ദഅ്‌വാനുഭവങ്ങൾ

//ദഅ്‌വാനുഭവങ്ങൾ
//ദഅ്‌വാനുഭവങ്ങൾ
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ

രു കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് സഹജീവികളുമായി പങ്കുവെക്കുകയെന്നത് സ്വാഭാവികമായ മാനവികവർത്തനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഭൂമിയിൽ മതങ്ങൾ വളർന്നത്. ഭൗതിക ദർശനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരായതും അതുകൊണ്ട് തന്നെ. തങ്ങളുടെ മതമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതേക്കുറിച്ച് മറ്റുള്ളവരോട് പറയും. തന്റെ രാഷ്ട്രീയവീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളവർ അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കും. താൻ സ്വീകരിച്ച ആശയങ്ങളോടുള്ള ഒരാളുടെ ആത്മാർത്ഥതയും പ്രതിബദ്ധതയുമാണ് ഈ പങ്കുവെക്കൽ അടയാളപ്പെടുത്തുന്നത്. അവരുടെ ആശയങ്ങളെ വിമർശിക്കുന്നവർ പോലും ഈ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയില്ല.

ഇസ്‌ലാമാണ് ശരിയെന്നത് ഓരോ മുസ്‌ലിമിന്റെയും ബോധത്തിൽ ഊട്ടപ്പെട്ട ബോധ്യമാണ്. അതിന്നർത്ഥം ഇസ്‌ലാമല്ലാത്തതെല്ലാം തെറ്റാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത് എന്നല്ല. മറ്റുള്ള ദർശനങ്ങളുടെ പ്രബോധനങ്ങളിലും ശരികളുണ്ടാവാം. എന്നാൽ പൂർണ്ണവും കളങ്കരഹിതവുമായ ശരികളാണ് എല്ലാ വിഷയങ്ങളിലുമുള്ള ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ എന്ന് മുസ്‌ലിംകൾ കരുതുന്നു. ഇസ്‌ലാമാണ് ശരിയെന്ന് ബോധ്യമുള്ളവർ അത് മറ്റുള്ളവരുമായി പങ്കുവെക്കുവാൻ പരിശ്രമിക്കുന്നതാണ് ദഅ്‌വത്ത്. തികഞ്ഞ ഗുണകാംക്ഷയിൽ നിന്ന് ഉണ്ടാവുന്നതാണത്. സ്വന്തത്തിന് ലഭിക്കണമെന്നാഗ്രഹിക്കുന്ന പടച്ചവന്റെ സംതൃപ്തിക്ക് മറ്റുള്ളവരും അർഹരാകണമെന്ന ഗുണകാംക്ഷ.

അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന ജനസേവനമാണ് ഇസ്‌ലാമികപ്രബോധനം. പ്രബോധിതരിൽ ചിലരുടെ വെറുപ്പ് സമ്പാദിക്കുകയും പരിഹാസമേൽക്കുകയും വിമർശനങ്ങൾ നേരിടുകയുമെല്ലാം ചെയ്യുമ്പോഴും അവരോട് ഗുണകാംക്ഷയോടെ പെരുമാറുവാനും അവരുടെ ഹൃദയം തുറക്കുന്നതിനായി പ്രാർത്ഥിക്കുവാനും അവർക്ക് നന്മയുണ്ടാകണമെന്ന് ആഗ്രഹിക്കുവാനുമെല്ലാം കഴിയുന്നത് ദൈവപ്രീതി മാത്രമേ തന്റെ കർമ്മങ്ങൾ കൊണ്ട് പ്രബോധകൻ ആഗ്രഹിക്കുന്നുള്ളൂവെന്നതിനാലാണ്. സ്വന്തത്തെ സമൂഹത്തിന് പരിചയപ്പെടുത്തുകയോ തന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യുകയല്ല, ഇസ്‌ലാമിനെ സഹജീവികൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ് പ്രബോധകന്റെ ദൗത്യം. പുതിയ കാലത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സ്വന്തത്തെയല്ല, ദൈവികമതത്തെയാണ് പ്രബോധകൻ മാർക്കറ്റ് ചെയ്യുന്നത്; ചെയ്യേണ്ടത്.

