നബിചരിത്രത്തിന്റെ ഓരത്ത് -42

//നബിചരിത്രത്തിന്റെ ഓരത്ത് -42
//നബിചരിത്രത്തിന്റെ ഓരത്ത് -42
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -42

ചരിത്രാസ്വാദനം

രജതരേഖകൾ

ശോകവര്‍ഷത്തെത്തുടര്‍ന്നുള്ള തീര്‍ത്ഥാടന കാലം വന്നണഞ്ഞത് ഗ്രീഷ്മം ജ്വലിച്ചുനിന്ന ജൂൺ മാസത്തിലാണ്. പതിവുപോലെ, അറേബ്യയുടെ അറ്റങ്ങളിൽ നിന്നുവരെ തീർത്ഥടകരെത്തിക്കൊണ്ടിരുന്നു.

കുറയ്‌ശി ചെറുപ്പക്കാരും മുതിർന്നവരുമുൾപ്പെടുന്ന സന്നദ്ധ സംഘങ്ങൾ അതിരുകളിൽ അരിപ്പപോലെ കാവൽ തീർത്തു. മക്കയിലെത്തുന്ന ‘കഥയറിയാത്ത’ അറബികൾ മുഹമ്മദിന്റെ വാഗ്ധാടിയിൽ ആകൃഷ്ടനായി അയാളുടെ പുതുമതത്തിലേക്ക് വഴുതിപ്പോകാൻ സാധ്യതയുണ്ട്; മക്കക്കാരുടെ സമൂഹ മനസ്സിനെ ഗ്രസിച്ച ആധി അകാരണമെന്ന് പറഞ്ഞുകൂടാ, വഴിതെറ്റിയതിന് ഉദാഹരണങ്ങളനവധിയുണ്ടല്ലോ. മക്കയുടെ അതിരുകളിൽ വെച്ചുതന്നെ, പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് തീർത്ഥാടകർക്ക് മുന്നറിവു കൊടുക്കുകയാണ് സന്നദ്ധ സംഘങ്ങളുടെ ദൗത്യം.

ദൗസ് ഗോത്രത്തിന്റെ പരിണതപ്രജ്ഞനായ കുലപതിയാണ് തുഫെയ്ൽ ബിൻ അംറ്. എണ്ണമറ്റ നന്മകളുടെ കേദാരം. വിശന്നവനെ ഊട്ടി, ആലംബഹീനന് തണിയേകി, അശരണന് അഭയമേകി. സാഹിത്യത്തിന്റെ മർമ്മമറിഞ്ഞ സർഗധനനും അതിസൂക്ഷ്മമായി സംവേദനം ചെയ്യപ്പെടുന്ന വികാരങ്ങൾ പോലും കൃത്യമായി ആവിഷ്കരിക്കാനറിയാവുന്ന കവിയുമാണ് തുഫെയ്ൽ. അക്കൊല്ലത്തെ വേനൽക്കാലത്ത് സ്വദേശമായ തിഹാമയിൽ നിന്ന് യാത്ര ചെയ്ത് മക്കയിൽ പ്രവേശിക്കുകയാണയാൾ. പ്രവാചകനെതിരെ കുറയ്ഷ് നടത്തുന്ന അങ്കങ്ങളെക്കുറിച്ചുള്ള കഥയൊന്നുമറിയാതെ, തീർത്തും നിരായുധനായി, തുഫെയ്ൽ കളരിയുടെ നടുവിൽ ചെന്നുചാടി. അജ്ഞാതനായ ശത്രുവിനെതിരിൽ വില്ലിൽ കുലയേറ്റി ശരമുതിർക്കാനായിരുന്നില്ലല്ലോ അയാൾ തിഹാമയിൽ നിന്ന് മക്കയിലെത്തിയത്. തുഫെയ്ൽതന്നെ അക്കഥ പറയട്ടെ:

