വിധി വിശ്വാസം: ഒരു സമകാലിക വായന -4

//വിധി വിശ്വാസം: ഒരു സമകാലിക വായന -4
//വിധി വിശ്വാസം: ഒരു സമകാലിക വായന -4
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -4

“ബ്രൂട്ടസ്: പിന്നെയും ആർപ്പുവിളി കേൾക്കുന്നല്ലോ! പുതിയ ബഹുമതികളെന്തോ സീസറുടെ മേൽ ചൊരിയപ്പെടുന്നതിൻ്റെ ഹർഷാരവമാകുമത്.

കാസിയസ്: എന്താണു മനുഷ്യാ, അയാൾ ഈ ഇടുങ്ങിയ ലോകത്തിന്റെ മേൽ ഒരു കൊളോസസിനെ പോലെ കവച്ചു നിലയുറപ്പിച്ചിരിക്കുകയാണ്. നാണംകെട്ട കുഴിമാടങ്ങൾ തേടി പരതിനോക്കിക്കൊണ്ട് നമ്മൾ നിസ്സാരമനുഷ്യർ അയാളുടെ വലിയ കാലുകളുടെ കീഴെ നടക്കുന്നു. ആളുകൾ പലപ്പോഴും സ്വന്തം വിധിയുടെ വിധാതാക്കളാണ്. നമ്മൾ കീഴ്ക്കിടക്കാരായതിൻ്റെ കുറ്റം, പ്രിയപ്പെട്ട ബ്രൂട്ടസ്, നമ്മളുടെ നക്ഷത്ര ങ്ങളിലല്ല, നമ്മിൽത്തന്നെയാണ്. ബ്രൂട്ടസും സീസറും: എന്താണാ സീസർക്കുള്ളത്? നിങ്ങളുടേതിനെക്കാൾ കൂടുതലായി ആ പേര് എന്തിന് മുഴങ്ങണം? രണ്ടും ഒരുമിച്ചെഴുതൂ: അത്ര തന്നെ ഭംഗിയുള്ളതാണു നിങ്ങളുടെ പേരും. രണ്ടും ഉച്ചരിച്ചു നോക്കൂ: അതും മറ്റേതു പോലെ നാവിനു വഴങ്ങുന്നു. രണ്ടും തൂക്കി നോക്കൂ: അതേ ഭാരമുണ്ട്. അതു വെച്ച് ആവാഹിച്ചു നോക്കൂ. സീസറെപ്പോലെ അത്രയും വേഗം ബ്രൂട്ടസും ഒരു ഭൂതത്തെയുണർത്തും… നമ്മുടെ സീസർ എന്ത് ഭക്ഷണം കഴിച്ചിട്ടാണ് ഇങ്ങനെ വലിയവനായി തീർന്നിരിക്കുന്നത്?…”

(ഷേക്സ്‌പിയർ നാടകങ്ങൾ: വില്യം ഷേക്സ്‌പിയർ ജൂലിയസ് സീസർ :ഡി സി ബുക്‌സ്: പേജ്: 159)

*****************************

പുരാതന-മധ്യകാലഘട്ടങ്ങളിലെ നിർണയവാദ നിഷേധികൾ (indeterminism)

മനുഷ്യന് സ്വതന്ത്യേച്ഛ ഉണ്ട് എന്നും, ഡിറ്റർമിനിസം തെറ്റാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ലിബർട്ടേറിയനിസ വക്താക്കളും എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. പാശ്ചാത്യൻ തത്ത്വശാസ്ത്ര ചരിത്രത്തിൽ ഏറ്റവും പുരാതനമായ ഈ ദാർശനിക പ്രതിധ്വനി എപ്പിക്ക്യൂരിയനിസ്റ്റു (Epicureanists) കളുടേതാണ്.

പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ എപ്പിക്യൂറസിന്റെ അധ്യാപനങ്ങളെ അടിസ്ഥാനമാക്കി ബി.സി.ഇ. 307-ൽ സ്ഥാപിതമായ തത്ത്വചിന്തയാണ് എപ്പിക്യൂറിയനിസം (Epicureanism). വിശ്രുത തത്ത്വജ്ഞനായ ഡെമോക്രിറ്റസിന്റെ ചുവടുകൾ പിന്തുടർന്ന എപിക്യൂറസ് ഒരു ആറ്റോമിസ്റ്റും ഭൗതികവാദിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികവാദം അദ്ദേഹത്തെ മത-ദൈവ നിരാസത്തിലേക്കും സന്ദേഹവാദത്തിലേക്കും സ്വാഭാവികമായി നയിച്ചു. എപ്പിക്ക്യൂരിയനിസ്റ്റുകൾ നിർണയവാദ നിഷേധികൾ (indeterminism) ആയിരുന്നു.

