നബിചരിത്രത്തിന്റെ ഓരത്ത് -41

//നബിചരിത്രത്തിന്റെ ഓരത്ത് -41
//നബിചരിത്രത്തിന്റെ ഓരത്ത് -41
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -41

ചരിത്രാസ്വാദനം

വാനയാനം

അവഗണനയുടെ നോവുകൾക്കിടയിലൂടെ പരിഗണനയുടെ ചില നിറവുകൾ തെളിഞ്ഞുവരുന്നുണ്ട്. ഉല്ലാസപ്പൂക്കളൊഴിഞ്ഞ നിരാർദ്രമായ മരുഭൂമിയിലൂടെ പ്രവാചകൻ പ്രബോധനത്തിന്റെ പുതുവഴികൾ വെട്ടിക്കൊണ്ടിരിക്കെ, ദൂരെ, ആകാശച്ചെരുവിൽ നക്ഷത്രങ്ങൾ തീർത്ത വെൺചിരാതുകൾ മിന്നിത്തെളിഞ്ഞു. കാലത്രയങ്ങൾക്കപ്പുറത്തേക്കുള്ളൊരു സഞ്ചാരത്തിന്റെ ഒലിയും മാറ്റൊലിയും കേൾക്കാനിരിക്കുകയാണ് ലോകം.

ഖദീജയുടെ വിയോഗത്തിൽ തളർന്നുപോയ പ്രവാചകൻ വീട്ടിൽ ഒറ്റക്കാവുമ്പോൾ പ്രിയതമയുടെ ഓർമ്മകൾ തികട്ടിവരും. മധുരസ്മൃതികളുടെ തിരതല്ലൽ ശക്തമാകുന്ന ദിവസങ്ങളിൽ ചിലപ്പോൾ ബന്ധുവീട്ടിൽ താമസിക്കും. സ്നേഹബന്ധുരതയുടെ കരുതലുകളിൽ കദനം കുറയും. അങ്ങനെയൊരു ബന്ധുവീടായിരുന്നു അബൂതാലിബിന്റെ മകൾ ഉമ്മുഹാനിയുടേത്. കുട്ടിക്കാലം മുതൽ നേർസഹോദരിമാരുടെ കുറവ് നികത്തിയിരുന്നത് മൂത്താപ്പയുട പെൺമക്കളായിരുന്നല്ലോ. മക്കയിലെ മറ്റാരെക്കാളും ഉമ്മുഹാനിക്ക് മുഹമ്മദിനെ അറിയാം.

ഉമ്മുഹാനി വിശ്വാസിയായിക്കഴിഞ്ഞിരുന്നു; ഉമ്മുഹാനി മാത്രമല്ല, സ്നേഹസ്വരൂപനായിരുന്ന പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ മരണശേഷം അബൂതാലിബിന്റെ വീട്ടിലെ അംഗമായിരുന്ന കുഞ്ഞു മുഹമ്മദിനെ, സ്വന്തം മക്കൾക്കു നൽകുന്നതിനെക്കാൽ ശ്രദ്ധയോടെ ഊട്ടിയിരുന്ന അബൂതാലിബിന്റെ വിധവ, ഉമ്മുഹാനിയുടെ ഉമ്മ, ഫാത്വിമയും വിശ്വാസിയായിക്കഴിഞ്ഞിരുന്നു. അലിയുടേയും ജഅ്​ഫറിന്റെയും മാതാവിനും സഹോദരിക്കും മറ്റൊരു തെരഞ്ഞെടുപ്പ് സാധ്യമല്ലല്ലോ. എന്നാല്‍, ഉമ്മുഹാനിയുടെ ഭര്‍ത്താവ് ഹുബൈറയുടെ മനസ്സിലേക്ക് ഏകദൈവ സന്ദേശം കേറിയിരുന്നില്ല. അധൃഷമായ കോട്ട കണക്കെ അയാളുടെ മനസ്സ് ഇസ്‌ലാമിക സന്ദേശത്തെ ഉപരോധിച്ച് നിലകൊണ്ടു. എന്നാൽ, ഹുബൈറ ഒരിക്കൽപോലും മുസ്‌ലിംകളെ ദ്രോഹിച്ചില്ല. തന്റെ വീട്ടില്‍ സന്ദര്‍ശകനായെത്തിയപ്പോഴെല്ലാം പ്രവാചകനെ അയാൾ ഹാര്‍ദമായി സ്വീകരിച്ചു.

