വിധി വിശ്വാസം: ഒരു സമകാലിക വായന -2

//വിധി വിശ്വാസം: ഒരു സമകാലിക വായന -2
//വിധി വിശ്വാസം: ഒരു സമകാലിക വായന -2
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -2

തലയിലെഴുത്ത്: വാദപ്രതിവാദങ്ങളുടെ ചരിത്രപരത

“മനുഷ്യന് അവൻ ആഗ്രഹിക്കുന്നത് ചെയ്യാൻ കഴിയും, എന്നാൽ ആഗ്രഹിക്കുന്നത് ആഗ്രഹിക്കാൻ അവന് കഴിയില്ല എന്ന് മാത്രം.”
-ആർതർ ഷോപ്പൻഹോവർ

*******************************

മനുഷ്യൻ വിജ്ഞാനവും തത്ത്വജ്ഞാനവും അന്വേഷിക്കാനാരംഭിച്ച കാലം മുതൽക്കെ സ്വതന്ത്രേച്ഛയെ (Free Will) ചോദ്യം ചെയ്യുന്ന, വ്യത്യസ്ത യുക്തിയിലും പ്രമേയത്തിലും അധിഷ്ടിതമായ നിർണയവാദ (Determinism) ആശയങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് ഡോ. ഷോൺ നിക്കോൾസ് വ്യക്തമാക്കുന്നു. പ്രാചീന മതങ്ങളും, ദർശനങ്ങളും, സോക്രറ്റീസ്പൂർവ്വ തത്ത്വജ്ഞാന വീക്ഷണങ്ങളും, പൗരാണിക ശാസ്ത്ര സിദ്ധാന്തളുമെല്ലാം അടങ്ങുന്ന മതപരവും മതേതരവുമായ എല്ലാ വിജ്ഞാന ശാഖകളും പണ്ഡിതരും ഇച്ഛാസ്വാതന്ത്ര്യം (Free Will), നിർണയവാദം (Determinism), ആനുരൂപ്യതാവാദം (Compatibilism) എന്നിവ ചർച്ച ചെയ്യുകയൊ സ്ഥിരപ്പെടുത്തുകയൊ പ്രചരിപ്പിക്കുകയൊ ചെയ്തിട്ടുണ്ട്. ദൈവവുമായി ബന്ധപ്പെടുത്തിയും അല്ലാതെയും മനുഷ്യ കർമ്മങ്ങൾ നിർണിതങ്ങളാണെന്നുള്ള മത-മതേതര പ്രത്യയശാസ്‌ത്രങ്ങളും വീക്ഷണങ്ങളും പൗരാണിക കാലം മുതൽക്കെ നിലനിന്നിരുന്നു എന്നർത്ഥം.
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

“വിധി” (Fate) അല്ലെങ്കിൽ കർമ്മ: (Karma) എന്ന സങ്കൽപ്പം അതിന് ഉദാഹരണമാണ്. നമ്മുടെ പ്രവർത്തനങ്ങൾ അപരിഹാര്യമായ പ്രാപഞ്ചിക കാരണമാണെന്ന സങ്കൽപ്പം. നമ്മുടെ ഒരു പ്രവർത്തിക്ക് മറ്റൊരു പ്രാപഞ്ചികമായ പ്രവർത്തനത്തെയൊ പ്രതിഫലനത്തെയൊ അനിവാര്യമാക്കാനുള്ള കഴിവുണ്ട് എന്നതാണ് ഈ സങ്കൽപ്പങ്ങളുടെ അടിവാരം.

എല്ലാ സംഭവങ്ങളും പ്രവർത്തനങ്ങളും ഒരു നിർണിതമായ വിധിയിലേക്കോ തലയിലെഴുത്തിലേക്കോ അനിവാര്യമായി എത്തിക്കുന്നു എന്ന് ഊന്നിപ്പറയുന്ന അനുബന്ധ ദാർശനിക സിദ്ധാന്തങ്ങളുടെ ഒരു ശേഖരമാണ് ഫാറ്റലിസം (Fatalism). അനിവാര്യമെന്ന് കരുതപ്പെടുന്ന ഭാവി സംഭവങ്ങളോട് വർത്തമാനപരമായി രാജിയാവുക എന്ന മനോഭാവവുമായി ഫാറ്റലിസം സാധാരണയായി ബന്ധപ്പെട്ട് കിടക്കുന്നു.

