കൗൺസിലിങ്ങ് അനുഭവങ്ങൾ -7

//കൗൺസിലിങ്ങ് അനുഭവങ്ങൾ -7
//കൗൺസിലിങ്ങ് അനുഭവങ്ങൾ -7
ആനുകാലികം

കൗൺസിലിങ്ങ് അനുഭവങ്ങൾ -7

ഒരുപാട് പ്രശ്‌നങ്ങൾ

ഒരിക്കൽ ഒരു പെൺകുട്ടി വന്നത് ചുമക്കാൻ കഴിയാത്ത പ്രശ്നങ്ങളുമായാണ്. എന്നോട് പറഞ്ഞു, ‘എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്.’

പെണ്ണിന് ഇഷ്ടപ്പെട്ട ഒരു കല്യാണം നടത്താൻ വീട്ടുകാർ സമ്മതിക്കുന്നില്ല എന്നതാണ് വിഷയം. അതിനു മാത്രം ‘കൊണമുള്ള’ ഒരു യുവാവിനെ കല്യാണം കഴിക്കണമെന്നാണ് അവൾ പറയുന്നത്. അവന്റെ സ്വഭാവവും മറ്റും നോക്കുമ്പോൾ മകൾക്ക് ജീവിത പ്രയാസങ്ങൾ നേരിടേണ്ടി വരും എന്ന് മാതാപിതാക്കൾക്കും മറ്റു കുടുംബക്കാർക്കും അറിയാം.

ഒരുപാട് പ്രശ്‌നമുണ്ടോ? ഏതാണ്ട് എത്രയുണ്ടാകും? ഞാൻ ഗൗരവത്തോടെ തന്നെ ചോദിച്ചു. അവൾ പറഞ്ഞു, ‘എത്രയാണെന്ന് എനിക്കറിയില്ല, ഒരുപാട് പ്രശ്‌നങ്ങളുണ്ട്.’

എന്നാൽ നമ്മൾ ഒന്ന് എണ്ണി നോക്കുകയല്ലേ? ഞാൻ ചോദിച്ചു.

എണ്ണിയാലൊന്നും തീരില്ല, അത്രയും ഉണ്ട്.

‘സാരമില്ല, കുറച്ചെഴുതി, തീരുന്നില്ലെങ്കിൽ നിർത്താം’.

‘ശരി’ എന്ന് പറഞ്ഞ് പെൺകുട്ടി പേനയും പേപ്പറും വാങ്ങി എഴുതാൻ തുടങ്ങി.

ഒന്ന് എന്നെഴുതി ‘എനിക്ക് ഇഷ്ടമുള്ള കല്യാണം കഴിക്കാൻ സാധിക്കുന്നില്ല’ അവൾ എഴുതിത്തുടങ്ങി. രണ്ട്, മൂന്ന് എന്നെല്ലാം താഴെ എഴുതി വെച്ച്‌, അതിനു നേരെ ബാക്കിയുള്ള പ്രശ്‌നങ്ങൾ ഓരോന്നായി എഴുതാൻ പറഞ്ഞു.

കുട്ടി ഓർത്തു തുടങ്ങി, ഒരു മിനുട്ട്, രണ്ട് മിനുട്ട് …. രണ്ടാമത്തെ പ്രശ്‌നം തലയിൽ നിന്ന് ഇറങ്ങി വരുന്നില്ല. അവൾ പറഞ്ഞു, രണ്ടാമത്തെ പ്രശ്നം എന്താണെന്ന് ഓർമ്മ വരുന്നില്ല’.

ഞാൻ ചോദിച്ചു, ‘ഒരു പ്രശ്‌നം മാത്രം ഉള്ളപ്പോൾ പല പ്രശ്‌നങ്ങൾ ഉണ്ടെന്ന് വിചാരിച്ചിട്ടല്ലേ?’

‘ഇനി എത്ര സന്തോഷങ്ങൾ ഉണ്ട് എന്ന് എണ്ണാമോ?’

എനിക്ക് ഒരു സന്തോഷവും ഉള്ളതായി അറിയില്ല. കുറെ കാലമായി എനിക്ക് ദുഃഖം മാത്രമേ ഉള്ളൂ.

‘ഞാൻ പറയട്ടെ?’ ഞാൻ ചോദിച്ചു.

നിന്റെ മനസ്സ് എന്താണെന്ന് എന്നോട് പറയാൻ സാധിക്കുന്നത് അല്പമെങ്കിലും സന്തോഷം തരുന്നില്ലേ?
തീർച്ചയായും.
എങ്ങനെയാണ് അതിനു സാധിച്ചത്?
നാവു കൊണ്ട് സംസാരിച്ചു
നാവിലൂടെ സംസാരിക്കാൻ നിനക്ക് സാധിച്ചത് എങ്ങനെ?
തലച്ചോർ പ്രവർത്തിച്ചത് കൊണ്ട്.
എന്നോട് സംസാരിക്കാൻ ഞാൻ ഇവിടെ ഉണ്ട് എന്നറിഞ്ഞത് എങ്ങനെ?
കണ്ണ് കൊണ്ട് കണ്ടു.
എല്ലാം മനസ്സിലായെങ്കിലും നാവു കൊണ്ട് സംസാരിക്കാൻ സാധിച്ചത് എന്ത് കൊണ്ട്?
നാവിനു ചലനശേഷി ഉള്ളത് കൊണ്ട്
നാവിനു ചലന ശേഷി ഉണ്ടായത് എന്ത് കൊണ്ട്?
ആരോഗ്യം ഉള്ളത് കൊണ്ട്
ആരോഗ്യം എന്ത് കൊണ്ട് ഉണ്ടായി?
നല്ല ഭക്ഷണം, നല്ല….