നബിയുടെ സന്ദര്‍ശനവും നമസ്കാരസമയവും ഒരുമിച്ചാണെങ്കില്‍ വീട്ടിലുള്ളവരെല്ലാം ചേര്‍ന്ന് നമസ്‌കരിക്കുകയാണ് പതിവ്. ഇത്തരമൊരു സന്ദര്‍ശന വേളയിലൊരിക്കൽ ഉമ്മുഹാനിയുടെ വീട്ടുകാരെല്ലാം ചേര്‍ന്ന് പ്രവാചകനു പിന്നില്‍ അണിനിരന്ന് ഇഷാ നമസ്കാരം നിര്‍വഹിച്ചു. ആ രാത്രി അവിടെത്തന്നെ കഴിയാന്‍ അവര്‍ നബിയെ നിര്‍ബന്ധിച്ചു. അല്പനേരത്തെ ഉറക്കത്തിനുശേഷം അദ്ദേഹം എഴുന്നേറ്റ് കഅ്ബയുടെ പരിസരത്തേക്ക് നടന്നു. രാക്കിളികളുടെ ചിറകടി മാത്രം തെളിഞ്ഞു കേൾക്കുന്ന രാവിന്റെ ഏകാന്തതനിശ്ചലതയിൽ മിക്ക ദിവസങ്ങളിലും അദ്ദേഹം കഅ്ബാലയ പരിസരത്ത് പോയിരിക്കാറുള്ളതാണ്. അവിടെയെത്തിയപ്പോള്‍ പാതിയിൽ മുറിഞ്ഞ ഉറക്കം വീണ്ടും കണ്ണുകളിലെത്തി. ഹിജ്‌റില്‍ കിടക്കവെ, നിദ്രയുടെ ആലിംഗനത്തിലേക്ക് വഴുതി.

ഉറക്കം മുറുകിവരുന്നതേയുള്ളൂ, ആരോ കാലുകള്‍കൊണ്ട് നബിയെ കുലുക്കിയുണര്‍ത്തി. ഉണര്‍ന്നെങ്കിലും ആരെയും കാണുകയോ ആരുടെയെങ്കിലും സാന്നിധ്യം അനുഭവിക്കുകയോ ഉണ്ടായില്ല, വീണ്ടും നിദ്രയിലേക്ക്. രണ്ടാമതും മൂന്നാമതും ഇങ്ങനെതന്നെയുണ്ടായി. നാലാം തവണയാണ് അത് ജിബ്‌രീൽ മാലാഖയാണെന്നു മനസ്സിലായത്. നബിയെ കൈപ്പിടിച്ചുയര്‍ത്തി ജിബ്‌രീൽ തന്റെ അടുത്തു നിറുത്തി. പിന്നെ, പള്ളിയുടെ കവാടത്തിലൂടെ പുറത്തേക്ക് കൂട്ടി. അവിടെ ധവളിമയാർന്നൊരു മൃഗം നില്‍ക്കുന്നു, ബുറാക്- അതാണതിന്റെ പേര്. ജിബ്‌രീലിന്റെ നിർദ്ദേശപ്രകാരം ചിറകുകളുള്ള ആ മൃഗത്തിന്റെ പുറത്തേറി യാത്രതുടങ്ങി.

വായുവേഗത്തിൽ ബുറാക് ഉത്തര മാര്‍ഗത്തിലൂടെ യാത്ര ചെയ്തു; ഇവിടെ ഒരടിവെച്ചാല്‍ അടുത്തയടി കണ്ണെത്താവുന്നതിലും അപ്പുറത്താണ്. ജിബ്‌രീല്‍ തൊട്ടടുത്തുതന്നെയുണ്ട്.
യസ്‌രിബിനുമപ്പുറത്തേക്ക്, ഖൈബറിനുമപ്പിറത്തേക്ക്, അവസാനം ഫലസ്തീനിലെ യെറൂസലേമിലേക്ക് നൊടിനേരത്തിൽ പറന്നെത്തി. സാധാരണ ഒരു കാഫില ഒരു മാസമാണ് ഇത്രയും ദൂരം താണ്ടാനെടുക്കുക.

