വിധി വിശ്വാസം: ഒരു സമകാലിക വായന -3

//വിധി വിശ്വാസം: ഒരു സമകാലിക വായന -3
//വിധി വിശ്വാസം: ഒരു സമകാലിക വായന -3
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -3

കാര്യകാരണ നിർണ്ണയവാദം (Causal determinism)

കാര്യകാരണ നിർണ്ണയവാദത്തിന്റെ (Causal determinism) ഉത്ഭവം അതിപുരാതന കാലഘട്ടത്തിലേക്ക് വ്യാപിച്ചു കിടക്കുന്നു.

സോക്രറ്റീസ് പൂർവ്വ ഗ്രീക്ക് തത്ത്വശാസ്ത്ര ദർശനങ്ങളിൽ ഒന്നായ ആറ്റോമിസം (Atomism) കാര്യകാരണ നിർണ്ണയവാദത്തിന്റെ എറ്റവും പഴക്കമേറിയ ഇനമാണ്. ഭൗതിക പ്രപഞ്ചം ആറ്റങ്ങൾ എന്നറിയപ്പെടുന്ന അടിസ്ഥാനപരമായ അവിഭാജ്യ ഘടകങ്ങളാൽ നിർമ്മിതമാണെന്ന് നിർദ്ദേശിക്കുന്ന ഒരു നാച്ചുറൽ ഫിലോസഫിയാണ് ആറ്റോമിസം. ദൈവത്തെയും ആത്മീയതയെയും നിശിതമായി നിരാകരിച്ച ആറ്റോമിസം, ആറ്റങ്ങൾക്കപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല, ഉണ്ടാവുന്നുമില്ല എന്നും പ്രഖ്യാപിച്ചു.

ബി.സി.ഇ 15ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും ആദ്യകാല ആറ്റോമിസ്റ്റുകളിൽ അഗ്രഗണ്യനുമായ ലൂസിപസിന്റെ (Leucippus) വിശ്രുതമായ ഒരു പ്രസ്‌താവന നാം മുമ്പ് ഉദ്ധരിച്ചല്ലൊ:
“യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല, പ്രത്യുത എല്ലാം കാരണത്തിൽ നിന്നും ആവശ്യകതയിലും നിന്നും വ്യുൽപ്പന്നമാവുന്നതാണ്.”
(On Mind)

കാര്യകാരണ നിർണ്ണയവാദത്തിന്റെ (Causal determinism) അതിപുരാതന പ്രകാര ഭേദങ്ങളിൽ മറ്റൊന്നാണ് ബി.സി.ഈ 6-7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ബുദ്ധ പണ്ഡിതനായ ധർമ്മകൃതിയുടെ വിഷയാവലോകനങ്ങൾ. എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്, എന്നാൽ ഓരോ കാര്യവും ഓരോന്നായി എടുത്താൽ അവ ക്രമ-ലക്ഷ്യ രഹിതങ്ങളാണ് എന്ന് ധർമ്മകൃതിയെ പോലെ പല ബുദ്ധ തത്ത്വജ്ഞാനികൾ വാദിച്ചു.

പിന്നീടാണ് സ്റ്റോയിസിസത്തിന്റെ ആഗമനം. പുരാതന ഗ്രീസിലും റോമിലുമായി തഴച്ചുവളർന്ന ഹെല്ലനിസ്റ്റിക് തത്ത്വചിന്തയുടെ ഒരു ചിന്താധാരയാണ് സ്റ്റോയിസിസം (Stoicism). ഏഥൻസിലെ പുരാതന അഗോറയിൽ ബി.സി.ഇ 300-നടുത്ത് സിറ്റിയത്തിലെ സെനോയാണ് (Zeno of Citium) സ്റ്റോയിസിസം സ്ഥാപിച്ചത്. സ്റ്റോയിസ്റ്റിക്കുകൾ കാര്യകാരണ നിർണയവാദക്കാരായിരുന്നു; വിശദാംശങ്ങളിൽ ഭിന്നത പുലർത്തി കൊണ്ട്. എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്, അതോടൊപ്പം ഓരോ കാര്യവും ഓരോന്നായി എടുത്താൽ അവ ക്രമ-ലക്ഷ്യ രഹിതങ്ങളല്ല. ദൈവമാണ് അല്ലെങ്കിൽ ദൈവങ്ങളാണ് കാരണങ്ങളുടെയെല്ലാം കാരണക്കാരൻ എന്ന് സ്റ്റോയിസ്റ്റിക്കുകൾ വാദിച്ചു. പുരാതന സ്റ്റോയിസ്റ്റിക്ക് രചനകൾ കാര്യകാരണ നിർണയവാദത്തിലുള്ള വിശ്വാസത്തെ അംഗീകരിക്കുന്നു, പുരാതന സ്റ്റോയിസ്റ്റിക്കുകൾ അതിനെ “വിധി” (fate) അല്ലെങ്കിൽ “പ്രകൃതി” (nature) എന്ന് വിളിക്കുകയും പിൻകാല സ്റ്റോയിസ്റ്റിക്കുകൾ അതിനെ ദൈവങ്ങളിൽ ആരോപിക്കുകയും ചെയ്തു.

