വോക്ക് കൾച്ചർ മുതൽ ജെന്റർ ഫോബിയ വരെ !

//വോക്ക് കൾച്ചർ മുതൽ ജെന്റർ ഫോബിയ വരെ !
//വോക്ക് കൾച്ചർ മുതൽ ജെന്റർ ഫോബിയ വരെ !
ആനുകാലികം

വോക്ക് കൾച്ചർ മുതൽ ജെന്റർ ഫോബിയ വരെ !

1940-കളിലാണ് വംശീയത പോലുള്ള സാമൂഹ്യ അപചയങ്ങൾക്കെതിരെ ഉണരുക (Awake)എന്ന അർത്ഥത്തിൽ ഒരു സാംസ്കാരിക മുന്നേറ്റമുണ്ടാവുന്നത്. നിലനിൽക്കുന്ന എല്ലാ അനീതികൾക്കുമെതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കുന്ന ഉണർന്ന മനുഷ്യരുടെ ലോകമെന്ന ഈ ആശയം woke കൾച്ചർ എന്നറിയപ്പെട്ടു. യൂറോപ്പും അമേരിക്കയുമെല്ലാം ഇന്ന് ഭരിക്കുന്നത് woke സദാചാര കാഴ്ചപ്പാടുകളാണ്. അനീതികൾക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുന്ന മനുഷ്യരെന്ന ആശയം കേൾക്കാൻ മനോഹരമായി തോന്നാം, എന്നാൽ എന്താണ് നീതിയും അനീതിയും? അതാര് തീരുമാനിക്കുന്നതാണ്? എന്നുകൂടി ചിന്തിക്കുമ്പോൾ മാത്രമാണ് ഈ മുന്നേറ്റത്തിൻ്റെ അപചയം വ്യക്തമാവുക.

വാസ്തവത്തിൽ നീതിക്കും, നന്മയ്ക്കും മെച്ചപ്പെട്ട മറ്റൊരു ലോകത്തിനും വേണ്ടിയാണ് തങ്ങൾ പണിയെടുക്കുന്നതെന്ന് വാദിക്കാത്ത ഏത് മുന്നേറ്റമാണുള്ളത്? ഫാഷിസ്റ്റുകളും, ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന കമ്യൂണിസ്റ്റുകളും, ഭീകരവാദികൾ പോലും തങ്ങൾ നേരിടുന്ന അനീതിക്കെതിരെ, മറ്റൊരു നല്ല ലോകത്തിനായാണ് പണിയെടുക്കുന്നത് എന്നുതന്നെ പറഞ്ഞു വെക്കുന്നവരാണ്. അതുകൊണ്ടുതന്നെ അനീതികൾക്കെതിരെ ഉണരുക എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരു മുന്നേറ്റവും വിശുദ്ധമാവുന്നില്ല എന്ന പോലെ തന്നെയാണ് woke ആക്ടിവിസത്തിൻ്റെയും അവസ്ഥ.

എന്താണ് ആധുനികലോകത്ത് നീതിക്കും അനീതിക്കും ഇവർ കൊടുക്കുന്ന അർത്ഥമെന്ന് കൂടെ പഠിക്കുമ്പോഴാണ് ഈ woke ഭംഗി വാക്കുകൾക്കിടയിലെ അശ്ലീലം മനസ്സിലാവുക. ഈ ആശയം കൊണ്ടുനടക്കുന്ന ഒരു വ്യക്തിയുടെ വികാരം വ്രണപ്പെടാൻ ഒരു പുരുഷന് പ്രസവിക്കാൻ കഴിയില്ലെന്നോ, പുരുഷന്മാർക്ക് മെൻസ്ട്രേഷൻ ഉണ്ടാകില്ലെന്നോ പോലുള്ള അടിസ്ഥാന സത്യങ്ങൾ പറഞ്ഞാൽ പോലും മതി. അവരുടെ കല്ലേറു കൊള്ളാൻ സ്വവർഗ്ഗ രതിയോ, സ്വതന്ത്രരതിയോ, പാപമാണെന്ന നിങ്ങളുടെ വിശ്വാസം മാത്രം മതിയാകും. സ്ത്രീക്കും പുരുഷനും ഇടയിൽ ജീവശാസ്ത്രപരമായ വ്യത്യസ്തതകൾ നിലനിൽക്കുന്നു എന്ന ശാസ്ത്രസത്യങ്ങളോട് പോലും ഇവർക്ക് വെറുപ്പാണ്. ഇവരുടെ ഡിക്ഷണറിയിൽ സ്ത്രീലിംഗ, പുല്ലിംഗ പദങ്ങൾ പോലും അനീതിയാണ്. ഇനിയും അതിരു നിശ്ചയിച്ചിട്ടില്ലാത്ത അത്രയും ജെൻഡറുകൾ ഇവർക്കുണ്ട്. അതിരില്ലാത്ത സ്വാതന്ത്ര്യമെന്ന ആശയം മനോഹരമാണ്, എന്നാൽ തോന്നുന്ന ലഹരിയെല്ലാം ഉപയോഗിക്കുന്നതും, ഉത്തരവാദിത്തങ്ങൾ ഇല്ലാത്ത അശ്ലീലതയുമാണ് ഇവരുടെ നിഘണ്ടുവിലെ സ്വാതന്ത്ര്യം.

താൻ സ്ത്രീയാണെന്ന് സ്വയം പറയുന്നതുകൊണ്ട് മാത്രം ഒരു പുരുഷന് സ്ത്രീകളുടെ കായികയിനത്തിൽ മത്സരിക്കാനും വിജയിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇവരുടെ നീതി സങ്കല്പം. എന്നാൽ ജീവശാസ്ത്രപരമായി തങ്ങൾക്ക് തുല്യരല്ലാത്ത, കൂടുതൽ ശക്തമായ പുരുഷനോട് മത്സരിച്ച് പരാജിതരാവേണ്ടിവരുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന അനീതിയെ കുറിച്ച് സംസാരിക്കുന്നത് ഇവരുടെ ഭാഷയിൽ ട്രാൻസ്ഫോബിക് ആണ്.