എപ്പിക്യുറസിന്റെ അനുയായി ആയിരുന്ന ലൂക്രിറ്റസ് തന്റെ On the Nature of Things എന്ന കവിതാ സമാഹാരത്തിൽ, മനുഷ്യമനസ്സ് സ്വതന്ത്രമാണെന്നും അനന്തമായ സ്വാധീന ശക്തിയുള്ള ഉണ്മയാണെന്നും വർണിക്കുന്നു. മനുഷ്യന്റെ ഇച്ഛ (will) ചലനങ്ങളെ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം തർക്കിക്കുന്നു.

കാര്യകാരണം (Cause) നമ്മുടെ ഉള്ളിലും അന്തർലീനമാണെന്ന് എപിക്യൂറസ് അഭിപ്രായപ്പെടുന്നു. വ്യക്തികൾ, വസ്തുക്കൾ, ആറ്റങ്ങൾ പോലും അപ്രതീക്ഷിതമായി ചിലപ്പോൾ വ്യത്യസ്തമായി പ്രവർത്തിക്കാറുണ്ടെല്ലൊ. ഈ വ്യത്യസ്ത രീതി സ്വീകരിക്കുന്ന പ്രവണതയെ അദ്ദേഹം swerve അഥവാ മാർഗ്ഗഭ്രംശം എന്നാണ് വിളിക്കുന്നത്. സ്വതന്ത്രേച്ഛക്കുള്ള ഏറ്റവും സുതാര്യമായ തെളിവായി എപ്പിക്ക്യൂരിയനിസ്റ്റുകൾ ഇതിനെ കാണുന്നു.

ഏഥൻസിൽ നിവസിക്കുകയും അധ്യാപനം അനുഷ്ടിക്കുകയും ചെയ്തിരുന്ന, അഫ്രിഡിസസിലെ അലക്സാണ്ടർ (ജനനം സി.ഇ. 200) പെരിപറ്റെറ്റിക് (Peripatetic) ചിന്താ പ്രസ്ഥാനത്തിന്റെ തലവനായിരുന്നു. നമ്മൾ ചെയ്തതിന് വിപരീതമായി പ്രവർത്തിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്; അതിനാൽ നമുക്ക് സ്വാതന്ത്ര്യേച്ഛയുണ്ട് എന്ന് അലക്സാണ്ടർ വാദിച്ചു.

വിധിനിർണ്ണയത്തിലും തീരുമാനമെടുക്കുന്നതിലും നാം മൃഗങ്ങളെക്കാൾ ശ്രേഷ്ഠരാണ്. അതിനാൽ നമ്മുക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ട്. നമ്മുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുന്നതും ഭാവിയിൽ ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് മാത്രമേ നാം ചിന്തിക്കാറുള്ളൂ. “ഇന്നലെ നമ്മൾ എന്ത് ധരിക്കും?” എന്ന് നമ്മളാരും ചിന്തിക്കാറില്ല. കാരണം അത്തരമൊരു തിരഞ്ഞെടുപ്പ് നമ്മുക്ക് സാധ്യമല്ല. “നാളെ എന്ത് ധരിക്കും ?” എന്ന് മാത്രമാണ് നമ്മൾ ചിന്തിക്കാറുള്ളത്. കാരണം അത്തരം ഒരു തെരഞ്ഞെടുപ്പ് നമ്മെ സംബന്ധിച്ചിടത്തോളം സാധ്യമാണ്. ഈ രീതിയിൽ, “കരുതലോടു കൂടിയ ആലോചന” (Deliberation) സ്വതന്ത്രേച്ഛയുടെ അസ്തിത്വത്തെ തെളിയിക്കുന്നു.

പൗരാണിക നിർണയവാദമായ ഫെയ്റ്റലിസത്തെ (fatalism) ഖണ്ഡിക്കാനായി നിർണയവാദ നിഷേധികളായ ഗ്രീക്ക് ഫിലോസഫർമാർ സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്ന ഒന്നാണ് അലസതാ വാദം (The lazy argument) അല്ലെങ്കിൽ നിഷ്‌ക്രിയത്വ വാദം (idle argument).