“ഞാൻ മക്കയിൽ പ്രവേശിച്ചതേയുള്ളൂ, മക്കക്കാർ ഹൃദ്യമായെന്നെ സ്വീകരിച്ചു, വലിയൊരു വീട്ടിൽ എനിക്ക് താമസമൊരുക്കി. അവരിലെ നേതാക്കളും കുലീനരുമായ ഒരു സംഘം വൈകാതെ അവിടെയെത്തി. “തുഫെയ്ൽ, താങ്കൾ ഞങ്ങളുടെ നഗരത്തിലെത്തിയിരിക്കുകയാണ്. അതിനാൽ, എല്ലാ തരത്തിലുമുള്ള അപകടങ്ങളിൽ നിന്നും താങ്കളെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. താൻ പ്രവാചകനാണെന്നവകാശപ്പെടുന്നൊരാളുണ്ട് മക്കയിലിപ്പോൾ, ഞങ്ങളുടെ അധികാരം തകർക്കുക മാത്രമല്ല, ഒന്നായിരുന്ന ഞങ്ങളുടെ സമുദായത്തെ അയാൾ പലതായി ഭഞ്ജനം ചെയ്തിരിക്കുകയാണ്. സ്വന്തം സമുദായത്തിനു മേൽ ഇപ്പോൾ താങ്കൾക്കുള്ള അധികാരവും അയാൾ തകർത്തുകളയുമോ എന്ന് ഞങ്ങൾ ഭയക്കുന്നു.

അയാൾ താങ്കളുടെയടുത്തുമെത്തും, അയാൾക്ക് പിടികൊടുക്കരുത്, അയാൾ പറയുന്നതൊന്നും കേൾക്കരുത്. ആഭിചാരക്കാരന്റെ വശീകരണ ശക്തിയുണ്ടയാളുടെ വാക്കുകൾക്ക്. പിതാവിനും പുത്രനുമിടയിലും, ജ്യേഷ്ഠനും അനിയനുമിടയിലും, ഭർത്താവിനും ഭാര്യക്കുമിടയിലും ശൈഥില്യങ്ങളുണ്ടാക്കാനയാൾക്കാകുന്നുണ്ട്. അത്തരമനേകം സംഭങ്ങൾ ഉദാഹരണ സഹിതം അവർ എന്റെ മുമ്പിൽ നിരത്തി.

അടുത്ത പ്രഭാതത്തിൽ പ്രദക്ഷിണം ചെയ്യാനായി ഞാൻ കഅ്ബാലയത്തിലെത്തി. സമുദായഭഞ്ജകന്റെ ശല്യത്തിൽ പെടാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ ഞാനെന്റെ കാതുകളിൽ പഞ്ഞി തെറുത്തുവച്ചിരുന്നു. കുറയ്ഷ് മുന്നറീപ്പ് നൽകിയപോലെ, മുഹമ്മദിനെ ഞാനവിടെ കണ്ടു. ഒറ്റനോട്ടത്തിൽ തന്നെ ആളെ മനസ്സിലാവുകയും ചെയ്തു. അയാളുടെ പ്രാർത്ഥനാരീതികൾ ഞങ്ങളുടേതിൽ നിന്നും തീർത്തും വേറിട്ടതായിരുന്നു. അരുതെന്ന് സ്വയം വിലക്കിയിട്ടും അറിയാതെ എന്റെ ദൃഷ്ടി അയാളിൽ കേന്ദ്രീകരിച്ചു. പ്രാർത്ഥനയെന്നല്ല, കരണപ്രതികരണം അയാൾ ഞങ്ങളിൽ നിന്ന് വ്യത്യസ്തനായിരുന്നു. കുലീനതയും മാന്യതയും അംഗപ്രത്യംഗം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നെ ആരോ അയാളിരുന്ന ഭാഗത്തേക്ക് പിടിച്ചുവലിക്കുന്നതുപോലെ തോന്നി; ഇതാ ഞാനയാളുടെ തൊട്ടടുത്ത്.