പിൻകാലത്ത് ഡിറ്റർമിനിസത്തിന്റെ സ്ഥാപനത്തിനും സ്ഥിരീകരണത്തിനും തത്ത്വചിന്തകരും ശാസ്ത്രജ്ഞരും കൂടുതൽ കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.

“സംഭവിക്കുന്നതല്ലാം മുൻ വ്യവസ്ഥകളുടെയും (Prior conditions) ഭൗതിക നിയമങ്ങളുടെയും (physical laws) അനിവാര്യമായ അനന്തരഫലമായാണ്” എന്ന് കാര്യകാരണ നിർണയവാദത്തിന് (Causal determinism) വിശകലന പരിഷ്കരണം ഉടലെടുത്തു. വിശിഷ്യ ന്യൂട്ടന്റെ ചലന നിയമങ്ങൾ (Newton’s laws of motion) ആവിഷ്കരിക്കപ്പെട്ടതോടെ കാര്യകാരണ നിർണയവാദത്തെ അവയെ അടിസ്ഥാനപ്പെടുത്തി പുനരാവിഷ്കരിക്കാൻ ധാരാളം ശാസ്ത്രജ്ഞർ ശ്രമിച്ചു.

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് ന്യൂട്ടന്റെ ചലന നിയമങ്ങൾ. പ്രകൃതി ദർശനത്തിന്റെ ഗണിതനിയമങ്ങൾ (Philosophiæ Naturalis Principia Mathematica:1687) എന്ന കൃതിയിലൂടെയാണ് സർ ഐസക് ന്യൂട്ടൺ ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ചത്:

1. ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്.

2. ഒരു വസ്തുവിലുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിന്മേൽ പ്രയോഗിക്കപ്പെടുന്ന ബലത്തിനു നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും ആയിരിക്കും.

3. ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

ന്യൂട്ടന്റെ ചലനനിയമങ്ങളിൽ ഊന്നി, കാര്യകാരണ നിർണയവാദക്കാരായ ശാസ്ത്രജ്ഞർ ഇപ്രകാരം തുടർന്നു:

“സംഭവിക്കുന്നതല്ലാം മുൻ കാരണങ്ങളെ (cause) പിൻതുടർന്നാണ്. എല്ലാ കാരണങ്ങളും (cause) ഭൗതികമായ കാര്യമാണ് (physical thing). അതിനാൽ തന്നെ, എന്തിന്റെയും കാരണങ്ങൾ (cause) ചലനനിയമങ്ങൾക്കും ഭൗതിക നിയമങ്ങൾക്കും അനിവാര്യമായും അധീനമായിരിക്കും. ഭൗതികശാസ്ത്ര നിർണയവാദം (Physical determinism) ഇങ്ങനെയാണ് ഉരുതിരിഞ്ഞ് ഉണ്ടാവുന്നത്.

“പ്രകൃതി നിയമങ്ങൾ എല്ലാ ഭൗതിക പ്രതിഭാസങ്ങളെയും നിർണ്ണയിക്കുന്നു” എന്ന തത്ത്വശാസ്ത്ര സിദ്ധാന്തമാണ് ഫിസിക്കൽ ഡിറ്റർമിനിസം. മനുഷ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഭൗതിക ലോകത്തെ ഏത് സംഭവങ്ങളെയും പ്രതിഭാസങ്ങളെയും എല്ലായിപ്പോഴും നിർണ്ണയിക്കുന്നത് പദാർത്ഥങ്ങളുടെ ആപേക്ഷിക സ്ഥാനങ്ങളും വേഗതയുമാണ്.