അലസതാ വാദ (The lazy argument) ത്തിന് പിന്നിലെ പൊതുവായ ആശയം അരിസ്റ്റോട്ടിലിന്റെ De Interpretatione (chapter 9) ൽ തന്നെ കാണാവുന്നതാണ്. വാദത്തെ പൂർണ്ണമായി നൽകുന്ന ആദ്യകാല ഗ്രന്ഥം സിസറോയുടെ On Fate (28–9) ആണ്. സെൽസസിന് എതിരെ അലക്സാണ്ട്രിയയിലെ ഒറിജൻ (Origen), Pseudo-Plutarch, സെനെക്ക (Natural Questions ൽ) തുടങ്ങിയവരും അലസതാ വാദം തെളിവായി അവതരിപ്പിക്കുന്നുണ്ട്.

വാദം അലക്സാണ്ട്രിയയിലെ ഒറിജൻ ഇപ്രകാരം സംക്ഷേപിക്കുന്നു:

നിങ്ങൾക്ക് ഒരു അസുഖം ബാധിച്ചു എന്ന് കരുതുക. ഈ അസുഖത്തിൽ നിന്ന് നിങ്ങൾ സുഖം പ്രാപിക്കുമെന്ന് നിർണിതമാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചാലും ഡോക്ടറെ സമീപിച്ചില്ലെങ്കിലും നിങ്ങൾ സുഖം പ്രാപിക്കും. ഇനി ഈ അസുഖത്തിൽ നിന്ന് നിങ്ങൾക്ക് സുഖം പ്രാപിക്കാൻ കഴിയില്ലെന്ന് നിർണിതമാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചാലും ഡോക്ടറെ സമീപിച്ചില്ലെങ്കിലും നിങ്ങൾ സുഖം പ്രാപിക്കില്ല. അപ്പോൾ ഒന്നുകിൽ നിങ്ങൾ ഈ രോഗത്തിൽ നിന്ന് കരകയറുമെന്നത് വിധിക്കപ്പെട്ടതാണ്, അല്ലെങ്കിൽ നിങ്ങൾ സുഖം പ്രാപിക്കില്ല എന്നത് വിധിക്കപ്പെട്ടതാണ്. അത്തരമൊരു കാര്യത്തിന് ഒരു ഡോക്ടറെ സമീപിക്കുന്നത് നിരർത്ഥകമായി മാറുന്നു.

മനുഷ്യന് സ്വതന്ത്രേച്ഛയുണ്ട് എന്ന് ശക്തമായി വാദിച്ച മധ്യകാല (Medeaval era) ദാർശനികരിലേക്ക് അടുത്തതായി വരാം.

ലിബറലിസത്തിന്റെ പിതാക്കളായ ജോൺ ലോക്, ഡാവിഡ് ഹ്യൂം തുടങ്ങിയ ദാർശനികരാണ് ഇക്കൂട്ടത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത്.

സ്വതസിദ്ധത (spontaneity) എന്നത് നമ്മൾ എന്തെങ്കിലും ചെയ്യണം എന്ന് സ്വന്തമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രശക്തിയാണ്. ബാഹ്യമായ നിർബന്ധിത നിയന്ത്രണമോ കഴിവില്ലായ്മയോ തിരഞ്ഞെടുപ്പുകളിൽ നമ്മുടെ മേൽ ഇല്ല എന്ന് ഇത് തെളിയിക്കുന്നു.
(spontaneity/indifference in The Oxford Dictionary of Philosophy)

പതിനാലാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു ഫ്രഞ്ച് തത്ത്വചിന്തകനായിരുന്നു ജീൻ ബരിഡൻ (Jean Buridan).

ബറിഡന്റെ കഴുത (Buridan’s ass) എന്ന് പ്രസിദ്ധമായ വാഗ്വാദം സ്വതന്ത്രേച്ഛക്ക് തെളിവായി ജീൻ ബരിഡൻ അവതരിപ്പിക്കുകയുണ്ടായി.

ഒരേപോലെ വിശപ്പും ദാഹവുമുള്ള ഒരു കഴുതയെ പുല്ലിന്റെ ഒരു കെട്ടിനും ഒരു പാത്രം വെള്ളത്തിനും ഇടയിൽ കൃത്യമായി മധ്യഭാഗത്ത് നിർത്തുന്ന ഒരു സാങ്കൽപ്പിക സാഹചര്യത്തെ ബറിഡൻ ചിത്രീകരിക്കുന്നു. കഴുത എപ്പോഴും അടുത്തുള്ളതിലേക്ക് പോകുകയാണ് ചെയ്യുക എന്ന് ഈ പാരഡോക്സ് അനുമാനിക്കുന്നു. അപ്പോൾ സമ ദൂരത്തിൽ വൈക്കോലും വെള്ളവും ഉണ്ടാവുകയും ഒരുപോലെ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നു എന്ന സാഹചര്യത്തിൽ മനുഷ്യരെ പോലെ സ്വതന്ത്രേച്ഛയിലൂടെ തീരുമാനമെടുക്കാൻ കഴിയാതെ വിശപ്പും ദാഹവും മൂലം കഴുത ചത്തുപോകുമെന്ന് ബരിഡൻ വാദിക്കുന്നു.