ഞാനെടുത്തിരുന്ന മുൻകരുതലുകൾ വൃഥാവിലായി. മുഹമ്മദ് പറയുന്നത് എന്റെ കർണപുടങ്ങളിലെത്തണം എന്നത് അല്ലാഹുവിന്റെ നിശ്ചയമാണ്. എത്തുക മാത്രമല്ല, അവ ഹൃദയത്തിൽ ചില കമ്പനങ്ങൾ തീർക്കുകയും ചെയ്തു. “നീ എന്താണീ കാണിക്കുന്നത് തുഫെയ്ൽ? സർഗധനനും വിചാരശീലനും ധിഷണാശാലിയുമായൊരു കവിയാണു നീ, കവിതകളിൽ നല്ലതേത്, തിയ്യതേത് എന്ന് തിരിച്ചറിയാനുള്ള ശേഷി നിനക്കുണ്ട്. ഈ മനുഷ്യന് പറയാനുള്ളത് കേൾക്കുന്നതിൽ നിന്ന് നിന്നെ തടയുന്നതെന്ത്? കേട്ട് നോക്കുക, നല്ലതെങ്കിൽ സ്വീകരിക്കൂ, മറിച്ചാണെങ്കിൽ വിട്ടേക്കുക, അത്രതന്നെ. എന്റെ അന്തഃകരണം മന്ത്രിച്ചു. അങ്ങനെയാണ് ഞാനവിടെതന്നെ നിന്നുപോയത്.

കണ്ണെടുക്കാതെ ഞാനദ്ദേഹത്തിന്റെ ചലനങ്ങൾ നോക്കിനിന്നു. തെല്ലിട കഴിഞ്ഞ് അദ്ദേഹം അവിടന്നിറങ്ങി നടന്നു, ഞാൻ പിറകെയും. അദ്ദേഹം വീട്ടിലെത്തി. സമ്മതം ചോദിച്ച് ഞാനും കേറി. “മുഹമ്മദ്, ഞാൻ മക്കയിലെത്തിയപ്പോൾ താങ്കളെക്കുറിച്ച് ഇന്നാട്ടുകാർ എനിക്ക് ചില മുന്നറീപ്പുകൾ നൽകിയിരുന്നു. എന്റെ ഉള്ളം ഭയത്താൽ നിറഞ്ഞിരുന്നു. എന്റെ കാതുകളിൽ പഞ്ഞി തെറുത്തുവച്ചായിരുന്നു ഞാനിന്ന് കഅ്ബയെ പ്രദക്ഷിണം ചെയ്യാനെത്തിയത്. എന്നാൽ അല്ലാഹുവിന്റെ നിശ്ചയം മറ്റൊന്നാണ്. അതിനാൽ താങ്കളുടെ ദൗത്യം എന്നെ കേൾപ്പിച്ചാലും.” ഞാൻ പറഞ്ഞു.

നബി കുർആനിൽ നിന്നുദ്ധരിച്ചു:
“അല്ലാഹുവിന്റെ നാമത്തിൽ; അതീവകാരുണികൻ, കരുണക്കടൽ.
പറയുക, അവൻ അല്ലാഹുവാണ്.
അല്ലാഹു പരാശ്രയരഹിതനാണ്.
അവൻ ജനകനല്ല, ജാതനുമല്ല.
അവനു തുല്യനായി ആരുമില്ല.”

മറ്റൊരധ്യായം കൂടി ഉരുവിട്ടു:
“അല്ലാഹുവിന്റെ നാമത്തിൽ; അതീവകാരുണികൻ, കരുണക്കടൽ.
പറയുക, പുലരിയുടെ നാഥനിൽ ശരണം.
അവന്റെ സൃഷ്ടികളിൽ സകലതിന്റെയും ശല്യങ്ങളിൽ നിന്ന്,
ഇരുൾ മൂടിയാലുള്ള രാവിന്റെ ദോഷങ്ങളിൽ നിന്ന്,
കുരുക്കുകളിലൂതുന്നവരുടെ ദുഷ്ടതയിൽ നിന്ന്,
അസൂയാലു അസൂയ പുലർത്തുമ്പോഴുണ്ടാകുന്ന ദുഷ്ടതയിൽ നിന്ന്.”

