ദഅ്‌വാനുഭവങ്ങൾ -1

//ദഅ്‌വാനുഭവങ്ങൾ -1
//ദഅ്‌വാനുഭവങ്ങൾ -1
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -1

സുവിശേഷകൻ ‘നൽകിയ’ ആത്മാഭിമാനം

“സ്നേഹമാണ് ക്രിസ്തുമാർഗത്തിന്റെ അടിത്തറ. ദൈവം സ്നേഹമാകുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു. ദൈവം പുത്രരൂപത്തിൽ ലോകത്തിലേക്ക് വന്ന് കാൽവരിയിൽ ബലിയായത് അവന്‍ വഴി ലോകം രക്ഷപ്രാപിക്കുവാനാണ്. മനുഷ്യരെല്ലാം പാപികളാണ്. പാപപരിഹാരത്തിന് ബലി ആവശ്യമാണ്. മനുഷ്യരുടെ പാപങ്ങളെല്ലാം ഏറ്റെടുത്ത് കുരിശിൽ ബലിയായിത്തീരുകയാണ് ദൈവപുത്രൻ ചെയ്തത്. തന്റെ പാപങ്ങൾ ഏറ്റുപറയുകയും യേശുക്രിസ്തുവിന്റെ ദിവ്യബലിയിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കെല്ലാം നിത്യജീവനുണ്ട്. പാപപരിഹാരത്തിന് ക്രിസ്തുവിൽ വീണ്ടും ജനിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. യേശുവിൽ വിശ്വസിക്കുക; നമ്മുടെ പാപങ്ങൾക്കായാണ് അവൻ കുരിശിൽ രക്തം ചിന്തിയതെന്ന് ഉൾക്കൊള്ളുക. എന്നാൽ എല്ലാവരും രക്ഷപ്രാപിക്കും. അതിന്ന് മതം മാറുകയൊന്നും വേണ്ടതില്ല. അക്ബറിനും വേണമെങ്കിൽ യേശുവിനെ തന്റെ രക്ഷിതാവായി ഉൾക്കൊള്ളാൻ കഴിയും. അവൻ ചിന്തിയ രക്തം സ്വന്തം പാപങ്ങൾക്കുള്ള പരിഹാരമാണെന്ന് വിശ്വസിച്ചാൽ നിത്യജീവൻ പ്രാപിക്കാം.”

