വിധി വിശ്വാസം: ഒരു സമകാലിക വായന -1

//വിധി വിശ്വാസം: ഒരു സമകാലിക വായന -1
//വിധി വിശ്വാസം: ഒരു സമകാലിക വായന -1
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -1

“ഞാൻ സ്വർഗത്തിലൊ നരകത്തിലൊ എന്ന് ദൈവം ആദ്യമെ വിധിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് നന്നാവണം ?”

അനവസര വിമർശനങ്ങൾക്കും അനുചിത പരിഹാസങ്ങൾക്കും പലവുരു വിധേയമായിട്ടുള്ള ഒന്നാണ് ഇസ്‌ലാമിലെ ദൈവവിധിയുമായി ബന്ധപ്പെട്ട വീക്ഷണം. മനുഷ്യന്റെ സ്വതന്ത്രേച്ഛയും പ്രപഞ്ചത്തിന്റെ നിർണിത ഘടനയും തമ്മിൽ സമന്വയിപ്പിക്കുന്ന അദ്വിതീയമായ ഒരു ദർശനമാണ് ഇസ്‌ലാമിലെ വിധിവിശ്വാസം. ഇതു പക്ഷെ ഈ സങ്കീർണമായ വിഷയത്തിന്റെ ആഴവും പരപ്പും ചുഴിയും ചതുപ്പും അറിയാത്തവർക്ക് തിരിച്ചറിയാനാവില്ല. യുഗങ്ങൾ തോറും തത്ത്വജ്ഞാനികളും ശാസ്ത്ര വിശാരദരും സർഗ സംവാദങ്ങളിൽ നിരതരായിട്ടും ഉത്തരം കണ്ടെത്താൻ പരാജയപ്പെട്ട ഒരു മഹാ സമസ്യയെ, രണ്ടു പരിഹാസ വാക്കിൽ പരിമിതപ്പെടുത്താൻ അൽപ ജ്ഞാനം നൽകുന്ന ധാർഷ്‌ട്യത്തിനെ സാധിക്കു.
“ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്കറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു?”
(ക്വുർആൻ 3: 66)

ഉപരിപ്ലവകരമായ അഭിപ്രായപ്രകടനങ്ങൾക്കപ്പുറം ഗൗരവകരമായ ഒരു അവലോകനം അർഹിക്കുന്നുണ്ട് ഈ വിഷയം. ഇസ്‌ലാമിലെ ദൈവവിധിയുമായി ബന്ധപ്പെട്ട വിശ്വാസ ദർശനത്തിന്റെ ഒരു സമകാലിക വായനയിലേക്ക് നമുക്ക് പ്രവേശിക്കാം.

സ്വതന്ത്രരായ അടിമകൾ… ചങ്ങലകൾ കൊണ്ടുള്ള ചിറകുകൾ…

എന്റെ കൈ എനിക്ക് ഉയർത്താം, ഉയർത്താതിരിക്കാം. അത് എന്റെ ഇഷ്ടവും തിരഞ്ഞെടുപ്പുമാണ്.

1. എന്റെ കൈ ഞാൻ ഉയർത്തി എങ്കിൽ അത് ആരും നിർബന്ധിച്ചിട്ടല്ല, എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ലെങ്കിൽ ഇച്ഛക്കനുസൃതമായാണ്.

2. എന്റെ കൈ ഉയർത്താതെയുമിരിക്കാനുള്ള തിരഞ്ഞെടുപ്പു സ്വാതന്ത്ര്യവും കഴിവും എനിക്കുണ്ട്.