ഞാൻ സ്തബ്ധനായി ഇരുന്നുപോയി. മന്ദ്രസ്ഥായിയിൽ ഒഴുകിയെത്തുന്ന സൂക്തങ്ങൾ ഹൃദയതന്തുക്കളിൽ തട്ടി കടലിരമ്പം തീർത്തു. അത്രമേൽ തെളിഞ്ഞൊഴുകുന്ന വചനധാരയിൽ എന്റെ മനസ്സ് മുമ്പെങ്ങും മുങ്ങി നിവർന്നിട്ടില്ല. അവിടെ വെച്ച്, അതേനിമിഷം ഞാനെന്റെ വിശ്വാസപ്രഖ്യാപനം നടത്തി.”

തുഫെയ്ൽ പിന്നീട് തന്റെ നാട്ടിലെത്തി പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു.

അക്കൊല്ലത്തെ ഹജ്ജ് വേളയിൽ പ്രതീക്ഷയുടെ മാനത്ത് രജതരേഖകൾ പിന്നെയും പ്രത്യക്ഷപ്പെട്ടു. അല്ലാഹുവിന്റെ നിശ്ചയമറിയാതെ ഓരോന്ന് കണക്കു കൂട്ടി കരുക്കൾ നീക്കുന്ന മനുഷ്യൻ പലപ്പോഴും പകച്ചുപോകുന്നു. പക്ഷേ, വിശ്വാസി നിരാശനാകുന്നേ ഇല്ല. വിശ്വാസപ്രോക്തമായ പ്രതീക്ഷയുടെ വെളിച്ചം അയാളെ നയിച്ചുകൊണ്ടേ ഇരിക്കും. അത്ഭുതമാണ് വിശ്വാസിയുടെ കാര്യം, അനുഗ്രഹത്തിലും പരീക്ഷണത്തിലും അയാൾക്ക് ലഭിക്കുന്നത് നന്മ തന്നെ.

തീര്‍ത്ഥാടകര്‍ മൂന്ന് ദിനങ്ങള്‍ ചെലവിടാറുള്ള മിനാ താഴ്‌വാരത്തില്‍ പ്രവാചകനെത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ പതിവാണിത്. ഹജ്ജിനായി മക്കയിലെത്തുന്ന സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നിടത്തെത്തി തന്റെ സന്ദേശം പ്രഘോഷണം ചെയ്യും; സ്വീകരിക്കുന്നവര്‍ സ്വീകരിക്കട്ടെ. കുര്‍ആന്‍ സൂക്തങ്ങള്‍ അവര്‍ക്കുമുമ്പില്‍ ഓതിക്കൊടുത്തു. മക്കയോടേറ്റവും അടുത്ത മിനാ പ്രദേശം അകബയാണ്. അവിടെവെച്ച് മക്കയിലേക്കു പോകുന്ന കുത്തനെയുള്ള പാത ആരംഭിക്കുകയായി.

അക്കൊല്ലം അകബയില്‍ വെച്ച് നബി യസ്‌രിബിലെ ഖസ്‌റജ് ഗോത്രക്കാരായ ഒരു സംഘത്തെ കണ്ടു. അവര്‍ ആറുപേരുണ്ടായിരുന്നു. ആറുപേരില്‍ ഒരാൾപോലും അദ്ദേഹത്തിന് പരിചയമുള്ളവരായിട്ടില്ല. എന്നാല്‍ അവരുടെ സ്ഥിതി അതല്ല, ആറുപേരും നബിയെക്കുറിച്ച് കേട്ടിട്ടുണ്ട്; അദ്ദേഹത്തിന്റെ പ്രവാചകത്വവാദത്തെക്കുറിച്ചും അവര്‍ക്ക് നന്നായറിയാം, താനാരാണെന്ന് അവരോട് പറഞ്ഞതും അവരുടെ കണ്ണുകൾ വിടർന്നു, സാകൂതം അവര്‍ നബിയെ ശ്രവിച്ചു. ”പ്രവാചകനൊരാൾ അവതീര്‍ണനാകാന്‍ സമയമായി, ഞങ്ങള്‍ അദ്ദേഹത്തെ അനുധാവനം ചെയ്യും. എന്നിട്ട് നിങ്ങളുടെ കഥ കഴിക്കും; ആദും ഇറമും കഥ കഴിക്കപ്പെട്ടപോലെ” എന്ന് തങ്ങളുടെ അയല്‍ക്കാര്‍ അഥവാ യസ്‌രിബിലെ യഹൂദന്മാർ തങ്ങൾക്കുനേരെ വിരൽചൂണ്ടി ഭീഷണിമുഴക്കാറുള്ളത് അവരോര്‍ത്തു.