വിലക്ക് കൽപ്പിക്കാൻ ആരും ഉണ്ടാവരുദാത്ത, എന്ത് ലൈംഗിക വൈകൃതങ്ങളും, അരാചകത്വങ്ങളും പ്രാക്ടീസ് ചെയ്യാൻ അനുവാദമുണ്ടാകുന്ന ലോകമാണ് ഇവരുടെ നീതി സങ്കല്പം, അതിന് എതിർ ശബ്ദമുണ്ടാവലാണ് ഇവരുടെ ദൃഷ്ടിയിൽ അനീതി. അനീതികൾക്കെതിരെ ശബ്ദിക്കുന്നവരാണ് തങ്ങളെന്ന് സ്വയം പറയുന്നതുകൊണ്ട് തന്നെ എതിരഭിപ്രായം പറയുന്നവരെയെല്ലാം നിശബ്ദരാക്കാൻ ഇവർക്ക് എളുപ്പത്തിൽ കഴിയുന്നു. തങ്ങളെ എതിർക്കുന്നവരെല്ലാം അനീതിയുടെ വക്താക്കളും അതിനാൽ അവർ സമൂഹത്തിൽനിന്നും മാറ്റി നിർത്തപെടേണ്ടവർ ആണെന്നും ഇവർ വാശിപിടിക്കുന്നു. ചുരുക്കത്തിൽ ചില വിവരക്കേടുകളിലേക്ക് അധപ്പതിച്ചു പോയ, എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ തിടുക്കം കാണിക്കുന്ന ആധുനിക സദാചാര ഫാഷിസ്റ്റ് മുന്നേറ്റമാണിവർ. എന്നാൽ വെള്ളക്കാരുടെ നാട്ടിൽ കാണുന്നതെന്തും പുരോഗമനമാണെന്നും അതപ്പാടെ വിഴുങ്ങിയാൽ നമ്മളും പുരോഗമിക്കുമെന്നും കരുതുന്ന അടിമത്ത ബോധം പേറുന്നവർ ഈ woke സദാചാര സങ്കൽപങ്ങളെ കേരളത്തിലേക്ക് കൂടെ പകർത്താൻ ശ്രമിച്ചു കാണുന്നത് അങ്ങേയറ്റം ഖേദകരമാണ്. അടിമത്ത ബോധം മാറ്റിവെച്ചു ശാസ്ത്രീയമായി തന്നെ ഈ വിഷയങ്ങൾ പഠിക്കാനാണ് അത്തരം ആളുകളോട് ആദ്യം പറയേണ്ടത്.

ന്യൂട്രൽ ആവുക അഥവാ വ്യത്യസ്തതകളെ നശിപ്പിക്കുക

ആണും പെണ്ണും ഒരുപോലെ വസ്ത്രം ധരിക്കണം, ഒരുമിച്ചിരിക്കണം, മാഷെന്നോ ടീച്ചറെന്നോ വെവ്വേറെ വിളിക്കേണ്ടതില്ല, കായിക ഇനങ്ങളിലും ആണും പെണ്ണും ഒരുമിച്ച് മത്സരിക്കട്ടെ… തുടങ്ങിയ വർത്തമാനങ്ങൾ കേരളത്തിൽ ഈ അടുത്ത് കേൾക്കാൻ തുടങ്ങിയവയാണ്. ഇത്തരം പരിഷ്കരണങ്ങൾ തുല്യത കൊണ്ടുവരുമെന്നാണ് ന്യായമായി പറയുന്നത്. എന്നാൽ എന്താണതിന് തെളിവ്? പ്രായോഗികമായി അത് തെളിയിച്ച ഏത് രാഷ്ട്രമാണ് ഉദാഹരണം?.. തുടങ്ങിയ ചോദ്യങ്ങൾക്ക് ഇതിനു ചുക്കാൻ പിടിക്കുന്നവരുടെ കയ്യിൽ ഉത്തരങ്ങൾ ഒന്നുമില്ല. ജെൻഡർ, സെക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്ത് ഉദാര നടപടിയെടുത്താലും അത് പുരോഗമനമാണെന്ന തെറ്റിദ്ധാരണയിൽ നിന്നും നിയമ നിർമ്മാണത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് ഈ ഉത്തരങ്ങളില്ലാതാകുന്നത്.

ജെൻഡർ ന്യൂട്രൽ ആവുക കൊണ്ട് തുല്യത വരുമെന്നാണല്ലോ ഈ പറയുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന അനുമാനമെന്താണ്? ജെൻഡർ വ്യത്യസ്തതകൾ ഇല്ലാതായാൽ തുല്യത വരുമെന്നു പറഞ്ഞാൽ അതിനർത്ഥം ജെൻഡർ വ്യത്യസ്തതകളാണ് അനീതിക്ക് കാരണമെന്നാണ്. ആൺ ആണായിരിക്കുന്നതും പെണ്ണ് പെണ്ണായിരിക്കുന്നതും അവരുടെ ജൈവികമായ വ്യത്യസ്തതകൾ കൊണ്ടാണ്. ഈ വ്യത്യസ്തതകളാണ് അനീതിക്ക് കാരണമെന്ന് പറയുന്നത് പോലും വിവരക്കേടാണെന്ന് മാത്രമല്ല വാസ്തവത്തിൽ തുല്യതാ വിരുദ്ധത കൂടിയാണ്. വ്യത്യസ്തതകളെ അതായി തന്നെ കാണാനും ഉൾക്കൊള്ളാനും കഴിയുന്നതിനെയാണ് തുല്യതയെന്ന് പറയുന്നത്.

തുല്യരാവാൻ വ്യത്യസ്തതകളെ ഇല്ലാതാക്കണമെന്ന ചിന്ത പഠിപ്പിക്കുന്നത് വ്യത്യസ്തതകളെ തുല്യമായി കാണേണ്ടെന്ന് കൂടിയാണ്. കറുത്തവനെ തുല്യനായി കാണണമെങ്കിൽ കറുപ്പ് എന്ന അവൻ്റെ ഐഡൻ്റിറ്റിയിൽ നിന്നും മാറി ന്യൂട്രൽ ആവട്ടെ എന്നും, എന്നാലേ തുല്യത അംഗീകരിക്കുവെന്നും പറയുന്നത് കറുത്തവനെ അവനായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയലാണ്. അത് തുല്യതയല്ല, തുല്യതാ വിരുദ്ധതയാണ്. സ്ത്രൈണതയോ പൗരുഷമോ തുല്യതാ വിരുദ്ധമാകുന്നില്ല. പ്രകൃതിയിൽ കൃത്യമായ സ്ഥാനവും റോളുകളുമുള്ള പരസ്പര പൂരകങ്ങളാണവ. എന്നാൽ സ്ത്രീയുടെ സ്ത്രൈണ സ്വഭാവങ്ങളെ നീക്കം ചെയ്യണമെന്ന വാദം തുല്യതാ വിരുദ്ധമാണ്. ഇങ്ങനെ തുല്യതക്ക് വേണ്ടിയെന്ന പേരിൽ സമത്വ വിരുദ്ധമായ ആശയങ്ങൾ കേരളത്തിൻറെ ക്യാമ്പസുകളിലേക്ക് കടക്കുമ്പോഴും തിരിച്ചറിയാൻ കഴിയാതെ മൗനാനുവാദം കൊടുക്കുന്ന ബുദ്ധിജീവികൾ പൊതു സമൂഹത്തിന് അപമാനമാണ്.