അവിടെവെച്ച് ഒരു സംഘം പ്രവാചകന്മാരുമായി അവരിലെ അവസാനത്തെ കണ്ണി സന്ധിച്ചു.
ഇബ്റാഹീം, മൂസാ, ഈസാ. പുരാതനമായ ശോലമോൻ ദേവാലയത്തിന്റെ അവശേഷങ്ങളില്‍ അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. രണ്ട് പാത്രങ്ങള്‍ അദ്ദേഹത്തിന് മുമ്പിലെത്തി, ഒന്നില്‍ മദ്യവും മറ്റേതില്‍ പാലുമാണുള്ളത്. നബി ശരിയായ തെരഞ്ഞെടുപ്പുതന്നെ നടത്തി- പാൽ. തന്റെ ജനതയ്ക്ക് മദ്യം നിഷിദ്ധമാക്കിയ വിവരം ജിബ്‌രീൽ അന്നേരം നബിയെ അറീച്ചു; ഇസ്റാഅ് എന്ന രാപ്രയാണം പൂർത്തിയാവുന്നു.

കുദ്സിലേക്കുള്ള രാപ്രയാണത്തിലൂടെ മക്കയിലെ കഅ്ബയെപോലെ യെറൂസലേമിലെ ബൈതുൽ മുഖദ്ദസും മുസ്‌ലിംകൾക്ക് പ്രാധാന്യമേറിയതായിത്തീരുന്നു. ഇബ്റാഹീമീ പ്രബോധനത്തിന്റെ രണ്ട് കേന്ദ്രങ്ങളും അവർക്ക് പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളുമായി.

ആ രാത്രിതന്നെ നബി ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് വാനയാത്രയാരംഭിച്ചു. മനോവേഗത്തിലായിരുന്നു യാത്ര. ഒന്നാമാകാശത്തുവെച്ച് ആദം പിതാമഹനെ കണ്ടു. അവിടുന്നങ്ങോട്ട് ആറാകാശങ്ങളിലായി യഥാക്രമം, യഹ്‌യാ, ഈസാ, യൂസുഫ്, ഇദ്‌രീസ്, ഇബ്‌റാഹീം പ്രവാചകന്മാരുമായി കൂടിക്കാഴ്ച നടത്തി.

ഓരോ വിശ്വാസിയും ദിനംപ്രതി അമ്പതുതവണ നമസ്‌കരിക്കണമെന്ന കല്പന അല്ലാഹുവില്‍ നിന്ന് പ്രവാചകന് ലഭിച്ചു. വാനലോകത്തു നിന്ന് തിരിച്ചിറങ്ങവെ മുഹമ്മദ്, മൂസാ പ്രവാചകനെ വീണ്ടും കണ്ടു,”സ്വന്തം അനുയായികളെക്കൊണ്ട് ദിനം പ്രതി അമ്പതുതവണ നമസ്‌കരിപ്പിക്കാന്‍ കഴിയുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഇക്കാര്യത്തില്‍ എനിക്ക് മുന്‍പരിചയമുണ്ട്. താങ്കളുടെ നാഥനിലേക്ക് മടങ്ങിച്ചെന്ന് ചെറിയ ഒരിളവാവശ്യപ്പെടൂ. പ്രാര്‍ത്ഥന നാല്പത് തവണയായി ഇളവ് ചെയ്യപ്പെട്ടു. അതും അധികമാണെന്ന് മൂസായ്ക്ക് തോന്നി. അതിനാല്‍ തന്റെ പിന്‍ഗാമിയെ പലതവണ അല്ലാഹുവിന്റെ അടുക്കലേക്ക് തിരിച്ചയച്ചു. ഒടുവില്‍ നമസ്കാരം അഞ്ച് നേരമായി നിശ്ചയിക്കപ്പെട്ടു. പിന്നെയും തിരികെച്ചെന്ന് ഇളവ് നല്‍കാനാവശ്യപ്പെടാന്‍ മൂസ നിര്‍ദേശിച്ചു. എന്നാല്‍, വീണ്ടും വീണ്ടും തന്റെ നാഥന്റെ അടുത്തേക്ക് ചെന്ന് ഇളവാവശ്യപ്പെടാന്‍ ലജ്ജ പ്രവാചകനെ അനുവദിച്ചില്ല.