പ്രവാചകന്‍ തന്റെ വിശദീകരണം പൂര്‍ത്തിയാക്കിയതോടെ അവര്‍ മുഖാമുഖം നോക്കി. ”യഹൂദർ പറയാറില്ലേ, ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച്? ആ പ്രവാചകന്‍ തീര്‍ച്ചയായും ഇദ്ദേഹമാണ്. അവരാകരുത് അദ്ദേഹത്തിന്റെയടുക്കൽ ആദ്യമെത്തുന്നവര്‍!” പിന്നീടവര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. പ്രവാചകൻ കിറുകിറുത്യം അവക്കുത്തരവും നല്‍കി. ഇനിയവര്‍ ശങ്കിച്ചു നില്‍ക്കുന്നില്ല. പ്രവാചകന്റെ ചുണ്ടുകളില്‍ നിന്ന് നിരങ്കുശമൊഴുകിയ ദിവ്യപ്രോക്തമായ വചനങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ അവര്‍ക്കു മുമ്പിൽ ഒരു കാരണവും അവശേഷിക്കുന്നില്ല. അതുകൊണ്ടാണവര്‍ സാക്ഷ്യവാക്യം ചൊല്ലി മുസ്‌ലിംകളായത്; അനുക്രമമായി കൂടിവന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഒരു ചെറിയ കുതിപ്പ്. മുസ്‌ലിംകളാകുന്നതിനുള്ള നിബന്ധനകളും മുന്നൊരുക്കങ്ങളും നബി അവര്‍ക്ക് വിശദീകരിച്ച് കൊടുത്തുകഴിഞ്ഞിരുന്നു.

”നാട്ടിൽ ഞങ്ങളുടെ ആളുകളോളം പരസ്പര ശത്രുത കൊണ്ട് തകർന്നു ക്ഷയിച്ചു പോയ ഒരു ജനതയും ഭൂമുഖത്തില്ല, അല്ലാഹു താങ്കളിലൂടെ അവരെ തമ്മിലിണക്കിയെങ്കിലൊ! ഞങ്ങള്‍ അവരുടെയടുത്തേക്ക് തിരിച്ച് ചെല്ലുകയാണ്. എന്നിട്ട് ഞങ്ങള്‍ സ്വീകരിച്ച മതം സ്വീകരിക്കാന്‍ അവരോടാവശ്യപ്പെടും. അല്ലാഹു അവരെ താങ്കള്‍ക്കു ചുറ്റും അണിനിരത്തുകില്‍ താങ്കളെക്കാള്‍ ശക്തനൊരാളും അറേബ്യയിൽ ഉണ്ടായിരിക്കുകയില്ല.” യസ്‌രിബിലെ പുരാതന ഔസ് ഖസ്റജ് ഗോത്രങ്ങൾക്കിടയിലെ നിതാന്തശാത്രവത്തെ സൂചിപ്പിച്ച് സംഘത്തിന്റെ നേതാവ് പറഞ്ഞു.

പ്രവാചജീവിതത്തിൽ പുതിയ രജതരേഖ തെളിഞ്ഞുവരുന്നു, ജീവിതരേഖ ചെറുതായൊന്ന് തുടുത്തുവരുന്നുണ്ട്.