വിശക്കുന്ന കഴുതയുടെ ഇരുവശങ്ങളിലും സമ ദൂരങ്ങളിൽ സമാനമായ വൈക്കോൽ കെട്ട് കൊണ്ടു വെച്ചതായ ചിത്രീകരണവും ഈ സങ്കൽപ്പത്തിന് അവതരിപ്പിക്കപ്പെടാറുണ്ട്.

നമുക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ട് (Free Will), അതുപയോഗിച്ചാണ് നമ്മൾ തുല്യമായ തിരഞ്ഞെടുപ്പുകളിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്. മൃഗങ്ങൾക്ക് മനുഷ്യനോളം ഉൽകൃഷ്‌ടമായ സ്വതന്ത്രേച്ഛ ഇല്ല. അതിനാൽ തന്നെ തുല്യമായ തിരഞ്ഞെടുപ്പുകളിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ കഴുത ചാവുന്നു എന്നതാണ് ബറിഡൻ അവതരിപ്പിച്ച ഈ ചിത്രീകരണത്തിലെ പോയന്റ്. മൃഗങ്ങൾക്ക് കരുതികൂട്ടിയുള്ള തീരുമാന ശക്തി (Deliberation) ഇല്ല എന്ന് ഇതിലൂടെ വാദിക്കപ്പെടുന്നു.

തുല്യമായ ഈത്തപ്പഴങ്ങൾക്കിടയിൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ചിത്രീകരണം -ജീൻ ബരിഡന് നൂറ്റാണ്ടുകൾക്ക് മുൻപ്- ഇമാം ഗസ്സാലി തന്റെ “തഹാഫുതുൽ ഫലാസിഫ” യിൽ അവതരിപ്പിക്കുന്നുണ്ട് എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

“ഒരു മനുഷ്യന്റെ മുന്നിൽ സമാനമായ രണ്ട് ഈത്തപ്പഴങ്ങൾ വച്ചുവെന്ന് സങ്കൽപ്പിക്കുക, അവയോട് അയാൾക്ക് ശക്തമായ കൊതിയുമുണ്ട്. തീർച്ചയായും അവയിലൊന്ന് അയാൾ എടുക്കും. തന്നിൽ തന്നെ നിക്ഷിപ്തമായ ഒരു ഗുണത്തിലൂടെയൊ, സമാനമായ രണ്ട് കാര്യങ്ങൾ തമ്മിൽ വേർതിരിക്കാൻ അയാൾ ഉപയോഗിക്കുന്ന അന്തർലീനമായ സങ്കൽപ്പത്തിലൂടെയൊ ആണ് ഇത് സാധ്യമാകുന്നത്” എന്ന് ഇമാം ഗസ്സാലി വ്യാഖ്യാനിക്കുന്നു.

സ്വതന്ത്രേച്ഛയെ പ്രതിരോധിക്കാനായി രൂപം കൊണ്ട മറ്റൊരു സിദ്ധാന്തമാണ് Agent causation theory. ഈ സിദ്ധാന്തത്തിന്റെ വക്താക്കളിൽ തോമസ് റീഡും റോഡറിക് ചിഷോമും ഉൾപ്പെടുന്നു. ഇച്ഛാശക്തിയുള്ള ആകെ അസ്തിത്വങ്ങൾ ഏജന്റുമാരാണെന്ന് (Agent) റീഡ് വിശ്വസിക്കുന്നു, കൂടാതെ ഒരു സംഭവത്തിന്റെ കാരണമായി (cause) കണക്കാക്കുന്നതിന് ഇച്ഛാശക്തി ഉണ്ടായിരിക്കേണ്ടത് നിർബന്ധമായ ഒരു വ്യവസ്ഥയായി അദ്ദേഹം കണക്കാക്കുകയും ചെയ്യുന്നു. ഈ തത്ത്വശാസ്ത്രം പറയുന്നത്, ഒരു സംഭവമല്ലാത്ത (event) ഒരു വ്യക്തിക്ക്-അതായത് ഒരു ഏജന്റിന്-സംഭവങ്ങൾക്ക് കാരണമായി (cause) വർത്തിക്കാൻ സാധിക്കും (പ്രത്യേകിച്ച് ഏജന്റിന്റെ സ്വന്തം പ്രവർത്തനങ്ങൾക്കുള്ള കാരണമായി). ഒരു സംഭവം (event) മറ്റൊരു സംഭവത്തിന് കാരണമാകുമ്പോൾ സംഭവിക്കുന്ന സംഭവ കാര്യകാരണത്തിന് (event causation), വിപരീതമാണ് ഏജന്റ് കാര്യകാരണം (agent cousation).