ഒരു സുവിശേഷപ്രസംഗകൻ ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞു തരികയാണ്. പരപ്പനങ്ങാടി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുതുതായി വന്ന ജഡ്ജിയാണ് കക്ഷി. 1984 തുടക്കത്തിലാണ് സംഭവം. അന്നെനിക്ക് പതിനേഴ് വയസ്സ്. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ യുണൈറ്റഡ് ഫാർമസിക്ക് മുകളിലുള്ള നഹാസ് ലോഡ്ജിലാണ് ജഡ്ജിയുടെ താമസം. പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. കോടതി വ്യവഹാരങ്ങൾ കഴിഞ്ഞെത്തിയാൽ ഉടനെ റൂമിലെത്തി വസ്ത്രം മാറ്റിയശേഷം സുവിശേഷപ്രസംഗത്തിന് പോകുന്നയാളായിരുന്നു ജഡ്ജി. മെഡിക്കൽ ഷോപ്പിലാണ് തന്റെ റൂമിന്റെ താക്കോൽ അദ്ദേഹം വെക്കാറുണ്ടായിരുന്നത്. കോളേജ് ഷിഫ്റ്റായതിനാൽ ഉച്ചക്ക് ശേഷം മിക്കവാറും ഞാൻ കടയിലുണ്ടാവും. കടയുടെ എതിർവശത്തെ ബിൽഡിംഗിലാണ് ഐ എസ് എം ഇസ്‌ലാമിക് ലൈബ്രറിയുള്ളത്. 1983 ഡിസംബർ പത്തിന് ചെമ്മാട്ടുണ്ടായ തീപ്പിടുത്തതിൽ ഞങ്ങളുടെ യുനൈറ്റഡ് മെഡിക്കൽ ഹാൾ കത്തി നശിച്ചത്തിന് ശേഷം ഒഴിവ് സമയത്ത് പരപ്പനങ്ങാടിയിലുള്ള അമ്മാവന്റെ മരുന്നുകടയിലേക്ക് പോകുകയായിരുന്നു പതിവ്. കോളേജ് കഴിഞ്ഞെത്തിയാൽ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് അല്പം വിശ്രമിച്ച് കഴിഞ്ഞ ശേഷം അസർ നമസ്കാരത്തിന് പള്ളിയിലെത്തും. അസറിന് ശേഷം മഗ്‌രിബ് വരെ കടയിലും മഗ്‌രിബ് മുതൽ ഇശാ വരെ ലൈബ്രറിയിലും എന്നതാണ് അന്നത്തെ ദിനചര്യ. കടയിലുള്ളപ്പോൾ ജഡ്ജി അവിടെ വരും. റൂമിലേക്ക് പോകുമ്പോൾ താക്കോൽ വാങ്ങുകയും പൂട്ടിപ്പോകുമ്പോൾ തരികയും ചെയ്യും. ക്ളീൻ ഷേവ്; സുമുഖൻ; നല്ല പെരുമാറ്റം; നല്ല വ്യക്തിത്വം. ഇടയ്ക്ക് ദൈവസ്നേഹത്തെക്കുറിച്ചെല്ലാം എന്നോട് പറയും. മുസ്‌ലിംകളും ക്രിസ്ത്യാനികളും സഹോദരങ്ങളാണെന്നും രണ്ട് കൂട്ടരും യേശുവിനെ ആദരിക്കുന്നവരാണെന്നും ഞാൻ തിരിച്ചും പറയും. സൗഹൃദപൂർണമായ വർത്തമാനങ്ങൾ. നല്ല ബന്ധം.

സുവിശേഷകരെ വളരെ ആദരവോടെ കാണുന്ന സന്ദർഭത്തിലാണ് ജഡ്ജിയെ പരിചയപ്പെടുന്നത്. തങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്ന ആദർശം പ്രചരിപ്പിക്കുന്നതിനായി ഒഴിവ് സമയം വിനിയോഗിക്കുന്ന ജഡ്‌ജിയോടും അദ്ദേഹത്തെപ്പോലെയുള്ള സുവിശേഷകരോടും എനിക്കെന്നും ബഹുമാനമാണുള്ളത്. പരപ്പനങ്ങാടി ഇസ്‌ലാമിക് ലൈബ്രറിയിൽ ഒരുമിച്ചുകൂടുന്ന എം എസ് എം- ഐ എസ് എം പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും അർപ്പണമനോഭാവവും ചർച്ചയായി. ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് അങ്ങനെയാണ്. ലൈബ്രറിയിൽ ഇടയ്ക്ക് സന്ദർശിക്കുന്ന എൻ. പി. അലിഹസൻ സാഹിബിന് ക്രിസ്തുമതത്തെക്കുറിച്ച് അത്യാവശ്യം അറിയാമായിരുന്നു. തങ്ങളുടെ കുടുംബക്കാരനായിരുന്നതിനാൽ പ്രവർത്തകരായ ഇ. ഒ സഹോദരങ്ങളുടെ അഭിസംബോധനയെ പിൻപറ്റിക്കൊണ്ട് ഞങ്ങളെല്ലാം സമദ് എളാപ്പയെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ക്രിസ്തുമതപഠനത്തിന്റെ കാര്യത്തിൽ ഐഎസ്എം- എംഎസ്എം പ്രവർത്തകരുടെയെല്ലാം ആദ്യഗുരു സമദ് എളാപ്പയായിരുന്നു. ത്രിയേകത്വം, ദൈവപുത്രസങ്കല്പം, ആദിപാപസിദ്ധാന്തം, പാപപരിഹാരബലി തുടങ്ങിയ ക്രൈസ്തവതയുടെ അടിസ്ഥാനസിദ്ധാന്തങ്ങൾ അദ്ദേഹമാണ് വിശദീകരിച്ചുതന്നത്. ക്രിസ്തുമതത്തെക്കുറിച്ച അടിസ്ഥാനപരമായ അറിവുകൾ അദ്ദേഹത്തിന്റെ സംസാരങ്ങളിൽ നിന്ന് ലഭിച്ചെങ്കിലും അതിൽ സംതൃപ്തനാകാൻ കഴിഞ്ഞില്ല. ഒരു ദർശനത്തെക്കുറിച്ച് പഠിക്കേണ്ടത് ആ ദർശനത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നും അനുയായികളിൽ നിന്നുമാകണം എന്നെനിക്ക് തോന്നി. സുവിശേഷകനായ ജഡ്ജി അടുത്തുതന്നെയുള്ളതിനാൽ അദ്ദേഹത്തെത്തന്നെ നേരിൽ സമീപിച്ച് ക്രിസ്തുദർശനത്തെക്കുറിച്ച് നേർക്കുനേരെ മനസ്സിലാക്കുവാൻ തീരുമാനിച്ചത് അങ്ങനെയാണ്.