ഇസ്‌ലാമികപ്രബോധനരംഗത്ത് എനിക്ക് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങൾ സമകാലികരും മുൻഗാമികളുമായ സഹോദരങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ ചെറിയതാണ്. അടുത്ത തലമുറ അറിയേണ്ട രൂപത്തിൽ ചരിത്രത്തിന്റെ ഭാഗമായിത്തീരേണ്ട കാര്യമായെന്തെങ്കിലും എന്റെ അനുഭവങ്ങളിലുണ്ടെന്ന് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അവയൊന്നും രേഖപ്പെടുത്തി വെക്കണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ വിചാരിച്ചിരുന്നില്ല. ദഅ്‌വാനുഭവങ്ങൾ രേഖപ്പെടുത്തണമെന്ന സുഹൃത്തുക്കളിൽ പലരുടെയും നിർദ്ദേശത്തെ അതുകൊണ്ട് തന്നെ ചിരിച്ചു തള്ളുകയായിരുന്നു പതിവ്. രേഖപ്പെടുത്തിവെക്കാൻ മാത്രമുള്ള ചരിത്രമൊന്നും എന്നിലൂടെ ഉണ്ടായിട്ടില്ലല്ലോ എന്ന അഴകൊഴമ്പൻ മറുപടിയോട് പല രൂപങ്ങളിൽ പ്രതികരിച്ചവരുണ്ട്; അങ്ങനെ ചെയ്യാതിരിക്കുന്നത് ചരിത്രത്തോടും ദഅ്‌വാ രംഗത്ത് പ്രവർത്തിക്കുന്ന അടുത്ത തലമുറയോടും ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്ന് താക്കീതിന്റെ സ്വരത്തിൽ ഗുണദോഷിച്ചവരെ ഇപ്പോൾ നന്ദിയോടെ സ്മരിക്കുന്നു; അവർ പറഞ്ഞതാണ് ശരിയെന്ന് ചുറ്റുപാടുകളും അനുഭവങ്ങളും എന്നെയും പഠിപ്പിച്ചിരിക്കുന്നുവെന്നതുകൊണ്ടാണല്ലോ ഇപ്പോൾ ദഅ്‌വാനുഭവങ്ങൾ കുറിക്കാനൊരുങ്ങുന്നത്.

ക്രിസ്താബ്ദം 52 ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ തോമാശ്ലീഹായെയും നബി(സ)യുടെ സന്നിധിയിലെത്തി ഇസ്‌ലാം സ്വീകരിച്ച ചേരമാൻ പെരുമാളിനെയും കുറിച്ച കഥകൾ ശരിയാണെങ്കിലും അല്ലെങ്കിലും ക്രിസ്തുമതവും ഇസ്‌ലാമുമെല്ലാം അവയുടെ പ്രാരംഭകാലം മുതൽ തന്നെ കേരളത്തിലെത്തിയിരുന്നുവെന്നതിന് ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട രേഖകളുണ്ട്. അപ്പോൾ മുതൽ തന്നെ കേരളത്തിൽ മതപ്രബോധനവും പരിവർത്തനവുമെല്ലാം നടന്നിട്ടുണ്ടായിരിക്കണം; അങ്ങനെയാണല്ലോ ഇവിടെയുള്ള ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങൾ വളർന്ന് വികസിച്ചത്. തികച്ചും സമാധാനപരമായാണ് ഈ വികാസം നടന്നതെന്ന് ചരിത്രരേഖകളും രാജശാസനകളും ഐതിഹ്യങ്ങളുമെല്ലാം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ മതപ്രബോധനരംഗത്തേക്ക് വെറുപ്പും വിദ്വേഷവും കൊണ്ടുവരാൻ അധിനിവേശകാരികളായ പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരുമെല്ലാം പരിശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. സഹസ്രാബ്ദങ്ങളായി നാം പുലർത്തിപ്പോരുന്ന ബഹുസ്വരതയെയും പരസ്പര സ്നേഹത്തെയും സഹിഷ്ണുതയെയും തകർക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി.