ഗ്രീക്ക് പുരാണത്തിലെ ഒരു ദുരന്തനായകനായ ഈഡിപ്പസ് തന്റെ പിതാവിനെ കൊല്ലുകയും അമ്മയെ വിവാഹം കഴിക്കുകയും അതുവഴി തന്റെ നഗരത്തിനും കുടുംബത്തിനും ദുരന്തം വരുത്തുകയും ചെയ്യുമെന്ന ഒരു പ്രവചനം യാദൃശ്ചികമായി നിറവേറ്റുന്നു. ദൈവേതരമായ കാരണമായാണ് ഈ ഗ്രീക്ക് പുരാവൃത്തം “വിധി” യെ അവതരിപ്പിക്കുന്നത്. ചിത്തസ്വാതന്ത്ര്യ നിഷേധവാദത്തിന്റെ (Determinism) ഏറ്റവും പുരാതനമായ ഒരു മതേതര വീക്ഷണമാണിവിടെ നാം ദർശിക്കുന്നത്. ഹോമറിന്റെ ഇലിയഡിൽ, ട്രോജൻ യുദ്ധത്തിൽ ട്രോയ് പരാജയപ്പെടുമെന്നും അകിലിസ്, ഹെക്ടർ രാജകുമാരനെ വധിക്കുമെന്നുമുള്ള “അലംഘനീയമായ വിധി”യെ (Inevitable fate) ചിത്രീകരിക്കുന്നുണ്ട്.

ബി.സി.ഇ 700-400 കൾക്കിടയിൽ എഴുതപ്പെട്ടതായി അനുമാനിക്കപ്പെടുന്ന മഹാഭാരതത്തിലൂടെയും മറ്റും, ഇന്ത്യയിൽ ഹിന്ദുമത തത്ത്വശാസ്ത്രം അവതരിപ്പിച്ച “കർമ്മ:” എന്ന സങ്കൽപ്പം നിർണയവാദത്തിന്റെ മറ്റൊരു പകർപ്പാണ് എന്ന് വാദിക്കപ്പെടാം. ഒരു വ്യക്തിയുടെ ഒരു പ്രവർത്തനത്തിന് ഭാവിയിൽ വ്യക്തിയുടെമേൽ പ്രത്യാഘാതങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശക്തിയുണ്ടെന്ന വിശ്വാസമാണിത്.
കർമ്മ: എന്ന ആശയം ദൈവവുമായൊ ദൈവങ്ങളുമായൊ നേരിട്ട്, ഒരു വിധത്തിലും ബന്ധപ്പെടാത്ത പ്രവർത്തനങ്ങളുടെ സ്വതന്ത്രമായ സ്വാധീന ശക്തിയെയും അതിലൂടെ സംഭവിക്കുന്ന അനിവാര്യമായ പരിണിതി അല്ലെങ്കിൽ വിധിയെയുമാണ് സൂചിപ്പിക്കുന്നത്.