ഒരു ദിവസം കടയിൽ വന്നപ്പോൾ ജഡ്ജിയോട് ചോദിച്ചു: “ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കണമെന്നുണ്ട്; സഹായിക്കാമോ?”

അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല. ഒരു മുസ്‌ലിം ചെറുപ്പക്കാരനിൽ നിന്ന് ആദ്യമായാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യം കേൾക്കുന്നതെന്ന് പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അടുത്ത ഒഴിവ് ദിവസം നമുക്ക് വിശദമായി സംസാരിക്കണമെന്ന് പറയുകയും അതിന്നായി തന്റെ റൂമിലേക്ക് ക്ഷണിക്കുകയും ചെയ്തു. പറഞ്ഞ ദിവസം പറഞ്ഞ സമയത്തുതന്നെ ഞാൻ ഒറ്റയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലെത്തി. ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ സുവിശേഷസംസാരമുണ്ടായത് അങ്ങനെയാണ്.

ദൈവസ്നേഹത്തിന്റെ ആഴത്തെക്കുറിച്ച്…
പാപത്തിന്റെ ഭീകരതയെക്കുറിച്ച്…
ആദിമനുഷ്യനിലൂടെ പാപം കടന്നുവന്നതിനെക്കുറിച്ച്….
പാപികളായ മനുഷ്യർക്ക് നിത്യജീവൻ അന്യമാകുന്നതിനെക്കുറിച്ച്…
യാഗത്തിലൂടെ മാത്രമേ പാപം പരിഹരിക്കപ്പെടൂവെന്ന പഴയനിയമതത്ത്വത്തെക്കുറിച്ച്…
മനുഷ്യരോടുള്ള സ്നേഹത്താൽ ദൈവം പുത്രരൂപത്തിൽ അവതരിച്ചതിനെക്കുറിച്ച്….
സ്വയം യാഗമായിത്തീർന്ന് മനുഷ്യർക്ക് പാപങ്ങളിൽ നിന്ന് വിടുതൽ നൽകിയതിനെക്കുറിച്ച്…
ക്രൂശീകരണത്തിലൂടെ നടന്ന മനുഷ്യവിമോചനത്തെക്കുറിച്ച്….
ക്രൂശീകരണത്തിൽ വിശ്വസിച്ച് നിത്യജീവൻ പ്രാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്….