ഈ അർത്ഥത്തിൽ എനിക്ക് സ്വതന്ത്ര ഇച്ഛ (Free Will) അല്ലെങ്കിൽ ചിത്തസ്വാതന്ത്ര്യം ഉണ്ട് എന്ന് പറയാമല്ലൊ. നമ്മളെല്ലാം നമുക്ക് ഇച്ഛാ സ്വാതന്ത്ര്യമുണ്ടെന്ന് ബാഹ്യമായ കാരണങ്ങളൊ തെളിവുകളൊ മാർഗ്ഗോപദേശമൊ കൂടാതെ അനുമാനിക്കുന്നു. നമ്മുടെ മനസ്സാ വാചാ കർമ്മണാ നമ്മുടെ ബോധപൂർവ്വമുള്ള (conscious) ഓരോ ചലനങ്ങളും പ്രവൃത്തികളും (actions) നമ്മുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളാണെന്ന് നാം ബാഹ്യ വ്യതിചലനങ്ങളൊന്നും കൂടാതെ വിശ്വസിക്കുന്നു.

എന്നാൽ നമ്മുടെ പ്രവൃത്തികളെ (actions) സംബന്ധിച്ച് -ഒരു വേള- അഗാധമായി ഒന്നു ചിന്തിച്ചു നോക്കൂ. ഞാൻ എന്റെ കൈ ഉയർത്താൻ ഒരു കാരണമുണ്ടാകുമല്ലൊ അഥവാ നമ്മുടെ ഒരു പ്രവർത്തിക്ക് ഒരു ഹേതു (Cause) ഉണ്ടാകുമല്ലൊ. അടുക്കളയിൽ തീ കത്തി പടരുന്നത് നാം ദർശിക്കുന്നു. യാദൃച്ഛികമായൊ, ആകസ്മികമായൊ ഒരു തീ അടുക്കളയിൽ പ്രത്യക്ഷപ്പെട്ടതായിരിക്കും എന്ന് നാം കരുതില്ല. അതിന് ഒരു കാരണം അല്ലെങ്കിൽ ഹേതു ഉണ്ടാവും (Cause) എന്ന അനുമാനത്തിലേക്കാണ് ബുദ്ധിസഹജമായി നാം എത്തുക. തീയുടെ പിന്നിൽ കുട്ടികളുടെ വികൃതിയാവാം, വയറിങ്ങ് പ്രശ്നങ്ങളാകാം, പാചകക്കാരന്റെ മറവിയാവാം… അങ്ങനെ ഏതെല്ലാമോ ഹേതുവിലേക്ക് നമ്മുടെ മനസ്സ് നീങ്ങിക്കൊണ്ടിരിക്കും. അപ്പോൾ ആ ഹേതുവാണ് (Cause) തീ എന്ന പ്രവൃത്തിക്ക് (Action) കാരണം. അഥവാ ഓരോ പ്രവൃത്തിക്കും ഒരു കാരണം (Cause) ഉണ്ടാവും. ഈ കാരണം (Cause) എന്ന ഘടകത്തെ വിശാലമായ അർത്ഥത്തിൽ ചിന്തിച്ചാൽ വ്യക്തികളുടെ ഉദ്ദേശ്യം, തീരുമാനങ്ങൾ തുടങ്ങി ധമനികളിലെ രക്തയോട്ടം വരെ Cause കൾ ആണല്ലൊ. ലോകത്ത് നടക്കുന്ന സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ ചലനങ്ങൾക്കും പ്രവർത്തികൾക്കും ഇങ്ങനെ പ്രത്യേകം കാരണവും ഹേതുവുമുണ്ട് (Cause).

നാം ഒരു കാര്യം പ്രവർത്തിക്കുന്നുവെങ്കിൽ അത് ഒരു കാരണത്തിന്റെ (cause) അനിവാര്യതയാലാണ്. ഇനി ആ കാര്യം നാം പ്രവർത്തിക്കുന്നില്ല എങ്കിൽ അതും ഒരു കാരണത്തിന്റെ (cause) അനിവാര്യതയാലാണ്. നമ്മുടെ പ്രവർത്തനങ്ങളെല്ലാം ഇപ്രകാരം കാരണങ്ങളുടെ അനിവാര്യതകൾ മാത്രമാണ്.