പ്രിയപത്‌നി ഖദീജ മരണമടഞ്ഞശേഷം പ്രവാചകന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഖൗലയാണ്; അന്തരിച്ച ഉസ്മാന്‍ ബിന്‍ മദ്ഊന്റ വിധവ ഖൗല. ഖദീജ ജീവിച്ചിരിക്കെ നിറഞ്ഞു നിന്നിരുന്ന വീട് ഇന്ന് ആളൊഴിഞ്ഞൊരു നിശ്ശബ്ദ ഭവനമാണ്. മക്കൾ ഉമ്മുകുൽസൂമും ഫാത്വിമയും അവിടെയുണ്ട്. മൂത്തമകൾ സെയ്നബ് ഭർതൃഗൃഹത്തിലാണ്. രണ്ടാമത്തെയാൾ റുകയ്യ ഭർത്താവ് ഉസ്മാനൊപ്പം അബിസീനിയയിലും.

ഖൗല ഇടക്കിടെ പ്രവാചകനെ പുനര്‍വിവാഹത്തിനു വേണ്ടി നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഒടുവിലൊരുനാള്‍ പ്രവാചകന്‍ അവരോടു ചോദിച്ചു, ”ഖൗലാ, ഞാനാരെ വിവാഹം ചെയ്യും?” ഈ ചോദ്യവും അതിനുള്ള ഉത്തരവും ഖൗല മുമ്പേ മനസ്സിൽ സ്വരൂപിച്ചിട്ടുണ്ട്, എടുത്തടിച്ചപോലെ അവര്‍ പറഞ്ഞു, ”ഒന്നുകില്‍ അബൂബക്‌റിന്റെ മകള്‍ ആഇഷയെ അതല്ലെങ്കില്‍, സമഅയുടെ മകള്‍ സൗദയെ.”

ആയിഷ കുട്ടിയായിരുന്നു. വിവാഹം കഴിഞ്ഞാൽതന്നെ കുറച്ചുകൂടി മുതിരുന്നതുവരെ അവൾക്ക് പ്രവാചകന്റെ വീട്ടിൽ താമസിക്കാനാവില്ല. സൗദ മുപ്പതു കഴിഞ്ഞ വിധവയാണ്. ആദ്യ കാലത്തുതന്നെ ഇസ്‌ലാമിലേക്കു കടന്നുവന്ന് കുറയ്‌ശികളുടെ താപകോപങ്ങളേറ്റുവാങ്ങി അവരുടെ താഡനപീഡനങ്ങള്‍ക്ക് വിധേയനായ സാധാരണക്കാരനായ മുസ്‌ലിമിന്റെ സാധാരണക്കാരിയായ ഭാര്യയായിരുന്നു അവൾ. അംറിന്റെ മകൻ സക്‌റാനായിരുന്നു അവളുടെ ഭര്‍ത്താവ്. ഇരുവരും അബിസീനിയയിലേക്ക് പലായനം ചെയ്തതിനു ശേഷം ആദ്യം മക്കയിൽ തിരിച്ചെത്തിയ കൂട്ടത്തിലാണ്. അധികം താമസിയാതെ സക്‌റാന്‍ മരണമടഞ്ഞു.

അക്കാലത്തൊരു സ്ത്രീ വിവാഹത്തിനായി പരിഗണിക്കപ്പെട്ടിരുന്ന എല്ലാ സൂചികകളിലും സൗദ വളരെ പിന്നിലാണ്. കുലമഹിമ, സമ്പത്ത്, പ്രായം, സൗന്ദര്യം, ആരോഗ്യം… എല്ലാ മാനദണ്ഡങ്ങളിലും സൗദ പ്രാന്തസ്ഥാനീയയാണ്. ഇരുണ്ട നിറം, ദാരിദ്ര്യം കശക്കിയ ശരീരം, ആലംബമറ്റ വിധവ, നാലഞ്ച് മക്കളുടെ മാതാവ്, പോരാത്തതിന്, വേട്ടയാടപ്പെടുന്ന ഒരു വിശ്വാസിസമൂഹത്തിലെ അംഗവും.

