വിധി വിശ്വാസം: ഒരു സമകാലിക വായന -5

//വിധി വിശ്വാസം: ഒരു സമകാലിക വായന -5
//വിധി വിശ്വാസം: ഒരു സമകാലിക വായന -5
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -5

“ജീവിതം ചീട്ടുകളി പോലെയാണ്. നിങ്ങൾക്ക് കിട്ടുന്ന കാർഡുകൾ നിർണിതമാണ്; നിങ്ങൾ കളിക്കുന്ന രീതി സ്വതന്ത്രമാണ്.”

– ജവഹർലാൽ നെഹ്‌റു

*****************************

പുരാതന ആനുരൂപ്യതാവാദം, ക്ലാസിക്കൽ ആനുരൂപ്യതാവാദം

മനുഷ്യന്റെ സ്വതന്ത്രേച്ഛയും (Free will) നിർണയവാദവും (diterminism) പരസ്പരം വിരുദ്ധമായ ആശയങ്ങളല്ല, ആശയപരമായി പരസ്പരം അനുയോജിപ്പിക്കപ്പെടാവുന്ന കാര്യങ്ങളാണ് എന്ന വിഷയ സംബന്ധമായ മൂന്നാമതൊരു വീക്ഷണമാണ് ആനുരൂപ്യതാവാദം (Compatibilism).

ഗ്രീക്ക് തത്ത്വചിന്തകനും, സ്റ്റോയിക് ആശയക്കാരനുമായ ക്രിസിപ്പസ് (chrysippus 279 – 206 ബി.സി.ഇ) ആണ് ഈ വീക്ഷണത്തിന്റെ ആദ്യത്തെ അറിയപ്പെടുന്ന വക്താവ്.
“കാര്യകാരണക്രമത്തിൽ നിന്ന് മനുഷ്യരാരും മോചിതരല്ല. എന്നാൽ വ്യക്തിഗത തിരഞ്ഞെടുപ്പുകളും വ്യക്തിത്വ സ്വഭാവവും കാര്യകാരണ ക്രമത്തെ പ്രകാശപ്പെടുത്തുന്നു” എന്ന് അദ്ദേഹം നിരീക്ഷിച്ചു. നിങ്ങൾ ഒരു കുന്നിൻമുകളിൽ നിന്ന് ഒരു ഉരുണ്ട കല്ല് എറിഞ്ഞു എന്ന് കരുതുക. അത് താഴേക്ക് ഉരുണ്ട് ഇറങ്ങി കൊണ്ടേയിരിക്കും. നിങ്ങൾ എറിഞ്ഞു കൊണ്ടേ ഇരിക്കുന്നത് കൊണ്ടല്ല അത് താഴേക്ക് ചലിച്ചു കൊണ്ടിരിക്കുന്നത്. മറിച്ച് ആ കല്ലിന്റെ (ഉരുണ്ടത് എന്ന) ഒരു വിശേഷണം കാരണത്താലാണ്. സമാനമായി, നമ്മുടെ വ്യക്തിത്വവും അതിന്റെ ഗുണ-വിശേഷണങ്ങളും മറ്റേത് കാരണത്തെയും (Cause) പോലെ സംഭവങ്ങളുടെ അനന്തരഫലത്തിൽ പങ്കുവഹിക്കുന്നു. മാത്രമല്ല ഒരേ സാഹചര്യത്തോട് നാം വ്യത്യസ്തമായാണ് പ്രതികരിക്കാറുമുള്ളത് എന്നതും സംഭവങ്ങളുടെ അനന്തരഫലത്തിലുള്ള വ്യക്തിത്വത്തിന്റെ പങ്കിനെയാണ് സ്പഷ്ടമാക്കുന്നത്.