അര മണിക്കൂറോളം നീണ്ട ഒരു സുവിശേഷപ്രസംഗം തന്നെയായിരുന്നു അദ്ദേഹം നടത്തിയത്. ആത്മാർത്ഥമായ വർത്തമാനം. പാപത്തിന്റെ കെടുതിയിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന ഗുണകാംക്ഷയുൾക്കൊള്ളുന്ന നല്ല സംസാരം. സമദ് എളാപ്പ പറഞ്ഞുതന്ന പാപപരിഹാരസിദ്ധാന്തമെന്ന ക്രൈസ്തവതയുടെ അടിസ്ഥാനതത്ത്വം തന്നെയായിരുന്നു ആ സുവിശേഷകന്റെ നാവിലൂടെയും കേട്ടത്. സംസാരത്തിന് വിരാമമിട്ടപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു:

“അപ്പോൾ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ മനുഷ്യരെല്ലാം പാപത്തിൽ തന്നെ കഴിയേണ്ടി വരുമായിരുന്നു, അല്ലേ?”

“അതെ….”

വീണ്ടും പതിനഞ്ച് മിനുട്ടിലധികമെടുത്ത് ക്രൂശീകരണത്തിലൂടെ നടന്ന പാപപരിഹാരത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു; ഏറെ ആവേശത്തോടെ… അതിലേറെ പ്രതീക്ഷയോടെ….

“എങ്കിൽ…” അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി; ഞാൻ ചോദിച്ചു:

“നമ്മെയെല്ലാം പാപത്തിൽ നിന്ന് രക്ഷിച്ചതിന് നന്ദി പറയേണ്ടത് യൂദാസിനോടും പിലാത്തോസിനോടുമല്ലേ? യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തിട്ടില്ലായിരുന്നുവെങ്കിൽ, പീലാത്തോസിന്റെ പടയാളികൾ അദ്ദേഹത്തെ ക്രൂശിച്ചില്ലായിരുന്നുവെങ്കിൽ നമ്മളെല്ലാം ഇപ്പോഴും പാപത്തിൽ തന്നെ കഴിയേണ്ടി വരുമായിരുന്നില്ല?”

സമദ് എളാപ്പയിൽ നിന്ന് ലഭിച്ച ക്രൈസ്തവവിമർശനത്തിന്റെ ആദ്യത്തെ അമ്പ് തൊടുത്തത് ജഡ്ജിയിൽ നിന്ന് യുക്തമായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടായിരുന്നു. എന്നാൽ എന്റെ ചോദ്യത്തിന് മുമ്പിൽ അദ്ദേഹം പകച്ചു നിൽക്കുന്നതാണ് കണ്ടത്. അത്തരമൊരു ചോദ്യം എന്നിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ ആവേശം തണുത്തു. സംസാരത്തിന് ഒഴുക്ക് നഷ്ട്ടപ്പെട്ടു. പരസ്പരബന്ധമില്ലാത്ത കുറെ വാചകങ്ങളാണ് പിന്നെ അദ്ദേഹത്തിൽ നിന്ന് കേട്ടത്. അവസാനം അദ്ദേഹം പറഞ്ഞു: ” എനിക്ക് അല്പം തിരക്കുണ്ട്; നമുക്ക് പിന്നീട് കാണാം”

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി ഞാൻ ജഡ്ജിയുടെ മുറിയിലെത്തി. കാര്യമായ ആവേശമൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും അല്പസമയം സംസാരിക്കാൻ അദ്ദേഹം തയ്യാറായി. കുറെ സംസാരിച്ചെങ്കിലും ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിൽ നിന്ന് സമർത്ഥമായി അദ്ദേഹം ഒഴിഞ്ഞു മാറി. ഞാനാണെങ്കിൽ പല രീതികളിൽ അതേ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടേയിരുന്നു. സമയമില്ലെന്നും തിരക്കുകളുണ്ടെന്നും സംസാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഇസ്‌ലാമിലെ പാപപരിഹാരതത്വവും രക്ഷാസന്ദേശവും എനിക്ക് അറിയാവുന്ന രീതിയിൽ പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ സംഭാഷണം നിർത്തി തിരിച്ചുപോന്നു. പിന്നീട് പല തവണ അദ്ദേഹവുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും സമയമില്ലെന്നും തിരക്കുകളുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