ഇസ്‌ലാംവെറുപ്പിന്റെയും ഇസ്‌ലാംഭീതിയുടെയും പുതിയകാല കൊടുങ്കാറ്റുകൾ വീശാനാരഭിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് എന്റെ തലമുറയിലുള്ളവർ പ്രബോധനരംഗത്തേക്ക് കടന്നത്. വീടുകൾ തോറും കയറിയിറങ്ങി ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുകയാണ് ഒരു കൂട്ടായ്മയുടെ ഭാഗമായി മുസ്‌ലിംകളല്ലാത്തവർക്കിടയിൽ നടത്തിയ ആദ്യത്തെ ദഅ്‌വാ പ്രവർത്തനം. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വീടുകളിൽ കയറി അവരോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചത് പലപ്പോഴും അവരുടെ സൽക്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു. പലരും ചായ കുടിക്കാൻ ക്ഷണിച്ചു; സ്നേഹത്തോടെ നിരസിക്കാൻ പരമാവധി ശ്രമിച്ചു; നിർബന്ധത്തിന് വഴങ്ങി പലപ്പോഴും ചായയും ശീതളപാനീയങ്ങളുമെല്ലാം കുടിച്ചു; പലഹാരങ്ങൾ ആസ്വദിച്ചു; അതിന്നിടയിൽ അവരോട് മതത്തെക്കുറിച്ച് സംസാരിച്ചു. സ്നേഹത്തോടെയും സൗഹൃദത്തോടെയും നടന്ന ആശയക്കൈമാറ്റങ്ങൾ. ഞങ്ങൾ അവരിൽ നിന്ന് പലതും പഠിച്ചു; സത്യമെന്ന് ബോധ്യമുള്ള ആശയങ്ങൾ അവരുമായി പങ്കുവെച്ചു. സ്നേഹത്തോടെ വീടുകളിലേക്ക് കയറി; സൗഹൃദത്തോടെ ഇറങ്ങി. വർഷങ്ങൾ നീണ്ട, ആഴ്ചകൾ തോറുമുള്ള ഈ ഗൃഹസന്ദർശന പരിപാടികൾ വഴി ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടതായി ആരും പരാതി പറഞ്ഞില്ല. ആശയങ്ങൾ പങ്കുവെക്കുന്നതുകൊണ്ട് വികാരം വ്രണപ്പെടുകയല്ല, ഹൃദയങ്ങൾ വിശാലമാവുകയാണ് ചെയ്യുകയെന്ന സത്യം അനുഭവിച്ചറിയുകയിരുന്നു, ഞങ്ങളും ഞങ്ങളുടെ പ്രബോധിതരും.