വെറുതെ ഉണ്ടായതല്ല ജൻഡറുകൾ

എന്താണ് ഒരു സ്ത്രീ? What is a women? ഈയടുത്ത് പുറത്തിറങ്ങിയ അമേരിക്കൻ woke ആക്ടിവിസത്തെ പിടിച്ചുകുലുക്കിയ ഡോക്യുമെൻ്ററിയുടെ പേരാണിത്. അവതാരകനായ മാധ്യമപ്രവർത്തകൻ Matt Wlash ലെഫ്റ്റ് ലിബറൽ ആക്ടിവിസ്റ്റുകളെ കണ്ട് എന്താണ് ഒരു സ്ത്രീയെന്ന് ചോദിക്കുന്നതാണ് ഡോക്യുമെൻ്ററിയുടെ ഇതിവൃത്തം. ഏതൊരു ആണിനും കേവലം തോന്നൽ കൊണ്ട് പെണ്ണാവാമെന്നും, പെണ്ണിന് അതേ തോന്നലുകൊണ്ട് ആണാവാമെന്നും പറയുമ്പോൾ ഇവിടെ മാറ്റാൻ കഴിയുന്ന എന്താണുള്ളത്? മാറുന്നത് എന്താണ്? എന്താണ് ജൻഡർ? എന്താണ് സ്ത്രീ? ഇതെല്ലാം വ്യക്തമായും അവതാരകൻ ചോദിക്കുമ്പോൾ ഉത്തരം ഇല്ലാതാവുന്ന ജെൻഡർ ആക്ടിവിസ്റ്റുകളെ ഡോക്യുമെൻ്ററിയിൽ കാണാം. ജീവശാസ്ത്രപരമായ പ്രത്യേകതകളെ മാറ്റിനിർത്തിക്കൊണ്ട് ആൺ പെൺ നിർവചനങ്ങൾ സാധ്യമല്ലായെന്നതാണ് ഇവിടെ woke ആശയക്കാർ നേരിടുന്ന വെല്ലുവിളി. ജെൻഡറും, സെക്സുമെല്ലാം ജീവശാസ്ത്രപരമാണ് എന്ന് സമ്മതിച്ചാൽ മനസ്സിൻ്റെ തോന്നലുകൾക്കനുസരിച്ച് അവയെ മാറ്റാൻ കഴിയില്ലെന്നും, അതുവഴി ഇവർക്ക് സമ്മതിക്കേണ്ടതായി വരും. ഈ സ്വഭാവത്തിൽ വളരെ ലളിതമായ ചോദ്യങ്ങൾക്ക് മുന്നിൽ പോലും പതറുന്നതും തകരുന്നതുമാണ് woke ജൻഡർ സാഹിത്യങ്ങൾ എന്ന് തെളിയിക്കാൻ ഡോക്യുമെൻ്ററിക്ക് കഴിഞ്ഞിട്ടുണ്ട്. ദി എൻ്റ് ഓഫ് ജെൻഡർ എന്ന തൻ്റെ കൃതിയിൽ Dr ഡെബ്രാസോ സെക്സിനെയും, ജൻ്ററിനെയും നിർവചിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ജീവശാസ്ത്രപരമായി സെക്സ് ആണോ പെണ്ണോ മാത്രമാണ്. അത് നിർണയിക്കുന്നത് gametes ആണെന്നും അവർ പറഞ്ഞു വയ്ക്കുന്നു. അഥവാ ബീജവും അണ്ഡവും ഉൽപ്പാദിപ്പിക്കാൻ രൂപത്തിൽ സംവിധാനിക്കപ്പെട്ടിരിക്കുന്ന ശരീരം യഥാക്രമം ആണും പെണ്ണുമാണ്. ജെൻഡർ എന്നത് ജീവശാസ്ത്രപരമായ സെക്സിൻ്റെ അനന്തരഫലം ആണെന്നും അവർ എഴുതുന്നു. ജെൻഡറിനെ ഡബ്രാസോ നിർവചിക്കുന്നത് ഇങ്ങനെയാണ്: “ജെൻഡർ ഐഡൻ്റിറ്റിയെന്നത് ജീവശാസ്ത്രപരമായ ലിംഗത്തെ നാം എങ്ങനെ അനുഭവിക്കുന്നു എന്നത് പോലെയിരിക്കുന്നു. അഥവാ സ്ത്രൈണതയാണോ, പൗരുഷമാണോ നമുക്ക് അനുഭവപ്പെടുന്നത് എന്നതുമായി ബന്ധപ്പെട്ട്. ജെൻഡർ എക്സ്പ്രഷൻ എന്നത് ഈ വ്യക്തിത്വത്തെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതുമായും ചേർന്നിരിക്കുന്നു. ശാരീരിക ചേഷ്ടകൾ, വസ്ത്ര ധാരണം, ഹെയർ സ്റ്റൈൽ തുടങ്ങിയവ ജെൻഡർ എക്സ്പ്രഷനുകൾക്ക് ഉദാഹരണങ്ങളാണ്.”

ഈ അർത്ഥത്തിൽ ജെൻഡർ എക്സ്പ്രഷൻ എന്താണെന്ന് തിരിച്ചറിയുമ്പോഴാണ് പെണ്ണിനെ ആൺവേഷമാക്കുന്നതിലെ അബദ്ധങ്ങൾ ബോധ്യമാവുക. വസ്ത്രധാരണമെന്നത് കേവലം ശരീരം മറയ്ക്കാനുള്ള മാർഗം മാത്രമല്ല, മറിച്ച് ജെൻഡർ പഠനങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് തൻ്റെ ജെൻഡർ സ്വത്വത്തെ പ്രകടമാക്കാനുള്ള മാർഗ്ഗവും ചോദനയും കൂടിയാണ്.(1) അപ്പോൾ പെൺകുട്ടികളോട് ആൺ വേഷമണിയാൻ നിർബന്ധിക്കുന്ന അധികാരികൾ ചെയ്യുന്നത് സ്ത്രീയെന്ന ജെൻഡർ സ്വത്വ പ്രകടനത്തിൽ നിന്നും മാറി നടക്കാൻ അവളോട് ആഹ്വാനം ചെയ്യുകയാണ്. പ്രകടിപ്പിക്കരുതാത്ത സ്വത്വമാണ് സ്ത്രൈണതയെന്ന് വളർന്നുവരുന്ന കുഞ്ഞുങ്ങളോട് പറയാതെ പറയുന്ന ഇത്തരം നടപടികൾ സ്വന്തം അസ്തിത്വത്തെ സംബന്ധിച്ച അപകർഷതാ ബോധത്തിലേക്കാണ് പെൺകുട്ടികളെ കൊണ്ടെറിയുന്നത്. പാൻസും ഷർട്ടും പുരുഷ വസ്ത്രമല്ലല്ലോ എന്നത് മാത്രമാണ് ഇതിന് തിരിച്ചു പറയുന്ന മറുപടി. അതാകട്ടെ ബാലിശവുമാണ്. ഇന്നുവരെ കേരളത്തിലെ ഓരോ വിദ്യാലയത്തിലും ആൺകുട്ടികൾ തന്നെ ധരിച്ചിരുന്ന വസ്ത്രത്തെ പെൺകുട്ടികളോട് പകർത്താൻ പറഞ്ഞശേഷം അത് ആൺ വസ്ത്രമല്ലെന്ന് പറയുന്നതിൻ്റെ അർത്ഥമെന്താണ്? അങ്ങനെയെങ്കിൽ പാവാടയോ ചുരിദാറോ പെൺ വസ്ത്രമല്ലെന്നും ആൺ കുട്ടികൾ കൂടി ധരിക്കട്ടെയെന്നും പറയാം.