“ഞാൻ” എന്നത് എന്റെ ചിന്തയും എന്റെ അനുഭവങ്ങളുമാകുന്ന ആശയങ്ങൾ മാത്രമല്ല. ഞാൻ ഒരു പദാർത്ഥമാണ്, വസ്തുവാണ്, ഒരു Agent ആണ്. ആ നിലയിൽ ഒരു കാര്യം സംഭവിക്കാനുള്ള കാരണമായി (cause) എനിക്ക് വർത്തിക്കാനാകും. അപ്പോൾ ഞാൻ ഇച്ഛാശക്തിയുള്ള ഒരു കാരണമാണ്. എന്റെ ചിന്തകളും, വിശ്വാസങ്ങളും, വികാരങ്ങളുമൊന്നും സ്ഥായിയായ എന്റെ അസ്തിത്വാംശങ്ങളല്ല. അവയല്ല എന്നെ നിർമ്മിക്കുന്നത്. അവ ഞാൻ ഉടമപ്പെടുത്തുന്നവയൊ സ്വീകരിക്കുന്നവയൊ മാത്രമാണ്; വസ്ത്രങ്ങളും ആഭരണങ്ങളും പോലെ എന്റെ സ്വകീയവസ്‌തുക്കളാണ്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ എന്റെ ചിന്തകളും, വിശ്വാസങ്ങളും, വികാരങ്ങളും മാറിക്കൊണ്ടിരിക്കും. മനുഷ്യന്റെ വസ്തുവകളല്ല മനുഷ്യനെ ഉണ്ടാക്കുന്നത്. തിരഞ്ഞെടുപ്പിനും തീരുമാനത്തിനും കാരണമാകുന്ന ഒരു ഏജന്റാണ് ഞാൻ… എന്ന് തോമസ് റീഡ് വിശദീകരിക്കുന്നു.

ഒരു വിശ്വാസിയായ റീഡ് തന്റെ സിദ്ധാന്തത്തിന് ആത്മീയമായ ഒരു വ്യാഖ്യാനം കൂടി തുടർന്ന് ചേർക്കുന്നുണ്ട്: ഞാൻ ഭൗതികമല്ലാത്ത, ഒരു അസ്തിത്വം കൂടിയാണ്, എന്റെ അമൂർത്തമായ അസ്തിത്വം ആത്മാവാണ്. ആ ഏജന്റ് (ആത്മാവ്) എന്റെ തീരുമാനത്തിന് കാരണമാവുന്നതാണ്.
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

20-ആം നൂറ്റാണ്ടിലെ സ്കോട്ടിഷ് മെറ്റാഫിസിക്കൽ തത്ത്വചിന്തകനായിരുന്ന ചാൾസ് ആർതർ കാംബെൽ (13 ജനുവരി 1897 – 17 മാർച്ച് 1974) തന്റെ രണ്ടു സുപ്രധാന കൃതികളിലൂടെ (On Selfhood and Godhood, In Defence of Free Will) സ്വതന്ത്രേച്ഛയെ പ്രതിരോധിച്ചു.

ധാർമ്മിക തിരഞ്ഞെടുപ്പുകളിൽ നമുക്ക് നമ്മുടെ അനുഭവത്തെ വിശ്വസിക്കാം. ബാഹ്യ കാര്യങ്ങളിൽ ഇല്ലെങ്കിലും ആന്തരിക പ്രവൃത്തികൾ മനസ്സിലാക്കുന്നതിനുള്ള വളരെ വിശ്വസനീയമായ ഉപകരണമാണ് അനുഭവം. നമ്മുടെ ജനിതക ഘടനക്കൊ (genetics) വ്യക്തിത്വ വിശേഷണങ്ങൾക്കൊ (charactor) (നമ്മുടെ ബാഹ്യമായ) ​​പരിസ്ഥിതിക്കോ (environment) എതിരായി പലതും പ്രവർത്തിക്കാൻ നാം തിരഞ്ഞെടുക്കുന്നു. ഈ കഴിവ് അല്ലെങ്കിൽ സ്വാതന്ത്ര്യം മനുഷ്യന്റെ സ്വതന്ത്രേച്ഛയെയാണ് തെളിയിക്കുന്നത് എന്ന് ചാൾസ് ആർതർ കാംബെൽ വാദിച്ചു.

print

No comments yet.

Leave a comment

Your email address will not be published.