ഇസ്‌ലാമിനെക്കുറിച്ച് വല്ലാത്ത അഭിമാനബോധമുണ്ടാക്കിയ അനുഭവമായിരുന്നു അത്. ദിവസേന സുവിശേഷപ്രഭാഷണത്തിന് പോകുന്ന ഒരാൾക്ക് പോലും അവരുടെ അടിസ്ഥാനാദർശത്തെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനാകുന്നില്ലെന്ന അനുഭവം സ്വന്തത്തെയും സ്വന്തം ആദർശത്തെയും കുറിച്ച് ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്. മദ്രസയിൽ നിന്നും വീട്ടിൽ നിന്നും മതപഠനക്ലാസുകളിൽ നിന്നും മാത്രം ഇസ്‌ലാമികമായ അറിവുകൾ ലഭിച്ച ഒരാൾക്ക് പോലും ഇസ്‌ലാമിന്റെ അടിസ്ഥാനാദർശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുമ്പിൽ ഇങ്ങനെ ഉത്തരം മുട്ടേണ്ടിവരികയില്ലെന്ന് സ്വന്തത്തെ അപഗ്രഥിച്ചപ്പോൾ തന്നെ ബോധ്യമായി. ഇസ്‌ലാമാണ് സത്യമെന്ന വസ്തുത പരമ്പരാഗതമായി പകർന്നുകിട്ടിയ കേവലമൊരു വിശ്വാസമെന്നതിലുപരിയായി സ്വന്തം അനുഭവമായിത്തീർന്ന ആദ്യത്തെ സംഭവമാണിതെന്നാണ് ഓർമ്മ. മുസ്‌ലിംകളല്ലാത്തവർക്കിടയിലുള്ള ആദർശപ്രബോധനസംരംഭങ്ങളിലേക്ക് കാലെടുത്തുവെക്കാൻ പ്രചോദകമായിത്തീർന്ന ആദ്യത്തെ സംഭവം. പരമ്പരാഗതമായി പകർന്നുകിട്ടിയ കേവലമായ ആശയങ്ങളല്ല, ആത്മവിശ്വാസത്തോടെ ആരുടെ മുന്നിലും അവതരിപ്പിക്കുവാൻ കഴിയുന്ന ആദർശമാണ് താൻ ഉൾക്കൊള്ളുന്നതെന്ന അനുഭവങ്ങൾ നൽകുന്ന ബോധ്യമാണ് ഒരാളിൽ ഇസ്‌ലാമിനെക്കുറിച്ച അഭിമാനബോധമുണ്ടാക്കുന്നത്. പ്രബോധനരംഗത്തെ പടവുകൾ കയറാൻ കാര്യമായി കയ്യിലുണ്ടായിരുന്ന പാഥേയം ഈ അഭിമാനബോധമാണ്. അപഹാസങ്ങൾക്കും വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമൊന്നും താനുൾക്കൊള്ളുന്ന ആദർശത്തെ തകർക്കാൻ കഴിയില്ലെന്ന ഉറപ്പിൽ നിന്നുണ്ടാവുന്ന അഭിമാനബോധം. പ്രബോധകന് ആദ്യമായുണ്ടാവേണ്ടത് ഈ അഭിമാനബോധമാണെന്നാണ് എന്റെ പക്ഷം. അതെനിക്ക് ആദ്യമായി പകർന്നുകിട്ടിയത് ഒരു സുവിശേഷകനുമായുള്ള സംസാരത്തിൽ നിന്നാണ്. ദഅ്‌വാനുഭവങ്ങളുടെ ഒന്നാമത്തെ അദ്ധ്യായം !

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • Useful Experience incident

    Basheer Kalathil 27.06.2023
  • Maashah Allah

    ABDUL GAFOOR NALLATTUTHODIKA 27.06.2023
  • Waiting for next

    Mashallah

    Abdul shukoor M 28.06.2023

Leave a comment

Your email address will not be published.