സി.ഇ. 17-18 നൂറ്റാണ്ടുകളിൽ, ആനുരൂപ്യതാവാദത്തിന് അനുകൂലമായ ഒരു പുതിയ വാദഗതി രൂപപ്പെട്ടു. ക്ലാസിക്കൽ ആനുരൂപ്യതാവാദമാണ് (Classical compatibilism) അത്. തോമസ് ഹോബ്സ് (Thomas Hobbes) അവതരിപ്പിച്ചതും ഡേവിഡ് ഹ്യൂമും ജോൺ സ്റ്റുവർട്ട് മില്ലും വിശദീകരിച്ചതുമായ ഈ ദാർശനിക വീക്ഷണം ഇപ്രകാരം സംഗ്രഹിക്കപ്പെടുന്നു: നമ്മുക്ക് ഒരേ സമയം ഒരു കാര്യത്തിന്റെ കാരണവും (Cause) സ്വതന്ത്രവുമാകാൻ (Free) സാധിക്കും. തടസ്സമില്ലാത്തിടത്തോളം ഒരു ദിശയിൽ ഒഴുകുന്ന ഒരു നദി പോലെ മനുഷ്യൻ (തടസ്സങ്ങൾ ഇല്ലാത്തിടത്തോളം) സ്വതന്ത്രനാണെന്ന് ഹോബ്സ് പറഞ്ഞു.

ഒരു നിർണയവാദിയാണെങ്കിലും, മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്ന് ഹോബ്സ് വിശ്വസിച്ചു. ഇതിന് കാരണം, “സ്വതന്ത്രം” എന്നതുകൊണ്ട് അദ്ദേഹം അർത്ഥമാക്കുന്നത് “എതിർപ്പിന്റെ അഭാവം” (the absence of opposition) എന്ന് മാത്രമാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ, നാം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യം, ഏതെങ്കിലും വിധത്തിൽ വല്ല ബാഹ്യശക്തിയാൽ തടസ്സപ്പെടുത്തപ്പെടാത്തിടത്തോളം, നാം സ്വതന്ത്രരാണ്. ഒരു വ്യക്തി ഒരു അളവുകോൽ പോലെയാണ്. തീരുമാനങ്ങൾക്കുള്ള സാഹചര്യങ്ങൾ വരുമ്പോൾ രണ്ട് കാര്യങ്ങളിൽ ഏതിനാണ് മുൻതൂക്കം എന്ന് അളക്കുന്നത് വ്യക്തിയാണ്. ഈ അർത്ഥത്തിൽ സ്വതന്ത്രേച്ഛ വ്യക്തികളിൽ കുടികൊള്ളുന്നു.

സംഗീതസദസ്സും കളിയും ഒരുമിച്ചു തീരുമാനത്തിനു നമ്മുടെ മുമ്പിൽ വന്നു എന്ന് കരുതുക. തീരുമാനമെടുക്കേണ്ട സാഹചര്യത്തിലേക്കുള്ള വളർച്ചയും അതിന്റെ അനന്തരഫത്തിന്റെ തുടർച്ചയും അലംഘനീയമായി നിർണിതമാണ്. എന്നാൽ അതിന്റെ ഗതി നിയന്ത്രിക്കുന്ന നമ്മുടെ തീരുമാനം സ്വതന്ത്രമാണ്. ചുരുക്കത്തിൽ, നാം ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യാനുള്ള തടസ്സങ്ങളുടെ അഭാവമാണ് സ്വതന്ത്രേച്ഛ.

ശരിയായ ആരംഭത്തിലൂടെയും വ്യക്തമായ ദിശയിലൂടെയും തുഴഞ്ഞു തുടങ്ങി, ഡിറ്റർമിനിസ ചുഴിയിൽ കുടുങ്ങി ഉഴലാനുള്ള “വിധി”യാണ് നാച്ചുറലിസ അടിത്തറയിലുള്ള ആനുരൂപ്യതാവാദത്തിനുള്ളത് എന്ന് ഈ വിശകലനത്തിലൂടെ തോന്നിയേക്കാം.

print

No comments yet.

Leave a comment

Your email address will not be published.