വസ്ത്രങ്ങൾ ആണിൻ്റെയെന്നും പെണ്ണിൻ്റെയെന്നും വേർതിരിക്കുന്നത് വസ്ത്രത്തിനകത്ത് ലിംഗത്വമുണ്ടോ എന്ന് നോക്കിയല്ല. ലിംഗ അഭിരുചി അനുസരിച്ച് സ്ത്രൈണ പൗരുഷ സ്വഭാവങ്ങളിൽ വസ്ത്ര വ്യത്യാസങ്ങളുണ്ട് എന്ന് മനസ്സിലാക്കിയാണ് ഈ വേർതിരിവ്. സ്ത്രീകൾ അയഞ്ഞ, വിശാലമായ, ഇറക്കമുള്ള വസ്ത്രങ്ങളും നീണ്ട മുടിയും തിരഞ്ഞെടുക്കുന്നതായി നാഗരികതകൾക്കപ്പുറം കാണുന്നതിന് കാരണം ആ സ്വഭാവങ്ങൾ സ്ത്രൈണ താൽപര്യങ്ങളാണ് എന്നതാണ്. കൂടാതെ സാമൂഹികമായ വസ്ത്രധാരണ സങ്കല്പങ്ങളും ഈ സ്ത്രീ പുരുഷ വ്യത്യസ്തതകളെ പങ്കുവെക്കുന്നു. ഇത്തരം സ്ത്രീ പുരുഷ സവിശേഷതകളെ നശിപ്പിക്കാനും ന്യൂട്രലാവാനും വെറുതേ നിയമമിറക്കുന്നവർക്കുള്ളത് ശാസ്ത്രബോധമില്ലായ്മ മാത്രമല്ല ജെൻഡർ ഫോബിയ കൂടിയാണ്. ഈ സ്ത്രീ പുരുഷ വ്യതിരിക്തതകളൊന്നും വെറുതെയുണ്ടായതല്ല എന്നുകൂടെ മനസ്സിലാക്കുമ്പോഴാണ് അവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നടപടികൾ എത്ര അപകടമാണ് എന്നത് കൂടെ മനസ്സിലാവുക. വ്യത്യസ്ത ലിംഗങ്ങളിൽ ഉള്ളവർക്കിടയിൽ hetrosexual അനുരാഗമുണ്ടാകുന്നത് പോലും അവരിലെ സ്ത്രീ-പുരുഷ വ്യത്യസ്തതകളെ കണ്ടു തന്നെയാണ്.(2)

ഒരു ചിന്താപരീക്ഷണം പറയാം. ഈ നാട്ടിലെ സകല ആണുങ്ങളും പെണ്ണുങ്ങളും പൂർണമായും ജെൻഡർ ന്യൂട്രൽ ആകുന്നുവെന്ന് കരുതുക. സ്ത്രീകളെല്ലാം വസ്ത്രത്തിലും രൂപത്തിലും ആണിനു സമമാകുന്നു. മുടിമുറിച്ച് ഹോർമോൺ ചികിത്സകളും സർജറികളും വഴിയിത് ഏറെക്കുറെ സാധ്യമാണ്. എങ്കിൽ ഏതു പുരുഷനാണ് പുരുഷൻ തന്നെയായി മാറിയ സ്ത്രീകളോട് അനുരാഗം അവശേഷിക്കുക? സ്ത്രീ-പുരുഷ സ്വാഭാവിക ഹെട്രോസെക്ഷ്വൽ അനുരാഗം നശിക്കുന്നിടത്ത് പിന്നെ നോർമലൈസ് ചെയ്യപ്പെടുന്നത് സ്വവർഗ്ഗാനുരാഗം മാത്രമാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ കൊണ്ടുവരുന്നതുകൊണ്ട് സമൂഹത്തിൻ്റെ ഹെട്രോനോർമെറ്റിവ് സങ്കല്പങ്ങളെ തച്ചുതകർക്കലാണ് ലക്ഷ്യമെന്ന സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ട്വീറ്റിൽ ഉള്ളടങ്ങിയ യുക്തിയും ഇതുതന്നെ. പെണ്ണിനെ പെണ്ണാക്കുന്നതിൽ അവളുടെ ജെൻഡർ എക്സ്പ്രഷനുകൾക്ക് വലിയ പങ്കുണ്ട്. തിരിച്ചും അങ്ങനെ തന്നെ. ആണിൽ നിന്നും ആണിൻ്റെ ജെൻഡർ സവിശേഷതകളെയും പെണ്ണിൽ നിന്ന് പെണ്ണിൻ്റെ ജെൻഡർ എക്സ്പ്രഷനുകളെയും നീക്കം ചെയ്താൽ ഇവിടെ ആരോഗ്യമുള്ള സ്ത്രീ പുരുഷ പ്രണയങ്ങളും കുടുംബബന്ധങ്ങളും അവശേഷിക്കാത്ത സ്ഥിതി വരുമെന്ന് ഉറപ്പാണ്. പെണ്ണിൻ്റെ ശാരീരിക സവിശേഷതകൾ എങ്ങനെയാണ് ആണിനെയും ആണിൻ്റെ സവിശേഷതകൾ പെണ്ണിനെയും ആകർഷിക്കുന്നതെന്ന് വ്യക്തമാക്കുന്ന ശാസ്ത്ര പഠനങ്ങളെ സംബന്ധിച്ച ബോധം ഉണ്ടാക്കിയശേഷമെങ്കിലും ഇത്തരം അർത്ഥമില്ലാത്ത നിയമനിർമാണങ്ങളെ കുറിച്ച് ചിന്തിക്കാനാണ് ഭരണവർഗ്ഗം ശ്രമിക്കേണ്ടത്. സ്ത്രീയുടെ വികസിച്ച ഇടുപ്പ് അളവ് പ്രയാസമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാനുള്ള അവളുടെ കഴിവിനെ കാണിക്കുന്ന അടയാളമാണ്. അതിൽ ആകർഷിക്കപ്പെടുകയെന്ന ഗുണത്തിലാണ് പുരുഷൻ സംവിധാനിക്കപ്പെട്ടിരിക്കുന്നത്.(3) കാരണം അത്തരം തിരഞ്ഞെടുപ്പ് പ്രത്യുൽപാദനത്തിനും, അതിജീവനത്തിനും സഹായിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നിരവധി അനവധി പരസ്പരാകർഷണ അടയാളങ്ങളും, വ്യത്യസ്തതകളും സ്ത്രീ പുരുഷന്മാർക്കിടയിലുണ്ട്. ജെൻഡർ ഡൈമോർഫിസം എന്നിത് അറിയപ്പെടുന്നു. ഇങ്ങനെ മനുഷ്യ പ്രണയങ്ങളെയും ബന്ധങ്ങളെയും നിലനിർത്തുന്ന അടിസ്ഥാന പ്രകൃതങ്ങളെ തന്നെ യാതൊരു ന്യായവുമില്ലാതെ നിരാകരിക്കാൻ പറയുന്നവരെ സാമൂഹ്യ നീതി ബോധമുള്ളവരാക്കാൻ കഴിയുന്ന ഉന്നത വിദ്യാഭ്യാസം നൽകണം. അല്ലെങ്കിൽ യാതൊരു നന്മയും പറയാനില്ലാത്ത ഒരു മണ്ടൻ പരിഷ്കരണത്തെ അതുണ്ടാക്കുന്ന അപകടങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഒരു സമൂഹത്തിലേക്ക് തുറന്നുവിടാൻ നൈതിക ബോധമുള്ള ആർക്കാണ് കഴിയുക!?