പൊതുപ്രഭാഷണങ്ങളും സദസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള സ്നേഹസംവാദങ്ങളും വ്യത്യസ്ത ആശയങ്ങളുൾക്കൊള്ളുന്നവരുമായി നടന്ന ആശയസംവാദങ്ങളും എഴുത്തുകളിലൂടെയുള്ള തൂലികാസംവാദങ്ങളുമെല്ലാം നടന്നതും തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു. സ്നേഹവും സൗഹൃദവും നിറഞ്ഞു നിന്നിരുന്ന വേദികൾ. വെറുപ്പോ വിദ്വേഷമോ ആ വേദികളിൽ നിന്ന് പ്രസരിച്ചില്ല. സദസ്സിനോട് സാഹോദര്യത്തോടെ സംവദിച്ചു. വേദികളിൽ ഒപ്പമുണ്ടായിരുന്നവരുമായി സ്നേഹത്തോടെ ആശയങ്ങൾ കൈമാറി. മതനേതാക്കളുമായി പരസ്പരം ആശയങ്ങൾ പങ്കുവെച്ച് പിരിഞ്ഞത് തികഞ്ഞ സൗഹൃദത്തോടെ മാത്രമായിരുന്നു. ധാരണപ്പിശകുകൾ മാറ്റാൻ അവ നിമിത്തമായിയെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലായി. പെരിന്തൽമണ്ണയിൽ വെച്ച് നടന്ന സംവാദം കഴിഞ്ഞപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനാധ്യക്ഷനായിരുന്ന പ്രൊഫ: ഡോ: പൂത്തേഴത്ത് രാമചന്ദ്രൻ പറഞ്ഞു: ‘ഇസ്‌ലാമിനെക്കുറിച്ചുള്ള നിരവധി തെറ്റായ ധാരണകൾ തിരുത്താൻ ഈ സംവാദം നിമിത്തമായി’. ഏകപക്ഷീയമായ അനുഭവമായിരുന്നില്ല ഇത്. ഹൈന്ദവ ദർശനങ്ങളെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചുമെല്ലാം ആഴത്തിൽ അറിയാൻ ഈ സംവാദങ്ങൾ വഴി സാധിച്ചുവെന്നത് വ്യക്തിപരമായ നേട്ടമാണ്. സദസ്സുകളിലുണ്ടായിരുന്നവർക്കും ഇതേ അനുഭവങ്ങളുണ്ടായിരുന്നിരിക്കണം.

2001 സെപ്തംബർ 11 ന് ശേഷം ലോകത്തെങ്ങും ആഞ്ഞുവീശിയ ഇസ്‌ലാംഭീതിയുടെയും വെറുപ്പിന്റെയും കാറ്റുകൾ സ്വാഭാവികമായും കേരളത്തിലുമെത്തി. പാശ്ചാത്യൻ അധിനിവേശകാലത്ത് പയറ്റി പരാജയപ്പെട്ട ഇസ്‌ലാംവെറുപ്പിന്റെ ആയുധങ്ങൾ രാകി മൂർച്ചകൂട്ടിയെടുക്കാൻ പറ്റിയ അവസരമാണിതെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു സാമ്രാജ്യത്വത്തിന്റെ മതവും രാഷ്ട്രീയവും സ്വീകരിച്ചവർ കേരളത്തിൽ അതിന്നായുള്ള ഒറ്റക്കെട്ടായ പരിശ്രമത്തിലാണ്. സഹസ്രാബ്ദങ്ങളുടെ സൗഹൃദപാരമ്പര്യമുള്ള മലയാളമണ്ണിനെ വെറുപ്പിന്റെ താവളമാക്കുന്നതിനായി മാത്രം രചനയും സംവിധാനവും നിർവ്വഹിക്കപ്പെട്ട സിനിമകളും സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പ്രസരിപ്പിക്കുന്നതിൽ അഗ്രഗണ്യരായവയുടെ മണിക്കൂറുകൾ നീളുന്ന ചർച്ചാഭാസങ്ങളും ലവ് ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദ് വരെയുള്ള പുതിയ സങ്കേതങ്ങളുടെ ഗവേഷണങ്ങളുമായി അവർ കേരളത്തെയും സഹസ്രാബ്ദങ്ങളായി നാം പിന്തുടരുന്ന നമ്മുടെ മഹിതസംസ്കാരത്തെയും നശിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. നമ്മുടെ പൂർവ്വപിതാക്കൾ നമ്മെയേൽപ്പിച്ച സ്നേഹസൗഹൃദങ്ങളുടെ നമ്മുടെ നാടിനെ വർഗ്ഗീയതയുടെ കൂരിരുരുട്ടിലാഴ്ത്താൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കേണ്ടത് നാടിനെ സ്നേഹിക്കുന്നവരുടെയെല്ലാം കടമയാണ്. ആ കടമ നിർവ്വഹിക്കാനായുള്ള വിനീതമായൊരു പരിശ്രമമാണ് എഴുതാൻ പോകുന്ന കുറിപ്പുകൾ.