”ആകട്ടെ, നിങ്ങള്‍ ആലോചിക്കൂ” – നബി പറഞ്ഞു.

ഖൗലയിൽ നിന്ന് വിവരമറിഞ്ഞതും സൗദയുടെ കണ്ണുകൾ കൂമ്പി അശ്രു പൊഴിച്ചു. പ്രവാചകന്റെ പത്‌നിയാകുന്നതില്‍ അവൾക്ക് സന്തോഷമേയുള്ളൂ. ”അല്ലാഹുവിന്റെ ദൂതരേ, അങ്ങയെ സേവിക്കാന്‍ ഞാനിതാ ഒരുക്കമാണ്.” അവൾ പറഞ്ഞു.

”എനിക്ക് നിങ്ങളെ വിവാഹം ചെയ്തുതരുവാനായി ഒരാളെ കൊണ്ടുവരൂ.” നബി ആവശ്യപ്പെട്ടു. അവൾ തന്റെ ബന്ധുവായ ഹാത്വിബിനെ നിർദ്ദേശിച്ചു.

മക്കക്കാർ ആശ്ചര്യപ്പെട്ടു. നബി വിധുരജീവിതം നയിച്ചുകൊണ്ടിരിക്കെ, എത്രയോ കുടുംബങ്ങളിൽ നിന്നുള്ളവർ, അവരുടെ സ്വകാര്യ നിമിഷങ്ങളിൽ, തങ്ങളുടെ മകൾക്ക് അഥവാ, തങ്ങൾക്കുതന്നെ നബിയുടെ ജീവിതത്തിൽ ഖദീജക്ക് പകരം നിൽക്കാൻ കഴിയുമോ എന്നാലോചിച്ചിട്ടുണ്ട്. നബിയോടത് ചോദിക്കാനുള്ള ധൈര്യം പോരാതെ സമയമാകാൻ കാത്തിരിക്കുകയായിരുന്നു. ആ സ്ഥാനത്താണ് സൗദയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. മനസ്സലിവുകളുടെ നടുനായകനായ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ കിടയറ്റ അന്തസ്സിന്റെ പരാഗം വീണുകിടക്കുന്നുണ്ടെന്നവർക്കറിയാം. അദ്ദേഹത്തെപ്രതി ജനമനസ്സിലുള്ള ആദരവ് ചലിതബാണം പോലെ മേലോട്ടുയർന്നു.

മകളെ നബിക്ക് വിവാഹം ചെയ്തുകൊടുക്കാൻ അബൂബക്‌റിന് നൂറുവട്ടം സമ്മതം. ആയിഷയും പ്രവാചകന്റെ ധര്‍മ്മപത്‌നിയായി. അബൂബക്‌റും നബിയും തമ്മിലുള്ള ഉടമ്പടിയായിരുന്നു വിവാഹം എന്നതുകൊണ്ടുതന്നെ തുച്ഛപ്രായയായിരുന്ന ആഇഷക്ക് ഈ വിവാഹത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞ് മദീനയിൽ വെച്ചാണ് അവർ പ്രവാചക ഭവനത്തിൽ ഗൃഹസ്ഥയായെത്തുന്നത്. സൗദ നിറഞ്ഞ സ്നേഹത്തോടെ ആയിഷയെ സ്വീകരിച്ച് വീട്ടുകാരി എന്ന തന്റെ പദവി അവളെ ഏല്പിക്കുന്നുമുണ്ട്. സംഭവബഹുലമായ പ്രവാചക ജീവിതത്തില്‍, ചെറുതല്ലാത്ത സ്ത്രീഭാഗമാണ് സ്ത്രൈണ ഭാവങ്ങളഖിലവും മറയില്ലാതെ പ്രകടമാക്കി ആയിഷ നിര്‍വഹിച്ചത്. കാലം അവള്‍ക്ക് മാത്രം നിർവ്വഹിക്കാനായി ചില ദൗത്യങ്ങൾ കരുതിവച്ചിട്ടുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.