സാമ്പത്തികമായി പുരോഗമിച്ച, സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന രാഷ്ട്രങ്ങളിലേക്ക് നോക്കിയാൽ ജെൻഡർ ന്യൂട്രൽ ആവുകയല്ല മറിച്ച് ജെൻഡറുകൾക്ക് ഇടയിലുള്ള വ്യത്യാസങ്ങൾ വർദ്ധിക്കുകയാണ് സംഭവിക്കുന്നതെന്ന് കാണാം. ജൻഡർ ഇക്വാലിറ്റി പാരഡോക്സ് എന്നീ പ്രതിഭാസം അറിയപ്പെടുന്നു. സ്ത്രീകൾ കൂടുതൽ സ്വതന്ത്രമാകുമ്പോൾ സമൂഹം അവർക്ക് മേൽ അടിച്ചേൽപ്പിച്ച ജെൻഡർ മുൻവിധികളിൽനിന്നും അവർ മോചിതരാവുകയും, പുരുഷന്മാർക്ക് സമാനമായി സർവ്വ മേഖലകളിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം എത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നാണ് പുരോഗമന ലോകം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്ത്രീ സ്വാതന്ത്രം അധികരിച്ച ഈഗാലിട്ടെറിയൻ സമൂഹങ്ങളിൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ഇല്ലാതായില്ല എന്ന് മാത്രമല്ല സ്ത്രീ പുരുഷ തിരഞ്ഞെടുപ്പുകളിലെ വ്യത്യസ്തതകൾ വർദ്ധിക്കുകയാണ് ചെയ്തത്.(4) നഴ്സ്, പ്രീസ്കൂൾ ടീച്ചർ, തുടങ്ങിയ മനുഷ്യരെ കേന്ദ്രീകരിച്ചുള്ള ജോലികളിലാണ് സ്ത്രീകൾ പൊതുവേ താൽപര്യം പ്രകടിപ്പിക്കുന്നത്. അതേസമയം സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകൾ സ്ത്രീകൾ തിരഞ്ഞെടുക്കാൻ താല്പര്യം കാണിക്കാതെയിരിക്കുന്നതും ഈ രാഷ്ട്രങ്ങളിൽ പ്രകടമായ വൈരുധ്യമാണ്. അതേ സമയം s.t.e.m ഫീൽഡിൽ പുരുഷ പ്രതിനിധാനം അധികമായി തന്നെ കാണുന്നു.

ഇതിന് ജീവശാസ്ത്രപരമായ കൃത്യമായ വിശദീകരണവുമുണ്ട്. സ്ത്രീകൾ പൊതുവേ ഒരു കുഞ്ഞിനെ പരിപാലിക്കാൻ ജീവശാസ്ത്രപരമായും, മാനസികമായും സംവിധാനിക്കപ്പെട്ടിരിക്കുന്നു. സഹാനുഭൂതി, വാത്സല്യം, ആർദ്രത, വൈകാരികത, ദയ.. തുടങ്ങിയ മാനുഷിക വികാരങ്ങൾ സ്ത്രീകളിൽ അധികം കാണുന്നതിന് കാരണമതാണ്. ഈ മനശാസ്ത്ര സ്വഭാവങ്ങളോട് ചേർന്നുനിൽക്കുന്ന തൊഴിലിനെ സ്ത്രീകൾ തിരഞ്ഞെടുക്കാനുള്ള കാരണവും അതാണ്. പുരുഷന്മാർ വസ്തുക്കളിൽ താല്പര്യം കേന്ദ്രീകരിക്കുമ്പോൾ സ്ത്രീകൾ വ്യക്തികളിൽ താല്പര്യമുള്ളവരാകുന്നുവെന്ന സിദ്ധാന്തം ശാസ്ത്ര ലോകത്ത് ഒരംഗീകൃത സത്യമാണ്.(5)

സ്ത്രീ പുരുഷനെ പോലെ ആകാനോ, പുരുഷൻ സ്ത്രീയെ പോലെ ആകാനോ ശ്രമിക്കുന്നവരല്ലെന്നും അവരവർക്ക് വ്യതിരിക്തമായ മേഖലകളും സ്വഭാവങ്ങളും ഉണ്ടെന്നും അംഗീകരിക്കാൻ കഴിയാതിരിക്കുന്നത് ഇത്തരം ജീവശാസ്ത്ര സ്വഭാവങ്ങളെ സംബന്ധിച്ച അജ്ഞതയിൽ നിന്നുകൂടെയാണ്. ആൺ ആഗ്രഹിക്കാത്ത രീതിയിലേക്ക് ആണിനേയും, പെണ്ണ് ആഗ്രഹിക്കാത്ത രീതിയിലേക്ക് പെണ്ണിനെയും മാറ്റാൻ വാശിപിടിക്കുക മാത്രമാണ് ഈ ജെൻഡർ ന്യൂട്രൽ വാദങ്ങൾ ചെയ്യുന്നതെന്ന് ചുരുക്കം. ജെൻഡർ സ്വഭാവങ്ങൾക്ക് പ്രകൃതിപരമായി തന്നെയുള്ള ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും, പരസ്പര ബന്ധങ്ങളും ആരോഗ്യമുള്ള സമൂഹവും, കുടുംബവും, വ്യക്തികളും നിലനിൽക്കുന്നത് ഈ സവിശേഷതകളാൽ ആണെന്നും ജെൻഡർ വെറുതെ ഉണ്ടായതല്ലെന്നും ഈ യൂറോപ്പ് നോക്കികളെ പറഞ്ഞു പഠിപ്പിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ദൗത്യം.