പൂർവികരും ആധുനികരുമായ ലോക പ്രസിദ്ധ ഫിലോസഫർമാർക്കും ശാസ്ത്രജ്ഞർക്കുമിടയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു തത്ത്വജ്ഞാന വീക്ഷണമാണ് ‘ചിത്തസ്വാതന്ത്ര്യ നിഷേധവാദം’ അഥവാ ‘നിർണ്ണയവാദം’ (ഡിറ്റർമിനിസം Determinism). അഥവാ മനുഷ്യ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്‌ ഇച്ഛാശക്തിക്കതീതമായ ബാഹ്യ പരിതസ്ഥിതികളൊ കാരണങ്ങളൊ ആണെന്ന വാദം.

“സംഭവിക്കുന്നതെല്ലാം മുമ്പ് സംഭവിച്ചതിന്റെ അനിവാര്യമായ അനന്തരഫലങ്ങളാണെന്ന്” നിർണ്ണയവാദം (ഡിറ്റർമിനിസം Determinism) അവകാശപ്പെടുന്നു.

പ്രപഞ്ചാരംഭം മുതൽ ഇന്ന് വരെ സംഭവിച്ച ഓരോ കാര്യങ്ങളും ഓരോ കാര്യത്തിന് മുമ്പ് സംഭവിച്ച ഒരു കാരണം (Cause) കൊണ്ട് വിശദീകരിക്കാം എന്ന് ‘കാര്യകാരണ നിർണ്ണയവാദം’ (Causal determinism) അവകാശപ്പെടുന്നു. സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും സംഭവങ്ങളും അവക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളുടെയും സംഭവങ്ങളുടെയും അനിവാര്യമായ അനന്തരഫലങ്ങളാണ്. ഇപ്രകാരം പ്രപഞ്ചാരംഭം മുതൽ സംഭവിച്ച ഓരോന്നും അവക്ക് മുമ്പ് സംഭവിച്ചവ കൊണ്ട് വിശദീകരിക്കാം.

രവി പലചരക്ക് വാങ്ങാൻ കടയിൽ പോയത്, മുമ്പ് സംഭവിച്ച ഒരു കാരണത്താൽ (cause) മാത്രമാണ്. ആ കാരണം (cause) ഇല്ലെങ്കിൽ രവി പലചരക്ക് വാങ്ങാൻ പോവില്ലായിരുന്നു. ആ കാരണം എന്തുമാവാം. ഭാര്യയുടെ ശകാരമാവാം രവി പലചരക്ക് വാങ്ങാൻ കടയിൽ പോവാനുള്ള കാരണം (cause). അപ്പോൾ ഭാര്യയുടെ ശകാരത്തിന് കാരണമെന്താണ് ? അരി തീർന്നതാണ് അതിന് കാരണം. അരി തീരാൻ എന്താണ് കാരണം ? ഇപ്രാവശ്യം രവി അരി കുറവു വാങ്ങി എന്നതാണ് കാരണം. എങ്കിൽ ഇപ്രാവശ്യം രവി അരി കുറവു വാങ്ങാൻ എന്താണ് കാരണം ? ഈ മാസം ശമ്പളം കുറവാണ് കിട്ടിയത് എന്നതാണ് കാരണം. ഈ മാസം ശമ്പളം കുറവ് കിട്ടാൻ എന്താണ് കാരണം. മുതലാളിയുടെ മകളുടെ വിവാഹമായതു കൊണ്ട് മുതലാളി സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് എന്നതാണ് അതിന് കാരണം… ഇങ്ങനെ കാര്യകാരണങ്ങളുടെ കണ്ണികൾ തേടി പിന്നിലോട്ട് എത്ര വേണമെങ്കിലും നമുക്ക് പോവാം… അവ പ്രപഞ്ചത്തിന്റെ ആരംഭം വരെ ചെന്നെത്തുമെന്ന് ‘കാര്യകാരണ നിർണ്ണയവാദം’ (Causal determinism) അവകാശപ്പെടുന്നു.