ദേശത്തിന്റെയും കാലത്തിന്റെയും സമയത്തിന്റെയും അതിരുകൾ ഭേദിച്ച യാത്രയായിരുന്നു ഇസ്റാഉം മിഅ്റാജും. പ്രപഞ്ചത്തിന്റെ ആപേക്ഷികതളിൽ നിന്ന് കുതറിമാറി, കാലത്രയങ്ങളില്ലാത്ത ലോകത്തിന്റെ ദിവ്യാനുഭൂതി പ്രവാചകൻ അനുഭവിച്ചു. ഏഴാകാശങ്ങളുടെ അതിരെഴാത്ത ഉയരങ്ങളിലേക്ക് ഉയർന്നുയർന്ന് പോയ വാനസഞ്ചാരി പ്രപഞ്ചം മൊത്തം കുന്നിക്കുരു വലിപ്പത്തിൽ തന്റെ മുന്നിൽ ദൃശ്യപ്പെടുന്നതു കണ്ട് അതിന്റെ നിസ്സാരതയറിഞ്ഞു.

അവിടെ അദ്ദേഹം അനാഥകളുടെ മുതൽ അതിക്രമമായി അകത്താക്കുന്നവരുടെ പരിണതി കണ്ടു, പലിശമുതൽ ആസ്വദിക്കുന്നവരുടെ അവസ്ഥ കണ്ടു, പരദാരങ്ങളെ പ്രാപിച്ച പുരുഷന്റെയും പരപുരുഷനെ സ്വീകരിച്ച സ്ത്രീയുടെയും ശാശ്വതരൂപങ്ങൾ കണ്ടു. പ്രപഞ്ചത്തിലെ നിയമമനുസരിച്ച്, ഇവയെല്ലാം ഇനിയും പിറക്കാനിരിക്കുന്ന വിശേഷങ്ങളാണ്. എന്നാൽ ആ ലോകത്ത് ഭാവിയായും വർത്തമാനമായും ഭൂതമായും കാലങ്ങൾ വേവ്വേറെ ഇല്ലല്ലോ.

പ്രവാചകനും ജിബ്‌രീലും വാനലോകത്തുനിന്ന് തിരിച്ചിറങ്ങി; മിഅ്‌റാജ് എന്ന ആകാശാരോഹണം പൂർത്തിയാവുന്നു. യെറൂസലേമില്‍ നിന്ന് മക്കയെ ലക്ഷ്യമാക്കി ബുറാക് കുതിച്ചു. ദക്ഷിണ ദിക്കിനെ ലാക്കാക്കി പതുക്കെ നീങ്ങുന്ന നിരവധി കാഫിലകളെ അവര്‍ കടന്നുപോന്നു. കഅ്ബയില്‍ തിരിച്ചെത്തിയപ്പോഴും രാവ് പിന്‍വാങ്ങിയിരുന്നില്ല. അവിടെ നിന്ന് പ്രവാചകന്‍ വീണ്ടും ഉമ്മുഹാനിയുടെ വീട്ടിലെത്തി.