ഇസ്‌ലാമിനെതിരെ അറയ്ക്കുന്ന വിമർശനങ്ങളുന്നയിച്ചും മുസ്‌ലിംകളെക്കുറിച്ച് വ്യാജമായ ആരോപണങ്ങൾ പ്രചരിപ്പിച്ചും ഖുർആനിനെ അടിസ്ഥാനമൊന്നുമില്ലാതെ ഭൽസിച്ചും മുഹമ്മദ് നബി(സ)യെ തത്ത്വദീക്ഷയൊന്നുമില്ലാതെ തെറി വിളിച്ചും കൊണ്ടാണ് കേരളത്തിൽ ഇസ്‌ലാംവെറുപ്പിന്റെ പ്രസരണത്തിനും അതുമൂലമുണ്ടാകണമെന്ന് അവരാഗ്രഹിക്കുന്ന വർഗ്ഗീയധ്രുവീകരണത്തിനും വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്നത്. ഇതിന്ന് നേതൃത്വം നൽകുന്നവരിൽ ചിലർ ഇസ്‌ലാമികപ്രബോധനത്തെയും പ്രബോധകരെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് അവരുടെ വർത്തമാനം തുടങ്ങുന്നത്. പ്രബോധകരാണത്രെ അവരെക്കൊണ്ട് നബി(സ)യെ തെറി പറയിപ്പിക്കുന്നത് !! തങ്ങളാദരിക്കുന്ന വിശുദ്ധപുരുഷന്മാരെ ഭൽസിക്കുവാൻ ഇസ്‌ലാമികപ്രബോധകർ ധൃഷ്ടരാവുന്നതിനാൽ തങ്ങൾ തിരിച്ച് നബിയെയും തെറി പറയുന്നുവെന്നാണ് അവരുടെ ന്യായീകരണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവർ എത്ര തന്നെ തെറി പറഞ്ഞാലും തിരിച്ച് തെറി പറയാൻ മുസ്‌ലിംകളെ അവർ പഠിച്ച ഇസ്‌ലാമികസംസ്കാരം അനുവദിക്കുകയില്ലെന്ന് ആരോപണങ്ങളുന്നയിക്കുന്നവർക്ക് നന്നായറിയാം. മറ്റുള്ളവർ ആരാധിക്കുന്നവരിൽ പലരും പ്രവാചകന്മാരും പുണ്യപുരുഷന്മാരുമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരെ അവഹേളിക്കുന്നത് നബിയെ നിന്ദിക്കുന്നത് പോലെത്തന്നെയാണെന്നും അവർക്കറിയാം. ഇസ്‌ലാം നിരോധിച്ച മയക്കുമരുന്നുകളിലൂടെയും വിവാഹേതരശൃംഗാരങ്ങളിലൂടെയും മുസ്‌ലിംകൾ മതംമാറ്റത്തിന് ശ്രമിക്കുന്നുവെന്ന് പറയുന്നതുപോലെ ഇതും വെറുതെ പറയുന്നുവെന്ന് മാത്രമേയുള്ളൂ. സാധാരണക്കാരായ നിഷ്കളങ്കരെ തെറ്റിദ്ധരിപ്പിക്കുകയും മുസ്‌ലിംകൾക്കെതിരെ തിരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഇതുകൊണ്ട് നേടാനാകുമെന്നാണ് അവർ കരുതുന്നത്. പറങ്കികളും വെള്ളക്കാരും വിജയിക്കാത്തിടത്ത് വിജയിക്കാനാകുമെന്ന് കരുതുന്നവരെ കേരളസമൂഹം നിരാശരാക്കുമെന്ന് തന്നെയാണ് നാടിനെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷ.