രവി പലചരക്ക് വാങ്ങാൻ പോവുക എന്നത്, അത് വരെ പ്രപഞ്ചത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്നും വ്യുൽപ്പന്നമായ കാരണപരമായ അനിവാര്യത (causaly inevitable) ആണ് എന്ന് അവർ വാദിക്കുന്നു.

ഈ തത്ത്വജ്ഞാന വീക്ഷണത്തെ ഫിലോസഫർമാർ “Roll back” എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ഇന്ന് ജീവിക്കുന്ന നാം കാലത്തെ ഒന്ന് റിവൈന്റ് ചെയ്ത് പിന്നിലോട്ട് കൊണ്ട് പോയി 1900 ജനുവരി 1 വരെ ആക്കി നിർത്തി വച്ചു എന്ന് വിചാരിക്കുക; ഒരു ടെലവിഷൻ പ്രോഗ്രാം റിവൈന്റ് ചെയ്യുന്നത് പോലെ. 1900 ജനുവരി 1 ന് ലോകത്ത് സംഭവിച്ചതും നിലനിൽക്കുന്നതുമായ എല്ലാം അതേ രൂപത്തിൽ, നമ്മുടെ റിവൈന്റ് ചെയ്തു എത്തി ചേർന്ന 1900 ജനുവരി 1 ലെ ലോകത്ത് ഉണ്ടെങ്കിൽ, മുമ്പ് നടന്ന അതേ കാര്യങ്ങളും സംഭവങ്ങളും തന്നെയാണ് ഇന്ന് വരെ വീണ്ടും നടക്കുക !! അത്രയും കൃത്യവും സൂക്ഷ്മവുമായ നിലവിൽ പ്രവചനീയവും കാര്യകാരണ ബന്ധിതവുമാണ് ഈ പ്രപഞ്ചം മുഴുവൻ. അതിൽ നിന്നും മനുഷ്യരുടെ ജീവിതവും പ്രർവത്തനങ്ങളും ഇച്ഛകളും തിരഞ്ഞെടുപ്പുകളും പോലും സ്വതന്ത്രമല്ല എന്ന് Roll back theory വാദിക്കുന്നു.

ബി.സി.ഇ പതിനഞ്ചാം നൂറ്റാണ്ട് മുതൽക്കെ നിഴലിച്ചും നിറങ്ങളിലും ലോകത്ത് നിലനിന്നിരുന്ന വീക്ഷമാണിത് എന്ന് സോക്രട്ടിസ് പൂർവ്വ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന ലൂസിപ്പസിന്റെ (Leucippus) വാചകം തെളിയിക്കുന്നു:

“യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല, പ്രത്യുത എല്ലാം കാരണത്തിൽ നിന്നും ആവശ്യകതയിലും നിന്നും വ്യുൽപ്പന്നമാവുന്നതാണ്.”
(On Mind)

പ്രവചനാധീനവും കാര്യകാരണ ബന്ധിതവുമായ മനുഷ്യ പ്രർവത്തനങ്ങളും ഇച്ഛകളും തിരഞ്ഞെടുപ്പുകളും സ്വതന്ത്രമല്ല എന്ന് വരുന്നതോടെ സ്വതന്ത്ര ഇച്ഛ വെറും മിഥ്യാ സങ്കൽപ്പമായി മാറുന്നു. നമ്മുടെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും നമ്മുടെ ഇച്ഛയെ പിന്തുടരുന്നു എന്നത് നമ്മുടെ അനുഭവപരമായ തെറ്റിദ്ധാരണ മാത്രമാണ്. യഥാർത്ഥത്തിൽ നമുക്ക് യാതൊരു സ്വതന്ത്രേച്ഛയും ഇല്ല. നമ്മുടെ പ്രവർത്തനങ്ങളെല്ലാം പ്രപഞ്ചത്തിൽ മുമ്പ് നടന്ന കാരണങ്ങളുടെ അനന്തരഫലമായി നടക്കുന്ന അനിവാര്യമായ പ്രതിഫലനങ്ങൾ മാത്രമാണ് എന്നതാണ് ‘നിർണ്ണയവാദ’ത്തിന്റെ (Determinism) അടിസ്ഥാന ആശയം.
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