ഇനി ഉമ്മുഹാനി പറയട്ടെ, ”പ്രഭാതത്തിന്നല്പം മുമ്പ് പ്രവാചകന്‍ ഉണര്‍ന്നു. ഞങ്ങള്‍ പ്രഭാതപ്രാര്‍ത്ഥന നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഉമ്മുഹാനീ, കഴിഞ്ഞ രാത്രി നിങ്ങളോടൊപ്പം ഞാനീ താഴ്‌വാരത്തുവെച്ച് രാത്രി നമസ്‌കാരം നിര്‍വഹിച്ചു. പിന്നെ ഞാന്‍ യെറൂസലേമിലെത്തി അവിടെ പ്രാര്‍ത്ഥിച്ചു. നോക്കൂ, ഈ പ്രഭാതത്തില്‍ ഇവിടെയെത്തി വീണ്ടും നിങ്ങളോടൊപ്പം പ്രഭാതനമസ്കാരം നിര്‍വഹിച്ചിരിക്കുന്നു.” ക്ഷണനേരം ഉമ്മുഹാനി സഹോദരനെ നോക്കി. പിന്നെ പറഞ്ഞു, “അല്ലാഹുവിന്റെ പ്രവാചകരേ, ഇക്കാര്യം ജനത്തോട് പറയാതിരിക്കൂ, അവര്‍ താങ്കളെ നുണയനെന്ന് വിളിച്ച് അപമാനിക്കും.” “അല്ലാഹുവാണ! ഞാനിതവരോട് പറയുകതന്നെ ചെയ്യും.” നിശ്ചയദാര്‍ഢ്യം വിളിച്ചോതുന്ന കാല്‍വെപ്പുകളോടെ പ്രവാചകൻ നടന്നുനീങ്ങി.

അദ്ദേഹം പള്ളിയിലെത്തി, തലേന്നു രാത്രിയിലെ തന്റെ യാത്രയെക്കുറിച്ചും വഴിയില്‍ കണ്ടുമുട്ടിയവരെക്കുറിച്ചും അവിടെ കൂടിയിരുന്നവരോടു പറഞ്ഞു. ശത്രുക്കളുടെ മനസ്സില്‍ നിറഞ്ഞ ആനന്ദപ്രഹര്‍ഷം അവരുടെ സര്‍വാംഗങ്ങളിലും ദൃശ്യമായി. ഇതുപോലൊരു തമാശ അവര്‍ ജീവിതത്തില്‍ കേട്ടിട്ടില്ല പോലും! മുഹമ്മദിനെ വിശ്വസിക്കാന്‍ ഇനി ആരെക്കിട്ടും? ബുദ്ധിസ്ഥിരതയുള്ള ആരെയും കിട്ടുമെന്നു തോന്നുന്നില്ല. തങ്ങളുടെ ജോലി എളുപ്പമായെന്നവരില്‍ പലരും ആശ്വസിച്ചു. കുയ്ഷികളിലെ കുട്ടിക്കുപോലുമറിയാം മക്കയില്‍നിന്ന് ഫലസ്തീനിലെ കുദ്സിലേക്ക് ഒരു മാസക്കാലത്തെ വഴിദൂരമുണ്ട്. തിരിച്ച്, കുദ്സിൽ നിന്ന് മക്കയിലേക്കും അതെ. രണ്ടു മാസത്തെ വഴിദൂരം ഒരൊറ്റ രാത്രികൊണ്ട് താണ്ടിയിരിക്കുന്നൂ, ഇതാ ഇവിടെയൊരാള്‍! തള്ളിത്തള്ളിവന്ന ചിരിയടക്കാന്‍ അവര്‍ പ്രയാസപ്പെട്ടു.

വിജയം ആഘോഷിക്കണം. ഒരു സംഘം കുറയ്ഷ് നേരെ അബൂബക്റിന്നടുത്തെത്തി; ദുർബ്ബലവിശ്വാസികളും കൂട്ടത്തിലുണ്ടായിരുന്നു. കാര്യങ്ങള്‍ ചുരുക്കി വിവരിച്ച് അവര്‍ ചോദിച്ചു, ”അബൂബക്ര്‍, ഇപ്പോള്‍ താങ്കള്‍ക്കെന്തു പറയാനുണ്ട്, താങ്കളുടെ ചങ്ങാതിയെക്കുറിച്ച്? ഇന്നലെ രാത്രി അയാള്‍ യെറൂസലേമില്‍ പോയി പ്രാര്‍ത്ഥിച്ച് മക്കയില്‍ തിരിച്ചെത്തിയത്രെ!” അബൂബക്‌റിന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് ഒരു സന്ദേഹമായിരുന്നു. കുറയ്ഷി സംഘാംഗങ്ങള്‍ കളവുപറയുന്നതായിരിക്കാം. എന്നാൽ, അവര്‍ ഉറപ്പിച്ചു പറഞ്ഞു, ”ഇനി, സംശയമുണ്ടെങ്കില്‍, മുഹമ്മദ് ഇപ്പോള്‍ പള്ളിയിലുണ്ട്, ചെന്ന് ചോദിക്കൂ.”

”അൽഅമീൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍…”
“പറഞ്ഞിട്ടുണ്ടെങ്കിൽ…?” പലപുരികങ്ങൾ ആകാംക്ഷയിൽ വളഞ്ഞു.
അബൂബക്ര്‍ തുടർന്നു, ”പറഞ്ഞിട്ടുണ്ടെങ്കിൽ അതു സത്യമാണ്. ഇതിലെന്തത്ഭുതപ്പെടാനിരിക്കുന്നു? ആകാശലോകത്തുനിന്ന് ഒരു നിമിഷത്തിനുള്ളില്‍ സുവിശേഷവുമായി മാലാഖ അദ്ദേഹത്തിനടുത്ത് വരാറുള്ളത് ഞങ്ങള്‍ക്കറിയാവുന്നതാണല്ലോ.” നൊടിയിടയില്‍ പള്ളിയിലെത്തി അബൂബക്ര്‍ അതാവര്‍ത്തിച്ചു,
”അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണ്. അന്നുമുതല്‍ പ്രവാചകന്‍ അദ്ദേഹത്തെ ”അസ്-സിദ്ദീക്വ്” എന്ന് വിളിച്ചു; അഥവാ, ‘സത്യത്തിന്റെ മഹാനായ സാക്ഷി’

‘കഥ’ അവിശ്വസനീയം എന്ന് കരുതിയവര്‍ തന്നെ ആഴ്ചകള്‍ക്കുള്ളില്‍ തങ്ങളുടെ
ധാരണയെ തിരുത്തി. യാഥാര്‍ഥ്യങ്ങളെ അവരെക്കൊണ്ടവ തിരുത്തിപ്പിച്ചു എന്നുവേണം പറയാന്‍. മുമ്പെങ്ങും ബൈത്തുല്‍ മുഖദ്ദസ് സന്ദര്‍ശിച്ചിട്ടില്ലാത്ത മുഹമ്മദിന്റെ ബൈത്തുല്‍
മുഖദ്ദസിനെക്കുറിച്ചുള്ള വിവരണത്തില്‍ അവരുടെ വാ പിളർന്നുപോയി. അക്സായെയും പരിസരത്തെയും കുറിച്ചുള്ള സൂക്ഷ്മ വിശദാംശങ്ങൾപോലും കിറുകിറുത്യം. തീർന്നില്ല, സിറിയയില്‍ നിന്ന് തിരികെവരുന്ന മക്കക്കാരായ വണിക്കുകളുടെ സംഘങ്ങളെ താന്‍ കണ്ടതെവിടെയൊക്കെ വെച്ചാണെന്ന് ഭൂമിശാസ്ത്രപരവും അല്ലാത്തതുമായ അടയാളങ്ങളിലൂടെ നബി അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. കാഫിലകൾ മക്കയിലെത്താനെടുത്തേക്കാവുന്ന ദിവസങ്ങള്‍ കണക്കുകൂട്ടി കുറയ്ഷ് കാത്തിരുന്നു. മുഹമ്മദ് പറഞ്ഞത് കൃത്യമായ വിവരങ്ങളായിരുന്നു. പ്രിയങ്കരനായ അൽഅമീന്റെ രാപ്രയാണം വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു വിശ്വസിക്കാൻ! – വിശ്വാസിയുടെ വിശ്വാസത്തിന് ഒന്നുകൂടി ഊക്ക് കിട്ടിയിട്ടുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Alhamdulillah splendid elucidation جزاه الله خىر

    Hibathulla 18.06.2023

Leave a comment

Your email address will not be published.