വർഗീയതയുടെ ഇരുട്ടിൽ കേരളത്തെ മുക്കി നശിപ്പിക്കുവാനായി വെറുപ്പുൽപ്പാദനത്തിലൂടെ ശ്രമിക്കുന്നവർ തങ്ങളെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിച്ചത് ഇസ്‌ലാമികപ്രബോധകരുടെ ചെയ്തികളാണെന്ന് ആരോപിക്കുമ്പോൾ എന്താണ് യാഥാർഥ്യമെന്ന് വിശദീകരിക്കേണ്ടത് ആരോപിതരുടെ ഉത്തരവാദിത്തമാണെന്ന് ഉൾക്കൊള്ളുന്നത് കൊണ്ടാണ് ദഅ്‌വാനുഭവങ്ങൾ എഴുതാനിരിക്കുന്നത്. ആരോപണങ്ങൾക്കുള്ള മറുപടിയെന്ന രൂപത്തിലല്ല എഴുതാനുദ്ദേശിക്കുന്നത്. നാല്പത് വർഷങ്ങളോളം നീളുന്ന ഇസ്‌ലാമികപ്രബോധനരംഗത്തെ അനുഭവങ്ങൾ നാട്യങ്ങളില്ലാതെ എഴുതണമെന്നാണ് ആഗ്രഹം. വിമർശങ്ങളെക്കെല്ലാം ഉള്ള മറുപടി ഈ പച്ചയായ ആവിഷ്കാരത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷ. അനുഭവവിവരണമാകുമ്പോൾ വ്യക്തികളെക്കുറിച്ച പരാമർശങ്ങളുണ്ടാവുക സ്വാഭാവികമാണ്. അനിവാര്യമായ അവസരങ്ങളിൽ മാത്രമേ വ്യക്തികളുടെ പേരുകൾ പരാമർശിക്കുകയുള്ളൂ. അത്തരം പരാമർശങ്ങളിലെവിടെയെങ്കിലും വാസ്തവവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് ആർക്കെങ്കിലും അനുഭവങ്ങളുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിക്കുന്നു; അവർ പറയുന്നതാണ് ശരിയെന്ന് ബോധ്യപ്പെട്ടാൽ തിരുത്താവുന്നതാണല്ലോ. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു; അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

6 Comments

  • Barakallah… waiting for next part

    Allah bless you

    Abdul shukoor M 19.06.2023
  • അക്ബർ സാഹിബിന്റെ അനുഭവങ്ങൾ നിശ്ചയം മഹത്തായൊരു ചരിത്രമാണ്. വരും തലമുറക്ക് വജ്രത്തിളക്കം നല്കാനാവുന്ന ചരിത്രം. കാത്തിരിക്കുന്നു
    ആശംസകളോടെ – അസ്‌ലം കിഴൂർ

    Aslam Kizhur 19.06.2023
  • Masha Allah

    Azeen 19.06.2023
  • 👍👍

    Muhammad Basheer 20.06.2023
  • Allah Almighty may bless in your task

    Hibathulla 21.06.2023
  • അൽഹംദുലില്ല
    പ്രവാചക മാതൃകയാണ് ആധുനിക മുസ്ലിം കൈരളിക്ക് അക്ബർ സാഹിബിലൂടെ പ്രബോധനരംഗത്തു കിട്ടുന്ന അനുഭവം .
    തീക്ഷ്ണ മായ പരീക്ഷണ പർവങ്ങളെ അതിജയിച്ച പൂർവിക പ്രബോധകരോട് താരതമ്യം ചെയ്യാൻ ഇന്ന് അധികം ഉദാഹരണങ്ങളില്ലല്ലോ 🥰

    മുനീർ മങ്കട 22.06.2023

Leave a comment

Your email address will not be published.