ജെൻഡർ കൺഫ്യൂഷനിലേക്ക്

യാതൊരു ന്യായവുമില്ലാതെ തങ്ങളുടെ ചില ഊഹങ്ങൾക്കനുസരിച്ച് നിയമങ്ങളും, പരിഷ്കരണങ്ങളും കൊണ്ടുവരുന്നു എന്നതിരിക്കട്ടെ അതുകൊണ്ടുണ്ടാവുന്ന അപകടകരമായ വിപത്തുകളെ സംബന്ധിച്ച് എന്ത് പഠനമാണ് സർക്കാർ നടത്തിയിട്ടുള്ളത്? ഹെട്രോനോർമെറ്റിവിറ്റിയും, ബൈനറി ജെൻഡർ സങ്കല്പങ്ങളും തകർത്ത രാഷ്ട്രങ്ങളിലെ നിലവിലെ അവസ്ഥയിലേക്ക് എങ്കിലും ആദ്യമൊന്ന് കണ്ണോടിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെവിടെയും കാണാത്ത അത്രയും മനുഷ്യർ lgbtq-വിലെ ഏതൊക്കെയോ ലൈംഗിക സ്വഭാവമാണ് തങ്ങൾക്കെന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുന്നു. മനുഷ്യ ചരിത്രത്തിൽ എവിടെയും കേട്ടിട്ടില്ലാത്ത ജെൻഡറുകൾ സ്വയം ആരോപിക്കുന്നു. അമേരിക്കയിലെ പുതുതലമുറയിൽ ഹെട്രോസെക്ഷ്വൽ അല്ലെന്ന് സ്വയം ആരോപിക്കുന്ന വ്യക്തികളുടെ എണ്ണം വർധിക്കുന്നുവെന്ന് statista global സർവ്വെയുടെ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇതനുസരിച്ച് 1960-ന് മുമ്പ് ജനിച്ചവരിൽ എതിർവർഗ പ്രണയ സ്വഭാവം(hetrosexual) ഉള്ളവരായി 97 ശതമാനത്തെ കാണാമായിരുന്നു എങ്കിൽ ജനറേഷൻ X ഇൽ (1965-1980വരെ കാലത്തിനുള്ളിൽ ജനിച്ചവർ) അത് 94 ശതമാനമായി കുറഞ്ഞിരിക്കുന്നു. മില്ലേണിയൻസിൽ (1981 നും 1996-നുമിടയിൽ ജനിച്ച തലമുറ) hetrosexual മനുഷ്യരുടെ കുറവിൽ പൊടുന്നനെയുള്ള വലിയ ശതമാനം മാറ്റം സംഭവിച്ചതായി കാണാം. 88 ശതമാനമായാണ് ഈ ജനറേഷനിൽ എതിർവർഗ്ഗ അനുരാഗികൾ കുറഞ്ഞിരിക്കുന്നത്.ജനറേഷൻ Z ലും(1997ന് ശേഷം ജനിച്ചവർ) ഈ കുതിച്ചുചാട്ടം പ്രകടമാണ്. ആൺ-പെൺ പ്രണയ സ്വാഭാവികത വെറും 77% ആയികൂടി ജനറേഷൻ z ൽ ചുരുങ്ങി എന്ന് പറയുന്നത് നിസ്സാര സാമൂഹ്യമാറ്റല്ല.(6) ഈ വർഷങ്ങളിൽ എതിർവർഗ്ഗ പ്രണയ സ്വഭാവികത തകരാനുള്ള കാരണങ്ങളെക്കുറിച്ച് പഠിച്ചാൽ ആദ്യം കാണുന്നത് ജെൻഡർ സ്വഭാവങ്ങളെയും, വ്യത്യസ്തതകളെയും നിഷേധിക്കാൻ പണിയെടുത്ത പാശ്ചാത്യ ലിബറൽ സംസ്കാരത്തെയാണ്. യുവതലമുറയിൽ 5% തങ്ങളുടെ ജെൻഡർ ജീവശാസ്ത്രപരമായി ശരീരവുമായി ബന്ധമില്ലാത്ത മറ്റെന്തോ ആണെന്ന് അവകാശപ്പെടുന്നുവെന്ന് പ്യൂ റിസർച്ച് സെൻ്ററിൻ്റെ പഠനവും പറയുന്നുണ്ട്.(7) ജെൻഡർ സവിശേഷതകളെയും, വ്യത്യസ്തതകളെയും നിരാകരിക്കുന്നതും, തോന്നലുകളെല്ലാം സ്വാതന്ത്ര്യവും അത് പ്രാക്ടീസ് ചെയ്യുന്നത് മഹത്തരവുമാണെന്ന് ബ്രെയിൻ വാഷ് ചെയ്യപ്പെട്ടത് തന്നെയാണ് U.S ലെ പുതുതലമുറയിൽ സംഭവിച്ച ഈ മാറ്റങ്ങളുടെയെല്ലാം മൂലകാരണം. ജെൻഡർ ന്യൂട്രൽ വസ്ത്രം ഇടുന്നതുകൊണ്ടൊന്നും ആർക്കും ജെൻഡർ കൺഫ്യൂഷൻ പിടിപെടില്ലെന്ന് ഇന്നും അന്തി ചർച്ചകളിൽ തർക്കിക്കുന്ന ലിബറൽ അവതാരകരെ കാണാം. യാതൊരു പഠനവും നടത്താതെയുള്ള ഈ സംസാരം അന്ധമായ രാഷ്ട്രീയ അടിമത്തത്തിൽനിന്നുമാവാതെ തരമില്ല. അമേരിക്കയിൽ അധികരിക്കുന്ന ജെൻഡർ ട്രാൻസിഷനുകളുടെ നിഴലിൽ ഇതുസംബന്ധിച്ച് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ഥിരമായി തങ്ങളെ കാണുന്ന രൂപത്തിലേക്ക് മാറാനുള്ള ആഗ്രഹം വ്യക്തികളിൽ ഉണ്ടാവാമെന്നും, അത് തൻ്റെ ഇച്ഛയ്ക്ക് അനുസരിച്ച് ശരീരത്തെ സർജറികൾക്ക് വിധേയമാകുന്നതിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നുവെന്നതിനും നിരീക്ഷിക്കാൻ കഴിയുന്ന ഉദാഹരണങ്ങളുണ്ട്.

