക്കിയുണ്ടായിരുന്നുമില്ല. ജീവിതത്തിൽ ഏറെ വൈകിവന്ന് തന്റെ നേരെ നീളുന്ന മാതാപിതാക്കളുടെയും ഭാര്യയുടെയും കാരുണ്യത്തിന്റെ കൈകൾ പോലും കാണാൻ സാധിക്കാത്ത വിധം അയാൾ ഈ ലോകത്ത് നിന്നും വേർപ്പെട്ടു പോയിരുന്നു..!

ജീവിതത്തിൽ എന്തൊക്കെ മറന്നാലും മനുഷ്യരെ മനസ്സിലാക്കാൻ, അവരോട് കാരുണ്യം കാണിക്കാൻ നാം മറന്നു പോകരുത്. വൈകുകയുമരുത്. ഓർക്കുക, ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവർക്ക് മാത്രമേ ആകാശത്തുള്ളവൻ കരുണ ചെയ്യുകയുള്ളൂ.

print

No comments yet.

Leave a comment

Your email address will not be published.