ദൈവത്തിന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസം ജൂതമതം, ക്രിസ്തു മതം, ഇസ്‌ലാം തുടങ്ങി സർവ്വ മതങ്ങളിലും ഉള്ളടങ്ങിയിട്ടുണ്ട്. സർവജ്ഞനും സർവ്വ നിയന്താവുമായ ദൈവത്തെ സ്ഥിരപ്പെടുത്തുന്ന ഏതൊരു മതവും ദിവ്യവിധി (God’s will) യിലുള്ള വിശ്വാസവും സ്ഥിരപ്പെടുത്തൽ അനിവാര്യമാണല്ലൊ. എന്നാൽ ഈ മതങ്ങളുടെയെല്ലാം ധാർമ്മിക മൂല്യങ്ങളും നിയമങ്ങളും മനുഷ്യന്റെ സ്വതന്ത്രേച്ഛയെ (Free Will) അടിസ്ഥാനപ്പെടുത്തി അവതരിപ്പിക്കപ്പെടുന്നതുമാണ്.
നിർണയവാദത്തോട് സാമ്യപ്പെടുന്ന ദൈവവിധിയും (God’s will), ധാർമ്മിക തിരഞ്ഞെടുപ്പും (Free Will) തമ്മിൽ എങ്ങനെ സംയോജിപ്പിക്കും?
ചില വിശ്വാസികൾ ഇവ തമ്മിൽ യുക്തിപരമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. ഇവ തമ്മിൽ എങ്ങനെ സമന്വയിപ്പിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കാതിരുന്ന ചില വിശ്വാസികൾ ഇവ രണ്ടിൽ (ദൈവവിധി – സ്വതന്ത്രേച്ഛ) ഏതെങ്കിലും ഒന്ന് നിഷേധിക്കുകയും മറ്റൊന്ന് സ്ഥിരപ്പെടുത്തുകയും ചെയ്ത് വിശ്വാസ വ്യതിയാനത്തിൽ അകപ്പെട്ടു പോയിട്ടുണ്ട്. ഇത്തരം അവാന്തരവിഭാഗങ്ങൾ എല്ലാ മതത്തിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇവരേക്കാൾ എത്രയൊ അധികം മതേതരരൊ മതനിഷേധികളൊ ആയ തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞരും, നിർണയവാദം-സ്വതന്ത്രേച്ഛ എന്നിവയിൽ ഒന്നിനെ സ്ഥിരപ്പെടുത്താനൊ രണ്ടിനേയും സമന്വയിപ്പിക്കാനൊ ബൗദ്ധിക തപസ്സുകളിലും ആശയയുദ്ധങ്ങളിലും ഏർപ്പെട്ടിട്ടുണ്ട് !

ദൈവിക മുൻനിശ്ചയവും (Devine predestination) ദൈവിക മുന്നറിവും (foreknowledge) മുൻനിർത്തി മനുഷ്യന്റെ സ്വതന്ത്രേച്ഛയെ (Free Will) നിഷേധിച്ച ഹാർഡ് ഡിറ്റർമനിസ്റ്റുകൾ ക്രിസ്ത്യൻ-ജൂത മത സമൂഹങ്ങളിൽ അവാന്തരവിഭാഗമായി നിലനിന്നിരുന്നു. ചാവുകടൽ ചുരുളുകൾ എഴുതിയതായി കരുതപ്പെടുന്ന അസ്സിൻസുകൾ, ദൈവവിധി എല്ലാറ്റിനെയും നിയന്ത്രിക്കുന്നുവെന്നും മനുഷ്യർക്ക് അതിന്റെ നിർണ്ണയമനുസരിച്ചല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഉറപ്പിച്ചുപറയുന്നു. ജൂത ചരിത്രകാരനായ ജോസിഫസ് ഈ വിഭാഗക്കാരെ സംബന്ധിച്ച് തന്റെ കൃതികളിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

ജോൺ കാൽവിനും, നവീകരണ കാലഘട്ടത്തിലെ മറ്റ് ദൈവശാസ്ത്രജ്ഞരും സ്ഥാപിച്ച, പ്രോടെസ്റ്റന്റിസത്തിന്റെ ഒരു പ്രധാന ശാഖയാണ് കാൽവിനിസം. ദൈവത്തിന്റെ പരമാധികാരത്തെയും ബൈബിളിന്റെ മൗലികതയും ഊന്നിപ്പറയുന്ന കാൽവിനിസം ആദിപാപ (Original sin) നിർണയവാദമാണ് ഉൽഘോഷിക്കുന്നത്. ആദിപാപത്താൽ, ദൈവം നമ്മെ പാപികളായി നിർണയിച്ചിരിക്കുന്നു (determined), നമ്മുടെ പ്രവൃത്തികളിലൂടെയുള്ള മോക്ഷത്തിന് നാം അർഹരല്ല എന്നും കാൽവിനിസം വിശ്വസിക്കുന്നു.

പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയിലെ ഒരു ദൈവശാസ്ത്ര ചിന്താധാരയായ അർമിനിയനിസം (Arminianism), നിർണയവാദ സ്വഭാവത്തിലുള്ള കാൽവിനിസ്റ്റുകളുടെ “ദൈവിക മുൻനിശ്ചയ ” (Calvinist doctrine of predestination) സിദ്ധാന്തത്തോടുള്ള ശക്തമായ പ്രതികരണമായി ഉയർന്നു വന്നതാണ്. 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉദയം കൊണ്ട അർമിനിയനിസം, ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തിയും പരസ്പരം യോജിപ്പിക്കാനാകുമെന്ന മതപരമായ ആനുരൂപ്യതാവാദം (Compatibilism) അവതരിപ്പിച്ചു.

മതപരമായ ആനുരൂപ്യതാവാദമാണ് (Religious Compatibilism) എല്ലാ മത വിശ്വാസികൾക്കുമിടയിൽ പ്രബലമായി നിലനിൽക്കുന്ന ആശയം. മനുഷ്യർ സ്വതന്ത്രേച്ഛ ഉള്ളവരാണ് എന്നതിനാലാണ് അവൻ ധാർമ്മിക ഉത്തരവാദിത്വം വഹിക്കുന്നവനായി മാറുന്നതും ദൈവം അവന് ധാർമ്മികത ബാധ്യസ്ഥപ്പെടുത്തിയിരിക്കുന്നതും. എന്നാൽ ദൈവവിധി ദൈവത്തിന്റെ സർവജ്ഞത്വം (Omniscience) എന്ന വിശേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ദൈവശാസ്‌ത്ര പണ്‌ഡിതർ വിശദീകരിക്കുന്നു. അഥവാ, ദൈവം കാലത്തിനും സ്ഥലത്തിനും അതീതനാണ്. സ്ഥലകാലത്തിന് അതീതനായി സർവജ്ഞനാണ്. അപ്പോൾ മനുഷ്യന്റെ സ്വതന്ത്രേച്ഛയെയും മുൻകൂട്ടി കാണാനും രേഖപ്പെടുത്താനും അവന് സാധിക്കുന്നു. അവന്റെ ഈ മുൻ ദർശനവും രേഖയും അനുസരിച്ചെ ഭാവിയിൽ മനുഷ്യർ പ്രവർത്തിക്കുകയുള്ളു. മനുഷ്യന്റെ ഈ പ്രവർത്തനങ്ങൾക്ക് ദൈവം കാര്യകാരണ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നു. ഇതാണ് ദൈവ വിധി. ഈ വ്യാഖ്യാനത്തിലൂടെ മനുഷ്യന്റെ സ്വതന്ത്രേച്ഛയെയും ദൈവ വിധിയെയും സമന്വയിപ്പിക്കാം എന്ന് മധ്യകാലഘട്ടത്തിലെ മിക്ക മതങ്ങളിലേയും ദൈവശാസ്‌ത്രപണ്‌ഡിതർ വിശ്വസിച്ചു.

ഇസ്‌ലാമിലെ ഒരു അവാന്തരവിഭാഗമായ ജബരിയ: (الجبرية) മനുഷ്യന്റെ സ്വതന്ത്രേച്ഛയെ നിഷേധിച്ചവരായിരുന്നു, മറ്റൊരു അവാന്തരവിഭാഗമായ ക്വദരിയ്യ: (القدرية) ദൈവ വിധിയെയും നിർണയത്തെയും നിഷേധിച്ചു. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസ സരണി പിന്തുടരുന്ന അഹ്‌ലുസ്സുന്ന: വൽജമാഅ: (أهل السنة والجماعة) ദൈവ വിധിയെയും മനുഷ്യ സ്വതന്ത്രേച്ഛയെയും സമന്വയിപ്പിച്ചാണ് – പൗരാണിക കാലം മുതൽക്കെ – വിശകലനം ചെയ്തു പോരുന്നത്. ക്വുർആനും പ്രവാചക പാഠങ്ങളും ഉൽഘോഷിക്കുന്നതും അതു തന്നെയാണ്. ഇന്ന് ലോകത്തുള്ള മുസ്‌ലിംകളെല്ലാം ഈ സമന്വയ രൂപമാണ് വിശ്വാസമായി പിൻതുടരുന്നതും.

print

No comments yet.

Leave a comment

Your email address will not be published.