അത്തരത്തിലൊന്നാണ് സെൽഫി ഡിസ്ഫോറിയ. സെൽഫി ക്യാമറകളിലും സ്നാപ്ചാറ്റിലുമെല്ലാം ഉപയോഗിക്കുന്ന മിഥ്യയായ ഫിൽറ്ററുകൾ വ്യക്തികൾക്ക് നൽകുന്ന സംതൃപ്തിയിൽ നിന്നും തൻ്റെ യഥാർത്ഥ മുഖത്തിലും ശരീരത്തിലും അസംതൃപ്തർ ആകുന്ന മാനസികാവസ്ഥയാണ് സെൽഫി ഡിസ്‌ഫോറിയ.(8) ഈ അസംതൃപ്തി പരിഹരിക്കാൻ ഫിൽട്ടറുകൾക്ക് സമമാകാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയരാകുന്ന ആളുകളുടെയെണ്ണം ചുരുക്കമല്ല. അപ്പോൾ ആൺ വേഷം അടിച്ചേൽപ്പിക്കപ്പെടുന്ന പെൺകുട്ടികളിൽ അത് മാനസിക സ്വീകാര്യത ഉണ്ടാക്കില്ലെന്ന് എന്തുറപ്പിലാണ് ഇവർ പറഞ്ഞു വയ്ക്കുന്നത്? പ്രായപൂർത്തിയെത്തുന്നതിന് മുൻപ് പെൺകുട്ടികളിൽ പ്രത്യേകിച്ച് സ്വന്തം ശരീരത്തെ സംബന്ധിച്ച ആകുലത, നാണം, ചിലപ്പോൾ ജെൻഡർ കൺഫ്യൂഷൻ വരെ ഉണ്ടാവാമെന്നും സ്വാഭാവികമായി തന്നെ പ്രായപൂർത്തി എത്തിയ ശേഷം അത്തരം കൺഫ്യൂഷനുകളിൽ നിന്നും പുറത്ത് കടന്നേക്കുന്നു എന്നുമുള്ള പഠനമുണ്ട്.(9) എന്നാൽ ചില പ്രായത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് സംഭവിക്കാവുന്ന സന്ദേഹങ്ങളെ പോലും ഗ്ലോറിഫൈ ചെയ്ത് അതിൽ തന്നെ തുടരാനാണ് ജെൻഡർ ന്യൂട്രൽ വാദങ്ങൾ പ്രോത്സാനം നൽകുന്നത്. ഇത്തരം ജെൻഡർ രാഷ്ട്രീയങ്ങളുടെ ഭാഗമായി ജെൻഡർ ക്ലിനിക്കുകളുടെ എണ്ണത്തിൽ സംഭവിച്ച വളർച്ച തന്നെ ഈ പരിഷ്‌ക്കരണ വാദങ്ങൾ സമ്മാനിച്ചേക്കാവുന്ന ദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പ് തരുന്നുണ്ട്. 2007-ൽ U.S ൽ ഉണ്ടായിരുന്നത് ഒരു ജെൻഡർ ക്ലിനിക് മാത്രമാണെങ്കിൽ ഇന്നത് മുന്നൂറിന് മുകളിലാണ് എന്ന് irreversible damage എന്ന പുസ്തകത്തിൽ ഗ്രന്ഥകാരി പറയുന്നു. പൊടുന്നനെ നൂറിരട്ടിയിലധികം വളർച്ച ഈ ഭാഗത്ത് ഉണ്ടാകാൻ കാരണം ജെൻഡർ രാഷ്ട്രീയത്തിൻ്റെ വളർച്ചയാണ്. 2017ൽ നിന്നും 2021ൽ എത്തിയപ്പോൾ ജെൻഡർ സർജറിക്ക് സന്ദർശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി എന്ന് പഠനങ്ങൾ പറയുന്നു.(10) പലപ്പോഴും അപകടകരമായ ഈ സർജറിയുടെ ഭാഗമായി മരവിച്ച ശരീരവുമായി ജീവിക്കുകയോ ആത്മഹത്യയിൽ അഭയം തേടേണ്ടി വരുകയോ ചെയ്യുന്നവരുടെ എണ്ണം നിസ്സാരമല്ല.

എതിർ ലിംഗ വസ്ത്രം അണിയുന്നതിൽ നിന്നും ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയാണ് ട്രാൻസ്വെസ്റ്റിക് ഡിസോഡർ. എന്നാൽ അത് പ്രാക്ടീസ് ചെയ്യാൻ അവസരം ഉണ്ടാകാത്തിടത്തോളം ഒരു വ്യക്തിയിൽ ഈ ഡിസോഡർ ഉണർന്നോളണമെന്നില്ല. എന്നാൽ തുടരെത്തുടരെ എതിർലിംഗ വസ്ത്രധാരണത്തെ ഒരു ജനറേഷനിൽ തന്നെ പരീക്ഷിക്കുമ്പോൾ എത്ര പേരെയാണ് അത്തരം ഡിസോർഡറിലേക്ക് തള്ളിയിട്ടേക്കുക? ഇത്തരം നെഗറ്റീവായ അനന്തരഫലങ്ങൾ ഉണ്ടാവില്ല എന്ന് പറയാൻ എന്ത് ശാസ്ത്രീയപഠനമാണ് ഇവർക്ക് മുന്നോട്ടുവയ്ക്കാനുള്ളത് ?

മനുഷ്യരിൽ വലിയൊരു ശതമാനത്തിന് ബൈസെക്ഷ്വൽ സ്വഭാവമുണ്ട്. എന്നാൽ എതിർലിംഗ പ്രണയമാണ് സ്വാഭാവികമെന്ന പൊതുബോധമുള്ള ഒരു സാമൂഹ്യക്രമത്തിനകത്ത് അത്തരം മനുഷ്യർ ഹെട്രോസെക്ഷ്വലുകൾ ആയി തന്നെ തുടരുകയും, സ്വവർഗ്ഗാനുരാഗത്തിലക്ക് പോകാനുള്ള ചോതന അവരിൽ ഉറങ്ങി കിടക്കുകയും ചെയ്യും. എന്നാൽ heteronormativity-യെ തകർക്കുകയും സ്വവർഗരതിയെ വിശുദ്ധവൽക്കരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അത്തരമാളുകൾ കൂടി സ്വവർഗ്ഗ ബന്ധങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ് ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യം നോർമലൈസ് ചെയ്യപ്പെടണമെന്ന് വാശി പിടിക്കാൻ നൈതിക ബോധമുള്ളവർക്ക് എങ്ങനെയാണ് കഴിയുക?

മറ്റൊരു സാധ്യതയായ മാസ് ഹിസ്റ്റീരിയയെ(mass hysteria) കുറിച്ച് കേട്ടിട്ടുണ്ടോ? തെറ്റായ സ്വയം ധാരണകൾ ഒരു കൂട്ടത്തിനു തന്നെ ഉണ്ടാകാവുന്ന അവസ്ഥയാണത്. മറ്റുള്ളവരുടെ ബിഹേവിയറിൽ നിന്നും മാനസിക പ്രേരണ ഉണ്ടാവുകയും തനിക്കും ആ ലക്ഷണമുണ്ടെന്നും തെറ്റിദ്ധരിക്കുന്ന അവസ്ഥ. lgbtq ആക്ടിവിസത്തെ മഹത്വവൽക്കരിക്കുന്നതും, ആഘോഷിക്കുന്നതും അതിൽ അംഗമായി സ്വയം അടയാളപ്പെടുത്തുന്നതിലേക്ക് വ്യക്തികളെ ചെന്നെത്തിക്കാമെന്നും ഇത് പകർച്ചവ്യാധിയെന്നപോലെ തന്നെ വിദ്യാർത്ഥികൾക്കിടയിൽ ഒരു ഹിസ്റ്റീരിയ ആയി പ്രവർത്തിക്കുന്നുവെന്നും irreversible damage എന്ന ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരി Abigail Shrier പറഞ്ഞ് വെക്കുന്നുണ്ട്. ഇതുതന്നെ കേരളത്തിൽ ആവർത്തിക്കില്ലെന്ന് പറയാൻ പരിഷ്കരണ വിദഗ്ധരുടെ ന്യായമെന്താണ്?