അതെ അപ്പോൾ ഈ ഒരു കാര്യത്തിൽ മാത്രം എത്ര അനുഗ്രഹങ്ങൾ എണ്ണി നാം?
ഏഴിലധികം എണ്ണി, ഇനിയും എണ്ണാൻ ബാക്കിയുണ്ട്.
അതൊന്ന് എഴുതി നോക്കൂ…
അവൾ എഴുതാൻ തുടങ്ങി
ആ പേജ് രണ്ട് വശവും പെട്ടന്ന് നിറഞ്ഞു, അമ്പതിലേറെ പോയിന്റുകൾ…

ഒന്ന് നിർത്തി ഞാൻ ചോദിച്ചു, രണ്ട് മൂന്ന് മിനുട്ടുകൾ ഓർത്തിട്ട് ഒരു പോയിൻറ് മാത്രം പ്രയാസം കാണാൻ സാധിച്ചുള്ളൂ, ഇവിടെ ഒന്ന് രണ്ട് മിനുട്ട് കഴിയുമ്പോഴേക്ക് അമ്പതിലേറെ സന്തോഷത്തിന്റെയും സുഖത്തിന്റെയും പോയിന്റുകൾ ഓർമ്മയിൽ വന്നു.

‘അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർത്താൽ അറ്റം കാണാൻ നമുക്ക് സാധിക്കില്ല (ഖുർആൻ 16: 18, 14: 34) എന്ന് കേട്ടിട്ടില്ലേ?’
പിശാച് നമ്മെ അല്ലാഹുവിന്റെ അനുഗ്രഹം ഓർക്കുന്നതിൽ നിന്ന് അകറ്റുന്നത് കേവലം ഒരു പ്രശ്‌നം കൊണ്ട് മാത്രമാണെന്ന് നിനക്ക് മനസ്സിലായോ?

ഇനി നിനക്കുള്ള പ്രശ്‌നത്തിലേക്ക് നോക്കാം. അതിനു മുമ്പ് നിൻന്റെ ചെറുപ്പകാലം ഒന്ന് ഓർത്തു നോക്കൂ, നീ മുട്ട് കുത്തി എവിടേക്കെങ്കിലും പോയി വീഴാൻ നേരത്ത് ഉമ്മയും ഉപ്പയും പിടിക്കുമായിരുന്നില്ലേ?

ഉണ്ടാകും.
അപ്പോൾ നീ സന്തോഷിച്ച് ചിരിക്കുകയായിരുന്നോ അതോ കരയുകയായിരുന്നോ?
ഉറപ്പായും കരയുകയായിരിക്കും.
അതായത്, നിനക്ക് ഇഷ്ടമുള്ള ഇടത്തേക്ക് പോകാൻ ഉമ്മയും ഉപ്പയും സമ്മതിക്കാത്തതിനാൽ മനസ്സ് വേദനിച്ചു, ആർത്ത് കരഞ്ഞു. അല്ലെ?
അതെ.
അവർ അന്ന് പിടിച്ച് വെച്ചത് നിന്റെ രക്ഷക്കാണെന്ന് നിനക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടോ?
ഒരിക്കലും ഇല്ല.
അവർക്ക് ഇന്ന് നിന്നോട് സ്നേഹമുണ്ടോ?
ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
എന്ത് കൊണ്ട് കഴിയുന്നില്ല?
എനിക്ക് ഇഷ്ടമുള്ള കല്യാണം കഴിക്കാൻ സാധിക്കുന്നില്ല.
കുഞ്ഞായിരുന്ന കാലത്ത് നിന്നെ പിടിച്ച് വെച്ചത് വീഴാതിരിക്കാൻ ആണെങ്കിൽ ഇപ്പോൾ അതു പോലെ ഒരു കാരണമായിരിക്കാം എന്ന് ചിന്തിച്ചു തുടങ്ങിക്കൂടെ?
അവൾ അല്പം നേരം ചിന്തിച്ചു. എന്നിട്ടു ചോദിച്ചു-
ഉമ്മയും ഉപ്പയും പറയുന്ന കാര്യങ്ങൾ ശരി അല്ലെങ്കിലോ?
നിനക്ക് ഇഷ്ടമുള്ള യുവാവിനെ കല്യാണം കഴിക്കുക എന്നത് നിന്റെ അവകാശമാണ്. എന്നാൽ അയാളുടെ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി മാത്രം അയാളെ സ്വീകരിക്കുക എന്നത് നിന്റെ ബുദ്ധിയുടെ അടയാളമാണ്. മാതാപിതാക്കളെക്കാൾ നിന്നോട് സ്നേഹമുള്ളത് വേറാരും ആയിരിക്കില്ല എന്നത് പ്രകൃതിയിലെ തന്നെ ഒരു യാഥാർഥ്യമാണ്. നീ കുറെ പഠിച്ചിട്ടുണ്ട്, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു, നിനക്ക് ബുദ്ധിയുള്ളതു കൊണ്ടാണ് എത്രയോ പരീക്ഷകളിൽ നീ ജയിച്ചത്. കല്യാണം എന്നത് ചിലപ്പോൾ ഒരു പരീക്ഷയുമാകും, അതിൽ ജയിക്കാൻ നിന്റെ ബുദ്ധി ഉപയോഗിക്കാൻ പറ്റുന്ന നേരമാണിത്.
നിന്റെ ഭാവി എങ്ങിനെ ആയിരിക്കണമെന്ന് ബുദ്ധി ഉപയോഗിച്ച് തന്നെ തീരുമാനിക്കാം. എല്ലാം നിന്റെ സ്വാതന്ത്ര്യം. നിനക്ക് ആലോചിക്കാം.

ആ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

print

No comments yet.

Leave a comment

Your email address will not be published.