നിർണയവാദക്കാരായ ന്യൂറോ സയന്റിസ്റ്റുകൾ അൽപ്പം വ്യത്യസ്തമായ രീതിയിൽ ഇതേ ആശയത്തെ അവതരിപ്പിക്കാറുണ്ട്:

എന്റെ തിരഞ്ഞെടുപ്പുകൾ എന്റെ മസ്തിഷ്ക്കത്തിന്റെ -എനിക്ക് അജ്ഞാതമായ കാരണങ്ങളാലുള്ള- പ്രവർത്തനത്താലോ പരിസ്ഥിതിയുടെ (ഞാൻ അല്ലാത്ത മറ്റെല്ലാം പരിസ്ഥിതിയാണ്) കാരണത്താലൊ മാത്രം സംഭവിക്കുന്നതാണ്. അത് ഒരിക്കലും സ്വതന്ത്രമായ ഒരു സംഭവമല്ല.

“ഞാൻ ഇന്ന് ഒരു ഷേക്ക്‌ കുടിക്കണമെന്ന് ആഗ്രഹിച്ചു. കൂൾ ബാറിലെ മെനുവിൽ നിന്ന് ചോക്ലേറ്റ് ഷേക്ക് ഞാൻ തിരഞ്ഞെടുത്തു. ഞാൻ അത് കുടിച്ചു.”

ഈ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ സ്വന്തം ഇച്ഛക്കനുസൃതമായി ഞാൻ തിരഞ്ഞെടുത്ത കാര്യങ്ങളാണ് എന്ന് എനിക്ക് തോന്നിയേക്കാം. പക്ഷെ യഥാർത്ഥത്തിൽ അവ നമ്മുടെ ജനിതക ഘടനയുടെ (genetics) ഉള്ളടക്കമായ (നാഡീകോശ-ഹോർമോൺ സംബന്ധിയായ) മസ്തിഷ്ക പ്രവർത്തനങ്ങളിലെയൊ പരിസ്ഥിതിയിലെയൊ (environment) കാരണങ്ങളാൽ സംഭവിച്ച അനിവാര്യമായ പരിണിതഫലങ്ങൾ മാത്രമാണ്.