പിയറി സൈമൺ ലപ്ലാസ് (Pierre-Simon Laplace) ആണ് ഫിസിക്കൽ ഡിറ്റർമിനിസത്തിന്റെ മുഖ്യ വക്താവ്. എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ വികസനത്തിന് പ്രധാനമായ പങ്കു വഹിച്ച ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ബഹുമുഖപണ്ഡിതനുമായിരുന്നു ലപ്ലാസ് ഒരു നാസ്തികനും കൂടി ആയിരുന്നു.

1814-ൽ ലപ്ലാസ് തന്റെ നിർണ്ണയവാദത്തിന് സചിത്രാവിഷ്കാരം നൽകി ലാപ്ലേസിന്റെ ഭൂതം (Laplace’s demon) എന്നറിയപ്പെടുന്ന സങ്കൽപ്പം പ്രസിദ്ധീകരിച്ചുകൊണ്ട് കാര്യകാരണ നിർണ്ണയവാദത്തിന് ശാസ്ത്രീയാടിസ്ഥാനം പാകാൻ അദ്ദേഹം ശ്രമിച്ചു. പ്രപഞ്ചത്തിലെ ഓരോ ആറ്റത്തിന്റെയും കൃത്യമായ സ്ഥാനവും ആവേഗവും അറിയുന്ന ഒരു ഭൂതത്തെ സങ്കൽപ്പിക്കുക. എങ്കിൽ ആ ഭൂതത്തിന് അവയുടെ ഭൂതകാലവും ഭാവി മൂല്യങ്ങളും നിർണയിക്കാൻ -ക്ലാസിക്കൽ മെക്കാനിക്‌സിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ- സാധിക്കും എന്നാണ് അദ്ദേഹം വാദിച്ചത്.

പ്രപഞ്ചത്തിന്റെ നിലവിലെ അവസ്ഥയെ അതിന്റെ ഭൂതകാലത്തിന്റെ ഫലമായും ഭാവിയുടെ കാരണമായും (cause) നമുക്ക് കണക്കാക്കാം. ഒരു നിശ്ചിത നിമിഷത്തിൽ പ്രകൃതിയെ ചലിപ്പിക്കുന്ന എല്ലാ ശക്തികളെയും പ്രകൃതി ഉൾകൊള്ളുന്ന എല്ലാ വസ്തുക്കളുടെയും എല്ലാ സ്ഥാനങ്ങളെയും അറിയുന്ന “ഒരു ബുദ്ധി”, ഈ വിവരം മുഴുവൻ വിശകലനത്തിന് സമർപ്പിക്കുകയാണെങ്കിൽ, അത് ഒരൊറ്റ ഫോർമുലയിൽ ഉൾക്കൊള്ളും. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അസ്തിത്വങ്ങൾ തുടങ്ങി ഏറ്റവും ചെറിയ ആറ്റത്തിന്റെ ചലനങ്ങൾ വരെ എന്തെന്താകുമെന്ന് ഈ ഫോർമുലയിലൂടെ അറിയാൻ ഈ “ബുദ്ധിക്ക്” സാധിക്കും, അത്തരമൊരു ബുദ്ധിക്ക് ഒന്നും അനിശ്ചിതത്വത്തിലാകില്ല, എല്ലാം നിർണിതമായിരിക്കും. ഭൂതകാലം പോലെ ഭാവിയും ആ “ബുദ്ധി”യുടെ മുമ്പിൽ തുല്യമായിരിക്കും എന്ന് ലപ്ലാസ് തന്റെ ‘A Philosophical Essay on Probabilities’ ൽ ഉറപ്പിച്ചു പറയുന്നു.

പക്ഷെ ഈ “ബുദ്ധി” യൊ “ഭൂത”മൊ ദൈവമാകാൻ ലപ്ലാസ് അടക്കം ഒരു നാസ്തിക ഡിറ്റർമനിസ്റ്റും സമ്മതിക്കില്ല എന്നത് മറ്റൊരു കാര്യം.

print

No comments yet.

Leave a comment

Your email address will not be published.