ശക്തമായ ഗ്രൂപ്പിൻ്റെ പിന്തുണ ഒരു വ്യക്തിയുടെ അധികാര ബലത്തെ കൂടിയാണ് കാണിക്കുന്നത്. അതിനാൽ സർവസമ്മതിയായ, പ്രബലമായ ഒരു ഗ്രൂപ്പിനൊത്ത് നിൽക്കുകയെന്നത് മനുഷ്യൻ്റെ ഗോത്രീയ മനശ്ശാസ്ത്രമാണ്. lgbtq ആക്ടിവിസത്തിനൊത്ത് തങ്ങളും ലൈംഗിക ന്യൂനപക്ഷമാണ് എന്ന് പ്രഖ്യാപിക്കുന്നവർ വർദ്ധിച്ചു വരുന്നതിൻ്റെ ഒരു കാരണം lgbtq യു.എസിൽ മഹത്വവൽക്കരിക്കപ്പെടുന്ന ഒരു ഗോത്രമായി മാറിയതുകൊണ്ടാണ് എന്ന് പ്രശസ്ത മനശാസ്ത്രജ്ഞനായ ജോർദാൻ പീറ്റേഴ്സൺ നിരീക്ഷിക്കുന്നുണ്ട്. ലൈംഗിക താൽപര്യങ്ങളെ മുൻ നിർത്തി സംഘങ്ങളെ ഉണ്ടാക്കുന്നതും, വ്യക്തികളെ നിർവചിക്കുന്നതും അപകടകരമാണെന്ന് കൂടെ പീറ്റേഴ്സൺ പറഞ്ഞുവയ്ക്കുന്നു. മനുഷ്യരെ ലൈംഗികമായി വേർതിരിക്കുന്ന ഇത്തരം പ്രത്യയശാസ്ത്രങ്ങളെ മലയാളി ക്യാമ്പസുകളിൽ വിശുദ്ധ വൽക്കരിക്കാൻ മത്സരിക്കുന്നവർ തങ്ങൾ എന്തിനാണ് കുട പിടിക്കുന്നത് എന്നെങ്കിലും അറിയുന്നുണ്ടോ!?

സ്വത്വത്തെ സംബന്ധിച്ച ധാരണകൾ രൂപപ്പെട്ടു വരേണ്ട പ്രായത്തിൽ സ്വന്തം ജെൻഡർ നിഷേധം പഠിപ്പിക്കുന്നത് സ്വത്വപ്രതിസന്ധിയിലേക്ക് തന്നെയാണ് വലിച്ചിഴക്കുന്നത്. മസ്തിഷ്കം അതിൻ്റെ മരണം വരെ മനുഷ്യനോടൊപ്പം വികസിക്കുകയും മാറുകയും ചെയ്യുന്ന അവയവമാണ്. തൻ്റെ ജെൻഡർ സ്വത്വത്തിൽ നിന്നും മാറാൻ ഈ കാലയളവിൽ നിർബന്ധിക്കുന്നത് അവൻ്റെ സ്വഭാവരൂപീകരണത്തെയും ബാധിക്കാവുന്നതാണ്.

മസ്തിഷ്കം തൻ്റെ അനുഭവങ്ങൾക്കനുസരിച്ച് സ്വയം പരിഷ്കൃതമാകുന്ന പ്രക്രിയ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന് അറിയപ്പെടുന്നു. സ്ഥിരമായി പോൺ ചിത്രങ്ങൾ കാണുന്നതോ, അതെല്ലെങ്കിൽ ഒരു സ്ഥിര ശീലമോ മനുഷ്യ മസ്തിഷ്കത്തെ അതനുസരിച്ച് മാറ്റുമെന്ന് തെളിയിക്കപ്പെട്ട പഠനങ്ങൾ ഉണ്ട്. സ്വന്തം ജെൻഡർ എക്സ്പ്രഷനുകൾ ഒരു വ്യക്തിയെ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കാത്ത, എതിർലിംഗ വസ്ത്രധാരണം അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു ജനറേഷൻ മസ്തിഷ്കപരമായി ജെൻഡർ കൺഫ്യൂഷനിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള സാധ്യതയും ന്യൂറോ പ്ലാസ്റ്റിസിറ്റിയുടെ അടിസ്ഥാനത്തിൽ കൂടെ ഗവേഷണ വിധേയമാക്കേണ്ടതാണ്. ഇത്തരം അനേക അപകട സാധ്യതകളെ കണ്ടില്ലെന്നു നടിച്ച് ഒരു ജനറേഷനെ തന്നെ ജെൻഡർ കൺഫ്യൂഷനിലേക്ക് തള്ളിയിട്ടിട്ട് ആർക്കെന്ത് കിട്ടാനാണ്? കേവല തോന്നലുകൾക്ക് അനുസരിച്ച് കീറിമുറിക്കുന്ന ശരീരങ്ങളും, പ്രത്യുല്പാദനമോ കുടുംബബന്ധങ്ങളോ സാധ്യമല്ലാത്ത ലൈംഗികതയും കേരളത്തിൻറെ മണ്ണിൽ നോർമലൈസ് ചെയ്യപ്പെടണമെന്ന് ആർക്കാണ് നിർബന്ധം!?

കുറിപ്പുകൾ

(1) Gender expression is how a person publicly expresses or presents their gender. This can include behaviour and outward appearance such as dress, hair, make-up, body language and voice. A person’s chosen name and pronoun are also common ways of expressing gender.
( https://www.ohrc.on.ca/en/policy-preventing-discrimination-because-gender-identity-and-gender-expression/3-gender-identity-and-gender-expression)
(2) Gender dymorphism: Ralls, Katherine; Mesnick, Sarah. “Sexual dimorphism”. Academic Press. 1 (1): 1005–1011.
(3) Fisher, M. L.; Voracek, M. (June 2006). “The shape of beauty: Determinants of female physical attractiveness”. Journal of Cosmetic Dermatology. 5 (2): 190–194. doi:10.1111/j.1473-2165.2006.00249.x. PMID 17173598. S2CID 25660426.
(4) Fors Connolly, Filip; Goossen, Mikael; Hjerm, Mikael (2020-07-01). “Does Gender Equality Cause Gender Differences in Values? Reassessing the Gender-Equality-Personality Paradox”. Sex Roles. 83 (1): 101–113. doi:10.1007/s11199-019-01097-x. ISSN 1573-2762.
(5) Results showed that men prefer working with things and women prefer working with people, producing a large effect size (d = 0.93) on the Things-People dimension. Men showed stronger Realistic (d = 0.84) and Investigative (d = 0.26) interests, and women showed stronger Artistic (d = -0.35), Social (d = -0.68), and Conventional (d = -0.33) interests. Sex differences favoring men were also found for more specific measures of engineering (d = 1.11), science (d = 0.36), and mathematics (d = 0.34)
(https://pubmed.ncbi.nlm.nih.gov/19883140/).
(6) In the Baby Boomer group of participants, 97 percent see themselves as heterosexual. In Generation X, the figure is 94 percent. The first major generational shift can be observed among Millennials. For those born between 1980 and 1994, the figure is 88 percent. Another jump is then made when looking at the Generation Z results – here just 77 percent identify as heterosexual.(https://www.statista.com/chart/27458/lgbtqi–identification-united-states-by-generation-gcs/)
(7) https://www.pewresearch.org/fact-tank/2022/06/07/about-5-of-young-adults-in-the-u-s-say-their-gender-is-different-from-their-sex-assigned-at-birth/
(8) Faking it: how selfie dysmorphia is driving people to seek surgery (https://www.theguardian.com/lifeandstyle/2019/jan/23/faking-it-how-selfie-dysmorphia-is-driving-people-to-seek-surgery)
(9) study in this group, published in 2013, confirms that gender dysphoria does not persist in most children past puberty
(Steensma-2013_desistance-rates)

Do children grow out of gender dysphoria?


(10) https://www.reuters.com/investigates/special-report/usa-transyouth-data/

print

No comments yet.

Leave a comment

Your email address will not be published.