“ഞാൻ ഇന്ന് ഒരു ഷേക്ക് കുടിക്കണമെന്ന് ആഗ്രഹിച്ചത്” എന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പല്ല. മസ്തിഷ്ക്കത്തിലെ ഡോപ്പമീൻ എന്ന ന്യൂറോട്രാൻസ്മിറ്ററുകളുടെ ശക്തമായ പ്രേരണയാലാണ്. ഈ പ്രേരണയെ അവഗണിക്കാൻ എനിക്ക് സാധിക്കുന്നുവെങ്കിൽ അതും എന്റെ മസ്തിഷ്ക്കത്തിലെ (ഇച്ഛാശക്തിയെ നിയന്ത്രിക്കുന്ന) ഭാഗമായ പ്രീഫ്രന്റൽകോർട്ടത്തിന്റെ കരുത്തിനാലാണ്. ഈ രണ്ട് തിരഞ്ഞെടുപ്പുകളും സ്വതന്ത്രമല്ല; നിർണിതമാണ്. “കൂൾ ബാറിലെ മെനുവിൽ നിന്ന് ചോക്ലേറ്റ് ഷേക്ക് ഞാൻ തിരഞ്ഞെടുത്തത് ” രണ്ട് കാരണങ്ങളാൽ പ്രേരിതമായാണ്.
1) വാനില, ചോക്ലേറ്റ് എന്നീ രണ്ട് ഷേക്കുകൾ മാത്രമാണ് കൂൾ ബാറിൽ ലഭ്യം. ലഭ്യത (അഥവാ പരിസ്ഥിതി) നിങ്ങളുടെ തിരഞ്ഞെടുപ്പിനെ രണ്ട് തരം ഷേക്കിൽ ചുരുക്കി.
2) ഈ രണ്ട് ഇനത്തിൽ ചോക്ലേറ്റ് ഞാൻ തിരഞ്ഞെടുക്കാൻ കാരണം, എന്റെ ശരീരത്തിന് ആവശ്യമായ ഭക്ഷ്യഘടകങ്ങൾ ചോക്ലേറ്റിൽ ഉള്ളതു കൊണ്ട്, മസ്തിഷ്കം ചോക്ലേറ്റ് കഴിക്കാൻ പ്രചോദിപ്പിക്കുന്നതാവാം. അല്ലെങ്കിൽ ചെറുപ്രായത്തിൽ എനിക്ക് പ്രിയപ്പെട്ട ആരൊ എനിക്ക് ചോക്ലേറ്റ് ഷേക്ക് വാങ്ങി തന്ന വൈകാരിക ഓർമ്മയാകാം എന്റെ തിരഞ്ഞെടുപ്പിന് കാരണം. അയാൾ നാരങ്ങ സോഡയായിരുന്നു വാങ്ങി തന്നിരുന്നതെങ്കിൽ ഞാൻ അതായിരിക്കും തിരഞ്ഞെടുക്കുമായിരുന്നത്.

അപ്പോൾ തിരഞ്ഞെടുപ്പിന് കാരണം പരിസ്ഥിതിയാണെന്ന് വരുന്നു. ചുരുക്കത്തിൽ സ്വതന്ത്രമെന്ന് ഞാൻ വിശ്വസിച്ച എന്റെ എല്ലാ തിരഞ്ഞെടുപ്പുകളും മറ്റു പല കാരണങ്ങളുടെയും അനിവാര്യവും നിർണിതവുമായ പരിണിത ഫലങ്ങൾ മാത്രമാണ്. നമുക്ക് നമ്മുടെ തിരഞ്ഞെടുപ്പുകളിൽ യാതൊരു സ്വാതന്ത്ര്യവുമില്ല… നാം പ്രവർത്തിക്കുന്നതെല്ലാം ജനിതക ഘടനയാലും (genetics), പരിസ്ഥിതിയാലും (environment) നിർണിതമാണ് എന്ന് നിർണയവാദക്കാരായ ന്യൂറോസയന്റിസ്റ്റുകൾ വിശദീകരിക്കുന്നു.

എങ്കിൽ നമുക്ക് നമ്മുടെ മേൽ അധികാര-സ്വാതന്ത്ര്യം ഉണ്ടോ ? നാം ഓരോരുത്തരുടേയും പ്രവർത്തനങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം നമുക്കുണ്ടോ ? കുറ്റവാളികൾ അവരുടെ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാണോ ? അതോ അവർ ആ കുറ്റകൃത്യം ചെയ്യുക എന്നത് കാര്യകാരണങ്ങളുടെ പ്രാപഞ്ചിക പ്രയാണത്തിനിടയിലെ അലംഘനീയമായ പരിണതി മാത്രമാണോ ?!

മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛ (Free Will) അല്ലെങ്കിൽ ചിത്തസ്വാതന്ത്ര്യം ഉണ്ടെന്ന് ശക്തമായി വാദിച്ച ഫിലോസഫർമാരാണ് സ്വാതന്ത്യ്രാൽഘോഷകർ അഥവാ ലിബർടേറിയൻ (Libertarian).

(രാഷ്ട്രീയ തത്ത്വശാസ്ത്രമായ ലിബറലിസത്തെ അല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.)

മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛ (Free Will) അല്ലെങ്കിൽ ചിത്തസ്വാതന്ത്ര്യം ഉണ്ട്.
അപ്പോൾ നിർണയവാദം (determinism) തെറ്റാണ് എന്ന് ലിബർടേറിയൻ (Libertarian) വാദിക്കുന്നു.

ഹാർഡ് ഡിറ്റർമിനിസം (Hard diterminism) സ്വതന്ത്ര ഇച്ഛയെ (free will) അതിശക്തമായി നിഷേധിച്ചു. നിർണയവാദം ഒരു യാഥാർത്ഥ്യമാണ്, ശാസ്ത്രവും പരിണാമവും സർവ്വ മാനുഷിക വിജ്ഞാന ശാഖകളും അർത്ഥശങ്കക്കിടയില്ലാത്ത വിധം, നിർണയവാദം (determinism) വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണെന്ന് തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യർക്ക് സ്വതന്ത്ര്യേച്ഛ ഉണ്ട് എന്ന വാദം തെറ്റാണെന്ന് ഹാർഡ് ഡിറ്റർമിനിസ വക്താക്കൾ പ്രഖ്യാപിക്കുന്നു.

ഈ രണ്ടു നിലപാടുകൾക്കിടയിൽ അവ തമ്മിൽ സംയോജിപ്പിച്ചു സങ്കൽപ്പിക്കാൻ ശ്രമിക്കുന്ന മൂന്നാമതൊരു വീക്ഷണകോണു കൂടി നിലവിലുണ്ട്; ആനുരൂപ്യതാവാദം (compatibilism).

സ്വതന്ത്ര ഇച്ഛാശക്തിയും (Free will) നിർണ്ണയവാദവും (determinism) പരസ്പരം യോജിപ്പിക്കപ്പെടാവുന്നവ ആണെന്നും യുക്തിപരമായി പൊരുത്തക്കേട് കൂടാതെ രണ്ടിലും വിശ്വസിക്കാൻ കഴിയുമെന്നും വാദിക്കുന്ന തത്ത്വശാസ്ത്ര വീക്ഷണമാണ് കോംപാറ്റിബിലിസം അഥവാ ആനുരൂപ്യതാവാദം Compatibilism. അതീന്ദ്രിയമായ സങ്കൽപ്പങ്ങളൊ ആശയങ്ങളൊ ആയി യാതൊരു ബന്ധവുമില്ലാതെ തന്നെ ഇച്ഛാ സ്വാതന്ത്ര്യം ഉള്ളതും ഇല്ലാത്തതുമായ സാഹചര്യങ്ങൾ ഉണ്ടെന്ന് ആനുരൂപ്യതാവാദികൾ (Compatibilist) ഉറപ്പിച്ചു പറയുന്നു.
നിർണ്ണയവാദം (determinism), സ്വതന്ത്രേച്ഛക്ക് (free will) എതിരാണ് എന്ന നിലപാട് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ആനുരൂപ്യതാവാദികൾ (Compatibilist) അനുമാനിക്കുന്നു.

ഈ മൂന്ന് തത്ത്വശാസ്ത്ര ദർശനങ്ങൾക്കുമിടയിൽ നിന്ന് അതികായരായ ദർശനജ്ഞരും ശാസ്ത്രജ്ഞരും കാലാന്തരങ്ങളിൽ അസംഖ്യമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയുണ്ടായി. തെളിവുകളും ന്യായങ്ങളും പരസ്പരം ചേർന്നും ചിതറിയും അന്തർദർശനങ്ങളുടെ അനന്തഭേദങ്ങൾ ഒരുക്കിയ ഹൃദയസംവേദ്യമായ ആശയ ചമൽക്കാരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണമാണ് അടുത്തതായി നാം പ്രതീക്ഷിക്കുന്നത്.

print

No comments yet.

Leave a comment

Your email address will not be published.